Skip to main content

ബഷീറിന്റെ കഥാബീജം അതിജീവനത്തിന്റെ ഉണര്‍ത്തുപാട്ട്

വൈക്കം മുഹമ്മദ്ബഷീര്‍ മലയാള കഥാസാഹിത്യത്തില്‍ വളരെ ജനകീയനാണെങ്കിലും അദ്ദേഹം നല്ലൊരു നാടകം എഴുതിയിട്ടുണ്ട് എന്നറിയുന്നവര്‍ വിരളമാണ്. ‘കഥാബീജം’ എന്ന നാടകരചന അദ്ദേഹം നടത്തിയത് സമസ്ത കേരള സാഹിത്യപരിഷത്തിന്റെ പതിനാറാമത് വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടിയായിരുന്നു. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള സാഹിത്യപരിഷത്ത് രണ്ടാഴ്ച സമയത്തിനുള്ളില്‍ നാടകം രചിച്ച് അവതരിപ്പിക്കാന്‍ നിശ്ചയിച്ചു. അതേ തുടര്‍ന്നായിരുന്നു ബഷീറിന്റെ ആ സാഹസം.

അതേപ്പറ്റി ജി.ശങ്കരക്കുറുപ്പ് കഥാബീജം പുസ്തകത്തിന്റെ ആമുഖത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്; ”നാലഞ്ചുദിവസംകൊണ്ട് നാടകം മുഴുവനാക്കിയപ്പോള്‍ ഞങ്ങള്‍ക്ക് അത്ഭുതവും ആഹ്ലാദവും തോന്നി. ഓരോ പരിഷത്ത് സമ്മേളനവും, നിര്‍മ്മാണത്തെക്കുറിച്ച് ദീര്‍ഘമായി പ്രസംഗിക്കുകയേ ചെയ്തിരുന്നുള്ളൂ. പതിനാറാമത്തെ സമ്മേളനം ഒരു യുവസാഹിത്യകാരന്റെ സഹകരണംകൊണ്ടു വിശിഷ്ടമായ ഒരു കലാനിര്‍മ്മിതിയുടെ മാതൃകതന്നെ പ്രകാശിപ്പിച്ചു എന്ന് ഞങ്ങള്‍ക്ക് അഭിമാനിക്കാന്‍ കഴിഞ്ഞു.” തുടര്‍ന്ന്, 1945 മെയ്മാസത്തില്‍ കഥാബീജം നാടകം പുസ്തകമാക്കി പ്രസിദ്ധീകരിച്ചു.

ബഷീര്‍ ‘പ്രേമലേഖനം’ എന്ന കഥ 1942ല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് എഴുതിയത്. 1943ല്‍ ആണത് പ്രസിദ്ധപ്പെടുത്തിയത്. അക്കാലത്തുതന്നെയാണ് കഥാബീജം നാടകത്തിന്റെ രചനയും. ‘ജന്മദിനം’ എന്ന കഥ അന്നേക്ക് എഴുതിക്കഴിഞ്ഞിട്ടുണ്ടാകുമോ? എന്തായാലും, ജന്മദിനത്തിന്റെയും, പ്രേമലേഖനത്തിന്റെയും സഹൃദയാനുഭവങ്ങള്‍ സ്ഫുരിക്കുന്ന നാടകമാണ് കഥാബീജം. ‘ഭഗവദ്ഗീതയും കുറേ മുലകളും’ എന്ന കഥയില്‍ അദ്ദേഹം പ്രസാധകനായ A.K.T.K.M വാസുദേവന്‍ നമ്പൂതിരിപ്പാടിനോട് വിവരിക്കുന്നുണ്ട്, ഇപ്രകാരം; ”എന്റെ പക്കല്‍ ഇപ്പോള്‍ ഒരു പുസ്തകമുണ്ട്. കഥാബീജം. സാഹിത്യപരിഷത്തിനുവേണ്ടി എഴുതിയത്. പരിഷദ്‌സമ്മേളനത്തില്‍ അഭിനയിച്ചത്. എനിക്ക് മുഖവിലയുടെ മുപ്പത്തിമൂന്നും മൂന്നിലൊന്നും ശതമാനം കിട്ടണം.” മറ്റൊരു പ്രസാധകര്‍ക്കുവേണ്ടി മംഗളോദയത്തില്‍ അച്ചടിക്കുന്ന ”ജന്മദിനം കഥാസമാഹാരത്തിന്റെ പ്രൂഫ് വായിക്കാനായി അദ്ദേഹം അവിടെ എത്തിയതാണ്. എഗ്രിമെന്റ് വെപ്പിച്ച് ബഷീറിന് അഡ്വാന്‍സായി 500 രൂപ നല്‍കി എന്നുമാണ് ഈ കഥയില്‍തന്നെ രേഖപ്പെടുത്തിയിട്ടുള്ളത്.

