Skip to main content

ഗീതാഞ്ജലിക്കൊരു ആമുഖം: വില്യം ബട്ളർ യീറ്റ്സ്‌

ഏതാനും ദിവസങ്ങൾക്ക്‌ മുമ്പ്‌ ഒരു ബംഗാളി ഡോക്ടറോടു ഞാൻ “എനിക്ക്‌ ജർമ്മൻ ഭാഷ അറിയില്ല. എന്നാൽ ഒരു ജർമ്മൻ കവിയുടെ വിവർത്തനം എന്നെ സ്പർശിച്ചാൽ ഞാൻ ബ്രിട്ടീഷ്‌ മ്യൂസിയത്തിലേക്കു പോയി ആ കവിയുടെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ചിന്തകളുടെ ചരിത്രത്തെക്കുറിച്ചും പറയുന്ന ഇംഗ്ളീഷ്‌ പുസ്തകങ്ങൾ കണ്ടെത്തും. രബീന്ദ്രനാഥ ടാഗോറിന്റെ ഈ ഗദ്യ വിവർത്തനങ്ങൾ, വർഷങ്ങളായി പതിവില്ലാത്ത വിധം, എന്നെയാകെ ഇളക്കിമറിച്ചു എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചോ, ചിന്താ പ്രസ്ഥാനങ്ങളെക്കുറിച്ചോ എനിക്കറിയില്ലായിരുന്നു. ഏതെങ്കിലും ഇന്ത്യക്കാരൻ യാത്രി എന്നോടതിനെക്കുറിച്ചെല്ലാം പറയാതെ എനിക്കറിയില്ലായിരുന്നു.” അങ്ങനെയൊരാൾക്ക്‌ അതെല്ലാം എന്നെ സ്പർശിക്കണം എന്ന്‌ സ്വാഭാവികമായും തോന്നി. അതുകൊണ്ടായിരിക്കണം “ഞാൻ നിത്യവും രബീന്ദ്രനാഥിനെ വായിക്കുന്നു. അദ്ദേഹത്തിന്റെ ഒരു വരി വായിക്കുക എന്നാൽ ഈ ലോകത്തിലെ എല്ലാവിധ വൈഷമ്യങ്ങളേയും മറക്കുക എന്നാണ്‌” എന്ന്‌ അദ്ദേഹം പറഞ്ഞത്‌. അതിനു മറുപടിയായി ഞാൻ “റിച്ചാഡ്‌ രണ്ടാമന്റെ കാലങ്ങളിൽ ലണ്ടനിൽ താമിസിക്കുന്ന ഒരു ഇംഗ്ളീഷുകാരന്‌ ദാന്തെയുടേയോ പെട്രാർക്കിന്റേയോ വിവർത്തനങ്ങൾ കാണിച്ചാൽ അവന്റെ ചോദ്യങ്ങൾക്ക്‌ അതിലൊന്നും ഉത്തരമുണ്ടാകില്ല. പകരം ഞാനിപ്പോൾ നിങ്ങളോടു ചോദിക്കുന്നതുപോലെ ഫ്ളോറന്റൈനിൽ നിന്നുള്ള ഒരു ബാങ്കറോടോ ലൊംബാർഡിൽ നിന്നുള്ള വ്യാപാരിയോടോ ചോദിച്ചാൽ എങ്ങനെയുണ്ടാകുമോ അതുപോലെയാകും. എനിക്കറിയാവുന്നത്‌ അദ്ദേഹത്തിന്റെ കവിതകൾ ലളിതവും ധന്യവുമാണെന്നാണ്‌. നിങ്ങളുടെ രാജ്യത്ത്‌ ഒരു പുതിയ നവോത്ഥാനം പിറന്നിരിക്കുന്നു. കേട്ടുകേൾവിയിലൂടെയല്ലാതെ എനിക്കതിനെക്കുറിച്ച്‌ അറിയാനാകുന്നില്ല“ എന്നു പറഞ്ഞു. ”ഞങ്ങൾക്ക്‌ പിന്നെയും കവികളുണ്ട്‌. എന്നാൽ അദ്ദേഹത്തിനു തുല്യനായി ആരുമില്ല. രബീന്ദ്രനാഥിന്റെ യുഗം എന്നാണു ഞങ്ങൾ പറയാറുള്ളത്‌. ഞങ്ങൾക്കിടയിൽ അദ്ദേഹത്തിനെത്ര പ്രശസ്തിയുണ്ടോ അത്ര യൂറോപ്പിൽ ഒരു കവിയ്ക്കുമുണ്ടെന്ന്‌ എനിക്കു തോന്നുന്നില്ല. കവിതയിലെന്നപോലെ സംഗീതത്തിലും മഹാനാണദ്ദേഹം. പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന്‌ ബർമ്മ വരെ എവിടെയൊക്കെ ബംഗാളി സംസാരിക്കുന്നുണ്ടോ അവിടെയൊക്കെ അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിക്കപ്പെടുന്നുണ്ട്‌. പത്തൊമ്പതാം