പത്രപ്രവർത്തകനും സാഹിത്യ നിരൂപകനുമായ കെ.സി നാരായണൻ്റെ 9 ലേഖനങ്ങൾ അടങ്ങുന്ന സമാഹാരമാണ് ‘മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും. ‘മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ് വെയർ ‘,എന്ന കൃതിയിലൂടെയും അക്ഷരംപ്രതി എന്ന പംക്തിയിലൂടെയും വായനക്കാർക്ക് ഏറെ പരിചിതനായ കെ.സി നാരായണൻ തൻ്റെ വായനാനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കുന്ന ലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്. ആനന്ദിൻ്റെ
കഥകളും കത്തുകളും, എം.ടി യുടെ നോവൽ, പി.പി രാമചന്ദ്രൻ്റെ കവിത, മാധവിക്കുട്ടിയുടെ ആത്മകഥ ഉണ്ണായിവാരിയരുടെ നളചരിതം, ഇരയിമ്മൻ തമ്പിയുടെ രാജകൊട്ടാരത്തിലെ അനുഭവങ്ങൾ, രവീന്ദ്രൻ്റെ യാത്രാവിവരണം മുരളിയുടെ അഭിനയമികവ് എന്നിവയെല്ലാമാണ് ലേഖനങ്ങളിൽ പരാമർശിക്കുന്നത്.

മാതൃഭൂമിയിലും, ഭാഷാപോഷിണിയിലും മറ്റുമായി പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് ഈ സമാഹാരത്തിലധികവും “മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും” എന്ന ലേഖനത്തിൽ മാധവിക്കുട്ടിയുടെ ‘എൻ്റെ കഥ’ എന്ന ആത്മകഥയാണ് പ്രധാനമായും പരാമർശിക്കുന്നത് ബോധേശ്വരൻ്റെ മകളായി പിറന്ന സുഗതകുമാരി ഗാന്ധിയൻ മൂല്യങ്ങളുടെ ആരാധികയായിരുന്നു.

