2023 ല്‍ പുറത്തിറങ്ങിയ, ആമിര്‍ ഖാന് നിർമ്മിക്കുകയും , കിരൺ റാവു സംവിധാനം ചെയ്യുകയും ചെയ്ത “ലാപതാ ലേഡീസ് ” ഇന്ത്യൻ സിനിമയുടെ ചരിത്രത്തില്‍ എക്കാലവും ഓർത്തുവയ്ക്കുവാൻ സാധിക്കുന്ന ഒരു ചലച്ചിത്രമാണ്. കഥ പറച്ചിലിന്റെ ലാളിത്യം കൊണ്ടും, ഗൌരവതരങ്ങളായ വിഷയങ്ങള്‍ എല്ലാത്തരം കാണികള്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ ഏറ്റവും ഋജുവായും സൈദ്ധാന്തിക ഭാരമില്ലാതെ പറയാനും സംവിധായകക്ക് കഴിഞ്ഞു എന്നതാണ് സിനിമയുടെ വിജയത്തിന് കാരണമായ മുഖ്യഘടകം. ലളിതമായ ഒരു കഥാതന്തുവിനെ മനോഹരമായി രണ്ടുമണിക്കൂർ നേരം യാതൊരു വിധത്തിലുള്ള വിരസതയും, മുഴച്ചു നിൽക്കലുകളും ഇല്ലാതെ കൊണ്ടുപോവുക എന്നത് ശ്രമകരമായ കാര്യം തന്നെയാണ്. സിനിമ പറയുന്ന രാഷ്ട്രീയം കാണികളെ അസ്വസ്ഥതപ്പെടുത്താത്ത വിധത്തിലാണ് സംവിധായക സിനിമ ഒരുക്കിയിട്ടുള്ളത്. സിനിമയിലെ തമാശകൾ കഥ പറച്ചിലിനെ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ തന്നെ സിനിമയുടെ രാഷ്ട്രീയത്തെയും അനാവരണം ചെയ്യുന്നു. പുരുഷാധിപത്യത്തിന്റെ അധികാര വ്യവസ്ഥയ്ക്കുള്ളില്‍ അസ്വാതന്ത്ര്യവും അധികാരമില്ലയ്മയും വിഭവപങ്കാളിത്തമില്ലായ്മയും അനുഭവിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ ജീവിതങ്ങളെ അവര്‍ ധരിക്കുന്ന മൂടുപടത്തെ മുഖ്യ കഥാപാത്രമാക്കി നിര്‍ത്തിക്കൊണ്ടാണ് ആണ് സംവിധായക കാണികളോട് സംവദിക്കുന്നത്. മൂടുപടങ്ങൾക്കുള്ളിൽ ജീവിക്കേണ്ടിവരുന്ന സ്ത്രീകളുടെ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടിയുള്ള ഒടുങ്ങാത്ത പോരാട്ടങ്ങളുടെയും, മൂടുപടത്തിനുള്ളിൽ സ്വപ്നങ്ങൾ എല്ലാം ഒളിപ്പിച്ചു വയ്ക്കേണ്ടി വരുന്നതിന്റെയും, വിവാഹശേഷം തന്റെ ഇഷ്ടങ്ങളെല്ലാം മാറ്റിവെച്ച് ഭർത്താവിന് വേണ്ടി ജീവിക്കേണ്ടിവരുന്ന സ്ത്രീകളുടെ ദൈന്യതകളെ സിനിമ പ്രശ്നവല്‍ക്കരിക്കുന്നു.
വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. വിവാഹശേഷം ട്രെയിനിൽ അവരുടെ ഭർത്താക്കന്മാർക്കൊപ്പം ഭര്‍തൃ വീട്ടിലേക്ക് നവവധുക്കള്‍ ആയ ജയയും ഫൂലും പോകുന്നതാണ് കഥയുടെ ആരംഭം. സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഫൂലിന്റെഭർത്താവായ ദീപക് തന്റെ ഭാര്യയ്ക്ക് പകരം ജയയെയാണ് വലിച്ചിറക്കുന്നത്. ഫൂൽ ആകട്ടെ ഇതറിയാതെ മുന്നോട്ട് പോകുകയും മറ്റൊരു സ്റ്റേഷനിൽ ഒറ്റപ്പെട്ടു പോകുകയും ചെയ്യുന്നു. മൂടുപടത്താൽ മുഖം മറച്ചിരുന്നത് കൊണ്ട് വീട്ടിലെത്തിയ ശേഷമാണ് ദീപക് ആളു മാറിപ്പോയ കാര്യം അറിയുന്നത്. ഇതറിഞ്ഞ വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തിയിൽ ആകുന്നുണ്ടെങ്കിലും, വിദ്യാഭ്യാസവും ലോകപരിചയവും ഉള്ള ജയ പതിയെ പതിയെ ദീപക്കിനേയും അയാളുടെ മാതാപിതാക്കളേയും അവളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി തന്നോട് അനുഭവമുള്ളവര്‍ ആക്കിമാറ്റുന്നു. താന്‍ ഇറങ്ങിപ്പോകുന്നത് തന്റെ ഭര്‍ത്താവിനൊപ്പം അല്ലെന്ന് ജയക്ക് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു. ദീപക്കിനോപ്പം ഇറങ്ങിപ്പോകുക എന്നത് ജയയുടെ ബോധപൂര്‍വ്വമുള്ള തിരഞ്ഞെടുപ്പ് ആയിരുന്നു. അവള് ചെയ്യുന്ന കാര്യങ്ങളുടെ വരും വരായ്കകള്‍ അറിഞ്ഞുകൊണ്ടും, അവയെ എങ്ങനെ നേരിടണമെന്ന് കൃത്യമായി ആസൂത്രണം ചെയ്തുമാണ് അവള് ദീപക്കിനോപ്പം പോകുക എന്ന തീരുമാനത്തില്‍ എത്തുന്നത്. അവളുടെ മൂടുപടം തന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ഒരു അവസരമാക്കി മാറ്റാന്‍ ജയക്ക് കഴിയുന്നു എന്നത് വിദ്യാഭ്യാസവും സാമൂഹ്യബോധവും ഉണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് പുരുഷാധിപത്യത്തിന്റെ ചങ്ങലകളെ തകര്‍ക്കാം എന്നതിലേക്കുള്ള ഒരു വായനയുടെ സാധ്യത സിനിമ മുന്നോട്ട് വയ്ക്കുന്നു. പുരുഷാധിപത്യസമൂഹത്തെ പേടിച്ചുകൊണ്ട് ഒതുങ്ങിക്കൂടാന്‍ അല്ല ജയ ശ്രമിക്കുന്നത് മറിച്ച് പുരുഷ നിയന്ത്രിത സ്ത്രീ ജീവിതത്തെ നിഷേധിക്കാനും തന്റെ ജീവിതം എങ്ങനെ ആയിരിക്കണമെന്ന് സ്വയം രൂപകല്‍പ്പന ചെയ്യുകയുമാണ് ജയ ചെയ്യുന്നത്. മറ്റൊരുറെയില്വേ സ്റ്റേഷനില്‍ എത്തിപ്പെടുന്ന ഫൂല് ആകട്ടെ തന്റെ നിരക്ഷരത്വം കൊണ്ടും സാമൂഹ്യപരിചയം ഇല്ലായ്മ കൊണ്ടും നിസ്സഹായ ആയിപ്പോകുന്നതാണ് നമ്മള് കാണുന്നത്. എന്നാല്‍ നിലവില്‍ മുഖ്യധാരാ സിനിമകള്‍ മുന്നോട്ട് വയ്ക്കുന്ന ‘’തെരുവില്‍ താമസിക്കുന്ന കള്ളന്മാരും ഗുണ്ടകളും പിമ്പുകളും ‘’ എന്ന വാര്‍പ്പ് മാതൃകയെ തകര്‍ക്കാനും സമൂഹത്തിലെ പുറമ്പോക്കില്‍ താമസിക്കുന്ന ആളുകള്‍ക്കും ധാര്‍മ്മികതയും മാനവികതയും ഒട്ടും കുറയാത്ത ജീവിതവും നിലപാടുകളും ഉണ്ടെന്ന് പറയുകയും അത്തരം ആളുകളുടെ സംരക്ഷണത്തിലേക്ക് ഫൂലിനെ കൊണ്ടുവരുവാന്‍ ആണ് സംവിധായക ശ്രമിക്കുന്നത്.