വയസ്സിലാണദ്ദേഹം ആദ്യ നോവലെഴുതുന്നത്‌. അന്നുമുതലേ പ്രശസ്തനാണദ്ദേഹം. അതിനു ശേഷം നാടകങ്ങളെഴുതി. അവ ഇന്നും കൽക്കട്ടയിൽ പ്രദർശിപ്പിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പൂർണ്ണതയെ ഞാൻ പ്രകീർത്തിക്കുന്നു. യുവാവായിരിക്കെ പ്രകൃതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അദ്ദേഹം ധാരാളമെഴുതി. അധിക സമയവും തന്റെ തോട്ടത്തിൽ ചിലവിട്ടു. ഇരുപത്തിയഞ്ചാം വയസ്സുമുതൽ ഒരു പക്ഷേ മുപ്പത്തിയഞ്ചുവരെ അദ്ദേഹം ഒരു തരം വിഷാദത്തിലായിരുന്നു. അക്കാലത്തണദ്ദേഹം ഞങ്ങളുടെ ഭാഷയിലെ ഏറ്റവും സുന്ദരമായ പ്രണയ കവിതകൾ എഴുതിയത്‌.“ അത്രയും പറഞ്ഞ്‌ അദ്ദേഹമൊന്ന്‌ നിശ്വസിച്ചു. ”അദ്ദേഹത്തിന്റെ പ്രണകവിതകൾ എന്റെ പതിനേഴാം വയസ്സിൽ എന്നിലുണ്ടാക്കിയ മതിപ്പും അവയോട്‌ എനിക്കുള്ള കടപ്പാടും വാക്കുകളിലൂടെ അവതരിപ്പിക്കാൻ എനിക്കാകില്ല. അതിനു ശേഷം അദ്ദേഹം കലയെ കൂടുതൽ ആഴത്തിൽ സ്പർശിച്ചു. കൂടുതൽ ദൈവവിശ്വാസിയായി. തത്ത്വചിന്തകനായി. അദ്ദേഹത്തിന്റെ മന്ത്രങ്ങളിൽ മാനവകുലത്തിന്റെ അഭിലാഷങ്ങളെല്ലാമുണ്ട്‌. ജീവിക്കുക എന്നതിനെ നിരസിക്കാത്ത ഞങ്ങളുടെ ആദ്യത്തെ സന്യാസിവര്യനാണദ്ദേഹം. അദ്ദേഹം ജീവിതത്തെക്കുറിച്ചാണു പറഞ്ഞത്‌. അതുകൊണ്ടുകൂടിയാണ്‌ ഞങ്ങളെല്ലാം അദ്ദേഹത്തെ സ്നേഹിക്കുന്നതും.“ അദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ ഓർമ്മയിൽ നിന്നെഴുതിയപ്പോൾ ചില വ്യത്യാസങ്ങൾ വന്നിട്ടുണ്ടാകാം. എന്നാൽ ആ ചിന്തകളിൽ വ്യത്യാസം വന്നിട്ടില്ല. ”കുറച്ചു മുമ്പ്‌ ഞങ്ങളുടെ ഒരു പള്ളിയിൽ അദ്ദേഹം പ്രഭാഷകനായെത്തി. ഞങ്ങൾ ബ്രഹ്മ സമാജക്കാരും നിങ്ങൾ ഇംഗ്ളീഷുകാർ പറയുന്നതുപോലെ `പള്ളി` എന്ന വാക്കാണുപയോഗിക്കുന്നത്‌. കൽക്കട്ടയിലെ ഏറ്റവും വലിയ പള്ളിയായിരുന്നു അത്‌. അവിടെ നല്ല ജനത്തിരക്കുണ്ടായി എന്നു മാത്രമല്ല, ജാലകങ്ങൾക്കരികിൽ, പുറത്ത്‌, ആളുകൾ തിങ്ങിക്കൂടിയിരുന്നു. തെരുവിലും ജനങ്ങൾ നിറഞ്ഞിരുന്നു.“

എന്നെ കാണാനെത്തിയ മറ്റുള്ളവർ ഈ മനുഷ്യനോടു കാണിക്കുന്ന ആരാധന നമ്മുടെ ലോകത്തിനു വിചിത്രമാണെന്ന തോന്നലുണ്ടായി. ഇവിടെ നമ്മൾ വലുതും ചെറുതുമായ പലതും ഹാസ്യത്തിന്റേയും പാതി ഗൗരവത്തോടെയുള്ള മൂല്യാപകർഷത്തിന്റേയും മൂടുപടത്തിനകത്തു മറച്ചു വയ്ക്കുന്നു. നമ്മൾ പ്രധാന പള്ളികൾ നിർമ്മിച്ചുകൊണ്ടിരുന്നപ്പോൾ നമ്മുടെ മഹാന്മാരോട്‌ ഇങ്ങനെയൊരു ആരാധന നമുക്കുണ്ടായിരുന്നോ? ”എന്നും പ്രഭാതത്തിൽ മൂന്നു മണിയ്ക്ക്‌ അദ്ദേഹം ചലനമില്ലാതെ ധ്യാനത്തിലാകുന്നു. അതെനിക്കറിയാം. ഞാനതു കണ്ടിട്ടുണ്ട്‌.