‘ഒരു ഭഗവദ്ഗീതയും, കുറെ മുലകളും’ എന്ന കഥയില്‍ കേരളത്തിലെ ഏറ്റവും വലിയ പ്രസാധകനെ കഥാകാരന്‍ വെല്ലുവിളിക്കുന്നതിന്റെ വാങ്മയദൃശ്യങ്ങളാണ് പങ്കുവെക്കുന്നത്. അതിന്റെയെല്ലാം ആരംഭം, കഥാബീജം എന്ന നാടകത്തിലാണെന്നത് വ്യക്തമാണ്. സാഹിത്യകാരന്‍ സദാശിവന്റെ ഒറ്റദിവസത്തെ കഥയാണ് ഒന്നൊന്നരമണിക്കൂര്‍ നേരത്തെ നാടകമാക്കി നാലഞ്ചുദിവസംകൊണ്ട് ബഷീര്‍ എഴുതി അവതരിപ്പിച്ചത്. രണ്ടാഴ്ചകൊണ്ടത് അരങ്ങേറി. എന്തൊരു അതിശയമുറ്റിയ കാലം? സദാശിവന്‍ ഒരു ഹോട്ടലിനടുത്തുള്ള വാടകമുറിയില്‍ നാലഞ്ചുമാസമായി വാടകപോലും കൊടുക്കാനാവാത്ത സാഹചര്യത്തില്‍ താമസിക്കുന്നു. ഭക്ഷണം കഴിക്കാനും ചില്ലിക്കാശില്ല. വീട്ടുടമസ്ഥനു വാടകനല്‍കാത്തതിന്റെയും ഹോട്ടലുടമസ്ഥന് പറ്റുകാശ് നല്‍കാത്തതിന്റെയും സംഘര്‍ഷങ്ങള്‍ മൊത്തത്തില്‍ ആ അന്തരീക്ഷത്തില്‍ ആദ്യാവസാനം ഉണ്ട്. വീട്ടുടമസ്ഥന്റെ മകള്‍ മാധവിയെ സദാശിവന്‍ ചീത്തയാക്കുന്നു എന്ന പല്ലവിയും അവിടെ ആദ്യാവസാനം മുഴങ്ങുന്നുണ്ട്. അതില്‍ വാസ്തവമൊന്നും ഇല്ലെന്നത് സുവ്യക്തമാണ്. കൂടാതെ, അക്കാലത്തെ പ്രസിദ്ധനായ ഒരു എഴുത്തുകാരന്റെ ദരിദ്രമായ അവസ്ഥയും പ്രസാധകന്റെയും മറ്റും മനുഷ്യത്വരഹിതമായ പെരുമാറ്റവും കഴുത്തറുപ്പന്‍ ചൂഷണവും എല്ലാം ദൃശ്യമാക്കുകയും ചെയ്യുന്നുണ്ടവിടെ. കടുത്ത ദാരിദ്ര്യത്തിനും, ജീവിതസംഘര്‍ഷങ്ങള്‍ക്കും ഇടയില്‍ അതിനെയെല്ലാം ധീരമായി അതിജീവിക്കുകയും തലകുനിക്കാതെ തൂലിക കയ്യിലേന്തുകയും ചെയ്യുന്നതിന്റെ ഉശിരന്‍ ദൃശ്യങ്ങളാണ് കഥാബീജം നാടകത്തിലൂടെ സദാശിവന്‍ എന്ന കഥാപാത്രം നിര്‍വഹിക്കുന്നത്. വ്യക്തിയും, എഴുത്തുകാരനും എന്ന നിലയില്‍ ധീരമായ ശബ്ദമാണ് സദാശിവന്‍ മുഴക്കുന്നത്.

