
മാര്‍ക്സിസവും ബുദ്ധമതവുമായുള്ള കൊടുക്കല്‍ – വാങ്ങലുകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെ ചില സംഭവങ്ങളോ പ്രവണതകളോ ആയിട്ടാണ് പലപ്പോഴും വിവരിക്കപ്പെടുന്നത്. അമ്പതുകളില്‍ കമ്പോഡിയന്‍ രാജാവ് ഷിഹാനുക്കിന്റെ ബുദ്ധിസ്റ്റ് സോഷ്യലിസത്തെ കുറിച്ചുള്ള പ്രഖ്യാപനങ്ങളോ അറുപതുകളില്‍ ബര്‍മ്മയില്‍ നെവിന്റെ സോഷ്യലിസ്റ്റു മാര്‍ഗത്തെ കുറിച്ചുള്ള കല്‍പ്പനകളോ തിബത്തിന്റെ ചൈനീസ് അധിനിവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സ്വയം നിര്‍ണ്ണയാവകാശത്തിന്റെ പ്രശ്നങ്ങളോ എഴുപതുകളില്‍ പോള്‍പോട്ടിന്റെ ഖമര്‍റൂഷ് വ്യാജമാര്‍ക്സിസ്റ്റ് വാചാടോപങ്ങളോ ആണ് ഇത്തരം ചര്‍ച്ചകളില്‍ ആദ്യം ഉയര്‍ന്നു വരിക! ചൈന, മംഗോളിയ, ജപ്പാന്, റഷ്യ എന്നീ രാജ്യങ്ങളിലെല്ലാം പല ദശാബ്ദങ്ങള്‍ക്കു മുന്നേ മാര്‍ക്സിസവും ബുദ്ധമതവും തമ്മില്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നതാണ് വാസ്തവം. ചൈനയുടെ ഭാവി കൂമിന്താങുകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ഇടയില്‍ വിഭജിക്കപ്പെട്ടു നിന്ന ഒരു സന്ദര്‍ഭത്തില്‍ മാര്‍ക്സിസ്റ്റ് ചിന്തയുടെ അദ്ധ്യയനം നാടുവാഴിത്താശയങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ വലിയ സഹായമാണ് നല്‍കിയതെന്ന് മാസ്റ്റര്‍ ജുവാനെ പോലുള്ള പുരോഗമനകാരികളായ ബുദ്ധിസ്റ്റുകള്‍ പറയുന്നുണ്ട്. ഇന്ത്യയിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ തന്നെ ചില പരസ്പരവിനിമയങ്ങള്‍ നടക്കുന്നുണ്ട്.

1
ദക്ഷിണേന്ത്യയിലെ സാമൂഹിക പരിഷ്കരണത്തിന്റെയും ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും പശ്ചാത്തലത്തില്‍, ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റുകളിലൊരാളായ ശിങ്കാരവേലു ചെട്ടിയാര്‍ക്ക് (1860-1946) ബുദ്ധമതവുമായി കാര്യമായ ബന്ധമുണ്ടായിരുന്നു. റഷ്യന്‍ വിപ്ലവം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍, 1918ല്‍ ബി.പി വാഡിയയുമായി ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളിസംഘടനയായ മദ്രാസ് ലേബര്‍ യൂണിയന് സ്ഥാപിക്കുകയും 1923ല്‍ ഇന്ത്യയില്‍ ആദ്യമായി മെയ് ദിനാഘോഷത്തിനു നേതൃത്വപരമായ പങ്കു വഹിക്കുകയും ചെയ്ത എം എന്‍ ശിങ്കാരവേലു തമിഴ്നാട്ടിലെ ബുദ്ധിസ്റ്റ് പ്രസ്ഥാനമായ ശാക്യ ബുദ്ധിസ്റ്റ് സൊസൈറ്റിയുടെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു. 1922ല്‍ ഗയയില്‍ വച്ചു നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കണ്‍വെന്‍ഷനില്‍, തന്റെ സഹപ്രവര്‍ത്തകരെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് സ്വയം ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് പ്രഖ്യാപിക്കുകയും 1924ലെ കാണ്‍പൂര്‍ ബോള്‍ഷേവിക് ഗൂഢാലോചനക്കേസില്‍ പ്രതിയായി ഒളിവില്‍ പോകുകയും ചെയ്യുന്ന ശിങ്കാരവേലു 1925ല്‍ കാണ്‍പൂരില്‍ നടക്കുന്ന ആദ്യത്തെ കമ്മ്യുണിസ്റ്റ് കോണ്‍ഫറന്‍സില്‍ നടത്തുന്ന അദ്ധ്യക്ഷപ്രസംഗത്തില്‍ കമ്മ്യൂണിസത്തിന് ചരിത്രത്തോളം പഴക്കമുണ്ടെന്നും ശ്രീബുദ്ധന് പഠിപ്പിച്ചതും അദ്ദേഹത്തിന്റെ ശിഷ്യന്മാര് പരിശീലിപ്പിച്ചതും പ്രചരിപ്പിച്ചതും കമ്മ്യൂണിസമായിരുന്നെന്നും പറയുന്നു. ഒരു മുക്കുവകുടുംബത്തില്‍ ജനിച്ച അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്. 1899 മുതല്‍ ശാക്യ ബുദ്ധിസ്റ്റ് സൊസൈറ്റിയുടെ ആസ്ഥാനകേന്ദ്രത്തിന്റെ ചുമതല നിര്വ്വഹിക്കുന്നുണ്ടായിരുന്നു. ശ്രീലങ്കയിലെ അനാഗരിക ധര്‍മ്മപാലയുമായി അദ്ദേഹത്തിന് സുദൃഢമായ ബന്ധങ്ങളുണ്ടായിരുന്നു.

