Skip to main content

നരിവേട്ട മറയ്ക്കുന്ന ഓര്‍മ്മകള്‍

കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ”ക്രൂരവും പൈശാചികവുമായ” ഭരണകൂട വേട്ടയായ മുത്തങ്ങ സമരത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് അബിന്‍ ജോസഫ് കഥയെഴുതി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത, ഇന്ത്യന്‍ സിനിമാ കമ്പനി നിര്‍മ്മിച്ച സിനിമയാണ് നരിവേട്ട. ബോക്‌സ് ഓഫീസില്‍ നിശബ്ദമായി തുടങ്ങിയ സിനിമ കാണികളുടെ പ്രശംസയും മൗത്ത് പബ്ലിസിറ്റിയും നേടി ദിനംതോറും നിര്‍മ്മാതാവിന്റെ കീശ വലുതാക്കുന്നതാണ് നമ്മള്‍ കാണുന്നത്. പത്ത് കോടി മാത്രം നിര്‍മ്മാണച്ചിലവുള്ള സിനിമ ലാഭത്തിലാകും എന്നുറപ്പാണ്. പ്രണയം, ആദിവാസികളുടെ ഭൂപ്രശ്‌നം, മാവോയിസത്തെ എങ്ങനെയാണ് സ്റ്റേറ്റ് അതിന്റെ താല്‍പ്പര്യങ്ങള്‍ക്കായി ഒരു ടൂള്‍ ആയി ഉപയോഗിക്കുന്നത് തുടങ്ങി നിരവധി അടരുകളില്‍ മുന്നേറുന്ന ഒരു സിനിമയാണ് നരിവേട്ട.

മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാം നരിവേട്ടയെപ്പറ്റി നല്ലത് മാത്രമേ എഴുതിയിട്ടുള്ളൂ. ”നിര്‍ബന്ധമായും വീണ്ടും വീണ്ടും പറയേണ്ട അസുഖകരമായ കഥ”യായിട്ടാണ് ദി ഹിന്ദു പത്രം നരിവേട്ടയെ വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയാ റിവ്യൂകള്‍ കാണികളെ ”വൈകാരികമായി മുറിവേല്‍പ്പിക്കുന്ന വേട്ട ആയാണ്” നരിവേട്ടയെ ചിത്രീകരിക്കുന്നത്. ഫിലിം ബീറ്റ് എഴുതുന്നു, ”വാണിജ്യ അംശം തെല്ലും കളയാതെ, എന്നാല്‍ സിനിമയ്ക്ക് ആധാരമായ ചരിത്ര സംഭവത്തിന്റെ ഗൗരവം തെല്ലും ചോരാതെയാണ് നരിവേട്ട നിര്‍മ്മിച്ചിട്ടുള്ളത്” എന്ന്. ഇന്ത്യന്‍ എക്‌സ്പ്രസ് ആകട്ടെ, ”കേരളചരിത്രത്തിലെ രക്തരൂക്ഷിതമായ ഒരേടായാണ്” നരിവേട്ടയെ കാണുന്നത്. ലെന്‍സ്മാന്‍ നരിവേട്ടയെ കാണുന്നത്, ”നിര്‍ബന്ധമായും പറയേണ്ട ഒരു കഥ സാങ്കേതികത്തികവോടെ എന്നാല്‍ അവിശ്വസനീയമാം വിധം നിഷ്‌കളങ്കനായ ഒരു നായകനിലൂടെ പറയുന്ന സിനിമ” എന്നാണ്. സീ ന്യൂസ് ”മുത്തങ്ങയുടെ ഭൂതവും വര്‍ത്തമാനവും ഓര്‍മ്മിപ്പിക്കുന്ന സിനിമ ആയാണ്” നരിവേട്ടയെ മുന്നോട്ട് വയ്ക്കുന്നത്. ഡൂള്‍ ന്യൂസില്‍ ഷബാസി നരിവേട്ട സിനിമയെ ”ഡീപ്പ് സ്റ്റേറ്റിന്റെ ഭീകര ആഖ്യാനങ്ങളുടെ ഏറ്റവും ക്രൂരമായ പ്രായോഗിക രൂപമായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഓപ്പറേഷന്‍ നോര്‍ത്ത് വുഡ്‌സിനോടാണ്” ഉപമിക്കുന്നത്. പോലീസുകാര്‍ ഭരണകൂടത്തിന്റെ ഉപകരണമായി നില്‍ക്കുമ്പോഴും അവരും ഭരണകൂടത്തിന്റെ ഇരകള്‍ ആണെന്ന നിലപാടാണ് ഷബാസി മുന്നോട്ട് വയ്ക്കുന്നത്. ”ചരിത്രം മറന്നവര്‍ക്ക് തീക്ഷ്ണമായ ഒരോര്‍മ്മപ്പെടുത്തല്‍” ആയാണ് ഏഷ്യാനെറ്റ് ന്യൂസ് നരിവേട്ടയെ കാണുന്നത്.

