സുഭാഷ് ചന്ദ്രന്റെ ‘ജ്ഞാനസ്നാനം’ എന്ന ചെറുകഥ വായിക്കുകയായിരുന്നു, മികച്ച കഥാകാരന്റെ പേനയിൽ നിന്ന് ഒട്ടൊരു നീണ്ട ഇടവേളയ്ക്കു ശേഷം പിറവിയെടുത്ത രചനയുടെ പരിണാമമെന്താകും എന്ന സൗന്ദര്യജിജ്ഞാസയോടു കൂടി. സൂര്യന്റെ ചർക്കയിൽ വെൺമേഘങ്ങളുടെ പരുത്തിത്തുണ്ടുകൾ പിണച്ച് വെളിച്ചം നൂൽക്കുന്ന അപാരനായ ഒരുവനെ ഭാവന ചെയ്യുന്ന വിത്തൽ ലീലാധർ എന്ന പതിനാറുകാരന്റെ നോട്ടപ്പാടിലൂടെയുള്ള കഥാരംഭം തന്നെ ഗാന്ധിജിയുടെ ഉപ്പുയാത്രയെന്ന ചരിത്ര സന്ദർഭത്തിലേയ്ക്ക് അതിന്റെ വായനക്കാരെ അനായാസം ആനയിക്കുന്നു. തുടർന്ന് ആ യാത്രയിൽ അവരും പങ്കാളികളാകുന്നു. യാത്രികരുടെ പേരുകളും അവരിൽ ചിലരെക്കുറിച്ചുള്ള വിശദാംശങ്ങളുമെല്ലാം കഥയുടെ ചർക്കയിലൂടെ കടന്ന് ആഖ്യാനതന്തുക്കളായി മാറുന്നു. സബർമതി ആശ്രമത്തിലെ സംഗീതാധ്യാപകനായ ‘പണ്ഡിറ്റ് നാരായൺ മോരേശ്വർ ഖരേ’യാണ് ഇവരിൽ ആദ്യത്തെ ആൾ. ‘പണ്ഡിറ്റ് ഖരേ’യായും വെറും ‘ഖരേ’യായും ചുരുക്കപ്പെട്ടാണ് ആ പേരുകാരൻ കഥയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ പേരുചുരുക്കൽ തന്റെ കാര്യത്തിലായാലും മറ്റുള്ളവരെ സ്നേഹപൂർവ്വം സംബോധന ചെയ്യുമ്പോഴായാലും ഖരേയുടെ ഒരു ശീലമായിരുന്നത്രേ.
അതിനെതിരേ പ്രതിഷേധിച്ചിട്ടുള്ള ആശ്രമത്തിലെ ഒരേയൊരംഗം, ‘ഗൺപത്റാവ് ഗോഡ്സേ’ ആയിരുന്നു എന്നും കഥാകൃത്ത് നിപുണമായി സൂചിപ്പിക്കുന്നുണ്ട്. ‘ഗൺപത്’ വീണ്ടും ചുരുങ്ങിയാൽ ‘ഗൺ’ എന്നാവുമല്ലോ. ഒടുവിൽ വേറൊരു ഗോഡ്സേ മഹാത്മാവിന്റെ മാറിടത്തിനു നേർക്ക് ചൂണ്ടിയ ആയുധത്തിന്റെ ലോഹത്തണുപ്പുള്ള പേര്! ഇതേ ഗണപത്റാവ് ഗോഡ്സേയാണ് പിന്നീട്, ഉപ്പുയാത്രയ്ക്കിടെ, യാത്രികരുടെ കൂട്ടത്തിൽ എത്ര മുസ്ലിങ്ങളുണ്ടെന്ന കണക്കെടുപ്പു നടത്തുകയും തങ്ങൾ യാത്രാമധ്യേ കടന്നുപോകുന്ന ‘അമോദി’ൽ മൂന്നിലൊരാൾ വീതം മുസ്ലിമാണെന്ന് അസഹിഷ്ണുവിനെപ്പോലെ പിറുപിറുക്കുകയും ചെയ്യുന്നത് എന്നതും കഥയുടെ സൂക്ഷ്മമായ രാഷ്ട്രീയധ്വനികളിലൊന്നായി മാറുന്നു.
