Skip to main content

കാവി ദേശീയതയിലൂടെ ഒരു ചരിത്രകാരന്റെ ബൗദ്ധിക സഞ്ചാരം

സംഘപരിവാര്‍ രാഷ്ട്രീയം 2014 മുതല്‍ സാംസ്കാരികമായും സാമ്പത്തികമായും ഇന്ത്യയെ ശക്തിപ്പെടുത്തുകയാണ് എന്നൊരു ചിന്ത ആളുകളില്‍ ഉറപ്പിക്കാന്‍ രാജ്യത്തെ ഭരണകക്ഷിക്ക് കഴിഞ്ഞിട്ടുണ്ട്. അതിനുള്ള പ്രധാന കാരണം കോണ്‍ഗ്രസ് പിന്തുടര്‍ന്ന ആമയുടെ ഇഴച്ചില്‍ പോലുള്ള ഉദാരവത്കരണ നയം മോഡിയുടെ കക്ഷി അവസാനിപ്പിക്കുകയും കൂടുതല്‍ തീവ്രവും സാഹസികാത്മകവും ആയ തരത്തില്‍ ചങ്ങാത്ത മുതലാളിത്തം വ്യാപിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നതാണ്. സവര്‍ണ്ണ ജാതി വിഭാഗങ്ങളിലെ മധ്യവര്‍ഗ്ഗ ജനങ്ങള്‍ക്ക് ജോലിയും വരുമാനവും കിട്ടുന്ന തരത്തിലേക്ക് സ്വകാര്യമേഖല വളര്‍ന്നത് സംഘപരിവാര്‍ രാഷ്ട്രീയത്തിന് അനുകൂലമായി ചിന്തിക്കാന്‍ ആ വിഭാഗങ്ങളെ പ്രേരിപ്പിച്ചു. രണ്ടാമത്തേത് സാംസ്‌കാരിക തലത്തില്‍ നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ സാംസ്കാരികമായ ഐക്യപ്പെടല്‍ സാധ്യമാണ്, അതില്‍ എല്ലാ ഹിന്ദുക്കളും ഒറ്റക്കെട്ടായി സംഘപരിവാര്‍ രാഷ്ട്രീയത്തിന് പിന്നില്‍ അണിനിരക്കണം എന്ന ചിന്ത കീഴാള ജാതി സമൂഹങ്ങള്‍ക്കിടയില്‍ വേര് പിടിപ്പിക്കാന്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന് കഴിഞ്ഞു എന്നതാണ്. സാമ്പത്തിക നയങ്ങളിലൂടെ സവര്‍ണ്ണ ഹിന്ദുക്കളേയും സാംസ്‌കാരിക ദേശീയതയിലൂടെ കീഴാള ഹിന്ദു വിഭാഗങ്ങളേയും ഹിന്ദുത്വകൂടാരത്തിലേക്ക് കയറ്റി നിര്‍ത്താന്‍ കഴിഞ്ഞു എന്നാണ് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ അഖിലേന്ത്യാ തലത്തില്‍ അവകാശപ്പെടുന്നത്. സാമ്പത്തിക വികസനത്തിന്റെ നിറമുള്ള ഭാഗം മാത്രം പൊതു മണ്ഡലത്തില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇവിടെ എല്ലാം ഭദ്രമാണ്, എല്ലാവരും സുഖത്തിലും സന്തോഷത്തിലുമാണ് എന്ന് ഭരണകൂടം കൊട്ടിഘോഷിക്കുമ്പോള്‍ ‘കാര്യങ്ങള്‍ അത്ര നേരായും വെടിപ്പായും’ അല്ല രാജ്യത്ത് നടക്കുന്നത് എന്ന അപായ സൂചന ഉയര്‍ത്തുകയാണ് ‘കാവി ദേശീയത’ എന്ന ലേഖന സമാഹാരത്തിലൂടെ സമകാലീന കേരളത്തിലെ മുന്‍നിര ചരിത്രകാരന്‍ ആയ ഡോ. പി എസ് മനോജ്കുമാര്‍ ചെയ്യുന്നത്. വലതുപക്ഷ രാഷ്ട്രീയം മലിനമാക്കി കൊണ്ടിരിക്കുന്ന അക്കാദമിക് ജ്ഞാനനിര്‍മ്മിതിയെ ജനപക്ഷത്ത് ഉറപ്പിക്കാനുള്ള മനോജ്‌കുമാറിന്റെ ഉദ്യമത്തിന് തുണയായി നില്‍ക്കുന്നത് ഫാബിയന്‍ ബുക്ക്സ് മാവേലിക്കരയാണ്. പുസ്തകത്തിന്റെ ഉള്ളടക്കത്തെയും ഗ്രന്ഥകാരന്റെ ഉറച്ച വലതുപക്ഷ വിരുദ്ധ ഗാന്ധി മാര്‍ഗ്ഗത്തെയും വായനക്കാര്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്ന ഉജ്വലമായ അവതാരിക എഴുതിയത് കേരളത്തിലെ യുവചരിത്രകാരന്മാരില്‍ പ്രമുഖനായ എ എം ഷിനാസ് ആണ്. എഴുത്തുകാരന്റെ ഹൃദയ വികാരങ്ങളും വിശാലത്വവും ഒരുപോലെ വായനക്കാര്‍ക്ക് അനുഭവവേദ്യം ആക്കുന്നതില്‍ അവതാരികകയ്ക്കുള്ള പങ്ക് വിലമതിക്കാന്‍ ആവാത്തതാണ്.

