ചിറകുള്ള പ്രതിരോധത്തിന്റെ പക്ഷിരൂപവും രൂപകവുമാണ് ജടായു .ദശാനനൻ്റെ രാക്ഷസാഹംകൃതിയോടേറ്റുമുട്ടി ചിറകരിയപ്പെട്ട ഇന്ത്യൻ ഇകാറസ് . പക്ഷേ ഇകാറസിലില്ലാത്ത ഒന്ന് ജടായുവിൻ്റെ പക്ഷിരോധത്തിലുണ്ടായിരുന്നു ; അനീതിയോടേറ്റുമുട്ടി നിലംപതിച്ചവൻ്റെ രക്തസാക്ഷിത്വമായിരുന്നു അത്. അതിനാൽ തോൽവിയെയും വിജയമാക്കുന്ന പോരാളിയുടെ വീറും വിവേകവും ജടായുവിൽ .രവിവർമ്മച്ചിത്രങ്ങളാൽ ദൃശ്യത കൈവരിച്ച രാമായണരംഗങ്ങളിലൊന്ന് രാവണനോടേറ്റുമുട്ടുന്ന ജടായുവിൻ്റേതായിരുന്നു . ഉജ്ജ്വലമാണ് ആ രംഗം; ഒരു ചിറക് നഷ്ടപ്പെട്ട ജടായു, കരാളരൂപിയും ഖഡ്ഗപാണിയുമായ രാവണൻ, മുഖം പൊത്തുന്ന കാതരയായ സീത. 1906 ആണ് ഈ ചിത്രത്തിൻ്റെ രചനാകാലം. അതിനുമൊരു പത്താണ്ടു മുൻപ് മലയാളകവിതയിൽ ഒരു കവിപ്പോരാട്ടം നടന്നിരുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ ‘കവി ഭാരത’ ത്തിനെതിരേ മുലൂർ എസ്. പത്മനാഭപ്പണിക്കർ എന്ന ഇരുപത്തഞ്ചുവയസ്സുകാരനായ യുവകവി നയിച്ച ‘കവിരാമായണ’യുദ്ധമായിരുന്നു അത്. അതിൽ അവർണ്ണകവികളുടെ ഒരക്ഷൗഹിണി തന്നെ നിർമ്മിച്ച മൂലൂർ സ്വയം ഇങ്ങനെയാണ് ചിത്രീകരിച്ചത്-
‘പ്രാണപ്രേമമിയന്നവർക്കപജയം
നേരിട്ടു വന്നാൽ തനി-
ക്കൂനത്വം പിടികൂടുമെന്ന കഥയെ-
ക്കൂടെ സ്മരിക്കാതെ താൻ
താനേ ജീവനൊടുങ്ങിടും രിപുവിനെ –
പ്പായിക്കുവാൻ ചെല്ലുമീ
ഞാനാണാദശവക്ത്രനോടു പടയിൽ
തോറ്റോരു പക്ഷീശ്വരൻ’. ആ ‘പക്ഷീശ്വരൻ’ ജടായുവാണെന്നും ആ ചിറകുള്ള കവിപ്പോരാളി മൂലൂരാണെന്നും നമുക്കറിയാം. ആ ഐതിഹാസികസാംസ്കാരികസമരത്തിൻ്റെ അന്യാപദേശഭാഷയിലെ തിളങ്ങുന്ന കാവ്യമുഹൂർത്തമായിരുന്നു അത്. അന്യാപദേശങ്ങൾക്ക് പൊതുവേയുള്ള കൃത്രിമത്വവും ഭാവനാശൂന്യതയുമില്ല ഇവിടെ. ഒരു ഗറില്ലായുദ്ധമുറപോലെ കവിത ഭാവം പകരുകയും കവി, ജടായു എന്ന പോരാളിപ്പറവയായി സവർണ്ണവിവേചനത്തിനെതിരേ എഴുത്താണിക്കൂർപ്പൂമായി പടക്കൊരുങ്ങി പറന്നുയരുകയും ചെയ്യുന്ന ചരിത്രത്തിലെ ചാരുദൃശ്യമാണത്. അവർണ്ണരുടെ ആത്മാഭിമാനത്തിൻ്റെ തിളങ്ങുന്ന വാങ്മയമായി അങ്ങനെ , ആ കവിരാമായണശ്ലോകം മാറുന്നു ; തങ്ങളുടെ അവർണ്ണ /കീഴാള / ദളിതസ്വത്വം കവിതയിലും സാഹിത്യത്തിലും ആവിഷ്കരിക്കാൻ ശ്രമിക്കുന്നവരുടെ , എക്കാലത്തെയും , വറ്റാത്ത
പ്രചോദനത്തിൻ്റെ സ്രോതസ്സായും .
പിന്നീട് നമ്മൾ ഈ പക്ഷിരൂപകം വീണ്ടും കാണുന്നത് ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ കെ . ജി . ശങ്കരപ്പിള്ളയുടെ കവിതയിലാണ് .
‘ വാക്കുമർത്ഥവും ജടായു –
ച്ചിറകും മുറിപ്പെട്ട്
ലിഖിതങ്ങൾ വെറും
ശിലയായി
ഞാനായി’(അന്യാധീനം). ഇതേ കവിയുടെ ‘ഒടിച്ചു മടക്കിയ ആകാശം ‘ എന്ന കവിതയിലെ പക്ഷിപാതാളത്തിൽ ഇങ്ങനെയും –
‘സന്ധ്യാനാമത്തിലെ
പഴയ പഴയ ഒരു വികാരത്തിൽ നിന്ന്
ജടായു ‘. വിശേഷണങ്ങളുടെ ഇരട്ടിപ്പുകൊണ്ട് കവി വിവരിക്കുന്ന ആ വികാരം ഭക്തിയായിരിക്കാം . അതിൽ നിന്നു മുതിർന്ന് യൗവനയുക്തമാകുമ്പോൾ ജടായുവിന് നീതിബോധത്തിൻ്റെ പെരുംചിറകുകൾ മുളയ്ക്കുന്നതിനെപ്പറ്റിയാണ് എഴുപതുകളിലെ രാഷ്ട്രീയാധുനികതയുടെ ചുവന്ന ചിറകുകളിലൊന്നായ ഈ കവി എഴുതുന്നത് ; ‘അന്യാധീന’ത്തിൽ ആ നീതിച്ചിറകിൻ്റെ ലജ്ജാകരമായ തിരോധാനത്തെക്കുറിച്ചും . കവിതയുടെ നീതിപക്ഷമാണ് ജടായു; എക്കാലത്തെയും രാഷ്ട്രീയകവിതയുടെ മഹാരൂപകം .
******
No Comments yet!