Skip to main content

ജീവിതത്തിലെ റോന്ത് ചുറ്റലുകള്‍

ജോസഫ്, നായാട്ട്, ഇലവിഴാ പൂഞ്ചിറ, ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ സിനിമകളിലൂടെ മലയാളി സിനിമാ ആസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ സംവിധായകനും തിരക്കഥാകൃത്തുമായ ആളാണ് ഷാഹി കബീര്‍. ഇലവിഴാ പൂഞ്ചിറയ്ക്ക് ശേഷം അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് റോന്ത്. വ്യത്യസ്ത സ്വഭാവസവിശേഷതകള്‍ ഉള്ള രണ്ടു പോലീസുകാരുടെ ഒരു രാത്രി പട്രോളിങ്ങിനിടയില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമ. ഒരിക്കല്‍ ഒരു പോലീസുകാരനായി ജോലി ചെയ്തത് കൊണ്ടാകും ഷാഹി കബീറിന്റെ എല്ലാ സിനിമകളിലും പോലീസുകാരും അവരുടെ ജീവിതവും നിറഞ്ഞുനില്‍ക്കുന്നത്. പോലീസ് സ്റ്റേഷന്‍ എങ്ങനെയാണ് അധികാര പ്രയോഗത്തിന്റെ ഇടമായി സാമൂഹ്യ ജീവിതത്തില്‍ നിലനില്‍ക്കുന്നത് എന്ന് വിശകലനം ചെയ്യുന്നതാണ് ഷാഹി കബീറിന്റെ എല്ലാ സിനിമകളും. ആ അര്‍ത്ഥത്തില്‍ റോന്തും കൈകാര്യം ചെയ്യുന്നത് ആ ആശയം തന്നെയാണ്.

മലയോര പ്രദേശത്തെ ഒരു പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാര്‍ നടത്തുന്ന ഒറ്റരാത്രി പട്രോളിങ്ങില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ വിഷയം. സിനിമ കണ്ടുകൊണ്ട് ഇരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ പോലീസുകാരുടെ ജീവിതത്തില്‍ സംഭവിക്കുമോ എന്ന് ഓര്‍ത്തുകൊണ്ടാണ് ഞാനീ സിനിമ കണ്ടത്. എന്നാല്‍ ഇന്ന് രാവിലെ പത്രം തുറന്നപ്പോള്‍ ആദ്യം കണ്ണിലുടക്കിയ വാര്‍ത്ത നൈറ്റ് പട്രോളിങ്ങിനിടയില്‍ പോലീസുകാരന് മേല്‍ വണ്ടിയിടിച്ചു കയറ്റിയ ആളുകളെ പറ്റിയുള്ള വാര്‍ത്ത ആയിരുന്നു. ഒരു പോലീസുകാരന്‍ കൂടിയായിരുന്ന സംവിധായകന്‍ സിനിമയുടെ ഘടനയിലേക്ക് ഭാവനയെ കൊണ്ടുവരുമ്പോള്‍, ഭാവനയല്ല ഇതൊന്നും എന്നൊരു തോന്നല്‍ കാണികളുടെ മനസ്സില്‍ ഉണ്ടാക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ശരിക്കും തങ്ങളുടെ കണ്ണുകള്‍ക്ക് മുന്‍പില്‍ അനാവരണം ചെയ്യപ്പെടുന്ന സംഭവങ്ങളാണ് സ്‌ക്രീനില്‍ വരുന്നത് എന്ന ചിന്ത എല്ലാ കാഴ്ചക്കാരുടെയും മനസ്സില്‍ ഉണ്ടാകും എന്നതില്‍ തര്‍ക്കമില്ല. ഒരു തിരക്കഥാകൃത്തെന്ന നിലയില്‍ എന്താണ് താന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്നത് വളരെ വ്യക്തമായി എഴുത്തിലും ദൃശ്യങ്ങളിലും പകര്‍ത്താന്‍ ഷാഹി കബീറിന് കഴിഞ്ഞിട്ടുണ്ട്. ഒരു സിനിമയുടെ വിജയത്തില്‍ തിരക്കഥയ്ക്കുള്ള പങ്ക് ഒരിക്കല്‍കൂടി വെളിപ്പെടുത്തുന്ന സിനിമയാണ് റോന്ത്.

