Skip to main content

സ്നേഹത്തിന്റെ പ്രവാചകനും യുദ്ധത്തിന്റെ ലോകവും

Celebrating Kahlil Gibran at New Bond Street | Modern & Contemporary Middle East | Sotheby's

ഈസ്റ്റര്‍ കഴിഞ്ഞ ആദ്യത്തെ വെള്ളിയാഴ്ചയിലെ മറ്റൊരു ഏപ്രില്‍ പത്ത്, തൊണ്ണൂറ്റിയഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വീണ്ടും കടന്നുവരുന്നു. മതാതീത ആത്മീയതയുടെയും അപാരവും അനന്തവുമായ സ്‌നേഹത്തിന്റെയും പ്രവാചകനുമായ ഖലീല്‍ ജിബ്രാന്‍ അന്തരിച്ചത് ഇത്തരമൊരു ഏപ്രില്‍ 10 വെള്ളിയാഴ്ച തന്നെയായിരുന്നു. 1931 ല്‍
മൂന്നാംലോക യുദ്ധ സമാനമായ സാഹചര്യങ്ങളിലേക്ക് ലോകം കടന്നുകൊണ്ടിരിക്കേ, ജിബ്രാന്റെ സാഹിത്യകൃതികള്‍ക്ക് പശ്ചാത്തലമൊരുക്കിയ അനശ്വരമായ ലെബനോണും ജിബ്രാന്‍ സാഹിത്യത്തിലെ ഭൂപ്രദേശങ്ങളൊന്നടങ്കം മാരകമായി തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ലബനണില്‍ ജനിച്ചു അമേരിക്കയില്‍ ജീവിച്ച് തിരിച്ച് ലബനണില്‍ത്തന്നെ അടക്കം ചെയ്യാന്‍വേണ്ടി ആ ഭൗതികശരീരം, ബോസ്റ്റണിലെത്തിച്ചേരുമ്പോള്‍ മേരി ഹാക്‌സല്‍ അവിടെ കാത്തുനിന്നിരുന്നു. അടുപ്പമുള്ളവര്‍ കരഞ്ഞു. അതിലേറെ അടുപ്പമുള്ള മേരി, പക്ഷേ കണ്ണീര്‍ വാര്‍ത്തില്ല. കൊടുങ്കാറ്റുകള്‍ക്കൊപ്പം നടകൊള്ളുകയും ഇളംകാറ്റിനെ സ്‌നേഹിക്കുകയും ചെയ്യുന്ന സൗമ്യാത്മാവായ മേരി ഹാക്‌സലിനാണ് തന്റെ ജീവിതക്കൊടുങ്കാറ്റിന്റെ ആദ്യനിശ്വാസമായ ഒരു കണ്ണീര്‍ക്കണവും ഒരു പുഞ്ചിരിയുമെന്ന പുസ്തകം ജിബ്രാന്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഒരിക്കലും കണ്ടുമുട്ടാതെ പരസ്പരം പ്രണയിച്ച മെയ് സിയാദെയെന്നൊരു സ്ത്രീയടക്കമുള്ളവര്‍ ആ ജീവിതത്തിലൂടെ കടന്നുപോകുന്നുണ്ട്.

ഒന്നാം ലോക യുദ്ധം മനുഷ്യന്റെ ആത്മവിശ്വാസത്തിനും മൂല്യബോധത്തിനുമേല്‍പ്പിച്ച ആതുരതയ്ക്ക് ഒരു മറുമരുന്നുപോലെയായിരുന്നു ‘പ്രവാചകനി’ലെ വിശ്വവ്യാപിയായ സ്‌നേഹദര്‍ശനമെന്ന് കവി കെ. ജയകുമാര്‍ പറയുന്നുണ്ട്. മുതലാളിത്തം പോലെ ഈ ലോകത്തെ മാറ്റിത്തീര്‍ത്ത മറ്റൊരു വ്യവസ്ഥയില്ലെന്ന് പറയുന്നുണ്ട് മാര്‍ക്‌സ്. സംസ്‌കാരങ്ങളെയും രാഷ്ട്രങ്ങളേയും ഇതുപോലെ തകര്‍ത്തുകളഞ്ഞ മറ്റൊരുവ്യവസ്ഥയുമില്ലെന്നുകൂടി നമുക്ക് കൂട്ടിച്ചേര്‍ക്കേണ്ടിവരും.

