Skip to main content

വാക്കും നോക്കുമെല്ലാം തീ വമിപ്പിച്ചിരുന്ന തീഷ്ണയൗവ്വനങ്ങളുടെ കാലം

 

ക്ഷുഭിത യൗവ്വനങ്ങളുടേതെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന 1960-1970 ളില്‍ കേരളത്തിന്‍ നടന്ന എംഎല്‍ (മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) സംഘടനാ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ കാല ചരിത്രത്തെ രേഖപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായ ‘വാക്കുകള്‍ക്കു തീ പിടിച്ച കാലം’ എന്ന ഡോക്യുമെന്ററി ഏപ്രില്‍ 5ന് എറണാകുളം ടി ഡി എം ഹാളിലെ മിനി സ്‌ക്രീനില്‍ കണ്ടു. പുകയുന്ന നെരിപ്പോടുകളായിരുന്ന ഇന്ത്യന്‍ യുവതയുടെ മനസുകളിലേക്ക് നീറിപ്പടരാന്‍ ശ്രമിച്ച നക്‌സലിസമെന്ന പേരിലറിയപ്പെട്ടിരുന്ന എം എല്‍ രാഷ്ട്രീയത്തിന്റെ ചരിത്രത്തെ രേഖപ്പെടുത്താനുള്ള പഴയ പ്രവര്‍ത്തകര്‍ കൂടിയായ ഒരു കൂട്ടം ‘ചിന്താ യുവത്വങ്ങളുടെ’ ശ്രമത്തിന്റെ ഫലമാണ് ‘വാക്കുകള്‍ക്ക് തീ പിടിച്ച കാലം’ എന്ന ഈ ഡോക്യുമെന്ററി.

54 മിനിറ്റില്‍ പകര്‍ത്തപ്പെട്ടിരിക്കുന്ന രണ്ട് ഭാഗങ്ങള്‍ കേരളത്തിലെ എംഎല്‍ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്ന് പറയാവുന്ന തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമണം മുതല്‍ അടിയോരുടെ പെരുമനായി വളര്‍ന്ന് പന്തലിച്ച സഖാവ് എ.വര്‍ഗ്ഗീസിനെ നിഷ്ഠൂരമായി കൊല ചെയ്തതു വരെയുള്ള കാലത്തെയാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. കെ.അജിത, എ.വാസു, സഖാവ് എ.വര്‍ഗ്ഗീസിന്റെ സഹപ്രവര്‍ത്തകരായിരുന്ന ചോമന്‍ മൂപ്പന്‍, കുന്നേല്‍ കൃഷ്ണന്‍, വെള്ളത്തൂവല്‍ സ്റ്റീഫന്‍, കാളന്‍, ജോഗി തുടങ്ങിയവരുടെയൊക്കെ അനുഭവ നാവുകളിലൂടെ ചുരുളഴിയുന്ന ആ ചരിത്രം തീര്‍ച്ചയായും പതു തലമുറയോട് ചില സന്ദേശങ്ങള്‍ പറയാതെ പറയാന്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നാം ജീവിക്കുന്ന എക്കാലത്തേയും / ഏതൊരു സമൂഹത്തിലേയും ചുറ്റുപ്പാടുകളെ അനീതികള്‍ പൊതിയുമ്പോള്‍ നമുക്കെങ്ങിനെയാണ് നിശബ്ദരായി കഴിഞ്ഞുകൂടാനാകുകയെന്ന കൃത്യമായൊരു ചോദ്യം മുകളില്‍ പറഞ്ഞ പോരാളികളുടെ നാവുകളിലൂടെ വരുന്ന വാക്കുകള്‍ നേരിട്ട് ചോദിക്കുന്നില്ലെങ്കിലും നമ്മുടെ ചിന്തകളിലേക്കവ ചോദ്യങ്ങളായി തുളച്ച് കയറാന്‍ ശ്രമിക്കുന്നുണ്ട്.

