ആർക്കും ആവശ്യമില്ലാത്ത ഒരു ജന്മമായി ഉമ്മയുടെ വയറ്റിൽ ഞാൻ വളർന്നു ഉമ്മ പെറ്റതോ വികൃത രൂപത്തിൽ ഒരു ചെറുക്കനെ- തന്റെ ജന്മത്തെക്കുറിച്ച് ആത്മകഥയിൽ ഹൈദരാലി കുറിച്ച വരികളാണ് മേൽ ഉദ്ധരിച്ചത്. പിന്നീടുള്ള ജീവിതത്തിലുടനീളം പല തരത്തിലുള്ള അവഗണനകളും അധിക്ഷേപങ്ങളും ഏറ്റുവാങ്ങിയ ബാല്യ-യൗവ്വനകാലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന തിരിച്ചടികൾ മുന്നേറാനുള്ള മാർഗ്ഗങ്ങളിൽ വിലങ്ങുതടികളായി നിലകൊള്ളാൻ അനുവദിക്കാതെ തന്റെ അപാരമായ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ചു മുന്നേറാൻ കഴിഞ്ഞുവെന്നതാണ് ഹൈദരാലിയുടെ സവിശേഷത. കഥകളിയരങ്ങിലെ ഈ ഗന്ധർവ്വ ശബ്ദത്തെ ഞാൻ പ്രാർത്ഥനയോടെ വണങ്ങുന്നുവെന്ന് കലാമണ്ഡലം ഗോപിയാശാനെക്കൊണ്ട് പറയിക്കും വിധം ഹൈദരാലി തന്റെ കഠിന യത്നം കൊണ്ട് സംഗീതത്തിന്റെ ഗിരിശൃംഗങ്ങളെ കീഴടക്കുകയായിരുന്നു.
ഓട്ടുപാറയിലെ പാട്ടുകാരനായിരുന്ന നിർധനനായ മൊയ്തുട്ടിക്ക് തനിക്കറിയാവുന്ന ചലചിത്ര ഗാനങ്ങൾ മകനെ മടിയിൽ കിടത്തി പാടിക്കൊടുക്കാനല്ലാതെ മറ്റൊന്നും നൽകാനുള്ള ശേഷിയുണ്ടായിരുന്നില്ല. കുഞ്ഞായിരുന്നപ്പോൾ മുതൽ കേട്ടുതുടങ്ങിയ ആ ഈണങ്ങളായിരിക്കണം ഗായകനെന്ന നിലയിൽ വളർന്നു വരാനുള്ള അടിത്തറ പാകിയത്. സിനിമാക്കമ്പക്കാരനായിരുന്ന ബാപ്പയുടെ കയ്യും പിടിച്ച് വടക്കാഞ്ചേരി മഹാലഷ്മി ടാക്കീസിൽ സിനിമ കാണാൻ പോയിരുന്നതും രാത്രിയിലെ മടക്ക നടത്തത്തിൽ ഉടനീളം തന്നെ പാടി കേൾപ്പിച്ചിരുന്ന സിനിമാ ഗാനങ്ങളെക്കുറിച്ചും ഹൈദരാലി തന്റെ ആത്മകഥയിൽ ഓർത്തെടുക്കുന്നുണ്ട്. നന്നേ ചെറുപ്പത്തിൽ തന്നെ നാട്ടിലെ കലാ സമിതി വാർഷികങ്ങളിലൊക്കെ ഹൈദരാലി പാടാറുണ്ട്. തന്റെ ജേഷ്ഠൻ പണിയെടുത്തിരുന്ന പണമിടപാട് സ്ഥാപനമുതലാളിയും എഴുത്തുകാരനുമായിരുന്ന മല്ലയ്യയാണ് ഹൈദരാലിയെന്ന ഗായകനെക്കുറിച്ചുള്ള ആദ്യ ലേഖനം എഴുതുന്നത്. ഈ പാട്ടുകാരൻ നാട്ടിൽ തന്നെ ഒടുങ്ങി പോകുമെന്ന് കരുതിയാണ് ” കൂമ്പടഞ്ഞ ഗായകൻ ” എന്ന ശീർഷകം ലേഖനത്തിന് നൽകിയത്. എന്നാൽ എല്ലാ പ്രതികൂല സാഹചര്യങ്ങളേയും നേരിട്ട് കൂമ്പടയാത്ത കരുത്തുള്ളഒരു ഹരിത വൃക്ഷമായി അദ്ദേഹം വളരുകയായിരുന്നു.
