Skip to main content

കുമ്പളങ്ങി നൈറ്റ്സിലെ വ്യക്തിഗത ഇടങ്ങള്‍

കലാമൂല്യം കൊണ്ടും സാമ്പത്തികനേട്ടം കൊണ്ടും കൈകാര്യം ചെയ്ത വിഷയങ്ങളുടെ ആഴവും പാരസ്പര്യവും കൊണ്ടും പ്രേക്ഷകരുടെയും അക്കാദമിക്ക് സമൂഹത്തിന്റെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റിയ സിനിമയാണ് 2019ല്‍ പുറത്തിറങ്ങിയ, മധു സി നാരായണന്‍ സംവിധാനം ചെയ്ത ”കുമ്പളങ്ങി നൈറ്റ്‌സ്”. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം ഗ്രാമമായ കേരളത്തിലെ കുമ്പളങ്ങി എന്ന വില്ലേജിലാണ് ഈ സിനിമയുടെ കഥ അനാവരണം ചെയ്യപ്പെടുന്നത്. കൊച്ചി നഗരത്തില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ അകലെ കായലുകള്‍ക്ക് നടുവിലായുള്ള ഒരു ദ്വീപ് സമൂഹമാണ് കുമ്പളങ്ങി. അനുദിനം സാമ്പത്തികമായും സാംസ്‌കാരികമായും വളര്‍ന്നു കൊണ്ടിരിക്കുന്ന എറണാകുളം നഗരത്തിന്റെ പുറത്ത് ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് കിടക്കുന്ന കുമ്പളങ്ങി എന്ന സ്ഥലത്ത് ജീവിക്കുന്ന മനുഷ്യര്‍ വൈകാരികമായി അനുഭവിക്കുന്ന ഒറ്റപ്പെടലുകളെ അവര്‍ ജീവിക്കുന്ന ഇടത്തിന്റെ സ്ഥലപരമായ ഒറ്റപ്പെടലിന്റെ കൂടി പശ്ചാത്തലത്തില്‍ കഥ പറയാന്‍ ശ്രമിച്ച സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. സിനിമയുടെ കഥപറച്ചിലില്‍ ഒരദൃശ്യ കഥാപാത്രമായി നിലകൊള്ളുന്നത് കഥാപാത്രങ്ങളുടെ വീടും അവയുടെ സാംസ്‌കാരിക സാമ്പത്തിക പരിസരങ്ങളും ആണ്. വീട് എന്നത് കേവലം താമസിക്കാനുള്ള സ്ഥലം എന്നതിനപ്പുറം അതിനകത്ത് താമസിക്കുന്ന ആളുകളെ സാമൂഹ്യമായും സാംസ്‌കാരികമായും അടയാളപ്പെടുത്തുന്ന ഇടങ്ങളായി (Space) എങ്ങനെയാണ് മാറുന്നത് എന്ന് സിനിമ ചര്‍ച്ച ചെയ്യുന്നു. വീട് എന്നത് ഒരു കെട്ടിടം എന്നതിനപ്പുറത്തേക്ക് ഒരു Home ആയി പരിണമിക്കുന്നത് എങ്ങനെയാണ് എന്ന് സിനിമ നമുക്ക് കാണിച്ചു തരാന്‍ ശ്രമിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയില്‍ വീട് എന്ന ആശയം എങ്ങനെയാണ് സിനിമയുടെ തന്നെ അടിത്തറ ആയി നില്‍ക്കുന്നത് എന്ന് വിശദീകരിക്കുകയാണ് ഈ ലേഖനം.

പ്രാഥമികമായി വീട് എന്നത് കല്ലും മണ്ണും മരവും കൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഒരു കെട്ടിടം മാത്രമാണ്. എന്നാല്‍ വീട് വെറുമൊരുകെട്ടിടം എന്നതിനപ്പുറമുള്ള ഒരസ്തിത്വം നേടുന്നത് അതിനകത്ത് ആരാണ് താമസിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ്. ആരാണ് വീട്ടില്‍ താമസിക്കുന്നത്, അവരുടെ സാമൂഹ്യ പശ്ചാത്തലം എന്താണ്, ആ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ്, വീടും വീടിരിക്കുന്ന സ്ഥലവും അതിന്റെ അയല്‍പക്കവുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് തുടങ്ങി നിരവധി ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെയാണ് വീടിന്റെ സാമൂഹ്യ സാംസ്‌കാരിക അസ്തിത്വം വെളിപ്പെടുന്നത്. ഒരാളുടെ വീടിനെ പറ്റി അയാള്‍ക്കുള്ള ധാരണകളും മനോഭാവവും അല്ല അയാളുടെ വീടിന്റെ സാംസ്‌കാരിക അസ്തിത്വത്തെ (Cultural Existence) നിര്‍ണ്ണയിക്കുന്നത് മറിച്ച് അയാളുടെ വീടിന് പുറത്തുള്ള മനുഷ്യര്‍ അയാളുടെ വീടിനെ എങ്ങനെ കാണുന്നു എന്നതാണ്. ഇടം (Space) എന്ന ആശയം ഇന്ന് എല്ലാ സാമൂഹ്യശാസ്ത്ര വിഷയങ്ങളിലും ഒരു മുഖ്യ വിശകലന സംവര്‍ഗ്ഗം (Category) ആണല്ലോ. വീടുകളെകുറിച്ചുള്ള ഏതൊരു ചര്‍ച്ചയും പ്രത്യക്ഷത്തില്‍ തന്നെ അത് ഇടങ്ങളെ കുറിച്ചുള്ള ചര്‍ച്ച കൂടിയാകും. സാമൂഹ്യമായും സാമ്പത്തികമായും സാംസ്‌കാരികമായും രാഷ്ട്രീയമായും അധികാരം പ്രയോഗിക്കപ്പെടുന്ന വര്‍ത്തമാന ജനാധിപത്യ സമൂഹത്തില്‍ മൂര്‍ത്തവും അമൂര്‍ത്തവും ( Concrete and Abstract) ആയ ഒരു സംവര്‍ഗ്ഗമായി ഇടം എന്ന ആശയം എങ്ങനെയാണ് വീടിനകത്ത് നിലകൊള്ളുന്നത് എന്നത് സ്വകാര്യഇടം (Private Space) വ്യക്തിഗത ഇടം (Personal Space) എന്ന രണ്ട് പരസ്പര ബന്ധിത ആശയങ്ങളിലൂടെ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയുടെ കഥാപരിസരത്തില്‍ നിന്നുകൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

