
അന്തരിച്ച കെ. ബാലഗോപാല്‍ (1952-2009) എഴുതിയ ”ഇയര്‍ ടു ദ ഗ്രൗണ്ട്: റൈറ്റിങ്ങ്‌സ് ഓണ്‍ ക്‌ളാസ് ആന്‍ഡ് കാസ്റ്റ്” എന്ന പുസ്തകം, ആന്ധ്ര പ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി (എ പി സി എല്‍ സി)യുമായുള്ള തന്റെ ദീര്‍ഘകാലത്തെ ബന്ധമവസാനിപ്പിച്ച് പുറത്ത് വന്ന് അദ്ദേഹം സ്ഥാപിച്ച ഹുമണ്‍ റൈറ്റ്‌സ് ഫോറം അടുത്തകാലത്ത് പുനപ്രസിദ്ധീകരിച്ചിരിക്കുന്നു. ആ പുസ്തകമാണിവിടെ പുനവരലോകനം ചെയ്യപ്പെടുന്നത്. പുസ്തകത്തിന്റെ ആദ്യ പതിപ്പ് 2011 ല്‍ നവയാനയാണ് പ്രസിദ്ധീകരിച്ചത്. അതില്‍ പുതിയ പ്രബന്ധങ്ങള്‍ ചേര്‍ത്ത് വിപുലീകരിച്ചതാണ് ഈ പതിപ്പ്. മൂന്നു പതീറ്റാണ്ടുകള്‍കൊണ്ടെഴുതിയ (1980 കള്‍ മുതല്‍ 2000 ങ്ങള്‍ വരെ) നാല്പത്തിനാലു പ്രബന്ധങ്ങളെ ഈ പുസ്തകത്തില്‍ ഏഴ് വിഭാഗമാക്കി തിരിച്ചിരിക്കുന്നു. ജാതി, വര്‍ഗ്ഗം, ഇടതുപക്ഷ പ്രസ്ഥാനം, സമകാലിക ജനകീയ രാഷ്ട്രീയം എന്നിവയെക്കുറിച്ചാണ് ഇതിലെ മിക്കവാറും എല്ലാ ലേഖനങ്ങളും.

ഈ വിഷയങ്ങളില്‍ പാണ്ഡിത്യമുള്ള വി. ഗീതയുടേതാണ് അവതാരിക. ഇതിലെ മിക്കവാറും ലേഖനങ്ങള്‍ ആദ്യം ഇകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ലിയിലോ അല്ലെങ്കില്‍ മറ്റ് ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചവയാണ്. ഒന്നിച്ചവ സൂക്ഷ്മനിരീക്ഷണങ്ങളുടെ വല നെയ്‌തെടുക്കുന്നു. രാഷ്ട്രീയ സമ്പത് വ്യവസ്ഥയിലെ അവബോധങ്ങള്‍, മൗലികവും സമ്പൂര്‍ണ്ണവുമായ ജനാധിപത്യ സങ്കല്പശക്തി എന്നിവ ഒന്നു ചേര്‍ന്ന വര്‍ഗ്ഗവിശകലനത്തിന്റെ സാരശൂന്യ സങ്കല്പങ്ങളേയും, ജാതിനിഷേധത്തിന്റെ അന്ധവാദത്തേയും ഒരുപോലെ നിരസിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ വിമര്‍ശനപരമായി വീക്ഷിക്കുന്നു. ഒന്നിച്ചിവ 536 പേജുകളുണ്ട്. ബാലഗോപാലിന്റെ ധൈഷണിക വ്യാപ്തി, രാഷ്ട്രീയ സത്യസന്ധത, വിശകലന മികവ് എന്നിവയ്ക്ക് യുക്തമായ ഒരു ആദരാഞ്ജലിയാകുന്നു ഈ പുസ്തകം.
ഈ പുസ്തകം അപൂര്‍വ്വമായ ഒരു ധൈഷണിക കലാസൃഷ്ടിയാണ്. ഗണിതശാസ്ത്രജ്ഞനില്‍ നിന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ, മൂര്‍ച്ചയുള്ള രാഷ്ട്രീയ സൈദ്ധാന്തികനായ, ഒരാളുടെ സാക്ഷ്യപത്രം. നിശ്ചയദാര്‍ഢ്യമുള്ള, പതറാത്ത, വ്യക്തതയോടെ ഇന്ത്യന്‍ സമൂഹത്തെ ബാലഗോപാല്‍ വരച്ചിടുന്നു. ജാതിയും വര്‍ഗ്ഗവും വിഭിന്നങ്ങളായ പരിവര്‍ത്തനങ്ങളോ അസ്ഥിരതകളോ അല്ല, അധികാരത്തിന്റെ ആന്തരഘടനയില്‍ ഇഴചേര്‍ന്ന് കിടക്കുന്നവയാണെന്ന് കാണിക്കുന്നു. അദ്ദേഹം ഒരു സാന്ത്വനമല്ല മുന്നോട്ട് വയ്ക്കുന്നത്, വിശകലന കൃത്യതയാണ്. ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ എന്ന് വിളിക്കപ്പെടുന്നിടത്ത് അസമത്വം എങ്ങനെയാണുത്പാദിപ്പിക്കപ്പെടുന്നത്, പുനരുത്പാദിപ്പിക്കപ്പെടുന്നത്, രാഷ്ട്രീയായുധമാക്കപ്പെടുന്നത് എന്നതിന്റെ വിശദാംശങ്ങള്‍. പുസ്തകത്തിലെ ഓരോ ലേഖനവും അദ്ദേഹത്തിന്റെ വിശേഷമായ ധിഷണാശേഷിയുടെ അടയാളങ്ങളാകുന്നു. സംഭവങ്ങളുടെ ഉപരിതലത്തില്‍ നിന്നാഴങ്ങളിലേക്കിറങ്ങിച്ചെന്ന്, അതിനകത്തുള്ള യുക്തിയെ സൈദ്ധാന്തവത്കരിക്കുകയും അതുവഴി അനുഭവസിദ്ധമായവയെ ദീര്‍ഘകാലം നിലനില്‍ക്കുന്ന രാഷ്ട്രീയ ഉള്‍ക്കാഴ്ചകളാക്കുകയും ചെയ്യുന്നു. ഈ അവലോകനം അതിലേക്കുള്ള ഒരു ക്ഷണപ്രഭ മാത്രമാകുന്നു.
പണ്ഡിതനായ ആക്ടിവിസ്റ്റിന്റെ ഒരു മാതൃക
സിദ്ധാന്തത്തിന്റേയും ശീലത്തിന്റേയും ദ്വന്ദ്വമാന ഐക്യത്തില്‍ നിന്നുയരുന്നവയാണ് അനന്യമായ ഉള്‍ക്കാഴ്ചകള്‍. അവ നിലനില്‍ക്കുന്നത് നീതിയുക്തതയുള്ള സമൂഹത്തിന്റെ വീക്ഷണത്തിനോട് സമവായപ്പെടാന്‍ തയ്യാറല്ലാത്ത പ്രതിജ്ഞാബദ്ധതയാലാണ്. ഒരു സഹോദര സംഘടനയിലെ സഹയാത്രികന്‍ എന്ന നിലയില്‍ എനിക്ക് വര്‍ഷങ്ങളായി ബാലഗോപാലിനെ അറിയാനാകുക എന്ന സൗഭാഗ്യമുണ്ടായിട്ടുണ്ട്. ആന്ധ്രപദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറി എന്നനിലയില്‍ ബാലഗോപാല്‍ ധാരമുറിയാതെയുള്ള നൈതികതയുടെ പ്രതീകമായി നിലനിന്നു. തന്റെ തോള്‍സഞ്ചിയുമായി അദ്ദേഹം എല്ലായിടത്തേക്കും തിരക്കിട്ടെത്തി. അതിനു ലഭ്യമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചു. പോലീസ് അക്രമങ്ങള്‍ നടക്കുന്നിടത്തേക്ക് നടന്നെത്തി. ഭക്ഷണം ചായയിലൊതുക്കി നടന്നെത്തി. സംഘട്ടനങ്ങള്‍, കസ്റ്റഡി മരണങ്ങള്‍, കൂട്ടത്തോടെയുള്ള അറസ്റ്റുകള്‍, പീഡനങ്ങള്‍ എന്നിവയെ വിപുലമായി തന്നെ രേഖപ്പെടുത്തി. സംന്യാസതുല്യമായ ഈ പ്രതിജ്ഞാബദ്ധതയില്‍ അദ്ദേഹം ഒരു ഏകാംഗ സേനയായി പ്രവര്‍ത്തിച്ചു. ആന്ധ്രപ്രദേശിലെ എതിര്‍ വിപ്‌ളങ്ങളെ, ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ, യാഥാര്‍ത്ഥ്യങ്ങളെ, രാജ്യത്തിനു മുന്നില്‍ തുറന്ന് കാണിച്ചു. ക്രമസമാധാനത്തിന്റെ പേരില്‍ നടത്തപ്പെടുന്ന ബലപ്രയോഗങ്ങള്‍ സമൂഹവും ഭരണകൂടവും സാധാരണമാക്കിയിരിക്കുന്നത് തുറന്ന് കാണിച്ചു. ഇതെല്ലാം അടിയന്തിരാവസ്ഥയ്ക്ക് സമാനമായ കാലങ്ങളായിരുന്നു. ആന്ധ്രപ്രദേശില്‍ നക്‌സലൈറ്റ് പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കപ്പെട്ട കാലം. അദ്ദേഹത്തിന്റെ ജീവനു തുടര്‍ച്ചയായ ഭീഷണികളുണ്ടായിരുന്ന കാലം. അന്ന് അദ്ദേഹം ഇടക്കിടെ അറസ്റ്റ് ചെയ്യപ്പെട്ടു. പീഢിപ്പിക്കപ്പെട്ടു.
