Skip to main content

സംശയം – പുരോഗമന കേരളത്തിന് അപ്പുറമുള്ള ഡോക്യുമെന്റേഷന്‍

‘സംശയം’ എന്ന സിനിമ കണ്ടപ്പോള്‍ അതില്‍ ഏറ്റവും രസകരമായി തോന്നിയിട്ടുള്ള കഥാപാത്രങ്ങളില്‍ ഒന്ന് പ്രിയംവദ കൃഷ്ണന്‍ എന്ന നടി അവതരിപ്പിച്ച ഫൈസ എന്ന മുസ്ലീം സ്ത്രീയുടെ കഥാപാത്രമാണ്. കേരളത്തിന്റെ പോസ്റ്റ് കോവിഡ് കാലത്തെ മാറുന്ന തൊഴില്‍ മുഖത്തിന്റെയും ജീവിതത്തിന്റെയും ഒരു ഡോക്യുമെന്റെഷന്‍ കൂടെ ആയി ഫൈസ എന്ന കഥാപാത്രം മാറുന്നുണ്ട്. പോസ്റ്റ് ഡിജിറ്റല്‍ പോസ്റ്റ് സോഷ്യല്‍ മീഡിയ കാലത്ത് രൂപപ്പെട്ടു വരുന്ന മുസ്ലിം സ്ത്രീ യുവതയുടെ വേറിട്ട റെപ്രസെന്റേഷന്‍ ആയി ഫൈസ വരുമ്പോള്‍ കേരളം/കേരള പുരോഗമനം അടക്കമുള്ളവര്‍ ‘പതിനാറാം നൂറ്റാണ്ടിലേക്ക്’ തള്ളിമാറ്റി സ്ഥിരം ആര്‍കിടൈപ്പ് സൃഷ്ടിക്കുന്ന പരിപാടിയെ മൈന്‍ഡ് ചെയ്യാതെ പോലും അത്രക്കും മോഡേണ്‍ ആയ ഒരു സ്‌പെസിലൂടെ ആണ് ഫൈസ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. രസമാണ് ആ ജീവിതം. ഒരു ഫ്ളാറ്റില്‍ ജീവിക്കുന്ന ഫൈസ ഒരു യു.എസ് കമ്പനിയില്‍ ജോലി ചെയ്തുകൊണ്ട് ആണ് സ്ട്രഗിള്‍ ചെയ്യുന്ന പാര്‍ട്ണറെ അടക്കം അവര്‍ സപ്പോര്‍ട്ട് ചെയ്തു മുന്നോട്ടുപോകുകയാണ്. മുസ്ലിം സ്ത്രീയുടെ വേഷം എന്നൊക്കെ വെച്ച് താളംവിടുന്ന കേരള പുരോഗമനം ഇതൊക്കെ ഒന്ന് കാണണം എന്നാണു പറയാന്‍ കഴിയുക. അവരെ ആദ്യമായി അവതരിപ്പിക്കുന്ന സീനില്‍ പോലും തന്നോട് സംസാരിക്കുകയും സെല്‍ഫി ചോദിക്കുകയും ചോദിക്കുന്ന മനുഷ്യന്‍ ഒരു ബോറന്‍ ആണെന്ന് മനസ്സിലായപ്പോള്‍ പോലും ‘ആ എന്തെങ്കിലും ആവട്ട്’ എന്നൊക്കെ പറഞ്ഞു ആ തനി ‘കേരളീയത’യെ വിട്ടുകളഞ്ഞ് തന്റെ ജോലിയെപ്പറ്റി ആകുലതപെടുകയാണ്. വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത, മുസ്ലിം സ്ത്രീ എന്ന മലയാളി ‘മേക്കിങ്’നു പുറത്ത് രസകരമായി കേരളം എന്ന ജ്യോഗ്രഫിക്കല്‍ സ്പേസിന് പുറത്ത് വിര്‍ച്വല്‍ വേള്‍ഡില്‍ അമേരിക്കന്‍ ടൈമിങ്ങിലും കമ്പനിയിലും ജോലിചെയ്തുകൊണ്ട് ഇവിടത്തെ സ്റ്റിഗ്മാറ്റിക് അവസ്ഥയില്‍നിന്നും വേറിട്ട് നില്‍ക്കുന്ന ഒരേ ഒരു മനോഹരമായ കഥാപാത്രം കൂടെ ആണ് ഫൈസ. അതുപോലെ മലയാള സിനിമ കാലാകാലങ്ങളായി ചിത്രീകരിച്ച് വെച്ചിരിക്കുന്ന മുസ്ലിം ചിഹ്നങ്ങളെ പൊളിക്കുന്നതു മാത്രമല്ല ഇവിടെ പുരോഗമനപരമായ മലയാള സിനിമയും മലയാളിയും ചിഹ്നരൂപങ്ങളിലൂടെ അവതരിപ്പിച്ച പലതിന്റെയും പല ജാതി സമൂഹങ്ങളിലൂടെയും അടിയിലെ അപര വല്‍ക്കരണവും ജാതിയും ഒക്കെ ഈ സിനിമ തുറന്നുകാണിക്കുന്നുമുണ്ട്. സുരക്ഷിതമായ ഇടം തീര്‍ക്കാന്‍ പര്‍ദ്ധ/ഹിജാബ് എന്ന സാന്ദ്ര തോമസ് മോഡല്‍ സ്റ്റിഗ്മാറ്റിക് ഡിസ്‌കഷനെ ഒക്കെ പൊളിച്ച് വേറെ ഒരു യൂണിവേഴ്സലിലേക്ക് പറക്കുകയും കൂടെ ചെയ്യുന്നുമുണ്ട് ഫൈസ. അടുത്തകാലത്ത് കണ്ട ഒരു ഉഗ്രന്‍ സ്ത്രീ കഥാപാത്രമാണ് സംശയം എന്ന സിനിമയിലെ ഫൈസ എന്ന കഥാപാത്രം. മുസ്ലീം സമൂഹം കുടുംബം ആത്മീയത എന്നിവിടങ്ങളിലെ സ്‌പേസില്‍ നിന്നു കൊണ്ട് തന്നെ തന്റേതായ ഒരു ലോകം കൂടി ഫൈസ തീര്‍ക്കുന്നു. പറ്റുമെങ്കില്‍ പാഠം ഒന്ന് ഒരു വിലാപം ഒക്കെ എഴുതിയ ആര്യാടന്‍ ഷൗക്കത്തിനെ ഒക്കെ ഒരു കസേരയില്‍ കെട്ടിയിട്ട് ഒരു ചൂരലും കൊണ്ട് കാവല്‍ ഇരുന്നു ഫൈസയെ കാണിച്ച് കൊടുക്കണം.

