Skip to main content

നൂറ് ഇന്ത്യന്‍ കഥകളിലെ ബഷീര്‍

നൂറ് ഇന്ത്യന്‍ കഥകളുടെ സമാഹാരത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥയുണ്ട്. ‘നീല വെളിച്ചം.’ 840 പേജുള്ള ഈ സമാഹാരത്തെ നയിക്കുന്നത് ബഷീറിന്റെ കഥയാണെന്നു പോലും ഈ കൂറ്റന്‍ പുസ്തകത്തിലൂടെ കടന്നുപോയപ്പോള്‍ തോന്നി. എ.ജെ.തോമസ്‌ എഡിറ്ററായി അലെഫ് പ്രസാധനം ചെയ്ത ‘100 ഇന്ത്യന്‍ സ്റ്റോറീസ്’ എന്ന കഥാസമാഹാരത്തിലാണ് ബഷീറിന്റെ നീല വെളിച്ചത്തിന്റെ ഒ.വി.ഉഷയുടെ ഇംഗ്ലീഷ് പരിഭാഷയുള്ളത്. ബ്ലൂ ലെറ്റ് എന്ന തലക്കെട്ടില്‍. 19,20,21 നൂറ്റാണ്ടുകളിലെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള 100 ചെറുകഥകളുടെ സമാഹാരമാണിത്. ബഷീറിനെ ഒരിന്ത്യന്‍ കഥാകാരനായി കണ്ടുകൊണ്ട്‌ ഈ സമാഹാരത്തിലെ മറ്റ് 99 രചനകളുടെ പശ്ചാത്തലത്തില്‍ ‘നീലവെളിച്ചം’ വായിക്കുമ്പോഴാണ് ബഷീറിന്റെ തലപ്പൊക്കം കൂടുതല്‍ തെളിയുന്നത്. സത്യത്തില്‍ ഈ സമാഹാരം പൂര്‍ണ്ണമായും വായിച്ചുകഴിയുമ്പോള്‍ താളുകളിലൂടെയാകെ നീലവെളിച്ചത്തിന്റെ കടന്നുപോക്കാണ് കൂടുതല്‍ അനുഭവിക്കാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ കഥാലോകത്തിന്റെ ഏറെക്കുറെ എല്ലാ പ്രതിനിധാനവും അടയാളപ്പെടുത്തപ്പെട്ടുള്ള ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ബഷീറിനെക്കുറിച്ച് ഇതിന് മുന്‍പ് ഒന്നും അറിയാത്ത ഒരു വായനക്കാരന്‍ പോലും അദ്ദേഹത്തിന്റെ ഭാവനയുടേയും പ്രതിഭയുടേയും ഉയരം അനുഭവിക്കുക തന്നെ ചെയ്യും. ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രാധാന്യമായി തോന്നിയതും ഇക്കാര്യം തന്നെ. ബഷീര്‍ വെളിച്ചവും തെളിച്ചവും ഇന്ത്യന്‍ ചെറുകഥകളുടെ സന്ദര്‍ഭത്തില്‍ ഒരാള്‍ക്ക് ഈ പുസ്തകത്തില്‍നിന്നും കൂടുതലായി അനുഭവിച്ചറിയാം.

നീല വെളിച്ചം ബഷീര്‍ തുടങ്ങുന്നത് ഇങ്ങിനെയാണല്ലോ: ”നീല വെളിച്ചം എന്ന ഈ കഥ എന്റെ ജീവിതത്തിലെ അല്‍ഭുത സംഭവങ്ങളില്‍ ഒന്നാണ്. സംഭവത്തേക്കാള്‍ നല്ലത് ‘അല്‍ഭുതത്തിന്റെ ഒരു കുമിള’ എന്നു പറയുന്നതായിരിക്കും. ശാസ്ത്രത്തിന്റെ സൂചി കൊണ്ട് ഇതിനെ കുത്തിപ്പൊട്ടിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, എന്നെക്കൊണ്ടു പൊട്ടിക്കാന്‍ കഴിയുന്നില്ല. ഒരുപക്ഷെ, നിങ്ങള്‍ക്ക് കഴിഞ്ഞേക്കാം. വിശകലനം ചെയ്ത്, വ്യാഖ്യാനിക്കാനും. ഇതിനെ ഞാന്‍ അല്‍ഭുത സംഭവം എന്ന് ആദ്യം പറഞ്ഞത്… അതെ, അങ്ങിനെയല്ലാതെ ഞാന്‍ എന്തു പറയും?”

