‘ഭാരതപുഴ’ എന്ന സിനിമയും, ടി ആർ രമേഷ് ഉൾപ്പെടെയുള്ളവരുടെ ദൃശ്യാനുഭവ കുറിപ്പുകളും ആണ് ഈ ലേഖനത്തിന് ആധാരം.
‘ഭാരതപുഴ’ തൻ്റെ നേർകഥയാണ് എന്നാണ് നളിനി ജമീല പറയുന്നതും, അവരുടെ ആ വാമൊഴിയിലേക്കുള്ള ശരിയുടെ ചൂണ്ടു വിരൽ ആയിട്ടാണ് രമേഷിനെ പോലെയുള്ളവർ സിനിമയെ വ്യാഖ്യാനിക്കുന്നതും.
ചതിക്കപ്പെട്ടതുകൊണ്ടോ ഗതികേടുകൊണ്ടോ ആണ് പലരും ആ തൊഴില്‍ സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നത്. ആ ദുരവസ്ഥയിലും ആത്മാഭിമാനം പണയപ്പെടുത്താതെ മുന്നോട്ട് പോകാനുള്ള ഒരു സ്ത്രീയുടെ അതിജീവന ശ്രമങ്ങളാണ് മണിലാല്‍ ഭാരതപ്പുഴയില്‍ ചിത്രീകരിക്കുന്നത് എന്നൊക്കെയാണ് സിനിമയെക്കുറിച്ച് വ്യാഖ്യാനിച്ചു പോരുന്നത്.
ലൈംഗിക അതിക്രമങ്ങളെയും വ്യഭിചാരത്തെയും എല്ലാം ചേർത്തുവച്ച് അതിനെ ‘ലൈംഗിക തൊഴിലാളി’ എന്ന പദം അർത്ഥബോധമില്ലാതെയാണ് ഉപയോഗിക്കുന്നത്.
മാനനഷ്ടവും മാനഭംഗവും തമ്മിൽ കടുത്ത വൈരുദ്ധ്യങ്ങളുണ്ട്. മാക്സിം ഗോർക്കിയുടെയും ദസ്തയ വ്സ്കി യുടെയും ലോകത്തെ വേശ്യകളും കൂട്ടിക്കൊടുപ്പുകാരും കൊലയാളികളും മോഷ്ടാക്കളും മാനഭംഗം സംഭവിച്ചവരാണ്. മാനനഷ്ടം സംഭവിച്ചവരല്ല.
‘ലൈംഗിക തൊഴിലാളി’ പോലെ വാക്കുകളുടെ മാന്യത കൊണ്ട് പ്രവൃത്തിക്ക് മുഖംമൂടി ചമയ്ക്കുന്നതല്ല അവരുടെ കഥാപാത്രങ്ങൾ. മറിച്ച് അവർ അധികാര യന്ത്രത്തിന്റെ ഇരകളും അധികാര യന്ത്രത്തിനെതിരെയുള്ള നിഷേധ രൂപങ്ങളും ആണ്. അത്തരത്തിൽ ഒരു രൂപമായി മാറാൻ ഭാരതപ്പുഴയിലെ നായികാ കഥാപാത്രമായ സുഗന്ധിക്ക് കഴിയുന്നില്ല.
എന്നാൽ അധികാര വ്യവസ്ഥയെ മറച്ചുവെച്ച്
കമ്പോള മൂലധനത്തിന്റെ അപമാനവികമായ നിഷ്ഠൂരതയെ പുരുഷന്റെ ജൈവഘടനയിൽ (Biology) മാത്രം ലയിപ്പിച്ച് മുതലാളിത്ത മൂല്യങ്ങളുടെ സംരക്ഷകരാകുന്നതാണ് ഇവിടെ നാം കാണുന്നത്.
നാലാം ലോകത്തിലെ വേശ്യകളും കൂട്ടിക്കൊടുപ്പുകാരും ചാരന്മാരും മോഷ്ടാക്കളും പലപ്പോഴും അധികാരത്തിന്റെ യജമാനൻമാരും കൂടിയാണെന്ന യാഥാർത്ഥ്യം സിനിമ അദൃശ്യമാക്കുന്നു.