“ ഒരാൾ എന്നോടു പറഞ്ഞു. ”രണ്ടു മണിക്കൂർ നേരം പിന്നെയദ്ദേഹം അതിൽ നിന്നുണരുകയില്ല. ദൈവത്തിന്റെ പ്രകൃതത്തെക്കുറിച്ചുള്ള ദിവാസ്വപ്നങ്ങളിലായിരിക്കും അദ്ദേഹം. അദ്ദേഹത്തിന്റെ പിതാവ്‌, മഹാ ഋഷി, ചിലപ്പോൾ അങ്ങനെ അടുത്ത ദിവസം വരെയൊക്കെ ഇരിക്കാറുണ്ട്‌. ഒരിക്കൽ ഒരു നദിക്കരയിലെത്തിയ അദ്ദേഹം ആ ഭൂപ്രകൃതിയുടെ ഭംഗി മൂലം അവിടെ ധ്യാനത്തിലായി. അദ്ദേഹത്തിനൊപ്പം വള്ളത്തിലുണ്ടായിരുന്നവർക്കവിടെ നിന്നു പിന്നെ യാത്ര തുടരാൻ എട്ടു മണിക്കൂർ കാത്തു നിൽക്കേണ്ടി വന്നു.“ അദ്ദേഹം പിന്നീടെന്നോട്‌ ടാഗോറിന്റെ കുടുംബത്തെക്കുറിച്ച്‌ പറഞ്ഞു. തലമുറകളായി മഹാന്മാർക്ക്‌ ജന്മം നൽകിയതാണാ കുടുംബം എന്നു പറഞ്ഞു. ”ഇന്ന്‌ കലാകാരന്മാരായ ഗൊഗൊനെന്ദ്രനാഥ്‌, അബനിന്ദ്രനാഥ്‌ ടാഗോറുമാരുണ്ട്‌. രബീന്ദ്രനാഥിന്റെ സഹോദരൻ ദ്വിജേന്ദ്രനാഥ്‌ പ്രശസ്തനായ തത്ത്വചിന്തകനാണ്‌. വൃക്ഷശിഖരങ്ങളിൽ നിന്ന്‌ അണ്ണാറക്കണ്ണന്മാർ ഇറങ്ങി വന്ന്‌ അദ്ദേഹത്തിന്റെ കാൽമുട്ടിലിരിക്കും. പക്ഷികൾ പറന്നു വന്ന്‌ കൈകളിലിരിക്കും.“ ഇവരുടെയെല്ലാം ചിന്തകളിൽ, ദൃഷ്ടിയാൽ അനുഭവിച്ചറിയാനാകുന്ന അർത്ഥവും സൗന്ദര്യവും എന്ന വികാരമുള്ളത്‌ ഞാൻ ശ്രദ്ധിച്ചു. അവരെല്ലാം നീഷ്ചെയുടെ, ?നമ്മൾ നമ്മുടെ ഭൗതിക വസ്തുക്കളിൽ ഇന്നല്ലെങ്കിൽ നാളെ മതിപ്പുളവാക്കാത്ത ധാർമ്മിക അല്ലെങ്കിൽ ധൈഷണിക സൗന്ദര്യത്തിൽ വിശ്വസിക്കരുതെന്ന? സിദ്ധാന്തത്തെ മുറുകെപ്പിടിക്കുന്നു എന്നു തോന്നി. അതിനാൽ ഞാൻ ”കിഴക്ക്‌ നിങ്ങൾക്ക്‌ ഒരു കുടുംബത്തെ ശ്രേഷ്ഠമായി നിലനിർത്താനറിയാം. അടുത്ത ദിവസം ഒരു മ്യൂസിയം സൂക്ഷിപ്പുകാരൻ എനിക്ക്‌ ഇരുണ്ട ചർമ്മമുള്ള ഒരാളെ ചൂണ്ടിക്കാണിച്ചു തന്നു. അയാൾ ചൈനീസ്‌ ചിത്രങ്ങൾ അടുക്കിവയ്ക്കുകയായിരുന്നു. `മികാദൊയിലെ പാരമ്പര്യ കലാഭിജ്ഞനാണിദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്ന്‌ ഇതേ ജോലി ചെയ്യുന്ന പതിനാലാമൻ“ എന്ന്‌ പറഞ്ഞു. ”രബീന്ദ്രനാഥ്‌ ഒരു കൊച്ചു കുട്ടിയായിരുന്നപ്പോൾ വീട്ടിൽ അദ്ദേഹത്തിനു ചുറ്റിലും സംഗീതവും സാഹിത്യവുമുണ്ടായിരുന്നു“ എന്നാണെനിക്ക്‌ മറുപടി ലഭിച്ചത്‌. ഞാൻ ആ കവിതകളുടെ ലാളിത്യം, അവയുടെ ധാരാളിത്തം അഥവാ സമൃദ്ധി എന്നിവയെക്കുറിച്ച്‌ ചിന്തിച്ചു. ”നിങ്ങളുടെ രാജ്യത്ത്‌ പ്രചാരക എഴുത്തുകാർ, വിമർശനങ്ങൾ, എന്നിവ വളരെയധികമുണ്ടോ? ഞങ്ങൾക്ക്‌ അതെല്ലാം വളരെയധികം ചെയ്യേണ്ടി വരുന്നു. പ്രത്യേകിച്ചും എന്റെ രാജ്യത്ത്‌. അതുകൊണ്ട്‌ പിന്നെപ്പിന്നെ ഞങ്ങളുടെ സർഗ്ഗാത്മകയ്ക്ക്‌ ക്ഷതം സംഭവിക്കുന്നു. ഞങ്ങളുടെ ജീവിതം തുടർച്ചയായ ഒരു പോരാട്ടമായില്ലെങ്കിൽ ഞങ്ങൾക്കതിൽ രുചി തോന്നില്ല. എന്താണു നല്ലതെന്ന്‌ അപ്പോൾ ഞങ്ങൾക്ക്‌ മനസിലാകില്ല. കേൾവിക്കാരേയോ വായനക്കാരേയോ കണ്ടെത്താൻ ഞങ്ങൾക്കാകില്ല. ഒട്ടും രുചികരമല്ലാത്ത വഴക്കുകളിലാണു നമ്മുടെ അഞ്ചിൽ നാലുഭാഗം സമയവും ചിലവിടപ്പെടുന്നത്‌. ആ വഴക്കുകൾ നമ്മൾ നമ്മുടെ മനസ്സുമായി നടത്തുന്നവയോ അല്ലെങ്കിൽ മറ്റുള്ളവരുടെ മനസ്സുമായി നടത്തുന്നവയോ ആകും.“ ”എനിക്കു മനസിലാകുന്നു.“ അയാൾ പ്രതികരിച്ചു. ”ഞങ്ങൾക്കിടയിലും പ്രചരണ എഴുത്തുകളുണ്ട്‌. ഗ്രാമങ്ങളിൽ അവർ മദ്ധ്യകാലങ്ങളിൽ സംസ്കൃതത്തിൽ എഴുതിയ പൗരാണിക കവിതകൾ ആലപിക്കാറുണ്ട്‌. അതിനിടയിൽ ജനങ്ങളോട്‌ അവർ അവരുടെ കർത്തവ്യം ചെയ്യണം എന്ന വാക്യങ്ങൾ തിരുകിക്കയറ്റും.“

2
ഈ വിവർത്തനത്തിന്റെ കയ്യെഴുത്തുപ്രതി ദിവസങ്ങളായി ഞാൻ കൊണ്ടുനടക്കുന്നു. തീവണ്ടികളിലിരുന്നും, ബസ്സിലിരുന്നും ഭക്ഷണശാലകളിലിരുന്നും ഞാനതു വായിക്കാറുണ്ട്‌. ഏതെങ്കിലും അപരിചിതർ ഇതെന്നെ എത്ര സ്പർശിക്കുന്നു എന്നു മനസിലാക്കാതിരിക്കാൻ ചിലപ്പോഴെല്ലാം ഞാനത്‌ അടച്ചുവയ്ക്കും. ഈ കവിതകൾ മൗലികമാണ്‌ എന്നെനിക്കു പരിചയമുള്ള ഇന്ത്യക്കാർ പറയുന്നു. സൂക്ഷ്മ താളങ്ങളുള്ളതാണെന്ന്‌. വിവർത്തനം ചെയ്യാനാകാത്ത വർണ്ണത്തിന്റെ രുചിവൈവിധ്യങ്ങളുള്ളതാണെന്ന്‌. ഛന്ദോബന്ധമായ ഒരു കണ്ടെത്തലാണെന്ന്‌. ഞാനെന്റെ ആയുസ്സുമുഴുക്കെ സ്വപ്നം കണ്ട ഒരു ലോകമാണീ ചിന്തകളിൽ പ്രകടമാകുന്നത്‌. ഏറ്റവും ഉന്നതമായ സംസ്കാരത്തിന്റെ പ്രവർത്തനം. എന്നാൽ മണ്ണിൽ പുല്ലും മറ്റു ചെടികളും വളരുന്നതുപോലെ സാധാരണമായി പ്രകടമാകുകയും എല്ലാം ചെയ്യുന്നു. കവിതയും മതവും ഒന്നായിരിക്കുന്ന ഒരു പാരമ്പര്യം, ജ്ഞാനമുള്ളതും ഇല്ലാത്തതുമായ രൂപകാലങ്കാരങ്ങളിൽ നിന്നും വികാരങ്ങളിൽ നിന്നും പലതും ശേഖരിച്ച്‌ നൂറ്റാണ്ടുകളിലൂടെ കടന്നു നീങ്ങിയിരിക്കുന്നു. അത്‌ ജനസഹസ്രങ്ങളിലേക്ക്‌ പണ്ഡിതരുടേയും കുലീനരുടേയും ചിന്തകളെ തിരികെ കൈമാറുകയും ചെയ്തിരിക്കുന്നു. ബംഗാളിലെ സംസ്കാരത്തിനു ക്ഷതങ്ങളേറ്റിട്ടില്ലെങ്കിൽ, എല്ലാവരിലൂടേയും, ദിവ്യമെന്നു കരുതാവുന്ന, ഒരേ മനസ്സൊഴുകുന്നുണ്ടെങ്കിൽ, അത്‌ നമ്മളുടെ കാര്യത്തിലുള്ളതുപോലെ പരസ്പരം അറിയാത്ത ഡസൻ കണക്കിനു ചിന്തകളും മനസ്സുകളുമായി വിഘടിതമായിട്ടില്ലെങ്കിൽ, ഈ കവിതകളിലെ ഏറ്റവും സൂക്ഷ്മമായ ചിലതെങ്കിലും തലമുറകളിലൂടെ തെരുവിലെ യാചകരിൽ വരെയെത്തിയിട്ടുണ്ടാകും.

