
മാടായിപ്പാറ എന്ന സ്ഥലത്ത് മനുഷ്യര്‍ കയറുന്നതിലും ഇറങ്ങുന്നതിലും ചില ചരിത്രങ്ങള്‍ ഉണ്ട്. മുമ്പ് കല്ലേന്‍ പൊക്കുടന്‍ എന്ന മനുഷ്യന്‍ ഒരിക്കല്‍ ഞങ്ങളോട് പറഞ്ഞതാണ്: ”മാടായിപ്പാറയില്‍ ഞാന്‍ പോകാറില്ല. എനിക്ക് പോകാന്‍ തോന്നാറില്ല. കാരണം അവിടെയാണ് എന്റെ പിതാക്കളെ കഴുവിമ്മേല്‍ കയറ്റുകയും അടിമക്കച്ചവടം നടത്തുകയും ചെയ്തത്.’‘ മാടായിപ്പാറയുടെയും പരിസരങ്ങളിലെയും കൃഷിയിടങ്ങളിലെ ചതുപ്പുകളിലെ തൊഴിലാളികളായ പുലയര്‍ വയനാട്ടില്‍ നിന്നും അതിനപ്പുറത്തുനിന്നുമുമുള്ള പുലയരായിരുന്നു എന്നൊരു ചരിത്രവുമുണ്ട്. അടിമത്ത വ്യവസ്ഥയിലാണ് ഉത്തരമലബാറിലെ ഈ കൃഷിയിടങ്ങളിലെ തൊഴില്‍സംസ്‌കാരം രൂപപ്പെട്ടത്. ഓണത്തിന് ഒരു മുറി തേങ്ങ, കുറച്ച് വെളിച്ചെണ്ണ തുടങ്ങിയവ തൊഴിലാളികള്‍ക്കു കൊടുത്താല്‍ അവര്‍ പിന്നെ വര്‍ഷം മുഴുവന്‍ ചാളകളില്‍ കിടന്ന് ജന്മിമാര്‍ക്ക് വേണ്ടി അടിമപ്പണി ചെയ്യണം. മാടായിക്കാവ് പോലെയുള്ള കാവുകളില്‍ അടിമപ്പണം വെക്കുന്നതുപോലെയുള്ള ചടങ്ങുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട് എന്നാണ് അറിവ്. മാടായിപ്പാറയുടെ തൊട്ടടുത്താണ് മാടായിക്കാവ് എന്ന് പറയുന്ന ഈ കാവും. ഈ അടിമപ്പണം വെക്കുന്ന ആചാരം എന്നത് മന്ത്രി വാസവന്‍ നടത്തിയ തിരുവനന്തപുരം തമ്പ്രാക്കന്മാര്‍ക്ക് വെക്കുന്ന കിഴിവെക്കല്‍ പോലെയുള്ള ഒരു പരിപാടിയുടെ ഉത്തരമലബാര്‍ വേര്‍ഷന്‍ കൂടിയാണ് – ഫ്യൂഡല്‍ അടിമത്തത്തിന്റെ പുതിയ വേര്‍ഷന്‍. അതേ സമയം ഉത്തരമലബാറില്‍ നോണ്‍വെജ് പ്രസാദം കൊടുക്കുന്ന ഒരു കാവ് കൂടിയാണ് മാടായിക്കാവ്.

മാടായിപ്പാറ എന്ന ഒരു ജിയോഗ്രഫിയില്‍ ടൂറിസ്റ്റുകളായി മനുഷ്യര്‍ വലിയ രീതിയില്‍ എത്തുവാന്‍ തുടങ്ങിയത് കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിനിടയിലാണ്. പക്ഷേ ഏറ്റവും വലിയ പാരഡോക്‌സിക്കല്‍ ആയ മറ്റൊരു രസം അതിലും കൂടുതല്‍ ആളുകള്‍ ഒരുപക്ഷേ മാടായിക്കാവില്‍ വരുന്നു എന്നതാണ്. എനിക്ക് ഓര്‍മ്മയുണ്ട്, ഒരു മുപ്പത്തി അഞ്ചു വര്‍ഷം മുമ്പ് ഞങ്ങള്‍ ഞങ്ങളുടെ അമ്മമ്മയോടൊപ്പം മാടായിക്കാവില്‍ തൊഴാന്‍ പോകുമായിരുന്നു. ഒരു ഉണ്ടക്കായയും ചായയും – അമ്മമ്മയുടെ വക ഒരു ഓഫര്‍ – ഉള്ളതാണ് മാടായിക്കാവിന്റെ ആകെ ഞങ്ങള്‍ക്കുള്ള ഒരു ആകര്‍ഷണം. മാടായിക്കാവില്‍ തൊഴുതു അമ്മമ്മയുടെ കസ്റ്റമേഴ്സിന് ചീരയും