എന്നിട്ടും അടിച്ചമര്‍ത്തല്‍ അദ്ദേഹത്തെ സൈദ്ധാന്തിക മൗനത്തിലേക്കോ കക്ഷിപക്ഷപാത നിശ്ശബ്ദതയിലേക്കോ തള്ളിയിട്ടില്ല. കാലം കടന്നു പോയപ്പോള്‍ അദ്ദേഹം നക്‌സലൈറ്റ് അക്രമങ്ങളെ കൂടുതല്‍ വിമര്‍ശിക്കാന്‍ തുടങ്ങി. സിവില്‍ സ്വാതന്ത്ര്യ മണ്ഡപം സായുധ രാഷ്ട്രീയത്തില്‍ നിന്ന് സ്വതന്ത്രമാകണമെന്ന് നിര്‍ബന്ധിച്ചു. അക്രമം, അതേതു ഭാഗത്തുനിന്നാണെങ്കിലും, അപലപിച്ചു. അദ്ദേഹത്തിന്റെ ഈ നിലപാടിനെതിരെ വിമര്‍ശനങ്ങളുണ്ടായി. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അക്രമങ്ങളേയും അതിനെ പ്രതിരോധിക്കാനായി ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അക്രമങ്ങളേയും ഒരേ തട്ടില്‍, ഒരേ തലത്തില്‍, വിധിനിര്‍ണ്ണയം നടത്താനാകില്ല എന്നായിരുന്നു ഈ വിമര്‍ശകരുടെ വാദം. ഈ അസമത്വം, ക്രമരാഹിത്യം, ഏറ്റവും നന്നായി അറിയാവുന്നത് ബാലഗോപാലിനായിരുന്നു. ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സായുധാക്രമങ്ങളുടെ വേരുള്ളത് ഭരണസംവിധാനങ്ങള്‍ ജനാധിപത്യ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ തിരസ്‌കരിക്കുന്നതിലാണെന്നും അത്തരം അക്രമങ്ങളുടെ അളവ് താരതമ്യം ചെയ്യാനാകാത്ത വിധം ചെറുതാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ സായുധ വിപ്‌ളവം എന്ന വാചോടപമെങ്ങനെയാണ് രാഷ്ട്രീയ സഖ്യ കക്ഷികളെ ഒറ്റപ്പെടുത്തിയതെന്നും, വിശാലമായ ജനാധിപത്യ പിന്തുണയെ തടഞ്ഞതെന്നും അദ്ദേഹം കാണുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വ്യതിരിക്തത കൃത്യതയുള്ളതായിരുന്നു. ഒരു ഭരണഘടനാ ഉണ്മ എന്ന നിലയില്‍ രാജ്യത്തിനുള്ളത് ഗുണപരമായി വ്യത്യസ്തമായ ഒരു ഉത്തരവാദിത്വമാണ്. അതിന്റെ വ്യവസ്ഥാപിത ലംഘനങ്ങള്‍ ഒരു തെറ്റ് എന്നതിനേക്കാള്‍ ഘടനാപരായ ആധിപത്യത്തെ കാണിക്കുന്നതുമാണ്. എന്നിരുന്നാലും സായുധ പ്രതിരോധാക്രമങ്ങളെ ധാര്‍മ്മിക സൂക്ഷ്മപരിശോധനകളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുന്നതിനിതു കാരണമാകുന്നില്ല.
തെറ്റായ സമത്വം, തെറ്റായ ഇളവ്, എന്നിവ രണ്ടിനേയും തിരസ്‌കരിച്ചതാണ് ബാലഗോപാലിനെ വ്യത്യസ്തനാക്കിയത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സിവില്‍ സ്വാതന്ത്ര്യം എന്നത് വിലപേശാനാകാത്ത ഒരു ജനാധിപത്യ തത്ത്വമായിരുന്നു. സംഘര്‍ഷത്തിന്റെ നിമിഷങ്ങളില്‍ ഏറ്റവും രൂക്ഷമായി പരിശോധിക്കപ്പെടുന്ന, പരീക്ഷിക്കപ്പെടുന്ന, തത്ത്വം. അതിന്റെ സമതുലിതാവസ്ഥ രാജ്യഭരണകൂടത്തേയും അതിന്റെ സായുധ എതിരാളികളേയും അസ്വസ്ഥരാക്കി. അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘകാലം നിലനില്‍ക്കുന്ന വിശ്വാസ്യത നല്‍കുകയും ചെയ്തു.
അധിനിവേശാനന്തര രാജ്യത്തിന്റെ നിര്‍വചനം
പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് ബാലഗോപാല്‍, അധിനിവേശാനന്തര ഇന്ത്യന്‍ രാജ്യത്തെക്കുറിച്ച് ഒരു ഘടനാപരമായ വായന നല്‍കുന്നു. അതില്‍ ദേശത്തിന്റെ നിര്‍മ്മാണം എന്നത് പക്ഷപാതരഹിതം അല്ലെങ്കില്‍ സാന്മാര്‍ഗ്ഗിക പദ്ധതിയല്ല, ഭരണവര്‍ഗ്ഗത്തെ കൂടുതല്‍ സമ്പുഷ്ടമാക്കുന്നതിന്റെ ഒരു അവശ്യ ഉപ-ഉത്പന്നമാണത് എന്നദ്ദേഹം വാദിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യയിലെ ഭരണ വര്‍ഗ്ഗത്തിന് ഇരട്ട പ്രവര്‍ത്തനങ്ങളെ നേരിടേണ്ടി വന്നു. പൊതുജനങ്ങളുടേ കൂറ് നേടിയെടുക്കലും, സമ്പത്താര്‍ജ്ജിക്കുന്നതിനാവശ്യമായ വ്യാവസായിക, അടിസ്ഥാന സൗകര്യ, നിര്‍മ്മാണവും. ഇതെല്ലാം നേടിയെടുത്തത് അധികം വരുന്നതിനെ ഒരുമിച്ചു കൂട്ടുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭരണസംവിധാനം എന്ന വ്യവസ്ഥയിലൂടെയാണ്. വ്യവസായത്തിലെ അപായങ്ങളെ രാജ്യഭരണകൂടം വലിച്ചെടുത്തു, അവരുടേതാക്കി. അവര്‍ അതിനായി ലാഭകരമല്ലാത്ത നിക്ഷേപങ്ങള്‍ ഇറക്കി. സ്വകാര്യ മൂലധനത്തെ കര്‍ക്കശ മത്സരങ്ങളില്‍ നിന്ന് പ്രതിരോധിച്ചു. നിയന്ത്രണങ്ങളില്ലാതെ അവയ്ക്ക് വേണ്ട സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുത്തു. കാര്‍ഷിക രംഗത്തത് ഭൂവുടമ വിഭാഗത്തെ സംരക്ഷിക്കുകയും അവരെ പുനസംഘടിപ്പിക്കുകയും ചെയ്തു. ഉയര്‍ന്ന ഭൂപരിധി എന്നതില്‍ മായം ചേര്‍ത്തു. ജലസേചനത്തിലും വൈദ്യുതിവത്കരണത്തിലും നിക്ഷേപിച്ചു. ഹരിത വിപ്‌ളവ സാങ്കേതിക വിദ്യകള്‍ വിതരണം ചെയ്തു. ഗ്രാമീണ പ്രതിരോധത്തെ ചെറുക്കാനാകുന്ന ശക്തിയെ അതിനായി നിയോഗിച്ചു. അതേ സമയം ആധിപത്യത്തിന്റെ ബന്ധങ്ങളില്‍ കേടുപാടുകള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അതിനെ അങ്ങനെ തന്നെ വിടുകയും ചെയ്തു.