കുറെ സംഭവങ്ങള്‍ ഒന്നിനുപുറകില്‍ മറ്റൊന്നായി അടുക്കി വെക്കുക എന്ന രീതിയിലാണ് സിനിമയുടെ ഘടന എങ്കിലും സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായ രണ്ടു പോലീസുകാരുടെ മനോഘടനയിലേക്ക് കാണികള്‍ക്ക് കടക്കാനുള്ള വാതിലുകള്‍ ആയാണ് ഈ സംഭവങ്ങളെ സംവിധായകന്‍ സിനിമയില്‍ പ്രതിഷ്ഠിക്കുന്നത്. ഷാഹി കബീറിന്റെ തിരക്കഥകളുടെ ഒരു പ്രത്യേകതയാണ് മുഖ്യകഥാപാത്രങ്ങളുടെ മനോഘടനയുടെ ഉള്ളറകളിലേക്ക് സിനിമ പോകുന്നു എന്നത്. എന്തുകൊണ്ട് ഒരു കഥാപാത്രം പ്രത്യേക രീതിയില്‍ പെരുമാറുന്നു എന്നതിന് മനഃശാസ്ത്രപരമായ ഒരു സാധൂകരണം കൊണ്ടുവരാനുള്ള ശ്രമം അദ്ധേഹത്തിന്റെ എല്ലാ തിരക്കഥയിലും കാണാം. ഫ്രോയ്ഡിയന്‍ സൈക്കോ അനാലിസിസിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നവയാണ് ഷാഹി കബീറിന്റെ എല്ലാ സിനിമകളും.

ഔദ്യോഗിക രേഖകള്‍ ”കോളനിയെന്ന” പ്രയോഗം അവസാനിപ്പിക്കുകയും തല്‍സ്ഥാനത്ത് ഉന്നതി നഗര്‍ എന്നൊക്കെ പറയണം എന്ന് പറഞ്ഞുവെങ്കിലും സിനിമയില്‍ ”കോളനിയിലെ ചെക്കനെ” കഥയുടെ കേന്ദ്രസ്ഥാനത്ത് ഭൂമിശാസ്ത്രപരമായി അടയാളപ്പെടുത്തുന്നുണ്ട്. എല്ലാവര്‍ക്കും കൃത്യമായും പേരും വീട്ടുപേരും വ്യക്തിഗതമായ മേല്‍വിലാസവും ഒക്കെ ഉള്ളപ്പോള്‍ കോളനിയിലെ ചെക്കനെ ഒരു വ്യക്തി ആയല്ല സിനിമയില്‍ അടയാളപ്പെടുത്തുന്നത് മറിച്ച് സാമൂഹ്യമായ കീഴാള പദവിയുടെ അളവുകോലായി മലയാളി പൊതുസമൂഹം കരുതുന്ന ഒരിടത്തിലെ ഒരു സാധനം എന്ന മട്ടിലാണ് സിനിമയില്‍ കോളനിയിലെ ചെക്കനെ സിനിമ രേഖപ്പെടുത്തുന്നത്. ഇന്ന തറവാട്ടിലെ പെണ്‍കുട്ടി എന്ന പ്രയോഗവും ഇന്ന കോളനിയിലെ ചെക്കനും എന്ന് പറയുമ്പോള്‍ സിനിമ കേരളീയ സാമൂഹ്യ യാഥാര്‍ത്യത്തോട് നീതി പുലര്‍ത്തുകയാണ് ചെയ്യുന്നത്. സവര്‍ണ്ണത എന്നത് സവര്‍ണ്ണ വ്യക്തികളുടെ വര്‍ഗ്ഗ പശ്ചാത്തലത്തില്‍ അല്ല കുടികൊള്ളുന്നത്. പുറമ്പോക്കില്‍ കിടക്കുന്ന സവര്‍ണ്ണരും സാമൂഹ്യമായ വിനിമയങ്ങളില്‍ അവരുടെ ഉയര്‍ന്ന സാമൂഹ്യപദവി അവകാശപ്പെടും എന്നറിയുന്ന ആര്‍ക്കുമറിയാം കോളനി പുനരുല്‍പ്പാദിപ്പിക്കുന്ന സാമൂഹ്യ പിന്നാക്കാവസ്ഥ കോളനിയായി വ്യവഹരിക്കുന്ന ഭൗതിക ഇടത്തിലോ അവിടെ ജീവിക്കുന്ന ആളുകളുടെ വര്‍ഗ്ഗപരമായ അടിത്തറയിലോ അല്ല നിലനില്‍ക്കുന്നത്. സിനിമയില്‍ കോളനിയില്‍ താമസിക്കുന്ന ”പുതുക്രിസ്ത്യാനി” എന്നൊരു പ്രയോഗം ഉണ്ട്. ഹിന്ദു ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും ആത്മീയമായ മോചനത്തിനുള്ള ഉപാധിയായി മറ്റൊരു മതത്തിന്റെ സാധ്യത തേടുന്ന ആളുകളെ ഭൌതികമായി കോളനി എന്ന തുറന്ന ജയിലിലും ആത്മീയമായി പുതുക്രിസ്ത്യാനിയെന്ന രണ്ടാംകിട ആത്മീയ പൌരത്വത്തിലും തളച്ചിട്ട കേരളീയ ഫ്യൂഡല്‍ ചരിത്രത്തിന്റെ ഇന്നും ഇഴ മുറിയാത്ത കണ്ണികളെ സിനിമ തൊടുന്നു.