മാനി മുഹമ്മദിന്റെ പൊന്നു സൂചി എന്ന നാടകത്തിൽ ഹൈദരാലി എന്ന പത്തുവയസ്സുകാരൻ പാടിയിരുന്നു. ആ പാട്ടു പഠിപ്പിച്ചത് പിന്നീട് ഏറെ ശ്രദ്ധേയനായ സംഗീത സംവിധായകനായിരുന്ന എം കെ അർജുനൻ മാഷായിരുന്നു. പിന്നീട് ദുനിയാവിന്റെ ചിരി, കണ്ടം ബെച്ച കോട്ട് തുടങ്ങിയ നാടകങ്ങൾക്കു വേണ്ടിയും പാടാൻ കഴിഞ്ഞു. കുട്ടിയായിരിക്കുന്ന കാലം മുതൽക്കു തന്നെ പല വിധത്തിലുള്ള ബോഡി ഷെയിമിങ്ങിനും ഹൈദർ വിധേയനായിട്ടുണ്ട്. NES ബ്ലോക്ക് സംഘടിപ്പിച്ച ഒരു ലളിത ഗാനമത്സരത്തിൽ പങ്കെടുത്തതിന്റെ അനുഭവം ആത്മകഥയിൽ ഇങ്ങനെ വിവരിക്കുന്നുണ്ട്. ‘ഞാൻ വേദിയിൽ കയറിയതും കാണികൾ കൂവാൻ തുടങ്ങി എങ്ങനെ കൂവാതിരിക്കും? കൊലുന്നനെ മുഷിഞ്ഞു കീറിയ ട്രൗസറും കുപ്പായവും മൊട്ടത്തലയുമുള്ള കറുത്തിരുണ്ട ഒരുചെറുക്കനാണ് ലളിത ഗാനം പാടാൻ വന്നിരിക്കുന്നത് ഈ കോങ്കണ്ണനെന്തു പാട്ടുപാടാനാ? എന്ന വിചാരം ചിരിയായും കൂവലായും മാറി അതൊന്നും കണക്കിലെടുക്കാതെ പാടാൻ തുടങ്ങി ഒരു മിനിറ്റു കഴിഞ്ഞപ്പോഴേക്കും കൂവൽ നിന്നു ഇവൻ ആളുകൊള്ളാമല്ലോ എന്ന ഭാവമായിരുന്നു എല്ലാവരുടേയും മുഖത്ത്, ഫലം വന്നപ്പോൾ ഫസ്റ്റ്!. ചെറുപ്പത്തിലേ ഇത്തരം ദുരനുഭവങ്ങൾക്ക് മുന്നിൽ പതറിപ്പോകാതെ മുന്നേറാനുള്ള ഒരു മാനസികഘടന ഹൈദരാലിയിൽ രൂപപ്പെട്ടു വന്നിരുന്നു. പാടാനുള്ള തന്റെ ശേഷിയിൽ ആത്മവിശ്വസവും ആർജിച്ചിരുന്നു. അന്നാ പാട്ടു കേട്ട ക്ലബ്ബിന്റെ പ്രസിഡന്റും പൊതു പ്രവർത്തകനുമായിരുന്ന സി പി ആന്റണിയാണ് ഹൈദരാലിയെ കലാമണ്ഡലത്തിൽ ചേർത്ത് പഠിപ്പിക്കണമെന്ന നിർദ്ദേശം ജേഷ്ഠനോട് പങ്കുവെക്കുന്നത്. അന്നവിടെ ചുട്ടി പഠിച്ചിരുന്ന ശിവരാമൻ നായർ അതിനു വേണ്ട സഹായവും ചെയ്തു.