ഫലം പൂര്‍വ്വാപരവൈരുദ്ധ്യത്തോടുകൂടിയ ഒരു രൂപവത്കരണമായിരുന്നു. അതില്‍ ഭരണകൂടം, ഏക, ഏറ്റവും വലിയ, മൂലധന മുതല്‍മുടക്കുകാരനായി. സ്വകാര്യ മൂലധനം ഘടനാപരമായി അതിനെ ആശ്രയിക്കുന്നതുമായി. ഇതിനെയാണ് ബാലഗോപാല്‍ ബ്യൂറോക്രാറ്റിക് മൂലധനം എന്ന് തിരിച്ചറിയുന്നത്. ഈ ഭൗതിക പുനസംഘടനയ്‌ക്കൊപ്പം ശക്തമായ പ്രത്യയശാസ്ത്ര അഭിപ്രായ ഐക്യമുണ്ടായി. സോഷ്യലിസം, സ്വയം പര്യാപ്തത, മതനിരപേക്ഷത, ഉദാരസ്വഭാവമുള്ള ജനാധിപത്യം, സാമ്രാജ്യത്വ വിരുദ്ധത എന്നിങ്ങനെയുള്ള അഭിപ്രായ ഐക്യം. അത് ദോഷാനുദര്‍ശകം മാത്രമായിരുന്നില്ല, യഥാര്‍ത്ഥ നേട്ടങ്ങളെ സാധ്യമാക്കുകയും ചെയ്തു. വ്യാവസായിക വളര്‍ച്ച, അടിസ്ഥാന സൗകര്യങ്ങളുടെ വികാസം, കാര്‍ഷിക രംഗത്തെ വര്‍ദ്ധനവ്, താരതമ്യേനയുള്ള രാഷ്ട്രീയ സ്ഥായിത്വം, പരിമിതപ്പെടുത്തിയ രക്ഷാകര്‍തൃത്വത്തിലൂടേയും തിരഞ്ഞെടുത്ത ബലപ്രയോഗങ്ങളിലൂടെയുമുള്ള പൊതുജനങ്ങളുടെ കൂറ് എന്നിങ്ങനെ.
പക്ഷേ സ്ഥായിത്വം എന്ന് തോന്നിപ്പിച്ച ഇതില്‍ ആഴമേറിയ വൈരുദ്ധ്യങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. 1960 കളുടെ മദ്ധ്യത്തോടെ ഈ ഘടനയിലെ സാധ്യതകളെല്ലാം ശോഷിതമായി. വളര്‍ച്ച മന്ദഗതിയിലായി. നിക്ഷേപങ്ങള്‍ കുറഞ്ഞു. രൂപ ബലഹീനമായി, വരള്‍ച്ചയും സാമ്പത്തിക മാന്ദ്യവും വന്നു. ആദര്‍ശപരമായ ഒത്തൊരുമിപ്പ് സമ്മര്‍ദ്ധത്തിലായി. തകര്‍ച്ചയുടെ പ്രവചനാത്മകമായ അല്ലെങ്കില്‍ ദീര്‍ഘദര്‍ശിയായ അഥവാ രേഖീയമായ കണക്കുകളെ തിരസ്‌കരിച്ച് ബാലഗോപാല്‍ വാദിക്കുന്നത് സാമൂഹ്യ വ്യവസ്ഥതകള്‍ക്ക് വികാസത്തില്‍ തന്നെ അവയുടെ പരിമിതികളെ നേരിടേണ്ടി വരും എന്നാണ്. അത് ഒരു ഏക പ്രതിസന്ധിയെയല്ല ഉത്പാദിപ്പിക്കുക. ”പ്രതിസന്ധികള്‍ക്കകത്തെ പ്രതിസന്ധികളായി” പ്രതിസന്ധികളുടെ ശ്രേണിയെയാണ്. ഹരിതവിപ്‌ളവം ഈ പ്രക്രിയയ്ക്ക് ഉദാഹരണമായി. അത് കെട്ടഴിച്ചു വിട്ട ഉത്പാദന ശക്തികള്‍ നിലവിലുള്ള സാമൂഹ്യ ബന്ധങ്ങളുമായി സംഘര്‍ഷത്തിലായി. അത് വര്‍ഗ്ഗ സംഘര്‍ഷത്തെ രൂക്ഷമാക്കി.
തൊഴിലെടുക്കുന്ന വിഭാഗം ഇതിനെ വ്യവസ്ഥയുടെ തകര്‍ച്ചയായി കണക്കിലെടുത്തു. ചൂഷണത്തിനെതിരെ പ്രതിഷേധിക്കാനാരംഭിച്ചു. അതേ സമയം ഉടമ വര്‍ഗ്ഗം ഇതിനെ ഘടനാപരമായ സംയോജനത്തിലെ വീഴ്ചയായി കരുതി. അവര്‍ക്കനുകൂലമായി അതിനെ പുനസംഘടിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. ഈ ഭിന്നത്വം ഇന്ത്യന്‍ രാഷ്ട്രീയ സമ്പത് വ്യവസ്ഥയിലെ ആദ്യത്തെ മുഖ്യ പ്രാഥമിക വൈരുദ്ധ്യമായി പ്രകടമായി. അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തുടര്‍ന്നുള്ള മാര്‍ഗ്ഗത്തിനു രൂപം നല്‍കുകയും ചെയ്തു.

ജാതിയും വര്‍ഗ്ഗവും – ഒരു ക്‌ളാസിക്കല്‍ ആശയക്കുഴപ്പം
സമകാലിക ഇന്ത്യയെ ഗൗരവത്തോടെ മനസിലാക്കുന്നതിനു നിര്‍ണ്ണായകമാണ് ബാലഗോപാലിന്റെ കൃതികള്‍. അതിനൊരു കാരണം ജാതി, വര്‍ഗ്ഗം എന്നിവയെ വിശകലനാര്‍ത്ഥം വ്യത്യസ്തമായ മണ്ഡലങ്ങളായി പരിഗണിക്കാന്‍ അദ്ദേഹം തയ്യാറല്ലാത്തതാണ്. ജാതിയെ സാംസ്‌കാരിക വ്യക്തിത്വങ്ങളിലേക്കോ തിരഞ്ഞെടുപ്പു കണക്കുകളിലേക്കോ തരം താഴ്ത്തുന്നതിനായുള്ള ഉദാര ചട്ടക്കൂടുകള്‍ക്കെതിരേയും അതിനെ ഒരു അലിഞ്ഞു ചേരുന്ന അല്ലെങ്കില്‍ അവശിഷ്ടമായ വൈരുദ്ധ്യത്തിലേക്ക് ചുരുക്കുന്ന യാഥാസ്ഥിതിക മാര്‍ക്‌സിസ്റ്റ് സമീപനത്തിനെതിരെയും ബാലഗോപാല്‍ വാദിച്ചത് ജാതി എന്നത് വര്‍ഗ്ഗത്തിന്റെ ഒരു രൂപീകരണവും, രാഷ്ട്രീയമായ ഒരുമിച്ച് കൂട്ടലും ഭരണകൂടത്തിന്റെ അധികാരം നിലനിര്‍ത്തലുമാണെന്നാണ്.
അദ്ദേഹത്തിന്റെ വിശകലനമനുസരിച്ച് ജാതി എന്നത് സാമ്പത്തിക ബന്ധങ്ങളുടെ ഉപ-ഉത്പന്നമല്ല. അത് ആ ബന്ധങ്ങളെ സംഘടിപ്പിക്കുകയും, അവയ്ക്ക് ദൃഢത നല്‍കുകയും പുനരുത്പാദന ശേഷി നല്‍കുകയും ചെയ്യുന്ന പ്രാഥമിക യന്ത്ര സംഹിതയാണ്. ഈ ഇടപെടല്‍, ”വര്‍ഗ്ഗ രാഷ്ട്രീയവും” ”ജാതി രാഷ്ട്രീയവും” തമ്മില്‍ നിലനില്‍ക്കുന്ന തെറ്റായ എതിര്‍പ്പുകളെ നിശ്ചയകാരിയായി ഇല്ലാതാക്കുന്നു. അങ്ങനെയൊരു സിദ്ധാന്തം ദീര്‍ഘകാലമായി സൈദ്ധാന്തികമായും നയപരമായും ഇന്ത്യന്‍ ഇടതുപക്ഷത്തെ വക്രീകരിച്ചിരുന്നല്ലോ.