കഥയുടെ ഈ തുടക്കം വായനക്കാരെ ഇരുമ്പിനെ കാന്തക്കല്ലിലേക്കെന്ന പോലെ ആകര്‍ഷിക്കുന്നു. ഈ ആകര്‍ഷണത്തിന്റെ അന്തരീക്ഷം പരിഭാഷയില്‍ നിലനിര്‍ത്താന്‍ ഒരു പരിധിവരെ കഴിഞ്ഞതുകൊണ്ട് കൂടിയാണ് സമാഹാരത്തിലെ ഏറ്റവും തിളങ്ങിനില്‍ക്കുന്ന കഥയായി ‘ദ ബ്ലൂ ലൈറ്റ്’ മാറുന്നത്. ബഷീറിന്റെ എഴുത്തിന്റെ മാന്ത്രികത കൊണ്ട് അദ്ദേഹത്തിന്റെ രചനകള്‍ കാലം ചെല്ലുന്തോറും തിളക്കം കൂടുന്നത് എന്തുകൊണ്ട് എന്ന് ആഴത്തില്‍ മനസ്സിലാക്കാന്‍ സമാഹാരത്തിലെ ബഷീര്‍ സാന്നിധ്യം വായനക്കാരെ തീര്‍ച്ചയായും സഹായിക്കും. ഇംഗ്ലീഷില്‍ സാഹിത്യം വായിക്കുന്ന ഇന്ത്യയിലെ പുതുതലമുറയിലേക്ക് ബഷീറിനെ എത്തിക്കാന്‍ തീര്‍ച്ചയായും ഈ പുസ്തകത്തിന് കഴിയുമെന്നുതന്നെ പ്രത്യാശിക്കാം.

തകഴി ശിവശങ്കരപ്പിള്ള (വെള്ളപ്പൊക്കത്തില്‍ എന്ന കഥ, ദ ഫ്‌ളഡ്‌ എന്ന് ഇംഗ്ലീഷ് ശീര്‍ഷകം- വിവര്‍ത്തനം: ഒ.വി.ഉഷ), എസ്.കെ.പൊറ്റെക്കാട്ട് (നദീതീരത്ത് – ഓണ്‍ ദ റിവര്‍ ബാങ്ക് എന്ന തലക്കെട്ടില്‍, വിവര്‍ത്തനം: എ.ജെ.തോമസ്), ഒ.വി.വിജയന്റെ കടല്‍ത്തീരത്ത് (ദ ഹാങ്ങിംഗ് എന്ന തലക്കെട്ടില്‍, വിവര്‍ത്തനം എ.ജെ.തോമസ്), എം.ടി.വാസുദേവന്‍ നായരുടെ ‘കാഴ്ച്ച’ (വിഷന്‍ എന്ന പേരില്‍, വിവ: എ.ജെ.തോമസ്) സക്കറിയയുടെ ‘ഒരു പിടക്കോഴിയുടെ ആസന്ന മരണചിന്തകള്‍’ (റിഫ്‌ളക്ഷന്‍സ് ഓഫ് ഹെന്‍ ഇന്‍ ഹേര്‍ ലാസ്റ്റ്‌ ഹവര്‍-പരിഭാഷ, എ.ജെ.തോമസ്) അമലിന്റെ ‘കടല്‍ കരയെടുക്കുന്ന രാത്രി’ (ദ ഡിവോറിങ് സീ, പരിഭാഷ: എ.ജെ.തോമസ്) എന്നീ കഥകളാണ് മലയാളത്തെ പ്രതിനിധീകരിച്ച് സമാഹാരത്തിലുള്ളത്.