അമോദിൽ വച്ചാണ് ഗാന്ധിജിയുടെ കാൽവിരലിൽ ഒരു മുറിവു പറ്റുന്നത്. വൃദ്ധനായ ഒരു മുസ്ലിംവൈദ്യൻ ആ മുറിവു പരിശോധിക്കുന്നു. ഈ രംഗം പോലെ ഭാവശോഭയുള്ള രംഗങ്ങൾ ഈ കഥയിൽ വേറെ ഇല്ലെന്നു പറയാം. ഏറ്റവും മികച്ച ഒരു ഛായാഗ്രാഹകനു പോലും തന്റെ ക്യാമറയിൽ പകർത്താനാവാത്ത ഒരു വെളിച്ചത്താലാണ് കഥാകൃത്ത് ഈ രംഗത്തിന് അലൗകികതയുടെ പരിവേഷമണി ക്കുന്നത്. കഥയിൽ നമ്മൾ ഇങ്ങനെ വായിക്കുന്നു –
‘വൈകുന്നേരത്തെ വെയിൽ, മുറിയുടെ ചില്ലുജനലിലൂടെ വൃദ്ധന്റെ താടിയിലും ബാപ്പുവിന്റെ പാദത്തിലും ഈ ഭൂമിയുടേതല്ലാത്ത ഒരു വെളിച്ചത്തോടെ വീണു കിടക്കുന്നു’. ‘പ്രഭാതവെയിൽ പോലുള്ള വെളിച്ചെണ്ണ’ എന്നും കഥയുടെ വേറൊരു ഭാഗത്ത് നമ്മൾ വായിക്കുന്നുണ്ട്. ഉപ്പുയാത്രയിൽ പങ്കെടുക്കാൻ വേണ്ടി കേരളത്തിൽ നിന്നു വന്ന ചെറുപ്പക്കാർ , നാലു പേരുണ്ടായിരുന്നു അവർ , കൊണ്ടുവന്ന വെളിച്ചെണ്ണയെക്കുറിച്ചു പറയുമ്പോഴാണ് അത്. അതവർ യാത്രികരുടെ നടന്നു പൊള്ളച്ച പാദങ്ങളിലിറ്റിക്കാനായി വിതരണം ചെയ്യുന്നു. വെളിച്ചെണ്ണയുടെ പ്രഭാതവെയിൽ പോലുളള വർണ്ണം അപ്പോൾ കൂടുതൽ തിളങ്ങുകയും പ്രകാശിക്കുകയും ചെയ്യുന്നു. ചരിത്രത്തിന് സ്നേഹസേചനമായി മാറിയതിനാൽ മാത്രം വെറും വെളിച്ചെണ്ണയ്ക്കു കൈവന്ന അധികശോഭയായിരുന്നു അത്.
ഗാന്ധിജിയുടെ കാലിലെ മുറിവ് പരിശോധിക്കുന്ന വൃദ്ധഭിഷഗ്വരനിലേയ്ക്കു തന്നെ മടങ്ങാം നമുക്ക്. അന്നേരം അദ്ദേഹത്തിന്റെ നരച്ചു നീണ്ട താടിയിലൂറിയ ഒരു സ്വേദകണത്തിന്റെ സഞ്ചാരപഥം കഥാകൃത്ത്, അത്ര കണിശമായിത്തന്നെ പിൻതുടരുന്നു. അതിൽ പ്രതിഫലിച്ച ഒരു തുള്ളി സൂര്യനെയും കാട്ടിത്തരുന്നു. ഉപ്പു കലർന്ന ആ വിയർപ്പുതുള്ളി, മഹാത്മാവിന്റെ പാദത്തിലെ ചെറുമുറിവിലിറ്റി, ആ ചോരയുമായി കലർന്നു എന്നാണ് തുടർന്ന് കഥാകൃത്തെഴുതുന്നത്; അതിന്റെ നീറ്റലിലുണർന്ന, ‘ഓ’ എന്ന വ്യാക്ഷേപകത്തെ, അന്ന് മൗനവ്രതത്തിന്റെ ദിവസമായിരുന്നതിനാൽ, അദ്ദേഹം ‘ഓം’ എന്ന മഹാനാദമായി പരിവർത്തിപ്പിച്ചു കൊണ്ട് ചുണ്ടുകൾ പൂട്ടി എന്നും. ഗാന്ധിജിയുടെ മതേതരത്വത്തെപ്പറ്റിയും മാനവികതയെപ്പറ്റിയും മഹാപ്രഭാഷണങ്ങൾക്കോ മഹാഗ്രന്ഥങ്ങൾക്കോ പറയാനാവുന്നതിലധികം പറയുന്നുണ്ട് , ഏതാനും വാക്യങ്ങളാൽ കഥാകൃത്ത് സൃഷ്ടിക്കുന്ന ഈ സൂക്ഷ്മസന്ദർഭം. ഇത്തരത്തിൽ മഹാകവി കാളിദാസൻ പണ്ട് ഒരു മഴത്തുള്ളിയെക്കുറിച്ചെഴുതിയപ്പോൾ ഉളവായ ഇക്കിളിയെ ബഹുദൂരം പിന്നിലാക്കുന്നുമുണ്ട്, ചരിത്രത്തിന്റെ മൂശയിലേയ്ക്കടർന്നു വീണ് അതിന്റെ ലവണവും ലാവണ്യവുമായി മാറുന്ന ഈ വിയർപ്പുതുള്ളി എന്നു കൂടി പറയട്ടെ.