ഇന്ത്യന്‍ ഭരണഘടനയിലൂടെ അംബേദ്‌കര്‍ എല്ലാവര്‍ക്കും തുല്യ ഇടവും തുല്യ അവകാശങ്ങളും ഉള്ള പൗരത്വം ആണ് മുന്നോട്ട് വെച്ചത്. എന്നാല്‍ എല്ലാ ഹിന്ദുക്കള്‍ക്കും തുല്യ അവകാശവും അധികാരവും സാമൂഹ്യപദവിയും ഉള്ള ഒരു ഹിന്ദുമതമാണോ സംഘപരിവാര്‍ ‘ഘര്‍ വാപ്പസിയിലൂടെ’ വാഗ്ദാനം ചെയ്യുന്നത് എന്ന മില്യന്‍ ഡോളര്‍ ചോദ്യമാണ് പുസ്തകത്തിന്റെ തുടക്കത്തില്‍തന്നെഗ്രന്ഥകാരന്‍ ഉന്നയിക്കുന്നത്. ഘര്‍ വാപ്പസിയിലൂടെ ഹിന്ദു കൂടാരത്തിലേക്ക് തിരികെ വരുന്ന മുസ്ലീമുകള്‍ക്ക് ചരിത്രപരമായി അവര്‍ ഏത് ജാതിയില്‍ നിന്നാണോ ഇസ്ലാം സ്വീകരിച്ചത് അതേ ജാതിയിലേക്കും അതേ ജാതിയുടെ സാമൂഹ്യ പദവിയിലേക്കും മാത്രമാണ് സ്വാഗതം ചെയ്യപ്പെടുന്നത്. മുഗള്‍ കാലത്ത് നടന്നുവെന്നു സംഘപരിവാര്‍ നിര്‍മ്മിച്ചെടുക്കുന്ന ‘ബലപ്രയോഗത്തിലൂടെയുള്ള മതപരിവര്‍ത്തനമെന്ന’ കെട്ടുകഥയുടെ മുകളില്‍ ആണ് ഘര്‍ വാപ്പസിയെന്ന നാടകം അരങ്ങേറുന്നത് എന്നാണ് തെളിവുകളുടെ പിന്‍ബലത്തില്‍ പുസ്തകം സമര്‍ത്ഥിക്കുന്നത്. ദലിത്-മുസ്ലീം സംഘര്‍ഷത്തിനുള്ള കളമൊരുക്കുക എന്നത് പോലെ തന്നെ, ചരിത്രപരമായി ഒരേ സാമൂഹ്യ അവസ്ഥയില്‍ ജീവിച്ച അസ്പൃശ്യ ജനതകള്‍ പല മതങ്ങള്‍ ‘സ്വീകരിച്ചപ്പോള്‍’ അവരില്‍ ഹിന്ദുമതത്തിലേക്ക് തിരികെ വരുന്നവര്‍ക്ക് മാത്രമേ പട്ടികജാതി സംവരണം ഉണ്ടാവൂ എന്ന വാദം ഉയര്‍ത്തി ദലിത് ഹിന്ദു, ദലിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാവേണ്ട സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ ഐക്യപ്പെടലിനെ ഇല്ലാതാക്കാനും അവര്‍ക്കിടയില്‍ സംഘര്‍ഷം വളര്‍ത്താനും ഘര്‍ വാപ്പസി ലക്ഷ്യമിടുന്നു എന്ന നിരീക്ഷണവും ഗ്രന്ഥകാരന്‍ മുന്നോട്ട് വയ്ക്കുന്നു.

