Skip to main content

ആലപ്പുഴ ജിംഖാന

 

ഖാലിദ് റഹ്മാന്‍ സംവിധാനം നിര്‍വ്വഹിച്ച, മലയാളത്തിലെ ഏറ്റവും പോപ്പുലറും കാഴ്ചക്കാരുടെ കണ്ണിലുണ്ണിയും ആയ നസ്ലിന്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചതുമായ, സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന മലയാള ചിത്രമാണ്‌ ആലപ്പുഴ ജിംഖാന. തൃശൂരിലെ ഒരു തീയേറ്ററിലെ നിറഞ്ഞുകവിഞ്ഞ ഓഡിയന്‍സിന് നടുവില്‍ ഇരുന്നുകൊണ്ടാണ് ഞാനീ സിനിമ കണ്ടത്. കാണികള്‍ എങ്ങനെയാണ് ഒരു സിനിമയെ സ്വീകരിക്കുന്നത് എന്നത് തീയേറ്ററില്‍ നിന്ന് തന്നെ അറിയാന്‍ കഴിയും. ആളുകള്‍ ചിരിച്ചും കയ്യടിച്ചും സന്തോഷം പ്രകടിപ്പിച്ചുമാണ് ആലപ്പുഴ ജിംഖാന കണ്ടുകൊണ്ടിരുന്നത്. കമ്മട്ടിപ്പാടം സിനിമ തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ ചില കുടുംബങ്ങള്‍ ഇറങ്ങിപ്പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സിനിമകളെ നമ്മള്‍ കണ്ണുകൊണ്ട് ചുമ്മാ കാണുക മാത്രമല്ല നമ്മള്‍ അറിഞ്ഞോ അറിയാതെയൊ രാഷ്ട്രീയമായി കൂടി വിലയിരുത്തുന്നുണ്ട് എന്നതിന്റെ സൂചകമായി ‘’കയ്യടിച്ച ജിംഖാനയുടെ കാണികളെയും ഇറങ്ങിപ്പോയ കമ്മട്ടിപ്പാടത്തിന്റെ കാണികളെയും കരുതാവുന്നതാണ്. അവധിക്കാലം കുട്ടികളുമായി പോയി കുടുംബങ്ങള്‍ക്ക് കാണാനും ആസ്വദിക്കാനും പറ്റുന്ന തരത്തിലുള്ള ഒരു സിനിമയാണ് ആലപ്പുഴ ജിംഖാന. ആഴത്തിലുള്ള സാമൂഹ്യ രാഷ്ട്രീയ മനശാസ്ത്ര വായനകള്‍ക്കുള്ള വാതിലുകള്‍ സിനിമ തുറക്കുന്നുവെങ്കിലും അത്തരം അക്കാദമിക് ഭാരങ്ങള്‍ ഒന്നുമില്ലാതെ പോപ്‌കോണും ചവച്ച് കണ്ടു തീര്‍ക്കാന്‍ കഴിയുന്ന സിനിമയാണിത്. ബോക്സിംഗിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണിത്.

ലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മികച്ച ബോക്സര്‍മാര്‍ ആയ മുഹമ്മദ്‌ അലി, മൈക്ക് ടൈസന്‍, ജോ ലുയിസ്, ജോ ഫ്രേസര്‍,ജോര്‍ജ് ഫോര്‍മാന്‍, ഷുഗര്‍ റെ റോബിന്‍സന്‍, ലാറി ഹോം തുടങ്ങിയ നിരവധി ആഫ്രിക്കന്‍ അമേരിക്കന്‍ ബോക്സര്‍മാര്‍ റിങ്ങില്‍ പൊരുതിയത് എതിരാളികളോട് മാത്രമായിരുന്നില്ല. വര്‍ണ്ണവെറിയുള്ള കാണികളോടും ജഡ്ജസിനോടും, ബോക്സിംഗ് ഒഫീഷ്യല്‍സിനോടും കൂടിയായിരുന്നു. കാഷ്യസ് ക്ലേയില്‍ നിന്നും മുഹമ്മദ്‌ അലിയിലേക്ക് മാറിയപ്പോള്‍. എന്നോട് ശത്രുതാപരമായി പെരുമാറിയത് അമേരിക്കയിലെ വെള്ളക്കാര്‍ ആണെന്നും വിയറ്റ്നാമിലെ പാവപ്പെട്ട ജനങ്ങള്‍ അല്ലെന്നും അതുകൊണ്ട് അവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ എന്നെ കിട്ടില്ലെന്നും അലി പറയുമ്പോള്‍ അലി കേവലം ഒരു ബോക്സര്‍ എന്ന നിലയില്‍ നിന്നും ലോകത്തെ മുഴുവന്‍ വംശീയ വെറിക്കാര്‍ക്കും എതിരെ ആത്മീയവും രാഷ്ട്രീയവുമായ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. ഒരു ഡാന്‍സിംഗ് മാസ്റ്ററെ പോലെ കാണികളെ ത്രസിപ്പിക്കുന്ന ബോക്സിംഗ് ജീവിതം നയിച്ചപ്പോഴും റിങ്ങിന് വെളിയില്‍ രാഷ്ട്രീയ സമരങ്ങള്‍ നയിക്കുക കൂടി ചെയ്ത ആളാണ് മുഹമ്മദ്‌ അലി. അലി സ്വജീവിതം കൊണ്ട് വിരിയിച്ചെടുത്ത ബോക്സിംഗ് വസന്തങ്ങളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ചില ഷോട്ടുകളിലൂടെയാണ് ആലപ്പുഴ ജിംഖാനയും വളരുന്നത്. അലിയുടെ ജീവിതത്തെ സംഭവബഹുലം ആക്കിയ സാമൂഹ്യ രാഷ്ട്രീയ നിലപാടുകളെ കേരളത്തിന്റെ പരിസരത്തിലേക്ക് പറിച്ചു നടാനുള്ള ചെറിയ ശ്രമങ്ങള്‍ സിനിമയില്‍ സംവിധായകന് സാധിക്കുമായിരുന്നു എങ്കിലും അതുണ്ടായില്ല എന്നത് വലിയൊരു പോരായ്മ തന്നെയാണ്. സിനിമ എന്നത് രാഷ്ട്രീയ മുദ്രാവാക്യം വിളിയല്ല എന്ന വാദത്തെ സ്വീകരിച്ചുകൊണ്ട് തന്നെയാണ് ഈ വിമര്‍ശനം മുന്നോട്ട് വയ്ക്കുന്നത്. മുദ്രാവാക്യം വിളിക്കാതെ തന്നെ രാഷ്ട്രീയം പറയാമല്ലോ.

നസ്ലിന്‍ അവതരിപ്പിക്കുന്ന ജോജോ ജോണ്‍സന്‍ എന്ന കഥാപാത്രത്തെ കേന്ദ്രത്തില്‍ നിര്‍ത്തിക്കൊണ്ട് ആണ് സംവിധായകന്‍ കഥ പറയുന്നത്. ജീവിതത്തെ ദൈവനിശ്ചയമായ ഒരു ലക്ഷ്യത്തിലേക്കുള്ള വലിയ അതിജീവന സമരമായിട്ടൊന്നും കാണാതെ ‘’മുന്തിരിച്ചാറുപോലുള്ളോരീ ജീവിതം മൊത്തി മൊത്തി കുടിക്കും ഞാന്‍ ‘’ എന്ന ആധുനിക മലയാളി യുവതയുടെ തത്വശാസ്ത്രം ആദര്‍ശവല്‍ക്കരിക്കുന്ന ഒരു കൂട്ടം പ്ലസ് ടൂ പിള്ളേരുടെ കഥയാണ് ആലപ്പുഴ ജിംഖാന. ബിയറടിച്ച് വീട്ടില്‍ വരാനും യാതൊരു പണിക്കും പോകാതെ നാല് നേരവും തിന്നാനും കിട്ടുന്ന വീട്ടില്‍ ജീവിക്കുന്ന ആളാണ് ജോജോ ജോണ്‍സന്‍. ജോജോയുടെ അച്ഛനും അമ്മയും പ്രത്യേകിച്ച് ജോലിയൊന്നും ഉള്ളതായി പറയുന്നില്ല. കുടുംബ സ്വത്തോ ഭൂതകാല സമ്പാദ്യമോ ആകും അവരെ മുന്നോട്ട് നയിക്കുന്നത്. അന്നന്നത്തെ ഭക്ഷണം ഒരു പ്രശ്നം അല്ലാത്ത കുടുംബങ്ങളുടെ അകത്ത് നടക്കുന്ന കഥയാണ് ആലപ്പുഴ ജിംഖാന. എന്നാല്‍ ജോജോയുടെ കൂട്ടുകാരില്‍ പാവപ്പെട്ടവര്‍ ഉണ്ട്. കേരളത്തിലെ കലാലയങ്ങളില്‍ പലപ്പോഴും പണക്കാരായ കൂട്ടുകാരുടെ വലയില്‍ പെട്ട് പാവപ്പെട്ട പിള്ളേരുടെ തലവര മാറിപ്പോകുന്നതിലേക്ക് സിനിമ പോകുന്നില്ലെങ്കിലും കാണികള്‍ക്ക് ചിന്തിക്കാനുള്ള വക സിനിമ നല്‍കുന്നുണ്ട്.

