ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനിതയായ ഹാന്‍ കാങ്ങിന്റെ ഏറെ പ്രശസ്തമായ, ബുക്കര്‍ സമ്മാനം നേടിയ നോവല്‍, ദ വെജിറ്റേറിയനു പൂര്‍വ്വഗാമി എന്നു വിളിക്കാവുന്ന ഒരു കഥ അവര്‍ അതിനൊരു ദശാബ്ദം മുമ്പ് എഴുതിയിട്ടുണ്ട്. ‘ദ ഫ്രൂട്ട് ഓഫ് മൈ വുമണ്‍’ എന്ന പേരില്‍ ആ കഥയ്‌ക്കൊരു ഇംഗ്‌ളീഷ് വിവര്‍ത്തനവുമുണ്ട്. ഈ കഥയുടെ തുടര്‍ച്ചയാണ് ദ വെജിറ്റേറിയന്‍ എന്ന നോവല്‍ എന്നക്ഷരാര്‍ത്ഥത്തില്‍ വാദിക്കാനാകില്ലെങ്കിലും രണ്ടിലും സമാനമായ വിഷയങ്ങളാണു കൈകാര്യം ചെയ്തിരിക്കുന്നതെന്നു കാണാനാകും. അവര്‍ തന്നെ അതു പറഞ്ഞിട്ടുമുണ്ട്. പക്ഷേ രണ്ടിടത്തും വിഷയത്തെ സമീപിച്ചിരിക്കുന്ന രീതിയും അതിനുപയോഗിച്ചിരിക്കുന്ന ശൈലിയും, അതിന്റെ ആഴവും പരപ്പും, വളരെ വ്യത്യസ്തമാണ്. കാഫ്കയുടെ മെറ്റമോര്‍ഫസിസുമായും ഈ കഥയ്ക്കു വേണമെങ്കില്‍ ഒരു സാമ്യം പറയാനാകും. ദ ഫ്രൂട്ട് ഓഫ് മൈ വുമണിലെ നായിക ഒരു ചെടിയായി, വൃക്ഷമായി, രൂപാന്തരപ്പെടുന്നതും അതിന്റെ ഫലങ്ങള്‍ അഥവാ വിത്തുകള്‍ നായികയുടെ ഭര്‍ത്താവ് പുതിയ ചെടിച്ചട്ടികളില്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് കഥ. (ഈ രൂപാന്തരത്തിനപ്പുറത്തേക്ക് മെറ്റമോര്‍ഫസിസുമായി താരതമ്യം ചെയ്യുന്നത് വലിയ അബദ്ധവുമാണ്.) എന്നാല്‍ ഈ കഥയിലെ ഈ പരിവര്‍ത്തനം അത്ര ലളിതമല്ല. അതിനനേകം അര്‍ത്ഥ തലങ്ങളുണ്ട്.
നായികാ നായകന്മാരുടെ ആദ്യകാല ബന്ധങ്ങള്‍ മിക്കവാറും യാഥാസ്തിതികമെന്നു വിളിക്കാവുന്നതാണ്. നായിക വീട്ടുകാര്യങ്ങള്‍, പാചകവും മറ്റും, ശ്രദ്ധിക്കും എന്നു പ്രതീക്ഷിക്കുന്ന നായകന്‍, അതിനാല്‍ തന്റെ ജോലിത്തിരക്കിലാകുന്ന നായകന്‍, അതാണു ജീവിതം എന്നു കരുതുന്ന നായകന്‍, പക്ഷേ നായികയുടെ പരിവര്‍ത്തനങ്ങള്‍, രൂപാന്തരം, ആരംഭിച്ചപ്പോള്‍ നായികയെ പ്രതി കൂടുതല്‍ വേവലാതിപ്പെടുന്നതു കാണാം. സമൂഹത്തില്‍ കാണുന്ന വക്രീകരണങ്ങള്‍ക്കപ്പുറത്തേക്ക് കടന്നുനോക്കാന്‍ ശ്രമിക്കുക എന്നത് ഹാന്‍ കാങ്ങിന്റെ രചനാ ശൈലിയുടെ പ്രത്യേകതയായി നിരൂപകര്‍ പറയുന്നു. ആ ഒരു ശൈലി ദ വെജിറ്റേറിയനിലും, ദ ഫ്രൂട്ട് ഓഫ് മൈ വുമണിലും