മോഹന്‍ലാലും ശോഭനയും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് അഭിനയിച്ച ‘’തുടരും’’ എന്ന സിനിമ വിജയകരമായി തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന സമയത്താണ് തമിഴകത്ത് നിന്നും ഒരു കൊച്ചു ചിത്രം മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന, അബിഷന്‍ ജീവിന്ത് സംവിധാനവും കഥയും എഴുതിയ ടൂറിസ്റ്റ് ഫാമിലി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കാലത്ത് തമിഴ് സിനിമ വ്യവസായത്തിലെ സൂപ്പര്‍ താരമായിരുന്ന സിമ്രാന്‍ തിരികെ വരുന്ന സിനിമ കൂടിയാണ് ടൂറിസ്റ്റ് ഫാമിലി. സുബ്രഹ്മണ്യംപുരം ഫെയിം എം ശശികുമാര്‍ നായകനായി അഭിനയിക്കുന്ന സിനിമ അദേഹത്തിന്റെ എല്ലാ സിനിമകളെയും പോലെ നിരവധി അടരുകളില്‍ കഥ പറയുന്നതും കാണികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നതുമായ സിനിമയാണ്. കോമഡി ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്നത് എന്ന് കരുതുന്ന സിനിമ ആഴത്തിലുള്ള വിശകലനത്തില്‍ പലായനങ്ങളുടെയും, കുടിയേറ്റങ്ങളുടെയും അവ ഉണ്ടാക്കുന്ന വേദനകളുടെയും സാമ്പത്തിക നഷ്ടങ്ങളുടെയും വൈകാരിക വേരുകളുടെ നഷ്ടപ്പെടലുകളുടെയും പുതിയ ദേശത്ത് അനുഭവിക്കുന്ന സാംസ്‌കാരിക അന്യവല്‍ക്കരണങ്ങളുടെയും അവയുമായി പൊരുത്തപ്പെടാനുള്ള മനുഷ്യരുടെ നിത്യമായ ശ്രമങ്ങളുടെയും കഥയാണ് ടൂറിസ്റ്റ് ഫാമിലി.
ജാഫ്നയില്‍ നിന്നും ഇന്ത്യയിലെ രമേശ്വരത്തേക്ക് കള്ളബോട്ടില്‍ കയറി മതിയായ യാത്രാ രേഖകള്‍ ഇല്ലാതെ വരുന്ന ശ്രീലങ്കന്‍ പൌരനായ ധര്‍മ്മദാസും അദ്ദേഹത്തിന്റെ ഭാര്യ വസന്തിയും മൂത്തമകന്‍ നിതുവും ഇളയ മകന്‍ മുള്ളിയും തമിഴ്നാട്ടിലെ ഒരുഹൌസിംഗ് കോളനിയില്‍ എത്തുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്. സിനിമയുടെ കഥയുടെ ഉള്ളിലേക്ക് ഞാന്‍ വായനക്കാരെ കൊണ്ടുപോകുന്നില്ല പകരം സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളെ വിലയിരുത്താനാണ് ശ്രമിക്കുന്നത്.
