
പ്രകമ്പനം എന്ന സിനിമ ഇന്നലെ വീണ്ടും ഒരു തവണ കൂടി കണ്ടു. രണ്ടാമത്തെ തവണ വേറെ ഒരു കാഴ്ചയായിരിക്കുമല്ലോ. ആ സിനിമയിലെ തമാശകളിൽ ചിലത് രണ്ടാമത്തെ കാഴ്ചയിൽ വീണ്ടും വർക്ക് ആയി എന്നതാണ് കാര്യം. അത് കുറച്ച് സൂക്ഷ്മതയോടെ കൂടി ആലോചിച്ചപ്പോൾ സ്ലാപ്സ്റ്റിക് കോമഡികൾ വർക്ക് ആവാതിരിക്കുകയും, അതേ സമയം അതിലെ സാറ്റയറുകൾ പിന്നെയും ചിരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. സറ്റയറുകൾ/ ഒരു കമ്മ്യൂണിറ്റി/സമൂഹം/വിമർശനം എന്ന നിലയിലേക്ക് കടക്കുമ്പോൾ അത് വീണ്ടും രസിക്കുന്നു. സ്ലാപ്സ്സ്റ്റിക് കോമഡികളുടെ അപ്രതീക്ഷിത്വം അവസാനിച്ചതോട് കൂടി അതിൻ്റെ രസം അവസാനിക്കുന്നു. പക്ഷേ അതേ സമയം പഴയ കാലത്തെ പല സിനിമകളുടെയും സ്ലാപ്സ്റ്റിക് കോമഡികൾ ഇപ്പോൾ തിരിച്ച് വരുന്നതുമുണ്ട്. പല തരത്തിലുള്ള ലെയറുകളിലൂടെ പോകുന്ന നമ്മളെ ഉൾപ്പെടുത്തുന്ന ‘ലൂപ്പുകൾ’ കൂടെയാണു തമാശകൾ എന്ന് തോന്നുകയും ചെയ്യുന്നു.