കേരളത്തിലെ മുന്നോട്ട് പൊക്കില്ലാത്ത തൊഴിലാളി വര്‍ഗ ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ സ്റ്റിഗ്മയും ഒരു ഫണ്‍ മോഡില്‍ കളിയാക്കി ഊക്കിവിടുകയും കൂടെ ചെയ്യുന്നുണ്ട് ഈ സിനിമ. കോഫീ ഹൗസ് എന്ന തൊഴിലാളികള്‍ക്കു വേണ്ടി എ.കെ.ജിയെ പോലുള്ള നേതാക്കള്‍ രൂപീകരിച്ച ഒരു തൊഴില്‍ സംസ്‌കാരത്തിന്റെ പിന്നീടുള്ള ചലനമില്ലായ്മയും ഈ സിനിമ രസകരമായി ട്രോളുന്നുമുണ്ട്. കോഫീ ഹൗസിലെ ബീറ്റ് റൂട്ട് പോലെ തന്നെ അവിടത്തെ ചലനമില്ലായ്മ ആ കോഫീ ഹൗസിന്റെ ആഘോഷത്തില്‍ തന്നെ കാണുന്നുമുണ്ട്. കോഫീ ഹൗസില്‍ ജോലിചെയ്ത ഒരാളുടെ മകനും അവിടെ ജോലി ചെയ്യുകയാണ് ഇനി അയാളുടെ മകന്‍ അവിടെത്തന്നെ ജോലി ചെയ്യണം എന്നൊക്കെ ആണ് ഒരു നേതാവ് തട്ടിവിടുന്നത്. അതുകണ്ട് അവിടെ ജോലി ചെയ്തു റിട്ടയര്‍ ആയ മനുഷ്യന്‍ അഭിമാന പുളകിതനാകുന്നുണ്ട്. അതെ സമയം അയാളുടെ മകന്‍ ആ പരിപാടിക്ക് ഡിസ്‌ക്കോ ഡാന്‍സ് കളിക്കുന്നതൊന്നും അയാള്‍ക്ക് തീരെ പിടിക്കുന്നതുമില്ല. പണ്ട് എസ എഫ് ഐ ക്കാര്‍ പറഞ്ഞ പാശ്ചാത്ത്യ അധിനിവേശം മൈന്‍ഡ് സെറ്റ് അപ്പ് ആണ് അയാള്‍ക്ക്. അത് പോലെ കോഫീ ഹാവ്സിലെ തൊഴിലാളി ആയ വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രം ഡിസ്‌ക്കോ ഡാന്‍സ് എന്ന സാംസ്‌കാരികതയിലേക്ക് എത്തിപ്പെടാനാകാത്ത തളര്‍ന്നു വീഴുകയും ചെയ്യുകയാണ്. എന്തു രാസമായിട്ടാണ് അത്തരം സീനുകളൊക്കെ ഈ സിനിമ എടുത്തുവച്ചിരിക്കുന്നത്. മലയാളിയുടെ ടെക്നോളജിക്കല്‍ ഡെവെലപ്‌മെന്റിലെ ഏറ്റവും വലിയ നൊസ്റ്റാള്‍ജിയ ആയ ടൂള്‍ ആയ റേഡിയോയിലെ ആകാശവാണി സ്ഥിരം കേട്ടുകൊണ്ടിരിക്കുന്ന ഒരു നായര്‍ തന്ത ഒക്കെ ബോറന്മാരായി റെപ്രെസെന്റ് ചെയ്യുന്നത് വേറെ ഒരു ലെവല്‍ ചരിത്രപരമായ ഒരു ഡോക്യുമെന്റെഷന്‍ കൂടെ ആണ്. മാറുന്ന കേരളീയ സമൂഹത്തിന്റെ വളരെ കോംപ്ലക്‌സ് ആയ ചില ചിത്രീകരണങ്ങളിലൂടെ ഫിക്ഷനലൈസ് ചെയ്ത ഗംഭീരമായ ഒരു കള്‍ച്ചറല്‍ ടെക്സ്റ്റ് കൂടെ ആണ് സംശയം എന്ന സിനിമ.