ശിങ്കാരവേലുവിന് ബുദ്ധമതത്തോടുള്ള അടുപ്പം ആ മതത്തിലെ സമത്വപരവും ബ്രാഹ്മണവിരുദ്ധവുമായ ചിന്തകളോടുള്ള വിശാലമായ പ്രത്യയശാസ്ത്ര ഐക്യത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ കാലത്തെ പല തമിഴ് സാമൂഹികപരിഷ്കര്‍ത്താക്കളെയും പോലെ ബ്രാഹ്മണ്യത്തിന്റെ അടിച്ചമര്‍ത്തലിനെ നിരാകരിച്ച ഒരു തദ്ദേശീയ ഇന്ത്യന്‍ പാരമ്പര്യമായിട്ടാണ് ബുദ്ധമതത്തെ അദ്ദേഹം കണ്ടത്. തമിഴ് സ്വത്വത്തെ ബുദ്ധമതവുമായി ബന്ധിപ്പിച്ച തമിഴ് ദലിത് ബുദ്ധിജീവിയായ ഇയോത്തി താസും ജാതീയതയെ നിരാകരിച്ചതിന് ബുദ്ധമതത്തോടു തല്പ്പരനായിരുന്ന പെരിയാര്‍ ഇ. വി. രാമസാമിയും മറ്റും അദ്ദേഹത്തെ പ്രചോദിപ്പിച്ചിരുന്നു. തമിഴ് സമൂഹത്തിലെ ബ്രാഹ്മണ ആധിപത്യം ഇല്ലാതാക്കാന്‍ ശ്രമിച്ച പെരിയാറിന്റെ നേതൃത്വത്തിലുള്ള ആത്മാഭിമാന പ്രസ്ഥാനത്തിന്റെ ഭാഗമായും ശിങ്കാരവേലു പ്രവര്‍ത്തിച്ചിരുന്നു.അന്ധവിശ്വാസജഡിലമായ മതാചാരങ്ങള്‍ക്ക് യുക്തിവാദപരമായ ബദല്‍, സവര്‍ണ്ണജാതിമേധാവിത്വത്തിനെതിരെ ദലിത് ശാക്തീകരണത്തിനുള്ള ഒരു ഉപകരണം എന്നീ നിലകളില്‍ ബുദ്ധധര്‍മ്മം അദ്ദേഹത്തിനു താല്‍പ്പര്യമുള്ളതായി. സമത്വത്തെക്കുറിച്ചുള്ള ബുദ്ധമതത്തിന്റെ നൈതികനിദര്‍ശനങ്ങള്‍ മാര്‍ക്സിസ്റ്റ് ചിന്തയുമായി പൊരുത്തപ്പെടുന്നതായി അദ്ദേഹം കരുതിയിരിക്കണം. ബുദ്ധമതത്തെ ഒരു മതമായി മാത്രമല്ല, സാമൂഹിക നീതിയുടെ ഒരു തത്ത്വചിന്തയായും അദ്ദേഹം കണ്ടു. ആദ്യകാല ബുദ്ധമതത്തിന്റെ ഭൗതികവാദപരമായ നിലപാടുകളെ അദ്ദേഹം സോഷ്യലിസ്റ്റ് ആദര്‍ശങ്ങളുമായി ബന്ധിപ്പിച്ചു.
മതത്തെ കേവലമായി നിരാകരിച്ച മാര്‍ക്സിസ്റ്റുകളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യന്‍ സാഹചര്യത്തില്‍ ബുദ്ധമതത്തിന് വിപ്ലവകരമായ സാധ്യതകളുണ്ടെന്ന് മനസ്സിലാക്കി. ബുദ്ധമതവുമായുള്ള ശിങ്കാരവേലുവിന്റെ ബന്ധം പ്രധാനമായും ഭക്തിപരമല്ല, മറിച്ച് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായിരുന്നു.
2
ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ നവോത്ഥാനത്തിനായി പരിശ്രമിച്ച മാര്‍ക്സിസ്റ്റ് പണ്ഡിതനായ ധര്‍മ്മാനന്ദ് കൊസാംബി ശിങ്കാരവേലുവിന്റെയും ഇയോത്തി താസിന്റെയും സമകാലികനായിരുന്നു. സിലോണിലെ വിദ്യോദയ പിരിവേണയിലേക്കുള്ള യാത്രക്കിടയില്‍ അദ്ദേഹം മദ്രാസിലെ ശാക്യ ബുദ്ധിസ്റ്റ് സൊസൈറ്റിയുടെ റസ്റ്റ്ഹൗസില്‍ താമസിക്കാറുണ്ടായിരുന്നു. ഗോവയിലെ ഒരു പരമ്പരാഗത സരസ്വതബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച കൊസാംബി ചെറുപ്പം മുതലേ ബ്രാഹ്മണ്യയാഥാസ്ഥിതികതയില്‍ നിരാശനായിരുന്നു. ബുദ്ധമത ജാതക കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, 20 വയസ്സുള്ളപ്പോള്‍ അദ്ദേഹം ബുദ്ധമതം പഠിക്കുന്നതിനായി വീടു വിട്ടു, ഇന്ത്യയിലെമ്പാടും ശ്രീലങ്കയിലും സഞ്ചരിച്ചു. തേരവാദഭിക്ഷുക്കളുടെ കീഴില്‍ ശ്രീലങ്കയില്‍ പാലി ഭാഷയിലുള്ള ബുദ്ധമത ഗ്രന്ഥങ്ങള്‍ പഠിച്ചു. തുടര്‍ന്ന് സന്യാസപരിശീലനത്തിനായി ബര്‍മ്മയിലേക്കു പോയി.ഇന്ത്യയിലേക്ക് മടങ്ങി വന്ന് ബുദ്ധഭിക്ഷുവായി പ്രതിജ്ഞയെടുത്തു. ഭിക്ഷുവായി ജീവിച്ചു. പാലിയിലുള്ള ബുദ്ധമതഗ്രന്ഥങ്ങളെ വിമര്‍ശനാത്മകമായി പഠിക്കുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്ത ആദ്യത്തെ ആധുനിക ഇന്ത്യക്കാരില്‍ ഒരാളായി ധര്‍മ്മാനന്ദ് കൊസാംബി മാറി.