അകാലത്തില്‍ പൊലിഞ്ഞുപോയ തന്റെ പ്രിയ കാമുകിയുടെ, സല്‍മാ കറാമിയുടെ ശവകുടീരത്തിന്നടുത്തുപോകുമ്പോള്‍ കാലൊച്ചകള്‍പോലും അവളുടെ ഉറക്കത്തിന് ഭംഗംവരുത്തരുതെന്നു പറഞ്ഞൊരു അനശ്വര കവിയുടെ ഭൂവിസ്തൃതിയിലാണ് മാനവ സംസ്‌കാരത്തിന്റെതന്നെ ശത്രുക്കളായ ഇസ്രയേല്‍ മിസൈല്‍ ബോംബുവര്‍ഷങ്ങളാല്‍ തകര്‍ത്തുതരിപ്പണമാക്കുന്നുണ്ട്. താന്‍ ഏറെക്കാലം ജീവിച്ച് സാഹിത്യരചന നടത്തിയ അമേരിക്കയുടെ പിന്തുണയോടെതന്നെയാണ് തന്റെ സല്‍മയുടെ ശവകുടീരംപോലും തകര്‍ത്തുകളയാവുംവിധമുള്ള ആയുധപ്രയോഗങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്നതെന്നത് സംസ്‌കാരത്തിന്റേയും സാഹിത്യത്തിന്റേയും ചരിത്രത്തില്‍ സമാനതകളില്ലാത്തതായിരിക്കാം. ഇനിയും എന്തൊക്കെ തകര്‍ത്തുവേണം മനുഷ്‌സമൂഹത്തിന് മുന്നോട്ടുപോകാന്‍.

”നിങ്ങള്‍ മണള്‍ക്കൊട്ടാരങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ കടലാകട്ടെ തീരത്തേക്ക് കൂടുതല്‍ മണലെത്തിച്ചുതരുന്നു. നിങ്ങള്‍ അത് നശിപ്പിക്കുമ്പോള്‍ കടല്‍ നിങ്ങളോടൊപ്പം ചിരിക്കുകയും ചെയ്യുന്നു.” എന്നു പറയുന്നുണ്ട് ജിബ്രാന്‍.
സ്‌നേഹവും സൗന്ദര്യവും മൃത്യുവും ചേര്‍ന്നഭിനയിച്ച ഒരു നാടകം എന്നാണ് ജിബ്രാന്‍ സല്‍മാകറാമിയുമായുള്ള ബന്ധത്തെ വിശേഷിപ്പിക്കുന്നത്. ആ കൃതിയില്‍ അത്യന്തം വേദനാജനകമായി കടന്നുവരുന്ന വാചകങ്ങള്‍ ഇങ്ങനെ വായിക്കാം…..:

The Prophet (PREMIUM PAPERBACK, PENGUIN INDIA) - Penguin Random House India

”ബെയ്‌റൂത്ത് നഗരത്തില്‍ അങ്ങിങ്ങായുള്ള എന്റെ യൗവനത്തിന്റെ കൂട്ടുകാരേ, പൈന്‍വനത്തിനരികെയുള്ള ആ ശ്മശാനത്തിനടുത്തുകൂടി നിങ്ങള്‍ കടന്നുപോകുമ്പോള്‍ നിശ്ശബ്ദരായി അതിനുള്ളില്‍ കടക്കണം; മെല്ലെ മെല്ലെ നടക്കണം, മരിച്ചവരുടെ ഉറക്കം നിങ്ങളുടെ കാലൊച്ച ഭഞ്ജിച്ചുകൂടാ. സല്‍മയുടെ ശവകുടീരത്തിനു മുന്‍പില്‍ നിങ്ങള്‍ വിനീതരായി നില്ക്കണം. അവളുടെ മൃതദേഹത്തെ ഉള്ളിലൊതുക്കിയ മണ്ണിനെ അഭിവാദ്യം ചെയ്യണം. ആഴത്തില്‍നിന്നു വരുന്ന ദീര്‍ഘനിശ്വാസത്തോടുകൂടി എന്റെ പേരു പറയണം. എന്നിട്ടു നിങ്ങളോടുതന്നെ സംസാരിക്കുക:

‘സമുദ്രങ്ങള്‍ക്കപ്പുറം സ്‌നേഹത്തിന്റെ തടവുകാരനായി കഴിയുന്ന ജിബ്രാന്റെ എല്ലാ ആശകളും ഇവിടെ അടക്കം ചെയ്തിരിക്കുന്നു. ഈ സ്ഥലത്തുവച്ച് അവന്റെ സന്തോഷം നഷ്ടമായി. അവന്റെ കണ്ണുനീര്‍ പൊഴിഞ്ഞു വറ്റി. അവന്‍ മന്ദഹാസം മറന്നു.”