അന്ന് കലാമണ്ഡലത്തിൽ ചേരാനെത്തിയവർ നിരവധിയായിരുന്നു. കൂട്ടത്തിൽ കാണാൻ കൊള്ളാത്തയാൾ താനായിരുന്നതു കൊണ്ട് തന്നെ എടുക്കുമോ എന്ന് ശങ്കിച്ചിരുന്നതായി അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. സാക്ഷാൽ വള്ളത്തോൾ, മുകുന്ദരാജ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ കിള്ളിമംഗലം വാസുദേവൻ നമ്പൂതിരി എന്നിവരെല്ലാമായിരുന്നു ഇന്റർവ്യു ബോർഡിലുണ്ടായിരുന്നത്. രണ്ട് പാട്ടുകൾ പാടിച്ചു നോക്കി. ഒടുവിൽ വള്ളത്തോൾ ജ്യേഷ്ഠനോട് ചോദിച്ചത് കുട്ടിയെ ഇവിടെയെടുത്താൽ സമുദായത്തില് പ്രശ്നങ്ങൾ ഉണ്ടാവുമോ എന്നാണ് -അങ്ങനെ ഉണ്ടാവില്ല എന്ന ജ്യേഷ്ഠന്റെ ഉറപ്പിലാണ് അഡ്മിഷൻ നൽകുന്നത്. പിന്നെയും കടമ്പകൾ കടക്കണമായിരുന്നു. ചേർന്ന കുട്ടി കലാമണ്ഡലത്തിൽ നിന്ന് ചാടിപ്പോകാതിരിക്കാൻ രണ്ടായിരം രൂപയുടെ ആൾജാമ്യവും വേണമായിരുന്നു. ദരിദ്രനായ ഒരു മുസ്ലീം വിദ്യാർത്ഥിക്കു വേണ്ടി ജാമ്യം നിൽക്കാൻ ആരും തയ്യാറുണ്ടായിരുന്നില്ല-ജേഷ്ഠൻ പണിയെടുത്തിരുന്ന പണമിടപാടു സ്ഥാപനത്തിന്റെ മുതലാളിയും സാഹിത്യ കുതുകിയുമായിരുന്ന മല്ലയ്യപ്പോലും ഒഴിഞ്ഞു മാറി. ഒടുവിൽ ഹൈദറിന്റെ സംഗീതസാദ്ധ്യതകളെ കുറിച്ച് ഉറച്ച ബോധ്യമുണ്ടായിരുന്ന സി പി ആന്റണി തന്നെ ജാമ്യക്കാരനായി മുന്നോട്ടു വന്നതുകൊണ്ട് മാത്രമാണ് ഹൈദറിന് കലാമണ്ഡലത്തിൽ പഠനം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞത്.
പഠന കാലയളവിലും വലിയ വിവേചനങ്ങളും ഒറ്റപ്പെടലുകളും നേരിടേണ്ടി വന്നതിനെക്കുറിച്ചും തന്റെ ആത്മകഥയിൽ ഹൈദരാലി പരാമർശിക്കുന്നുണ്ട്. തന്റെ അടുത്തിരിക്കാൻ പോലും സഹപാഠികൾ തയ്യാറായിരുന്നില്ല മേത്തൻ, മാപ്പിള എന്നൊക്കെയാണ് അവരിൽ പലരും വിളിച്ചിരുന്നത് വാർഡനോട് എണ്ണ വാങ്ങിക്കാൻ പുറത്തുപോകട്ടെ എന്നനുവാദം ചോദിച്ചപ്പോൾ എന്തിനാണെണ്ണ മാപ്ലമാർ എണ്ണ തേക്കുമോ? എന്ന് പരിഹസിച്ചത് വേദനയോടു കൂടി അദ്ദേഹം ഓർമിക്കുന്നുണ്ട്. പലപ്പോഴും കലാമണ്ഡലം വിട്ടോടി രക്ഷപ്പെടാൻ തോന്നിയിട്ടുണ്ട്. പാട്ടു പഠിക്കാനുള്ള തീവ്രമോഹക്കൊണ്ടും തന്റെ ജാമ്യക്കാരനും അഭ്യുദയകാംക്ഷിയുമായ പി സി ആന്റണിയോടുള്ള കടപ്പാടുമോർത്താണ് എല്ലാത്തരം വിവേചനങ്ങൾക്കിടയിലും തന്റെ പഠനം മുന്നോട്ടു നീക്കിയതെന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അധികാരികളുടെ ഭാഗത്തുനിന്നും നിരവധിയായ അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ലിസ്റ്റിൽ പേരുണ്ടായിട്ടും ട്രൂപ്പിന്റെ കളികളിൽ നിന്നും മാറ്റി നിറുത്തിയിട്ടുണ്ട്. ആശാനോട് പരാതി പറയുമ്പോൾ അടുത്ത കളിവരട്ടെ പരിഗണിക്കാം എന്ന് ആശ്വസിപ്പിക്കും എന്നാൽ വീണ്ടും കളികൾ വരുമ്പോൾ സീനിയറായ, മറ്റുള്ളവരേക്കാൾ പാടാൻ ശേഷിയുള്ള ഹൈദർ ഒഴിവാക്കപ്പെട്ടുകൊണ്ടേയിരുന്നു.