ഇംഗ്ളണ്ടിനൊരേയൊരു മനസ്സുണ്ടായിരുന്നപ്പോഴാണ്‌ ചോസർ ട്രോയിലസും ക്രെഹ്സീദയുമെഴുതിയത്‌. അതെല്ലാം അദ്ദേഹം വായിക്കപ്പെടാനായി, അല്ലെങ്കിൽ, നമ്മുടെ കാലത്തിന്റെ വേഗം വർദ്ധിക്കുന്നതിനാൽ, വായിച്ചു കൊടുക്കുന്നതിനായി എഴുതിയനാണ്‌. സംഗീതജ്ഞർ അതെല്ലാം കുറച്ചു കാലം പാടുകയും ചെയ്തു. ചോസറുടെ മുൻഗാമികളെപ്പോലെ രബീന്ദ്രനാഥ ടാഗോറും തന്റെ വാക്കുകൾക്ക്‌ സംഗീതമെഴുതുന്നു. അദ്ദേഹം ചെയ്യുന്നതൊരിക്കലും വിചിത്രമെന്നോ അസ്വാഭാവികമെന്നോ പ്രതിരോധത്തിനായെന്നോ ഉള്ള തോന്നലേ ഉണ്ടാക്കത്തതിനാൽ അദ്ദേഹത്തിലെ നൈസർഗ്ഗികതയും ധാരാളിത്തവും തന്റെ തീവ്രാഭിലാഷങ്ങളിൽ അദ്ദേഹത്തിനുള്ള ധീരതയും, അദ്ദേഹത്തിലുള്ള ആശ്ചര്യങ്ങളും എല്ലാ നിമിഷങ്ങളിലും എല്ലാവർക്കും തിരിച്ചറിയാനാകുന്നു. ഈ കവിതകൾ നല്ല രീതിയിൽ അച്ചടിക്കപ്പെട്ട പുസ്തകങ്ങളുടെ രൂപത്തിൽ സ്ത്രീകളുടെ മേശപ്പുറത്ത്‌ വെറുതെ കിടക്കുകയില്ല. അങ്ങനെ പുസ്തകങ്ങൾ മേശപ്പുറത്തു വയ്ക്കുന്ന സ്ത്രീകൾ അവരുടെ അലസകൈകളാൽ അതിന്റെ താളുകളൊന്നു മറിക്കും. ഒരർത്ഥവുമില്ലാത്ത തങ്ങളുടെ ജീവിതത്തെപ്രതി ഒന്നു നിശ്വസിക്കും. അവർക്ക്‌ ജീവിതത്തെക്കുറിച്ചത്രയേ അറിയൂ. അതല്ലെങ്കിൽ അത്തരം പുസ്തകങ്ങൾ വിദ്യാർത്ഥികൾ സർവകലാശാലകളിലേക്കു കൊണ്ടുപോകും. അവർ അവരുടെ തൊഴിൽ ജീവിതമാരംഭിച്ചാൽ അതിനെ മാറ്റി വയ്ക്കുകയും ചെയ്യും. എന്നാൽ തലമുറകൾ പിന്നിട്ടതിനു ശേഷവും തെരുവുകളിലൂടേയോ നദികളിലൂടേയോ സഞ്ചരിക്കുമ്പോൾ യാത്രികർ ഇതിലെ വരികൾ മൂളാൻ തുടങ്ങും. പ്രണയിക്കുന്നവർ പരസ്പരം കാത്തിരിക്കുന്നതിനിടയിൽ അവർക്കുള്ളിൽ ഇതു പിറുപിറുക്കുന്നതറിയും. ദൈവത്തിന്റെ ഈ സ്നേഹം. അത്‌ അവർക്കുള്ളിലെ നീരസമാർന്ന തീവ്രവികാരങ്ങളെ ഇല്ലാതാക്കുകയും പുതിയ യൗവ്വനത്തെ ഉയർത്തുകയും ചെയ്യും. ഏതൊരു നിമിഷത്തിലും ഈ കവിയുടെ ഹൃദയം പുറത്തേക്കൊഴുകിയെത്തും. നിന്ദകളോ ഗൗരവത്യാഗങ്ങളോ ഇല്ലാതെയൊഴുകും. അതിനു കാരണം അവർക്കെല്ലാം മനസിലാകും എന്ന്‌ ആ ഹൃദയം തിരിച്ചറിഞ്ഞതാണ്‌. അവരുടെ ജീവിതസാഹചര്യങ്ങൾ ആ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നതിനാലുമാണ്‌. പറ്റിപ്പിടിച്ചിരിക്കുന്ന പൊടി പ്രകടമാകാത്രീക്കാനായി ചുവപ്പു കലർന്ന തവിട്ടു വസ്ത്രം ധരിക്കുന്ന യാത്രി, തന്റെ രാജകീയ കാമുകൻ സമ്മാനിച്ച പുഷ്പഹാരത്തിൽ നിന്നുള്ള ഇതളുകൾ മെത്തയിൽ തിരയുന്ന പെൺകുട്ടി, തന്റെ യജമാനൻ വീട്ടിലേക്ക്‌ വരുന്നതും കാത്ത്‌ ഒഴിഞ്ഞ വീട്ടിലിരിക്കുന്ന പരിചാരകൻ അല്ലെങ്കിൽ നവവധു, എന്നിവയെല്ലാം ദൈവത്തിലേക്കു തിരിയുന്ന ഹൃദയത്തിന്റെ ചിത്രങ്ങളാണ്‌. പൂക്കളും നദികളും ശംഖുവിളികളും ജൂലയ്‌ മാസത്തിലെ ഇന്ത്യയിലെ കോരിച്ചൊരിയുന്ന മഴയും, എല്ലാം വിണ്ടു കീറാൻ കാരണമാക്കുന്ന ചൂടും, ഒന്നു