1693- ഫെബ്രുവരി 27ന് ആണ് ലോകത്തിലെ ആദ്യത്തെ വനിതാ മാസികയായ ‘ദി ലേഡിസ് മെര്‍ക്കുറി’ ലണ്ടനില്‍ പുറത്തിറങ്ങിയത്. എല്ലാ മാസത്തെയും ആദ്യത്തെ ചൊവ്വാഴ്ച ആയിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ജോണ്‍ ഡന്റണ്‍ ആണ് ഈ മാസിക പ്രസിദ്ധീകരിച്ചത്. ലേഡീസ് മെര്‍ക്കുറി നാല് ആഴ്ച മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ, അവസാന ലക്കം 1693 മാര്‍ച്ച് 17 ന് ആണ് പുറത്തിറങ്ങിയത്. സമ്പന്നരും വിദ്യാഭ്യാസമുള്ളവരുമായ സ്ത്രീ വായനക്കാരെ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ മാസിക, അക്കാലത്ത് ഇതിന് നല്ല സ്വീകാര്യത ലഭിച്ചു എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഇത് നിന്നു പോകുകയായിരുന്നു. പ്രസാധകനായ ഡണ്ടണ്‍ തന്നെ ആയിരുന്നു എഡിറ്റര്‍ എന്ന് പൊതുവെ കരുതപ്പെടുന്നു, എന്നിരുന്നാലും അദ്ദേഹം അത് അംഗീകരിച്ചിരുന്നില്ല.
ഭക്ഷണം, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍, കുടുംബം, വീട്, സൗന്ദര്യം, തുന്നല്‍, ഫാഷന്‍ തുടങ്ങിയ വിഷയങ്ങളും ഗാര്‍ഹിക മാനേജ്‌മെന്റ്, ആരോഗ്യം, സ്ത്രീകള്‍ക്ക് താല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങള്‍ എന്നിവയ്ക്കൊപ്പം ലൈംഗികത ഉള്‍പ്പെടെ ശാസ്ത്രം, മതം, സ്വകാര്യ ജീവിതം തുടങ്ങിയ നിരവധി വിഷയങ്ങള്‍ കൈകാര്യം ചെയ്തു. ആദ്യകാല വനിതാ മാസികകള്‍ (ഇംഗ്ലീഷ്) പുരുഷന്മാരാണ് അച്ചടിച്ചിരുന്നത്. ഇന്ത്യയില്‍, ആദ്യകാല മാസികകള്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ആരംഭിച്ചത്, സ്ത്രീകളെ ബോധവത്കരിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. സംസ്‌കാരം, ഭക്ഷണം, വസ്ത്രധാരണം, മതപരമായ പ്രശ്‌നങ്ങള്‍, സാമൂഹിക പ്രശ്‌നങ്ങള്‍, സാഹിത്യം തുടങ്ങി നിരവധി വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. കാരണം മിക്ക എഡിറ്റര്‍മാരും എഴുത്തുകാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളോ അത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവരോ ആയിരുന്നു.
1960-കളില്‍, ന്യൂസ് പ്രിന്റ് വിലകുറയുന്നതിനുമുമ്പ്, മാസികകള്‍ അപൂര്‍വവും വിരളവുമായിരുന്നു. സാധാരണക്കാര്‍ക്ക് അത് താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമായിരുന്നില്ല. വിലകുറഞ്ഞതോടെ വായനക്കാരും മാറി. മുമ്പ്, അവ ചെലവേറിയതായിരുന്നു, സമ്പന്നര്‍ക്കും ഉയര്‍ന്ന മധ്യവര്‍ഗക്കാര്‍ക്കും മാത്രമേ വാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ.