വിറ്റു, എരിപുരത്തെ കൃഷ്‌ണേട്ടന്റെ പീടികയില്‍ നിന്ന് ഉണ്ടക്കായയും വാങ്ങിച്ചു. മുറുമുറുവുള്ള ഉണ്ടക്കായ കഴിക്കുന്നത് അന്ന് രസമായിരുന്നു. അന്ന് ഞങ്ങള്‍ മാടായിക്കാവില്‍ പോകുമ്പോള്‍ ആ കാവില്‍ വളരെ കുറച്ച് മനുഷ്യര്‍ – ഒരു പത്തോ അമ്പതോ ഭക്തര്‍ – മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ മുപ്പത്തി അഞ്ചു വര്‍ഷത്തിന് ശേഷം ഇന്ന് എന്റെ അമ്മ ഇടക്ക് മാടായിക്കാവില്‍ പോകുമ്പോള്‍ തിരക്ക് കാരണം അടുക്കാന്‍ കഴിയില്ല എന്നു പറയുന്ന രീതിയിലേക്ക് ആ കാവ് വളര്‍ന്നു. കര്‍ണാടകത്ത് നിന്നുമുള്ള മനുഷ്യര്‍ ആ കാവിലേക്ക് ഒഴുകാന്‍ തുടങ്ങി. സിനിമാതാരങ്ങള്‍, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ – അങ്ങനെ പലരും ആ കാവിലേക്ക് ഒഴുകി തുടങ്ങി. മാടായിക്കാവ് ജനങ്ങളുടെ വലിയ കേന്ദ്രമായി. മാടായിപ്പാറയില്‍ വരുന്നത് പോലെയോ അതിനേക്കാളും വലിയ എണ്ണത്തിലോ മനുഷ്യര്‍ മാടായിക്കാവിലേക്ക് ഒഴുകി. ഒരു ജിയോഗ്രഫിയില്‍ ഭക്തിയുടെ എക്കണോമിയിലേക്കും സാംസ്‌കാരികതയിലേക്കും മാറുന്ന ഒരു മാറ്റം ആ കാവില്‍ ഉണ്ടായി.

മാടായിപ്പാറയില്‍ വേറെ ഒരു രീതിയിലാണ് മനുഷ്യര്‍ കയറുകയും ഇറങ്ങുകയും ചെയ്തത്. അവിടെ സിവില്‍ സമൂഹത്തിന്റെ സ്‌കൂള്‍ ഉണ്ട്, കോളേജ് ഉണ്ട്, ക്രിസ്ത്യന്‍ പള്ളി ഉണ്ട്, വാദിഹുദാ ഉണ്ട്, ലക്ഷംവീട് കോളനി ഉണ്ട്. ഒരു വശത്ത് മാടായിക്കാവും മറുവശത്ത് വടുകുന്ദ ശിവക്ഷേത്രവും എന്ന രീതിയിലാണ് മാടായിക്കാവിന്റെ ജിയോഗ്രഫിയെ ചിലരെങ്കിലും നിര്‍ണയിക്കുന്നത്. പക്ഷേ അത് ജിയോഗ്രഫിയുടെ നിര്‍ണയങ്ങളുടെ അധികാരങ്ങളുടെ വായനയാണ്. അവിടെ മാടായിപ്പാറയില്‍ മനുഷ്യര്‍ താമസിക്കുന്ന ലക്ഷംവീട് കോളനി, അല്ലാത്ത കോളനികളും ഉണ്ട്. അതിന്റെ ചുറ്റും ദളിതരുടെ ആവാസവ്യവസ്ഥ ഉണ്ട്. ജിയോഗ്രഫിയുടെ ചരിത്രം എഴുതുമ്പോള്‍ അത് എഴുതാത്തതാണ് ജിയോഗ്രഫിയുടെയും ഹിസ്റ്ററിയുടെയും പഠനങ്ങളുടെ പ്രശ്‌നം. അതുപോലെ തന്നെ വടുകുന്ദ ശിവക്ഷേത്രത്തിനും മാടായിക്കാവിനും ഇടയില്‍ ഉള്ള ഒരു ക്രിസ്ത്യന്‍ പള്ളിയുടെ ഒരു കുരിശിന്റെ ദൃശ്യത എനിക്ക് മനസ്സിലായത് ഒരു സിനിമയുടെ ഷൂട്ടിന്റെ ഇടയിലെ ഒരു ഡ്രോണ്‍ ഷോട്ടിലാണ്. പക്ഷേ കാവുകള്‍ക്കും അമ്പലങ്ങള്‍ക്കും പുറത്തുള്ള ഐഡന്റിറ്റികളെ ഈ ജിയോഗ്രഫിക്കല്‍ ലൊക്കേഷനിലേക്ക് ചേര്‍ത്ത് വെക്കുന്നത് അധികം കണ്ടിട്ടില്ല.