വീട് എന്നത് ചലിക്കാത്ത, അജൈവീകം ആയ ഒരു കെട്ടിടമായി നില്‍ക്കുമ്പോള്‍ തന്നെ അതിനകത്തെ ഭൗതികഇടത്തിന്റെ (Physical Space) നിരന്തരമായ ഉപയോഗത്തിലൂടെ, ഉപയോഗക്രമത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളിലൂടെ, ഭൗതിക ഇടത്തിന്റെ വികാസത്തിലൂടെ, ഇടത്തെ പുതുക്കിപ്പണിയുന്നതിലൂടെ വീട് എന്നത് സക്രിയവും ചലനാത്മകവും നിരന്തരം മാറ്റത്തിന് വിധേയം ആയിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരിടം കൂടിയായി മാറുന്നത് കാണാം. വീട് എന്നത് ബാഹ്യമായി മാറാതെ നില്‍ക്കുമ്പോള്‍ തന്നെഅതിനകത്ത് അത് നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒന്നാണെന്ന ചിന്ത വീടിനെ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്കും വൈകാരിക ഭാവനകള്‍ക്കും വിധേയമാക്കേണ്ട ഇടമാണെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. സ്ഥിരമായി ഉറപ്പിക്കപ്പെട്ട ഒരു കെട്ടിടത്തിനകത്ത് വീട് എങ്ങനെയാണ് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരിടമായി മാറുന്നത് എന്ന് നമുക്ക് നോക്കാം.

വീടിനകത്തെ ഓരോ ഇടവും അതിനകത്ത് താമസിക്കുന്ന ആളുകള്‍ അവരുടെ പലവിധ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. വീടിനകത്തെ ആളുകളുടെ എണ്ണം, അവരുടെ പ്രായം, തൊഴില്‍, പഠിക്കുകയാണോ, അവരുടെ വൈവാഹികഅവസ്ഥകള്‍, അവരുടെ ആരോഗ്യാവസ്ഥകള്‍, അവര്‍ക്ക് ജീവിതത്തോടുള്ള താത്വികമായ മനോഭാവം, താമസിക്കുന്ന ആളുകളുടെ മനോനിലകള്‍, അവരുടെ ലിംഗം ലൈംഗീകത, ജാതി, മതം, വര്‍ഗ്ഗം, നിറം ഒക്കെ വീടിനകത്തെ ഭൗതിക ഇടങ്ങളെ ഉപയോഗിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. വീട് എന്നത് ഒരു സ്വകാര്യ ഇടം എന്ന നിലയില്‍ മൂന്നു തരം വിനിമയങ്ങളെ സൂചിപ്പിക്കുന്നു. വീടും വീടിരിക്കുന്ന സ്ഥലവും എത്രത്തോളം സ്വകാര്യമായ ഒരിടം ആണെന്നുള്ളതാണ് അത്. നമുക്ക് പൂര്‍ണ്ണമായ ഉടമസ്ഥതയും വിനിമയ സ്വാതന്ത്ര്യവും ഉള്ള ഒന്നിനെ ആണല്ലോ നമ്മള്‍ സ്വകാര്യഉടമസ്ഥത എന്ന് പറയുന്നത്. വീടും വീടിനകത്തെ ആളുകളും തമ്മില്‍ പരസ്പരം ബന്ധപ്പെടുന്നുണ്ട്. വീടിനകത്തുള്ള ആളുകള്‍ പരസ്പരം വൈകാരികമായി വിനിമയം ചെയ്യപ്പെടുന്നുണ്ട്. വീടും വീടിനകത്തുള്ള ആളുകളും നിരന്തരം വീടിന് പുറത്തുള്ള ആളുകളുമായും സംവദിക്കുന്നുണ്ട്. ഈ മൂന്നുതരം വിനിമയങ്ങളുംഅര്‍ത്ഥപൂര്‍ണ്ണമായി നടക്കണമെങ്കില്‍ ആ വീട്ടില്‍ താമസിക്കുന്ന ആളുകള്‍ക്ക് വ്യക്തിഗത ഇടം (Personal Space) ഉണ്ടായിരിക്കണം. ഒരാള്‍ക്ക് അയാളായി ജീവിക്കാന്‍ മറ്റുള്ളവരുടെ നിയന്ത്രണങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ ആണ് അയാള്‍ക്ക് വ്യക്തിഗത ഇടമുണ്ട് എന്ന് നമ്മള്‍ കരുതുന്നത്. എന്നാല്‍ വ്യക്തിഗത ഇടം എന്നത് അനിയന്ത്രിതമായി എന്തും ചെയ്യാനുള്ള അവകാശമല്ല. ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കിയിട്ടുള്ള സ്വാതന്ത്ര്യം അല്ലെങ്കില്‍ ലിബര്‍ട്ടി (Liberty) എന്നത് ഉപാധികളോടെ ഉള്ളതാണ്. തോമസ് ഹോബ്‌സ് പറഞ്ഞതുപോലെ ഇഷ്ടമുള്ളത് എന്തും ചെയ്യുന്ന ”ലെവിയത്താന്‍” അല്ല ഇന്ത്യന്‍ പൗരന്‍. എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ നിയമപരമായ നിയന്ത്രണങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് ഇഷ്ടമുള്ള കാര്യം ചെയ്യാനുള്ള അവകാശത്തെ ആണ് നമ്മുടെ ഭരണഘടന ലിബര്‍ട്ടി എന്ന് പറയുന്നത്. അത്തരം ലിബര്‍ട്ടി അനുഭവിക്കാനുള്ള അവസരം വ്യക്തിക്ക് ഉണ്ടാകുമ്പോള്‍ ആണ് അയാള്‍ക്ക് വ്യക്തിഗത ഇടമുണ്ട് എന്ന് നമ്മള്‍ പറയുന്നത്. ഒരു വ്യക്തിയുടെ ശരീരത്തെ ഏതൊരു രീതിയിലും ഉപയോഗിക്കാനുള്ള അധികാരവും അവകാശവും മറ്റൊരാള്‍ക്ക് ഉണ്ടായിരുന്ന അടിമ വ്യവസ്ഥയില്‍ അടിമക്ക് അയാളുടെ ശരീരം പോലും അയാളുടെ സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ള ഒന്നായിരുന്നില്ല എന്നോര്‍ക്കുക. ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ ക്ലാസ്സിക്കല്‍ കാലഘട്ടത്തില്‍ അസ്പര്‍ശ്യ ജാതികളെ സംബന്ധിച്ച് ആഫ്രിക്കന്‍ അടിമകളുടെ അവസ്ഥ തന്നെ ആയിരുന്നു അവര്‍ക്കും ഉണ്ടായിരുന്നത്. സ്വാതന്ത്ര്യം (Freedom) എന്നതിനേക്കാള്‍ വിശാലമായ അര്‍ത്ഥമാണ് ലിബര്‍ട്ടി എന്ന പദത്തിനുള്ളത്. ഒരുദാഹരണം പറഞ്ഞാല്‍ സ്വാതന്ത്ര്യം എന്നാല്‍ വീട്ടുകാര്‍ കാണിച്ചു തരുന്ന പുരുഷന്മാരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാന്‍ ഉള്ള സ്ത്രീയുടെ അവകാശമാണ്. എന്നാല്‍ വീട്ടുകാര്‍ എതിര്‍ക്കുന്ന ആളെപ്പോലും പങ്കാളിയാക്കാന്‍ കഴിയുന്ന അവസ്ഥയാണ് ലിബര്‍ട്ടി എന്നത്. ലിബര്‍ട്ടി അനുഭവിക്കുമ്പോള്‍ മാത്രമേ നമുക്ക് ഉപാധിരഹിതമായ വ്യക്തിഗത ഇടം ഉണ്ടാകൂ. വ്യക്തിഗത ഇടങ്ങളുടെ മരുപ്പറമ്പ് ആണ് ജാതിവ്യവസ്ഥയും അടിമവ്യവസ്ഥയും. കുമ്പളങ്ങി നൈറ്റ്‌സിലെ രണ്ടു പ്രധാന വീടുകള്‍ ആയ ഷമ്മിയുടെ വീടും സജിയുടെ വീടും വിശകലനം ചെയ്തുകൊണ്ട് സ്വകാര്യ ഇടം, വ്യക്തിഗത ഇടം എന്ന രണ്ട് ആശയങ്ങള്‍ എങ്ങനെയാണ് സിനിമയിലെ കഥാഗതിയെ, കഥാപാത്രങ്ങളുടെ പെരുമാറ്റങ്ങളെ, തീരുമാനങ്ങളെ സ്വാധീനിക്കുന്നത് എന്നു നോക്കാം.