അന്യമതസ്ഥനായിരുന്നു എന്നതുതന്നെയായിരുന്നു അവർ പറത്ത കാരണങ്ങൾ -എന്നാൽ പുറം കളികളിൽ നിന്നും ‘ബോധപൂർവ്വം’ ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ചേന്ദമംഗലം കളിയിൽ നിന്ന് രണ്ടാം ദിവസം കളിക്കാതെ കലാമണ്ഡലത്തിലേക്ക് തനിച്ച് മടങ്ങേണ്ടി വന്നതിനെക്കുറിച്ച് ഹൃദയ വേദനയോടെ അദ്ദേഹം വിവരിച്ചിട്ടുണ്ട്. കാശ്മിർട്രിപ്പിലും ഇതേ വിവേചനമുണ്ടായി ഇത്തവണ നീയാണ് ഡ്രസ്സൊക്കെ ഒരുക്കിക്കോ എന്ന് നമ്പീശനാശാൻ പറഞ്ഞതനുസരിച്ച് കേരളത്തിനു പുറത്തുള്ള ആദ്യ യാത്ര എന്ന നിലയിൽ വീട്ടുകാരോടൊക്കെ യാത്ര ചോദിച്ചെത്തിയതിനെക്കുറിച്ചും യാത്രയെക്കുറിച്ചാലോചിച്ച് തലേന്ന് ഉറങ്ങാൻ കഴിയാതിരുന്നതിനെക്കുറിച്ചും അവസാനം യാത്ര പുറപ്പെടാൻ സമയത്ത് ലിസ്റ്റിൽ തിരിമറി നടന്ന് തനിക്കു പകരം തിരൂർ നമ്പീശനെ കൊണ്ടുപോയതിനെക്കുറിച്ചും അദ്ദേഹം സങ്കടത്തോടെ ഓർത്തെടുക്കുന്നുണ്ട്. പിന്നീട് മീററ്റ് ഒറീസ്സ, ലക്നൗ യത്രകളിൽ നിന്നൊഴിവാക്കാൻ ശ്രമിച്ചപ്പോൾ ലളിതാംബികഅന്തർജനത്തിന്റെ മകൻ, അന്നത്തെ പിആര്‍ഡി ഡയറക്ടർ ഇടപ്പെട്ടതും യാത്രയിൽ ഉൾപ്പെടുത്തിയതും നന്ദിയോടെ സ്മരിക്കുന്നുണ്ട്.
കോഴ്സ് കഴിഞ്ഞ് അതിജീവനത്തിനു വേണ്ടിയുള്ള ശ്രമങ്ങൾക്കിടയിൽ കലാജീവിതത്തിന്റെ വഴിത്തിരിവായത് ഫാക്ടിൽ നിയമിതനായതോടെയാണ്. നിരന്തരമായ അവസരങ്ങൾ എം കെ കെ നായരുടെ സവിശേഷമായ താത്പര്യം മൂലം ഫാക്ടിൽ ലഭിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി പൊന്നാനിപ്പാട്ടുകാരനായി – ഈ അരങ്ങനുഭവപരിചയം അദ്ദേഹത്തിന്റെ പ്രതിഭയെ തിളക്കമുറ്റതാക്കി – ഇതോടെ ഉജ്ജ്വലനായ പാട്ടുകാരനായി അദ്ദേഹത്തെ അംഗീകരിക്കാൻ തുടങ്ങി- കഥകളി സംഗീതത്തോടൊപ്പം പഠന കാലയളവിൽ തന്നെ ക്ലാസ്സിക്കൽ സംഗീതവും അഭ്യസിച്ചിരുന്നതുകൊണ്ട് – കലാമണ്ഡലം സുഗന്ധി, ക്ഷേമാവതി, കലമണ്ഡലം സരസ്വതി എന്നിങ്ങനെ പ്രശസ്തരായ നർത്തകികൾക്കു വേണ്ടി ജതി പാടാനുള്ള അവസരങ്ങളും കൈവന്നിരുന്നു. സംഗീതാസ്വാദകരെ ഏറെ ആകർഷിച്ച ഗംഭീരമായ നിരവധി കച്ചേരികളും സംഘടിപ്പിച്ചു. നിരവധിയായ വിദേശ യാത്രകൾ തരപ്പെട്ടു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കവേ തന്നെ അദ്ദേഹം അകാലത്തിൽ സംഗീതലോകത്തെ തീരാദുഃഖത്തിലാഴ്ത്തി വേർപിരിഞ്ഞു പോയി.
********
നല്ല അവതരണം-
കലാ മണ്ഡലം ഹൈദരാലി..അപൂർവ പ്രതിഭാശാലിയായ ഗായകന്റെ ജീവിതത്തിലൂടെ കുറഞ്ഞ വാക്കുകളിൽ കൂടുതൽ പറഞ്ഞു വച്ചു. അദ്ദേഹത്തിന്റെ ജീവിതപരിസരങ്ങളിൽ ഉണ്ടായിട്ടും പരിചയപ്പെടാൻ കഴിഞ്ഞില്ല എന്നത് വലിയ നഷ്ടമായി ഇന്നും കാണുന്നു