ചേരുന്ന ഹൃദയങ്ങളുടെ അല്ലെങ്കിൽ വേറിടാനൊരുങ്ങുന്ന ഹൃദയങ്ങളുടെ മാനസിക നില കാണിക്കുന്ന ചിത്രങ്ങളാണ്‌. ഒരിനം വീണ മീട്ടി നദിയിൽ വള്ളത്തിലിരിക്കുന്ന, ഒരു ചൈനീസ്‌ ചിത്രത്തിൽ നിഗൂഢാർത്ഥങ്ങളുള്ള രൂപങ്ങളിലൊന്നിനെപ്പോലെയിരിക്കുന്ന, മനുഷ്യൻ, ദൈവം തന്നെയാണ്‌. നമുക്ക്‌ അപരിമിതമാം വിധം വിചിത്രമെന്നും അപരിചിതമെന്നും തോന്നുന്ന ഒരു സംസ്കാരം മൊത്തമായി, ഒരു ജനത മൊത്തമായി, ഈ ഭാവനെയെ സ്വീകരിച്ചിരിക്കുന്നതായി കാണുന്നു. എന്നിട്ടും അതു നമ്മെ സ്പർശിക്കുന്നില്ല. അതിനു കാരണം അതിലെ അപരിചിതത്വമല്ല, നമ്മൾ നമ്മുടേതായ രൂപങ്ങളെ കണ്ടുമുട്ടിയതാണ്‌. നമ്മൾ റൊസേറ്റിയുടെ കാടുകളിലൂടെ നടന്നിരിക്കുന്നു എന്ന തോന്നലുള്ളതിനാൽ, അല്ലെങ്കിൽ ഒരു പക്ഷേ സാഹിത്യത്തിൽ തന്നെ ആദ്യമായി നമ്മുടെ സ്വരത്തെ ഒരു സ്വപ്നത്തിലെന്നപോലെ കേട്ടിരിക്കുന്നു എന്ന തോന്നലുള്ളതിനാൽ. നവോത്ഥാനത്തിനു ശേഷം യൂറോപ്പിലെ സന്യാസിവര്യരുടെ എഴുത്തുകൾ, അവയിലെ രൂപകാലങ്കാരങ്ങളും ചിന്തയുടെ പൊതുഘടനയും എത്രകണ്ട്‌ പരിചിതങ്ങളാകട്ടെ, നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാതായിരിക്കുന്നു. നമുക്കെല്ലാം ഈ ലോകത്തെ പരിത്യജിക്കേണ്ടി വരും എന്നു നമുക്കറിയാം. സ്വമേധയായുള്ള ഒരു പരിത്യാഗത്തെ പരിഗണിക്കുമ്പോൾ നമ്മൾ ക്ഷീണിതരാകുന്ന അല്ലെങ്കിൽ അഭ്യുദയത്തിലാകുന്ന നിമിഷങ്ങളുമായി പരിചിതരായിരിക്കുന്നു. എന്നാൽ, ശരീരത്തിന്റേയും ആത്മാവിന്റേയും നിലവിളികൾ ഒന്നു തന്നെയെന്ന ചിന്തയുണ്ടാക്കുന്ന, ഇത്രയധികം കവിതകൾ വായിച്ചിട്ടുള്ള, ഇത്രയധികം പെയ്ന്റിങ്ങുകൾ കണ്ടിട്ടുള്ള, ഇത്രയധികം സംഗീതം കേട്ടിട്ടുള്ള, നമുക്ക്‌ എങ്ങനെയതിനെ പരുഷമായി, കർക്കശമായി, പരിത്യജിക്കാനാകും? സ്വിറ്റ്സർലണ്ടിലെ തടാകങ്ങളുടെ സൗന്ദര്യം കാണാതിരിക്കാനായി കണ്ണുകൾ മൂടിക്കെട്ടിയിരിക്കുന്ന സെയ്ന്റ്‌ ബെർണാഡുമായി നമുക്ക്‌ പൊതുവിൽ എന്താണുള്ളത്‌? അതല്ലെങ്കിൽ വെളിപാടിന്റെ പുസ്തകത്തിലെ അക്രമാസക്ത വാചോടപങ്ങളുമായി പൊതുവായി? വെളിപാടിന്റെ പുസ്തകത്തിലെന്ന പോലെ നമുക്കു വേണമെങ്കിൽ തീർത്തും ആദരവുള്ള, ഉപചാരമുള്ള വാക്കുകൾ ഇവിടെ നിറയെ കാണാനാകും. “എനിക്കു യാത്രാനുമതി ലഭിച്ചിരിക്കുന്നു. സഹോദരങ്ങളേ എനിക്കു യാത്രാമംഗളം നേരുക! ഞാൻ നിങ്ങളെ വണങ്ങി യാത്രയാകുന്നു. ഞാനെന്റെ വാതിലുകളുടെ ചാവി തിരികെയേല്പിക്കുന്നു. എന്റെ വീടിനുമുകളിലുള്ള എല്ലാ അവകാശങ്ങളും വിട്ടൊഴിയുന്നു. നിങ്ങളിൽ നിന്ന്‌ ഞാനാകെ അവകാശപ്പെടുന്നത്‌ അവസാനത്തെ കരുണാർദ്രമായ വാക്കുകൾ മാത്രം. നമ്മൾ ദീർഘകാലമായി അയൽക്കാരായിരുന്നു എങ്കിലും എനിക്ക്‌ നൽകാനാകുന്നതിലും അധികം നിങ്ങളിൽ നിന്നു ലഭിക്കുകയുണ്ടായി. ഇപ്പോഴിതാ പ്രഭാതമായിരിക്കുന്നു, എന്റെ ഇരുണ്ട