ഉത്പാദനത്തിന്റേയും ആധിപത്യത്തിന്റേയും ഭൗതിക ചരിത്രത്തിലാണദ്ദേഹം തന്റെ ഈ വാദത്തെ ഊന്നുന്നത്. പ്രബലമായ, ആധിപത്യമുള്ള ജാതികള്‍, സാംസ്‌കാരിക ഉന്നതര്‍ എന്ന നിലയില്‍ ഉരുത്തിരിഞ്ഞതല്ല, നാടോടി കര്‍ഷക സംഘങ്ങളുടെ ചരിത്രപരമായ പരിവര്‍ത്തനത്തിലൂടെ സംഭവിച്ചതാണെന്ന് ബാലഗോപാല്‍ കാണിച്ചു തരുന്നു. കാര്‍ഷിക ഉത്പാദനവും രാഷ്ട്രീയ നിയന്ത്രണവും ഉള്‍ച്ചേര്‍ത്ത അദ്ധ്യക്ഷാധിപത്യമുള്ള സാമൂഹ്യ രൂപങ്ങളിലേക്ക് അവര്‍ സംഘടിച്ചപ്പോള്‍ സംഭവിച്ചത്. ഈ ജാതി രൂപവത്കരണങ്ങള്‍ ഉത്പാദനക്ഷമതയുള്ള സാമൂഹ്യ ഘടനകളായി. അത് ഭൂമി, തൊഴില്‍, മൂലധനം, വിദ്യഭ്യാസം, രാഷ്ട്രീയാധികാരം എന്നിവയിലേക്കുള്ള പ്രവേശനത്തെ രൂപപ്പെടുത്തി. സംവരണ രാഷ്ട്രീയത്തെക്കുറിച്ചുള്ള, പ്രത്യേകിച്ചും 1980 കളിലെ ആന്ധ്ര പ്രദേശിലെ സംവരണ രാഷ്ട്രീയത്തെക്കുറിച്ചുള്ള, ലേഖനത്തില്‍ അദ്ദേഹം, സംവരണ വിരുദ്ധ സമരങ്ങള്‍ കാര്യക്ഷമതയ്ക്ക് വേണ്ടിയുള്ള തത്ത്വദീക്ഷയുള്ള പ്രതിരോധങ്ങളായിരുന്നില്ല, മറിച്ച് ഉന്നത ജാതിക്കാര്‍ അവര്‍ക്ക് പാരമ്പര്യമായി ലഭിച്ച ഭൗതികാനുകൂല്യങ്ങളെ പ്രതിരോധിക്കാന്‍ നടത്തിയ സംഘടിത പ്രയത്‌നങ്ങളായിരുന്നു എന്ന് തുറന്ന് കാണിക്കുന്നു. ഈ പ്രതിരോധത്തില്‍ സര്‍വകലാശാലകള്‍ക്ക് മീതെയുള്ള നിയന്ത്രണം, രാജ്യസര്‍ക്കാരിനു കീഴിലുള്ള നിയമനങ്ങള്‍, നിയമാനുസരണമായ മൂലധനം, രക്ഷാകര്‍തൃത്ത്വ വലക്കണ്ണികള്‍ എന്നിവയുള്‍പ്പെടുന്നു.
സംവരണവുമായി ബന്ധപ്പെട്ടുള്ള ധാര്‍മ്മിക രോഷങ്ങള്‍ വ്യക്തമായും ഉത്പാദിപ്പിക്കപ്പെട്ടവയായിരുന്നു എന്നദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ഭരണവര്‍ഗ്ഗത്തിന്റെ ആനുകൂല്യങ്ങള്‍ക്കായി പ്രത്യുത്പാദനത്തിനുള്ള നിര്‍ണ്ണായക യന്ത്രസംവിധാനമാണ് ജാതി എന്ന് അദ്ദേഹം തുറന്ന് കാണിക്കുന്നു.
വര്‍ഗ്ഗ വിശ്‌ളേഷണവാദത്തിന്റെ കാര്യത്തിലും ബാലഗോപാല്‍ വിട്ടുവീഴ്ചയില്ലാതെ വിമര്‍ശിക്കുന്നുണ്ട്. അമൂര്‍ത്തമായ വര്‍ഗ്ഗ ഐക്യത്തിനായുള്ള അപേക്ഷകള്‍ സവര്‍ണ്ണരായ താഴേക്കിടയിലുള്ളവര്‍ക്കിടയിലും മദ്ധ്യവര്‍ഗ്ഗങ്ങള്‍ക്കിടയിലും പ്രതിധ്വനിക്കുക ബുദ്ധിമുട്ടായിരിക്കും എന്ന് 1990 കളുടെ ആദ്യത്തില്‍ തന്നെ അദ്ദേഹം തിരിച്ചറിയുന്നുണ്ട്. അവര്‍ ഇതിനികം തന്നെ ജാതി വ്യക്തിത്വത്തെ ഉയര്‍ന്ന് വരുന്ന പ്രാദേശിക ബൂര്‍ഷ്വാസീ രൂപവത്കരണങ്ങളിലേക്ക് ഏകീകരിച്ചു കഴിഞ്ഞവരാണ് എന്ന്. ഈ സംഘങ്ങള്‍ക്ക് ജാതി എന്നത് വര്‍ഗ്ഗ രൂപീകരണത്തിനൊരു തടസ്സമല്ല, അതിന്റെ മാധ്യമമാണ്. രാഷ്ട്രീയ പടയൊരുക്കങ്ങള്‍ക്കും സാമ്പത്തിക മുന്നേറ്റത്തിനും ഒരു സ്രോതസ്സായി ഉപയോഗിക്കുന്നതാണ്. ജാതി, വര്‍ഗ്ഗ പോരാട്ടങ്ങള്‍ക്ക് അതിനാല്‍ തന്നെ ഒരേ അര്‍ത്ഥമാണുള്ളതെന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധബുദ്ധി അതിനാല്‍ തന്നെ സ്വതരാഷ്ട്രീയത്തിനൊരു ഇളവല്ല, പകരം ഇന്ത്യയിലെ വര്‍ഗ്ഗ ഐക്യദാര്‍ഢ്യങ്ങള്‍ നിരന്തരം വിഘടിപ്പിക്കപ്പെടുകയും ജാതി അധികാരശ്രേണിയിലൂടെ പുനസംഘടിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്നു എന്നതിനായുള്ള ഒരു വിശകലന തിരിച്ചറിവാണ്. ഇത് രാഷ്ട്രീയ ഐക്യങ്ങളുടേയും സംഘര്‍ഷങ്ങളുടേയും നിര്‍ണ്ണായക അടിസ്ഥാനമായിരിക്കുന്നു.
ജാതി വര്‍ഗ്ഗം എന്നിവയെ ഏകോപിപ്പിച്ചുള്ള മനസിലാക്കലുകള്‍ ഇന്ത്യ എന്ന രാജ്യത്തെക്കുറിച്ച് ബാലഗോപാലിനുണ്ടായിരുന്ന ആശയമെന്തെന്നറിയാന്‍ ഉപകരിക്കുന്നു. രാജ്യം എന്നതിനെ അവകാശങ്ങളെ നിഷ്പക്ഷമായി ഗാരന്റി നല്‍കുന്ന ഒന്നാണെന്നതിനേയും, അടിച്ചമര്‍ത്തലിനുള്ള ഒരു ഉപകരണം മാത്രമാണെന്ന പരുഷമായ മാര്‍ക്‌സിസ്റ്റ് വീക്ഷണത്തേയും, ഒരുപോലെ തിരസ്‌കരിച്ചുകൊണ്ട് അദ്ദേഹം രാജ്യം, സാധാരണവും ക്രമപ്രകാരമുള്ളതുമായ ഭരണനിര്‍വ്വഹണ ശീലങ്ങളിലൂടെ അസമത്വം പുനരുത്പാദിപ്പിച്ച് എങ്ങനെയാണ് ജാതി-വര്‍ഗ്ഗ ബന്ധങ്ങളില്‍ വേരുറച്ചുകിടക്കുന്നതെന്ന് കാണിക്കുന്നു. പോലീസ്, വിവേചനത്തോടെയുള്ള നിയമ ന്യായത, ബ്യൂറോക്രസിയുടെ ഉന്മുക്തി, സിവില്‍ അവകാശങ്ങളുടെ വ്യവസ്ഥാപിതമായ നിരസനം എന്നിവ വഴിയൊക്കെയാണിതു സാധ്യമാകുന്നതെന്നും കാണിക്കുന്നു.
ഈ ചട്ടക്കൂടിനകത്തെ അവകാശങ്ങള്‍ ഉദാരമതിയായ കിഴിവുകളല്ല, സാമൂഹ്യ പോരാട്ടങ്ങളുടെ മത്സരബുദ്ധിയുള്ള പരിണിത ഫലങ്ങളാണ്. ഭരണഘടനാദര്‍ശങ്ങള്‍ക്ക് പകരം, ഭരണനിര്‍വ്വഹണത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ മുന്‍നിരയില്‍ നിര്‍ത്തി, ബാലഗോപാല്‍, നിയമസംവിധാനം ബലഹീനരെ സംരക്ഷിക്കുന്നു അല്ലെങ്കില്‍ ജനാധിപത്യ സംവിധാനങ്ങള്‍ യാന്ത്രികമായി അസമത്വത്തിനെതിരെ മാദ്ധ്യസ്ഥം വര്‍ഹിക്കുന്നു എന്ന മിഥ്യാബോധത്തെ ഇല്ലാതാക്കുന്നു.