പലായനത്തേയും കുടിയേറ്റത്തെയും ഭരണകൂടങ്ങള്‍ എപ്പോഴും സംശയത്തോടെയാണ് വീക്ഷിക്കാറ്. ഭരണകൂടങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഉത്തകുന്നവരെയും അവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്നവരെയും മാത്രം സ്വാഗതം ചെയ്യുക എന്നതാണ് ലോകത്ത് എല്ലായിടത്തും കുടിയേറ്റ ജനതകളോട് ഭരണകൂടങ്ങള്‍ പുലര്‍ത്തുന്ന പൊതുനയം. പറ്റില്ലെങ്കില്‍ പാക്കിസ്ഥാനില്‍ പൊയ്ക്കോ എന്ന് പറയുന്നതും മനോരോഗമുള്ള ആളാണെങ്കിലും പാക്കിസ്ഥാന്‍ എന്ന് പറഞ്ഞാല്‍ തല്ലിക്കൊല്ലുന്നതും ദേശസ്നേഹമല്ല അത് ഭ്രാന്താണ്. അത്തരം തീവ്ര ദേശീയതാ ബോധങ്ങളും മര്‍ദിത ഭരണകൂടങ്ങളും ലോകം മുഴുവന്‍ വലതുപക്ഷ തീവ്രതയുടെ ഏറ്റവും വൃത്തികെട്ട രൂപങ്ങള്‍ നടപ്പിലാക്കുന്ന സമയത്താണ് ആധുനീക ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റങ്ങള്‍ നടക്കുന്നത് എന്നത് മറ്റൊരു വിചിത്രമായ കാര്യം. മെച്ചപ്പെട്ട തൊഴില്‍ തേടി ആളുകള്‍ കുടിയേറി പോകാറുണ്ട്. എന്നാല്‍ ധര്‍മ്മദാസും കുടുംബവും മെച്ചപ്പെട്ട ജോലി തേടി പോകുന്നു എന്നതിനപ്പുറം അവര്‍ ജീവിക്കുന്ന ഇടത്തില്‍ നിത്യജീവിതം തന്നെ അസാധ്യമാകുന്ന സാഹചര്യത്തിലാണ് മറ്റൊരു രാജ്യത്തേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നത്.
തമിഴ്നാട്ടിലെ ഒരു നഗരത്തില്‍ താമസമുറപ്പിക്കുന്ന ധര്‍മ്മദാസും കുടുംബവും ഭരണകൂടത്തിന്റെ റഡാറില്‍ നിന്നും രക്ഷപ്പെടുന്നതിനായി അവര്‍ക്ക് വേണ്ട രേഖകള്‍ തയ്യാറാക്കുന്നു. നഗരത്തില്‍ ജോലി നേടുന്നു. ജീവിതം ഒരു പുതിയ താളത്തിലേക്ക് ലയിക്കുന്നു. രൂപം കൊണ്ടോ നിറം കൊണ്ടോ ഒരു ശ്രീലങ്കന്‍ പൌരനെ തമിഴ്നാട്ടില്‍ തിരിച്ചറിയുക അത്ര എളുപ്പമല്ല. എന്നാല്‍ ഭാഷാവ്യതിയാനം ഒരാളെ ഒറ്റുമെന്ന് ഉറപ്പാണല്ലോ. നമ്മുടെ ജനിതകമൊന്നും അല്ല നമ്മുടെ ജാതി ബോധത്തിന്റെ, മത ബോധത്തിന്റെ ദേശിയ ബോധത്തിന്റെ അടിത്തറ. മറിച്ച് നമ്മുടെ ഭാഷ, വസ്ത്രം, ഭക്ഷണം, ആചാരങ്ങള്‍ ആഘോഷങ്ങള്‍, ജീവിത വീക്ഷണംഒക്കെയാണ് നമ്മളെ പലതും ആക്കുന്നത്. അല്ലാതെ വിശുദ്ധ ആര്യന്‍ രക്തമോ ഒന്നുമല്ല എന്നാണ് സിനിമ നിശ്ബ്ദമായ പറയാന്‍ ശ്രമിക്കുന്നത്.