സദാശിവന്റെ വ്യക്തിസ്വരൂപവും ആശയമണ്ഡലവും വലിയ വിപ്ലവകാരിയുടേതാണ്. ജീവിതാനുഭവങ്ങളിലൂടെ വളരുന്ന ദാര്‍ശനിക ഭാവങ്ങളുള്ള ഒരു എഴുത്തുകാരനെ ഇവിടെ ദര്‍ശിക്കാവുന്നതാണ്. സാക്ഷാല്‍ ബഷീറിന്റെ തന്നെ അനുഭവപാഠങ്ങളുടെ ആവിഷ്‌കാരമാണിത്. ദേശീയപ്രസ്ഥാനം അത്യന്തം ജനകീയവും, വിപ്ലവകരവുമായ 1940കളാണ് ഇവിടെ സന്ദര്‍ഭം. ഖദര്‍ ഷര്‍ട്ടും, ഖദര്‍ തൂവാലയും നല്‍കുന്ന സൂചനകള്‍, പുസ്തകങ്ങളും, മാസികകളും നല്‍കുന്ന സൂചനകള്‍, ഏതു കൊടുങ്കാറ്റിലും കെട്ടുപോകില്ലെന്ന് ഉദ്‌ഘോഷിക്കുന്ന ഹരിക്കെയിന്‍ വിളക്ക് അവിടെയുണ്ട്. ഒരു കുന്ന് എഴുത്തുകള്‍. എഴുത്തിന്റെയും, വായനയുടെയും, സംവേദനത്തിന്റെയും ലോകത്തിന്റെ പ്രതിനിധിയോ, നായകനോ ആണ് സദാശിവന്‍. വീട്ടുടമസ്ഥന്റെ മകള്‍ മാധവിയുടെ കളിയാട്ടങ്ങള്‍ക്കിടയില്‍ കാല്പനികമായ യാതൊരു വാക്കോ നോക്കോ എഴുത്തുകാരന്‍ ഉയര്‍ത്തുന്നില്ല. വാസ്തവത്തില്‍ അതിനു നിര്‍ബന്ധിക്കുന്ന സാഹചര്യം അവിടെയുണ്ടെങ്കിലും കഥാകാരന്‍ അതാഗ്രഹിക്കുന്നില്ല. സദാ എഴുത്തിലും വായനയിലും അദ്ദേഹം വ്യാപൃതനായി കഴിയുന്നു. ദാരിദ്ര്യത്തിന്റെയും ഇല്ലായ്മകളുടെയും ജീവിതം നല്‍കുന്ന ക്ഷീണാവസ്ഥയുണ്ടെങ്കിലും അയാള്‍ നിരന്തരം കഥയെഴുത്തിലാണ്.

സദാശിവന്‍ മയക്കത്തിലാണ്ട നേരത്ത് ഫൗണ്ടന്‍പേനയുമായി ഒളിച്ചുകളിച്ച മാധവിയോട് സദാശിവന്‍ പറയുന്നുണ്ട്. ”ഞാന്‍ എത്ര കാലമായി പറയുന്നു. ഞാന്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ വന്ന് എന്നെ ശല്യപ്പെടുത്തരുതെന്ന്. നീ കാരണം ഈ പാവപ്പെട്ട കിഴവനെ (യാചകനെ) ഞാന്‍ കള്ളനുമാക്കി. ഇതു ഞാന്‍ നിന്റെ അച്ഛനോട് പറയും.”