എല്ലാ സിനിമ നിരൂപകരും നല്ലതുമാത്രം പറഞ്ഞുപോകുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി നരിവേട്ടയെ കണ്ട ആളാണ് സിനിമ അധ്യാപകനും നിരൂപകനുമായ രൂപേഷ്‌ കുമാര്‍. അദ്ദേഹം ചെണ്ട മാസികയില്‍ എഴുതുന്നു, ”കേരളം അന്നുവരെ കാണാത്ത ഭൂമിക്ക് വേണ്ടിയുള്ള ഒരു അവകാശ സമരമായിരുന്നു മുത്തങ്ങ. മുത്തങ്ങ സമരത്തിന് ഭൂമിയുടെ അവകാശ വാദവുമായി ബന്ധപ്പെട്ട് ഒരു ചരിത്രവും ഒരു തുടര്‍ച്ചയുമുണ്ട്. അതിനെ കാണാതെ മുത്തങ്ങയെ വെറുമൊരു വെടിവെപ്പിലേക്ക് മാത്രമായി ചുരുക്കുമ്പോള്‍ ആദിവാസികളുടെ ചരിത്രപരമായ സമരങ്ങളുടെ മുന്നോട്ട് പോക്ക് തേച്ച് മായിക്കുന്നതിന് തുല്യമാണ്.” നരിവേട്ടയെ ഒരു ”വിഷ്വല്‍ ദാരിദ്ര്യം” ആയാണ് രൂപേഷ് കരുതുന്നത്. ”കേരളത്തിലെ ആദിവാസികള്‍ ലോകത്തിലെ എണ്ണം പറഞ്ഞ യൂണിവേഴ്‌സിറ്റികളില്‍ പോയി ഡോക്ടറേറ്റ് ഒക്കെ എടുക്കുന്ന വര്‍ത്തമാനപരതയിലേക്ക് പോകാതെ ആദിവാസികളെ ‘കുന്തവും കുടച്ചക്രവും’ ആയി ചിത്രീകരിക്കുകയും, നായകനെ എണ്‍പതുകളിലെ ക്രിഞ്ചിലേക്ക് പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് കാണാനാണോ ഞാന്‍ നൂറ്റന്‍പത് രൂപ കൊടുത്ത് ടിക്കറ്റ് എടുത്തത്” എന്നാണ് രൂപേഷ് ചോദിക്കുന്നത്. ആദിവാസികള്‍ക്ക് സംഗീതവും പ്രണയവും ഒന്നുമില്ല; അവര്‍ക്ക് കുന്തവും കുടച്ചക്രവും മാത്രം. രൂപേഷ് നരിവേട്ടയെ ‘ഒരു വെറുപ്പിക്കല്‍ ക്ലീഷേ’ ആയാണ് വിലയിരുത്തുന്നത്.