കാണാം. സമൂഹഘടനയില്‍ പൊതുവില്‍ കാണുന്ന, ലോകത്തെല്ലായിടത്തും കാണുന്ന, പുരുഷന്മാരിലെ അക്രമവാസന കൂടുതല്‍ അപകടമായി ബാധിക്കുന്നത് സ്ത്രീകളെയാണെന്ന സൂചന അവര്‍ തന്റെ എഴുത്തുകളിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്. ദ ഫ്രൂട്ട് ഓഫ് മൈ വുമണിലെ ഭര്‍ത്താവ്, പുരുഷന്‍, നായകന്‍, പക്ഷേ കൂടുതല്‍ അനുകമ്പയുള്ളവനാണ്. (ദവെജിറ്റേറിയനിലെ നായകനെ അപേക്ഷിച്ചു പ്രത്യേകിച്ചും.) എന്നിരുന്നാലും അയാളിലും പുരുഷ മാതൃകകളുടെ അപകടങ്ങള്‍, അഥവാ നിസ്സംഗത, പങ്കാളിയുടെ ജീവിതത്തെക്കുറിച്ചുള്ള, താത്പര്യങ്ങളെക്കുറിച്ചുള്ള, നിസ്സംഗത, കാണാവുന്നതാണ്. അതുകൊണ്ടായിരിക്കണം അയാള്‍ തന്റെ ഭാര്യയുടെ ആഗ്രഹങ്ങളെ ആദ്യമൊന്നും വില കല്പിക്കാത്തത്. അതൊരു കാല്പനികത മാത്രമായികരുതുന്നത്. കഥയിലുടനീളം അതിനാല്‍ തന്നെ ദമ്പതിമാര്‍ തമ്മിലുള്ള പരസ്പര വ്യവഹാരങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ളതായികാണാം. ചില സംഭാഷണങ്ങളിലേക്കും അവിടവിടെയുള്ള ചില വിവരണങ്ങളിലേക്കുമൊതുക്കിയിരിക്കുന്നു എങ്കിലും കഥാകൃത്ത്,രണ്ടു മനസ്സുകളിലേക്കും ആഴത്തിലിറങ്ങിയിരിക്കുന്നതും കാണാം.
ദ ഫ്രൂട്ട് ഓഫ് മൈ വുമണിലെ നായിക ഏകാന്തതയെക്കുറിച്ചു പറയുന്നു. ഉയരമേറിയ അനേകം കെട്ടിടങ്ങള്‍ക്ക് നടുക്കുള്ള, ചീറിപ്പായുന്ന വാഹനങ്ങളുള്ള തെരുവിന്റെ ഓരത്തുള്ള, തന്റെ വാസസ്ഥാനത്തെ ഏകാന്തത. നൂറായിരക്കണക്കിനൊരുപോലെയുള്ള കെട്ടിടങ്ങളെ ഞാന്‍ വെറുക്കുന്നു. സരൂപമായ അടുക്കളകള്‍, മച്ചുകള്‍, ശൗചാലയങ്ങള്‍, ബാത്ത്ടബ്ബുകള്‍, ലിഫ്റ്റുകള്‍. ഞാന്‍ പാര്‍ക്കുകളെ, വിശ്രമിക്കാനുള്ള ഇടങ്ങളെ, കടകളെ, വഴിമുറിച്ചുകടക്കാനുള്ളയിടങ്ങളെ വെറുക്കുന്നു. ഞാന്‍ എല്ലാം വെറുക്കുന്നുഎന്ന അവസ്ഥയിലേക്കവരതിനാലെത്തിച്ചേരുന്നു. ആ ഏകാന്തത പിന്നെ വിഷാദമാകുന്നുണ്ട്. വിവാഹത്തിനു മുമ്പ് ഒരു ചെറിയ ജോലി ചെയ്തുകൊണ്ടിരുന്ന അവര്‍, വിവാഹ ശേഷം വെറും വീട്ടമ്മ`യാകുന്നു. തന്റെ കൈവശമുണ്ടായിരുന്ന സമ്പാദ്യമെല്ലാംവിവാഹത്തിനും അതിനു ശേഷം ഭര്‍ത്താവൊന്നിച്ചുള്ള ജീവിതം തുടങ്ങിവയ്ക്കാനുമായി ചിലവിടുന്നു. പിന്നെയവര്‍ ഭര്‍ത്താവില്‍ പൂര്‍ണ്ണമായും ആശ്രയിക്കേണ്ടി വരുന്നു. ഇടക്കൊരിടത്ത് അവര്‍ അമ്മയെ ഓര്‍ക്കുന്നുണ്ട്. അമ്മ ജനിച്ചു വളര്‍ന്ന ഗ്രാമം ഓര്‍ക്കുന്നുണ്ട്. `കടല്‍ക്കരയിലെ ആ ദരിദ്ര ഗ്രാമം അമ്മയ്‌ക്കെല്ലാമായിരുന്നു. അമ്മയുടെ ലോകമതായിരുന്നു. അവിടെയാണമ്മ ജനിച്ചതുംവളര്‍ന്നതും. അവിടെവച്ചുതന്നെയാണമ്മ പ്രസവിച്ചത്. അവിടെയാണമ്മ ജോലി ചെയ്തത്. അവിടെ വച്ചാണമ്മ വൃദ്ധയായത്. ഇനിയൊരു നാളില്‍ അമ്മയെ നമ്മുടെ കുടുംബ ശ്മശാനത്തിലടക്കും. അച്ഛനരികില്‍. ആ അമ്മയെപ്പോലെ താനുമാകുമോ എന്ന ഭയത്തില്‍ നിന്നാണെല്ലാത്തിന്റെയും ആരംഭം. അവരുടെ വിഷാദത്തിന്റെ ആരംഭം. അവരുടെ ആഗ്രഹങ്ങളുടെ ആരംഭം. അവരൊരു വൃക്ഷമായി പരിണമിക്കുന്നതിന്റെ ആരംഭം. അതിനാനാലണവര്‍ തന്റെ പതിനേഴാം വയസ്സില്‍ വീടുവിട്ടിറങ്ങി, നഗരത്തിലെത്തുന്നത്.
ഏകാന്തതയുടെ, ഒറ്റപ്പെടലിന്റെ വേദനയെക്കുറിച്ച് അവര്‍ പറയുന്നു. എന്നാല്‍ അതെല്ലാം സ്വയം അടിച്ചേല്പിച്ചതല്ലേ എന്ന ചിന്തയും നമ്മള്‍ വായനക്കാരിലുണ്ടാകാം. എനിക്കോടിപ്പോകണമായിരുന്നു. അതായിരുന്നു എന്റെ അടിസ്ഥാന വികാരം. എന്നവര്‍ പറയുന്നു. എല്ലാത്തില്‍ നിന്നും ഓടിപ്പോകണമായിരുന്നു. വിവാഹ ശേഷം, ആദ്യ വര്‍ഷങ്ങള്‍ കടന്നുപോയതോടെ അവര്‍ വീണ്ടുംഅതേ വിഷാദത്തിലേക്ക് കൂപ്പുകുത്തുന്നു. വളരെ വൈകിയാണ് താനിതാ മറ്റൊന്നായി രൂപാന്തരപ്പെടുന്നു എന്നവര്‍ അറിയുന്നത്. ഒരു ദിവസം ശരീരത്തിലെ ഒരു ചതവ്, ക്ഷതം, കാണുന്നയവര്‍ അതില്‍ ദിവസങ്ങളായിട്ടും മാറ്റമില്ലെന്നറിയുമ്പോള്‍ ഭര്‍ത്താവിനെ കാണിക്കുന്നു. കഥ തുടങ്ങുന്നതും അവിടെ നിന്നു തന്നെ. കഥ പറയുന്നത് ഭര്‍ത്താവാണ്. ഭാര്യയുടെ ശരീരത്തിലെ ചതവുകള്‍ ഞാനാദ്യം കണ്ടത് മെയ് അവസാനത്തിലാണ്. എന്നാണു തുടക്കം. ആ ക്ഷതം, ചതവ്, പിന്നെപിന്നെ വളര്‍ന്ന് അവരെ ഒരു വൃക്ഷമാക്കി മാറ്റുകയായിരുന്നു. ഒരു ഔദ്യോഗിക യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഭര്‍ത്താവു കാണുന്നത് ഭാര്യ മിക്കവാറും ഒരുചെടിയായി രൂപാന്തരം പ്രാപിച്ച് ബാല്‍ക്കണിയില്‍ നില്‍ക്കുന്നതാണ്. ഇത്തിരി വെള്ളത്തിനായി ദാഹിച്ചു നില്‍ക്കുന്ന അവര്‍ക്ക്വെള്ളമൊഴിച്ചു