ഈ 100 ചെറുകഥകള്‍ നമ്മോട് എന്തൊക്കെയാണ് പറയുന്നത്? കഥയിലെ കാര്യങ്ങള്‍ എന്താണ്? 19-ാം നൂറ്റാണ്ടുമുതല്‍ ഇതുവരെയുള്ള വിവിധ ഇന്ത്യന്‍ ജീവിത യാഥാര്‍ഥ്യങ്ങളാണ് ഈ രചനകള്‍ വായനക്കാരോട് പറയുന്നത്. അതെല്ലാം കഥയല്ലേ എന്ന് നിസ്സാരമായി പറഞ്ഞ് തള്ളാന്‍ പറ്റാത്ത വിധത്തിലുള്ള ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ പല തരത്തില്‍ വായനക്കാരിലേക്ക് എത്തുകയാണ്. അഥവാ ഇന്ത്യ അതിന്റെ സന്തോഷങ്ങളും സന്താപങ്ങളും ഈ താളുകളില്‍ പങ്കുവെക്കുന്നു. ടാഗോറും അനന്തമൂര്‍ത്തിയും റസ്‌കിന്‍ ബോണ്ടും ശശി തരൂരും പ്രതിഭാ റായിയും ബാമയും തുടങ്ങി ഇന്ത്യന്‍ സാഹിത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ശബ്ദങ്ങളായി കരുതപ്പെടുന്ന എഴുത്തുകാരുടെ സാന്നിധ്യം ഉറപ്പാക്കിയ ഈ പുസ്തകം വിവര്‍ത്തനസാഹിത്യത്തിലെ പ്രധാന വാള്യമായി തന്നെ പരിഗണിക്കപ്പെടും എന്നതില്‍ സംശയമില്ല.