കേരളത്തിലെ സൊ കോള്‍ഡ് പുരോഗമന ജീവിതം, അതിന്റെ പല വിധങ്ങളായ പൊള്ളത്തരങ്ങളും, കെ പി കുഞ്ഞികൃഷ്ണന്‍ എന്ന അച്ഛന്റെ കഥാപാത്രത്തിലൂടെയും മറ്റു പല രസകരമായ ഇന്‍സിഡന്റുകളിലൂടെയും ഈ സിനിമ വിഷ്വലൈസ് ചെയ്യുന്നുമുണ്ട്. ഈ അച്ഛന്റെ കഥാപാത്രത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഒരു ടൂളാണ് അയാളുടെ ആകാശവാണിയും ഒരു ചാരുകസേരയും. ഇടതു പക്ഷ അനുഭാവമുള്ള കോഫീ ഹൌസ് ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത അയാളെ രൂപപ്പെടുത്തുന്നത് ഒരു കുട്ടിയില്ലാത്ത സ്വന്തം മകനെയും മകളെയും കുറ്റപ്പെടുത്തിക്കൊണ്ടു തന്നെയാണ്. മറ്റുള്ളവരുടെ പ്രൈവസിയിലേക്ക് ഇടിച്ച് കയറുന്ന ഇടക്കിടക്ക് ആദ്യ രാത്രീയില്‍ അടക്കം ബെഡ് റൂം തട്ടി വിളിക്കുന്ന റഡാര്‍ ആയി അയാള്‍ മാറുകയും ചെയ്യുന്നു. ‘ഏഴു വര്‍ഷമായിട്ടും പൂതി തീര്‍ന്നിട്ടില്ല’ എന്ന രീതിയില്‍ മറ്റുള്ളവരുടെ പ്രൈവറ്റ്, മൈന്യൂട്ട് ജീവിതത്തിലും അയാള്‍ തള്ളിക്കയറുകയാണ്. അതെ സമയം അയാള്‍ മലയാളി ഇമാജിനേഷനിലെ സ്വസ്ഥതയിലൂടെ ജീവിക്കുന്ന ഒരു കുടുംബനാഥന്‍ ആവുകയും ചെയ്യുന്നു. മഹത്തയ നമ്പര്‍ വണ്‍ കേരളീയതയുടെ അടിയില്‍ നടക്കുന്ന വെറുപ്പിക്കുന്ന പലതരം മൈന്യൂട്ട് ആയ അധിനിവേശങ്ങളും ഈ സിനിമ ആ കഥാപാത്രത്തിലൂടെ വിഷ്വലൈസ് ചെയ്യുന്നു. റോന്ത് എന്ന സിനിമയൊക്കെ പോലീസുകാരുടെ കഷ്ടപ്പാട് എന്നൊക്കെ തള്ളി മറിക്കുമ്പോള്‍ ഈ സിനിമയിലെ ഒരു പോലീസുകാരന്‍ ‘നായര്‍ അല്ലെ ? ‘ എന്നൊക്കെ ചോദിച്ചു ചില ഉറപ്പിക്കലുകള്‍ നടത്തുന്നുമുണ്ട്. കേരളം എന്ന സിസ്റ്റഹത്തിന്റെ അടിയിലൂടെ പ്രവര്‍ത്തിക്കുന്ന വംശീയതയുടെ വിഷ്വലൈസേഷന്‍ രസകരമായി പൊളിറ്റിക്കല്‍ ഡോഗ്മ ആക്കി മാറ്റാതെ രസകരമായി ഈ സിനിമ അവതരിപ്പിക്കുകയും ചെയ്യുന്നു.