മാധവിയുടെ തര്‍ക്കുത്തരങ്ങളില്‍നിന്നും, അവള്‍ സദാശിവനില്‍ നിന്നെടുക്കുന്ന സ്വാതന്ത്ര്യത്തില്‍നിന്നും മറ്റും അവള്‍ക്ക് സദാശിവനോടുള്ള ഹൃദയബന്ധത്തിന്റെ ദിശയും ആഴവും മനസ്സിലാക്കാവുന്നതാണ്. മാത്രമല്ല, വീട്ടുകാരുടെ കുറ്റപ്പെടുത്തലുകള്‍. സദാശിവന്‍ മകളെ നശിപ്പിച്ചെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു. അത്,അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുന്നുണ്ട് നാടകാന്ത്യത്തില്‍.
സദാശിവന്റെ ഇല്ലായ്മകളില്‍, അവള്‍ക്ക് അദ്ദേഹത്തെ ആത്മാര്‍ ത്ഥമായി സഹായിക്കണമെന്നുണ്ട്. അതിനായി അവള്‍ വീട്ടുകാരുടെ മുമ്പില്‍ ഡക്കുവേല കാണിച്ച് പണം പിടുങ്ങാനും തയ്യാറാണ്.
സദാശിവന്‍ താമസിക്കുന്ന ലോഡ്ജുമുറിയുടെ ഉടമയാണ് മാധവിയുടെ അച്ഛന്‍. വാടക നല്‍കാത്തതിനെപ്പറ്റി മാധവിയും സദാശിവനും തമ്മില്‍ നടത്തുന്ന സംഭാഷണത്തില്‍, മാധവിയുടെ അന്തരംഗം വെളിപ്പെടുത്തുന്നുണ്ട്; ”എന്റെ അച്ഛനും, അമ്മയ്ക്കും, ഹോട്ടല്‍കാരനും നിങ്ങളോട് വിരോധമാണല്ലോ. നിങ്ങളുടെ അടുത്ത് വരരുതെന്നും, നിങ്ങളോട് വര്‍ത്തമാനം പറഞ്ഞുപോകരുതെന്നും അച്ഛനും അമ്മയും എന്നോടു പറഞ്ഞിട്ടുണ്ട്.” കഥാഗതിയില്‍ സദാശിവന്റെ എഴുത്തിനെപ്പറ്റിയെല്ലാം മാധവി ചോദ്യം ഉതിര്‍ക്കുന്നുണ്ട്. അന്നേരം മാധവി അവിടെനിന്ന് എടുത്തുകൊണ്ടുപോയ പുസ്തകത്തെപ്പറ്റിയും സദാശിവന്‍ അന്വേഷിക്കുന്നുണ്ട്. ‘വിപ്ലവചരിത്രം’ അവള്‍ എടുത്തുകൊണ്ടുപോയി, മറ്റുള്ളവരെ വായിച്ച് കേള്‍പ്പിച്ചു എന്നും അവള്‍ അറിയിക്കുന്നുണ്ട്. സദാശിവന്റെ വിപ്ലവകരവും ശാസ്ത്രാവബോധനിഷ്ഠവും, യുക്തിചിന്താപരവുമായ ലോകത്തേക്ക് മാധവി ഉയരുന്നതിന്റെ സൂചനകളാണത്.