Buddy Cop വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയാണ് റോന്ത്. ദിലീഷ് പോത്തന്‍ വേഷമിട്ട ഒരു പോലീസുകാരനും റോഷന്‍ മാത്യൂസ് വേഷമിട്ട മറ്റൊരു പോലീസുകാരനും ഒരു രാത്രി നടത്തുന്ന പോലീസ് പെട്രോളിങ്ങില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. റോന്തിനിടയില്‍ അവര്‍ക്കിടയില്‍ നടക്കുന്ന സംഭാഷണങ്ങളെ സിനിമയുടെ കഥാഗതിയെ മുന്നോട്ട് കൊണ്ടുപോകാനും, ആ രണ്ടു കഥാപാത്രങ്ങള്‍ക്കിടയിലെ പൊരുത്തത്തേയും പൊരുത്തക്കേടുകളേയും വെളിപ്പെടുത്താനും അവര്‍ക്കിടയില്‍ അദൃശ്യമായി നില്‍ക്കുന്ന ഐക്യത്തെയും അനൈക്യത്തെയും കാണികള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനും ഉപയോഗപ്പെടുത്തുന്നു എന്നതിനപ്പുറം കേരളീയ സമൂഹത്തിനകത്തെ വര്‍ഗ്ഗ വര്‍ണ്ണ വിനിമയങ്ങളെ വെളിപ്പെടുത്താനുള്ള ഒരു ടൂളായും തിരക്കഥാകൃത്ത് ഉപയോഗിക്കുന്നുണ്ട്. ഗ്രീക്ക് തത്വചിന്തകനായ പ്ലേറ്റോയുടെ ഡയലോഗിക്കല്‍ രീതിയില്‍ ഗുരു-ശിഷ്യ വിനിമയം പോലെയാണ് രണ്ടു പോലീസ് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ചെയ്യുന്നത് മോശം കാര്യങ്ങള്‍ ആണെങ്കിലും അവയെ മുതിര്‍ന്ന പോലീസുകാരന്‍ കൃത്യമായി ന്യായീകരിക്കുകയും ഇളയ പോലീസുകാരന്‍ അത് സമ്മതിച്ചു കൊടുക്കുകയും ചെയ്യുന്നു എന്നത് സത്യാനന്തര ഇന്ത്യയില്‍ പല അയുക്തികരമായ കാര്യങ്ങളും അധികാരത്തിന്റെ പലവിധ സാധ്യതകളെ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് വെളുപ്പിച്ച് എടുക്കുന്നത് എന്നതിലേക്ക് വിരല്‍ചൂണ്ടുന്നു.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിലീഷ് പോത്തനും റോഷന്‍ മാത്യുവും തങ്ങളുടെ പരമാവധി ആ കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി സംഭാവന ചെയ്തിട്ടുണ്ട്. ഔദ്യോഗിക വേഷത്തിനുള്ളില്‍ നില്‍ക്കുമ്പോഴും അവരുടെ വ്യക്തിഗതമായ കുടുംബ പ്രശ്‌നങ്ങള്‍ എങ്ങനെയാണ് പോലീസുകാരുടെ പെരുമാറ്റങ്ങളെ നിലപാടുകളെ സ്വാധീനിക്കുന്നത് എന്ന് അന്വേഷിക്കുന്നതിലൂടെ സിനിമ പോലീസ് കഥയുടെ ത്രില്ലും ഫാമിലി ഡ്രാമ ആവശ്യപ്പെടുന്ന വൈകാരിക രസങ്ങളും ഒരുപോലെ കോര്‍ത്തിണക്കുന്നു. കര്‍ക്കശക്കാരനും താന്‍പോരിമക്കാരനുമായ പോലീസ് ആകുമ്പോള്‍ തന്നെ മനസ്സില്‍ മൃദുല വികാരങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുന്ന ആളുമായി വേഷപ്പകര്‍ച്ച ആടുന്ന ദിലീഷ് പോത്തന്റെ പ്രകടനം സിനിമയുടെ വിജയത്തില്‍ മുഖ്യ പങ്ക് വഹിക്കും എന്നതില്‍ തര്‍ക്കമില്ല. തുടക്കകാരന്റെ എടുത്ത് ചാട്ടവും സ്വതവേയുള്ള വൈകാരിക ദൌര്‍ബല്യവും ഒരുപോലെ പെരുമാറ്റത്തില്‍ പ്രതിഫലിപ്പിക്കുക എന്ന അത്യന്തം വിഷമം പിടിച്ച വേഷമായിരുന്നു റോഷന്‍ മാത്യുവിന്റെത്. തനിക്ക് നല്‍കിയ വേഷം അര്‍ഹിക്കുന്ന സൂക്ഷ്മമായ അഭിനയചാതുര്യം പ്രകടിപ്പിക്കുന്നതില്‍ റോഷനും പുറകോട്ട് പോയിട്ടില്ല. ദിലീഷ് പോത്തനോട് തോളൊപ്പം നില്ക്കാന്‍ റോഷനും കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ സമയവും ജീപ്പിനകത്ത് വിടരുന്ന ഒരു കഥ എന്ന നിലയില്‍ ഒരല്‍പം പാളിയാല്‍ വിരസതയുടെ പടുകുഴിയില്‍ വീഴുമായിരുന്ന സിനിമയെ ചടുലമായ സംഭാഷണങ്ങള്‍ കൊണ്ടും മികച്ച അഭിനയശേഷി കൊണ്ടും ദിലീഷും റോഷനും, എന്താണോ സംവിധായകന്‍ ആഗ്രഹിച്ചത് ആ തലത്തിലേക്ക് സിനിമയെ ഉയര്‍ത്തിയിട്ടുണ്ട്. സദാനന്ദന്‍ എന്ന പോലീസുകാരനായി അഭിനയിച്ച കുമാരദാസ് മികച്ച പ്രകടനമാണ് നടത്തിയത്. അധികാരത്തോടുള്ള വിധേയത്തത്തിനേക്കാള്‍ അധികാരികളോട് വിധേയപ്പെട്ട് മാത്രം മുന്‍പോട്ട് പോകാന്‍ കഴിയുന്ന ഒരു പോലീസുകാരന്റെ നിശബ്ദമായ ആത്മരോഷവും ദൈന്യതയും കൃത്യമായി അഭിനയിച്ചു ഫലിപ്പിക്കുവാന്‍ കുമാരദാസിന് കഴിഞ്ഞിട്ടുണ്ട്.