എല്ലാവര്‍ക്കും എന്തോ മറയ്ക്കാനും ഒളിപ്പിക്കാനും ഉണ്ടെന്ന സംശയം തോന്നുന്ന തരത്തിലുള്ള ആളുകള്‍ ജീവിക്കുന്ന ഒരു ഹൌസിംഗ് കോളനിയില്‍ ആണ് ധര്‍മ്മദാസും കുടുംബവും താമസിക്കുന്നത്. പരസ്പരബന്ധം ഒട്ടുമില്ലാതെ അവനവന്‍ ലോകവുമായി ജീവിക്കുന്ന മനുഷ്യരുടെ ഒറ്റയാന്‍ കൂട്ടങ്ങള്‍. ധര്‍മ്മദാസും കുടുംബവും അവരെ ഒന്നിപ്പിക്കുകയാണ്. പങ്കുവയ്ക്കലും പരസ്പര സ്നേഹവുമാണ് നമ്മുടെ ജീവിതങ്ങള്‍ക്ക് അര്‍ത്ഥം നല്‍കുന്നതെന്ന വലിയ സന്ദേശമാണ് സിനിമ കാണികളിലേക്ക് പകര്‍ത്തുന്നത്. ഭരണകൂടം അതിന്റെ അതിര്‍ത്തികള്‍ കൊണ്ട് വേര്‍തിരിക്കുന്ന മനുഷ്യര്‍ക്കും സ്നേഹം കൊണ്ടും സഹകരണം കൊണ്ടും ഒന്നിക്കാംഎന്ന മനോഹരമായ ആശയമാണ് സിനിമ മുന്നോട്ട് വയ്ക്കുന്ന ഫീല്‍ ഗുഡ് രാഷ്ട്രീയം. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായആളുകള്‍ക്കും സ്വഭിമാനത്തോടെ ജീവിക്കാനുള്ള സാമ്പത്തിക സാഹചര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ധാര്‍മ്മിക ബാധ്യത എല്ലാഭരണകൂടങ്ങള്‍ക്കും ഉണ്ടെന്ന ഉറച്ചുപറയല്‍ കൂടിയാണീ സിനിമ. കര്‍ഷകര്‍ക്കെതിരെ ആയുധമെടുക്കുന്ന ഭരണകൂടങ്ങള്‍, തൊഴിലാളി സൌഹൃദ നിയമങ്ങള്‍ ഇല്ലാതാക്കി അവരെ താല്‍ക്കാലിക തൊഴിലിടങ്ങളില്‍ കൊല്ലാക്കൊല ചെയ്യുന്ന ഭരണകൂടങ്ങള്‍. കുത്തക മുതലാളിമാരുടെ പാദസേവ ചെയ്യുന്ന ഭരണകൂടങ്ങള്‍ ജനാധിപത്യത്തിന് കളങ്കങ്ങള്‍ ആണെന്നാണ് സിനിമ പറയാതെ പറയുന്നത്.
എവിടെയെല്ലാമാണോ ആളുകള്‍ സങ്കടവും കഷ്ടതയും വേദനയും ഉള്ളവരായി ജീവിക്കുന്നത് അവര്‍ തോളോട് തോള്‍ ചേര്‍ന്ന്‍ കൈപിടിച്ച് നില്‍ക്കുന്നതാണ് രാജ്യങ്ങളുടെ അതിര്‍ത്തികളെയും അതിലംഘിക്കുന്ന മാനവികത എന്ന് പാടിയ കവിയുടെ ആശയത്തെ ധര്‍മ്മദാസും അയല്‍ക്കാരും ചേര്‍ന്ന് പുനര്‍ സൃഷ്ടിക്കുകയാണ് ടൂറിസ്റ്റ് ഫാമിലിയില്‍. യാതൊരു വിധ യാത്രാ രേഖകളും ഇല്ലാതെ മറ്റൊരു രാജ്യത്തേക്ക് ഒളിച്ചുവരുന്ന ആളുകളെ കാത്തിരിക്കുന്നത് ഭരണകൂടങ്ങളുടെ ചോദ്യം ചെയ്യലുകളും മര്‍ദ്ദനവും ജയില്‍വാസവും ആണെങ്കിലും സംവിധായകന്‍ തന്റെ സിനിമയ്ക്കിട്ട പേര്‍ ടൂറിസ്റ്റ് ഫാമിലി എന്നാണ്. നമ്മള്‍ കണ്ടിട്ടില്ലാത്ത ദേശങ്ങളിലേക്ക് കണ്ണും കാതും തുറന്നുകൊണ്ട് സഞ്ചരിക്കുന്ന ടൂറിസ്റ്റുകള്‍ ഏതനുഭവവും നേരിടാന്‍ മനസ്സുകൊണ്ട് തയ്യാറായാണ് ഓരോ യാത്രയും പുറപ്പെടുന്നത്. അവിശ്വാസികളായ ഒരു കൂട്ടം സുഹൃത്തുക്കള്‍ കുംഭമേളയ്ക്ക് കേരളത്തില്‍ നിന്നും ഒരു ബസ്സ് വാടകയ്ക്ക് എടുത്ത് ഇത്തവണ പോയത് കൂട്ടത്തില്‍ പാചകക്കാരനെയും പാത്രങ്ങളെയും ഗ്യാസിനെയും കൂട്ടിയാണ്. വിശ്വാസികള്‍ അല്ലെങ്കിലും എന്തെങ്കിലുമൊക്കെ കാണാമെന്ന വിശ്വാസത്തില്‍ തന്നെയാണ് അവരും കുംഭമേളയ്ക്ക് പോയത്. ഇന്നത്തെക്കാള്‍ മെച്ചപ്പെട്ട നല്ലൊരു നാളെ വരുമെന്ന ശുഭവിശ്വാസത്തിന്മേല്‍ ആണ് വിശ്വാസിയും അവിശ്വാസിയും അവരുടെ ജീവിതം പടുത്തുയര്‍ത്തുന്നത്. നല്ല നാളെയെന്ന വിശ്വാസത്തിലാണ് ധര്‍മ്മദാസും കുടുംബവും ജന്മദേശം കടല്‍ കടന്ന് അപരിചിതമായ ഒരുരാജ്യത്തിലേക്ക് സ്വയം തങ്ങളെ പറിച്ചു നടുന്നത്.