മലയാളം അധ്യാപകനായ യാക്കോബ് തോമസ് എഴുതുന്നു, ”എമ്പുരാന്‍ ചെയ്തവര്‍ കാണിച്ച ധീരതയുടെ ഒരു ശതമാനം പോലും നരിവേട്ട ടീം കാണിച്ചില്ല. അതിനാല്‍ കേരളത്തിലെ വലിയൊരു ഭരണകൂട വേട്ട 2003ല്‍ എവിടെയോ നടന്ന ഒരു പോലീസുകാരന്‍ ചെയ്തുകൂട്ടിയ സംഭവമായി മാറി. ആരെയോ ഭയന്ന് ചെയ്ത ഒരു പരിപാടിയായിപ്പോയി ഈ വേട്ട.”
കേവലമൊരു ഭാവനയുടെ മേല്‍ കെട്ടിപ്പൊക്കിയ സിനിമയാണ് നരിവേട്ട എങ്കില്‍ സിനിമ അതിമനോഹരമായ ഒരു സിനിമ തന്നെയാണ്. എന്നാല്‍ സിനിമ പ്രതിനിധാനം ചെയ്യുന്നത് വെറുമൊരു സാഹിത്യ ഭാവന മാത്രമല്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു കാര്യത്തില്‍ നിന്നും ഉത്തേജിതരായാണ് സിനിമ ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. തീര്‍ച്ചയായും മുത്തങ്ങയും സി.കെ. ജാനുവും ഗീതാനന്ദനും ഭരണകൂടവും പോലീസും ഭൂമിയും കുടിയേറ്റം എന്ന ഓമനപ്പേരില്‍ മറയ്ക്കപ്പെടുന്ന കയ്യേറ്റവും ഒക്കെ പശ്ചാത്തലത്തില്‍ വരുന്ന ഒരു സിനിമയില്‍ സംവിധായകന്‍ നേരിടുന്ന ചില വെല്ലുവിളികള്‍ ഉണ്ട്. ഒന്ന്, സത്യത്തോട് എത്രമാത്രം നീതി പുലര്‍ത്തണം എന്നതാണ്. മറ്റൊന്ന്, സത്യത്തോട് നീതി പുലര്‍ത്തുമ്പോള്‍ തന്നെ അതില്‍ ആരുടെ സത്യത്തിനാണ് മേല്‍ക്കൈ കൊടുക്കേണ്ടത് എന്നതാണ്. മൂന്നാമത്തേത്, രണ്ടാമത്തെ പ്രശ്‌നം പരിഹരിക്കുമ്പോള്‍ എത്രത്തോളം മറ്റുള്ളവരുടെ കഥകളെ അവരുടെ സത്യങ്ങളെ തമസ്‌കരിക്കണം എന്നതാണ്. മറ്റൊന്ന്, മുത്തങ്ങ പോലുള്ള ഒരു ചരിത്ര സംഭവത്തെ ആധാരമാക്കി ഒരു സിനിമ ചെയ്യുമ്പോള്‍ അതൊരു ഡോക്യുമെന്ററി ആയി മാറാനുള്ള സാധ്യതയെ എങ്ങനെ മറികടക്കാം എന്നതാണ്. ആദിവാസി, ഭൂമി, കരച്ചില്‍, ദൈന്യതകള്‍ക്ക് കേരളത്തില്‍ വലിയ മാര്‍ക്കറ്റ് ഇല്ല എന്ന വാണിജ്യ പ്രശ്‌നത്തെ എങ്ങനെ മറികടക്കാം എന്നതാണ്. കമ്മട്ടിപ്പാടം കണ്ട് കാര്‍ക്കിച്ചു തുപ്പി ഇറങ്ങിപ്പോയ ആളുകളുള്ള നാടാണ് കേരളം.

സിനിമയുടെ വാണിജ്യഭൂപടത്തില്‍ തന്റേതായ ഇടമുള്ള റ്റൊവിനോ തോമസിനെ പോലുള്ള ഒരു നടനെ അടിക്കും ഇടിക്കും വെടിവെപ്പിനും ആദര്‍ശത്തിനും പ്രണയത്തിനും ഇടയില്‍ ഉഴലുന്ന ഒരു ഹീറോ ആയി പ്രതിഷ്ഠിക്കുന്നതിലൂടെ സംവിധായകന്‍ സിനിമയുടെ വാണിജ്യ വിജയം ഉറപ്പിക്കുകയാണ്. നരിവേട്ടയുടെ കളക്ഷനില്‍ ഉള്ള വര്‍ധനവ് സംവിധായകന്റെ തീരുമാനം ശരിയായിരുന്നു എന്ന് സൂചിപ്പിക്കുന്നു. സിനിമ ഒരു നിമിഷം പോലും ഡോക്യുമെന്ററിയുടെ ഫോര്‍മാറ്റിലേക്ക് വീഴാതെയാണ് സംവിധായകന്‍ സിനിമയുടെ ആഖ്യാനം നടത്തിയത്. ഒരു ത്രില്ലര്‍ ആയിത്തന്നെ കാണാന്‍ കഴിയുന്ന സിനിമയാണ് ഇത്. പക്ഷെ, സിനിമയ്ക്ക് പുറകില്‍ കൃത്യമായി ഉണ്ടായിവന്ന ചരിത്രപരമായ രാഷ്ട്രീയ ആഖ്യാനങ്ങള്‍ കൂടിയുണ്ട് എന്നത് സിനിമ കൃത്യമായി പരിശോധിച്ചോ എന്നത് സംശയമാണ്.