അശ്വഘോഷന്റെ സംസ്കൃത ബുദ്ധജീവചരിത്രമായ ബുദ്ധചരിതത്തിന്റെ വിവര്‍ത്തനം, മറ്റു ചില പാലി ഗ്രന്ഥങ്ങളുടെ വിമര്‍ശനാത്മക പതിപ്പുകള്‍, ഭഗവാന് ബുദ്ധന് (ബുദ്ധന്റെ ഒരു മറാത്തി ജീവചരിത്രം) എന്നിവ രചിച്ചു. ബുദ്ധമതത്തെ ആചാരപരമായ മതമെന്നതിലുപരി യുക്തിസഹവും ധാര്‍മ്മികവുമായ തത്ത്വചിന്ത എന്ന നിലയില്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യം സഹായിച്ചു. പ്രധാനമായും ഒരു ബുദ്ധമത പണ്ഡിതനായിരുന്നെങ്കിലും മാര്‍ക്സിസവുമായുള്ള ബന്ധത്തിലൂടെ പില്ക്കാല വര്‍ഷങ്ങളില്‍ അദ്ദേഹം സോഷ്യലിസ്റ്റ്, കൊളോണിയല്‍ വിരുദ്ധപ്രസ്ഥാനങ്ങളുമായി ഇടപഴകി.

ബുദ്ധമതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനം സമൂലമായി സമത്വവാദപരമായിരുന്നു. ബുദ്ധദര്‍ശനം മാര്‍ക്സിസ്റ്റ് ദര്‍ശനങ്ങളുമായി യോജിക്കുന്നതാണെന്ന് അദ്ദേഹം കരുതി. ആദ്യകാല ബുദ്ധമതം യുക്തിവാദവുമായും ശാസ്ത്രീയചിന്തയുമായും പൊരുത്തപ്പെടുന്നുണ്ടെന്നും അമാനുഷികതയെ നിരാകരിക്കുന്നുവെന്നും വാദിച്ചു.
ഇത് മാര്‍ക്സിസ്റ്റ് ഭൗതികവാദവുമായി യോജിപ്പിലാണെന്നു കരുതി. ധര്‍മ്മാനന്ദ് കൊസാംബിയില്‍ പുനരുജ്ജീവനവാദപരമായ മൂലകങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നോയെന്ന് സന്ദേഹിക്കാവുന്നതുമാണ്. ഗൃഹാതുരതയോടെ ഏഷ്യയുടെ ഭൂതകാലസംസ്കാരത്തിന്റെ തകര്‍ച്ചയെ കാണുന്ന ഒരു മനസ്സ് അദ്ദേഹത്തിലുണ്ടായിരുന്നു. ജയിംസ് വുഡിന്റെ ക്ഷണപ്രകാരം അമേരിക്കയില്‍ എത്തിച്ചേരുന്ന അദ്ദേഹം അവിടുത്തെ സോഷ്യലിസ്റ്റ് പ്രവര്‍ത്തകരുമായുണ്ടായ സാമിപ്യത്തിലൂടെയാണ് മാര്‍ക്സിസവും ബുദ്ധചിന്തയുമായുള്ള സാദൃശ്യങ്ങളെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. സമ്പത്തിന്റെ ദേശസാല്ക്കരണത്തെ കുറിച്ചുള്ള സോഷ്യലിസ്റ്റുകളുടെ വീക്ഷണം ഭിക്ഷുക്കള്‍ക്ക് അനുവദിച്ചിരുന്ന എട്ടു വസ്തുക്കളിലൊഴികെ മറ്റൊരു വസ്തുവിലും വ്യക്തിപരമായ ഉടമസ്ഥാവകാശം പാടില്ലെന്ന ഭിക്ഷുസംഘത്തോടുള്ള ബുദ്ധനിര്‍ദ്ദേശത്തില്‍ ഇതരരൂപത്തില്‍ കാണാമെന്ന് കൊസാംബി എഴുതുന്നു. ജനാധിപത്യസോഷ്യലിസത്തിന്റെ തത്ത്വങ്ങള്‍ക്കനുസരിച്ചാണ് ബുദ്ധിസം പ്രവര്‍ത്തിച്ചതെന്നാണ് കൊസാംബി നിഗമിക്കുന്നത്. ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ വേദങ്ങളിലുണ്ടെന്ന ദയാനന്ദസരസ്വതി മുതല്‍ പുതിയ കാല ഹിന്ദുത്വവാദികള്‍ വരെയുള്ള പുനരുജ്ജീവനവാദികളുടെ വാദങ്ങളോട് സദൃശമായ സമീപനമാണ് കൊസാംബിയുടേതെന്ന് ഡഗ്ലസ് ഓബര്‍ കാണുന്നുണ്ട്. കൊസാംബി ബുദ്ധമതത്തെ കാരണയുക്തി കൊണ്ടു നയിക്കുന്ന മതമായി മനസ്സിലാക്കുന്നു. എന്നാല്‍, ബുദ്ധമതം മാര്‍ക്സിസത്തിനു സമാനമാണെന്നോ അതിനുപരിയാണെന്നോ പറയാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. അദ്ദേഹം ഒരിക്കലും വൈരുദ്ധ്യാത്മകഭൗതികവാദത്തെ പൂര്‍ണ്ണമായി സ്വീകരിക്കുകയും ചെയ്തില്ല. എന്നാല്‍, സെച്ചര്‍ബാട്സ്കിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം സോവിയറ്റ് യൂണിയനിലേക്കു പോകുന്നുണ്ട്. ലോകമെമ്പാടും അറിയപ്പെടുന്ന ബുദ്ധദര്‍ശനചിന്തകനായ സെച്ചര്‍ബാട്സ്കിയോടൊപ്പം നടത്തിയ യോജിച്ച പ്രവര്‍ത്തനങ്ങള്‍ ബുദ്ധദര്‍ശനത്തെ മാര്‍ക്സിസ്റ്റ് ദര്‍ശനത്തോടു താരതമ്യം ചെയ്യാനുള്ള കൊസാംബിയുടെ താല്‍പ്പര്യങ്ങളെ ഉത്തേജിപ്പിച്ചു. മുപ്പതുകള്‍ക്കു ശേഷം സ്റ്റാലിന് നടപ്പിലാക്കിയ നയങ്ങളുടെ തുടര്‍ച്ചയില്‍ റഷ്യയിലെ ബുദ്ധദര്‍ശന ഗവേഷണം മിക്കവാറും അവസാനിക്കുകയായിരുന്നു. പിന്നീട്, ധര്‍മ്മാനന്ദ് കൊസാംബി മഹാത്മാഗാന്ധിയോടൊപ്പം ഹ്രസ്വകാലം പ്രവര്‍ത്തിച്ചു, യംഗ് ഇന്ത്യയ്ക്ക് സംഭാവന നല്കി, സ്വാതന്ത്ര്യസമരത്തില്‍ ബുദ്ധമത നൈതികതക്കു വേണ്ടി വാദിച്ചു. പിന്നീട് ഗാന്ധിയുടെ മതവിശ്വാസത്തെ വിമര്‍ശിച്ചു. മാര്‍ക്സിനെ യൂറോപ്യന്‍ സംസ്കാരം സ്വാധീനിച്ചിട്ടുണ്ടെന്നു പറയുന്ന കൊസാംബി സോഷ്യലിസത്തിനു വേണ്ടി ഹിംസയുടെ പാതയെയും സ്വീകരിക്കാമെന്ന വീക്ഷണത്തെ നിരാകരിക്കുകയും മാര്‍ക്സ് മുന്നോട്ടുവയ്ക്കുന്ന സോഷ്യലിസ്റ്റ് ജ്ഞാനവിവേകത്തെ ബുദ്ധന്റെ അഹിംസയോടും ഗാന്ധിജിയുടെ സത്യഗ്രഹമെന്ന രാഷ്ട്രീയതന്ത്രത്തോടും കൂട്ടുചേര്‍ക്കുന്ന ഒരു സമ്മിശ്രമാര്‍ഗത്തെ ഭാവനയില്‍ കാണുകയും ചെയ്തു. ഇന്ത്യയുടെ ഭാവിയുടെ അടിത്തറയായി ബുദ്ധമത മതേതരനൈതികതയെ ഉള്‍ക്കൊള്ളണമെന്നു പ്രത്യാശിച്ചു. അദ്ദേഹത്തിന്റെ മകന് ദാമോദര്‍ ധര്‍മ്മാനന്ദ് കൊസാംബി, ബുദ്ധമത പഠനങ്ങളെ ഭൗതികവാദ ചരിത്രവുമായി സമന്വയിപ്പിച്ച ഒരു മാര്‍ക്സിസ്റ്റ് ചരിത്രകാരനായി. ധര്‍മ്മാനന്ദ് 1942ല്‍ ഭിക്ഷുജീവിതം ഉപേക്ഷിച്ചു, പക്ഷേ, ബുദ്ധമതം തുടര്‍ന്നും പഠിപ്പിച്ചു. പുരാതന ബുദ്ധമതചിന്തകള്‍ ആധുനിക സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ എങ്ങനെ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. ബുദ്ധമതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ജാതിവിരുദ്ധവായനകള്‍ പിന്നീട് ദളിത് ബുദ്ധമത പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ ബി.ആര്. അംബേദ്കറെ സ്വാധീനിക്കുന്നുണ്ട്.