പില്‍ക്കാല എഴുത്തുകളില്‍ ഫാസിസത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ ഭാഗഭാഗിത്വം കൂടുതല്‍ സ്പഷ്ടമാകുന്നുണ്ടെങ്കില്‍, അതിലേക്കുള്ള പാത `ഇയര്‍ ടു ദ ഗ്രൗണ്ടില്‍` തന്നെ കാണാനാകുന്നതാണ്. ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയം ഏതുവിധത്തില്‍ ജാതിയെ ഒരു സാമൂഹ്യ അധികാരക്രമം എന്നതില്‍ നിന്ന് രാഷ്ട്രീയ സാങ്കേതികത്വമാക്കി പരിവര്‍ത്തിപ്പിക്കും എന്ന് അതില്‍ ബാലഗോപാല്‍ പ്രതീക്ഷിക്കുന്നതു കാണാം. അവര്‍ അഭിവാഞ്ചകളുള്ള സവര്‍ണ്ണ വര്‍ഗ്ഗത്തിന്റെ ആകാംക്ഷകളെ ഒരു ഭൂരിപക്ഷാധികാരമായി നിര്‍മ്മിച്ചെടുക്കാനിരിക്കുന്നതെങ്ങനെ എന്ന്.
ജനപ്രിയ രാഷ്ട്രീയം ജാതിയെ ബഹുവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്ക് വലിച്ചെടുക്കുന്നു എന്നദ്ദേഹം പറയുന്നു. ഉയര്‍ന്ന ജാതിക്കാരുടെ സവിശേഷാധികാരം സ്ഥിരപ്പെടുത്തുക, നവ ഉദാരവാദ പുനസംഘടന വഴി അസ്വസ്ഥമായ നിരയ്ക്ക് ഉപശാന്തിയായുള്ള സാംസ്‌കാരിക ആനുകൂല്യങ്ങള്‍ സമര്‍പ്പിക്കുക, പരാതികളേയും വെറുപ്പിനേയും ഹിന്ദു വ്യക്തിത്വത്തിന്റെ തലക്കെട്ടിനു കീഴില്‍ രാഷ്ട്രീയ സ്രോതസ്സുകളാക്കുന്നതിനെ സാധുവാക്കുക എന്നിവയൊക്കെ ഈ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നു. അതിനാലൊക്കെ തന്നെ ഫാസിസ്റ്റ് പ്രവണതകള്‍ അമൂര്‍ത്തങ്ങളായ ആദര്‍ശങ്ങളില്‍ നിന്ന് മാത്രമല്ല ഉയര്‍ന്ന് വരുന്നത്, ജാതി അടിസ്ഥാനമാക്കിയുള്ള വര്‍ഗ്ഗ താത്പര്യങ്ങള്‍ രാജ്യാധികാരവുമായി സഖ്യത്തിലാകുന്നതിലൂടെ കൂടിയാണ്.

ജാതി വ്യവസ്ഥ സംബന്ധിയായ അക്രമങ്ങളും ക്രമാനുസാരം അതിനെ സാമൂഹ്യമായും വ്യവസ്ഥാപരമായും ന്യായീകരിക്കലും ജനാധിപത്യത്തിനെതിരെയുള്ള ഒരു കുറ്റകൃത്യം മാത്രമല്ല എന്നതാണ് ബാലഗോപാലിന്റെ ഊന്നിപ്പറച്ചിലുകള്‍ക്ക് കേന്ദ്രമായിരിക്കുന്നത്. ചുന്ദൂരിലേതുപോലെയുള്ള അക്രമങ്ങളെ അദ്ദേഹം വിശകലനം ചെയ്തത് ജാതി, ഗോത്രഭരണവ്യവസ്ഥ, സാമൂഹ്യ സമ്മതി എന്നിവ അപമാനത്തേയും തരം താഴ്ത്തലിനേയും സാധാരണമാക്കുന്നതിനെ തമ്മില്‍ തമ്മില്‍ ഇഴപിരിക്കാനാകത്തത് തുറന്ന് കാണിക്കുന്നു. അംബേദ്കറിലേക്കെത്തുമ്പോള്‍, അദ്ദേഹം ഉദാരനീതികളേയും ഇടതു പ്രവണതകളേയും, ഫാസിസത്തിന്റെ ബാഹ്യമായ ഒരു ഭ്രംശമായി പരിഗണിക്കുന്നതിനെ തിരസ്‌കരിച്ചിരിക്കുന്നത് കാണാം. ഹിന്ദു സാമൂഹ്യ ക്രമത്തിനകത്തുള്ള സാമൂഹ്യാവസ്ഥകളെ കണ്ടെത്തുകയും ജനാധിപത്യത്തെ വിലയിരുത്തേണ്ടത് തിരഞ്ഞെടുപ്പു വഴിയോ അല്ലെങ്കില്‍ ഭരണഘടനാപരമായോ മാത്രമല്ല, ഭരണനിര്‍വ്വഹണ ശീലങ്ങളിലൂടേയും, സാമൂഹ്യ ബന്ധങ്ങളിലൂടേയും സാമ്പത്തിക ഘടനകളിലൂടെയുമാണെന്ന് പറഞ്ഞിരിക്കുന്നു.
ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലാത്ത ഒരു സിദ്ധാന്തമോ രാഷ്ട്രീയ രൂപരേഖയോ അല്ല ബാലഗോപാല്‍ ഉപേക്ഷിച്ചു പോയിരിക്കുന്നത്. ഉത്പതിഷ്ണുതയുള്ള ജനാധിപത്യ യാഥാര്‍ത്ഥ്യവാദത്തിനുള്ള മാര്‍ഗ്ഗമാണ്. പരുക്കന്‍ രീതികളെ മയപ്പെടുത്താതെ ഭരണകൂട അക്രമത്തെ അദ്ദേഹത്തിന്റെ കൃതികള്‍ നേരിടുന്നു, വിചാരങ്ങളില്ലാത്ത ഉട്ടോപിയന്‍ ചിന്തകളെ തിരസ്‌കരിക്കുന്നു, ജനാധിപത്യം പാരമ്പര്യമായി ലഭിക്കുന്നതല്ല, പോരാട്ടങ്ങളിലൂടേ നിരന്തരം ഉത്പാദിപ്പിക്കപ്പെടേണ്ടതാണെന്നതില്‍ ഊന്നല്‍ കൊടുക്കുന്നു. നവ ഉദാരീകരണത്തിന്റെ സഞ്ചയനങ്ങളാലും, ഭൂരിപക്ഷ ഭരണത്താലും തുടര്‍ച്ചയായ നിരീക്ഷണങ്ങളാലും, ജനാധിപത്യ ഇടത്തില്‍ വരുന്ന കുറവുകളാലും, അടയാളപ്പെടുത്തുന്ന കാലഘത്തില്‍ അദ്ദേഹത്തിന്റെ രചനകള്‍ ആഘോഷിക്കപ്പെടേണ്ട പൈതൃകം എന്നതിലുപരി, അവഗണിക്കാനാകാത്ത ദോഷണമെന്ന നിലയില്‍ നിലകൊള്ളുന്നു. പോരാട്ടങ്ങളിലേക്ക് വെളിച്ചം വീശുന്നവയാകുന്നു.

പരിധികളുള്ള കമ്മ്യൂണിസ്റ്റ് സങ്കല്പലോകം
ജനകീയ സമരങ്ങള്‍ക്ക് വിപ്‌ളവ പ്രാധാന്യം കൈവരണമെങ്കില്‍ അവ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലും നയപരിപാടികളിലുമായിരിക്കണം നടക്കുന്നതെന്ന ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് അനുമാനങ്ങളെയാണ് തന്റെ `പോപുലര്‍ സ്ട്രഗിള്‍സ്: സം ക്വസ്റ്റ്യന്‍സ് ഫോര്‍ കമ്മ്യൂണിസ്റ്റ് തിയറി ആന്‍ഡ് പ്രാക്ടീസ്” എന്ന ലേഖനത്തില്‍ ബാലഗോപാല്‍ ചോദ്യം ചെയ്യുന്നത്. അടിച്ചമര്‍ത്തലിനുവേണ്ടി പരസ്പരൈക്യ ഘടനയുള്ളവയ്‌ക്കെതിരെ പോരാടുന്ന സമരങ്ങള്‍ തമ്മില്‍ തമ്മില്‍ ഒരു ഏകോപനമാവശ്യമുണ്ട് എന്ന് അദ്ദേഹം തിരിച്ചറിയുന്നു. എങ്കിലും, അത്തരത്തിലുള്ള ഏകോപനത്തിനൊരു അകൃത്രിമമായ പ്രതിദാനം, കൊടുക്കല്‍ വാങ്ങല്‍, നല്‍കുന്നില്ലെങ്കില്‍ ഒരു കേന്ദ്രീകൃത പാര്‍ട്ടിയിലേക്ക് വലിച്ചെടുക്കുക എന്ന രൂപം പ്രാപിക്കാനാകില്ല. അകൃത്രിമമായ കൊടുക്കല്‍ വാങ്ങല്‍ എന്നാല്‍ സൈദ്ധാന്തിക പുതുക്കലുകളോട് തുറന്ന മനസ്ഥിതി, സംഘടനാപരമായ പുതുമകള്‍, ജനകീയ അഭിലാഷങ്ങള്‍ ഉരുത്തിരിയുന്നതനുസരിച്ച് അവയോടു പ്രതികരിക്കുക എന്നിങ്ങനെ.