മുത്തങ്ങ പോലൊരു സംഭവത്തെ കൃത്യമായ മുന്നൊരുക്കമോ ചരിത്ര വായനയോ ഇല്ലാതെ മുത്തങ്ങയുടെ വാണിജ്യ സാദ്ധ്യതകള്‍ മാത്രം മനസ്സില്‍ വെച്ചുകൊണ്ടൊരു സിനിമ എടുത്താല്‍ എന്ത് സംഭവിക്കുമോ അതൊക്കെ നരിവേട്ടയ്ക്കും ഉണ്ടായിട്ടുണ്ട്. ആദിവാസികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന വര്‍ഗ്ഗീസ് എന്ന സവര്‍ണ്ണ പോലീസുകാരനില്‍ തുടങ്ങുന്നു സിനിമയിലെ ആദ്യ കോമഡി. മുത്തങ്ങ സംഭവം ആദിവാസികളും ഒരു കൂട്ടം പോലീസുകാരും തമ്മിലുള്ള വഴക്കായി സിനിമ ന്യൂനീകരിച്ചു. കുറഞ്ഞ പക്ഷം സ്റ്റേറ്റും ആദിവാസികളും തമ്മിലുള്ള ചരിത്രപരമായ ഒരു പ്രശ്‌നമാണ് മുത്തങ്ങ എന്ന് പറയുന്നതിന് പോലും സിനിമ ശ്രമിച്ചില്ല എന്നതാണ് വാസ്തവം. എങ്ങനെയാണ് ആദിവാസികളുടെ ഭൂമി അന്യാധീനം ആയിപ്പോയത് എന്ന മില്യന്‍ ഡോളര്‍ ചോദ്യത്തിലേക്ക് ഒരിക്കല്‍ പോലും സിനിമ പ്രവേശിക്കുന്നില്ല. ബലപ്രയോഗത്തിലൂടെയും ചതിയിലൂടെയും പ്രലോഭനങ്ങളിലൂടെയും കള്ളപ്രമാണങ്ങളിലൂടെയും ഭരണകൂട പിന്തുണയോടെയും ഭൂപരിഷ്‌കരണത്തിലൂടെയും പലകാലത്ത് നഷ്ടപ്പെട്ട ആദിവാസി ഭൂമിയുടെ ചരിത്ര വര്‍ത്തമാനത്തിലേക്ക് കടക്കാതെ ഏകപക്ഷീയമായി മുത്തങ്ങ എന്നത് ഭരണകൂടവും ആദിവാസികളും തമ്മിലുള്ള ഏതോ വിശുദ്ധമായ ഒരു കാരാര്‍ ലംഘനം ആയി ചുരുക്കുന്നതിലൂടെ ഭൂമിയുടെ അന്യാധീനപ്പെടല്‍ എങ്ങനെ സംഭവിച്ചു, ആരാണ് ഭൂമി തട്ടിയെടുത്തവര്‍ എന്ന മുത്തങ്ങയുടെ, ആദിവാസി ഭൂസമരങ്ങളുടെ കാതല്‍ ഇല്ലാത്ത ഒരു പൂതലിച്ച മരം മാത്രമാണ് നരിവേട്ട എന്ന സിനിമ.