”എന്റെ യൗവനത്തിന്റെ സഖാക്കളേ, നിങ്ങളുടെ ഹൃദയങ്ങള്‍ സ്‌നേഹിച്ച കന്യകമാരുടെ താമത്തില്‍ ഞാനപേക്ഷിക്കുന്നു: എന്റെ പ്രിയപ്പെട്ടവളുടെ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ശവകുടീരത്തില്‍ ഒരു പുഷ്പചകം അര്‍പ്പിക്കൂ. നിങ്ങള്‍ സല്‍മയുടെ ശവകുടീരത്തിലര്‍പ്പിക്കുന്ന പൂക്കള്‍, പ്രഭാതത്തിന്റെ നയനങ്ങളില്‍നിന്ന്, വാടുന്ന റോസാപ്പൂവിന്റെ ദലങ്ങളില്‍ വീഴുന്ന തുഷാരബിന്ദുക്കള്‍പോലെയാണ്.”
അനശ്വരനായ കവിയുടെ അനശ്വരപ്രണയത്തെ അടക്കംചെയ്ത ഭൂമിയാണ് ഇത്തരത്തില്‍ ഇസ്രയേല്‍ ഉഴുതുമറിയിക്കുന്നത്.

ബെയ്‌റുത്ത് നഗരത്തെ ലെബനുമായി ബന്ധിപ്പിക്കുന്ന ഉദ്യാനങ്ങളുടെയും കുന്നുകളുടെ നടുവില്‍ ഒരു ചെറിയ ദേവാലയത്തെ കുറിച്ച് പറയുന്നുണ്ട് ജിബ്രാന്‍. ലബനനിലെ നിഗൂഢവും വിസ്മൃതവുമായ കൗതുകകരങ്ങളായ സ്ഥലങ്ങളില്‍ ഒന്നായിരുന്നു അത് എന്നു പറയുന്നു. ഏകാന്തത കാരണം അത് ആരാധകന്മാരുടെ അഭയ സംഗീതവും ഒറ്റപ്പെട്ട കാമുകി കാമുകന്മാരുടെ ശ്രീകോവിലും ആയി തീര്‍ന്നു. ആരണ്യകം സിനിമയില്‍ അമ്മിണി പോകുന്ന കാട്ടിലെ ക്ഷേത്രത്തെ അതോര്‍മ്മിപ്പിക്കുന്നുണ്ട്. അമേരിക്കിയില്‍ ജീവിച്ചുവെങ്കിലും ജിബ്രാന്റെ പേരുകൊണ്ട് അനശ്വരമായ സ്ഥലങ്ങളാണ് ബെയ്‌റൂട്ടും ലെബനോണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍.
അഗാധ നിശബ്ദത അല്ലാതെ മറ്റൊന്നും ആ ദേവാലയത്തില്‍ ഉണ്ടായിരുന്നില്ല.

സ്ത്രീ സൗന്ദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മാത്രമല്ല ശ്രീ സ്വാതന്ത്രത്തെയും വിമോചനത്തേയും അനശ്വരമാക്കിയ എഴുത്തുകാരന്‍കൂടിയായിരുന്നു ജിബ്രാന്‍. പാശ്ചാത്യ ദേശത്ത് മതങ്ങള്‍ക്ക് ആധിപത്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് പൗരസ്ത്യ ദേശത്ത് അത് തുടര്‍ന്നുവരുന്നത് സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ആ കൃതികളില്‍ കാണാവുന്നതാണ്.