ദളിത്, സ്ത്രീ, പരിസ്ഥിതി, മനുഷ്യാവകാശം തുടങ്ങിയ അനേകം ജനകീയപ്രസ്ഥാനങ്ങള്‍, ഭൂജന്മി ആധിപത്യത്തെയും മൂലധനാധിപത്യത്തെയും വസ്തുതാപരമായി എതിര്‍ത്തിരുന്നുവെങ്കിലും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചട്ടക്കൂടിന് പുറത്താണ് ഉദിച്ചുവന്നത് എന്ന് എണ്‍പതുകളുടെ മധ്യാനന്തര കാലഘട്ടത്തിലെ ആന്ധ്രപ്രദേശ് അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബാലഗോപാല്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വേര്‍പാട് ആശയപരമായ ഒന്നായിരുന്നില്ല, എന്നാണദ്ദേഹത്തിന്റെ വാദം. അത് കമ്മ്യൂണിസ്റ്റ് ശീലങ്ങളോടുള്ള അതൃപ്തിമൂലമായിരുന്നു. ആ ശീലങ്ങള്‍ ബോള്‍ഷെവിക് സംഘടനാ മാതൃകയുടെ കാര്‍ക്കശ്യത്തില്‍ വേരൂന്നിയവയായിരുന്നു. ആ കാര്‍ക്കശ്യം അച്ചടക്കത്തേയും പട്ടാളചിട്ടയേയും സര്‍ഗ്ഗാത്മഗതയ്ക്ക് മുകളിലായും അതൊരു സവിശേഷാധികാരമുള്ളതായും കണ്ടു. നിരന്തരം പുതുക്കിക്കൊണ്ടിരിക്കുക എന്ന സിദ്ധാന്തത്തെ അതു തടസ്സപ്പെടുത്തി. താത്ത്വിക വിമര്‍ശനത്തിനും, പരസ്പര സംയോജനത്തിനും വേണ്ടിയുള്ള ക്ഷണിക്കപ്പെടാത്ത സൈദ്ധാന്തിക നിര്‍ദ്ദേശങ്ങള്‍ വഴിയാണ് ഇതിനോട് കമ്മ്യൂണിസ്റ്റ് പ്രതികരണങ്ങളുണ്ടായത്. അത് മിക്കപ്പോഴും ഈ അകലം വര്‍ദ്ധിപ്പിച്ചതേയുള്ളു. എന്നിരുന്നാലും അപ്പോഴും കമ്മ്യൂണിസ്റ്റുകള്‍ ഉത്പതിഷ്ണുതയുള്ള രാഷ്ട്രീയത്തെ സാധുവാക്കുന്നതിനുള്ള ചരിത്ര പരമായ ഖ്യാതി തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ടുകൊണ്ടിരുന്നു.
ആന്ധ്രപ്രദേശിലെ ചാരായ വിരുദ്ധ പ്രസ്ഥാനങ്ങളെക്കുറിച്ചും ദളിത് പ്രസ്ഥാനങ്ങളെക്കുറിച്ചുമുള്ള ബാലഗോപാലിന്റെ വിമര്‍ശനങ്ങളില്‍, ഈ പൊതുവിമര്‍ശനത്തിനു മൂര്‍ത്തമായ മൂര്‍ച്ച ലഭിക്കുന്നതു കാണാനാകും. ഇവിടെ അദ്ദേഹം ഇടതു രാഷ്ട്രീയത്തിലെ ലിംഗാധിഷ്ഠിധവും ജാതി-ബന്ധിതവുമായ ഇരുണ്ട ഭാഗങ്ങളെ തുറന്ന് കാണിക്കുന്നു. ചാരായ വിരുദ്ധ പോരാട്ടങ്ങളില്‍ ഇടത് കക്ഷികള്‍ ചാരായം, അഴിമതി, ഭരണാധികാരം എന്നിവ തമ്മിലുള്ള പരസ്പര ബന്ധം ശരിയയി തിരിച്ചറിഞ്ഞു എങ്കിലും, അവര്‍ ചാരായ സമ്പത് വ്യവസ്ഥയുടെ പ്രാഥമിക ഇര മദ്യം മൂലം വേതനത്തിന്റെ നല്ലൊരു ഭാഗം ഇല്ലാതാകുന്ന പുരുഷ തൊഴിലാളികളാണെന്ന് തെറ്റിദ്ധരിക്കുകയുണ്ടായി എന്നദ്ദേഹം പറയുന്നു. ഇങ്ങനെ ഒരു നിഗമനത്തിലെത്തുന്നത് ഗാര്‍ഹിക അക്രമങ്ങളിലൂടെ ഏറ്റവുമധികം ഇല്ലായ്മയുടേയും അപഹരണത്തിന്റേയും ഭാരം വഹിക്കുന്നത് സ്ത്രീകളും കുട്ടികളുമാണെന്ന യാഥാര്‍ത്ഥ്യത്തെ അവഗണിക്കുകയായിരുന്നു എന്ന്.

ഈ തെറ്റ് ആഴമേറിയ ഒരു സൈദ്ധാന്തിക ലഘൂകരണത്തില്‍ നിന്നുരുത്തിരിയുന്നതാണ്. തൊഴിലാളി വര്‍ഗ്ഗത്തെ വീടിനു പുറത്തുള്ള പുരുഷ തൊഴിലാളി എന്ന് തരം തിരിച്ച് കുടുംബത്തെ ഒരു ആന്തര സംഘര്‍ഷത്തിന്റെ ഇടം എന്നതിലുപരിയായി സമജാതീയ, ഏകജാതീയ, ഘടകമായി പരിഗണിക്കുന്നതില്‍ നിന്ന്. ഇത് രാഷ്ട്രീയമായി വിനാശകരമായ അവശ്യങ്ങളിലേക്ക് നയിച്ചു. ചാരായത്തിന്റെ വിലകുറയ്ക്കണം എന്നതതിലൊന്നായിരുന്നു. ഈ ആവശ്യങ്ങള്‍ സ്ത്രീകളുടെ ക്‌ളേശങ്ങള്‍ വര്‍ദ്ധിപ്പിക്കാനേ ഉപരിക്കുന്നുള്ളു. അവരതിനാല്‍ പിന്നെ ചാരായ നിരോധനത്തെ ആ ആശയത്തില്‍ തന്നെയടങ്ങിയിട്ടുള്ള അതിന്റെ പരാജയത്തെ, പരിഗണിക്കാതെ പിന്തുണയ്ക്കാനാരംഭിച്ചു. ചാരായ വിരുദ്ധ പ്രസ്ഥാനത്തിന്റെ വിജയം, ഗ്രാമീണ സ്ത്രീകള്‍ സ്വതന്ത്രമായി ഈ പോരാട്ടത്തെ, അക്രമം, കുലീനത്വം, ദൈനം ദിന അതിജീവനം എന്നിവയ്ക്ക് ചുറ്റിലേക്കും പുനരൂപീകരിച്ചതില്‍ നിന്നാണുണ്ടായത് എന്ന് ബാലഗോപോല്‍ വാദിക്കുന്നു. സമാന്തരമായി, ദളിത് പ്രസ്ഥാനങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭാഗഭാഗിത്വം പരാജയമായി. അത്, ഇടതുപക്ഷത്തിന്റെ സാമൂഹ്യാടിത്തറ എന്നനുമാനിക്കപ്പെടുന്ന, ഗ്രാമങ്ങളിലെ ഭൂമിയില്ലാത്ത തൊഴിലാളികളില്‍ വേരൂന്നിയതായിരുന്നു എങ്കിലും, അധികവും വികസിച്ചത് കമ്മ്യൂണിസ്റ്റ് പ്രവാഹങ്ങള്‍ക്ക് പുറത്തായിരുന്നു. അതിനു കാരണം ജാതി അടിസ്ഥാനമായുള്ള ആത്മാഭിമാനവും കുലീനത്തവും, പ്രത്യേകിച്ചും ജന്മിത്ത ആധിപത്യം പരിമിതമായിരിക്കുകയും ജാതി അവഹേളനം സാമൂഹ്യ ചലനാത്മകതയെ പരുഷമായി നിയന്ത്രിക്കുകയും ചെയ്യുന്നിടത്ത്, രണ്ടാം തരം അല്ലെങ്കില്‍ ”ഇതര ആശയങ്ങളില്‍ അധിഷ്ഠിതമായ”തായി കരുതപ്പെടുകയും ചെയ്തതുകൊണ്ടാണ്.
