Skip to main content

ഷക്കീല എന്ന ‘കൾട്ട്’ കേരളം നിർമ്മിക്കുമ്പോൾ

കൾട്ട് എന്ന രീതിയിൽ ചില മനുഷ്യരെ സമൂഹം അവതരിപ്പിക്കുന്നത് കാണുമ്പോൾ ചിലപ്പോൾ എനിക്ക് ആ സമൂഹത്തിനെ കീലേരി അച്ചുവിനെ ആണ് ഓർമ്മ വരിക. ഒരാൾ സമൂഹത്തിന്റെ ഏതെങ്കിലും അധികാര ഘടനയിലേക്ക് കടന്നു കയറുമ്പോൾ അയാളെ അങ്ങ് കെട്ടി പിടിച്ച് ‘ഞങ്ങളെ രണ്ടാളെയും തൊടാൻ ആരുണ്ടെടാ?’ എന്ന് അന്ന് കാച്ചിക്കളയുക. ശരിക്കും ചിരിയാണ് വരിക. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആയിട്ടാണ് ഷക്കീല എന്ന ഒരു നടി.

ഷക്കീലയെ പൊതുവെ പുതിയ നൂറ്റാണ്ടിൽ കേരളത്തിലെ മാഞ്ഞു പോയ സി ക്‌ളാസ് തിയേറ്ററുകളെ നില നിർത്തിയ ഒരു സാമ്പത്തീകമായ ഒരു ശക്തി കൂടി ആയിട്ടാണ് വിലയിരുത്തുക. കേരളത്തിലെ സൂപ്പർ സ്റ്റാറുകൾ തീയേറ്ററുകളെ രക്ഷിക്കുന്നതിൽ പരാജയപ്പെട്ട കാലത്തെ സൂപ്പർ വുമൺ ആയിരുന്നു ഷക്കീല. പക്ഷേ ആണ് കേരളം അവരെ സ്വീകരിച്ചില്ല. ഷക്കീല സോഫ്റ്റ് പോൺ സിനിമകളിൽ അന്നത്തെ ഇന്ത്യൻ സമൂഹത്തിൽ പ്രദര്ശിപ്പിക്കപ്പെട്ടതിന്റെ എല്ലാ തരത്തിലുള്ള സംഘര്ഷങ്ങളിലൂടെയും കടന്നു പോയിട്ടുണ്ടാകാം. പക്ഷെ ഷക്കീല എന്ന ഒരു സ്ത്രീയെ ഒരു ഐക്കൺ ആക്കി കേരളത്തിൽ ആഘോഷിക്കപ്പെടുന്നതിനു ഒരു പ്രോസസിംഗ് ഉണ്ട്. ആ പ്രോസസിംഗ് അങ്ങേയറ്റം കോമഡി ആയിട്ടാണ് എനിക്ക് തോന്നിയത്. അവരെ സ്വീകരിക്കാൻ പിന്നീട് ഒരു ആ സിനിമകൾ മറഞ്ഞു പോയതിന് ശേഷം ഒരു പത്തു വർഷത്തിലധികം എടുത്തു. ആ സിനിമകളെ കേരളം തള്ളിക്കളഞ്ഞു, ഷക്കീലയെ സ്വീകരിച്ചു.

കേരളത്തിലെ സോഫ്റ്റ് പോൺ മൂവീസിൽ ഏറ്റവും കൂടുതൽ അട്ടിമറി നടത്തിയത് ഒരു പക്ഷെ പി ചന്ദ്രകുമാർ എന്ന സംവിധായകൻ സംവിധാനം ചെയ്ത ആദ്യപാപം എന്ന ആദവും ഹവ്വയുടെയും പ്ലോട്ട് സംസാരിച്ച സിനിമ ആയിരിക്കാം. അവളുടെ രാവുകൾ എന്നത് ഒരു ഫെമിനിസ്റ്റ് തലത്തിലൊക്കെ കേരളം ആഘോഷിക്കുകയും ചെയ്തു. സീമ പിന്നീട് കേരളം സ്വീകരിച്ച നടി ആയി മാറി. കേരളം സീമയെ സ്വീകരിക്കുന്നത് അവർ ഒരു ‘നടി’ ആയി മാറുന്നത് കേരള പൊതു സമൂഹം സ്വീകരിച്ച സിനിമകളിലൂടെ ആയിരുന്നു. അവളുടെ രാവുകളിൽ അവർ ബോൾഡ് നടി ആവുകയും മറ്റ് സിനിമകളിൽ അവർ നടി ആവുകയും ചെയ്യുന്ന കോമഡി വിലയിരുത്തൽ കേരളം നടത്തി. അതെ സമയം വളരെ ഈ പൊതു സിനിമകളിൽ പോലും ലൈംഗീകത പ്രകടിപ്പിച്ച അത് പോലെ നായക ശരീരങ്ങൾക്ക് ഒപ്പം നിന്ന ഒരു സ്ത്രീ കൂടെ ആയിരുന്നു സീമ.