സദാശിവന്‍ അന്നേരം എഴുതിക്കൊണ്ടിരുന്ന ആത്മകഥ എന്ന ചെറുകഥയുടെ ഭാഗങ്ങള്‍ രചനാപൂര്‍ത്തീകരണത്തിന്റെ ഭാഗമായി അദ്ദേഹം സ്വയം വായിച്ചെടുക്കുന്നുണ്ട്. അവിടെ വെളിവാകുന്നത് ബഷീറിന്റെ ജീവിതചിന്തകളാണ്; ”ആത്മാവ് എന്നൊന്നില്ല. ഉണ്ടെന്നുള്ളതു യുഗയുഗാന്തരങ്ങളിലൂടെയുള്ള മനുഷ്യന്റെ വെറും ഭാവനയാണ്… മരിച്ചുകഴിഞ്ഞാല്‍ പിന്നെ ഒന്നും അവശേഷിക്കുന്നില്ല. ചീഞ്ഞഴുകി ദ്രവിച്ചു പൊടിഞ്ഞു ഭൂമിയില്‍ ചേര്‍ന്നുപോകുന്നു. അതിനുശേഷം ഒന്നുമില്ല.” ‘ആത്മകഥ’യിലെ നായകന്‍ അതിലെ പ്രേമഭാജനവുമായി നടത്തുന്ന സംഭാഷണമാണിത്. ഇത് ബഷീറില്‍ 1930കള്‍ ചുവന്ന ദശകങ്ങള്‍ യുക്തിയുടെ തീക്ഷ്ണസൗന്ദര്യമുള്ള ചിന്തകള്‍ ഉണര്‍ത്തിച്ചു എന്നു സുവ്യക്തമാക്കുന്നു. ഗാന്ധിസത്തോട് മാത്രമല്ല കമ്മ്യൂണിസത്തോടും അനുഭാവമുണ്ടായ കാലമാണത്. പില്‍ക്കാലത്ത് ബഷീര്‍ ഈ ചിന്താധാരയില്‍ അടിയുറച്ച് നിന്നിട്ടില്ല. പക്ഷേ, മതാചാരങ്ങളുടെ ജീവിതപ്പാതയില്‍ അദ്ദേഹം ഒരിക്കലും സഞ്ചരിച്ചിട്ടില്ല എന്നുതന്നെ നിശ്ചയമായും സഹൃദയര്‍ക്ക് ദര്‍ശിക്കാവുന്നതാണ്.

ആത്മകഥ എന്ന ചെറുകഥയുടെ ഭാഗങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരണശാലക്കാരനെയും വായിച്ചുകേള്‍പ്പിക്കുന്നുണ്ട്. ”ഇതിലെ നായികാനായകന്മാര്‍ രണ്ടു സമുദായത്തില്‍ പെട്ടവര്‍. രണ്ടു മതമായതുകൊണ്ട് രണ്ടും തകര്‍ക്കാതെ ഒരു ഐക്യം ഉണ്ടാകുകയില്ലല്ലോ. ഈ വിശ്വാസങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത് നമുക്കൊക്കെ ഒരു ആത്മാവുണ്ടെന്നുള്ള ധാരണയിലാണ്. ആത്മാവില്ലെങ്കില്‍ നരക-സ്വര്‍ഗങ്ങളുടെ ആവശ്യമുണ്ടോ? നരക-സ്വര്‍ഗങ്ങളില്ലെങ്കില്‍ മതവുമില്ല. ഇങ്ങനെ ഒരു വിശ്വാസക്കാരനാണ് നായകന്‍.” മനുഷ്യര്‍ക്ക് ആത്മാവില്ലെന്നും, നരക-സ്വര്‍ഗങ്ങളില്ലെന്നുമുള്ള ചിന്തയെ ബഷീര്‍ ഇവിടെ ആവര്‍ത്തിച്ചു ഉണര്‍ത്തിക്കുന്നുണ്ട്.