17,18,19 വയസ്സുകളിലൊക്കെ സാമൂഹ്യമാറ്റമെന്ന സ്വപ്നത്തെ നെഞ്ചേറ്റിക്കൊണ്ട് രണോത്സുകവും, ത്യാഗോജ്വലവുമായ പോരാട്ട പാതകളെ സ്വയം വരിച്ച മേല്പറഞ്ഞ പേരുകാരിലൊരാള്‍ പോലും തങ്ങളുടെ ശ്രമങ്ങള്‍ വ്യര്‍ത്ഥമായി പോയിയെന്നൊ, തങ്ങള്‍ക്ക് വ്യക്തിഗതമായി എന്തെങ്കിലും നഷ്ടങ്ങള്‍ സംഭവിച്ചുവെന്നോ ഒരു നോക്കില്‍ പോലുമീ രേഖപ്പെടുത്തലുകളിലൊരിടത്തും സൂചിപ്പിക്കുന്നില്ല എന്നത് ആ ചരിത്രത്തില്‍ ഉള്ളടങ്ങിയിട്ടുള്ള നീതിയുടെ പക്ഷത്തെ തന്നെയാണ് സ്ഥാപിക്കുന്നതെന്ന കാര്യത്തില്‍ സംശയമേതുമില്ല. അക്കാല പ്രയോഗങ്ങളിലൂടെ എം എല്‍ പാര്‍ട്ടി വളര്‍ന്ന് വലുതായൊന്നുമില്ലെന്ന് നമുക്കിപ്പോള്‍ വിലയിരുത്താനാവുമെങ്കിലും നീതിയുടെ അഗ്‌നിനാളങ്ങളെ ഒരു തലമുറയുടെ / ജനതയുടെ ചിന്തകളിലേക്ക് പകരാനുള്ള ശ്രമത്തില്‍ അന്നത്തെയാ ക്ഷോഭിക്കുന്ന യുവത വിജയിച്ചുവെന്ന് തന്നെ കരുതാനാണ് ന്യായം.

ആദിവാസി ജനതക്ക് കൂലി അളന്ന് നല്‍കാനായി ‘വര്‍ഗ്ഗീസ് നാഴി’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരളവ് പാത്രം ആദ്യമായി സൃഷ്ടിക്കപ്പെട്ടത് / അംഗീകരിക്കപ്പെട്ടത് സഖാവ് എ.വര്‍ഗ്ഗീസിന്റെയും മറ്റും ത്യാഗോജ്വലമായ പ്രവര്‍ത്തന-പോരാട്ടങ്ങളുടെ ഫലമായി തന്നെയാണ്. 1980-1990 കളിലും മറ്റും കേരളത്തിലങ്ങോളമിങ്ങോളമുയര്‍ന്നു വന്നിരുന്ന ജനകീയ പ്രക്ഷോഭങ്ങളിലെല്ലാം തന്നെ കുന്നിക്കല്‍ നാരായണനും, അജിതയും, വര്‍ഗ്ഗീസും, മന്ദാകിനി നാരായണനും, ചോമന്‍ മൂപ്പനും, എ.വാസുവും കുന്നേല്‍കൃഷ്ണനും, വെള്ളത്തൂവല്‍ സ്റ്റീഫനും, കാളനും, ജോഗിയുമെല്ലാം കോറിയിട്ട പോരാട്ട ചരിത്രങ്ങളുടെ അനുരണനങ്ങള്‍ കാണാവുന്നതാണ്. ‘പരാജയപ്പെട്ട പോരാട്ടങ്ങളുടേത് കൂടിയാണ് യഥാര്‍ത്ഥ ചരിത്രം’ എന്നുള്ള സത്യത്തെ മനസില്‍ വെച്ചു കൊണ്ട് നമ്മള്‍ ഈ ‘വാക്കുകള്‍ക്ക് തീ പിടിച്ച കാലത്തെ’ കാണാന്‍ ശ്രമിച്ചാല്‍ നിശ്ചയമായുമിതൊരു വസ്തുതകളുടെ രേഖപ്പെടുത്തല്‍ തന്നെയണെന്ന് നമുക്ക് മനസിലാകും.