നവ മുതലാളിത്ത കാലത്ത് അവരെ ലൈംഗിക തൊഴിലാളികൾ (sex workers) ആക്കി അവരുടെ മാനനഷ്ട പരിഹാരക്രിയ ചെയ്യുകയാണ് ഭാരതപ്പുഴയും അതിന്റെ കാഴ്ച രസം അവതരിപ്പിക്കുന്ന ടി ആർ രമേഷിനെ പോലെ ഉള്ളവരും.
നിങ്ങൾ ചെയ്യുന്ന പ്രവൃത്തി, തൊഴിൽ സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് നിങ്ങളുടെ അഭിമാനം നിർണയിക്കുന്നത്.
പ്രവൃത്തിയുടെ മൂല്യം അതിന്റെ വസ്തുനിഷ്ഠ ഭൗതിക പരിസരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ‘വേശ്യ’ യോ ‘ലൈംഗിക തൊഴിലാളി’ യോ ഏതാണ് ശരി എന്നതല്ല മുഖ്യപ്രശ്നം. വേശ്യാവൃത്തി ശരിയാണോ എന്നതാണ് യഥാർത്ഥ പ്രശ്നം. വേശ്യാവൃത്തി ഒരു സാമൂഹ്യ അപരാധമാണ് എങ്കിൽ ആ പദത്തെ ലൈംഗിക തൊഴിലാളി എന്ന പദം കൊണ്ട് അഭിമാനവൽക്കരിക്കുവാൻ കഴിയില്ല. മറിച്ച് അത് ഒരു സാമൂഹിക അപരാധമല്ല എങ്കിൽ അതിനെ ലൈംഗിക തൊഴിലാളി എന്ന പദം കൊണ്ട് ആഡംബര വൽക്കരിച്ച് സമുന്നതമാക്കേണ്ട ആവശ്യവുമില്ല.
സമൂഹത്തിലെ വളരെ സേവന സന്നദ്ധമായ ഒരു ബാർബർ ഷോപ്പിനെ, അതിലെ വളരെ സ്കിൽഡ് ആയ ബാർബറെ യഥാക്രമം ബ്യൂട്ടിപാർലർ ബ്യൂട്ടീഷൻ എന്നൊന്നും അഭിസംബോധന ചെയ്യേണ്ടതില്ല.
സിനിമ ഉടനീളം വ്യഭിചാരത്തെ മാന്യവൽക്കരിക്കുകയാണെന്ന് ഏതെങ്കിലും പ്രേക്ഷകൻ ധരിച്ചാൽ തെറ്റ് പറയാൻ കഴിയില്ല.
ചെയ്യുന്ന പ്രവൃത്തിയോ, ആ പ്രവൃത്തി സാമൂഹ്യ ഘടനകളെ എങ്ങനെ ബാധിക്കുന്നു എന്നോ അല്ല സിനിമ ചർച്ച ചെയ്യുന്നത്.
മറിച്ച് നവകമ്പോള വാദ ഭാഷാ സംജ്ഞകളും നരേറ്റീവ്കളും ഉപയോഗിച്ച് വ്യഭിചാരത്തെ മാന്യവൽക്കരിക്കുവാനും, ആ മേഖലയെ സംരക്ഷിക്കുവാനും ആണ് ശ്രമിക്കുന്നത്.
വേശ്യകൾ നേരിടുന്ന പുരുഷ കേന്ദ്രീകൃതമായ സഭ്യ – അസഭ്യതകൾക്കെതിരെ സിനിമ ശബ്ദം ഉയർത്തുമ്പോൾ, വേശ്യാവൃത്തി എന്ന പ്രവൃത്തിയുടെ അസഭ്യതയെ പറ്റിയും ആ ആശയത്തിന്റെ തന്നെ അശ്ലീലതയെക്കുറിച്ചും സിനിമയിൽ ഒരു ഒച്ചയും കേൾക്കുന്നില്ല.
ഏത് ഹീന പ്രവർത്തനത്തിനും മാന്യതയുടെ വെള്ള മുഖം നിർമ്മിച്ചു കൊടുക്കുന്നത് നവ ലൈംഗിക കമ്പോളത്തിന്റെ ആവശ്യമാണ്.