തമിഴ്നാടിന്റെ ഭാഷാ സ്നേഹത്തെ ഏറ്റവും മൃദുവായ എന്നാല്‍ ഏറ്റവും ശക്തമായി സിനിമ മുന്നോട്ട് വയ്ക്കുന്നു എന്നതാണ് ടൂറിസ്റ്റ് ഫാമിലിയുടെ കഥയ്ക്കുള്ളിലെ ഒരു രാഷ്ട്രീയ ഭൂമിക. ഭാഷ ഒരു ആശയവിനിമയ മാധ്യമം മാത്രമാണ്. അത് ഒരാളെ സമ്പൂര്‍ണ്ണമായിഅടയാളപ്പെടുത്തുന്ന, നിര്‍വചിക്കുന്ന, അയാളുടെ ഒരേയൊരു സ്വത്വം അല്ലെന്ന് സിനിമ ഉറപ്പിച്ചു പറയുമ്പോള്‍ അത് തമിഴ് മാത്രംഎഴുതി ഒരു ദേശത്തെ തന്നെ അതിന് പുറത്തുള്ളവര്‍ക്ക് അന്യമാക്കുന്ന വൃത്തികേടിനെ കൂടി സിനിമ പരോക്ഷമായി ചോദ്യം ചെയ്യുന്നു.
സിനിമയിലെ ഓരോ വ്യക്തിക്കും അയാള്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്ന സ്വത്വത്തിന് പുറകില്‍ മാസ്കില്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള മറ്റൊരു വ്യക്തിത്വം ഉണ്ട്. അതവരുടെ ജാതി ആകാം, ഭാഷ ആകാം, സംസ്കാരം ആകാം, ദേശം ആകാം, ബന്ധങ്ങളുടെവേരുകള്‍ ആകാം. ആളുകളുടെ സ്വകാര്യതയിലേക്ക് നമ്മള്‍ കടക്കാന്‍ പാടില്ല. ഓരോരുത്തരും നമുക്ക് അനുവദിച്ചു തരുന്നത്ര മാത്രം അവരുടെ ജീവിതത്തിലേക്ക് നമ്മള്‍ പ്രവേശിക്കുക എന്ന സമ്മതത്തിന്റെ (Consent) സാംസ്‌കാരിക രാഷ്ട്രീയവും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. വസന്തിയും ധര്‍മ്മദാസുമായി സിമ്രാനും ശശികുമാറും ജീവിക്കുകയായിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല. ആവേശം സിനിമയിലൂടെ മലയാളികളുടെ മനംകവര്‍ന്ന മിഥുന്‍ ജയശങ്കര്‍ മികച്ച പ്രകടനത്തിലൂടെ ധര്‍മ്മദാസിന്റെ മകനായി കാണികളുടെ ഹൃദയം കവരുന്നു. ഇളയ മകന്‍ മുള്ളി ആയി അഭിനയിക്കുന്ന കമലേഷ് ആരുടെയും പ്രീതി പറ്റുന്ന കൊച്ചു മിടുക്കനായി തകര്‍ത്തഭിനയിച്ചു. യോഗി ബാബു സൌത്ത് ഇന്ത്യന്‍ സിനിമയില്‍ തനിക്ക് പകരക്കാരന്‍ ഇനിയും ജനിക്കേണ്ടി ഇരിക്കുന്നു എന്ന് ഒന്ന് കൂടി തെളിയിച്ചു. ഇളങ്കോ കുമരവേല്‍, ശ്രീജ രവി, എം എസ് ഭാസ്കര്‍ ഒക്കെ തങ്ങളുടെ വേഷങ്ങള്‍ ഉജ്വലമാക്കി. ഇളങ്കോയും ശ്രീജ രവിയും ബന്ധങ്ങളുടെ സൂക്ഷമമായ ചലനങ്ങള്‍ അനായാസമായി കാണികളുടെ ഹൃദയത്തില്‍ അനുഭവിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല.സംവിധായകനും മികച്ച ഒരു വേഷം ഇതില്‍ ചെയ്തിട്ടുണ്ട്. സിനിമയിലെ മറ്റൊരു മുഖ്യ കഥാപാത്രം കൈകാര്യം ചെയ്തത് രമേഷ് തിലക് ആണ് (സൂദു കാവും, നേരം സിനിമകള്‍). സിനിമ കഴിയുമ്പോള്‍ കാണികള്‍ അവരുടെ ഹൃദയത്തിലേറ്റി തിരികെ പോകുന്ന കഥാപാത്രങ്ങളില്‍ ഒന്ന് രമേഷ് തിലകിന്റെ കഥാപാത്രം ആയിരിക്കും. ഇന്‍സ്പെക്ടര്‍ ആയി അഭിനയിച്ച ഭഗവതി പെരുമാളും മികച്ച അഭിനയമാണ് കാഴ്ച്ച വച്ചത്. ആവേശത്തില്‍ നിന്നും ടൂറിസ്റ്റ് ഫാമിലിയിലേക്കുള്ള മിഥുന്‍ ജയശങ്കറിന്റെ വേഷപ്പകര്‍ച്ച റിവ്യൂക്കാരുടെ ഭാഷ കടം കൊണ്ടാല്‍ ‘’Amazing” എന്നെ പറയാന്‍ കഴിയൂ.
തമാശയുടെ അകമ്പടിയില്‍ ആഴത്തിലുള്ള രാഷ്ട്രീയം അത് ബന്ധങ്ങളുടെ കാര്യത്തില്‍ ആണെങ്കിലും കുടിയേറ്റത്തിന്റെ കാര്യത്തില്‍ ആണെങ്കിലും ചങ്ങാത്ത മുതലാളിത്തത്തിന്റെ കാര്യത്തില്‍ ആണെങ്കിലും നല്ല വ്യക്തതയോടെ പറയുന്ന ടൂറിസ്റ്റ് ഫാമിലി തീയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണ്. ശശികുമാര്‍ തമിഴിലെ ഒരു മിനിമം ഗാരണ്ടി നടന്‍ ആണെന്നത് സിനിമയുടെ ബോക്സ് ഓഫീസ് വിജയം ഒന്നുകൂടി തെളിയിക്കുന്നു. വലിയ ചിത്രങ്ങളുടെ ബഹളത്തില്‍ കാണികള്‍ കാണാതെ പോകാന്‍ സാധ്യതയുള്ള മികച്ചൊരു ചിത്രം തന്നെയാണ് ടൂറിസ്റ്റ് ഫാമിലി. സിനിമ സംവിധാനം ചെയ്ത അബിഷന്‍ ജീവിന്തിന് അഭിനന്ദനവും എല്ലാ ഭാവി വിജയങ്ങളും നേരുന്നു. ഒരു മനുഷ്യനായി ജീവിക്കുന്നതിന്റെ സുഖം കാണികളുടെ ഹൃദയത്തിലേക്ക് പകര്‍ന്നു കൊടുക്കാന്‍ ടൂറിസ്റ്റ് ഫാമിലി ടീമിന് കഴിഞ്ഞിട്ടുണ്ട്. നല്ല സിനിമകള്‍ എപ്പോഴും നമ്മളെ പുതുക്കിപ്പണിയും. ടൂറിസ്റ്റ് ഫാമിലി അത്തരമൊരു നല്ല സിനിമ ആണ്.
*******
No Comments yet!