മൂലകളിൽ വെളിച്ചം പരത്തിയിരുന്ന വിളക്കണഞ്ഞിരിക്കുന്നു. യാത്രയ്ക്കുള്ള ഉത്തരവു വന്നിരിക്കുന്നു. ഞാൻ യാത്രയ്ക്കു തയ്യാറായിരിക്കുന്നു.” എ. കെമ്പിസ്‌ അല്ലെങ്കിൽ ജോൺ ഓഫ്‌ ദ ക്രോസ്‌ “ഈ ജീവിതത്തെ ഞാൻ സ്നേഹിക്കുന്നതിനാൽ മരണത്തേയും അതുപോലെ സ്നേഹിക്കും എന്നെനിക്കറിയാം” എന്നു വിളിച്ചുപറയുന്നത്‌ നമ്മുടെ മനസ്സിന്റെ മറ്റൊരു തലമാണ്‌. എന്നാൽ വേർപിരിയലിന്റെ ചിന്തകൾ മാത്രമല്ല ഈ പുസ്തകത്തിന്റെ ആഴങ്ങളിലുള്ളത്‌. നമ്മൾ ദൈവത്തെ സ്നേഹിക്കുന്നു എന്ന്‌ നമ്മളറിഞ്ഞിട്ടില്ല. നമ്മൾ അവനിൽ വിശ്വസിച്ചിട്ടുണ്ടോ എന്നു തന്നെ ഉറപ്പില്ല. എന്നിരുന്നാലും ജീവിതത്തിലേക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ, വനങ്ങളിലെ ഒറ്റയടിപ്പാതകളിൽ പര്യവേഷണം നടത്തുമ്പോൾ, കുന്നുകളിലെ ഏകാന്ത സ്ഥലങ്ങളിൽ ആനന്ദം കണ്ടെത്തുമ്പോൾ, നമ്മൾ സ്നേഹിച്ച സ്ത്രീകൾക്ക്‌ മീതെ ദുർഗ്രാഹ്യമായ അവകാശവാദങ്ങളുന്നയിക്കുമ്പോൾ, അകത്തുണ്ടാകുന്ന വികാരം ഗൂഢമായ ഈ മധുരമാണ്‌. “ക്ഷണിക്കാതെ, പൊതുവായ ആൾക്കൂട്ടാംഗങ്ങളിലൊന്നിനെപ്പോലെ എന്റെ ഹൃദയത്തിലേക്കു പ്രവേശിച്ച, ഞാനറിയാതെ പ്രവേശിച്ച, എന്റെ പ്രഭോ, കടന്നുപോയിക്കൊണ്ടിരിക്കുന്ന നിമിഷത്തിൽ അനശ്വരതയുടെ മുദ്ര താങ്കൾ ചാർത്തിയിരിക്കുന്നു.” ഇത്‌ ആ കോശത്തിന്റെ ദിവ്യത്വമല്ല, പരിശുദ്ധതയുമല്ല. പക്ഷേ ഇതൊരു ഉയർത്തലാണ്‌. പൊടിയും സൂര്യരശ്മികളും പെയ്ന്റ്‌ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പെയ്ന്ററെ അയാളുടെ മാനസിക നിലയുടെ ഉന്നതങ്ങളിലേക്കുയർത്തുന്നതുപോലെ. സമാനമായ സ്വരങ്ങൾക്കായി നമ്മളപ്പോൾ സെയ്ന്റ്‌ ഫ്രാൻസിസിലേക്കും വില്ല്യം ബ്ളേക്കിലേക്കും നീങ്ങുന്നു. അക്രമാസക്തമായ നമ്മുടെ ചരിത്രത്തിൽ അന്യരെന്നു തോന്നിപ്പിച്ചവരിലേക്ക്‌.

3
ഒരു പേജിനും എഴുത്ത്‌ ഒരു ആനന്ദമാക്കാൻ കഴിവില്ലാത്ത വലിയ പുസ്തകങ്ങൾ നമ്മൾ എഴുതുന്നു. അതിന്റെ പൊതുഘടനയിലാണു നമുക്ക്‌ ആത്മവിശ്വാസമുള്ളത്‌. പണമുണ്ടാക്കാൻ പോരാടുന്നതും തലയിൽ രാഷ്ട്രീയം കുത്തിനിറയ്ക്കുന്നതും പോലെ. അതെല്ലാം മന്ദത നിറഞ്ഞ പ്രവർത്തനങ്ങളാണ്‌. എന്നാൽ ഇന്ത്യൻ സംസ്കാരമെന്നപോലെ ടാഗോറും ആത്മാവിനെ കണ്ടെത്തുന്നതിലും അതിന്റെ സ്വേച്ഛയ്ക്ക്‌ അടിയറവു പറയുന്നതിലും സംതൃപ്തി കണ്ടെത്തുന്നു. അദ്ദേഹം പലപ്പോഴും തന്റെ ജീവിതവും നമ്മുടെ ശൈലിയിൽ ജീവിക്കുന്നവരുടെ ജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ താരതമ്യപ്പെടുത്തുന്നതായി തോന്നുന്നു. തന്റെ മാർഗ്ഗമാണു തനിക്കേറ്റവും യോജിച്ചതെന്നതിൽ വിനീതമായി ഉറച്ചു നിൽക്കുന്നു: “വീട്ടിലേക്കു പോകുന്നവർ എന്നെ ഒളികണ്ണിട്ടു നോക്കുന്നു. പുഞ്ചിരിക്കുന്നു. എന്നിൽ ലജ്ജ നിറയ്ക്കുന്നു. ഞാനൊരു യാചക