ഭാരതപ്പുഴയെ കുറിച്ച് നളിനി ജമീല പറയുന്നത് സിനിമ തൻ്റെ ജീവിതകഥ പറയുന്നുണ്ട് എന്നാണ്.
നളിനി ജമീല ലൈംഗിക കമ്പോള വേദ പുസ്തകത്തിൽ വാദിക്കുന്നതും വേശ്യയെന്ന് വിളിക്കുന്നത് അപമാനകരവും ലൈംഗിക തൊഴിലാളി എന്നു വിളിക്കുന്നത് അഭിമാനകരവും ആണ് എന്നത്രേ. എന്തു പ്രവൃത്തി ചെയ്യുന്നു എന്നതല്ല, എന്ത് പദം ഉപയോഗിക്കുന്നു എന്നതാണ് ഇവിടെയും പ്രശ്നം.
ഉത്തരാധുനിക സങ്കേതം ഉപയോഗിച്ച് പറഞ്ഞാൽ സിഗ്നിഫയ്ഡ് (signified ) അല്ല സിഗ്നിഫയർ (signifier) ആണ് അഭിമാനം രൂപപ്പെടുത്തുന്നത് എന്ന് വരുന്നു.
ലൈംഗികത വിറ്റു ജീവിക്കുന്നത് കുറ്റകരമല്ല അഭിമാനകരമാണ്, അതിൽ ഭയങ്കര വ്യക്തിത്വം ഉണ്ട് എന്നിങ്ങനെ നൽകുന്ന സന്ദേശം കുടുംബ സന്മാർഗ്ഗത്തെ ആകെ ഉഴുതുമറിച്ച് ലൈംഗിക കമ്പോളമാക്കിത്തീർക്കുന്നതാണ്.
സൂര്യനെല്ലിയും ഷൈനിയും അനഘയും ശാരിയും ഉൾപ്പെടെ കേരളത്തിലെ നൂറുകണക്കിന് മാനഭംഗത്തിന്റെ ചോരയ്ക്ക് മുകളിൽ നിന്നുകൊണ്ടാണ് ഭാരതപ്പുഴയിലെ നായിക വേശ്യാ പ്രവർത്തനം തിരഞ്ഞെടുക്കുന്നത്.
ഏതു പ്രതിസന്ധിയിലും ഉടുതുണിയിലും സ്ത്രീത്വത്തിലും അധിഷ്ഠിതമായ ഒരു മാനത്തിൽ വിശ്വസിക്കുന്ന, അതിൽ ഉറപ്പിച്ചെടുത്ത കേരളത്തിലെ സ്ത്രീത്വത്തെ അട്ടിമറിക്കുകയാണ് ഭാരതപ്പുഴയിലെ നായിക.
കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ പ്രാഥമിക മാന ബോധത്തിനുമേൽ കയ്യേറ്റം നടത്തുകയാണ് ചെയ്യുന്നത്.
സമൂഹത്തിലെ ലൈംഗിക അഭിമാന മൂല്യത്തിന്റെ ശരിയും തെറ്റും വേർതിരിയുന്നത് എവിടെയാണെന്ന് സിനിമ ചർച്ച ചെയ്യുന്നില്ല.
“വീട് വിടാൻ ആഗ്രഹിക്കുന്നവരുടെ, ഒരു പാറ്റേൺ ജീവിതം ആഗ്രഹിക്കാത്തവരുടെ കഥയാണ് ഈ സിനിമ” എന്ന് സംവിധായകൻ പറയുന്നതിൽ നിന്ന് തന്നെ കുടുംബ മൂല്യങ്ങളുടെ തകർച്ച ആഘോഷിക്കുന്നുണ്ട്.
മനുഷ്യബന്ധത്തിലെ ഏറ്റവും തീവ്രവും അർത്ഥപൂർണ്ണവുമായ ബന്ധം സ്ത്രീപുരുഷ ലൈംഗിക ബന്ധമാണ് എന്ന് മാർക്സ് പറയുന്നുണ്ട്.