”അധികാരത്തിനെതിരായുള്ള മനുഷ്യരുടെ പോരാട്ടങ്ങള്‍ മറവിക്കെതിരായുള്ള ഓര്‍മ്മകളുടെ പോരാട്ടങ്ങള്‍ കൂടിയാണ്” എന്ന മിലന്‍ കുന്ദേരയുടെ വരികളില്‍ തുടങ്ങുന്ന സിനിമ അധീശവര്‍ഗ്ഗങ്ങളും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണകൂടങ്ങളും കൃത്യമായി അധികാരവും ആയുധവും സംസ്‌കാര നിര്‍മ്മിതികളും സമാസമം ചേര്‍ത്തുകൊണ്ട് അവര്‍ നടത്തുന്ന വന്യതകളുടെ വേദനിക്കുന്ന ഓര്‍മ്മകളെ ‘ആഘോഷിക്കപ്പെടുന്ന ഓര്‍മ്മകള്‍’ ആയി പരിണാമപ്പെടുത്തുന്നതിനെതിരായുള്ള പോരാട്ടമായി, അത്തരം ഓര്‍മ്മകളെ തിരിച്ചുപിടിക്കാനുള്ള പോരാട്ടമായി, നരിവേട്ട എന്ന സിനിമ മാറുന്നില്ല എന്നതാണ് സിനിമയുടെ പരാജയം. ഓര്‍മ്മകളെ ഉണര്‍ത്തുന്നില്ല എന്ന് മാത്രമല്ല അസുഖകരമായ ഓര്‍മ്മകളെ കൃത്യമായി മറയ്ക്കുന്ന അധീശവര്‍ഗ്ഗ താല്‍പ്പര്യങ്ങള്‍ക്കൊപ്പം ആണ് സിനിമ. അറിഞ്ഞോ അറിയാതെയൊ സംഭവിച്ച ഒരു തിരക്കഥാ പിഴവ് ആകാനിടയില്ല ഇത്. ”ജനാധിപത്യം എന്നാല്‍ വാഗ്ദാനം പാലിക്കല്‍” ആണ് എന്ന ക്യാപ്ഷനോട് കൂടി സിനിമ അവസാനിപ്പിക്കുന്ന സിനിമയോട് എനിക്ക് പറയാനുള്ളത് ”ബലപ്രയോഗത്തിലൂടെ തട്ടിയെടുക്കപ്പെട്ട ഭൂമികള്‍ തിരിച്ചുകൊടുക്കുന്നതും ജനാധിപത്യം തന്നെയാണ്” എന്നാണ്. ആരാണ് ഭൂമി തട്ടിയെടുത്തത് എന്ന ചോദ്യം ചോദിക്കാത്ത നരിവേട്ട എന്ന സിനിമ കലാമൂല്യമുള്ള ഒരു സിനിമ എന്ന നിലയില്‍ മികച്ച സിനിമ തന്നെയാണ്. എന്നാല്‍, മുത്തങ്ങയെ വീണ്ടും കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലത്തിലേക്ക് ഒരു നവ സംവാദ സാധ്യതയായി സിനിമ കൊണ്ട് വരുമ്പോള്‍ സിനിമ പക്ഷം പിടിക്കുന്നത് വേട്ടക്കാര്‍ക്ക് ഒപ്പമാണ് എന്നതിനാല്‍ രാഷ്ട്രീയമായി സിനിമ വട്ടപ്പൂജ്യം ആണ്.