എന്നാല്‍ 1933-ല്‍ തന്നെ മലയാളത്തിലും സ്ത്രീ തന്നെ പത്രാധിപരായ ‘സ്ത്രീ’ എന്ന ഒരു വനിതാ മാസിക പുറത്തിറക്കിയിരുന്നു. സഹോദരന്‍ അയ്യപ്പന്റെ ജീവിതപങ്കാളി ആയിരുന്ന പാര്‍വ്വതി അയ്യപ്പന്‍ ആയിരുന്നു പത്രാധിപര്‍. അതും സാമ്പത്തീക പ്രതിസന്ധിയെ തുടര്‍ന്ന് നിലച്ചുപോയി. കുടുംബം, വീട്, സൗന്ദര്യം, തുന്നല്‍, ഫാഷന്‍ തുടങ്ങിയ വിഷയങ്ങള്‍ക്കപ്പുറം കൃത്യമായ സ്ത്രീപക്ഷ നിലപാടോടെ സ്ത്രീകളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന മാസിക ആയിരുന്നു അതെന്ന് അതിലെ പാര്‍വതിയുടെ ലേഖനങ്ങള്‍ വായിച്ചാല്‍ മനസിലാകും.
സഹോദരനുമായുള്ള വിവാഹശേഷമാണ് ഇത് പ്രസിദ്ധീകരിച്ചു തുടങ്ങിയത് എന്നതുകൊണ്ടും സഹോദരന്‍ പ്രസില്‍ ആണ് അച്ചടിച്ചിരുന്നത് എന്നതുകൊണ്ടും ഇതിന്റെ ക്രെഡിറ്റ് ചില യുക്തിവാദികള്‍ പോലും സഹോദരന്‍ അയ്യപ്പന് തന്നെ ചാര്‍ത്തിക്കൊടുക്കാന്‍ ശ്രമിക്കാറുമുണ്ട്. ആ മനോഭാവം ഇന്നും മലയാളിക്ക് മാറിയിട്ടില്ല. സ്ത്രീകള്‍ക്ക് സ്വന്തമായി നിലപാടില്ലാത്തവരെന്നാണ് പൊതുബോധം. എന്നാല്‍ പാര്‍വ്വതി കൃത്യമായ സ്വന്തം നിലപാടുള്ള സ്ത്രീ ആയിരുന്നു എന്ന് അവരെക്കുറിച്ച് പഠിച്ചാല്‍ മനസിലാകും. ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ മാത്രമല്ല, കേരളത്തിലെ യുക്തിവാദികളും ഫെമിനിസ്റ്റുകളും പോലും അര്‍ഹിക്കുന്ന അംഗീകാരം നല്‍കാതിരുന്ന ഒരു സ്ത്രീയാണവര്‍.
(1917 മുതല്‍ 1956 വരെ പ്രസിദ്ധീകരിച്ചിരുന്ന സഹോദരന്‍ പത്രവും സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ നിലച്ചപ്പോള്‍ പ്രസ് കൈമറിഞ്ഞ് ജോസഫ് ഇടമറുകിന്റെ കൈകളില്‍ എത്തുകയും അടിയന്തരാവസ്ഥക്കാലത്ത് പ്രസ്സ് കണ്ടുകെട്ടിയ പൊലീസ് പ്രസ് നശിപ്പിച്ചു കളയുകയുമായിരുന്നു. ഒരു ചരിത്രസ്മാരകം ആയി സൂക്ഷിക്കേണ്ടിയിരുന്ന ആ പ്രസ്സ് അച്ചുതമേനോന്റേയും കരുണാകരന്റെയും പോലീസ് മൂവാറ്റുപുഴയിലെ ഒരു ഗോഡൗണില്‍ കൊണ്ടുപോയി അഴിച്ചു പീസ് പീസ് ആക്കി നശിപ്പിച്ചുകളഞ്ഞു.)
മാസികകള്‍ ബഹുജന മാധ്യമങ്ങളായി മാറിയപ്പോള്‍, ലേഖനങ്ങളുടെയും എഴുത്തുകാരുടെയും ശൈലിയും മാറി. ഇതെല്ലാം സ്ത്രീകളുടെ മാസികകളെയും ഇപ്പോള്‍ കാണുന്ന രീതിയിലേക്കും, എഴുതുന്ന രീതിയിലേക്കും, വായിക്കുന്ന രീതിയിലേക്കും, എഡിറ്റ് ചെയ്യുന്ന രീതിയിലേക്കും മാറ്റിമറിച്ചു.
******
No Comments yet!