ആദ്യപാപം എന്ന സിനിമയിലേക്ക് വരാം. അഭിലാഷ എന്ന നടി ആണ് ആ സിനിമയിൽ അഭിനയിച്ചത്. ആ സിനിമ ഒരു വലിയ ഒരു വിജയമായി. ആ സിനിമയിൽ അഭിനയിക്കാൻ എത്ര പ്രതിഫലം വേണം എന്ന് അഭിലാഷയോടു ചോദിച്ചപ്പോൾ അവർ അയ്യായിയാരം എന്നാണു പറഞ്ഞത് എന്ന് അതിന്റെ സംവിധായകൻ പറഞ്ഞിരുന്നു. അദ്ദേഹം അഞ്ചു ലക്ഷം രൂപ ആണ് പ്രതീക്ഷിച്ചത് എന്നും പറയുന്നുണ്ട്. ആ സിനിമ അന്ന് മലയാളം സിനിമ ഇന്ഡസ്ട്രിയെ തന്നെ അട്ടിമറിക്കുന്ന സാമ്പത്തതീക വിജയമായി. അഭിലാഷ അത്തരം സിനിമകളിൽ അഭിനയിച്ചു. പക്ഷെ കേര സമൂഹത്തിന്റെ പൊതു ബോധത്തിൽ നിന്ന് അവർ മറഞ്ഞു. കേരളം പല നടിമാരുടെ തിരോധാനങ്ങൾ ചർച്ച ചെയ്തപ്പോഴും ഇത്തരം സിനിമകളിലെ നടിമാരെ സൌകര്യ പൂർവം ഒഴിവാക്കി. പി ചന്ദ്ര കുമാറിന്റെ പിന്നീടുള്ള ഒരു അഭിമുഖത്തിൽ അവർ ബോംബെയിലോ മറ്റോ കുടുംബവുമായി ജീവിക്കുന്നു എന്ന് അദ്ദേഹം പറയുന്നുമുണ്ട്.

ഇതേ കാലത്ത് തന്നെ കേരളത്തിലെ എണ്പതുകളിൽ ചില പൊളിറ്റിക്കൽ ആക്ടിവിസ്റ്റുകൾ കോഴിക്കോട് പോലുള്ള നഗരങ്ങളിൽ ബാറുകളിലെ കാബറെ ഡാൻസുകൾക്കെതിരെ സമരം നടത്തി പൂട്ടിച്ചിരുന്നു എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അത്തരം ബാറുകളിൽ ഡാൻസ് ചെയ്തു ജീവിച്ചിരുന്ന സ്ത്രീകൾ ഒക്കെ എവിടെ പോയി എന്ന് പിന്നീട് ആർക്കും അറിയില്ല. ഇത്തരം ബാറുകളിലെ കാബറേ ഡാൻസുകൾ മലയാള സിനിമയിലും അവതരിപ്പിക്കപ്പെട്ടിരുന്നു. പഴയ അനുരാധ എന്ന നടി മിക്കവാറും ഇത്തരം കാബറെ ഡാൻസുകളിൽ അഭിനയിച്ച ഒരു ഡാൻസർ കൂടെ ആയിരുന്നു. അവർ അതിൽ നിന്നും പൈസ ഉണ്ടാക്കി. പക്ഷെ പിന്നീട് അവർ എങ്ങോട്ടു പോയി എന്നറിയില്ല.

