Skip to main content

ശത്രുദേശങ്ങളായി മുദ്രകുത്തപ്പെടുന്ന ഇന്‍ഡ്യന്‍ പൗരന്മാര്‍!

ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന പ്രായമായ ഈ മലയാളി കന്യാസ്ത്രീകള്‍ ചേര്‍ത്തലക്കാര്‍ക്ക് ചിലര്‍ക്കെങ്കിലും പരിചിതരായിരിക്കും. ഇവര്‍ രണ്ടുപേരും ചേര്‍ത്തല മതിലകത്തെ ASSISI SISTERS OF MARY IMMACULATE കോണ്‍വെന്റില്‍ കുറേക്കാലം ഉണ്ടായിരുന്നവരാണ്. മതിലകം ഹോസ്പിറ്റലും സ്‌കൂളും ഈ കോണ്‍വെന്റിന്റേതാണ്. അതിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്ന ക്യാന്‍സര്‍ ചികിത്സാ കേന്ദത്തിലും അവരുടെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് യൂണിറ്റിന്റെയും ഭാഗമായി മിക്കവാറും പാവപ്പെട്ട ക്യാന്‍സര്‍ രോഗികളുടെ ഭവനങ്ങളിലൊക്കെ ഇവര്‍ പരിചരണവും സഹായവുമൊക്കെയായി വന്നിട്ടുണ്ടാകും.

300 രൂപ റബറിന് വന്നാല്‍ ഞങ്ങള്‍ ആര്‍ക്കും വോട്ടുചെയ്യുമെന്നും പറഞ്ഞു കോഴിക്കാലും കടിച്ച് കിരീടം വെച്ചിരുന്നവരല്ല ഈ പാവങ്ങള്‍! ഹിന്ദുത്വ രാഷ്ട്രീയം പിടിമുറുക്കിക്കഴിഞ്ഞു റബറിന്റെ വിലയും നോക്കി ഇരിക്കുകയേ നിര്‍വാഹമുള്ളൂ! അവര്‍ വിശ്വസിക്കുന്നതുപോലെ പേമാരി പെയ്തിറങ്ങുകയോ, ശത്രുവിന്റെ മേല്‍ തീ ഇറക്കി പരിശുദ്ധാത്മാവ് പാഠം പഠിപ്പിക്കുകയോ, ചങ്ങല പൊട്ടി ബന്ധിതരെല്ലാം മോചിതരാവുകയോ ചെയ്യില്ല. ജാമ്യം കിട്ടിയാലേ പുറത്തുവരാനാവൂ.

കഴിഞ്ഞദിവസം മജിസ്ട്രേറ്റ് കോടതി ജാമ്യ അപേക്ഷ തള്ളിയതോടെ ഇരുവരും ഇന്നലെ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഈ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയാണെന്ന് പറഞ്ഞു സെഷന്‍സ് കോടതി അപേക്ഷ നിരസിക്കുകയായിരുന്നു. അതായത് ഇവര്‍ രാജ്യദ്രോഹികള്‍ ആകാന്‍ പോകുന്നുവെന്ന് സാരം. കേസ് അന്വേഷിക്കേണ്ടത് ആര്‍പിഎഫും ഛത്തീസ്ഗഢ് പൊലീസും അല്ലെന്നും എന്‍ഐഎ ആണെന്നും ബജ്‌റംഗ്ദള്‍ കോടതിയില്‍ വാദിച്ചിരുന്നു. കന്യാസ്ത്രീകള്‍ ജയിലില്‍ തന്നെ തുടരുമെന്ന് അറിഞ്ഞതോടെ ദുര്‍ഗില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനവും നടത്തിയിരുന്നു.

ഇത് രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കിയുള്ള തികച്ചും ഫാബ്രിക്കേറ്റഡ് ആയ ഒരു കേസ് ആണ്. എല്ലാ കോണ്‍ഗ്രിഗേഷന്‍കാരും മറ്റു സംസ്ഥാനങ്ങളിലെ തികച്ചും പിന്നോക്ക മേഖലകളില്‍ ഇതുപോലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കന്യാസ്ത്രീകളെ അയക്കാറുണ്ട്. ഞാനൊക്കെ പോയിട്ടുള്ളതാണ്. ഇതാണ് വിഭ്രാന്തമായ ചിത്തരോഗത്തിന് കീഴ്പ്പെട്ട ദേശീയത എന്ന ആവിഷ്‌കാരം! മതം, ജാതി, ഭാഷ, പ്രദേശം എന്നിവക്കെല്ലാമുപരിയായി നമ്മളും നമ്മളും ഇന്ത്യക്കാരാണെന്ന് ബോധ്യപ്പെടാനും ഉള്‍ക്കൊള്ളാനുമുള്ള ഒരു പരിശീലനം കൂടിയാണ് ഈ ചരിത്രവായന. അതായത്, ചരിത്രം എന്നത് പഴയ വസ്തുതകളുടെ ഒരു ശേഖരമായിരിക്കാം; പക്ഷെ, അതിന്റെ വായന എന്നത് ജീവിക്കാനും മറ്റുള്ളവരെ ജീവിപ്പിക്കാനും എല്ലാവര്‍ക്കും സമാധാനം കൈവരുത്താനുമുള്ള കൂട്ടായ യത്നത്തിന്റെ പ്രയോഗരീതിശാസ്ത്രമായി പരിണമിക്കുന്നു.