കുമ്പളങ്ങിയിലെ ഒറ്റപ്പെട്ട തുരുത്തിലെ പാതിമാത്രം പണി തീര്‍ന്ന ഒരു വീട്ടില്‍ താമസിക്കുന്ന മൂന്നു സഹോദരന്മാരും അവിടെ അല്ലാതെ താമസിക്കുന്ന മറ്റൊരു സഹോദരനും പട്ടണത്തിലെ ധ്യാനകേന്ദ്രത്തില്‍ ജീവിക്കുന്ന അവരുടെ അമ്മയും ചേര്‍ന്നതാണ് ഒരു വീട്. സജി, ബോണി, ബോബി, ഫ്രാങ്കി എന്നിവരാണ് ഈ സഹോദരങ്ങള്‍. സജിയുടെ അമ്മ മരിച്ചപ്പോള്‍ അപ്പന്‍ ബോണിയുടെ അമ്മയെ വിവാഹം കഴിക്കുകയും അതില്‍ ഉണ്ടായ രണ്ടു മക്കളാണ് ബോബിയും ഫ്രാങ്കിയും. ബോബിയും ഫ്രാങ്കിയും ഒരമ്മയില്‍ പിറന്ന സഹോദരങ്ങള്‍ ആണ്. എന്നാല്‍ സജിയുടെ അമ്മയും ബോണിയുടെ അച്ഛനും കളത്തിനു പുറത്തുള്ളവര്‍ ആണ്. സജിയുടെ അച്ഛനാണ് ഫ്രാങ്കിയുടെയും ബോബിയുടെയും അച്ഛന്‍. ബോണിയുടെ അമ്മയാണ് ഫ്രാങ്കിയുടെയും ബോബിയുടെയും അമ്മ. അമ്മ വഴി ബോണി ഫ്രാങ്കിക്കും ബോബിക്കും ചേട്ടന്‍ ആണ്. അച്ഛന്‍ വഴി സജി അവര്‍ക്ക് ചേട്ടന്‍ ആണ്. ഫ്രാങ്കി നഗരത്തിലെ കോളേജില്‍ പഠിക്കുകയും ഹോസ്റ്റലില്‍ താമസിക്കുകയും ആണ്. നഗരത്തില്‍ സഹോദരനൊപ്പം സ്വന്തമായി ഒരു ബ്യൂട്ടി സലൂണ്‍ നടത്തുന്ന ഷമ്മി വിവാഹം കഴിച്ച് വന്ന് താമസിക്കുന്ന വീടാണ് സിനിമയിലെ മറ്റൊരു വീട്. ഷമ്മിയുടെ ഭാര്യയുടെ അനിയത്തി ബേബിമോള്‍. ബോബിയെ പ്രണയിക്കുകയും ആ വിവരം സഹോദരിയോടും അവര്‍ വഴി ഷമ്മിയും അറിയുന്നതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് സിനിമയുടെ ഒരു കഥാതന്തു. പല തലത്തില്‍ വിശകലനം അര്‍ഹിക്കുന്ന സംഭവങ്ങള്‍ ചേര്‍ന്നതാണ് കുമ്പളങ്ങി നൈറ്റ്‌സ് എങ്കിലും ബോബിയുടേയും ബേബിയുടെയും പ്രണയത്തെ മാത്രം വിശകലനം ചെയ്തുകൊണ്ട് സ്വകാര്യ ഇടം, വ്യക്തിഗത ഇടം എന്ന ആശയത്തെ അനാവരണം ചെയ്യാനാണ് ലേഖനം ശ്രമിക്കുന്നത്.