ഈ ദൃശ്യമായ ചിന്തകള്‍ മാധവിയെയും ഭരിക്കാന്‍ തുടങ്ങിയതുകൊണ്ടാണ് അവള്‍ ഫൗണ്ടന്‍പേനയെ ലക്ഷ്യംവെച്ചതും, വിപ്ലവചരിത്രം ജനസമക്ഷം അവതരിപ്പിച്ചതും. ഇത്രമാത്രം ഉയര്‍ന്നു ചിന്തിക്കുന്ന സ്ത്രീകഥാപാത്രങ്ങള്‍ പിന്നെ ബഷീര്‍സാഹിത്യത്തില്‍ പിറവിയെടുത്തിട്ടില്ല. ജീവിതസംഘര്‍ഷങ്ങളുടെ ആധിക്യത്തില്‍ അവമാനിതയായി മാറുന്ന സദാശിവന്‍ ഒരുവേള മാധവിയോട് ഹൃദയം വേദനിക്കുന്നതായി പറയുന്നുണ്ട്. അതിനു പരിഹാരമായി മാധവിയോട് പാട്ടുപാടാനാണ് ആവശ്യപ്പെട്ടത്. മാധവി അപ്പോള്‍ ചോദിക്കുന്നുണ്ട്; ”ഞാന്‍ പാട്ടുപാടിയാല്‍ വേദന പോകുമോ?” കുറവുകിട്ടും എന്നാണ് സദാശിവന്റെ മറുപടി. നാടകാന്ത്യത്തില്‍ സദാശിവന് അമ്മയുടെ കത്ത് എത്തുന്നു. അച്ഛന്റെ രോഗാവസ്ഥയുടെ വിവരണവും, വീട്ടി ലെ ഇല്ലായ്മയും, മകന്റെ അസാന്നിധ്യം ഉണ്ടാക്കുന്ന വേദനയും ആ കത്തിലുണ്ട്. അതുകൊണ്ട് എല്ലാം നഷ്ടപ്പെടുത്തി സദാശിവന്‍ പോകാന്‍ ഒരുങ്ങുന്നു. അന്നേരം അവരിരുവരും ആത്മസംഘര്‍ഷത്തില്‍ ആകുന്നുണ്ട്. ”സദാശിവനും മാധവിയും അന്യോന്യം നോക്കുന്നു. സദാശിവന്‍ മാധവിയുടെ കൈത്തണ്ട തടവുന്നു. കണ്ണുകള്‍ നിറയുന്നു.”

പ്രേമഭാജനത്തിന്റെ മുമ്പില്‍ യുക്തിചിന്തകള്‍ ഉണര്‍ത്തിയപ്പോഴും ബഷീറില്‍ ഒരു സന്ദേഹി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ആ കഥയുടെ അന്ത്യം വ്യക്തമാക്കിയിട്ടുണ്ട്. ബഷീറില്‍ ഗാന്ധിയന്‍ ആശയങ്ങളും, സൂഫി ആശയങ്ങളും ആഴത്തില്‍ വേരോടിയിട്ടുള്ളതായി പിന്‍ക്കാലരചനകളില്‍നിന്നു വ്യക്തമാണ്. (അനല്‍ഹഖ് എന്ന രമ്യോപന്യാസം ഓര്‍ക്കുക)