മാര്‍ക്‌സിസത്തിലെ വര്‍ഗ്ഗ വിശകലനത്തിലുള്ള ആഴമേറിയ സൈദ്ധാന്തിക പ്രശ്‌നമായിട്ടാണ് ബാലഗോപാല്‍ ഈ പരാജയങ്ങളെ കാണുന്നത്. ‘Class-in-itself’ (സ്വയമേവയുള്ള വര്‍ഗ്ഗം) എന്നും ”Class-for-itself’` (തനിക്കുവേണ്ടിയുള്ള വര്‍ഗ്ഗം) എന്നും പറയുന്ന വ്യത്യാസത്തെ പുതുക്കി വായിച്ചുകൊണ്ട്, ഉല്‍പ്പാദനബന്ധങ്ങളിലെ ഒരു വസ്തുനിഷ്ഠ സ്ഥാനമെന്നത് മാത്രം മോചനത്തിന് മതിയാകില്ലെന്ന് അദ്ദേഹം വാദിക്കുന്നു; അതിനൊപ്പം ആത്മബോധത്തിന്റെ ഒരു പ്രക്രിയയും ആവശ്യമാണ്. സ്വന്തം മാന്യതയുടെയും അന്തര്‍ഗത മൂല്യത്തിന്റെയും കൂട്ടായ പ്രവര്‍ത്തനശേഷിയുടെയും കണ്ടെത്തല്‍ ആവശ്യമാണ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍, ഈ സ്വയം കണ്ടത്തല്‍ സംഭവിക്കുന്നത് പ്രാഥമികമായും അമൂര്‍ത്തമായ വര്‍ഗ്ഗ വ്യക്തിത്വത്തിലൂടെയല്ല, അടിച്ചമര്‍ത്തലിന്റെ ജാതി, വംശ ലിംഗ അനുഭവങ്ങളിലൂടെയാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് ശീലങ്ങള്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ നിഷ്പക്ഷവും വസ്തുനിഷ്ടവുമായ ഐക്യം എന്നതില്‍ ഉറച്ചു നിന്നു. വ്യക്തിത്വാധിഷ്ഠിത, സ്വത്വനിര്‍ദ്ധാരണത്തെ രാഷ്ട്രീയ അവബോധാത്മക സ്വതത്തിനാവശ്യം വേണ്ടത് എന്നതിനു പകരം ഒരു വിയോജിപ്പുകളുണ്ടാക്കുന്ന, വിഭാഗീയതയുണ്ടാക്കുന്ന, പ്രക്രിയയായി നോക്കിക്കണ്ടു. അതിന്റെ നേതൃത്വത്തിലുള്ള സവര്‍ണ്ണ സാമൂഹ്യ ഉത്പത്തികള്‍ കരുത്തുനല്‍കിയ അന്ധതയാണിത്.
ഇത്തരം അവകാശപ്രഖ്യാപനങ്ങള്‍ പിന്നോട്ടുപോക്കുകളല്ല, മറിച്ച് പരിവര്‍ത്തനാത്മകമായ മുന്നേറ്റങ്ങളാണെന്ന് ബാലഗോപാല്‍ വാദിക്കുന്നു. ഇതിന് ഉദാഹരണമായി അദ്ദേഹം പട്ടികജാതി സംവരണത്തിനുള്ളിലെ വര്‍ഗ്ഗീകരണാവകാശത്തിനായി നടന്ന മഡിഗ പ്രസ്ഥാനം ചൂണ്ടിക്കാണിക്കുന്നു. അവിടെ, ഉപവിഭാഗീയ അവകാശപ്രകടനം, ഏകീകൃതമായ ”പീഡിത വര്‍ഗ്ഗം” എന്ന ഭ്രമത്തെ തകര്‍ത്തുവെങ്കിലും, മാന്യതയും പ്രവര്‍ത്തനശേഷിയും കൈവരിക്കാന്‍ അനിവാര്യമായ ഘടകമായി തെളിഞ്ഞുവെന്ന് അദ്ദേഹം കാണിക്കുന്നു. ഈ വാദം വിപുലീകരിച്ച്, ലെനിനിസ്റ്റ് vanguardism എന്ന സിദ്ധാന്തത്തെ അദ്ദേഹം വിമര്‍ശിക്കുന്നു. അധികാരം കൈവശപ്പെടുത്തല്‍ ലക്ഷ്യമാക്കി കേന്ദ്രീകൃത പാര്‍ട്ടിയന്ത്രണത്തിനടിയില്‍ ജനസമരങ്ങളെ ലയിപ്പിക്കുന്നതിനുപകരം, പ്രാദേശിക സാഹചര്യങ്ങളില്‍ സ്വയംസംഘടിതവും സ്വയംനിര്‍ദ്ദേശിതവുമായി ഉയരുന്ന സമരങ്ങള്‍ പരസ്പരം സഖ്യം ചെയ്ത് വിശാലമായ ജനപ്രസ്ഥാനങ്ങളായി വികസിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇവിടെ, വര്‍ഗ്ഗചേതനയും മോചനസമരവും കേവലം കേന്ദ്രാഭിമുഖമായ പാര്‍ട്ടി ശാസനയുടെ ഫലമല്ല; മറിച്ച് ഘടനയിലെ പ്രത്യേക വിരോധങ്ങളില്‍ നിന്ന് ഉദ്ഭവിക്കുന്ന, പ്രാദേശികമായി രൂപംകൊള്ളുന്ന സാമൂഹിക ശക്തികളുടെ സജീവ ഐക്യമാണ് എന്ന് ബാലഗോപാല്‍ സൂചിപ്പിക്കുന്നു.
പശ്ചിമ ഗോദാവരിയിലെ സ്വതന്ത്ര ആദിവാസി ഭൂസമരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനം ഈ നിലപാടിനെ കൂടുതല്‍ ഉറപ്പിക്കുന്നു: കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സമരങ്ങള്‍ വര്‍ഗ്ഗചേതന ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെങ്കിലും, സ്വയംഭരണപരമായ ജനസമാഹരണം കൂടുതല്‍ ദൃഢനിശ്ചയവും, അന്തര്‍ലീന നേതൃത്വത്തിന്റെ ഉദ്ഭവവും, കൂടാതെ കൂട്ടായ സ്വമാനബോധത്തിന്റെ ആഴമുള്ള രൂപീകരണവും സൃഷ്ടിച്ചു. ഇങ്ങനെ, ഈ വാദങ്ങള്‍ ഒരുമിച്ച് ഇന്ത്യയിലെ വര്‍ഗ്ഗധാരണ, സംഘടനാതത്വം, രാഷ്ട്രീയ തന്ത്രം എന്നിവയെ അടിസ്ഥാനപരമായി പുനര്‍ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഈ പുനര്‍ചിന്ത അധിഷ്ഠിതമാകേണ്ടത് പീഡിത വര്‍ഗ്ഗങ്ങള്‍ സ്വയം ചരിത്രവിഷയങ്ങളായി രൂപാന്തരപ്പെടുന്ന ജീവിച്ചിരിക്കുന്ന സാമൂഹിക പ്രക്രിയകളിലാണെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. ഇവിടെ, വര്‍ഗ്ഗം ഒരു നിര്‍ജ്ജീവ ഘടനാത്മക സ്ഥാനം മാത്രമല്ല; മറിച്ച് ദ്വന്ദ്വാത്മക ഭൗതികവാദത്തിന്റെ പ്രക്രിയയില്‍, സാമൂഹിക വിരോധങ്ങളിലൂടെ സ്വയംചരിത്രം നിര്‍മ്മിക്കുന്ന സജീവ ശക്തിയാണ്.