സമാഹാരത്തിലെ ആദ്യ കഥ ഫക്കീര്‍ മോഹന്‍ സേനാപതിയുടെ രേവതിയാണ്. ഇന്ത്യന്‍ ജീവിതത്തിന്റെ പല കാലങ്ങളിലെ മാറ്റങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു ഈ കഥ. ഗ്രാമം/നഗരം എന്ന ദ്വന്ദം പില്‍ക്കാലത്ത്‌ ഇന്ത്യന്‍ കഥകളിലെ പ്രധാന പ്രമേയമാകുന്നുണ്ടല്ലോ. അത്തരമൊരു വിഷയം തെരഞ്ഞെടുക്കുന്നതിലേക്ക് ഇന്ത്യയിലെ എഴുത്തുകാര്‍ എത്തിയ സന്ദര്‍ഭത്തെക്കുറിച്ചുകൂടി ഈ കഥ ഓര്‍മ്മിപ്പിക്കുന്നു. പല തലമുറകള്‍ വായിച്ചു രസിച്ച രവീന്ദ്രനാഥ ടാഗോറിന്റെ ‘കാബൂളിവാല’ സമാഹാരത്തിലുണ്ട്. യു.ആര്‍.അനന്തമൂര്‍ത്തിയുടെ ‘മൗനി’, (മലയാളത്തില്‍ ഈ കഥയുടെ പരിഭാഷയുണ്ട്), മുന്‍ഷി പ്രേം ചന്ദിന്റെ ഉറുദു കഥ ‘ദ ഷ്രൗഡ്’, വിഖ്യാത കന്നഡ എഴുത്തുകാരന്‍ കുവെമ്പുവിന്റെ ‘ധനവന്ത്രീസ് ഹീലിങ്’, ഇസ്മത് ചുങ്തായിയുടെ ഉറുദു കഥയുടെ മൊഴിമാറ്റം ‘ഓഫ് ഫിറ്റ്‌സ് ആന്റ് റബ്‌സ്’ മോഹന്‍ രാകേഷിന്റെ ഹിന്ദി കഥയുടെ വിവര്‍ത്തനം ‘ലോര്‍ഡ് ഓഫ് ദ റബിള്‍’ സുന്ദര രാമസ്വാമിയുടെ തമിഴ് കഥ ‘നന്ദാര്‍ സാര്‍’, ഖുഷ്്‌വന്ത് സിംഗിന്റെ ‘പോര്‍ട്രെയ്റ്റ് ഓഫ് എ ലേഡി’, സൈറസ് മിസ്ട്രിയുടെ ‘ബോക്ക’, ദാമോദര്‍ മൗജോയുടെ കൊങ്കിണി കഥയുടെ പരിഭാഷ ‘കോയിന്‍സന്‍വസ് കാറ്റില്‍’ തുടങ്ങി ഇന്ത്യന്‍ ചെറുകഥയിലെ നൂറ് നക്ഷത്രങ്ങളെ അടുത്തറിയാനാണ് പുസ്തകം അവസരം ഒരുക്കിയിരിക്കുന്നത്. തീര്‍ച്ചയായും ഓരോ ഭാഷയിലേയും പല എഴുത്തുകാരും ഇവിടെയുണ്ടാകില്ല. മലയാളത്തിലെ തിരിഞ്ഞെടുപ്പില്‍ തന്നെ അത്തരം വിമര്‍ശനങ്ങളുണ്ടാകാം. എന്നാല്‍ ഇത്തരമൊരു സമാഹാരത്തിന് എല്ലാ പ്രധാന എഴുത്തുകാരേയും ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല എന്ന് ഉറപ്പാണ്. എന്നാല്‍ ഉള്‍പ്പെടുത്തിയ ചെറുകഥകളിലൂടെ ഇന്ത്യന്‍ ചെറുകഥാ ലോകത്തെ ഒട്ടൊക്കെ സമഗ്രമായി അവതരിപ്പിക്കാന്‍ ‘100 ഇന്ത്യന്‍ കഥകള്‍’ക്ക് സാധിച്ചിട്ടുണ്ട്. ഇത് പ്രധാനവുമാണ്. ഇന്ത്യന്‍ ബഹുസ്വരതയുടെ ശബ്ദം അതിന്റെ എല്ലാ മുഴക്കങ്ങളോടെയും കേള്‍പ്പിക്കാന്‍ കഴിയുന്നു എന്നതു തന്നെയാണ് ഈ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം. എല്ലാ ശബ്ദങ്ങളുമുണ്ടോ എന്ന ചോദ്യം ഇവിടെ തീര്‍ച്ചയായും ഉയരുന്നുണ്ട്; ഒരു എഡിറ്റര്‍ക്ക് പരമാവധി സാധ്യമാകും വിധത്തിലുള്ള ആത്മാര്‍ഥതയോടെ ഏകോപനം സാക്ഷാത്ക്കരിക്കാനായിട്ടുണ്ട് എന്നാണ് ഇതിനുള്ള ഉത്തരം. 100 കഥകള്‍ എന്ന ശീര്‍ഷക തെരഞ്ഞെടുപ്പോടെ സമാഹാരത്തില്‍ 100 കഥകള്‍ക്കേ ഇടമുള്ളൂ എന്ന് വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. അവയുടെ തെരഞ്ഞെടുപ്പില്‍ പരമാവധി ജാഗ്രതയോടെ ഇടപെടാന്‍ എഡിറ്റര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സമാഹാരത്തിലെ രാംനാഥ് ഗജ്‌നന്‍ ഗാവ്‌ഡേയുടെ കൊങ്കിണി രചന ‘ഒരു ശൗചാലയത്തിന്റെ കഥ’ സ്വച്ഛ്ഭാരതയുടെ ഇക്കാലത്ത് വായിക്കുമ്പോള്‍ മറ്റു ചില അര്‍ഥങ്ങള്‍ കൂടി തെളിഞ്ഞുകിട്ടുന്നു. സത്യജിത് റായിയുടെ ‘രണ്ട് മാന്ത്രികന്‍മാര്‍’ ഇന്നും രസിച്ച് വായിക്കാന്‍ കഴിയുന്നു. മഹാശ്വേത ദേവിയുടെ ബംഗാളി കഥ ‘ഉര്‍വശിയും ജോണ്ണിയും’ ഇന്നില്ലാത്ത ആ വലിയ കഥാകാരിയെ പുനഃസന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുന്നു. ഖുറത്തൈന്‍ ഹൈദറിന്റെ ഉറുദുകഥ ‘മൂടല്‍ മഞ്ഞിനുമപ്പുറം’ ഇന്നത്തെ എഴുത്തുകാര്‍ പോലും അതിശ്രദ്ധയോടെ കാണേണ്ട കഥയുടെ ക്രാഫ്റ്റിന്റെ പ്രാധാന്യത്തെ ഓര്‍മ്മിപ്പിക്കുന്നു. കശ്മീരി എഴുത്തുകാരി താജ് ബീഗം റെന്‍സുവിന്റെ ‘ദര്‍ഗയിലെ ഭിക്ഷക്കാര്‍’ എന്ന കഥ ആത്മീയതയുടേയും ഭൗതികജീവിതത്തിന്റേയും സംഗമസ്ഥലി കൂടിയാണ്. അജിത്‌
കൗറിന്റെ പഞ്ചാബി കഥ ‘തത്തകള്‍’ ചില പഞ്ചാബി യഥാര്‍ഥ്യങ്ങളെ വായനക്കാരെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. തമിഴ് എഴുത്തുകാരി ബാമയുടെ ‘പൊന്നുത്തായ്’ മനുഷ്യരിലെ വര്‍ണ്ണ-ജാതി ബോധങ്ങളെ (കറുത്ത തൊലി നിറത്തെ മുന്‍നിര്‍ത്തിയാണ് കഥയുടെ ആഖ്യാനം മുന്നോട്ടു പോകുന്നത്) നിശിതമായി വിമര്‍ശിക്കുന്നു. ഒപ്പം ദാമ്പത്യം-കുടുംബം എന്നീ സ്ഥാപനങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നു.