മാര്‍ട്ടിന്‍, ബെയ്‌സല്‍, മാത്യൂസ് (ആന്റി) തുടങ്ങിയ പഴയ മൂന്ന് എം എല്‍ പ്രവര്‍ത്തകരുമായുള്ള ആലോചനയില്‍ നിന്നാണ് ‘വാക്കുകള്‍ക്ക് തീ പിടിച്ച കാലം’ തുടക്കം കുറിച്ചതെന്ന് ഇതിന്റെ സംവിധായകനായ പി.എസ് രാജീവ് ആമുഖമായി പറഞ്ഞിരുന്നു.
ഈ നാല് പേരുടെ ശ്രമത്തോട് സഹകരിക്കാന്‍ തയ്യാറായിക്കൊണ്ട് മറ്റൊരു പഴയ എം എല്‍ പ്രവര്‍ത്തകനും, ഈ ഡോക്യുമെന്ററിയുടെ നിര്‍മ്മാതാവുമായ ജോസഫ് വര്‍ഗ്ഗീസ് ഇലഞ്ഞിക്കല്‍ കൂടിയെത്തുകയായിരുന്നു. 2000 സമയത്ത് എംഎല്‍ ചരിത്രത്തെക്കുറിച്ചൊരു ഡോക്യുമെന്ററി നിര്‍മ്മിക്കാനായി സിപിഐ (എംഎല്‍) റെഡ് ഫ്‌ലാഗ് പാര്‍ട്ടിയുടെ മുന്‍കയ്യില്‍ അന്ന് എഷ്യാനെറ്റ് ന്യൂസ് ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന ടി.ആര്‍.അജിത് കുമാര്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി പകര്‍ത്തിയിരുന്ന ഭാഗങ്ങളും തന്റെ സൃഷ്ടിയോടൊപ്പം കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നുള്ള കാര്യവും പി.എസ്.രാജീവ് വ്യക്തമാക്കി. അജിത് കുമാറിന്റെ അന്നത്തെ ശ്രമത്തിന് പിസിലുണ്ടായിരുന്ന കെ.എ.മോഹന്‍ദാസ്, എം.എസ്.ജയകുമാര്‍, പി.കെ.വേണുഗോപാലന്‍, വി.എ.ജോയി എന്നിവരേയുംരാജീവ് ഓര്‍മിച്ചു.

സഖാവ് എ.വര്‍ഗ്ഗീസിന്റെ കൊലക്ക് ശേഷമുള്ള എം എല്‍ പ്രവര്‍ത്തന ചരിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചതിന്റെ തുടര്‍ച്ചയായി നിര്‍മ്മിക്കാന്‍ പോകുന്ന മൂന്നൊ നാലൊ ഭാഗങ്ങളിലായി രേഖപ്പെടുത്തുമെന്ന് പി.എസ്.രാജീവും, ജോസഫ് വര്‍ഗ്ഗീസ് ഇലഞ്ഞിക്കലും വാഗ്ദാനം നല്‍കിയിട്ടുമുണ്ട്. ഒരു ഡോക്യുമെന്ററിയുടെ എല്ലാ വശങ്ങളെക്കുറിച്ചും ആഴത്തില്‍ വിലയിരുത്താനുള്ള കഴിവൊന്നുമില്ലാത്ത ഈയുള്ളവന് തോന്നിയത് പ്രമാദമെന്നൊന്നും ഘോഷിച്ചില്ലെങ്കില്‍ പോലും ‘വാക്കുകള്‍ക്ക് തീ പിടിച്ച കാലം’ എന്ന ഈ 53 -54 മിനിറ്റ് ദൃശ്യങ്ങള്‍ കോറിയിടുന്നത് നീതിയെ പ്രഘോഷണം ചെയ്ത ആര്‍ജ്ജവം മുറ്റിയിരുന്നൊരു ചരിത്രത്തെയാണെന്നതിനാല്‍ കൂടി ഈ രേഖപ്പെടുത്തലിന് പ്രസക്തിയേറെയുണ്ടെന്ന കാര്യത്തില്‍ തരിമ്പും സംശയമില്ലെന്ന് തന്നെയാണ്.

 

ഡോക്യുമെന്ററി സംവിധായകന്‍ രാജീവ് പി എസ്

 

****

 

No Comments yet!

Your Email address will not be published.