ഉപ്പുയാത്രയുടെ അവസാനനാളിൽ ലീലാധർ കണ്ട സ്വപ്നത്തിന്റെ ആഖ്യാനത്തിലാണ് കഥയുടെ നിശിതമായ രാഷ്ട്രീയപര്യവസാനം. ആ മുസ്ലിം ഭിഷഗ്വരന് തന്റെ സ്വപ്നത്തിലെ ദിനസരിയിൽ, മതഗന്ധമേശാത്ത ഒരു പേരു കണ്ടെത്താൻ ശ്രമിക്കുകയാണ് ലീലാധർ. ‘ഭയജനകമായ വാക്കുകളുടെ മുന്നിൽ അകാരം ചേർത്ത് അഹിംസയെന്നും അസ്തേയമെന്നും അഭയപദങ്ങൾ സൃഷ്ടിച്ച മഹാത്മാ’വു തന്നെ അതു കുറിക്കുന്നു.’അമോദി’ എന്നതായിരുന്നു ആ വാക്ക്. ഇതോടെ, കേവലമൊരു ഉപ്പുയാത്രാവിവരണം മാത്രമായിപ്പോകുമായിരുന്ന കഥ, ഇന്ത്യയുടെ സമകാലവുമായിച്ചേർന്ന് വലിയ മുഴക്കങ്ങൾ സൃഷ്ടിച്ചുകൊണ്ട് അതിന്റെ ആകസ്മികപര്യവസാനത്തിലെത്തിച്ചേരുന്നു.
അഹിംസയിലും അസ്തേയത്തിലും അപരിഗ്രഹത്തിലുമൊക്കെയുള്ള അകാരത്തിന്റെ അഭയദമായ കരുത്തിനെക്കുറിച്ച് കഥാകൃത്ത് നൽക്കുന്ന ഭാഷാപരമായ ചില നല്ല സൂചനകളാണ് ഒരു ചെറുപദത്തെ അത്രമേൽ സ്ഫോടകമായ ഒരു രാഷ്ട്രീയപ്രസ്താവനയാക്കി മാറ്റുന്നത്. ഭാഷയാലുളള കലാപവും പ്രതിരോധവും അഗാധമായ ആത്മീയതയുടെ നിർമ്മാണവുമാണല്ലോ എഴുത്ത്. അതിനെ, അക്ഷരാർത്ഥത്തിൽത്തന്നെ, നിറവേറ്റുന്നു എന്നതാണ് ഈ സുഭാഷ് ചന്ദ്രൻകഥയുടെ അനന്യതയും രാഷ്ട്രീയ-ലാവണ്യശക്തിയും. ‘ലവണം’ എന്ന വാക്കിൽ നിന്നുമാവാം ‘ലാവണ്യം’ എന്ന വാക്ക്. ‘ഉപ്പ്’ എന്ന ‘ലവണ’ത്തെക്കുറിച്ചെഴുതിക്കൊണ്ടു തന്നെ ‘ജ്ഞാനസ്നാനം’ എന്ന ചെറുകഥ അതിന്റെ ചരിത്രലാവണ്യവും രാഷ്ട്രീയലാവണ്യവും സൃഷ്ടിക്കുന്നു. ‘സഹസ്രസ്തനിയായ കടലമ്മയുടെ മുലപ്പാൽപ്പൊടി’യായാണ് കാഴ്ച്ചപ്പെടുന്നത്, ദണ്ഡികടൽപ്പുറത്തെ ഉപ്പുകൂമ്പാരങ്ങൾ കഥയിൽ. ചരിത്രവും സമകാലികരാഷ്ട്രീയവും സർഗ്ഗാത്മകതയും ചേർന്നു സൃഷ്ടിക്കുന്ന ആത്മീയതയുടെ ലാവണ്യദ്യുതിയാണത്. ഈ ആത്മീയതയുടെ അനുഭവം, അതു പകരുന്ന രാഷ്ട്രീയാനുഭവം പോലെ തന്നെ വിലപിടിച്ചതാണെന്നു ഞാൻ കരുതുന്നു.