”വൈദികര്‍ കെട്ടിപ്പൊക്കുന്ന ആരാധനാലയം ആരാധകരുടെ അസ്ഥികളുടേയും ശവക്കുഴികളുടേയും മുകളിലാണ്” എന്നും ”നിങ്ങള്‍ യൂദാസിനെ ശപിക്കുന്നു. കാരണം ഏതാനും വെള്ളിക്കാശിനുവേണ്ടി അയാള്‍ യേശുക്രിസ്തുവിനെ വിറ്റു. പേ എല്ലാദിവസവും അവനെ വിറ്റുകൊണ്ടിരിക്കുന്നവരെ നിങ്ങള്‍ അനുഗ്രഹിക്കുന്നു. യൂദാസ് സ്വന്തം ദുഷ്പ്രവൃത്തിയില്‍ പശ്ചാത്തപിക്കുകയും കെട്ടിത്തൂങ്ങി മരിക്കുകയും ചെയ്തു. പക്ഷേ ഈ വൈദികര്‍ അഭിമാനത്തോടേ നടക്കുന്നു….’ എന്നുമൊക്കെ മതത്തിലെ ഭൗതികാര്‍ത്തിയെക്കുറിച്ചും അതിനു നഷ്ടപ്പെട്ട ആത്മീയമൂല്യങ്ങളേയും ജിബ്രാന്‍ അതിനിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ട്.
മതത്തോടും ദൈവത്തോടും വിടപറഞ്ഞ നവോത്ഥാനാനന്തര യൂറോപ്പിന്റെ സാംസ്‌കാരിക പൈതൃകത്തെയാണ് ജിബ്രാന്‍ പിന്തുടരുന്നതെന്നു കാണാവുന്നതാണ്.

”കര്‍മ്മത്തില്‍നിന്ന് മതത്തേയും തൊഴിലില്‍നിന്ന് വിശ്വാസത്തേയും ആര്‍ക്കാണ് വേര്‍തിരിക്കാനാവുക”യെന്നും ”നിന്റെ ദൈനംദിന ജീവിതംതന്നെയാകുന്നു നിന്റെ ദൈവാലയവും മതവും” എന്നിങ്ങനെ പൗരോഹിത്യബാഹ്യ മതത്തേയും ദൈവത്തേയും ജിബ്രാന്‍ അനുഭവിപ്പിക്കുന്നത് വായിച്ചുതന്നെ അറിയേണ്ട ആത്മീയാനുഭൂതി തന്നെയാണ്.

Kahlil Gibran andThe Prophet: A Philosophy for Greenwich Village and the World - Village Preservation

മക്കൊണ്ടപോലെ ഖസാക്കുപോലെ ഓര്‍ഫാലീസും സാഹിത്യത്താല്‍ അനശ്വരമാക്കപ്പെട്ട സ്ഥലനാമമത്രേ…. ഇവിടെ വെച്ചാണ് അല്‍മുസ്തഫ ‘പ്രവാചകനി’ലെ തന്റെ വാക്കുകളെ അവതീര്‍ണമാക്കി അനശ്വരമാക്കുന്നത്.
പാലക്കാട്ടെ തസ്രാക്കോ കുടല്ലൂരും ഭാരതപ്പുഴയുമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഏതെങ്കിലും യുദ്ധത്താല്‍ ശ്മശാന്നവല്‍ക്കരിക്കപ്പെട്ടുവെന്നാലോചിക്കാന്‍ കഴിയുമോ ? മനുഷ്യ സംസ്‌കൃതിയില്‍ ചരിത്രം എന്നതുപോലെതന്നെ കലയും സാഹിത്യവും അടയാളപ്പെടുത്തുന്നുണ്ട്. മഹത്തായ ചരിത്രസ്മാരകങ്ങളേക്കാള്‍ മൂല്യമുണ്ടാകും ചിലപ്പോള്‍ സാഹിത്യപരമായ സ്ഥലനാമങ്ങള്‍ക്ക്. ജീവിതത്തേക്കാള്‍ വലുതാണ് കലയെന്നു പറയുന്നത് അതുകൊണ്ടുതന്നെയാണ്.