ചങ്ങാത്ത മുതലാളിത്ത മൂലധനത്തിന്മേല്‍ കെട്ടിപ്പൊക്കുന്ന അഞ്ചു ട്രില്ല്യന്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍മ്മാണം ഒരു വശത്ത് നടക്കുമ്പോള്‍ അതിന് സമാന്തരമായി ഹിന്ദുത്വ ദേശീയതയുടെ ഭൂതകാല പ്രൗഡിയെ കൃത്രിമമായി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ പരസ്യമായും രഹസ്യമായും ഒരുങ്ങുന്നുണ്ടെന്ന വാദമാണ് മനോജ്കുമാര്‍ മുന്നോട്ട് വയ്ക്കുന്നത്. ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രകാരന്മാര്‍ കെട്ടിപ്പൊക്കിയ ആര്യ-വേദ കെട്ടുകഥകളുടെ കുളിരിലേക്ക് പോകാനും പോകുന്ന വഴി മുഗള്‍ ഭരണകാലത്തിന്റെ ശേഷിപ്പുകള്‍ സമ്പൂര്‍ണ്ണമായി നശിപ്പിക്കാനും അതിലൂടെ ഇസ്ലാം രഹിത ഹിന്ദു ചരിത്രം രൂപപ്പെടുത്താനും അതിന് അക്കാദമിക് സമൂഹത്തിന്റെ സമ്മതി നേടാനുമുള്ള നിതാന്ത പരിശ്രമമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാഹിത്യ അടുക്കളയില്‍ രൂപപ്പെടുന്നത് എന്നതിന്റെ സൂചകങ്ങളായി പേര് മാറുന്ന റോഡുകള്‍, തെരുവുകള്‍, കെട്ടിടങ്ങള്‍, ശൂന്യതയില്‍ നിന്നും പൊട്ടി മുളയ്ക്കുന്ന അമ്പലങ്ങള്‍, ആരാധനയുടെ നൂറ്റാണ്ട് ചരിത്രങ്ങള്‍ ഒക്കെ ചരിത്ര നിര്‍മ്മിതിയുടെ പുതിയ രീതി ശാസ്ത്രത്തെ ഉണ്ടാക്കുന്നു എന്ന് ഗ്രന്ഥകാരന്‍ വായനക്കാരെ ബോധ്യപ്പെടുത്തുന്നു. സംഘപരിവാര്‍ അടുക്കളയില്‍ ഉണ്ടാക്കുന്ന ചരിത്ര വിഭവങ്ങള്‍ എവിടെ ആര്‍ക്ക് എപ്പോള്‍ എത്ര അളവില്‍ വിളമ്പണം എന്നതിനെ പറ്റിയും വ്യക്തമായ കണക്കുകൂട്ടലുകള്‍ ഇന്ത്യയിലെ വലതുപക്ഷത്തിന് ഉണ്ടെന്ന് 2016 ലെ ആസാം തിരഞ്ഞെടുപ്പിനെ ആധാരമാക്കി പുസ്തകം തെളിയിക്കുന്നു.