3
രാഹുല്‍ സംകൃത്യായന്‍ ഇന്ത്യയിലെ ഏറ്റവും അസാധാരണമായ ബുദ്ധിജീവികളില്‍ ഒരാളായിരുന്നു – ഒരു മാര്‍ക്സിസ്റ്റ് വിപ്ലവകാരി, ബഹുഭാഷാ പണ്ഡിതന്, ബുദ്ധഭിക്ഷു, സമര്‍ത്ഥനായ എഴുത്തുകാരന് എന്നീ നിലകളിലെല്ലാം. ശ്രീലങ്കയില്‍ വച്ച് ഭിക്ഷുദീക്ഷ സ്വീകരിക്കുമ്പോള്‍, കേദാര്‍ പാണ്ഡെ എന്ന നാമം മാറ്റി ബുദ്ധന്റെ മകനായ രാഹുലന്റെ നാമം സ്വീകരിക്കുകയായിരുന്നു. ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ നവോത്ഥാനത്തിലും അതിനെ സോഷ്യലിസ്റ്റ്ചിന്തയുമായി ബന്ധിപ്പിക്കുന്നതിലും സംകൃത്യായന്‍ നിര്‍ണായക പങ്ക് വഹിച്ചു. ദേശീയതയില്‍ നിന്ന് മാര്‍ക്സിസത്തിലേക്കും ബുദ്ധമതത്തിലേക്കും നീങ്ങിയ അദ്ദേഹം വിപ്ലവരാഷ്ട്രീയത്തെ ആഴത്തിലുള്ള ആത്മീയവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിച്ചു. തുടക്കത്തില്‍ ആര്യസമാജവും ഇന്ത്യന്‍ ദേശീയതയും സ്വാധീനിച്ചുവെങ്കിലും ജാതി അടിച്ചമര്‍ത്തലിലും കൊളോണിയലിസത്തിലും നിരാശനായ അദ്ദേഹം സോഷ്യലിസത്തിലേക്കും ജാതിവിരുദ്ധ പ്രസ്ഥാനങ്ങളിലേക്കും തിരിഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി. ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടു. തുടര്‍ന്ന്, മാര്‍ക്സിസത്തില്‍ ആഭിമുഖ്യമുള്ളയാളായി മാറി. സോഷ്യലിസ്റ്റ് സിദ്ധാന്തത്തില്‍ ആഴത്തില്‍ ഇടപെട്ട ആദ്യത്തെ ഇന്ത്യന്‍ ബുദ്ധിജീവികളില്‍ ഒരാളായി തീര്‍ന്നു.
ബ്രാഹ്മണമതത്തെയും മുതലാളിത്തത്തെയും വെല്ലുവിളിക്കാന്‍ കഴിയുന്ന സമത്വത്തിന്റെയും യുക്തിവാദത്തിന്റെയും ഒരു ഇന്ത്യന്‍ തത്ത്വചിന്തയ്ക്കായുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് സംകൃത്യായന്റെ ബുദ്ധമതവുമായുള്ള സമ്പര്‍ക്കം ആരംഭിച്ചത്. ശ്രീലങ്കയിലേക്കു പോയി തേരവാദബുദ്ധമതം പഠിച്ചു. പാലി, തിബത്തന്‍, സംസ്കൃതം എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടി. ഇതിലൂടെ ബുദ്ധമതഗ്രന്ഥങ്ങളില്‍ പ്രാവീണ്യമുള്ള വ്യക്തിയായി. തിബത്തിലേക്ക് നിരവധി യാത്രകള്‍ നടത്തുകയും അപൂര്‍വ ബുദ്ധമത കൈയെഴുത്തുപ്രതികള്‍ ശേഖരിക്കുകയും മഹായാന, വജ്രയാന ഗ്രന്ഥങ്ങള്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. സോവിയറ്റ് യൂണിയന് സന്ദര്‍ശിക്കുമ്പോള്‍, ബുദ്ധമതത്തെ ‘ഭൗതികവാദസൗഹൃദ’തത്ത്വചിന്തയായി കണ്ട മാര്‍ക്സിസ്റ്റ് പണ്ഡിതരുമായി അദ്ദേഹം ഇടപഴകി. കൊസാംബി പ്രവര്‍ത്തിച്ച അതേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫയദോര്‍ സെച്ചര്‍ബാട്സ്കിയുടെ ക്ഷണപ്രകാരം സംകൃത്യായന്‍ എത്തിച്ചേരുന്നത് 1935ലാണ്. സ്റ്റാലിന് ഭരണകൂടത്തിന്റെ ബുദ്ധമതവേട്ട ആരംഭിച്ചിരുന്നു. സെച്ചര്‍ബാട്സ്കിയുടെ പുസ്തകങ്ങള്‍ നിരോധിക്കപ്പെട്ടു. ആ ഇന്‍സ്റ്റിട്യൂട്ടില്‍ പ്രവൃത്തിയെടുത്തിരുന്നവര്‍ അറസ്റ്റു ചെയ്യപ്പെട്ടു.