സ്ത്രീ പുരുഷ ലൈംഗികബന്ധത്തിൽ അധിഷ്ഠിതമായ ദാമ്പത്യത്തിൽ നിന്നാണ് കുടുംബം രൂപപ്പെടുന്നത്.
കുടുംബത്തിനുള്ളിൽ രതിനിരോധനത്തിന്റെ ഒരു മേഖലയും, രതി ജീവിതത്തിന്റെ അടിസ്ഥാന മേഖലയുമുണ്ട്. ഈ വൈരുദ്ധ്യത്തിൽ നിന്നാണ് അച്ഛൻ, അമ്മ, സഹോദരി, സഹോദരൻ, അമ്മായിയമ്മ അമ്മായിയച്ഛൻ, മരുമകൻ, മരുമകൾ നാത്തൂൻ അളിയൻ എന്നിങ്ങനെയുള്ള മൂല്യ വൈവിദ്ധ്യങ്ങൾ രൂപപ്പെടുന്നത്. ഇപ്പറഞ്ഞ മൂല്യ ഘടകങ്ങൾ ഓരോന്നിനും അതിന്റേതായ സവിശേഷ വൈകാരിക ഘടനകളും അതിനെ നിയന്ത്രിക്കുന്ന ധർമ്മചിന്ത(ethos)യും ഉണ്ട്.
ആരാണ് ലൈംഗിക വ്യഭിചാര കേന്ദ്രങ്ങൾക്ക് വേണ്ടി പട നയിക്കുന്നത് എന്ന് സിനിമ പറയുന്നില്ല. എല്ലാം കേവലപുരുഷാധിപത്യത്തിനെതിരെയുള്ള വിശുദ്ധ യുദ്ധത്തിൽ അവസാനിപ്പിക്കു
കയാണ്.
ആരോഗ്യവും കരുത്തും ഉള്ള ഒരു കേരള വനിത ഉദര നിമിത്തം ലൈംഗിക കമ്പോളത്തിന് വിടുപണി ചെയ്യുന്നു എന്നാണ് സിനിമ കണ്ടെത്തുന്നത്.
അല്ലാതെ ആ വ്യവസ്ഥിതിയെ വെല്ലുവിളിച്ചു കൊണ്ട്, സമൂഹത്തിന് മാതൃകയാകുന്ന നൈതികവും മൗലികവുമായ ഒരു അതിജീവനത്തിന്റെ വഴി വെട്ടിത്തുറക്കുകയല്ല ചെയ്യുന്നത്.
കോളെജ് ക്യാമ്പസുകളിൽ നിന്ന് രാഷ്ട്രീയത്തെ പുറന്തള്ളാൻ വേണ്ടിയുള്ള നിഗൂഢ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന അധിനിവേശകാലത്ത് തന്നെയാണ് കേരളത്തിൽ അധോലോക ലൈംഗിക ശൃംഖല വ്യാപിച്ചു വരുന്നത്. ഈ ലൈംഗിക കമ്പോളം പകൽ വെളിച്ചത്തിലേക്ക് ഇറങ്ങി വരുന്നത് നളിനീ ജമീല ഉൾപ്പെടെയുള്ളവരുടെ രതിശാസ്ത്ര ദർശനങ്ങളുടെ അവതരണത്തിലൂടെയാണ്.
2003 മാർച്ച് ഒന്ന് രണ്ട് തീയതികളിൽ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ “ആഹ്ലാദോത്സവം” എന്ന പേരിൽ നടന്ന ലൈംഗിക തൊഴിലാളികളുടെ ദേശീയോത്സവത്തിന്റെ ഭാഗമായി “നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങളുടെ ഉത്തരങ്ങൾ” എന്ന പേരിൽ നളിനി ജമീലയുടെ നേതൃത്വത്തിൽ ‘സെക്സ് വർക്കേഴ്സ് ഫോറം’ പ്രസിദ്ധീകരിച്ച ‘ഡയലോഗിൽ’ ലൈംഗിക കമ്പോളത്തിന്റ വ്യവഹാര നിലവാരങ്ങൾ കൃത്യമായി പുറത്തുവരുന്നുണ്ട്.
