Skip to main content

വില്യം ടർണറുടെ ‘The Fighting Temeraire’

 

റൊമാന്റിക് ഭാവനയുടെ ഉദാത്തമായ മാതൃകയായി പ്രശസ്ത ഇംഗ്ലീഷ് കലാപണ്ഡിതനായ ജോൺ റസ്കിൻ വാഴ്ത്തിയ ചിത്രകാരനാണ് വില്യം ടർണർ (Joseph Mallord William Turner). 1775 -ൽ ലണ്ടനിലെ ഒരു ക്ഷുരകന്റെ മകനായിട്ടാണ് ടർണറുടെ ജനനം. നന്നേ ചെറുപ്പത്തിൽത്തന്നെ ചിത്രകലയിൽ അസാധാരണമായ പ്രതിഭ തെളിയിച്ചു അദ്ദേഹം.15 വയസ്സുമുതൽക്കുതന്നെ ടർണർ അക്കാലത്ത് ഇംഗ്ലണ്ടിലെ ചിത്രകലയുടെ പ്രധാനപ്പെട്ട ഒരു കേന്ദ്രമായി അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് റോയൽ അക്കാഡമിയിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. താരതമ്യേന നന്നേ ചെറുപ്പത്തിൽ, വെറും 26 വയസ്സിൽ, അദ്ദേഹം അക്കാദമിയിൽ അംഗത്വവും നേടി.

ചരിത്രസംബന്ധിയായ വിഷയങ്ങളും പുരാവൃത്തങ്ങളും ആധാരമാക്കി ധാരാളം ചിത്രങ്ങൾ ടർണർ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം അറിയപ്പെടുന്നത് പ്രധാനമായും ഒരു പ്രകൃതിദൃശ്യ ചിത്രകാരനായിട്ടാണ്. പ്രകൃതിദൃശ്യങ്ങളിൽ തന്റെ സമകാലീനരായ ചിത്രകാരന്മാരിൽനിന്നു വ്യത്യസ്തമായി നിറങ്ങളുടെയും വെളിച്ചത്തിന്റെയും സാധ്യതകളെ സ്വതന്ത്രമായി, വൈകാരികഭാവങ്ങളെ തീവ്രമായി പ്രകടിപ്പിക്കുന്ന രീതിയിൽ, അദ്ദേഹം ഉപയോഗിച്ചു. കടന്നുപോകുന്ന ഒരു ദൃശ്യത്തിന്റെ സത്തയെ, മായികമായ അമൂർത്തതയോടടുത്ത ഒരു രീതിയിൽ ആവിഷ്കരിക്കാൻ ശ്രമിക്കുന്നതുപോലെയാണ് ആദ്ദേഹത്തിന്റെ ചിത്രീകരണം. നദികളോടും സമുദ്രത്തിനോടും തിരമാലകളോടും കാറ്റിനോടും മേഘങ്ങളോടുമെല്ലാം കാല്പനികമായ ഒരുതരം ആത്മബന്ധമായിരുന്നു ടർണറിന്. ഈ വിഷയങ്ങൾ അസംഖ്യം തവണ പല രൂപഭാവങ്ങളിൽ അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. ടർണറുടെ ചിത്രങ്ങളുടെ മഹത്വം അദ്ദേഹത്തിന്റെ സമകാലീനരായ പല ചിത്രകാരന്മാരും കലാനിരൂപകന്മാരും ആദ്യകാലത്ത് മനസ്സിലാക്കിയില്ല. അദ്ദേഹത്തിന്റെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞ് അതേപ്പറ്റി വിശദമായി എഴുതിയ ഒരാൾ റസ്കിൻ ആണ്.

 

1838 -ൽ എണ്ണച്ചായത്തിൽ ടർണർ വരച്ച സുപ്രസിദ്ധമായ ചിത്രമാണ് ‘The Fighting Temeraire’. ഒരു ദിവസം തെംസ് നദിയിലൂടെ യാത്രചെയ്യുമ്പോൾ അദ്ദേഹം നേരിൽക്കണ്ട ഒരു കാഴ്ചയാണ് ഈ ചിത്രത്തിന് ആധാരം. Temeraire എന്നത് ഇംഗ്ലണ്ടിനുവേണ്ടി പല യുദ്ധങ്ങളിലും പങ്കെടുത്തിട്ടുള്ള ഒരു യുദ്ധക്കപ്പലിന്റെ പേരാണ്. ആ കപ്പലിനെ ഒരു ചെറിയ ആവി ബോട്ട് നദിയിലൂടെ വലിച്ചുകൊണ്ടുപോകുകയാണ്. ഉപയോഗത്തിന്റെ കാര്യത്തിൽ കാലഹരണപ്പെട്ടതിനാൽ കപ്പലിനെ പൊളിച്ച് കഷണങ്ങളാക്കിയെടുക്കാനാണ് കൊണ്ടുപോകുന്നത് എന്നും ടർണർ മനസ്സിലാക്കുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള ഒരു കപ്പലിന്റെ അവസാനത്തെ യാത്ര എന്നനിലയിൽ ആ കാഴ്ച ഒരൽപം ദുഃഖകരവുമാണ്.

ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷ് ചരിത്രവുമായി ബന്ധമുള്ള ഒരു പ്രമേയം എന്നതിലുപരി ചിത്രീകരണത്തിന്റെ സവിശേഷത വളരെ പ്രധാനമാണ്. നിറങ്ങളുടെയും വെളിച്ചത്തിന്റെയുമെല്ലാം ക്രമീകരണത്തിലും വൈകാരികഭാവത്തിന്റെ കാല്പനികമായ ആവിഷ്കരണത്തിലും പ്രസിദ്ധമായ ആ ‘ടർണർ ടച്ച്’ നിറഞ്ഞുനിൽക്കുന്ന ഒരു ചിത്രമാണിത്.

വില്യം ടർണർ
ജനനം: 1775
മരണം: 1851

 

*******

 

No Comments yet!

Your Email address will not be published.