നാടകത്തില്‍, പ്രഭാകരന്‍ എന്നൊരു ഹോട്ടല്‍ജോലിക്കാരനുണ്ട്. 14 വയസ്സുമാത്രം. അവന്‍ അന്ന് സദാശിവന് ശാപ്പാട് കൊണ്ടുവന്നില്ല. വെറും കയ്യോടെയായിരുന്നു വരവ്. പറ്റുവരവ് തീര്‍ക്കാത്തതില്‍ ഹോട്ടലുടമയ്ക്കുള്ള അമര്‍ഷം പ്രഭാകരന്‍ സദാശിവനെ അറിയിക്കുന്നു. സംഭാഷണത്തിനിടയില്‍ പ്രഭാകരന്‍ ചോദിക്കുന്നുണ്ട്; ”സാറേ, ഞാനും വരട്ടേ, സാറിന്റെ കൂട്ടത്തില്? സാറിന് എന്നെ വേലയ്ക്ക് നിര്‍ത്താമല്ലോ സാറേ.” അന്നേരം സദാശിവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്. എഴുത്തിനു പ്രേരണയേകുന്ന ഫൗണ്ടന്‍പേന സമ്മാനിച്ച പ്രേമഭാജനത്തെ ഓര്‍ത്തുപോകുന്നുണ്ട്. പ്രഭാകരന്റെ അമ്മ പട്ടിണി കിടന്നാണ് മരിച്ചത്. അവര്‍ ആത്മഹത്യ ചെയ്തതാണെന്ന് പ്രഭാകരനോട് ധ്വന്യാത്മകമായി അവതരിപ്പിക്കുന്നുണ്ട്. അന്നേരം അവര്‍ ഗര്‍ഭിണിയായിരുന്നു. മാധവിയുടെ അച്ഛനായിരുന്നു അതിന്റെ ഉത്തരവാദി. അദ്ദേഹം ഹോട്ടലുടമസ്ഥന്റെ ഭാര്യയുമായും അത്തരം ബന്ധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്നാണ് പ്രഭാകരന്‍ വെളിപ്പെടുത്തുന്നത്.

സംഭാഷണമധ്യേ, മാധവി സദാശിവന്റെ വീട്ടില്‍നിന്നു കൊണ്ടുപോയ പുസ്തകം പോലീസ് പിടിച്ചുവാങ്ങിയ സംഭവവും അറിയിക്കുന്നു. പ്രഭാകരന്‍, മാധവിയെ തെറിച്ചപെണ്ണ് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. അപ്പോള്‍ സദാശിവന്‍ പ്രഭാകരനെ തിരുത്തുന്നുണ്ട്. അതുപോലെ പ്രഭാകരന്റെ അമ്മയും അഭിമാനിയായിരുന്നെന്ന് സൂചിപ്പിക്കുന്നുണ്ട്. ഹോട്ടലുകാരന്റ ഭാര്യയെ പ്രഭാകരന്‍ അധോമുഖിയായി ചിത്രീകരിക്കുമ്പോഴും സദാശിവന്‍ ആ വാക്കുകളെ പ്രതിരോധിക്കുന്നുണ്ട്. ബഷീറിന്റെ സ്ത്രീപക്ഷ കാഴ്ചപ്പാടിന്റെ ഔന്നത്യം ഇവിടെ ദൃശ്യമാണ്.

ഹോട്ടലില്‍ കൂലി ചോദിച്ചപ്പോഴൊക്കെ തല്ലാണ് പ്രഭാകരന് പ്രതിഫലമായി ലഭിച്ചത്. അതായിരുന്നു അക്കാലത്തെ ഒരു സാധാരണ തൊഴിലാളിയുടെ അവസ്ഥ. മാധവി പാട്ടുപാടുന്ന സന്ദര്‍ഭത്തില്‍ പ്രഭാകരന്‍ ഓടിക്കിതച്ച് അവിടേക്ക് എത്തുന്നു. എന്നിട്ട് പറയുന്നു; ”സാറേ, അവരു വരുണൊണ്ട്. മാധവീടെ അച്ഛനും മാനേജരും. (മാധവിയോട്) ഓടിപ്പൊയ്‌ക്കോ, അച്ഛന്‍ കൊല്ലുമേ.”
മാധവിയെ അവിടെവെച്ച് അച്ഛന്‍ തല്ലുന്നു. സദാശിവന്‍ തടയുന്നു. വസ്തുതകള്‍ വ്യക്തമാക്കിയ പ്രഭാകരനെയും വീട്ടുടമസ്ഥന്‍ തല്ലുന്നു. മാധവിക്കുഞ്ഞിന്റെ ഗതികേടിനെപ്പറ്റി പറയുമ്പോള്‍ സദാശിവന്‍ പറയുന്നു. ”പ്രഭാകരാ, നീ മാധവിക്കുഞ്ഞിനെ നിന്റെ സഹോദരിയെപ്പോലെ സ്‌നേഹിക്കണം.” ബഷീര്‍ എപ്രകാരമാണ് സദാശിവന്‍ എന്ന കഥാപാത്രത്തെ രൂപാന്തരപ്പെടുത്തിയിട്ടുള്ളത് എന്നത് വളരെ ശ്രദ്ധേയമാണ്.