കൊടുത്ത് ഭര്‍ത്താവ് അവളെ പരിചരിക്കാനാരംഭിക്കുന്നു. അതിനു മുമ്പൊരിക്കല്‍ ഭര്‍ത്താവ് അവരോട് ഡോക്ടറെ കാണാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. അമ്മയെ വിളിച്ചു വരുത്താന്‍ നിര്‍ബന്ധിക്കുന്നുണ്ട്. തന്റെ കടമകള്‍ അത്തരം നിര്‍ബന്ധിക്കലില്‍ അവസാനിക്കുന്നു എന്നും തനിക്കു മറ്റു തിരക്കുകളുണ്ടെന്നുമുള്ള വ്യംഗം അവിടെയുണ്ട്. ഒരു പങ്കാളിയുടെ മാനസികാവസ്ഥയിലേക്കു പോലുമിറങ്ങിച്ചെല്ലാന്‍, ഏറ്റവും അടുത്തുള്ളവരുടെ മാനസികാവസ്ഥയിലേക്കു പോലും ഇറങ്ങിച്ചെല്ലാന്‍, ഇന്ന് നമുക്കെല്ലാം സമയമെവിടെ എന്ന ചോദ്യം ഉയര്‍ത്തുകയാണോ കഥാകൃത്ത് എന്ന് സംശയിക്കാം.
ഇവിടെ നിന്നു തന്നെ കഥയുടെ മറ്റൊരു പ്രതലം നമുക്കു കാണാനാകും. പൂര്‍ണ്ണമായും വൃക്ഷമായി മാറിയ ഭാര്യയെ വെള്ളമൊഴിച്ചും വളക്കൂറുള്ള മണ്ണുള്ള വലിയ ചട്ടിയിലേക്ക് മാറ്റി പാര്‍പ്പിച്ചും പരിപാലിക്കുന്ന ഭര്‍ത്താവ്. ഭാര്യയാകട്ടെ അപ്പോഴേക്കും തന്റെ ഇഷ്ട ജീവിതം തിരഞ്ഞെടുത്തതിന്റെ, സ്വതന്ത്രയായതിന്റെ, വെയിലിനെയും വെള്ളത്തെയും മാത്രമാശ്രയിക്കുന്ന ചെടിയായി രൂപാന്തരപ്പെട്ടതിന്റെ സന്തോഷത്തില്‍. ആ സന്തോഷം കണ്ടു മതിമറക്കുന്ന ഭര്‍ത്താവു പറയുന്നത് എന്റെ ഭാര്യയെ ഇത്രയും സുന്ദരിയായി ഞാന്‍ കണ്ടിട്ടില്ല എന്നാണ്. പങ്കാളികള്‍ പോലും പരസ്പരം തിരിച്ചറിയാന്‍ വൈകുന്ന, തിരിച്ചറിയാത്ത, ഒരു ലോകത്തിലേക്ക് നമ്മള്‍ എത്തിപ്പെട്ടിരിക്കുന്നുവല്ലോ. നമുക്കെല്ലാം അതിനു കാരണങ്ങളുണ്ട്. അത്തരം കാരണങ്ങളിലൂടെ കൂടി ഈ കഥ നമ്മെ നടത്തിക്കുന്നു. അങ്ങനെയല്ലാതെ, കൂടെയുള്ളവര്‍ക്കും അവരുടെ ജീതത്തിനവരുടെതായ ഇടം നല്‍കുന്നു എങ്കില്‍ അതെത്ര സന്തോഷകരമായിരിക്കും എന്ന തിരിച്ചറിവിലൂടെ നമ്മെ നടത്തിക്കുന്നു. അങ്ങനെയല്ലാതെയും ഈ കഥയെ വായിച്ചെടുക്കാവുന്നതാണ്. ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ചും വളര്‍ന്ന് വരുന്ന പ്രാദേശികമായ പരിസ്ഥിതി സംബന്ധിയായ ആപല്‍സന്ധികളും അവ്യക്തതകളും ഒരു സ്ത്രീയെ ചെടിയായി പരിവര്‍ത്തിപ്പിച്ചുകൊണ്ട് അവതരിപ്പിക്കുകയാണീ കഥയിലൂടെ എന്നും വായിച്ചെടുക്കാം.