Silk Smitha

സിൽക്ക് സ്മിത എന്ന നടിയുടെ സിനിമ ഞങ്ങൾ തൊണ്ണൂറുകളിൽ കാണാൻ പോകുന്നത് ഇപ്പോഴും ഓർമ്മയുണ്ട്. ഞങ്ങളുടെ കൗമാര കാലം. അന്ന് ഞങ്ങളുടെ ഒരു ചേട്ടൻ കൈപ്പാട് എന്ന പുഴയിലെ ചതുപ്പിൽ കിളച്ച് കിട്ടുന്ന കൂലി കൊണ്ടാണ് ഞങ്ങൾ സിനിമക്ക് പോവുക. ശനിയാഴ്ച കൂലി കിട്ടും. കൂലി കിട്ടിയാൽ ഞങ്ങൾ സിനിമക്ക് പോകും. അതിൽ ഒന്നു ശൂരസംഹാരം എന്ന ഒരു കമലഹാസന്റെ സിനിമ ആയിരുന്നു . അതിൽ കമല ഹാസനെക്കാളും സിൽക്ക് സ്മിതയെ കണ്ടു കൊണ്ടായിരുന്നു ഞങ്ങൾ ആ സിനിമക്ക് പോയത്. കമല ഹാസൻ എന്ന താര ശരീരം അങ്ങനെ പല സമൂഹങ്ങളിലും സിൽക്ക് സ്മിതയ്ക്ക് മുന്നിൽ അട്ടിമറിക്കപ്പെട്ടിരുന്നു. ഇന്ത്യൻ സമൂഹത്തിലെ പൊതു ബോധം സൃഷ്ടിച്ച കമല ഹാസൻ എന്ന നടന്റെ താര ശരീരത്തെക്കാളും ഞങ്ങലെ ആകർഷിച്ചത് കമലഹാസന്റെ കൂടെ ലൈംഗീകതയിൽ ഇടപഴകുന്ന സിൽക്ക് സ്മിത എന്ന ആകർഷണമായിരുന്നു. സ്ഫടികം എന്ന സിനിമയിൽ മോഹനലാലിന്റെ കൂടെ റോഡിലൂടെ പോകുന്ന സിൽക്ക് ഒക്കെ ഞങ്ങള്ക്ക് ‘ഹീറോയിക്’ ആയിരുന്നു. നാടോടി എന്ന സിനിമയിൽ സിൽക്ക് സ്മിതയുടെ കൂടെ ഡാൻസ് ചെയ്യാൻ കഷ്ടപ്പെടുന്ന മോഹനലാലിനെ കണ്ടു ചിരിച്ചു പോയട്ടുണ്ട്. സിൽക്ക് സ്മിത് എന്ന നടിയെ കുറിച്ച് പിന്നീട് തിയറികൾ ഉണ്ടായി, കവിതകൾ ഉണ്ടായി കരച്ചിൽ ഉണ്ടായി. പക്ഷെ സിൽക്ക് സ്മിതയെ കാണാൻ പോയ അടിസ്ഥാന ജനവിദ്യയാഗങ്ങളിലെ മനുഷ്യർ കേരളത്തിന്റെ ചരിത്രത്തിൽ നിന്ന് തിരസ്കരിക്കപ്പെട്ടു.

ഇത്തര സിനിമകളുടെ ഒരു സാമ്പത്തതീക സ്രോതസ് എന്ന് പറയുന്നത് തൊണ്ണൂറുകളിലും അതിനു ശേഷമുള്ള പുതിയ നൂറ്റാണ്ടിലും ഇവിടെ സി ക്ലാസ് തിയേറ്ററിൽ സിനിമ കണ്ട സാധാരണക്കാരായ, കീഴാളരായ, ദളിതർ അടക്കം ഉൾകൊള്ളുന്ന ഒരു സമൂഹത്തിന്റെ കൂട്ടം ആയിരുന്നു. അവർ അതിനു ടിക്കറ്റ് എടുത്തു. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ കുഴഞ്ഞു മറിയലുകളിൽ പല കാരണങ്ങൾ കൊണ്ടും ഷക്കീല, സീമ, സിൽക്ക് സ്മിത എന്നിവർ കേരളം സമൂഹത്തിൽ പൊങ്ങി വന്നുവെങ്കിലും ഇവരെ കാണാൻ പോയ ഒരു കാണികളുടേതായ ഒരു സമൂഹം ചരിത്രത്തിൽ എവിടെയും വിലയിരുത്തപ്പെട്ടില്ല. അവർ സൃഷ്ടിച്ച ഒരു സാമ്പത്തീക സ്വരൂപണത്തെക്കുറിച്ചും പറഞ്ഞില്ല.