നഗരത്തില്‍ പഠിക്കുന്ന ഫ്രാങ്കി അവധിക്കാലത്ത് കുമ്പളങ്ങിയിലെ വീട്ടിലേക്ക് വരുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. അവധി തുടങ്ങുന്നതിന് തലേന്ന് അവന്റെ കൂട്ടുകാരന്‍ ”നിന്റെ വീട് എറണാകുളത്ത് അല്ലെ നമുക്കൊരു ട്രിപ്പ് അങ്ങോട്ട് വെച്ചാലോ, ലുലു മാള് കാണാം വീഗാലാന്‍ഡ് കാണാം” എന്ന് പറയുമ്പോള്‍ ഫ്രാങ്കി പറയുന്നത് ”വീട്ടില്‍ എല്ലാവര്‍ക്കും ചിക്കന്‍പോക്‌സ് അടിച്ചു കിടക്കുകയാണ്” എന്നാണ്. ആ സീനിന് ശേഷം കായലില്‍ മുങ്ങിത്താഴുന്ന ഫ്രാങ്കിയും അവനെ കാണാതെ കരയില്‍ നിന്ന് തുണികഴുകി പോകുന്ന അമ്മയുടെ ഷോട്ട് ആണ്. അമ്മയില്ലാത്ത, അമ്മയുടെ സ്‌നേഹം ഇല്ലാത്ത, പരസ്പരം തമ്മില്‍ തല്ലുന്ന സഹോദരങ്ങളുള്ള, തന്റെ അനാഥബാല്യത്തെ അന്തരീകമായി ഫ്രാങ്കി ഇന്നും അനുഭവിക്കുന്നതിന്റെ സൂചകം ആകാം ആ ഷോട്ട്.എല്ലാവരും സ്വന്തം വീട്ടിലേക്ക് പോകാന്‍ ആഹ്ലാദത്തോടെ ഒരുങ്ങുമ്പോള്‍ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും ഫ്രാങ്കിക്ക് തോന്നുന്നില്ല. അവനെ സംബന്ധിച്ചിടത്തോളം സന്തോഷം നല്‍കുന്ന ഒന്നല്ല അവന്റെ വീട്. അവനെ സ്‌നേഹത്തോടെ സ്വീകരിക്കാന്‍ അവിടെ ആരുമില്ല. പോകാന്‍ മറ്റൊരു ഇടം ഇല്ലാത്തത് കൊണ്ട് മാത്രം അവന്‍ കുമ്പളങ്ങിയിലെ വീട്ടിലേക്ക് അവധിക്കാലം ചിലവഴിക്കാന്‍ വരികയാണ്. കൂട്ടുകാരെ സ്വീകരിക്കാന്‍ മാത്രം ഇടമില്ലാത്ത അവന്റെ വീട്ടിലേക്ക്.

കായലരികത്ത് വാതിലുകളോ ജനലുകളോ ഇല്ലാത്ത, പട്ടിക്കും പൂച്ചയ്ക്കും ഇഷ്ടാനുസരണം കയറി ഇറങ്ങാന്‍ പറ്റുന്ന ഒരു വീടാണ് അവനെ കാത്തിരിക്കുന്നത്. വൈകാരികമായി രണ്ടറ്റത്ത് ആയി അകന്നു കഴിയുന്ന ബോബിയെയും സജിയെയും ചേര്‍ത്ത് ഫ്രാങ്കി പറയുന്നത് ഈ വീട് നരകം ആണെന്നാണ്. ”പണമെന്തിനാണെന്നും വേല ചെയ്തീടാന്‍ കെല്‍പ്പും പരമ സ്‌നേഹാര്‍ദ്രമാം നാല് കണ്‍കളും ചേര്‍ന്നാല്‍ ” എന്ന് ജി ശങ്കരക്കുറുപ്പ് പാടിയതിന്റെ അനുരണനം ആണ് ഫ്രാങ്കിയുടെ വാക്കുകളില്‍. ഭൗതികമായ സൗകര്യമില്ലായ്മയെ മറികടക്കുന്ന വൈകാരികമായ ഒത്തൊരുമയുടെ അഭാവമാണ് തന്റെ വീടിനെ നരകം ആക്കുന്നത് എന്നാണ് ഫ്രാങ്കി പറയുന്നത്. വീടിനെ ഒരു കെട്ടിടം എന്നതിനപ്പുറം Home ആക്കി മാറ്റുന്നത് അതിനകത്ത് താമസിക്കുന്ന ആളുകള്‍ക്കിടയിലുള്ള ബന്ധങ്ങളുടെ ഊഷ്മളത ആണെന്നാണ് കവി പറയുന്നത്. സ്വന്തം വീടിനകത്ത് അന്യവത്കരണം (Alienation) അനുഭവിക്കുന്നതുകൊണ്ടാണ് വീടൊരു നരകം ആയി ഫ്രാങ്കിക്ക് തോന്നുന്നത്. വീടും വീട്ടിലേക്കുള്ള തിരിച്ചുപോക്കും അവനെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള ഒരു കാര്യമല്ല. എന്നാല്‍ തിരിച്ചുപോകാന്‍ മറ്റൊരു ഇടം ഇല്ലാത്തതിനാല്‍ അവന്‍ അവിടേക്ക് പോകുന്നു എന്ന് മാത്രം. കേരളത്തിലെ ഭൂപരിഷ്‌കരണം ഉണ്ടാക്കിയ 26000ത്തോളം വരുന്ന പട്ടികജാതി കോളനികളിലെ ശവപ്പെട്ടി (Coffin Homes) വീടുകളില്‍ ആളുകള്‍ കഴിയുന്നത് അതിനകത്തെ അസൗകര്യങ്ങളെ അവര്‍ വൈകാരിക ഊഷ്മളതകൊണ്ട് മറികടന്നും മറ്റൊരിടത്തിലേക്ക് പോകാന്‍ നിര്‍വ്വാഹമില്ലാത്തതിന്റെ ദൈന്യതയിലും ആകും. കുമ്പളങ്ങിയിലെ വീട്ടില്‍ നിന്നും നഗരത്തിലേക്ക് പഠിക്കാന്‍ പോകുന്ന ഫ്രാങ്കി ഗ്രാമങ്ങളെയും നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിദ്യാഭ്യാസമെന്ന പാലത്തെ ആണ് പ്രതിനിധീകരിക്കുന്നത്. താന്‍ ജീവിക്കുന്ന വീടിനകത്തെ അസൗകര്യങ്ങള്‍ അവന്‍ തിരിച്ചറിയുന്നത് നഗരജീവിതത്തെ അറിയുന്നത് കൊണ്ടും അവന്‍ നേടുന്ന വിദ്യാഭ്യാസം കൊണ്ടുമാണ്. ഇന്ത്യയിലെ പാവപ്പെട്ട മനുഷ്യര്‍ക്ക് രാജ്യംആര്‍ജ്ജിക്കുന്ന സാമ്പത്തിക വികസനത്തില്‍ അല്‍പ്പമെങ്കിലും പങ്കു പറ്റാന്‍ സഹായിക്കുന്ന തരത്തിലുള്ള സംവരണത്തിന്റെ സാധ്യതയെ ആണ് ബോബി ”ഏതോ ഭാഗ്യത്തിന് അഡ്മിഷന്‍ കിട്ടിയവന്‍ ” എന്ന് ഫ്രാങ്കിയെ കളിയാക്കുന്നതിലൂടെ സൂചിപ്പിക്കുന്നത്.