ഈ സിനിമയിൽ കാണികളെ ഏറ്റവും അധികം ആകർഷിക്കുന്നത് ഫൂൽ എത്തിപ്പെടുന്ന റെയിൽവേ സ്റ്റേഷനിൽ ചായക്കട നടത്തുന്ന മഞ്ജു മായിയെന്ന എന്ന ഉന്തുവണ്ടിക്കാരിയാണ്. റെയിൽവേ സ്റ്റേഷനിൽ ഭക്ഷണം ഉണ്ടാക്കി ഉന്തുവണ്ടിയില്‍ വിൽക്കുന്ന അവർ ഒരു സ്ത്രീ എന്ന നിലയിലും ഒരു മനുഷ്യന് എന്ന നിലയിലും ഉപാധിരഹിതമായ വ്യക്തി സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നവര്‍ ആണ്. എന്റെ ചിലവില്‍ കഴിഞ്ഞ ഭര്‍ത്താവിനെയും മകനെയും അടിച്ചു പുറത്താക്കി എനിക്ക് സമാധാനമായി സ്വഭിമാനത്തോടെ കഴിയാനുള്ള ഒരിടം ഞാനുണ്ടാക്കി എന്ന് ഫൂലിനോട് അവര്‍ പറയുമ്പോള്‍ അത് ഇന്ത്യന്‍ സ്ത്രീ ജീവിതങ്ങള്‍ ഇനിയും നടന്നെത്തേണ്ട ഒരു ലോകത്തെയാണ് സംവിധായക വരച്ചുവയ്ക്കുന്നത്. പുരുഷന്മാരെ കുറിച്ച് മഞ്ജു മായി പറയുന്നത് “സ്ത്രീകൾക്കു കൃഷി ചെയ്യാനും അറിയാം, കൃഷി ചെയ്ത് ഉണ്ടാക്കിയത് പാകം ചെയ്തു കഴിക്കാനും അറിയാം. കുട്ടികളെ പ്രസവിക്കാനും അറിയാം, അവരെ വളർത്താനും അറിയാം. യഥാർത്ഥത്തിൽ സ്ത്രീക്ക് ജീവിക്കാൻ പുരുഷന്റെ ആവശ്യമേ ഇല്ല .”എന്നാണ്. ലോകം മുഴുവന്‍ തന്റെ തലയ്ക്ക് ചുറ്റുമാണ് കറങ്ങുന്നത് എന്ന് കരുതുന്ന പുരുഷന്മാരുടെ വിവരക്കേടിനെ ആണ് മഞ്ജു മായി വെളിപ്പെടുത്തുന്നത്.
എപ്പോഴും മൂടുപടം ഇടുകയും ഭര്‍ത്താവിന്റെ പേര് ഒരിക്കല്‍പ്പോലും മറ്റുള്ളവരുടെ മുന്പില് ഉച്ചരിക്കാതെ ജീവിക്കുകയും ഭര്‍ത്താവിന്റെ സന്തോഷത്തിനായി സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും ത്യജിക്കുകയും ചെയ്യുന്നതാണ് നല്ല ഭാര്യയെന്ന സങ്കല്‍പ്പം യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സതി അനുഷ്ഠിക്കേണ്ട ഗതികേടിലാണ് സ്ത്രീകളെ എത്തിക്കുന്നത് എന്നാണ് സിനിമ നമ്മോട് പറയുന്നത്. വിദ്യാഭ്യാസം നേടേണ്ടതിന്റെയും തൊഴില്‍ നേടേണ്ടതിന്റെയും സ്വാതന്ത്ര്യത്തോടെ സ്വഭിമാനത്തോടെ ജീവിക്കേണ്ടതിന്റെയും ആവശ്യകതയെ ഫൂല് തിരിച്ചറിയുന്നത് നിരക്ഷരയായ മഞ്ജു മായിയുടെ ജീവിതാവബോധത്തില്‍ നിന്നാണ്. പുരുഷന്റെ തണലില്‍ അവന്റെ അടിമയായി ജീവിതം കളയേണ്ടവര്‍ അല്ല സ്ത്രീകള്‍ എന്ന വലിയ പാഠമാണ് മഞ്ജു മായി ഫൂലിനു നല്‍കുന്നത്. ദീപക്കിനെ ഓര്‍ത്ത് കരയുകയല്ല വേണ്ടത്, നേരാംവണ്ണം നിന്നെ പരിഗണിക്കാത്ത ദീപക്ക് എന്നെങ്കിലും വന്നാല്‍ അവനെ തിരസ്കരിക്കുകയാണ് വേണ്ടതെന്ന് മഞ്ജു മായി ഫൂലിനോട് പറയുന്നത് പകുതി തമാശ ആയിട്ടാണെങ്കിലും അതില്‍ ഒളിച്ചു വെച്ചിട്ടുള്ള ആത്മാഭിമാനത്തിന്റെ, തനിക്കായുള്ള ഒരിടം അവനവന് തന്നെ കണ്ടെത്തണം എന്ന രാഷ്ട്രീയ പാഠം നമുക്ക് വായിച്ചെടുക്കാന്‍ കഴിയണം.