സദാശിവനും, പ്രസാധകന്മാരും, പത്രാധിപന്മാരും തമ്മില്‍ വിവിധ സന്ദര്‍ഭങ്ങളിലുള്ള സംഭാഷണം വളരെയേറെ അപഗ്രഥിക്കേണ്ടതുണ്ട്. അക്കാലത്തെ പ്രസാധകന്മാരുടെ ചൂഷണം, അവരുടെ അക്ഷരലോകത്തെപ്പറ്റിയുള്ള വാണിജ്യപരമായ കാഴ്ചപ്പാട്, പാഠപുസ്തകക്കമ്മിറ്റിയുടെ യാഥാസ്ഥിതികത്വം, എഴുത്തുകാരനോടുള്ള സാമൂഹികമായ അവഗണന എല്ലാം ഇവിടെ അപഗ്രഥിക്കപ്പെടുന്നുണ്ട്. എല്ലാവിധത്തിലുള്ള അവഗണനകള്‍ക്കും ചൂഷണങ്ങള്‍ക്കുമിടയില്‍ ദരിദ്രനാരായണനായ സദാശിവന്‍ ധീരമായി പ്രസാധകനെയും, പത്രാധിപരെയും മറ്റും വെല്ലുവിളിക്കുകയും സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയും ചെയ്യുന്നു. ഒരൊറ്റ നാടകത്തിലൂടെ തന്നെ, ബഷീര്‍ നാടകസാഹിത്യത്തില്‍ നല്ലൊരു ഇടമുള്ള എഴുത്തുകാരനായി ഇന്നും നിലകൊള്ളുന്ന തിന്റെ സാക്ഷ്യപത്രമാണ് കഥാബീജം നാടകം. ജി.ശങ്കരക്കുറുപ്പ് ആമുഖം ഉപസംഹരിച്ചു പറയുന്നതു വളരെ വാസ്തവമായ ഒരു പ്രസ്ഥാവനതന്നെയാണ്; ”കലാകാരനെ സ്വതന്ത്രനാക്കുക, അവന്‍ സമുദായത്തെ സ്വതന്ത്രനാക്കിക്കൊള്ളും” എന്ന് ഈ നാടകം പ്രചാരണാംശത്തിന്റെ ദുഃസ്വാദ് കൂടാതെത്തന്നെ പ്രഖ്യാപിക്കുന്നു.”

മലയാളത്തിലെ രണ്ടു നാടക സാഹിത്യചരിത്രകാരന്മാരും ഈ നാടകത്തെ പരിഗണിച്ചിട്ടുണ്ട്. വ്യതിരിക്തമായ സ്വന്തം സ്വരം കേള്‍പ്പിക്കാന്‍ ആഗ്രഹിച്ച നാടകക്കൃത്താണ് ബഷീര്‍ എന്ന് ജി.ശങ്കരപ്പിള്ള (1980) വ്യക്തമാക്കിയിട്ടുണ്ട്. മലയാളനാടക സാഹിത്യചരിത്രം-2005ല്‍ വയലാ വാസുദേവന്‍പിള്ള ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു; ”നാടകകൃത്തായി അറിയപ്പെടുന്നില്ലെങ്കിലും വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാബീജം (1943) ശ്രദ്ധിക്കപ്പെടേണ്ട ഗൗരവമാര്‍ന്ന ഒരു സൃഷ്ടിയാണ്.”

No Comments yet!

Your Email address will not be published.