പല തലമുറ ഇന്ത്യന്‍ എഴുത്തുകാരുടെ ആകുലതകളും ഉല്‍ക്കണ്ഠകളും ഈ താളുകളില്‍ വായനക്കാരനെ വന്ന് തൊടുന്നു. ലാവണ്യ ഭാഷയിലും പരിക്കന്‍ മൊഴിയിലും അവ രേഖപ്പെടുത്തപ്പെടുന്നു. ഒന്നിച്ചു കഴിയുന്ന ഇന്ത്യന്‍ ജീവിതത്തിന് വിള്ളലും മുറിവുകളുമുണ്ടായപ്പോഴെല്ലാം ഈ കഥകള്‍ അതിനെതിരെ നില്‍ക്കുന്നതായി നാം കാണുന്നു. ഇന്ത്യന്‍ ബഹുസ്വരതയുടെ, ഐക്യ ജീവിതത്തിന്റെ ശരിയായ ആര്‍ക്കൈവ് ചെറുകഥകളാണെന്ന് ഈ പുസ്തകം സ്ഥാപിക്കുന്നു. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ നാട്ടിലെ മനുഷ്യര്‍ എല്ലാ ക്ലേശങ്ങള്‍ക്കുമിടയില്‍ ഐക്യജീവിതത്തിന് എങ്ങിനെയെല്ലാം ശ്രമിച്ചു, സാധ്യമാക്കി എന്നതിന്റെ റൂട്ട് മാപ്പ്‌
കൂടിയാണ് 100 ഇന്ത്യന്‍ ചെറുകഥകള്‍. ആ നിലയില്‍ കൂടി വായിക്കുമ്പോഴാണ് ഇതിലെ കഥകള്‍ എത്രമാത്രം ഇന്നത്തെ നിത്യജീവിതവുമായി കൂടിക്കുഴഞ്ഞു കിടക്കുന്നു എന്ന് മനസ്സിലാക്കാനാവുക. ചെറുകഥകള്‍ സാമൂഹിക-രാഷ്ട്രീയ ചരിത്രം കൂടിയാണെന്ന് തിരിച്ചറിയുമ്പോള്‍ ഈ കഥാപുസ്തകത്തിന്റെ തിളക്കം കൂടുതല്‍ വര്‍ധിക്കുന്നു. സുബ്രഹ്‌മണ്യ ഭാരതിയുടെ ‘ദ സ്റ്റോറി ഓഫ് എ ക്രൗ ലേണിങ് പ്രൊസിഡി’ എന്ന മൂന്നു പേജു മാത്രമുള്ള ചെറുകഥ ഇന്ന് വായിക്കുമ്പോള്‍ ആ രചന വലിയ ഭാഷാ സംവാദം നടത്തുകയാണെന്ന്‌ മനസ്സിലാക്കാം. ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന ഇക്കാലത്ത്‌ സാഹിത്യ ഭാഷ പഠിക്കാന്‍ ശ്രമിക്കുന്ന ഒരു കാക്ക അന്തിമമായി തന്റെ കാക്ക ഭാഷയിലേക്ക്‌ തന്നെ തിരിച്ചു നടക്കുന്നതിന്റെ അനുഭവം ഈ കഥയുടെ ഉള്ളിലുണ്ട്. കാക്ക ഭാഷയില്‍ ഗദ്യം പഠിക്കുന്നത് സമ്പൂര്‍ണ്ണമായും വിസ്മരിച്ച്‌ ആ ആണ്‍കാക്ക സ്‌നേഹത്തിന്റെ ഭാഷ പഠിക്കാന്‍ തുടങ്ങി എന്ന വാചകത്തിലാണ് കഥ അവസാനിക്കുന്നത്. ഭാഷാ തര്‍ക്കങ്ങളില്‍ എല്ലാവരും മറക്കുന്ന സ്‌നേഹത്തിന്റെ ഭാഷയെക്കുറിച്ച് സുബ്രഹ്‌മണ്യ ഭാരതി എത്ര കാലം മുമ്പ് ഇവിടെയുള്ള മനുഷ്യരോട് സംസാരിച്ചു എന്നതിന്റെ രേഖയും അദ്ദേഹത്തിന്റെ പ്രവചനത്തിന്റെ ശക്തിയും കാണിക്കുന്ന കഥ കൂടിയാണിത്.