എന്റെ ആദ്യവായനാനുഭവമാണ് ഇതുവരെ പങ്കുവച്ചത്; തുടർവായനകളിൽ തെളിഞ്ഞു വന്നത് ഒരസ്ഥിയാണ് , ദധീചി മഹർഷിയുടെ . കഥയിൽ ദധീചിയും ദധീചിയുടെ അമ്പലവും കടന്നുവരുന്ന സന്ദർഭം ഇങ്ങനെ – ‘ഇരുട്ടകന്ന് മുന്നിൽ ആശ്രമം തെളിയുന്ന മുറയ്ക്ക് പുഴവക്കിലെ അലക്കിന്റെ അവതാളങ്ങൾ പിന്നിൽ നേർക്കാൻ തുടങ്ങി. ചുറ്റും തിടംവയ്ക്കാൻ തുടങ്ങുന്ന വൃക്ഷപ്പച്ചകൾക്ക് ശബ്ദവുമുണ്ടെന്ന പോലെ കിളിപ്പേച്ചുകൾ കാതിൽ വീഴുന്നതാസ്വദിച്ച് ലീലാധർ ധൃതിയിൽ നടന്നു. ദധീചിമഹർഷിയെ പ്രതിഷ്ഠിച്ച ക്ഷേത്രത്തിലേയ്ക്കുള്ള വഴി തുടങ്ങുന്നിടത്ത് പടുവൃദ്ധയായ ഒരാൽമരമുണ്ട്. അതിന്റെ തുഞ്ചത്തു കയറി നോക്കിയാൽ മരങ്ങളുടെ മറകളകന്ന് തെക്ക് ദധീചിയുടെ ക്ഷേത്രവും വടക്ക് സബർമതി സെൻട്രൽ ജയിലും കാണാമെന്ന് കാക്കാ കാലേൽക്കറുടെ ഇളയ മകൻ ബാൽ അവനോട് പറഞ്ഞിരുന്നു. ബാപ്പുവിന്റെ സുഹൃത്ത് വല്ലഭ് ഭായ് പട്ടേൽ ഇപ്പോൾ ആ തടവറയ്ക്കുള്ളിലുണ്ടെന്നും.’
ഇവിടെ രണ്ട് ചോദ്യങ്ങൾ ഉന്നയിക്കപ്പെടാം. ഒന്ന്, ആരാണീ ദധീചി? രണ്ട് , ദധീചിയുടെ ക്ഷേത്രത്തിന് ഈ കഥയിൽ എന്താണ് പ്രസക്തി?
ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെയാണ് – ഈ മഹർഷി ദാനം ചെയ്ത സ്വന്തം അസ്ഥികൾ കൊണ്ടു നിർമ്മിച്ച വജ്രായുധത്താലാണ് ഇന്ദ്രൻ, ‘വൃത്രൻ’ എന്ന അസുരനെ വധിച്ചത്. രണ്ടാം ചോദ്യമാണ് കൂടുതൽ ഗൗരവമുള്ളത് , കഥയുടെ സാകല്യതയിൽ ഈ ക്ഷേത്രപരാമർശം എങ്ങനെ പ്രവർത്തിക്കുന്നു എന്നത്. കഥയിൽ, ചുവരിൽ തൂക്കിയ ഒരു തോക്കിനെക്കുറിച്ചു പരാമർശമുണ്ടെങ്കിൽ കഥ തീരും മുൻപ് അതു നിറയൊഴിച്ചിരിക്കണം എന്നു പറഞ്ഞത് ചെറുകഥയുടെ കുലപതിയായ ചെക്കോവ് ആണെന്നു തോന്നുന്നു. ആ നിലയ്ക്ക് ഒരനാവശ്യ പരാമർശം പോലും ശില്പഭദ്രതയുള്ള ചെറുകഥയ്ക്ക് ഒരധികബാധ്യതയായി മാറുകയും അതിന്റെ അരോഗദൃഢഗാത്രത്തെ ദുർബ്ബലപ്പെടുത്തുകയും ചെയ്യും. സുഭാഷ് ചന്ദ്രനെപ്പൊലൊരു കഥനശില്‌പി അങ്ങനെ ചെയ്യുമെന്നു തോന്നുന്നില്ല. കഥയിലെ രത്നശില്പി(lapidarian)കളുടെ കൂട്ടത്തിലാണ് ഈ കഥാകാരനും സ്ഥാനം. ഒരു തരി പോലും പാഴായിപ്പോകാത്ത രത്നത്തിലെ കൊത്തുവേലയാണ് അത്തരം എഴുത്ത്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ദധീചി?