അഭിലാഷയുടെ കാര്യം പറഞ്ഞത് പോലെ തന്നെ കേരളം ഷക്കീല എന്ന നടിയെ കൾട്ട് ഫിഗർ ആയി ആഘോഷിച്ചപ്പോൾ അവരുടെ സ്ട്രീമിൽ വന്ന രേഷ്മ, സജ്‌ന, ഡിസ്ക്കോ ശാന്തി അങ്ങനെ അനേകം നടിമാർ വിസ്മൃതിയിലേക്ക് മറഞ്ഞു. അത് പോലെ തൊണ്ണൂറുകളിൽ മദ്രാസിൽ നിന്നും ഇറങ്ങിയ ഇന്ത്യൻ ഇംഗ്ലീഷ് പോൺ സിനിമകളിലെ നടിമാരെ കുറിച്ചും ഒരു വിവരവുമില്ല. പക്ഷെ ഈ സമൂഹം അണ്ടർ വേൾഡ് എന്ന് കണക്കാക്കിയ പോൺ സൈറ്റുകളിൽ വേറെ ഒരു ലോകത്ത് ഇവർ ഇന്നും നില നിൽക്കുന്നു എന്നതാണ് ഒരു കാര്യം. ഇതിൽ രേഷ്മ എന്ന പഞ്ചാബി സ്വദേശിനി ആയ നടിയെ പിന്നീട് ‘വേശ്യ വൃത്തിക്ക്’ പിടിച്ച് ഒരു പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്നു അവിടെ നിന്ന് അവരുടെ വിഡിയോ എടുത്ത് പ്രദർഷിപ്പിച്ചു. അവർ പിന്നെ യഥാര്ത്ഥ ജീവിതത്തിൽ എങ്ങോട്ടു പോയി എന്ന് ആർക്കും അറിയില്ല.

ഷക്കീല എന്ന നടിയുടെ പിന്നീടുള്ള തിരിച്ചു വരവിൽ അവർക്ക് ഒരു കുടുംബം വേണം എന്ന് അവർ പറയുന്നു, സിൽക്ക് സ്മിത എന്ന നടിക്ക് ഒരു കുടുംബം ഇല്ലാത്തതിൽ സങ്കടം ഉണ്ടായിരുന്നു എന്ന് അവർ പറഞ്ഞതായി പലരും പറയുന്നു, സീമയുടെ പല അഭിമുഖങ്ങളിലും മലയാളത്തിലെ പൊതു സിനിമകളെക്കുറിച്ചും ശശിയേട്ടനുമായുള്ള കുടുംബ ജീവിതത്തെക്കുറിച്ചും ആണ് പറയുന്നത്. കേരളത്തിലെ പൊതു മാധ്യമങ്ങൾ, കുടുംബം പോലുള്ള സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, പൊതു സമൂഹത്തിലെ ഇടങ്ങൾ എന്നിവയിലേക്ക് ഒരു അട്ടിമറിയിലൂടെ സ്വീകരിക്കപ്പെട്ടതോട് കൂടെ ആണ് ഷക്കീല ഒക്കെ ഒരു റിസീവബിൾ ഫിഗർ ആയി മാറുന്നത്. അവർ അഭിനയിച്ച സിനിമകളെ മാറ്റി വെച്ചു കൊണ്ട് കൂടെ ആണ് അവരെ സ്വീകരിക്കുന്നത്. കനി കുസൃതി എന്ന നടിയുടെ ബിരിയാണി എന്ന സിനിമയിൽ ലൈംഗീകതയുടെ/ന്യൂഡിറ്റിയുടെ സീൻ പുരോഗമനം ആകുമ്പോൾ കിന്നാരത്തുമ്പികൾ ഒരു പോൺ മൂവി ആകുന്നു. വൈശാലി എന്ന സിനിമയിലെ ഇറോട്ടക് ഡാൻസ് കൾട്ട് ആകുമ്പോൾ അനുരാധയുടേത് കാബറേ ആകുന്ന ഇരട്ടത്താപ്പ് കൂടെ ആണ് കേരളം. പക്ഷേ ഒരു കാലത്ത് ഷക്കീല എന്ന പേരുള്ളവർ പുറത്ത് പറയാൻ മടി പിടിച്ച ഇടത്ത് ഇന്ന് ആ സ്ത്രീയുമായി സെൽഫി എടുക്കാൻ കേരളം മുന്നോട്ടു വരുന്നു.