കഥയിലെ മറ്റൊരു കേന്ദ്ര കഥാപാത്രമായ ഷമ്മിയുടെ ഭാര്യവീട് കുമ്പളങ്ങിയിലെ ഒരു മധ്യവര്‍ഗ്ഗ കുടുംബത്തെ പ്രതിനിധീകരിക്കുന്നു. അവരുടെ വീട് സാമാന്യത്തില്‍ കൂടുതല്‍ വലുതാണ്. അത് പൂര്‍ണ്ണമായി പണി തീര്‍ന്നതും അടച്ചുറപ്പുള്ളതും ആണ്. അതിന്ചുറ്റും മതിലും ഗേറ്റും ഉണ്ട്. ഒരീച്ച പോലും അനുവാദം ഇല്ലാതെ അതിനകത്തേക്ക് പ്രവേശിക്കരുത് എന്ന മട്ടില്‍ ഷമ്മി തന്റെ പുരുഷാധിപത്യം പ്രകടിപ്പിക്കുന്ന ഇടമാണാ വീട്. ഷമ്മിയുടെ സാന്നിധ്യത്തില്‍ ആ വീട്ടിലുള്ള മുഴുവന്‍ ആളുകളും അനുഭവിക്കുന്നത് പേടിയും നിരാലംബത്വവും ആണ്. ഷമ്മിയോട് പറയുന്ന ഓരോ വാക്കും അളന്നും തൂക്കിയും ആണ് ആ വീട്ടിലെ സ്ത്രീകള്‍ പറയുന്നത്. അയാളുടെ സന്തോഷം എന്ന അച്ചുതണ്ടില്‍ ആണ് ആ വീടിനകത്തെ മുഴുവന്‍ കാര്യങ്ങളും നടത്തപ്പെടുന്നത്. മനോരോഗത്തോളം വളര്‍ന്നു നില്‍ക്കുന്ന അധികാരബോധവും താന്‍പോരിമയും ഉള്ള ഷമ്മി കേരളത്തിലെ മധ്യവര്‍ഗ്ഗ കുടുംബത്തിലെ പിന്നാക്കജാതി മനുഷ്യര്‍ നേടിയെടുക്കാന്‍ കഠിനപ്രയത്‌നം ചെയ്യുന്ന നവ സവര്‍ണ്ണത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഞാന്‍ ഒരാണാണ് എന്ന് ബോബി ബേബിയോട് സിനിമ തീയേറ്ററില്‍ വെച്ച് പറയുമ്പോഴും, കൂട്ടുകാരനായ സുമേഷ് കാമുകിയെ കെട്ടാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ ” ഒരു ചായ കുടിക്കാന്‍ ചായക്കട തുടങ്ങണോ” എന്ന് ബോബി സുമേഷിനോട് പറയുമ്പോഴും അയാള്‍ ജീവിക്കുന്നത് ഷമ്മിയുടെ നേര്‍ വിപരീത ഭൗതിക സാഹചര്യത്തില്‍ ആണെങ്കിലും സ്ത്രീ വിരുദ്ധതയില്‍ അയാള്‍ക്കൊപ്പം തന്നെയാണ്. എന്നാല്‍ നവീകരിക്കപ്പെടാനുള്ള മനുഷ്യ സാധ്യത ബോബിയില്‍ ഉള്ളപ്പോള്‍ ഷമ്മിയില്‍ അതില്ല എന്നതാണ് അവര്‍ തമ്മിലുള്ള വ്യത്യാസം. സമൂഹത്തില്‍ നിന്നും ആര്‍ജ്ജിക്കുന്ന പുരുഷാധിപത്യം ബോബി പ്രയോഗിക്കുന്നുവെങ്കിലും അത് അയാളുടെ അധികാര പ്രയോഗമായിട്ടല്ല സംഭവിക്കുന്നത്. എന്നാല്‍ ഷമ്മിയുടെ പുരുഷാധിപത്യ സ്വഭാവം കൃത്യമായ അധികാരപ്രയോഗം തന്നെയാണ്.