ബുദ്ധദര്‍ശനത്തില്‍ പ്രതിപാദിക്കുന്ന വൈരുദ്ധ്യാത്മകതയും മാര്‍ക്സിസ്റ്റു വൈരുദ്ധ്യാത്മക ഭൗതികവാദവും തമ്മിലുള്ള ബന്ധങ്ങള്‍ പഠിക്കുന്നതിനു സംകൃത്യായന്‍ ശ്രമിച്ചു. മതത്തെ നിരാകരിക്കുന്ന യാഥാസ്ഥിതിക മാര്‍ക്സിസ്റ്റുസമീപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ജാതി, ആചാരാനുഷ്ഠാനങ്ങള്‍, ചൂഷണം എന്നിവയെ നിരാകരിച്ച ഒരു പ്രോട്ടോ-സോഷ്യലിസ്റ്റ് തത്ത്വചിന്തയായിട്ടാണ് സംകൃത്യായന്‍ ആദ്യകാല ബുദ്ധമതത്തെ കണ്ടത്. ജാതിവിരുദ്ധവും സമത്വവാദപരവുമായ ബുദ്ധമതത്തെ കുറിച്ച് ചില പ്രധാന വാദങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു. ബുദ്ധന് ബ്രാഹ്മണ്യത്തെ എങ്ങനെ വെല്ലുവിളിച്ചുവെന്നും ദലിതരുടെയും അധഃകൃതരുടെയും പ്രസ്ഥാനങ്ങള്‍ക്ക് എങ്ങനെ പ്രചോദനം നല്‍കിയെന്നും വിപുലമായി എഴുതി. ബുദ്ധധര്‍മ്മത്തിലെ യഥാര്‍ത്ഥ പാഠങ്ങളെ ‘നിഗൂഢവല്‍ക്കരിച്ചതിന്’പില്ക്കാലത്തെ മഹായാന, വജ്രയാന പാരമ്പര്യങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. അക്രമമാര്‍ഗ്ഗങ്ങള്‍ തേടിയിരുന്ന വിപ്ലവപ്രസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി അഹിംസയും വര്‍ഗസമരവും ഒരുമിച്ചു നിലനില്‍ക്കുമെന്ന് വിശ്വസിച്ച സംകൃത്യായന്‍ ഇന്ത്യ, നേപ്പാള്‍, തിബത്ത് എന്നിവിടങ്ങളില്‍ ബുദ്ധ – സോഷ്യലിസത്തിനായി വാദിച്ചു.

സംകൃത്യായന്‍ ഒരു പണ്ഡിതന് മാത്രമല്ല, സജീവ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയസംഘാടകനും ഫാസിസ്റ്റ് വിരുദ്ധ ചിന്തകനുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (സിപിഐ) ചേര്‍ന്നു പ്രവര്‍ത്തിച്ചു.
പക്ഷേ, സ്റ്റാലിനിസത്തെ വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് ആയിരിക്കുമ്പോഴും തിബത്തന്‍ സ്വാതന്ത്ര്യത്തെ പിന്തുണക്കുകയും ചൈനീസ് വികാസവാദത്തെ എതിര്‍ക്കുകയും ചെയ്തു. കൊളോണിയലാനന്തര ഇന്ത്യയില്‍ ബുദ്ധമത പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സഹായിച്ചു. ശ്രീലങ്കയിലെയും സോവിയറ്റ് യൂണിയനിലെയും സര്‍വകലാശാലകളില്‍ പഠിപ്പിച്ചു. ഹിന്ദി, ഭോജ്പുരി, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലായി നൂറിലധികം പുസ്തകങ്ങള്‍ രചിച്ച എഴുത്തുകാരന് കൂടിയായിരുന്നു സംകൃതായന്‍. അദ്ദേഹത്തിന്റെ കൃതികളില്‍ വോള്‍ഗ മുതല്‍ ഗംഗ വരെ, ബുദ്ധാചാര്യ, മദ്ധേഷ്യ കാ ഇതിഹാസ്, മേരി ജീവന്‍യാത്ര, ലെനിനും ഗാന്ധിയും എന്നിവ പ്രധാനങ്ങളാണ്.
അദ്ദേഹത്തിന്റെ കൃതികള്‍ ഡി.ഡി. കൊസാംബിയെ പോലുള്ള പില്ക്കാല മാര്‍ക്സിസ്റ്റ് പണ്ഡിതരെ പ്രചോദിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പാണ്ഡിത്യം ദലിത് ബുദ്ധമത പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയിടുന്നതിനും പ്രേരകമായി. ഇരുവര്‍ക്കുമിടയില്‍ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ബുദ്ധമതം സ്വീകരിക്കാനുള്ള ബി.ആര്. അംബേദ്കറുടെ തീരുമാനത്തെ സംകൃത്യായന്‍ സ്വാധീനിക്കുന്നുണ്ട്.
4
കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവ് ആര്. സുഗതനും ബുദ്ധമതവുമായി ബന്ധങ്ങളുണ്ടായിരുന്നു. ഒരു മാര്‍ക്സിസ്റ്റ് വിപ്ലവകാരിയായിട്ടാണ് അദ്ദേഹം പ്രധാനമായും ഓര്‍മ്മിക്കപ്പെടുന്നതെങ്കിലും, ബുദ്ധമതവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആ പ്രത്യയശാസ്ത്രയാത്രയുടെ വേണ്ടത്ര പര്യവേക്ഷണം ചെയ്യാത്ത ഒരു പ്രധാനവശമാണ്. ജാതിവിവേചനപരമായ ആദ്യകാല അനുഭവങ്ങള്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ എത്തുന്നതിനു മുമ്പു തന്നെ അദ്ദേഹത്തെ സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളിലേക്കു നയിച്ചു. ശ്രീ നാരായണഗുരു സുഗതന്റെ ആദ്യകാല ചിന്തകളെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചു. ബ്രാഹ്മണികമതത്തെ വിമര്‍ശിക്കുകയും സുഗതനെ ബുദ്ധമതം പോലുള്ള ബദല്‍ തത്ത്വചിന്തകളിലേക്ക് തള്ളിവിടുകയും ചെയ്ത ശക്തമായ ഒരു യുക്തിവാദ-നിരീശ്വരവാദ പ്രസ്ഥാനവും കേരളത്തിലുണ്ടായിരുന്നു. എന്നാല്‍, ബുദ്ധമതവുമായുള്ള കേരളത്തിന്റെ ഇടപെടല്‍ ബഹുജനാടിസ്ഥാനത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ ദാര്‍ശനികവും പ്രതീകാത്മകവുമായിരുന്നു.