ഏയ്ഡഡ് സ്‌കൂളുകളെയും കോളേജുകളെയും മുന്‍നിര്‍ത്തി കേരളത്തില്‍ നടന്നുവരുന്ന സംവരണ വിരുദ്ധതയെ ‘കോണ്‍വെന്റ് വിദ്യാഭ്യാസം’ എന്ന ഉമ്മാക്കി കാണിച്ച് വെളുപ്പിച്ചെടുക്കുന്ന അതേ കൗശലം തന്നെയാണ് ആദിവാസി സ്‌നേഹിതന്‍ ആയ വര്‍ഗ്ഗീസ് എന്ന നായകനിലൂടെ സിനിമ ചെയ്യുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള യൂണിവേഴ്‌സിറ്റികളില്‍ ഗവേഷണം ചെയ്യുന്ന അംബേദ്കര്‍ പറഞ്ഞ, നാരായണ ഗുരു പറഞ്ഞ, അയ്യങ്കാളി പറഞ്ഞ, പൊയ്കയില്‍ അപ്പച്ചന്‍ പറഞ്ഞ, ഫൂലെ പറഞ്ഞ ”വിദ്യകൊണ്ട് അവബോധം ഉള്ളവര്‍ ആകുക” എന്നത് അക്ഷരംപ്രതി അനുസരിക്കുന്ന വളര്‍ന്നുവരുന്ന അവര്‍ണ്ണ യുവത നരിവേട്ട കണ്ട് പുളകിതര്‍ ആകാനിടയില്ല.

ഒരു സിനിമ എന്ന നിലയില്‍ നരിവേട്ട മികച്ച സിനിമാറ്റിക് അനുഭവം തന്നെയാണ്. ഇഷ്‌കില്‍ നിന്നും അനുരാജ് ഏറെ മുന്നോട്ട് പോയിരിക്കുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങള്‍ സിനിമയ്ക്ക് ആധാരമായി സ്വീകരിക്കാനുള്ള സന്നദ്ധത തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ടോവിനോ തോമസിനെ വര്‍ഗ്ഗീസ് ആക്കി മാറ്റുന്നതില്‍ സംവിധായകന്‍ നൂറു ശതമാനവും വിജയിച്ചിട്ടുണ്ട്. ആദിവാസി നേതാവായി അഭിനയിച്ച ആര്യ സലിം, ക്ഷുഭിത ആദിവാസി യുവാവായി അഭിനയിച്ച പ്രണവ് തിയോഫൈന്‍ ഒക്കെ മികച്ച പ്രകടനമാണ് നടത്തിയത്. പോലീസ് ഓഫീസര്‍ ആയി അഭിനയിച്ച ചേരനും സുരാജ് വെഞ്ഞാറമ്മൂടും അസാമാന്യ പ്രകടനമാണ് നടത്തിയത്. പോലീസ് സംവിധാനത്തിനകത്ത് എങ്ങനെയാണ് അധികാരം പ്രയോഗിക്കപ്പെടുന്നത് എന്നറിയുന്ന ആളുകള്‍ക്ക് അറിയാം കീഴ്ജീവനക്കാര്‍ എങ്ങനെയാണ് അതിനകത്ത് ടൂളുകള്‍ ആയി മാറ്റപ്പെടുന്നത് എന്ന്. വര്‍ഗീസ് ആയി ടോവിനോ നന്നായി അഭിനയിച്ചു എങ്കിലും ആ കഥാപാത്രത്തിന്റെ വൈകാരികമായ വളര്‍ച്ച കൃത്യമായി കാണികളോട് പറഞ്ഞു ഫലിപ്പിക്കുന്നതില്‍ സിനിമ വിജയിച്ചോ എന്നത് സംശയമാണ്. സിനിമയുടെ പശ്ചാത്തല സംഗീതവും എഡിറ്റിങ്ങും ഒന്നാംതരം ആണ്. തീര്‍ച്ചയായും മലയാളി സിനിമാ ആസ്വാദകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ഒരു സിനിമ നല്‍കിയ സംവിധായകനില്‍നിന്നും മലയാളികള്‍ക്ക് കൂടുതല്‍ പ്രതീക്ഷിക്കാന്‍ കഴിയും എന്നതുറപ്പാണ്. സിനിമയുടെ പ്രകടമായ രാഷ്ട്രീയവും മറച്ചുവെക്കുന്ന രാഷ്ട്രീയവും നമ്മള്‍ പരിഗണിക്കുന്നില്ലെങ്കില്‍ നരിവേട്ട മികച്ച ഒരു സിനിമ തന്നെയാണ്. പക്ഷം പിടിക്കാനുള്ള സംവിധായകന്റെ അവകാശത്തെ അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ”ഞാന്‍ നരിവേട്ടയുടെ രാഷ്ട്രീയത്തോട് വിയോജിക്കുന്നു.”

No Comments yet!

Your Email address will not be published.