രക്തബന്ധം, പാരന്റിങ് തുടങ്ങിയ കാര്യങ്ങള്‍ മലയാള സിനിമ ഇതിനു മുമ്പും പല വട്ടം കൈകാര്യം ചെയ്തിട്ടുമുണ്ട്. എണ്‍പതുകളില്‍ ഇറങ്ങിയ ‘എന്റെ മാമാട്ടി കുട്ടി അമ്മക്ക്’, അത് പോലെ ‘രേവതിക്കൊരു പാവക്കുട്ടി’ തുടങ്ങിയ സിനിമകളിലും രക്തബന്ധം, പാരന്റിങ് തുടങ്ങിയ ഇമോഷനുകളെ ഉപയോഗിച്ച് കൊണ്ട് പോപ്പുലര്‍ കല്‍ച്ചറില്‍ മനുഷ്യരുടെ/കാണികളുടെ ഉള്ളിലേക്ക് ആ സിനിമകള്‍ ഇരച്ചു കയറിയിട്ടുമുണ്ട്. രണ്ടായിരത്തി പതിമൂന്നില്‍ പുറത്തിറങ്ങിയേ ലൈക് ഫാദര്‍ ലൈക് സണ്‍ എന്ന ജപ്പാനീസ് സിനിമ ഈ വിഷയം കൈകാര്യം ചെയ്തിട്ടുമുണ്ട്. ഇമോഷനുകള്‍ ക്രിയേറ്റ് ചെയ്തതിനോടൊപ്പം തന്നെ രക്തബന്ധം എന്ന ഒരു സംഗതിയെ ഒരു ഓപ്പണ്‍ എന്റഡ് മോഡില്‍ ചിന്തകള്‍ക്കു വഴിവിട്ടുകൊണ്ട് തുറന്നുവച്ചുകൊണ്ടുകൂടെ ആണ് ഈ സിനിമ അവസാനിക്കുന്നതും. അത് പലതരത്തിലുള്ള സംഘര്‍ഷങ്ങളും ഒരു പക്ഷെ കാണികളില്‍ സൃഷ്ടിച്ചെക്കാം. വിനയ് ഫോര്‍ട്ട് എന്ന നടന്‍ കുറെ നാളുകള്‍ക്കു ശേഷം ഗംഭീരമായി അഭിനയിച്ച സിനിമ കൂടെ ആണ് സംശയം. ലിജിമോള്‍ ശറഫുദ്ധീന്‍ എന്നീ രണ്ടു അഭിനേതാക്കള്‍ മലയാള സിനിമയുടെ മുതല്‍ക്കൂട്ട് ആണ് എന്ന് വീണ്ടും ഈ സിനിമയിലൂടെ തെളിയിക്കുകയാണ്. തിയേറ്ററിനു വേണ്ടി ആണോ എന്നറിയില്ല, മലയാള സിനിമയിലെ, ഇന്ത്യന്‍ സിനിമയിലെ പല ഗംഭീരമായ വിഷ്വലൈസേഷനുകളും അതിലെ സംഗീതത്തിലെ അരോചകത്വം കാരണം നശിപ്പിച്ചിട്ടുണ്ട്. ഈ സിനിമയിലെ ബി ജി എം സൈനാറിയോവില്‍ ഒരു മിതത്വം കാണിച്ചിരുന്നെങ്കില്‍ ഈ സിനിമ വേറെ ലെവല്‍ ആയേനെ. എന്തായാലും ഉള്ളുലക്കുന്ന ഗംഭീരമായ ഒരു കള്‍ച്ചറല്‍ ടെക്സ്റ്റ് ആയി സംശയം എന്ന സിനിമ മാറുന്നുണ്ട്.

No Comments yet!

Your Email address will not be published.