ബോബിയുമായുള്ള പ്രണയം ബേബിമോള്‍ ചേച്ചിയോട് പറയുമ്പോള്‍ ചേച്ചിയുടെ ആദ്യ ആശങ്ക ബോബി ഒരു ക്രിസ്ത്യാനിയല്ലേ എന്നുള്ളതാണ്. എന്നാല്‍ യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ല” എന്ന ഒറ്റ വാചകത്തിലൂടെ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിലും സഹോദാര്യത്തിലും ആണ് ബേബിയുടെ ജീവിത തത്വശാസ്ത്രം ഉറപ്പിച്ചിരിക്കുന്നത് എന്നാണ് സിനിമ നമ്മോട് പറയുന്നത്. ബേബിയും ചേച്ചിയും പറയുന്നത് ഒളിച്ചു കേള്‍ക്കുന്ന ഷമ്മി എന്താണ് അവര്‍ പറഞ്ഞതെന്ന് കുത്തികുത്തി ചോദിക്കുകയും അത് തങ്ങളുടെ ”സ്വകാര്യതയാണെന്ന്” പറഞ്ഞിട്ടും അതല്‍പ്പം personal ആണെന്ന് പറഞ്ഞിട്ടും അതെന്താണ് അതെന്താണ് എന്ന് ഷമ്മി ചോദിക്കുമ്പോള്‍ എന്താണ് സ്വകാര്യത അല്ലെങ്കില്‍ അത് മാനിക്കപ്പെടേണ്ട ഒന്നായി അയാള്‍ കരുതുന്നില്ല എന്നാണ് അര്‍ത്ഥം. കേരളത്തിലെ എല്ലാ വീടുകളിലും നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്ന, സ്ത്രീകളുടെ സ്വകാര്യതയെ മാനിക്കേണ്ടതില്ല എന്ന മനോഭാവം സിനിമയില്‍ അവതരിപ്പിക്കണമെങ്കില്‍ ഷമ്മി ഒരു മനോരോഗി ആയിരിക്കണമെന്ന സങ്കല്‍പ്പനം സൂചിപ്പിക്കുന്നത് സ്ത്രീ വിരുദ്ധത എന്നത് അങ്ങേയറ്റം മലയാളികള്‍ ആന്തരീകവത്കരിച്ചു (Internalize) എന്നാണ്. ഷമ്മിക്ക് പ്രാന്തോളം എത്തുന്ന മനോവൈകല്യം ഇല്ലെങ്കില്‍ എന്താണ് അയാളുടെ പ്രവര്‍ത്തിയില്‍ ഉള്ള പ്രശ്‌നം എന്ന് മലയാളി പ്രേക്ഷകര്‍ സംശയിക്കും എന്ന് സംവിധായകനും തിരക്കഥാകൃത്തും കരുതി എന്നതുറപ്പാണ്. എല്ലാ സൗകര്യങ്ങളും ഭൗതികമായിട്ടുള്ള വീട്ടിലാണ് ബേബിയും ചേച്ചിയും ഉള്ളതെങ്കിലും വ്യക്തിഗത ഇടം എന്നൊന്ന് അവര്‍ക്കില്ലെന്ന മട്ടിലാണ് ഷമ്മി അവരോട് പെരുമാറുന്നത്. ഇവിടെയാണ് വ്യക്തിഗത ഇടമെന്നത് സ്വകാര്യ ഇടവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെങ്കില്‍ പോലും സ്വകാര്യ ഇടം ഉണ്ടെങ്കിലും നമുക്ക് ചിലപ്പോള്‍ വ്യക്തിഗത ഇടം ഉണ്ടാകണമെന്നില്ല എന്ന വലിയ സത്യം സിനിമ നമ്മോട് പറയുന്നത്. നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ജീവിതം നയിക്കാന്‍ നമുക്ക് സ്വകാര്യ ഇടം ആവശ്യമാണ്. എന്നാല്‍ അതുകൊണ്ട് മാത്രം വ്യക്തിഗത ഇടം നമ്മള്‍ അനുഭവിക്കണം എന്നില്ല എന്നാണ് കുമ്പളങ്ങി നൈറ്റ്‌സ് നമ്മോട് പറയുന്നത്. ഇന്ത്യന്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി നിര്‍ത്തുന്ന ജാതി ഇടങ്ങളെ ഓര്‍ക്കുന്നത് എങ്ങനെയാണ് സ്വകാര്യ ഇടവും വ്യക്തിഗത ഇടവും തമ്മില്‍ സന്ധിക്കുന്നതെന്നും വേര്‍തിരിഞ്ഞു നില്‍ക്കുന്നതെന്നും നമ്മെ ഓര്‍മ്മിപ്പിക്കും.

ഷമ്മിയുടെ ബാര്‍ബര്‍ ഷോപ്പില്‍ ചെന്ന് ബോബിയുടെ വിവാഹക്കാര്യം പറയാന്‍ സജിയും ബോബിയും ചെല്ലുമ്പോള്‍ അവരും ഷമ്മിയും തമ്മിലുള്ള സംസാരം ഇന്ത്യന്‍ ജനത ആര്‍ജ്ജിച്ച ജാതിബോധവും കീഴാള സംസ്‌കൃതവത്കരണ വൈകൃതവും വ്യക്തമാക്കപ്പെടുന്നു. ബോബിയുടെ താടി വടിക്കുന്ന സമയത്ത് വിവാഹക്കാര്യം എടുത്തിടുന്ന സജിയോട് ”ഇത് ഫിനിഷ് ചെയ്തിട്ട് സംസാരിച്ചാല്‍ പോരെ” എന്ന് ഷമ്മി പറയുന്ന സമയത്ത് ബോബിയുടെ കഴുത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ബാര്‍ബര്‍ റേസര്‍ ബോബിയോടും സജിയോടുമുള്ള ദേഷ്യവും അനിഷ്ടവും പ്രകടിപ്പിക്കുന്നു എന്നതിനോടൊപ്പം ഇന്ത്യയില്‍ അങ്ങോളം അരങ്ങേറുന്ന സ്വാഭിമാന ജാതിക്കൊലകളെ കൂടി പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. നവ സവര്‍ണ്ണ ജാതീയതയുടെ അടയാളമായാണ് ആ റേസര്‍ പ്രവര്‍ത്തിക്കുന്നത്. യേശുവിനെ നമുക്കറിയാമല്ലോ എന്ന് പറയുന്ന ബേബിമോള്‍ മുന്നോട്ട് വയ്ക്കുന്ന സഹോദാര്യമല്ല ഷമ്മിയുടെ റേസര്‍ പ്രകടിപ്പിക്കുന്നത് മറിച്ച് സവര്‍ണ്ണ ജാതി ഗ്രാമങ്ങള്‍ക്ക് വെളിയിലെ വിഭവരഹിത പുറമ്പോക്കില്‍ ജീവിക്കുന്ന നീയൊക്കെ എന്നോട് സംസാരിക്കാന്‍ പോലും അര്‍ഹര്‍ അല്ലെന്ന ഭാവമാണ്.