തിളങ്ങുന്ന സ്പോര്‍ട്സിന്റെ ബാഹ്യലോകത്തിന് അകത്തുള്ള കഠിനാധ്വാനത്തിന്റെയും സഹനത്തിന്റെയും കഷ്ടപ്പാടുകളുടെയും അതിജീവനത്തിനായുള്ള പോരാട്ടങ്ങളുടെയും വലിയൊരു ലോകത്തെ സിനിമ കാണികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. കളിയുടെ ലോകത്തിലെ രാഷ്ട്രീയക്കളിയുടെ വൃത്തികെട്ട ലോകത്തിലേക്കും കാണികളെ സംവിധായകന്‍ കൊണ്ട് പോകുന്നു. ലോകം കണ്ടതില്‍ വെച്ചേറ്റവും പ്രശസ്തരായ ആഫ്രിക്കന്‍ അമേരിക്കന്‍ ടെന്നീസ് കളിക്കാരികള്‍ ആയ സെറീന വില്ല്യംസിനും വീനസ് വില്ല്യംസിനും നിരന്തരം വെള്ളക്കാരായ കാണികളില്‍ നിന്നും കുരങ്ങികള്‍ എന്ന കളിയാക്കും കൂക്ക് വിളികളും കേള്‍ക്കേണ്ടി വന്നിരുന്നു. ചെറുപ്പത്തില്‍ ടെന്നീസ് സ്റ്റേഡിയം വാടകക്ക് എടുത്ത് വെള്ളക്കാരായ ആളുകളെ കൂലിക്കെടുത്ത് കാണികളായിനിര്‍ത്തി തന്റെ മക്കളെ ഉറക്കെയുറക്കെ തെറിപറയിപ്പിച്ചു കൊണ്ട് എങ്ങനെ വെള്ളക്കാരുടെ വംശവെറിയെ നേരിടണം എന്ന്സെറീന -വീനസ് സഹോദരിമാരുടെ പിതാവ് അവരെ ട്രെയിന്‍ ചെയ്തിരുന്നു. ജാതി പ്രമേയമാകുന്ന സിനിമകളില്‍ അയ്യങ്കാളി അംബേദ്‌കര്‍ നാരായണഗുരു തുടങ്ങിയവരുടെ ചിത്രങ്ങള്‍ ചുമരില്‍ കാണിക്കണമെന്ന അലംഘനീയമായ ഒരാചാരം ഉള്ളതുപോലെ, ബോക്സിംഗ് പ്രമേയമാകുന്ന സിനിമയില്‍ മുഹമ്മദ്‌ അലിയുടേയും മൈക്ക് ടൈസന്റെയും ചിത്രങ്ങള്‍ ഇടയ്ക്കിടെ കാണിക്കുന്നുണ്ടെങ്കിലും അവര്‍ മുന്നോട്ട് വെച്ച സാമൂഹ്യ വിവേചനങ്ങളുടെ സൂക്ഷ്മ രാഷ്ട്രീയത്തിലേക്ക് സിനിമ ഒരു ചുവട് പോലും വയ്ക്കുന്നില്ല.
ജയിച്ചവരുടെ മാത്രമല്ല ലോകം അത് തോറ്റവര്‍ക്കും തോറ്റ് കൊടുക്കുന്നവര്‍ക്കും കൂടി അവകാശപ്പെട്ടത് ആണ് എന്ന വലിയൊരു സന്ദേശം സിനിമ നല്‍കുന്നുണ്ട്. വലിയൊരു തോല്‍‌വിയില്‍ നിന്നാണ് സിനിമ തുടങ്ങുന്നതെങ്കിലും അവസാനിക്കുന്നത് ‘’ശ്രമിച്ചാല്‍ അസാധ്യമായി ഒന്നുമില്ല’’ എന്ന സന്ദേശത്തില്‍ ആണ്. തോല്‍ക്കുന്നവരെ ചേര്‍ത്ത് പിടിച്ചാല്‍ അവര്‍ വിജയങ്ങളുടെ കൊടുമുടികള്‍ സ്വപ്നം കാണുന്നവരായി മാറും എന്ന തത്വത്തെ മറന്നുള്ള സാമ്പ്രദായിക പ്രതിലോമ മലയാളി പേരെന്റിങ്ങിനെ പ്രശ്നവത്കരിക്കാനും സിനിമ ശ്രമിക്കുന്നുണ്ട്.