എന്നാൽ അതിൽ നിന്ന് തികച്ചും വ്യത്യസ്തയായിരുന്നു മാധവിക്കുട്ടി. അച്ഛനും അമ്മയും ഗാന്ധിയൻ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തിയവരായിരുന്നെങ്കിലും, കൽക്കത്തയിലെ വീട്ടിലും, നാലാപ്പാട്ടെ
വീട്ടിലും എല്ലാവരുടേയും സംഭാഷണങ്ങളിൽ ഗാന്ധിജി നിറഞ്ഞു നിന്നിരുന്നെങ്കിലും ഗാന്ധിമാർഗം മാധവിക്കുട്ടിയെ ഒട്ടും സ്വാധീനിച്ചില്ല.
“തീവ്രമായ സാരള്യം ജീവിതരീതിയാക്കാൻ എൻ്റെ അച്ഛനമ്മമാരെ പഠിപ്പിച്ച മഹാത്മാഗാന്ധിയെ ഞാൻ നിശ്ശബ്ദമായെങ്കിലും ശപിച്ചു. “അമ്മയും അച്ഛനും വെള്ള വസ്ത്രങ്ങൾ അണിയുകയും എനിക്ക് അണിയാൻ തരികയും ചെയ്തപ്പോൾ സ്വർണാഭരണങ്ങൾ അണിഞ്ഞ് നിറപ്പകിട്ടുള്ള വസ്ത്രങ്ങൾ ധരിച്ച് ഒരു മഴവില്ലായി അതിഥികളുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ ഞാൻ ആഗ്രഹിച്ചു “
എന്ന് തുറന്നെഴുതുന്നുണ്ട് മാധവിക്കുട്ടി . ജീവിതാഭിലാഷങ്ങൾ തുറന്നു പറയുകയും സ്വന്തം ശരീരത്തെ ഒരു നർത്തന ശാലയാക്കുകയും ചെയ്യുന്ന മാധവിക്കുട്ടി നമുക്കെല്ലാം പരിചിതയാണ് .അതോടൊപ്പം എൻ്റെ കഥയിലെ ആത്മീയാംശത്തെയും ലേഖകൻ പരിചയപ്പെടുത്തുന്നുണ്ട്
“മരിച്ചവരുടെ ലോകത്തേക്ക് എത്തിനോക്കുമ്പോൾ നശ്വരമായ ശരീരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സദാചാര ബോധം എത്രമാത്രം നിസ്സാരമാണെന്ന്” അവർ തിരിച്ചറിയുന്നു. സത്യസന്ധമായ എഴുത്ത് വസ്ത്രമുരിയലാണെന്ന വിമർശനത്തിനു നൽകുന്ന മറുപടിയിലൂടെയും മാധവിക്കുട്ടിയുടെ ഭാഷയുടെ കരുത്തും സൗന്ദര്യവും വായനക്കാരെ ലേഖകൻ ഓർമിപ്പിക്കുന്നുണ്ട്. എൻ്റെ കഥ എന്ന
രചനയിൽ മാധവിക്കുട്ടി സൃഷ്ടിക്കുന്ന സ്വാതന്ത്ര്യത്തിൻ്റേയും , അതുവരെ അപരിചിതമായിരുന്ന തുറന്നെഴുത്തിൻ്റെയും ആലങ്കാരികതയ്ക്കപ്പുറം നിൽക്കുന്ന സത്യസന്ധമായ ഭാഷയുടെയും മനോഹാരിതയിലേക്ക് വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി എത്തിച്ചേരാൻ പ്രേരിപ്പിക്കുന്ന ലേഖനമാണിത്.
‘വേദനയുടെ ചില ഉപയോഗങ്ങൾ ‘ എന്ന ആദ്യ ലേഖനത്തിൽ ആനന്ദിൻ്റെ കഥകളാണ് പരാമർശിക്കുന്നത്. ആനന്ദിൻ്റെ കഥകൾ നോവലിലേക്കുള്ള കാൽവെയ്പുകളാണെന്ന് ഹരജി , ഗോവർധൻ, കബാഡി , പൂജ്യം എന്നീ
കഥകളിലൂടെ വിശദീകരിക്കുന്നു .കൂടാതെ ആനന്ദിൻ്റെ കഥകൾ 60 കളിലെ മലയാളികൾക്ക് അപരിചിതമായ നഗരാനുഭവം കഥാപരിസരങ്ങളിലേക്ക് കൊണ്ടു വരുന്നുണ്ട് . വേദനയിൽ നിന്നു തുടങ്ങി വേദനയിലേക്ക്
നീങ്ങുന്ന ഒരു പ്രക്രിയയാണ് കലാനുഭവം എന്നും ആനന്ദ് തൻ്റെ എഴുത്തിലൂടെ കണ്ടെത്തുന്നതായി ലേഖകൻ നിരീക്ഷിക്കുന്നു. അംഗഭംഗം, കാട്ടുതീ തുടങ്ങിയ കഥകളെ ഉദാഹരിക്കുന്നു ‘എഴുത്തുകളും എഴുത്തുകാരനും’ എന്ന ലേഖനത്തിലും സാഹിത്യകാരനെന്ന ലേബൽ ഇഷ്ടപ്പെടാത്ത ആനന്ദിനെ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്.
ആനന്ദ് എം. ഗോവിന്ദനയച്ച കത്തുകൾ ആനന്ദിൻ്റെ ലോകബോധവും രുചി ബോധവും, സ്വയം ബോധവും പ്രകടമാക്കുന്നവയാണ് “ഒരു വ്യക്തിയുടെ മേൽവിലാസമെഴുതി ഒരു വാഗ്മയം പോസ്റ്റ് ചെയ്യുമ്പോൾ നാമതിനെ കത്ത് എന്നു വിളിക്കുന്നു അതേ കത്തുതന്നെ മേൽവിലാസമെഴുതാതെ എല്ലാവർക്കുമായി പോസ്റ്റ് ചെയ്യുമ്പോൾ അത് സാഹിത്യമാകുന്നു” എന്ന ലേഖകൻ്റെ നിരീക്ഷണം ആനന്ദിൻ്റെ നോവലുകളെ കൃത്യമായി വിശദീകരിക്കുന്നു.
കൽപറ്റ നാരായണൻ്റെ ‘എഴുത്ത്’ എന്ന കവിതയിൽ
“എഴുത്തൊന്നും കാണാറില്ലല്ലോ?
എഴുത്തൊന്നും വരാറില്ല”
എന്ന സംഭാഷണം ശ്രദ്ധേയമാണ് മേൽവിലാസമില്ലാത്ത കത്തുകൾ പ്രിയപ്പെട്ട സാഹിത്യകാരിൽ നിന്ന് അനുവാചകർ എപ്പോഴും പ്രതീക്ഷിക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. എം.ടി യുടെ നാലുകെട്ട് ഒരു പാട് ചർച്ച
ചെയ്യപ്പെട്ട കൃതിയാണ് എങ്കിലും തികച്ചും വ്യത്യസ്തമായ വായനയാണ് “തോട്ടങ്ങൾ” എന്ന ലേഖനം നാണയവത്കൃത
സമ്പദ് വ്യവസ്ഥ അതുവരെയുണ്ടായിരുന്ന മരുമക്കത്തായത്തിൽ ഇടപെടുന്നതും അണുകുടുംബത്തിൻ്റെ സൃഷ്ടിക്കു കാരണമാകുന്നതും ഈ ലേഖനത്തിൽ സവിസ്തരം സ്ഥാപിക്കുന്നുണ്ട് നളചരിതം ആട്ടക്കഥയിൽ ഉണ്ണായിവാരിയരുടെ
ആത്മകഥാപരത, ഇരയിമ്മൻ തമ്പിയുടെ രാജകൊട്ടാരത്തിലെ അനുഭവങ്ങൾ, രവീന്ദ്രൻ്റെ യാത്രാവിവരണങ്ങളുടെ വ്യതിരിക്തത നാടകനടനിലൂടെയുള്ള മുരളിയുടെ അഭിനയത്തിലെ പരിപൂർണത അങ്ങനെ പല കാലഘട്ടങ്ങളിലൂടെ മലയാളത്തിന് നിസ്തുല സംഭാവനകൾ നൽകിയ മഹാപ്രതിഭകളുടെ സൃഷ്ടികളെ വീണ്ടും വായിക്കാനും പുതിയ അനുഭവ പ്രപഞ്ചത്തിലേക്കെത്തിക്കാനും ഈ ലേഖനങ്ങൾ സഹായകമാണ് സാഹിത്യ വിദ്യാർത്ഥികൾക്ക് വഴികാട്ടുന്നതോടൊപ്പം മറ്റുവായനക്കാർക്ക് തങ്ങളുടെ പ്രിയ എഴുത്തുകാരുടെ കൃതികളോട് ഒരിക്കൽ കൂടി സംവദിക്കാൻ ഈ കൃതി അവസരമൊരുക്കുന്നു.
മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും
രചന : കെ.സി. നാരായണന്
പ്രസാധനം : മാതൃഭൂമി ബുക്സ്
വില : 290 രൂപ







No Comments yet!