ഉത്തരം ലളിതമെന്ന പോലെ ധ്വനിസമൃദ്ധവുമാണ്. കഥയിലെ ദധീചി മഹാത്മാഗാന്ധി തന്നെ, ആത്മദാനവും അസ്ഥിദാനവും നടത്തി ബ്രിട്ടീഷ്കോയ്മയെന്ന വൃത്രാസുരനെ വെന്ന ആ മഹാപുരുഷൻ. മഹാത്മാവിന്റെ അസ്ഥിയാലാണ് ‘അഹിംസ’ എന്ന വജ്രായുധം പണിയപ്പെട്ടത് എന്നും പറയാം. ഇത്രയുമൊക്കെ ധ്വനിപ്പിച്ചു കൊണ്ടാണ് ഗാന്ധിജിയുടെ സബർമതി ആശ്രമത്തിന്റെ പ്രാന്തത്തിൽ ആ ദധീചിക്ഷേത്രം നിലകൊള്ളുന്നത്. സബർമതിയും മറ്റൊരു ദേവാലയം, ഒരഭിനവദധീചിയുടെ.
‘ദധീചി’ എന്ന പേരിൽ എൻ.എൻ.കക്കാടിന്റെ കവിതയുമുണ്ട് , നമ്മുടെ ഭാഷയിൽ . 1978 ആണ് ‘സഫലമീ യാത്ര’യിൽ ഉൾപ്പെടുന്ന ഈ കവിതയുടെ രചനാവർഷം. ഇന്ത്യയിലെ രാഷ്ട്രീയ അടിയന്തിരാവസ്ഥയുടെ ഈർപ്പം വറ്റാത്ത അന്തരീക്ഷത്തിലിരുന്നാവണം, കക്കാട് എഴുതുന്നു –
‘നനഞ്ഞോരടുപ്പിലൊരു ചുള്ളിയും കത്തില്ല.
നനയാത്തതൊന്നു കത്തിക്കാനുമില്ല.
മഴയാണ്, കാറ്റാണ് ചോരുന്ന –
പുരയാണെനിക്ക്.
ആകയാൽ ഞാനീ വിറയ്ക്കുന്ന നാളവും പൊത്തി
മണ്ണു, നീർ, തീ, കാറ്റു, വിണ്ണിവയ്ക്കപ്പുറം
കണ്ണിന്റെ കണ്ണിനുമപ്പുറം
ഇവിടെ പൊരുന്നിരിക്കുന്നു.
ശതകോടി ചന്ദ്രസൂര്യന്മാർ തിളക്കും
വെളിച്ചത്തിനാ, യല്ലയെന്നാൽ,
ഉദയഗിരി കത്തിക്കുമൊരു സൂര്യനു വേണ്ടി,
ഒരു ചടുലാഗ്നിപർവ്വതത്തിനു വേണ്ടി,
പാറകൾ വെന്തു പൊടിപൊടിയായ്
തെറിക്കുമൊരു കാട്ടുതീയിന്നു വേണ്ടി;
ഒന്നുമില്ലെങ്കിലീ കൊച്ചുവെളിവെങ്കിലും
എന്റെ നട്ടെല്ലിലലിയിക്കുവാൻ വേണ്ടി
ഈ വെളിവിന്മേൽ പൊരുന്നിരിക്കുന്നു ഞാൻ.
എന്റെ നട്ടെല്ലിന്റെ ശകലങ്ങളോരോന്നു –
മായിരത്താണ്ടിന്റെ മൂർച്ചയിൽ
കത്തിത്തിളങ്ങും വരേയ്ക്കും
വ്രതമിളയ്ക്കില്ല ഞാൻ; എന്നുമീ നട്ടെല്ലിൽ വിളയും വെളിവൊഴി –
ച്ചെന്തുള്ളു നമ്മൾക്കു വേറെ?’
No Comments yet!