ഭര്‍ത്താവിന്റെ സംശയരോഗം കൊണ്ട് പൊറുതിമുട്ടുന്ന പോലീസുകാരി, ഭര്‍ത്താവിന്റെ ഇടികൊണ്ട് ഉറക്കം പോകുന്ന കോളനിയിലെ വീട്ടമ്മ, ഭ്രാന്ത് മൂത്ത് അക്രമകാരിയാകുന്ന യുവാവ്, അയല്‍പക്കത്ത് ഒരു ക്രൈം ഉണ്ടായാല്‍ പോലും അന്യപുരുഷനെ ഫോണ്‍ വിളിക്കാന്‍ മടിക്കുന്ന മുസ്ലീം സ്ത്രീ തുടങ്ങി നിരവധി വാര്‍പ്പ് മാതൃകകള്‍ സിനിമയില്‍ വന്ന് പോകുന്നുണ്ട്. എന്നാല്‍ ഇന്നും നമ്മള്‍ ജീവിക്കുന്ന ഇടങ്ങളില്‍ ഇത്തരം ആളുകള്‍ ഉണ്ട് എന്നതിലേക്കുള്ള ഒരു ക്യാമറാ നോട്ടം ആയാണ് ഞാനിവയെ കാണുന്നത്. മനുഷ്യരുടെ ഏകാന്തതയും അവര്‍ ജീവിക്കുന്ന വീടുകളുടെ സ്ഥലപരമായ സവിശേഷതകളും എങ്ങനെയാണ് ഭ്രാന്തിലേക്ക് അവരെ നയിക്കുന്നത് എന്നൊരു അന്വേഷണം റോന്ത് സിനിമയുടെ മുഖ്യകഥാധാരയുടെ പുറത്തുള്ള പരിസരങ്ങളില്‍ അന്വേഷിക്കാവുന്നതാണ്. ഭ്രാന്തും മാനസിക സമ്മര്‍ദവും സിനിമയിലെ മിക്ക കഥാപാത്രങ്ങളെയും ചലിപ്പിക്കുന്ന ഒന്നാണ്. സൂക്ഷിച്ചു നോക്കിയാല്‍ കോളനിയേയും തറവാടിനേയും വേര്‍തിരിക്കുന്നത് സാമൂഹ്യ സമ്മര്‍ദവും ജാതി ഭ്രാന്തും ആണെന്നുള്ള ഒരു വായനയ്ക്കുള്ള അവസരം കൂടി സിനിമ നല്‍കുന്നുണ്ട്.