അറബിയിലും ഇംഗ്ലീഷിലും ഒരുപോലെഴുതാനുള്ള കഴിവുണ്ടായിരുന്ന ജിബ്രാന് സാഹിത്യത്തിലെന്നപോലെ ചിത്രകലയിലും തത്വചിന്തയിലുമുള്ള പ്രാവീണ്യം ആ ജീവചരിത്രത്തില്‍നിന്നും വായിച്ചെടുക്കാവുന്നതാണ്. മുറിവേറ്റ മനസ്സുകള്‍ക്കുള്ള ആശ്വാസമെന്നതുപോലെ ജീവിതത്തിന്റെ അര്‍ഥവും അര്‍ഥരാഹിത്യവും ആ കൃതികളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പ്രതിഷേധിക്കുന്ന ആത്മാവുകള്‍ എന്ന കൃതിയില്‍ ഷെയ്ക്ക് അബ്ബാസിന്റെ ചരിത്രത്തെക്കുറിച്ച് സ്ഥലവാസികളോടാരോടെങ്കിലും ചോദിക്കുകയാണെങ്കില്‍, തകര്‍ന്ന ചുമരുകളും ചരല്‍ക്കൂമ്പാരങ്ങളും ചൂണ്ടിക്കാട്ടി അയാള്‍ പറയും:

”ഇതാണ് ഷെയ്ക്കിന്റെ കൊട്ടാരം. ഇതാണ് അയാളുടെ ജീവിതത്തിന്റെ ചരിത്രം… നിങ്ങള്‍ ഖലീലിനെപ്പറ്റി അന്വേഷിക്കുക… അയാള്‍ ആകാശത്തേക്കു കൈകളുയര്‍ത്തി പറയും: ”ഞങ്ങളുടെ പ്രിയങ്കരനായ ഖലീല്‍ അവിടെ വസിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങളിലെ പുറങ്ങളില്‍ ദൈവം തങ്കലിപികളാല്‍ അവന്റെ ജീവിതം കുറിച്ചിട്ടിരിക്കുന്നു. അതിനെ കാലത്തിന് ഒരു നാളും മായ്ച്ചുകള യാനാവില്ല…’
മിസൈലുകളാല്‍ ഉഴുതുമറിക്കപ്പെട്ട ഇന്നത്തെ ഭൂമിയില്‍ സല്‍മാന്‍ കറാമിയുടെയും ജിബ്രാന്റെയും ശവകുടീരങ്ങള്‍ തേടി നിങ്ങളില്‍ ആരെങ്കിലും പോകുമ്പോള്‍ ഇതേ മറുപടി തന്നെ അവശേഷിക്കുന്ന ആരെങ്കിലും ഒരുപക്ഷേ ഇതുതന്നതെയായിരിക്കും പറയുക….

അമേരിക്കയുടെ നവനാഗരികതയും അതിന്റെ ആത്മീയമായ പാപ്പരത്തവും പീഡിപ്പിച്ച കവിഹൃദയത്തില്‍നിന്നും പുറത്തേക്കൊഴുകിയ ഹൃദയത്തിന്റെ രഹസ്യങ്ങള്‍ എന്ന കൃതിയില്‍ ജിബ്രാന്‍ ഇങ്ങനെ പാടുന്നുണ്ട് :

”എന്റെ ജനത സ്വേച്ഛാധിപതികളെയും
മര്‍ദ്ദകരെയും ആക്രമിച്ച് വിപ്ലവകാരികളായി
ചത്തൊടുങ്ങിയിരുന്നെങ്കില്‍
ഞാന്‍ പറയുമായിരുന്നു,
‘ദുര്‍ബലമായ വിധേയത്വത്തിന്റെ നിഴലില്‍
ജീവിക്കുന്നതിനേക്കാള്‍ കുലീനമാണ്
സ്വാതന്ത്ര്യത്തിനായ് പോരാടുന്നത്.
കരങ്ങളില്‍ സത്യത്തിന്റെ വാളുമേന്തി
മരണത്തെ പുല്‍കുന്നവന്‍
സത്യത്തിന്റെ അനശ്വരതയോടു ചേര്‍ന്ന്
അനശ്വരനായ് തീരും.
എന്തെന്നാല്‍ ജീവിതം മരണത്തെക്കാള്‍ ദുര്‍ബലമത്രേ.
മരണം സത്യത്തേക്കാള്‍ ദുര്‍ബലവും…’

ജീവിതത്തേക്കാള്‍ വലുതാണ് കലയെന്ന് ജിബ്രാന്റെ ജീവിതവും കൃതികളും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

No Comments yet!

Your Email address will not be published.