പുരുഷ കേന്ദ്രീകൃതമായിട്ടാണ് കഥ പോകുന്നതെങ്കിലും മാറുന്ന മലയാളി പെണ്‍ജീവിതങ്ങളുടെ സങ്കീര്‍ണ്ണതകളിലേക്കും അവരുടെ ഇഷ്ടങ്ങളിലേക്കും സിനിമ കടന്നു ചെല്ലുന്നു. എല്ലാം തികഞ്ഞ നായകരെന്ന സങ്കല്‍പ്പത്തെ സമ്പൂര്‍ണ്ണമായി തകര്‍ത്തുകൊണ്ട് ഒന്നും ഇല്ലാത്തവര്‍ക്കും നായക പദവി കിട്ടുന്നതാണ് ജീവിതമെന്ന പുതുതായി മലയാള സിനിമ വളര്‍ത്തിയെടുക്കുന്ന നായക സങ്കല്‍പ്പത്തെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ഖാലിദ് റഹ്മാന്‍. സിനിമയിലെ മുഖ്യ വേഷങ്ങള്‍ അഭിനയിച്ച അനഘ രവി, ബേബി ജീന്‍, ഗണപതി നസ്ലീന്‍ എല്ലാവരും തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കി. പെണ്‍ ബോക്സര്‍ ആയി അനഘ ജീവിക്കുകയായിരുന്നു. അതികായന്മാര്‍ അരങ്ങു വാഴുന്ന മലയാള സിനിമയില്‍ കോടികളുടെ കിലുക്കവുമായി ഒരു കൗമാരക്കാരന്‍ മലയാള സിനിമാ വ്യവസായത്തില്‍ അവന്റേതായ ഒരിടം വെട്ടിപ്പിടിക്കുന്ന കാഴ്ച ആലപ്പുഴ ജിംഖാനയിലെ ബോക്സര്‍ പഞ്ചുകളെപ്പോലെ തന്നെ രോമാഞ്ചം നല്‍കുന്നതാണ്. വൈകാരികത, സസ്പന്‍സ്, ത്രില്ലിംഗ് കരച്ചില്‍ ചിരിക്കല്‍ ഒക്കെ സമാസമം ചേര്‍ത്തുള്ള കൃത്യമായ ഒരു വാണിജ്യ സിനിമയുടെ ഗ്രാഫില്‍ തന്നെയാണ് ആലപ്പുഴ ജിംഖാനയെ ഖാലിദ്‌ റഹ്മാന്‍ എടുത്തിട്ടുള്ളത്. തന്റെ മറ്റെല്ലാ സിനിമകളുടെയും മാതൃകകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കഥപറയാന്‍ ഖാലിദിന് കഴിഞ്ഞു എന്നത് വരും നാളുകളില്‍ കൂടുതല്‍ നല്ല സിനിമകള്‍ അദ്ദേഹത്തില്‍ നിന്നും മലയാളിക്ക് പ്രതീക്ഷിക്കാം എന്നുറപ്പിക്കുന്നു. കാണികളെ തീയേറ്ററിലേക്ക് എത്തിക്കുന്നതില്‍ നസ്ലീന്‍ ഫാക്ടറിനൊപ്പം ഒരു സംവിധായകന്‍ എന്ന നിലയില്‍ ഖാലിദ് റഹ്മാന്‍ നേടിയെടുത്ത ബ്രാന്‍ഡ് വിശ്വാസ്ഥതയ്ക്കും പങ്കുണ്ട്.

 

 

*****

 

No Comments yet!

Your Email address will not be published.