ശ്രീനാരായണ ഗുരുവിന്റെ ബുദ്ധമതത്തോടുള്ള ചായ്വും ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ – എന്ന പ്രസിദ്ധമായ വാക്യവും ബുദ്ധമത നൈതികതയ്ക്കു സമാനമായ ഒരു സാര്‍വത്രികവീക്ഷണത്തെ പ്രതിഫലിപ്പിച്ചിരുന്നു. സുഗതന്റെ സമകാലികനായ സഹോദരന് അയ്യപ്പന് ബുദ്ധമതത്തെ പ്രകീര്‍ത്തിക്കുകയും അതിനെ ‘ആദ്യത്തെ സോഷ്യലിസ്റ്റ് മതം’ എന്ന് വിളിക്കുകയും ചെയ്തു. അയ്യപ്പന്റെ ‘ബുദ്ധ ദര്‍ശനം’ സുഗതന് ഉള്‍പ്പെടെ പലരേയും സ്വാധീനിച്ചു. സുഗതന് ഒരിക്കലും ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തില്ല. എന്നാല്‍, കേരളത്തിലെ യുക്തിവാദത്തെ പ്രോത്സാഹിപ്പിച്ച ബുദ്ധമത സമൂഹങ്ങളെ (ഉദാ. കേരള ബുദ്ധസംഘം) അദ്ദേഹം പിന്തുണച്ചു. പ്രസംഗങ്ങളില്‍, അദ്ദേഹം ബുദ്ധസംഘത്തെ കമ്മ്യൂണിസ്റ്റ് കൂട്ടായ്മകളുമായി താരതമ്യം ചെയ്തു.

ബി.ആര്. അംബേദ്കറുടെ 1956-ലെ ബുദ്ധമത പരിവര്‍ത്തനത്തിനുശേഷം, മഹാരാഷ്ട്രയിലെ ദലിത്-ബുദ്ധമത പ്രസ്ഥാനങ്ങളോട് സുഗതന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ജാതി അടിച്ചമര്‍ത്തലിനെ നിരാകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ഈഴവരും ദലിതരും ബുദ്ധമതം സ്വീകരിക്കണമെന്ന് അദ്ദേഹം വാദിച്ചു. തൊഴിലാളികളുടെ വിദ്യാഭ്യാസ പരിപാടികള്‍ക്കായി അദ്ദേഹം ചില പാലിസൂത്രങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. കേരളത്തിലെ മാര്‍ക്സിസ്റ്റുകള്‍ ഇപ്പോഴും ജാതിവിരുദ്ധചര്‍ച്ചകളില്‍ ബുദ്ധമതത്തെ പരാമര്‍ശിക്കുന്നു.
5
ലെനിന്റെയും (1917-1924) സ്റ്റാലിന്റെയും (1924-1953) കാലഘട്ടങ്ങള്‍ക്കിടയില്‍ സോവിയറ്റ് യൂണിയന്റെ ബുദ്ധമത നയത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ലെനിന്റെ സമീപനം താരതമ്യേന സഹിഷ്ണുതയുള്ളതായിരുന്നെങ്കിലും (കുറഞ്ഞത് സിദ്ധാന്തത്തിലെങ്കിലും) സ്റ്റാലിന്റെ ഭരണകൂടം ബുദ്ധമത സ്ഥാപനങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി. അവയെ സോവിയറ്റ് ഭരണകൂടനയങ്ങള്‍ക്കു ഭീഷണിയായിട്ടാണ് സ്റ്റാലിന് കണ്ടത്. ലെനിന്റെ കീഴില്‍, സോവിയറ്റ് ഭരണകൂടം തുടക്കത്തില്‍ നാമമാത്രമായ മതസ്വാതന്ത്ര്യത്തിന്റെ നയം സ്വീകരിച്ചിരുന്നു. സോവിയറ്റ് ഭരണകൂടത്തെ എതിര്ക്കാത്തിടത്തോളം ബുദ്ധമതം ഉള്‍പ്പെടെ എല്ലാ മതങ്ങളേയും സൈദ്ധാന്തികമായി നിലനില്ക്കാന് അനുവദിച്ചിരുന്നു. ചില ബോള്‍ഷെവിക്കുകള്‍ ബുദ്ധമതത്തെ പുരോഗമനപരവും സാറിസ്റ്റ് വിരുദ്ധവുമായ ഒരു ശക്തിയായി കണ്ടു. സാര്‍ ചക്രവര്‍ത്തിയുടെ റഷ്യന്‍ സാമ്രാജ്യം ഓര്‍ത്തഡോക്സ് ഇതര വിശ്വാസങ്ങളെ അടിച്ചമര്‍ത്തിയിരുന്നല്ലോ ?കൂടുതല്‍ ബുദ്ധമതജനസംഖ്യയുള്ള പ്രദേശങ്ങള്‍ ബുറിയേഷ്യ, കല്‍മീകിയ, തുവ എന്നിവിടങ്ങളായിരുന്നു. ആദ്യകാല സോവിയറ്റ് നയം ബുദ്ധമത ഭൂരിപക്ഷ പ്രദേശങ്ങളായ ബുര്യത്തിനും കല്‍മികിനും സാംസ്കാരിക സ്വയംഭരണം നല്കി. പരിമിതമായ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ ആശ്രമങ്ങളെ അനുവദിച്ചു. സെര്‍ജി ഓള്‍ഡന്‍ബര്‍ഗിനെയും സെച്ചര്‍ബാട്സ്കിയേയും പോലുള്ള ചില സോവിയറ്റ് പണ്ഡിതന്മാര് ബുദ്ധമതത്തെ ‘ഭൗതികവാദസൗഹൃദ’ തത്ത്വചിന്തയായി മനസ്സിലാക്കി. അതിനെ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി താരതമ്യം ചെയ്തു. എങ്കിലും സോവിയറ്റ് ഭരണകൂടം ബുദ്ധഭിക്ഷുക്കളുടെ ഭൂമികള്‍ പിടിച്ചെടുത്ത് പുനര്‍വിതരണം ചെയ്തു.