പുസ്തകത്തിന്റെ ആമുഖത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ റസ്‌കിന്‍ ബോണ്ട്‌ എഴുതുന്നു: മഹത്തായ ഒരു ചെറുകഥ സത്യത്തിന്റെ ഒരു നിമിഷത്തെ വെളിപ്പെടുത്തുന്നു: ഈ സമാഹാരത്തിന് ചേരുന്ന മുഖക്കുറിയാണിത്. ഇവിടെ ഓരോ കഥയും സത്യത്തിന്റെ പല നിമിഷങ്ങളെ വെളിപ്പെടുത്തുകയും ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളുടെ നിരവധി അടരുകളില്‍ വായനക്കാരിലേക്ക് പകരുകയും ചെയ്യുന്നു. 24 വിവര്‍ത്തകരാണ് ഈ പുസ്തകത്തെ സാധ്യമാക്കിയതില്‍ പ്രധാന പങ്കുവഹിച്ചത്. (ഇംഗ്ലീഷിലെഴുതിയ കഥകളൊഴിച്ച് ബാക്കിയെല്ലാം ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ നിന്നും വിവര്‍ത്തനം ചെയ്ത ഈ പരിഭാഷകര്‍ വായനക്കാരുടെ ഹൃദയം നിറഞ്ഞ അഭിവാദനങ്ങള്‍ക്ക് അര്‍ഹരാണ്). മലയാള ചെറുകഥകളുടെ നിരന്തരമായ വായനയാണ് തന്നെ ഇന്ത്യന്‍ ചെറുകഥകളുടെ വായനയിലേക്ക് അടുപ്പിച്ചതെന്ന് എഡിറ്റര്‍ എ.ജെ.തോമസ് തന്റെ ചെറുകുറുപ്പില്‍ പറയുന്നുണ്ട്. അത്തരമൊരു താല്‍പര്യം ഇത്രയും ബൃഹത്തായ ഒരു പുസ്തകത്തിലേക്ക് നയിച്ചതോടെ വായനക്കാര്‍ക്ക് ഇന്ത്യന്‍ ചെറുകഥയുടെ വലിയൊരാകാശം തുറന്നു കിട്ടുകയായിരുന്നു.

ബഷീറിന്റെ നിലാവെളിച്ചം ഇങ്ങിനെ അവസാനിക്കുന്നു: ”വെള്ളച്ചുമരുകളും മുറിയും നീല വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്നു..! വെളിച്ചം വിളക്കില്‍ നിന്ന്… രണ്ടിഞ്ചു നീളത്തില്‍ ഒരു നീലത്തീനാളം… ഞാന്‍ അല്‍ഭുതസ്തബ്ധനായി അങ്ങിനെ നിന്നു. മണ്ണെണ്ണയില്ലാതെ അണഞ്ഞു പോയ വിളക്ക്്, എങ്ങിനെ ആരാല്‍ കൊളുത്തപ്പെട്ടു..? ഭാര്‍ഗവീനിലയത്തില്‍ ഈ നീല വെളിച്ചം എവിടെ നിന്നുണ്ടായി?”
ബഷീര്‍ പറയുന്നതും വെളിച്ചത്തെക്കുറിച്ചാണ്, ഭയപ്പെടുത്തിയ ഒരു നീല വെളിച്ചത്തെക്കുറിച്ച്. ഇന്ത്യന്‍ കഥ പലതരം വെളിച്ചങ്ങളേയും ഇരുട്ടുകളേയും നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. വെളിച്ചത്തിന്റെ പര്യായാനുഭവങ്ങള്‍ പകര്‍ന്ന ബഷീര്‍ സാഹിത്യത്തിലെ ഒരേട് 100 ഇന്ത്യന്‍ കഥകളെ നയിക്കുന്ന ആഖ്യാനമായി മാറിയതും മറ്റൊന്നും കൊണ്ടല്ല.

No Comments yet!

Your Email address will not be published.