സംഘപരിവാര്‍ രാഷ്ട്രീയം വര്‍ത്തമാന കാലത്ത് മുന്നോട്ട് വയ്ക്കുന്ന ബഹുസ്വരതയുടെ രാഷ്ട്രീയമെന്നത് കേവലം അടവ് നയം മാത്രമാണെന്ന വാദമാണ് പുസ്തകം മുന്നോട്ട് വയ്ക്കുന്നത്. ‘സമാധാനപ്രിയരായ ഹിന്ദുക്കള്‍, ആക്രമണകാരികള്‍ ആയ മുസ്ലീമുകള്‍’ എന്ന ചരിത്ര വിരുദ്ധ ദ്വന്ദ്വത്തിലാണ് സംഘപരിവാര്‍ ബഹുസ്വരത കുടികൊള്ളുന്നത്. വര്‍ത്തമാന ഇന്ത്യയുടെ ബഹുസ്വര മത പാരമ്പര്യത്തെ എല്ലാവരും ഹിന്ദുക്കള്‍ ആയിരുന്നുവെന്ന ഹിന്ദുത്വ യുക്തിയുടെ പിന്തുണയില്‍ മാത്രമാണ് സംഘപരിവാര്‍ അംഗീകരിക്കുന്നത് എന്ന വാദമാണ് പുസ്തകം മുന്നോട്ട് വയ്ക്കുന്നത്. ഒരടവ് നയം എന്ന നിലയ്ക്കെങ്കിലും സംഘപരിവാര്‍ ബഹുസ്വരതയിലെ ഏകത്വത്തെ പറ്റി പറയുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുന്ന ബ്രാഹ്മണ വിഭാഗം ഹിന്ദു രാഷ്ട്രീയ കൂടാരത്തില്‍ നിന്ന് തന്നെ ഉയരുന്നുണ്ട് എന്ന സംഘപരിവാര്‍ രാഷ്ട്രീയം അതിന്റെ കോട്ടയ്ക്കുള്ളില്‍ നിന്നുതന്നെ നേരിടുന്ന ഒരു എതിര്‍പ്പിന്റെ സ്വരത്തെമനോജ്‌ കുമാര്‍ കണ്ടെത്തുന്നുണ്ട്. അദ്ദേഹം എഴുതുന്നു “രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ അജണ്ടകളില്‍ വിശ്വാസമില്ലാതായ, അവരുടെതണലില്‍ നില്‍ക്കാന്‍ വിസമ്മതിക്കുന്ന, കൂടുതല്‍ തീവ്രമായ ആവശ്യങ്ങളുമായി വിട്ട് വീഴ്ചകള്‍ ആവശ്യമില്ലെന്ന നിലയില്‍ ബ്രാഹ്മണ്യം വര്‍ണ്ണ ഹിന്ദുത്വത്തിന്റെ രൂപമാളി ഇന്ത്യന്‍ സമൂഹത്തില്‍ സജീവമാകുന്നത് കാണാം”. ഹിന്ദുത്വത്തെ പറ്റിയുള്ള തീരുമാനങ്ങള്‍ നാഗ്പൂരില്‍ നിന്നും മാറി ശങ്കരപീഠങ്ങളില്‍ നിന്നും ഉണ്ടാകട്ടെ എന്ന ബ്രാഹ്മണവാദം സൂചിപ്പിക്കുന്നത് ഹിന്ദു രാഷ്ട്രീയത്തിന് മുകളിലായി ബ്രാഹ്മണ മേല്‍ക്കോയ്മ പീലി വിടര്‍ത്തി ആടുന്നു എന്നാണ് പുസ്തകം കണ്ടെത്തുന്നത്.

ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരന്‍ കണ്ടെടുക്കുന്ന മറ്റൊരു കാര്യം ‘ ഗാന്ധി ഞങ്ങളോട് ആഭിമുഖ്യം ഉള്ളയാള്‍’ ആയിരുന്നുവെന്ന സംഘപരിവാര്‍ വാദത്തെ തകര്‍ക്കുന്ന തെളിവുകള്‍ ആണ്. സംഘപരിവാര്‍ രാഷ്ട്രീയത്തോട് തനിക്ക് യാതൊരുവിധ അനുഭാവവും ഇല്ലെന്ന നിലപാടാണ് ഗാന്ധിക്ക് മരണം വരെ ഉണ്ടായിരുന്നത് എന്ന് ഗ്രന്ഥകാരന്‍ യുക്തിസഹമായി തെളിയിക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്. ഗാന്ധിയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും ഒപ്പം തന്നെ ഗാന്ധി വിരുദ്ധമായ രാഷ്ട്രീയത്തെ വളര്‍ത്തിയെടുക്കാനും ശ്രമിക്കുന്ന അന്തരിക വൈരുദ്ധ്യം സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ ഉണ്ടെന്ന് പുസ്തകം പറയുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തെ പ്രതിരോധിക്കാനുള്ള താത്വിക ശേഷി ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇല്ലെന്നും അതിനുള്ള ഊര്‍ജ്ജം ഗാന്ധിയന്‍ തത്വത്തിലും പ്രയോഗത്തിലുമാണ് തേടേണ്ടത് എന്ന് പുസ്തകം പറയാതെ പറയുന്നുണ്ട്.