സ്ത്രീയെപ്പോലെ, പാവാടകൊണ്ടു മുഖം മറച്ചിരിക്കുന്നു. എനിക്കെന്തുവേണം എന്നവർ ചോദിക്കുമ്പോൾ ഞാൻ കണ്ണുകൾ താഴേക്കിടുന്നു. ഉത്തരമൊന്നും നൽകുന്നില്ല.” മറ്റൊരിടത്ത്‌ തന്റെ ജീവിതം ഒരിക്കൽ മറ്റൊരു രൂപം പ്രാപിച്ചതോർത്തുകൊണ്ട്‌ “നന്മ തിന്മകളുടെ കലമ്പലിലും പോരാട്ടത്തിലും ഞാൻ സമയം കുറെയേറെ പാഴാക്കി. ഇപ്പോൾ ഒഴിഞ്ഞ ദിനങ്ങൾ. എന്റെ ഹൃദയം എന്റെ കൂട്ടുകാരന്റേതിലേക്ക്‌ വലിച്ചെത്തിക്കുക എന്നതിന്റെ ആനന്ദമനുഭവിക്കാനുള്ള സമയമാണിത്‌. എന്തിനാണിങ്ങനെ പെട്ടെന്ന്‌ ഉപകാരമില്ലാത്ത അസംഗതയുടെ വിളിയെത്തിയതെന്ന്‌ എനിക്കറിയില്ല.“ സാഹിത്യത്തിൽ മറ്റെവിടേയും കണ്ടിട്ടില്ലാത്ത ഒരു നിഷ്കളങ്കത്വം, ഒരു ലാളിത്യം, പക്ഷികളേയും ഇലകളേയും അവ കുട്ടികൾക്കെത്ര അരികിലാണോ അത്രയും ഇദ്ദേഹത്തിനരികിലേക്കുമെത്തിക്കുന്നു. ഋതുമാറ്റത്തെക്കുറിച്ച്‌, നമ്മുടെ ചിന്തകളെത്തുന്നതിനു മുമ്പേ അദ്ദേഹത്തിന്റേതെത്തുന്നു. ബംഗാളി സാഹിത്യത്തിൽ നിന്നാണോ അതോ മതത്തിൽ നിന്നാണോ ഇതെല്ലാം അദ്ദേഹത്തിനു ലഭിച്ചതെന്ന്‌ ചിലപ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്‌. അദ്ദേഹത്തിന്റെ സഹോദരന്റെ കൈകളിലേക്ക്‌ പറന്നിറങ്ങുന്ന പക്ഷികളെ ഓർക്കുമ്പോഴാണങ്ങനെ തോന്നാറുള്ളത്‌. ഇതൊരു പാരമ്പര്യമാണെന്ന ചിന്ത എന്നിൽ സന്തോഷം കൊണ്ടുവരുന്നു. ഒരു ത്രിത്വത്തിന്റെ അല്ലെങ്കിൽ പെലാനോറിന്റെ ദയപോലെ നൂറ്റാണ്ടുകളായി വളരുന്ന ഒരു നിഗൂഢതയാണീ പാരമ്പര്യം എന്ന്‌. അദ്ദേഹം കുട്ടികളെക്കുറിച്ച്‌ സംസാരിക്കുമ്പോൾ, അവർ തന്റെ ഭാഗമാണെന്ന്‌ പറയുമ്പോൾ, താൻ സന്യാസിവര്യരെക്കുറിച്ചും പറയുകയല്ലേ എന്ന തോന്നലുണ്ടാക്കുന്നു. ”അവർ മണൽ കൊണ്ടു വീടുകളുണ്ടാക്കി. ഒഴിഞ്ഞ കക്കത്തോടുകൾ കൊണ്ടു കളിച്ചു. ഉണങ്ങിയ ഇലകൾ കൊണ്ട്‌ വള്ളങ്ങളുണ്ടാക്കി. പുഞ്ചിരിയോടെ അവയൊഴുക്കിക്കളിച്ചു. ലോകത്തിന്റെ കടൽക്കരകളിൽ കുട്ടികൾക്ക്‌ അവരുടേതായ കളികളുണ്ട്‌. അവർക്ക്‌ നീന്താനറിയില്ല. വലവീശാനുമറിയില്ല. മുത്തുപെറുക്കാനിറങ്ങുന്നവർ മുത്തുകൾക്കായാണു വെള്ളത്തിലേക്ക്‌ ഊളയിടുന്നത്‌. വ്യാപാരികൾ കപ്പലുകളിറക്കുന്നു. എന്നാൽ കുട്ടികൾ ചെറുകല്ലുകൾ പെറുക്കിക്കൂട്ടി അവ വീണ്ടും തട്ടിത്തെറിപ്പിക്കുന്നു. ചിതറിക്കുന്നു. അവ ഒളിഞ്ഞിരിക്കുന്ന നിധികളെ തിരയുന്നില്ല. വലവീശുന്നില്ല.“

 

(ഐർലണ്ടിൽ ജനിച്ച കവിയും നാടകകർത്താവും എഴുത്തുകാരനുമാണ്‌ വില്യം ബട്ളർ യീറ്റ്സ്‌. 1865 ൽ ജനനം. 1923 ൽ നോബെൽ സമ്മാനം ലഭിച്ചു. ഐറിഷ്‌ സാഹിത്യ പുനരുത്ഥാനത്തിന്റെ പ്രധാന കരുത്തായിരുന്നു. ഗീതാഞ്ജലിയുടെ ആദ്യ ഇംഗ്ളീഷ്‌ വിവർത്തനത്തിനാമുഖമെഴുതിയത്‌ യീറ്റ്സാണ്‌. 1939 ൽ അന്തരിച്ചു.)

 

****

 

No Comments yet!

Your Email address will not be published.