നിങ്ങളുടെ വീടെവിടെയാണ് എന്ന ഷമ്മിയുടെ ചോദ്യം ”നിങ്ങളുടെ ജാതി എന്താണ് ” എന്ന വലിയ ചോദ്യത്തിന്റെ ഒളിച്ചുകടത്തല്‍ ആയി വേണം പ്രേക്ഷകര്‍ കേള്‍ക്കാന്‍. ആഞ്ഞിലിത്തറ ഭാഗത്താണ് വീടെന്ന് ബോബി പറയുമ്പോള്‍ ”നാട്ടുകാര്‍ ചത്ത പട്ടിയെയും പൂച്ചയെയും കൊണ്ടിടുന്ന സ്ഥലം എന്നും ആ തീട്ടപ്പറമ്പ് അല്ലെ ”എന്നും അവരുടെ വീടിരിക്കുന്ന സ്ഥലത്തെ അടയാളപ്പെടുത്തുന്ന ഷമ്മിയോടും ചേട്ടനോടും വഴി മാത്രമേ ഞങ്ങളുടേത് ഉള്ളൂ തീട്ടപ്പറമ്പ് നാട്ടുകാരുടേത് ആണ് എന്ന് ബോബി പറയുമ്പോള്‍ അവരുടെ വീട് സ്വകാര്യമായ ഒന്നായി നില്‍ക്കുമ്പോഴും അതിന്റെ സാംസ്‌കാരികമൂല്യം നിശ്ചയിക്കപ്പെടുന്നത് അതിനകത്ത് താമസിക്കുന്ന ആളുകളുടെ നിയന്ത്രണത്തില്‍ സംഭവിക്കുന്ന ഒന്നല്ല എന്നാണ് സിനിമ പറയുന്നത്. ഇന്ത്യന്‍ ജാതി വ്യവസ്ഥയില്‍ ഒരാളുടെമൂല്യം നിശ്ചയിക്കുന്നത് അയാളുടെ കര്‍മ്മം അല്ല അയാള്‍ ജനിക്കുന്ന ജാതി തന്നെയാണ് എന്നാണ് സിനിമ സൂചിപ്പിക്കുന്നത്. ഒരാളുടെ വീടിന്റെ മൂല്യം കെട്ടിടത്തെ മോടിപിടിപ്പിച്ചാല്‍ മാത്രം ഉയരുന്ന ഒന്നല്ലെന്നും അത് സാംസ്‌കാരികമായി നിര്‍ണ്ണയിക്കപ്പെടുന്ന ഒന്നാണെന്നാണ് ഷമ്മി പറയുന്നത്. താന്‍ അത്യാവശ്യം ഫ്രീഡം സ്ത്രീകള്‍ക്ക് കൊടുക്കുന്ന ആളാണ് എന്നും ഇന്നത്തെ കാലത്ത് ഒരു പെണ്ണിന് ഏത് തെണ്ടിയെ വേണമെങ്കിലും കല്യാണം കഴിക്കാം. അതാണ് നാട്ടിലെ നിയമം എന്ന് ഷമ്മി പറയുമ്പോള്‍ ജാതിയില്ലാ കേരളത്തിന്റെ തനിനിറം ആണ് വെളിപ്പെടുന്നത്. നമുക്ക് ജാതി ഇല്ലാത്തത് ജാതി നമ്മുടെ ഉള്ളില്‍ ചത്തത് കൊണ്ടല്ല മറിച്ച് രാജ്യത്തെ നിയമത്തെ പേടിച്ച് നമ്മളാ ജാതി ഭൂതത്തെ കുടത്തില്‍ അടച്ചു വെച്ചിരിക്കുകയാണ്. എന്നാല്‍ ”പട്ടികജാതികള്‍ ഒഴികെ” എന്നൊക്കെ കല്യാണപ്പരസ്യം കൊടുത്ത് നമ്മള്‍ സായൂജ്യമടയാറുണ്ട് എന്ന് മാത്രം. തങ്ങളുടെ വീടിരിക്കുന്ന സ്ഥലം സവര്‍ണ്ണ ഇടങ്ങളുമായി റോഡ് വഴിയും മറ്റിതര സൗകര്യങ്ങള്‍ വഴിയും ഇപ്പോള്‍ ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന് സജിപറയുമ്പോഴും അതിനെ തീട്ടപ്പറമ്പ് ആയിത്തന്നെ ഷമ്മിയും ചേട്ടനും കരുതുന്നത് കൃത്യമായ ജാതിബോധം തന്നെയാണ്. ഒരാള്‍ എത്രവലിയ നിലയില്‍ എത്തിയാലും അയാളുടെ ജാതിസ്വത്വം പോകില്ല എന്നതിന്റെ യുക്തിയില്‍ തന്നെയാണ് തീട്ടപ്പറമ്പും നിലനില്‍ക്കുന്നത്. ലോഡ്ജ് പോലുള്ള വീട്ടിലേക്ക് എങ്ങനെ ബേബിമോളെ വിടും എന്ന ഷമ്മിയുടെ വേവലാതിയിലൂടെ അയാളുടെ വീട്ടിലെ സ്ത്രീകള്‍ അനുഭവിക്കുന്ന അവകാശരാഹിത്യങ്ങളെ അദ്ദേഹം മറയ്ക്കുകയാണ്. കേരളത്തിലെ എല്ലാ പൊതു ഇടങ്ങളിലും ലിബറല്‍ പുരോഗമന ജീവികളായി അഭിനയിക്കുന്നവരുടെ വീടുകളുടെ അകത്തളങ്ങള്‍ സ്ത്രീകളുടെ വ്യക്തിഗത ഇടങ്ങളെ കുഴിച്ചു മൂടുന്ന ശവപ്പറമ്പുകള്‍ ആണെന്ന വ്യംഗ്യ സൂചനയാണ് സിനിമ നല്‍കുന്നത്.