ഗാന്ധിയെ, അംബേദ്കറെ, ഭരണഘടനയെ, ഇന്ത്യന്‍ ബഹുസ്വരതയെ ഒക്കെ ഉള്‍ക്കൊള്ളുന്നു എന്ന് ബാഹ്യമായി അവകാശപ്പെടുമ്പോഴും അപരപക്ഷത്തെ ഇല്ലാതാക്കുക അല്ലെങ്കില്‍ അവരെ രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായും നിര്‍വ്വീര്യര്‍ ആക്കുക എന്ന ജാതി യുക്തി തന്നെയാണ് ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ രാഷ്ട്രീയം പിന്തുടരുന്നത് എന്നത് വര്‍ത്തമാന ഇന്ത്യയില്‍ നിന്നുള്ള ഉദാഹരണങ്ങളിലൂടെ ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. ഈ പുസ്തകത്തിലെ ഏറ്റവും ശക്തമായ ഒരു ലേഖനം ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ഗോരാഷ്ട്രീയത്തെ പ്രശ്നവത്കരിക്കുന്നതാണ്. ഗോരാഷ്ട്രീയത്തിന്റെ ചരിത്രവും വര്‍ത്തമാന പ്രയോഗ രീതികളും വിശദീകരിക്കുന്നതിലൂടെ എങ്ങനെയാണ് ഇന്ത്യയില്‍ ഭക്ഷണം ജാതിയെ പുനരുല്‍പ്പാദിപ്പിക്കുന്ന ഒന്നായി മാറുന്നത് എന്ന് വായനക്കാരോട് പങ്കുവയ്ക്കുന്നു. ഗോരാഷ്ട്രീയത്തിലൂടെ സംഘപരിവാര്‍ രാഷ്ട്രീയം കീഴാള സമൂഹങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കാനും അവരെ ചത്ത മൃഗങ്ങളെ നീക്കുക എന്ന ക്ലാസ്സിക് ജാതി തൊഴിലിലേക്ക് വീണ്ടും നയിക്കാനുമുള്ള അജണ്ടകള്‍ രൂപപ്പെടുത്തുന്നു എന്ന വിമര്‍ശനം പുസ്തകം ഉന്നയിക്കുന്നു. കേവലം ബീഫ് ഫെസ്റ്റ് നടത്തിയോ, ജാതിയുടെ മൂല്യബോധത്തെ ജര്‍മ്മന്‍ നാസിസത്തില്‍ തിരഞ്ഞോ ഗോരാഷ്ട്രീയത്തെ പ്രതിരോധിക്കാം എന്ന് കരുതുന്ന ഇടതുപക്ഷ പദ്ധതികളെ ഗ്രന്ഥകാരന്‍ ചോദ്യം ചെയ്യുന്നു. ഗോരാഷ്ട്രീയതിന്റെ വേരുകള്‍ വന്യമായ ജാതി വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുന്ന ‘ബ്രാഹ്മണ്യത്തിന്റെ’ മനുഷ്യത്വവിരുദ്ധമായ ജ്ഞാനമണ്ഡലങ്ങള്‍ക്കും രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്കും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും അകത്താണ് തിരയേണ്ടത് എന്ന് ഗ്രന്ഥകാരന്‍ ഉറപ്പിച്ചു പറയുന്നു. അദ്ദേഹം പറയുന്നു ‘ഗോരാഷ്ട്രീയം ഒറ്റപ്പെട്ടതും ഏകവുമായ ഒരു അജണ്ടയല്ലെന്നും ഹിന്ദുത്വത്തിന്റെ മറ്റനേകം അജണ്ടകള്‍ക്കുള്ളിലെ , നിലവില്‍ സംഹാരശേഷിയോടെ പ്രയോഗിക്കപ്പെടുന്ന ഒന്ന് മാത്രമാണെന്നും തിരിച്ചറിയേണ്ട സന്ദര്‍ഭമാണിത്’. ഈ തിരിച്ചറിവ് ഇല്ലാതാകുമ്പോള്‍ ആണ് കീഴാള സമൂഹങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തില്‍ തങ്ങള്‍ക്കും ഇടമുണ്ടെന്ന മിഥ്യാബോധത്തിന് കീഴ്പ്പെടുന്നത് എന്നാണ് ലേഖകന്‍ കരുതുന്നത്.