ദേശീയത നിര്‍വചിക്കപ്പെടുന്നത് അതുകൊണ്ടു തന്നെ, ആ ദേശീയതയുടെ അകം അഥവാ ഇവരുടെ ഭാഷയില്‍ ആത്മാവ് ആയ അതിന്റെ ജനതയിലൂടെയാണ്. ആ ജനതയുടെ ജീവന്‍, തുല്യനീതി, മനുഷ്യാവകാശങ്ങളുറപ്പുവരുത്തല്‍ എന്നിവയിലൂടെയാണ് ദേശാഭിമാനം ജ്വലിപ്പിക്കപ്പെടുന്നത്. ദേശത്തിനും ദേശീയതക്കും പുറത്തുള്ളവരെയും അകത്തായിരിക്കെ തന്നെ പുറത്തുള്ളവരുടെ പിണിയാളുകളെന്ന് ആരോപിക്കപ്പെടുന്നവരെയും ശത്രു ദേശങ്ങളായി മുദ്ര കുത്താനും ആക്രമിക്കാനും തുരത്താനും തുടച്ചില്ലാതാക്കാനും ഉള്ള പ്രേരണകള്‍, സംസ്‌കാരത്തിന്റെ പേരിലായാലും മതാത്മകതയുടെ പേരിലായാലും പ്രാദേശികതയുടെ പേരിലായാലും ശരി പ്രാഥമികമായി തന്നെ ദേശവിരുദ്ധ-ദേശീയതാവിരുദ്ധ അധികാരപ്രയോഗങ്ങളാണെന്നും ഇതിലൂടെ തിരിച്ചറിയാനാകുന്നു.

ദേശത്തിനകത്തെ എല്ലാ മനുഷ്യരും ആത്മാഭിമാനത്തോടെ ജീവിക്കുന്നു എന്നുറപ്പുവരുത്തുമ്പോഴാണ് ദേശീയതയുടെ താത്പര്യങ്ങള്‍ നിറവേറ്റപ്പെടുന്നു എന്ന് വിലയിരുത്താനാകൂ. ജാതി, കുലം, ലിംഗം, വര്‍ഗം, പ്രദേശം, ഭാഷ, മതം എന്നിങ്ങനെയുള്ള എല്ലാ വൈജാത്യങ്ങള്‍ക്കുമുപരിയായി നമ്മളും നമ്മളും ഇന്ത്യക്കാരാണെന്ന് എല്ലാ അര്‍ഥത്തിലും യാഥാര്‍ഥ്യമാവുന്ന ഒരു റിപ്പബ്ലിക്കായിരുന്നു ഇന്ത്യ എന്ന പേരില്‍ വിഭാവനം ചെയ്യപ്പെട്ടത്. അതിന്ന് എവിടെ ചെന്നെത്തിനില്‍ക്കുന്നു? നമ്മുടെ ആധുനിക സമൂഹ നിര്‍മിതിയും രാഷ്ട്രനിര്‍മാണവും എല്ലാം പിഴച്ചു പോയോ? ജ്യോതിബഫൂലെയുടെയും അംബേദ്ക്കറിന്റെയും ടാഗൂറിന്റെയും പെരിയാറിന്റെയും ഗാന്ധിയുടെയും നെഹ്റുവിന്റെയും ഭഗത്‌സിംഗിന്റെയും ഇന്ത്യ ഇങ്ങനെ തന്നെയായിരിക്കുമോ ഇനിയുള്ള നാളുകളിലും?

ദേശീയത എന്നതിന്റെ നിര്‍വചനം; ഒരു അല്ലെങ്കില്‍ ഒരാളുടെ സമൂഹത്തെക്കുറിച്ച് മനസ്സിലാക്കുക എന്നതോടൊപ്പം, ആ സമൂഹത്തിലെ അംഗമായ ഒരാളുടെ സ്വത്വമേതെന്ന് തിരിച്ചറിയുക കൂടിയാകുമ്പോഴാണ് അര്‍ഥവത്താകുന്നത്. അതുകൊണ്ടു തന്നെ അത് വളരെ വളരെ സങ്കീര്‍ണമായ ഒരാലോചനയും പ്രയോഗപ്രക്രിയയുമാണ്. അതല്ലെങ്കില്‍ ദേശീയതയുടെ പ്രതിനിധാനങ്ങളായ ഭൂഭാഗവും അതിന്റെ സാമാന്യബോധവും വിഭ്രാന്തമായ ചിത്തരോഗത്തിന് കീഴ്പ്പെട്ടു എന്നു മാത്രമാണ് വ്യക്തമാക്കുന്നത്. സ്വന്തം രാജ്യത്തിനകത്തു തന്നെയുള്ള വിവിധ ജനവിഭാഗങ്ങളോട് ശത്രുതാപരമായും ഹിംസാത്മകമായും ആക്രമാത്മകമായും പെരുമാറുന്ന ഈ ദേശ സ്നേഹവും ദേശസ്‌നേഹികളും വലിയ അപകടമാണ്. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ച ഫാ: സ്റ്റാന്‍ സ്വാമിയെപോലെ ഇവര്‍ എല്ലാവരെയും ദേശദ്രോഹികള്‍ ആക്കികൊണ്ടിരിക്കുകയാണ്.

Fr. Stan Swamy

മുമ്പ് ഫ്രാന്‍സ് എന്നത് ഒരു രാജ്യത്തിന്റെ പേരായിരുന്നു. 1961ല്‍ അത് ഞരമ്പുകളെ ബാധിച്ച ചിത്തരോഗം എന്ന മാറാവ്യാധിയുടെ പേരായി മാറാനും അറിയപ്പെടാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് ഭൂമിയിലെ ശപിക്കപ്പെട്ടവര്‍ എന്ന ഫ്രാന്റ്സ് ഫാനന്റെ പുസ്തകത്തിന് എഴുതിയ അവതാരികയില്‍ ഴാങ് പോള്‍ സാര്‍ത്ര് നിരീക്ഷിക്കുന്നത് സമകാലീന ഇന്ത്യക്കും ബാധകമാണ്.

No Comments yet!

Your Email address will not be published.