വീടെന്ന സ്വകാര്യ ഇടത്തെയും അതിനകത്തെ വ്യക്തിഗത ഇടത്തെയും കൃത്യമായി സിനിമയില്‍ അവതരിപ്പിച്ചതിന് ശേഷം എങ്ങനെയാണ് കുടുംബത്തില്‍ വ്യക്തിഗത ഇടം നമ്മള്‍ നേടേണ്ടത് എന്നാണ് ബേബിയിലൂടെയും ചേച്ചിയിലൂടെയും സിനിമ നമ്മെകാണിക്കുന്നത്. ബോബിയൊക്കെ പല തന്തയ്ക്ക് പിറന്നവര്‍ ആണെന്ന ഷമ്മിയുടെ കുത്തുവാക്കിന് സാങ്കേതികമായി രണ്ടു തന്തയ്ക്ക് പിറക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന ബേബിയുടെ മറുപടി ജന്മഗുണത്തെ വാഴ്ത്തുന്നവര്‍ക്കുള്ള മറുപടി കൂടിയാണ്. സ്ത്രീകളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്ന പുരുഷാധിപത്യം തങ്ങളെ അനുസരിക്കുന്നവരെ മാത്രമേ സംരക്ഷിക്കൂ അതും കൂട്ടിലടച്ച പട്ടികളെപ്പോലെ എന്നാണ് ഷമ്മി പറയുന്നത്. ഏത് ടൈപ്പ് ചേട്ടന്‍ ആണെങ്കിലും അവരുടെ സ്ഥാനത്ത് നില്‍ക്കണം അല്ലാതെ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തരുത് എന്ന് ഷമ്മിയോട് ഭാര്യ പറയുമ്പോള്‍ ഭിത്തിയുടെ മൂലയില്‍ പോയി നിശബ്ദനായി നില്‍ക്കുന്ന ഷമ്മി തന്നോളം പോന്ന സ്ത്രീയുടെ മുന്‍പില്‍ തല താഴ്ത്തി നില്‍ക്കുന്ന പുരുഷാധിപത്യ വൈകൃതത്തിന്റെ പ്രതിഫലനമാണ്. തങ്ങളുടെ അവകാശം നേടിയെടുക്കാന്‍ അവരവര്‍ തന്നെ മുന്നോട്ട് വരണമെന്ന സന്ദേശമാണ് സിനിമ നമുക്ക് നല്‍കുന്നത്.

വൈകാരികമായി പരസ്പരം തിരിച്ചറിയാന്‍ സജിക്കും ബോബിക്കും ബോണിക്കും ഫ്രാങ്കിക്കും കഴിയുമ്പോള്‍ അവരുടെ വീട് അതിന്റെ ഭൗതിക പരിമിതികളില്‍ തുടരുമ്പോള്‍ തന്നെ ഒരു സ്വര്‍ഗ്ഗമായി മാറുകയാണ്. ഒരു ഘട്ടത്തില്‍ മാനസീക നില തെറ്റുന്ന സജി സൈക്ക്യാട്രിസ്റ്റിന്റെ നെഞ്ചില്‍ കിടന്ന് കരഞ്ഞുകൊണ്ടാണ് അയാളുടെ മാനസിക സ്വാസ്ഥ്യം തിരിച്ചു പിടിക്കുന്നത്. സജിക്ക് കരച്ചില്‍ ആയിരുന്നു ഔഷധമെങ്കില്‍ മറ്റു ചിലര്‍ക്കത് മയക്കുമരുന്നോ കൊലപാതകമോ ആയിരിക്കും. നമ്മുടെ ഓരോ പ്രവര്‍ത്തിയും നമ്മുടെ തന്നെ അസ്തിത്വത്തിനകത്തെ അസ്വസ്ഥതകളെ സമീകരിക്കാനുള്ള അബോധശ്രമങ്ങള്‍ തന്നെയാണ് എന്നാണ് സിനിമ പറയുന്നത്. പൗരന്മാര്‍ക്ക് സ്വകാര്യ ഇടങ്ങളും വ്യക്തിഗത ഇടങ്ങളും നല്‍കുമ്പോള്‍ മാത്രമാണ് ജനാധിപത്യവുംവികസനവും അര്‍ത്ഥവത്താകുന്നത് എന്നാണ് സിനിമ നമ്മോട് പങ്കുവയ്ക്കുന്ന ആശയം. അത് സംഭവിക്കാതിരിക്കുന്നിടത്തോളം തീട്ടപ്പറമ്പുകള്‍ക്ക് ചുറ്റും എത്ര സാമ്പത്തിക വികസനം വന്നാലും അവ തീട്ടപ്പറമ്പുകള്‍ ആയിത്തന്നെ തുടരും; അവിടെ താമസിക്കുന്നവര്‍ മറ്റുള്ളവരുടെ കണ്ണില്‍ തന്തയില്ലാത്തവരും. അവന് ഭ്രാന്താണ് മോനെ എന്ന് ബേബിയുടെ അമ്മ പറയുന്നതിന്റെ ഉത്തരാധുനിക അര്‍ത്ഥം അവന്‍ തറവാടിയാണ് മോനെ എന്ന് തന്നെയാണ് എന്നാണ് സിനിമ പറയാതെ പറയുന്നത്. ആരെ വിവാഹം കഴിക്കാനുമുള്ള സ്വാതന്ത്ര്യം സജിയുടെ വീട്ടില്‍ ഉണ്ട്. എന്നാല്‍ വ്യക്തിഗതമായ അവകാശങ്ങളെ വികസിപ്പിക്കാനുള്ള സാമൂഹ്യ മൂലധനമോ (Social Capital) സാമ്പത്തിക ശേഷിയോ അവര്‍ക്കില്ല. എന്നാല്‍ ഷമ്മിയുടെ വീട്ടില്‍ ഇത് രണ്ടും ഉണ്ടെങ്കിലും അവിടെ വ്യക്തിഗത അവകാശം എന്നത് ഷമ്മി അനുവദിച്ചു കൊടുക്കുന്നത്ര മാത്രമേ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നുള്ളൂ. ഈ രണ്ടു വൈരുദ്ധ്യങ്ങളെയും കുറയ്ക്കുമ്പോള്‍ ആണ് രാജ്യം യഥാര്‍ത്ഥത്തില്‍ വികസിക്കുന്നതും, വികസനമാണ് സ്വാതന്ത്ര്യം എന്ന അമര്‍ത്യ സെന്‍ സങ്കല്‍പ്പത്തിലേക്ക് പൗരജീവിതം വളരുന്നതും എന്നാണ് കുമ്പളങ്ങി നൈറ്റ്‌സ് അഭ്രപാളിയില്‍ സാക്ഷാത്കരിക്കുന്നത്.

No Comments yet!

Your Email address will not be published.