ഹാന്‍ കാങ്ങിന്റെ ‘ഗ്രീക്ക് ലെസണ്‍സ്’ എന്ന നോവലില്‍ രണ്ടു പ്രധാന കഥാപാത്രങ്ങളുണ്ട്. അതിലെ സ്ത്രീ കഥാപാത്രത്തിന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ‘ദ മിഡില്‍ വോയ്‌സ്’ എന്ന കഥയായി അവതരിപ്പിച്ചിരിക്കുന്നത്. സംസാര ശേഷി നഷ്ടപ്പെട്ട ഒരു അധ്യാപികയുടെ കഥയാണിത്. പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണവര്‍ക്ക് സംസാര ശേഷി നഷ്ടപ്പെടുന്നത്. അതു പക്ഷേ ആദ്യമായല്ല. പണ്ട്, ഇരുപതോളം വര്‍ഷം മുമ്പ്, അവരൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നപ്പോഴും അങ്ങനെയൊരിക്കല്‍ സംസാര ശേഷി നഷ്ടപ്പെട്ടിട്ടുണ്ട്. സംസാരിക്കാന്‍ സ്വരമെന്നൊന്ന് ഇല്ലാതായിട്ടുണ്ട്. അന്ന് അവരുടെ അമ്മ ഒരു മനശാസ്ത്രജ്ഞനെ കാണിച്ചിരുന്നു. മനശാസ്ത്രജ്ഞന്‍ കൊടുത്ത ഗുളികകളൊന്നും പക്ഷേ ആ കുട്ടി കഴിച്ചില്ല. അമ്മയറിയാതെ അതെല്ലാം തുപ്പിക്കളഞ്ഞു.പിന്നെ, ദീര്‍ഘകാലത്തിനു ശേഷം അവര്‍ക്ക് തന്റെ സംസാര ശേഷി വീണ്ടു കിട്ടി. അവര്‍ അപ്പോള്‍ ഗ്രീക്ക് ഭാഷ പഠിക്കുകയായിരുന്നു. എന്തുകൊണ്ട് ഗ്രീക്ക് എന്നതിനുത്തരമുണ്ട്. ഉത്തരം ലളിതവുമാണ്. ഇതിലും അപരിചിതമായ ലിപികളുള്ള ബര്‍മ്മീസ് അല്ലെങ്കില്‍ സംസ്‌കൃതം പഠിപ്പിക്കാമെന്നാരെങ്കിലും പറഞ്ഞിരുന്നു എങ്കില്‍ അവര്‍ അതു തിരഞ്ഞെടുക്കുമായിരുന്നു എന്നാണാ ഉത്തരം.