പ്രായപൂർത്തിയായവർ ഈ തൊഴിലിലേക്ക് കടന്നു വരുന്നതിനെ അതിൽ സ്വാഗതം ചെയ്യുന്നുണ്ട്. ‘പ്രായപൂർത്തി’ എന്ന് പറയുമ്പോൾ തന്നെ “കുട്ടികളുടെ ലൈംഗികാവകാശങ്ങളെ പറ്റി ആരും ഓർക്കാറില്ല” എന്ന് അതിൽ പറയുന്നുണ്ട്.
എന്താണ് അതിന്റെ വിവക്ഷ..?
ലൈംഗിക തൊഴിലിനും അവിഹിത രതിയ്ക്കും സംഭവിച്ചിരിക്കുന്ന അപകർഷത്തെ മറികടക്കാൻ ആഗ്രഹിക്കുന്ന നളിനി ജമീല അവിഹിത രതിയുടെ വ്യവഹാരങ്ങളെ ആദർശ വൽക്കരിക്കുമ്പോഴും “സ്വന്തം കുട്ടികളെ ഈ തൊഴിൽ മേഖലയിലേക്ക് വിടാൻ തയ്യാറല്ല” എന്നും പറയുന്നുണ്ട്.
ചുരുക്കത്തിൽ ‘ലൈംഗിക തൊഴിലാളി’ കളുടെ പക്ഷത്തുനിന്നുകൊണ്ട് അവിഹിത രതിയുടെ വ്യവഹാരങ്ങൾ അസൂത്രിതമായി പ്രചരിപ്പിക്കുന്നതും, ലൈംഗിക ട്രേഡ് യൂണിയൻ നേതാക്കന്മാരെ സൃഷ്ടിക്കുന്നതും ആണ് മൊത്തത്തിൽ നാം ഇവിടെ കാണുന്നത്.
ഏകയുഗ്മ ദാമ്പത്യം വലതുപക്ഷ വ്യവഹാരമാണ് എന്ന് വ്യാഖ്യാനിച്ചുകൊണ്ട് എം എ ബേബി, എം പി പരമേശ്വരൻ എന്നിവർ രംഗത്തുവന്നത് ഇവിടെ ഓർക്കാവുന്നതാണ്.
അവിഹിത രതിയുടെ സാമൂഹ്യ അംഗീകാരമായിരുന്നു അന്ന് അതിന്റെ ലക്ഷ്യം.
വിഹിത രതി, വ്യവസ്ഥയുടെ അതിരുകളെ ഭേദിക്കുന്ന പ്രകോപനങ്ങളെയും അപഭ്രംശങ്ങളെയും അതിജീവിക്കാനുള്ള സമരത്തിൽ നിന്നാണ് ഏകയുഗ്മ പ്രണയത്തിൻ്റെ ലൈംഗിക സൗന്ദര്യാനുഭവം ഉണ്ടാകുന്നതും, ലൈംഗിക വ്യക്തിത്വം രൂപപ്പെടുന്നതും. ചരിത്രത്തിൽ വ്യക്തി ഘടന രൂപപ്പെടുന്നതിൽ ഏകയുഗ്മ രതി നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. ലൈംഗിക വ്യക്തിത്വമെന്നത് അവിഹിത രതി സാഹചര്യങ്ങളോട് സമരം ചെയ്തു കൊണ്ട് ഏക യുഗ്മ രതിയെ സർഗാത്മകമാക്കി തീർക്കുന്ന പ്രവർത്തനത്തിന്റെ ഉത്പന്നമാണ്.
എന്നാൽ ധനമൂലധന മുതലാളിത്തത്തിന്റെ സ്ഥല – സമയ പരിസരം ലൈംഗിക വ്യക്തിത്വത്തെ വലിയ ഒരു പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുന്നു.
ആ തീവ്ര വലതുപക്ഷ വ്യവഹാരമാണ് സിനിമയും അതിന്റെ ദൃശ്യ അനുഭവങ്ങൾ എഴുതുന്നവരും പുറത്തേക്ക് വമിപ്പിക്കുന്നത്.
*****
No Comments yet!