ഈ കേരളീയ പൊളിറ്റിക്കൽ മൊറാലിറ്റി, പൊളിറ്റിക്കൽ സൊസൈറ്റി സ്ഥാപനങ്ങൾ, സ്റ്റേറ്റ് എന്നിവയൊക്കെ ഇടപെടാൻ കഴിയാതെ അന്നും ഇന്നും പുറത്തായ രേഷ്മ, സജിനി തുടങ്ങിയ നടിമാർ ഇന്ന് എവിടെ ആണ് എന്ന് ആർക്കും അറിയില്ല. അങ്ങനെ പുറത്തായ അനേകം നടിമാർ ഇവിടെ ഉണ്ട്. കേരളത്തിന്റെ കൾട്ടുകൾ സൃഷ്ടിക്കുന്ന മാർഗ രേഖക്ക് പുറത്ത് നിൽക്കുന്ന അനേകം പോൺ നടിമാർ. ഷക്കീല അവരുടെ ബുദ്ധി കൊണ്ട് ഈ ഇടത്തിലേക്ക് പിടിച്ച് കയറി ഒരു കൾട്ട് ഫിഗർ ആവുകയും ചെയ്തു. അത് പോലെ തന്നെ തൊണ്ണൂറുകളിൽ ഇത്തരം സിനിമകൾ കാണാൻ പോയവരെ ക്രിമിനലുകളാണ് കണക്കാക്കിയ ഒരു സമൂഹം ഇന്ന് തങ്ങളുടെ മൊബൈലിൽ ഇതൊക്കെ കാണുന്നു എന്നത് വേറെ ഒരു കാര്യം.

ഞാൻ പറഞ്ഞു വന്നത്, കേരളത്തിലെ കൾട്ടുകൾ/ക്ലാസിക്കുകൾ രൂപപ്പെടുന്നത് ഇവിടത്തെ പൊതു എന്ന് ഇടത്ത് സ്വീകരിക്കപ്പെടുന്ന പൊളിറ്റിക്കൽ ആയ ആക്ടിവിസ്റ്റ് സപ്പോർട് ഉള്ള, പൊളിറ്റിക്കൽ തിയറുകളുടെ ബാക്ക് ആപ്പ് ഉള്ള, പൊതു മൊറാലിറ്റിയുടെ പിന്തുണ ഉള്ള അത് പോലെ സ്റ്റേറ്റിന്റെ മാധ്യമങ്ങളുടെ പിന്തുണ ഉള്ള മനുഷ്യരെ ആണ്. അത് കൊണ്ടാണ് ഷക്കീലയെ മലയാളികൾ സ്വീകരിക്കുന്നതും രേഷ്മയെ ആട്ടിപ്പായിക്കുന്നതും. ബുദ്ധിജീവികൾ ഷക്കീലയ്ക്ക് സർട്ടിഫിക്കറ്റു കൊടുത്തു ‘മാലാഖ’ യായി വാഴ്ത്തുമ്പോൾ അവരെ ടിക്കറ്റ് എടുത്ത് ക്രിമിനലുകാളയി കണ്ട മനുഷ്യർ ഇന്നും കേരളത്തിൽ പുറത്ത് നിർത്തുന്നതും. വല്ലാത്ത ജാതി കൾട്ട് രൂപീകരണത്തിന്റെ വംശീയത ഉത്പാദിപ്പിക്കുന്ന ഒരു സമൂഹമാണ് കേരളം.

No Comments yet!

Your Email address will not be published.