ലെനിനിസ്റ്റ് മാതൃകയില്‍ നിന്ന് ഉരുത്തിരിഞ്ഞ, വിപ്‌ളവാധികാരത്തിന്റെ ഏകാധിപത്യ അവകാശവാദത്തില്‍ അടിഞ്ഞുകൂടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പരാജയകാരണം, വ്യക്തിത്വ-ആധാരമായ സമരങ്ങളുമായി യഥേഷ്ടമായി സംവദിക്കാന്‍ കഴിയാതിരുന്നതെന്നാണെന്ന ബാലഗോപാലിന്റെ ആശങ്കയോട് ഞാന്‍ മിക്കവാറും യോജിക്കുന്നു. എന്നിരുന്നാലും, അതിന് പകരമായ മാര്‍ഗം സ്വയംഭരണപരമായ സമരങ്ങളുടെ ഒരു ഫെഡറേഷന്‍ മാത്രമാകാന്‍ കഴിയില്ല. ഇത്തരം പ്രസ്ഥാനങ്ങള്‍ വിഭജനത്തെ അതിജീവിച്ച് പരിവര്‍ത്തനാത്മക ഫലങ്ങള്‍ കൈവരിക്കണമെങ്കില്‍, അവയ്ക്ക് നിര്‍ബന്ധമായും ഒരു ഏകീകരണ തത്ത്വം ആവശ്യമാകും. പക്ഷേ, ആ ഏകീകരണ തത്ത്വം സംഘടനാത്മക കേന്ദ്രാഭിമുഖത (organisational centralism) ആയിരിക്കേണ്ടതില്ല; മറിച്ച് വര്‍ഗ്ഗധാരണയെ തന്നെ അടിസ്ഥാനപരമായി പുനര്‍വിചാരിക്കുന്നതിലൂടെ കൂടുതല്‍ സുസംഘടിതമായി ഉദ്ഭവിക്കാവുന്നതാണ്. ഇവിടെ, വര്‍ഗ്ഗത്തെ ഉല്‍പ്പാദനബന്ധങ്ങളിലെ ഒരു നിശ്ചിത ഘടനാത്മക സ്ഥാനമായി മാത്രം കാണാതെ, ജാതി, ലിംഗം, പ്രദേശം തുടങ്ങിയ സാമൂഹിക വിരോധങ്ങളുമായി ദ്വന്ദ്വാത്മകമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ചരിത്രപരമായ രൂപീകരണമായി മനസ്സിലാക്കേണ്ടതുണ്ട്. അത്തരമൊരു പുനര്‍ചിന്തയിലൂടെയാണ് ഏകീകരണം യാന്ത്രികമായ പാര്‍ട്ടി ശാസനയില്‍ നിന്നല്ലാതെ സാമൂഹിക സമരങ്ങളുടെ ആന്തരിക ദ്വന്ദ്വങ്ങളില്‍ നിന്ന് സൃഷ്ടിപരമായി ഉയരുക. വര്‍ഗ്ഗത്തെ സങ്കീര്‍ണ്ണമായ സാമ്പത്തിക വിഭാഗമായി മാത്രം കാണാന്‍ പാടില്ല; പകരം ഏതൊരു സമൂഹത്തിലും പ്രവര്‍ത്തിക്കുന്ന എല്ലാ തരത്തിലുള്ള ചൂഷണ-അധിനിവേശ പ്രക്രിയകളെയും ഉള്‍ക്കൊള്ളുന്ന ഒരു സങ്കല്‍പ്പാത്മക വ്യപകര്‍ഷണമായി മനസ്സിലാക്കേണ്ടതാണ്. ഇത്തരം ഒരു പുനര്‍സങ്കല്‍പ്പനത്തിന്റെ അടിസ്ഥാനത്തില്‍, ജാതി, ലിംഗം തുടങ്ങിയ അധിപത്യരൂപങ്ങള്‍ക്കെതിരായ സമരങ്ങള്‍ വര്‍ഗ്ഗസമരത്തിനൊപ്പം നില്‍ക്കുന്ന സമാന്തര പ്രക്രിയകളായി കാണപ്പെടുകയില്ല; അവ വര്‍ഗ്ഗസമരത്തിന്റെ ഘടകങ്ങളായി, അതിന്റെ ആന്തരിക രൂപങ്ങളായി പ്രത്യക്ഷപ്പെടും. എന്നാല്‍ ഈ കാഴ്ചപ്പാട് മാര്‍ക്‌സിയന്‍ മുഖ്യവിഭാഗങ്ങളുടെയും ആശയഘടനകളുടെയും സമഗ്രമായ പുനര്‍സംഘടന ആവശ്യപ്പെടുന്നു. അതിനായി വര്‍ഗ്ഗം, ഉല്‍പ്പാദനബന്ധങ്ങള്‍, അടിസ്ഥാന ഘടനയും-ഉപരിതലഘടനയും, വര്‍ഗ്ഗചേതന, ചരിത്രഭൗതികവാദം തുടങ്ങിയവയെ ദ്വന്ദ്വാത്മകമായി പുനര്‍വിചിന്തിക്കേണ്ടിവരും. അതോടൊപ്പം, ഈ സിദ്ധാന്തപരമായ പുനര്‍രചനയെ യാഥാര്‍ത്ഥ്യമാക്കാന്‍ സൃഷ്ടിപരമായ രാഷ്ട്രീയ ശീലങ്ങളും അനിവാര്യമാകും.

കെ. ബാലഗോപാല്‍
പിന്നീട് പൗരാവകാശ പ്രവര്‍ത്തകനായ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും സര്‍ഗ്ഗാത്മകതയും സൃഷ്ടിപരതയുമുള്ള രാഷ്ട്രീയചിന്തകരില്‍ ഒരാളായിരുന്നു ഗണിതശാസ്ത്രജ്ഞനായിരുന്ന കെ. ബാലഗോപാല്‍ (1952-2009). 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥ അദ്ദേഹത്തെ രാഷ്ട്രീയമായി ആഴത്തില്‍ സ്വാധീനിച്ചു. പൊലീസ് ഭീഷണികളെ തുടര്‍ന്ന് അധ്യാപനവൃത്തിയില്‍ നിന്ന് രാജിവെച്ച് പൂര്‍ണ സമയ പൗരാവകാശ പ്രവര്‍ത്തനത്തിലേക്ക് കടന്നു. ആന്ധ്രാപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി (APCLC) യുടെ ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം (HRF) എന്ന സംഘടനയുടെ സഹസ്ഥാപകനായും പ്രവര്‍ത്തിച്ച അദ്ദേഹം വ്യാജ ഏറ്റുമുട്ടലുകള്‍, കസ്റ്റഡി പീഡനങ്ങള്‍, കാശ്മീര്‍, വടക്കുകിഴക്കന്‍ ഇന്ത്യ, മധ്യ ഇന്ത്യ എന്നിവിടങ്ങളിലെ ഭരണകൂട പീഡനങ്ങള്‍ എന്നിവ അന്വേഷിച്ചു.
ബാലഗോപാല്‍ പൗരാവകാശത്തെ ഭരണകൂട അതിക്രമങ്ങളില്‍ ഒതുക്കാതെ, ജാതിയും ലിംഗവും അടിസ്ഥാനമാക്കിയുള്ള സാമൂഹിക പീഡനങ്ങളെയും അതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ഡോ. ബി.ആര്‍. അംബേദ്കറിന്റെ ചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അവകാശങ്ങള്‍ സംസ്ഥാനത്തിന്റെ ദാനമല്ല, ദീര്‍ഘകാല സമരങ്ങളിലൂടെ രൂപം കൊണ്ട നൈതിക മാനദണ്ഡങ്ങളാണെന്ന് അദ്ദേഹം വാദിച്ചു. `ബുര്‍ഷ്വാ അവകാശങ്ങള്‍` എന്ന നിരാകരണത്തെ ചോദ്യം ചെയ്ത്, അവകാശങ്ങളെ ജനാധിപത്യജീവിതത്തിന്റെ അനിവാര്യ മൂല്യമായി അദ്ദേഹം കണക്കാക്കി.
വക്കീലായി പരിശീലനം നേടി, ഭൂമി, വനാവകാശം, അടിസ്ഥാന അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ അവഗണിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടി. തെലുങ്കിലും ഇംഗ്‌ളീഷിലും സമൃദ്ധമായി എഴുതിയ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ജാതി-വര്‍ഗ്ഗബന്ധങ്ങള്‍, സംസ്ഥാനാധികാരം, ഹിന്ദുത്വ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ സൂക്ഷ്മമായ സാമൂഹിക-രാഷ്ട്രീയ വിശകലനം നല്‍കി. സമത്വവും നീതിയും അടിസ്ഥാനമാക്കിയുള്ള സഹജീവിതത്തിന്റെ നൈതികതയാണ് അദ്ദേഹത്തിന്റെ ചിന്തയുടെ ഹൃദയം. എഴുത്തുകാരനെന്ന നിലയില്‍, സംഭവങ്ങളുടെ സൂക്ഷ്മമായ പ്രാദേശിക വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനൊപ്പം, അവയെ ജാതി-വര്‍ഗ്ഗബന്ധങ്ങള്‍, സംസ്ഥാനാധികാരം, ഹിന്ദുത്വത്തിന്റെ ഉയര്‍ച്ച എന്നിവയുമായി ബന്ധപ്പെടുത്തി വായിക്കാന്‍ നമ്മെ പഠിപ്പിച്ചു. രാഷ്ട്രീയവിശകലനത്തിന്റെ തിളക്കത്തോടൊപ്പം, സഹജീവിതത്തിന്റെ നൈതികത – പരസ്പര ബഹുമാനം, സമത്വം, നീതി – ഇവയായിരുന്നു അദ്ദേഹത്തിന്റെ ചിന്തയുടെ അന്തര്‍ഗ്ഗത ആധാരം.
Coursty : thewire.in

ആനന്ദ് ടെല്‍തുംബ്ദെ
പെട്രൊനെറ്റ് ഇന്ത്യ ലിമിറ്റഡിന്റെ സിഇഒയായും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഖരഖ്പൂര്‍, ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളില്‍ പ്രൊഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരനും പൗരാവകാശ പ്രവര്‍ത്തകനുമാണ്.


വിവ : സുരേഷ് എം.ജി.







No Comments yet!