തത്വചിന്താപരമായി റോന്തിനെ വീക്ഷിച്ചാല്‍ സിനിമ, മനുഷ്യരുടെ ഒടുങ്ങാത്ത ജീവിതയാത്രകളെ സൂചിപ്പിക്കുന്നു. ഓരോ ജീവിതവും മെച്ചപ്പെട്ട അവസരങ്ങള്‍ക്ക് വേണ്ടി, കൂടുതല്‍ സുഖങ്ങള്‍ക്ക് വേണ്ടി, വേദനകളെ ഒഴിവാക്കാന്‍ വേണ്ടി, ഏകാന്തതകളെ മറികടക്കാന്‍ വേണ്ടി, പുതിയ മൂല്യങ്ങള്‍ക്ക് വേണ്ടി, പുതിയ അര്‍ത്ഥങ്ങള്‍ക്ക് വേണ്ടി ഒക്കെയുള്ള നിരന്തര അന്വേഷണങ്ങള്‍ ആണല്ലോ. അര്‍ത്ഥരഹിതമായ ആവര്‍ത്തന വിരസതയാണ് ജീവിതത്തിന്റെ മൌലീകത എന്ന് പറഞ്ഞ മിലന്‍ കുന്ദേരയുടെ ആശയത്തെ അതിമനോഹരമായി ദൃശ്യവല്‍ക്കരിക്കുകയാണ് റോന്തിലൂടെ ഷാഹി കബീര്‍ ചെയ്തത്. ജീവിതമെന്നത് ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന ഒന്നാണ്. നമ്മുടെ തന്നെ മറ്റൊരു ജീവിതവുമായി താരതമ്യം ചെയ്യാനോ വരാന്‍ പോകുന്ന മറ്റൊരു ജീവിതത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്താനോ ഉള്ള സാദ്ധ്യതകള്‍ മനുഷ്യര്‍ക്കില്ലെന്ന് മിലന്‍ കുന്ദേര പറയുമ്പോള്‍ അത്തരമൊരു സാധ്യതയുടെ സാദ്ധ്യതകള്‍ ഇതേ ജന്മത്തില്‍ തന്നെ തേടേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന ഒരു സന്ദേശം കൂടി സിനിമ കാണികളോട് പങ്കുവയ്ക്കുന്നു. കഥയുടെ വൈകാരികത ഒട്ടും ചോരാതെ സൂക്ഷ്മമായി കാണികളിലേക്ക് പകരാന്‍ മ്യൂസിക്കിനും ക്യാമറയ്ക്കും കഴിഞ്ഞിട്ടുണ്ട്. ഒരിടത്തില്‍ നിന്നും മറ്റൊരിടത്തിലേക്ക് നിരന്തരം ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിനെ കാണികളുടെ ശ്രദ്ധ തിരിച്ചുവിടുന്ന ഒന്നാകാതെ സിനിമയോട് ഇണക്കി നിര്‍ത്തിയതില്‍ ക്യാമറയ്ക്കുള്ള പങ്ക് വളരെ വലുതാണ്.