ഞാൻ ഇവിടെ പറഞ്ഞു വരാൻ ശ്രമിക്കുന്നത് പ്രകമ്പനം എന്ന സിനിമയ്ക്കുള്ളിൽ നിർമ്മിക്കപ്പെടുന്നു എന്ന് തോന്നിയ ചില മറ്റു പല ലൂപ്പുകളെ കുറിച്ചാണ്. അതിൽ കമ്മ്യൂണിസ്റ്റ് സഖാവായ രണ്ടാമത്തെ മകൻ (അസീസ് അവതരിപ്പിക്കുന്ന കഥാപാത്രം/മറ്റു കഥാപാത്രങ്ങളും) പെട്ട് പോകുന്ന ഒരു ലൂപ്പ് ഭയങ്കര രസമാണ്. അയാൾ ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കുമ്പോഴും അമ്മയുടെ സ്വത്ത് എന്ന ആഗ്രഹത്തിലേക്ക് കമിഴ്ന്ന് വീഴുകയാണ്. അയാളും അയാളുടെ സഖാവായ ഏട്ടനും അതുപോലെ തനി ഹിന്ദുവായ അമ്മയുടെ ആത്മാവിന്റെ തൃപ്തിക്കായി അത്തരം ആചാരങ്ങളിലേക്കും ബലി കർമ്മങ്ങളിലേക്കും തിരിയുന്നു. അതൊരു ഇല്ലൂമിനാട്ടി ഫീൽ ആയി നമുക്ക് ചിലപ്പോൾ ചിരിക്കാനാകും. ഈ സമൂഹം അതിന്റെ മെറ്റാ റിയാലിസം ഈ കമ്മ്യൂണിസ്റ്റ് മസിൽ പിടുത്തക്കാരെ ഒക്കെ ഈ ലൂപ്പിലേക്ക് എങ്ങനെയാണ് അകപ്പെടുത്തുന്നത് എന്ന് ആലോചിച്ചാൽ രസമായിരിക്കും.
ഒരു ബന്തക്കോസ്ത് പോലുള്ള സമൂഹത്തിൽ പെട്ട ‘പുണ്യാളൻ’ എന്ന ഇരട്ടപ്പേരുള്ള ഒരു എസ്.എഫ്.ഐക്കാരന്റെ ഉള്ളിലേക്കാണ് തീയ സമുദായത്തിലെ ഹിന്ദുമത ഭക്തയായ അച്ചമ്മയുടെ പ്രേതം കയറുന്നത്. എസ്.എഫ്.ഐയും പ്രണയവും ലൈംഗികതയും പ്രേതവും ഒക്കെ ചേർന്ന് കൊണ്ടുള്ള വല്ലാത്ത ഒരു ലൂപ്പിൽ പെട്ട ഒരു ഞാണിന്മേൽ കളിയായി മാറുകയാണ് അയാളുടെ പിന്നീടുള്ള സ്ട്രിപ്പ്-ടീസ് ജീവിതം. അതിൽ ഏറ്റവും രസകരമായ ഒരു സീൻ, അത്രക്കും സാറ്റയറിക്കൽ ആയ സീൻ, ഭഗവദ് ഗീത ഒക്കെ ക്വോട്ട് ചെയ്ത് എസ്.എഫ്.ഐയ്ക്ക് വേണ്ടി വോട്ട് പിടിക്കുകയും അതിന് കയ്യടി കിട്ടുകയും അവസാനം എസ്.എഫ്.ഐക്കാരൻ ജയിക്കുകയും ചെയ്യുന്നതാണ്. കേരളം എന്ന ലൂപ്പിലേക്ക് ആത്മാവും രാഷ്ട്രീയവും കമ്മ്യൂണിസവും ഭക്തിയും ഒക്കെ ഇഴചേർന്നുള്ള അന്യായ പരിപാടി കൂടിയാണത്. ഈ ചെറിയ കേരളം എന്ന നാടകത്തിലേക്ക്, ആ ഒരു ലൂപ്പിലേക്ക്, അല്ലെങ്കിൽ അത്തരം ഒരു ദാരിദ്ര്യം പിടിച്ച ഒരു ഇടത്തിലേക്ക് ഈ കഥാപാത്രങ്ങൾ അവസാനിക്കുകയാണ്.
അതിലെ മറ്റൊരു മെറ്റാഫർ ആണ് സ്റ്റാൻസ്ലാവ്സ്കി എന്ന പ്രേതം ഒഴിപ്പിക്കുന്ന മനുഷ്യൻ. സ്റ്റാൻസ്ലാവ്സ്കിയുടെ ‘ഗുരുത്വ’ത്തിൽ പെട്ടുപോകുന്ന കേരള ബുദ്ധിജീവിതങ്ങളെ ഈ കഥാപാത്രം അപ നിർമ്മിക്കുന്നുമുണ്ട്. അയാളെയും അവസാനം അമ്മച്ചിയുടെ പ്രേതം വിഴുങ്ങുന്നു. ഏറ്റവും രസം പുതിയ കാലത്തെ വലിയ എക്സ്പോഷറുകളിൽ സ്റ്റാൻസ്ലാവ്സ്കി പോലുള്ള ബിംബങ്ങൾക്ക് അപാരമായ മെറ്റാമോർഫോസിസും ട്രാൻസ്ഫോർമേഷനുകളും സംഭവിച്ചിട്ടുണ്ടെന്നത് കൂടെയാണ്. സ്റ്റാൻസ്ലാവ്സ്കിയെ കെട്ടിത്തൂക്കിയിട്ട് റഷ്യക്കാരി പെൺ തന്നെ നൈസ് ആയി സകൂട്ടു ചെയ്യുകയാണ്. പ്രേതം/മെറ്റാ റിയാലിറ്റി/മെറ്റാഫിസിക്സ്/പാരാനോർമൽ ലോകത്തിൽ നിന്ന് ഒരു ചിതാഭസ്മം മുക്കിൽപൊടിയാകുന്നതോടുകൂടി സ്റ്റാൻസലോവസ്കി ഏതൊക്കെയോ ലോകത്ത് പെട്ടുപോകുകയാണ്. കേരളീയ സ്റ്റാൻസലോസ്കി ലിബറൽ ഭക്തന്മാരൊക്കെ ഇത്തരം ഒരു ലോകത്ത് തന്നെ ആണ് എന്നതാണ് വേറെ ഒരു കാര്യം.

ഇനി കാണികളുടെ ഒരു ലോകം എടുത്ത് പോയാൽ തന്നെ ഈ സിനിമ കുടുംബം/ഭക്തി/പാരാനോർമൽ ആക്ടിവിറ്റികൾ/രാഷ്ട്രീയം/സാറ്റയർ അങ്ങനെ പലവിധ പരിപാടികളിലൂടെ ഈ ലൂപ്പിലേക്ക് കടത്തി വിടുന്നു. ഈ മനുഷ്യരുടെ ഇത്തരം വഴികളിലൂടെ ആ സിനിമയിലേക്ക് വലിക്കുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നു. ഈ സിനിമ ഇഷ്ടപ്പെടുന്നതിനും ഇഷ്ടപ്പെടാതിരിക്കുന്നതിനുള്ള കാരണങ്ങൾ ഉണ്ടാക്കുന്നതുപോലും അത്തരത്തിൽ ഒരു ലൂപ്പ് ആണെന്ന് തോന്നുന്നു. കാണികളും രാഷ്ട്രീയങ്ങളും, മെറ്റാ റിയലിസവും സമൂഹവും ചിന്തകളും ഒക്കെ ചേർന്ന കേരളം എന്ന ഒരു ലൂപ്പിലേക്ക് ഈ സിനിമ വിദഗ്ദ്ധമായി ഓരോരുത്തരേയും കടത്തി വിടുന്നുണ്ട്. അടുത്ത ഒരു സിനിമ വരുമ്പോൾ കാണികൾ ഇതിൽ നിന്നും രക്ഷപ്പെടുമായിരിക്കാം.







No Comments yet!