1925-ല്‍ സ്ഥാപിതമായ മിലിറ്റന്റ് നിരീശ്വരവാദികളുടെ ലീഗ് ബുദ്ധമതത്തെ ‘ഫ്യൂഡല്‍ അന്ധവിശ്വാസ’മായി കാണാന്‍ തുടങ്ങി. സ്റ്റാലിന്റെ ഭരണം ബുദ്ധമതത്തെ അക്രമാസക്തമായി അടിച്ചമര്‍ത്തി. ബുദ്ധമതത്തിന്റെ ആശ്രമങ്ങള്‍ നശിപ്പിക്കപ്പെട്ടു. 1930കളുടെ അവസാനത്തോടെ മിക്കവാറും എല്ലാ ബുദ്ധമത വിഹാരങ്ങളും അടച്ചുപൂട്ടുകയോ തകര്‍ക്കുകയോ ജയിലുകളോ സ്കൂളുകളോ വെയര്‍ഹൗസുകളോ ആക്കി മാറ്റുകയോ ചെയ്തു. ബുറിയേഷ്യയില്‍ മാത്രം 150ലധികം സ്ഥാപനങ്ങള്‍ തകര്‍ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തു. ഭിക്ഷുക്കളെ വധിക്കുകയോ തടവിലാക്കുകയോ പ്രതിവിപ്ലവകാരികളെന്ന നിലയില്‍ ഗുലാഗിലേക്ക് അയയ്ക്കുകയോ ചെയ്തു. ചെയ്തു. ബുദ്ധമത ഗ്രന്ഥങ്ങള്‍ നശിപ്പിക്കപ്പെട്ടു. നിര്‍ബന്ധിത മതേതരവല്‍ക്കരണത്തിലൂടെ ബുദ്ധമതവിശ്വാസത്തില്‍ വളര്‍ന്ന കുട്ടികളെ നിരീശ്വരവാദ സ്കൂളുകളിലേക്ക് തള്ളിവിട്ടു. ബുദ്ധമത പുതുവത്സരം പോലുള്ള പരമ്പരാഗത ഉത്സവങ്ങള്‍ നിരോധിച്ചു. നാസികളുമായി സഹകരിച്ചുവെന്നാരോപിച്ച് 90,000ത്തിലധികം വരുന്ന കല്‍മിക് ജനതയെയും സ്റ്റാലിന്റെ കാലത്ത് സൈബീരിയയിലേക്ക് നാടുകടത്തി.
രണ്ടാം ലോകയുദ്ധത്തിനുശേഷം ചില ഭൗമരാഷ്ട്രീയ കാരണങ്ങളാല്‍ സ്റ്റാലിന് ബുദ്ധവിരുദ്ധനയങ്ങളില്‍ ഹ്രസ്വമായി ഇളവ് വരുത്തി. ബുര്യേഷ്യ വീണ്ടും തുറന്നു. മംഗോളിയ, തിബത്ത്, ചൈന എന്നീ രാജ്യങ്ങളെ ആകര്‍ഷിക്കാന്‍ ഒരു ഔദ്യോഗിക ബുദ്ധമതവിഹാരം പ്രവര്‍ത്തിക്കാന്‍ സോവിയറ്റ് യൂണിയന് അനുവദിച്ചു. എന്നാല്‍, ബുദ്ധമതപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സോവിയറ്റ് രാഷ്ട്രം ഒരു ബുദ്ധമത സംഘടനയെ (സെന്‍ട്രല്‍ സ്പിരിച്വല്‍ ബോര്‍ഡ് ഓഫ് ബുദ്ധിസ്റ്റ് റിലീജിയന്‍) സൃഷ്ടിച്ചു. സ്റ്റാലിന്റെ മരണശേഷം ക്രൂഷ്ചേവ് നിയന്ത്രണങ്ങളില്‍ അല്പം അയവു വരുത്തീ. പക്ഷേ ഗോര്‍ബച്ചേവിന്റെ ഗ്ലാസ്നോസ്റ്റ് വരെ ബുദ്ധമതപ്രവര്‍ത്തനങ്ങള്‍ വളരെയധികം പരിമിതപ്പെടുത്തിയിരുന്നു.1990കള്‍ക്കു ശേഷം ബുരിയേഷ്യ, കല്‍മീകിയ, തുവ എന്നിവിടങ്ങളില്‍ ബുദ്ധമതം വീണ്ടും ഉയര്‍ന്നുവന്നിട്ടുണ്ട്. ചില ആശ്രമങ്ങള്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു.







No Comments yet!