ഗ്രീക്ക് തത്ത്വചിന്തകള്‍ പഠിച്ചിട്ടുള്ള ഒരു പ്രസാധകനാണവരെ ഗ്രീക്ക് ഭാഷ പഠിക്കാന്‍ പ്രചോദിപ്പിക്കുന്നത്. അദ്ദേഹത്തിനോടവര്‍ ആ ഭാഷയെക്കുറിച്ച് ചോദിച്ചറിഞ്ഞു. അദ്ദേഹമാണ് മദ്ധ്യസ്വരം എന്ന ആശയത്തെക്കുറിച്ച് പറയുന്നത്. ഗ്രീക്ക് പഠിക്കാനാരംഭിച്ചപ്പോള്‍ അധ്യാപകന്‍ മദ്ധ്യസ്വരം എന്തെന്ന് വ്യക്തമാക്കി. വിഷയാധിഷ്ടിത അനൈച്ഛിക ചേഷ്ടയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം എന്നാണ് വിശദീകരണം. ഇത്തരത്തിലുള്ള വ്യാകരണ സംബന്ധിയായ ഒരു സ്വരത്തെക്കുറിച്ചുള്ള സൂചന അവരെ ആകര്‍ഷിച്ചു. പിന്നീടവര്‍ക്ക് സംസാര ശേഷി തിരിച്ചു ലഭിച്ചതിനു ശേഷം അവരും അധ്യാപികയായി. വിവാഹിതയായി, മകനുണ്ടായി, വിവാഹമോചിതയായി. മകനെ വിട്ടുകൊടുക്കില്ലെന്ന് മുന്‍ ഭര്‍ത്താവ് ശഠിച്ചു. മുമ്പ് മനശാസ്ത്ര ചികിത്സയ്ക്ക് വിധേയയായിട്ടുള്ള ഇവര്‍ക്ക് ഒറ്റയ്ക്ക് മകനെ വളര്‍ത്താനാകില്ല എന്ന് കോടതിയും വിധിച്ചു. അത് മറ്റൊരു ഒറ്റപ്പെടലിന്റെ ആരംഭമായി. മകനെ പിരിഞ്ഞിരിക്കുക എന്ന വേദനയുടെ ആരംഭം. അതിനിടയിലാണവരുടെ സംസാര ശേഷി വീണ്ടും നഷ്ടപ്പെടുന്നത്. അപ്പോഴാണവര്‍, ഒരിക്കലും അധികമുച്ചത്തില്‍ സംസാരിച്ചിട്ടില്ലാത്ത അവര്‍, ഭാഷ എന്നത്, താരതമ്യപ്പെടുത്തിയാല്‍, സ്പര്‍ശിക്കാനുള്ള അനന്തവും കൂടുതല്‍ ഭൗതികവുമായ ഒരു മാര്‍ഗ്ഗമാണ്എന്നു തിരിച്ചറിയുന്നത്. അത് ശ്വാസകോശങ്ങള്‍, തൊണ്ട, നാക്ക്, ചുണ്ടുകള്‍ എന്നിവയെ ചലിപ്പിക്കുന്നു. കേള്‍വിക്കാരനരികിലേക്ക് ചിറകടിച്ചു മുന്നേറുമ്പോള്‍ മുന്നിലുള്ള വായുവിനെ കമ്പനം കൊള്ളിക്കുന്നു. അവര്‍ വീണ്ടും ചികിത്സ തേടുന്നു. മനശാസ്ത്രജ്ഞനെ കാണുന്നു.