സ്വജീവിതത്തില്‍ പോലീസുകാരന്‍ ആയതിനാല്‍ ആവാം പോലീസ് കഥകള്‍ പറയുമ്പോള്‍ ഇത്രമേല്‍ സ്വാഭാവികത കൊണ്ടുവരുവാന്‍ ഷാഹി കബീറിന് കഴിയുന്നത്. ഒരു പോലീസ് കഥയില്‍ നിന്നും കാണികള്‍ പ്രതീക്ഷിക്കുന്ന ത്രില്‍, സസ്‌പെന്‍സ്, പോലീസ് സ്റ്റേഷനുകളുടെ ഉള്ളറകളിലെ വിനിമയങ്ങള്‍, പോലീസും സമൂഹവും തമ്മിലുള്ള അധികാര വിനിമയങ്ങള്‍ ഒക്കെ വൈകാരിക തീവ്രത ഒട്ടും ചോരാതെ കഥ പറയാന്‍ ഷാഹി കബീറിന് കഴിഞ്ഞു എന്നതാണ് റോന്തിനെ ഒരു മികച്ച ചിത്രമാക്കി മാറ്റുന്നത്. നായാട്ടും ജോസഫും ഒക്കെയെഴുതിയ ഷാഹി കബീറിന്റെ തൂലികയില്‍ നിന്നും ഇനിയും മലയാള സിനിമക്ക് പ്രതീക്ഷിക്കാന്‍ കഴിയും എന്ന് തന്നെയാണ് റോന്തും സൂചിപ്പിക്കുന്നത്. തീയേറ്ററില്‍ തന്നെ പോയി കാണേണ്ട സിനിമയാണ് റോന്ത്.

No Comments yet!

Your Email address will not be published.