ജയ അവളുടെ ലക്ഷ്യത്തിലേക്കും ഫൂല് സ്വഭര്‍ത്താവിന്റെ അരികിലും എത്തിച്ചേരുന്നു. സിനിമയുടെ അവസാനത്തോട് അടുക്കുമ്പോൾ, അതുവരെ തന്റെ ഭർത്താവിന്റെ പേര് ഓർമിച്ചെടുക്കുവാൻ പോലും സാധിക്കാതിരുന്ന ഫൂൽ, “ദീപക്” എന്ന് വിളിച്ചുകൊണ്ട് ആള്‍ക്കൂട്ടത്തിന് നടുവിലൂടെ ഓടിവരുന്നത്, ഒരു തെരുവ് കച്ചവടക്കാരിയായ മഞ്ജുമായി ആര്‍ജ്ജിച്ച രാഷ്ട്രീയ ബോധത്തിന്റെയും അവരുടെ ജീവിത തത്വശാസ്ത്രത്തിന്റെയും ഗുണഭോക്താവ് ആവാന്‍ ഫൂലിന് കഴിഞ്ഞു എന്നത് സൂചിപ്പിക്കുന്നത് ഫെമിനിസത്തിന്റെ സൈദ്ധാന്തിക പരിസരങ്ങളുടെ ബാലപാഠങ്ങള്‍ പോലും അറിയാതെ മനുഷ്യര്‍ക്ക് മറ്റൊരു ജീവിതത്തിലേക്ക് മാറാന്‍ കഴിയും എന്നാണ്.
ജയ എന്ന കഥാപാത്രമായി പ്രതിഭ രന്തയും, ഫൂലായി നിതാൻഷി ഗോയലും ദീപക്കിന്റെ വേഷത്തിൽ സ്പർശ് ശ്രീവാസ്തവും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.തുടക്കത്തിൽ അത്ര പ്രാധാന്യമില്ലെന്ന് തോന്നുന്ന പല കഥാപാത്രങ്ങളിലൂടെയും ആണ് സംവിധായക സിനിമയുടെ ഗതി തന്നെ മാറ്റിമറിക്കുന്നത് എന്നത് സിനിമയുടെ മറ്റൊരു ആഖ്യാന മറ്റൊരു പ്രത്യേകതയാണ് . അക്കാര്യത്തിൽ “ശ്യാം മനോഹർ” എന്ന രവി കിഷന്റെ പോലീസ് കഥാപാത്രം പ്രത്യേക പരാമർശം അർഹിക്കുന്നു. സിനിമയുടെ എഡിറ്റിങ്ങും പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതാണ്. അർജിത് സിംഗ് പാടിയ ചിത്രത്തിലെ “സജിനി” എന്ന പാട്ട് പലയിടത്തും ഉപയോഗിച്ചിരിക്കുന്നത് ഒരു ആവർത്തനവിരസതയായി കാണികള്‍ക്ക് തോന്നുകയില്ല, മറിച്ച് സാഹചര്യത്തിനനുസരിച്ച് സിനിമയുടെ ഗതിയെ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു നൂതന കഥ പറച്ചില് രീതിയായി മാത്രമേ നമുക്ക് തോന്നു. ഒറ്റയ്ക്കോ, അത്രമേൽ പ്രിയപ്പെട്ടവർക്ക് ഒപ്പമോ ഈ സിനിമ കാണുമ്പോഴാണ് അതിന്റെ ശരിയായ ആസ്വാദനമൂല്യം തിരിച്ചറിയാൻ സാധിക്കുക. മൂടുപടങ്ങളെ വലിച്ചെറിയാനും സ്വാതന്ത്ര്യത്തിന്റെ ഒരു പുതുലോകം നേടിയെടുക്കാനും സ്ത്രീകള്‍ പുനര്‍ജന്മങ്ങള്‍ക്കായി കാത്തിരിക്കരുത് എന്ന് സിനിമ കാണികളോട് ഉറക്കെപ്പറയുന്നു.
*****
Nice Review
Detailed each and every aspect in a systematic way