ജാതിയുടെ നീരാളിപിടുത്തത്തില്‍ ‘പ്രജ’ പോലും ആകാന്‍ കഴിയാതിരുന്ന കോടിക്കണക്കിന് മനുഷ്യരെ അവകാശങ്ങളും അധികാരങ്ങളും ഉള്ള ‘പൗരന്മാര്‍’ ആക്കുകയാണ് ഇന്ത്യന്‍ ഭരണഘടന ചെയ്തത്. ആ ഭരണഘടനയെ അത് മുന്നോട്ട് വയ്ക്കുന്ന ബഹുസ്വര മതേതര ജനാധിപത്യ മൂല്യബോധത്തെ നിഷ്ക്രിയമാക്കുന്ന ‘ഘര്‍ വാപ്പസി, ഗോവധ നിരോധനം, പൗരത്വ നിയമ ഭേദഗതി,പൗരത്വ പട്ടിക, വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ അതിക്രമങ്ങള്‍, ദലിത് പീഡനങ്ങള്‍, ആരാധനാലായ കയ്യേറ്റങ്ങള്‍, ആരാധന സ്വാതന്ത്ര്യ നിഷേധങ്ങള്‍, അതുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍, ആയുധ പരിശീലനങ്ങള്‍, ആയുധമെന്തിയുള്ള പഥസഞ്ചലനങ്ങള്‍’’, ഗോമാംസം കൈവശം വെച്ചുവെന്നാരോപിച്ചുള്ള ആള്‍ക്കൂട്ടകൊലകള്‍ എന്നിവയെ താത്വികമായി ന്യായീകരിക്കുകയും, ചങ്ങാത്ത മുതലാളിത്തത്തിലൂടെ സവര്‍ണ്ണ മധ്യവര്‍ഗ്ഗത്തെ സമ്പന്നര്‍ ആക്കുകയും അവരുടെ സമ്മതിയില്‍ അഭിരമിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക നിര്‍മ്മിതികളെ ബൗദ്ധിക പക്ഷപാതിത്വം ഇല്ലാതെ വിശകലനം ചെയ്യുന്നതില്‍ ഗ്രന്ഥകാരന്‍ കാണിക്കുന്ന ആര്‍ജ്ജവം അഭിനന്ദനീയം ആണ്. അവതാരികയുടെ ഒടുവില്‍ ഷിനാസ് പറഞ്ഞു നിര്‍ത്തുന്ന വരികള്‍ ഞാനും ആവര്‍ത്തിക്കട്ടെ’. മതരാഷ്ട്രീയവും അതുല്‍പ്പാദിപ്പിക്കുന്ന മതോന്മാദത്തിനുമിടയില്‍ വഴിവിളക്കുകെട്ട് ഉഴലുന്ന ഇന്ത്യയുടെ ചരിത്രത്തോടും വര്‍ത്തമാനത്തോടും ഭാവിയോടും ഈ ഗ്രന്ഥം സംസാരിക്കുന്നു’’. ഇന്ത്യ ഏതെങ്കിലും ഒരു കൂട്ടരുടെ മാത്രം അധ്വാനം കൊണ്ട് നിര്‍മ്മിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്ന ഒരു രാജ്യമല്ലെന്ന രാഷ്ട്രീയ ബോധ്യമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും തീര്‍ച്ചയായും വായിക്കേണ്ട പുസ്തകമാണിത്. ആരാണ് ഹിന്ദുക്കള്‍, എങ്ങനെയാണ് അവരെ നിര്‍വചിക്കുന്നത്, ഒരാളെ ഹിന്ദു ആക്കുന്ന മൗലികമായ ഘടകങ്ങള്‍ എന്തൊക്കെയാണ്, എല്ലാവരേയും ഉള്‍ക്കൊള്ളുന്നു എന്ന് അഭിമാനിക്കുന്ന ഹിന്ദു മതത്തിനകത്തെ ജാതി വ്യവസ്ഥയെ എങ്ങനെയാണ് നമ്മള്‍ വിശകലനം ചെയ്യേണ്ടത്, ജാതി ഇല്ലാതെ ഹിന്ദു മതത്തിന് നിലനില്‍ക്കാന്‍ കഴിയുമോ തുടങ്ങിയ വലിയ ചോദ്യങ്ങളിലേക്കുള്ള വിശാലമായ വാതിലാണ് ഈ പുസ്തകം.

 

******

 

No Comments yet!

Your Email address will not be published.