കഥ ഇവിടെ നിന്ന് പുറകിലേക്ക് പോകുന്നു. അവരെ ഗര്‍ഭം ധരിച്ചിരുന്ന കാലങ്ങളില്‍ തനിക്ക് ടൈഫോയിഡ് വന്നത് അതിനു മരുന്നുകള്‍ കഴിച്ചതും, രോഗം സുഖപ്പെട്ടപ്പോള്‍ തന്റെ കുഞ്ഞ് ആരോഗ്യമുള്ളതായിരിക്കുകയില്ല എന്ന ഉറപ്പില്‍ ഗര്‍ഭച്ഛിദ്രം വേണമെന്ന് ഡോക്ടറോട് അമ്മ ആവശ്യപ്പെട്ടതും, ഡോക്ടര്‍ അതപകടം വരുത്തിയേക്കാം എന്നതിനാല്‍ നിഷേധിച്ചതും, പകരം കുഞ്ഞ് ചാപിള്ളയാകാനുള്ള കുത്തിവയ്പ്പുകള്‍ നല്‍കിയതുമെല്ലാം കഥയില്‍ പറയുന്നു. അങ്ങനെ `ജനിക്കാതിരിക്കുന്നതില്‍ നിന്ന്ഒരിഞ്ചു ദൂരെ`വരെയെത്തിവളാണവള്‍. അതിന്റെയെല്ലാം ഭാരം പേറുന്നവളായാണു പിന്നീടുള്ള വളര്‍ച്ച. ഈ കഥയിലുടനീളം പക്ഷേ നിറഞ്ഞു നില്‍ക്കുന്നത് സംസാര ശേഷി നഷ്ടപ്പെട്ട നായികയും ഗ്രീക്ക് ഭാഷയുമാണ്. ഒറ്റപ്പെടലിന്റെ വിഷാദമാണ്. അസാധ്യമായതെന്നു കരുതപ്പെടുന്നതും എന്നാല്‍ അസ്തിത്വപരമായി പ്രാധാന്യമുള്ളതുമായ ഒന്നിനെ നേടിയെടുക്കാനുള്ള പ്രയത്നങ്ങളെക്കുറിച്ചാണ്. എല്ലാം നഷ്ടപ്പെട്ടിട്ടും അവര്‍ക്ക് പക്ഷേ ലോകത്തെക്കുറിച്ചുള്ള ധാരണകളില്‍ വ്യത്യാസങ്ങള്‍ വരുന്നില്ല. അവരപ്പോഴും മനുഷ്യ ഭാഷകളെയെല്ലാം വലം വയ്ക്കുന്ന ആ ഒരൊറ്റ വാക്കിനെ സ്വപ്നം കാണുന്നു. ഗ്രീക്ക് ലെസണ്‍സ് എന്ന നോവലിലെ രണ്ടാം കഥാപാത്രവും സമാനമാണ്. അദ്ദേഹത്തിനു പക്ഷേ സ്വരമല്ല, കാഴ്ചയാണു നഷ്ടപ്പെടുന്നത്.
തിരഞ്ഞെടുക്കുന്ന വിഷയങ്ങളെക്കാള്‍ ഉപരിയായി അതിന്റെ അവതരണ രീതികൊണ്ട് ശ്രദ്ധേയമാണ് ഹാന്‍ കാങ്ങിന്റെ കഥകളും നോവലുകളും. ആ അവതരണ രീതി തന്നെയാണ് കഥയ്ക്ക്, വിഷയത്തിന്, ആഴം വര്‍ദ്ധിപ്പിക്കുന്നത്. വാക്യങ്ങള്‍ക്കിടയില്‍ നിന്ന് മനുഷ്യ ജീവിതത്തെ ചികഞ്ഞെടുക്കാന്‍ വായനക്കാര്‍ക്ക് അവസരം നല്‍കുന്നത്. ഒരു കഥയായി പറഞ്ഞുപോകുമ്പോഴും ജീവിതത്തിലെ പലവിധ കെട്ടുപിണച്ചിലുകളിലൂടെ, ലളിതമെന്നു ബാഹ്യമായ തോന്നലുണ്ടാക്കുമെങ്കിലും അങ്ങനെയല്ലാത്ത ബന്ധങ്ങളിലൂടെ, ചുറ്റുപാടുകളില്‍ നിന്ന് ലഭിക്കുന്ന അവഗണനകളിലൂടെ, വായനക്കാരെ മുന്നോട്ടു കൊണ്ടുപോകാന്‍ ഈ എഴുത്തുകള്‍ക്കാകുന്നുണ്ട്. മനുഷ്യന്റെ പിന്‍വലിയല്‍, ലോലത്വം, നൈര്‍മ്മല്യം എന്നിവയും ഇവരുടെ കഥകളില്‍ ആഴത്തില്‍ സ്പര്‍ശിക്കപ്പെട്ടിരിക്കുന്നതായി കാണാം.
No Comments yet!