ഇനി ദേവസ്വംഭൂമി എന്ന് വാദിക്കുന്ന ഈ ഭൂമിയിലേക്ക് ആരൊക്കെ കയറി എന്ന് ഒന്ന് നോക്കാം. ഞങ്ങളുടെ ചെറുപ്പത്തില്‍ ഞാനും പ്ലാര സമുദായത്തില്‍പ്പെട്ട ഒരു കൂട്ടുകാരനും മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാ വൈകുന്നേരങ്ങളിലും മാടായിപ്പാറയില്‍ ചെന്നിരിക്കുമായിരുന്നു. അന്ന് ആ ഭൂമി ഒരു ഹോളിവുഡ് ലൊക്കേഷന്‍ പോലെ ആയിരുന്നു – ഏക്കറുകണക്കിന് വിശാലമായ ഭൂമി. എട്ടോ പത്തോ മനുഷ്യര്‍ അല്ലാതെ വേറെ ആരുമില്ലാത്ത ഒരു ഭൂമി. അവിടെ കോളനികളില്‍ മാടായിപാര്‍ക്കിനു ചുറ്റും ജീവിക്കുന്ന മനുഷ്യര്‍, മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, അവരുടെ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുറമെ പലതരം മനുഷ്യര്‍ അവിടെ കയറാറുണ്ട്. ഞങ്ങള്‍ മാടായിപ്പാറയുടെ തൊട്ടുതാഴെ ഉള്ള ശ്രീലക്ഷ്മി ടോക്കീസില്‍ കമ്പി പടം, ജാക്കി ചാന്‍ പടം, ജെറ്റ് ലീ പടം എന്നിവയൊക്കെ കാണാന്‍ പോകുമായിരുന്നു. ഒരു കാലത്ത് കക്കൂസ് ഇല്ലാതിരുന്ന കാലത്ത് മാടായിപ്പാറയിലെ ലക്ഷംവീട് കോളനിയില്‍ ഉള്ളവര്‍ അവിടെ വെളിക്കിരിക്കും. മാടായിപ്പാറ എന്ന ദേവസ്വംഭൂമി ‘മലീനമാകുന്നത്’ അതിന്റെ കൊട്ടിഘോഷിക്കുന്ന പ്യൂരിറ്റി നഷ്ടപ്പെടുന്നത് ഇങ്ങനെയൊക്കെയുമാണ്.
മോഡേണിറ്റി മാടായിപ്പാറയെ മാറ്റുന്നത് വേറെ ഒരു രീതിയിലാണ്. ഉത്തരമലബാറിലെ ഞങ്ങളുടെ ഇടങ്ങളിലെ ജാതി എന്നത് ഒരു തരത്തില്‍ ചെറുതായി ഡൈല്യൂട്ട് ചെയ്യുന്നത് ക്രിക്കറ്റ് കളിയിലൂടെ ആയിരുന്നു. ഞങ്ങള്‍ കോളനിയില്‍ നിന്ന് വരുന്ന പുലയര്‍ ആയിരുന്നെങ്കിലും ക്രിക്കറ്റ് നന്നായി കളിക്കുമ്പോഴും നല്ല ഫോമില്‍ ഉള്ളപ്പോഴും ക്രിക്കറ്റ്, ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഞങ്ങള്‍ക്ക് നല്ല വില കിട്ടും. പക്ഷേ ഇതേ ഗ്രൗണ്ടുകളില്‍ ചാലിയ പിള്ളേര്‍ പരസ്പരം ”പുലയരെ പോലെ പെരുമാറല്ലേടാ” എന്ന് പറയും. ഒരു ക്ഷേത്രത്തിന്റെ ഗ്രൗണ്ടില്‍ മറ്റു സമുദായങ്ങള്‍ കളിക്കാന്‍ പാടില്ല എന്ന തിട്ടൂരത്തിന്റെ പുറത്ത് കളി നിരോധിച്ചപ്പോള്‍ ഞങ്ങള്‍ മാടായിപ്പാറയില്‍ പോയി ക്രിക്കറ്റ് കളിച്ചു. അവിടെ ജാതിമതഭേദമന്യേ മാടായിപ്പാറയിലെ വടുകുന്ദ ശിവക്ഷേത്രത്തിന് അടുത്തുള്ള ക്രിക്കറ്റ് ഗ്രൗണ്ടില്‍ എല്ലാവരും ക്രിക്കറ്റ് കളിച്ചു. അവിടെ ജാതീയമായ തെറി വിളികള്‍ ഒക്കെ ഉണ്ടായിരുന്നു. വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് അപ്പുറം പല വിഭാഗങ്ങളിലുള്ള കുട്ടികളെ മാടായിപ്പാറയില്‍ ക്രിക്കറ്റ് എന്ന മോഡേണിറ്റി ഗെയിം ഒന്നിപ്പിച്ചു – അതൊരു രസകരമായ ട്രാന്‍സ്ഫര്‍മേഷന്‍ ആണ്. പക്ഷേ അത് കൊണ്ടൊന്നും ജാതി അവസാനിക്കുന്നില്ല. മാടായിപ്പാറ എന്ന ദേവസ്വംഭൂമി കമ്പി പടം കാണാന്‍ പോകുന്ന വഴിയായും, ക്രിക്കറ്റ് ഗ്രൗണ്ടായും, തൂറാനിരിക്കുന്ന ഭൂമിയായും പല മനുഷ്യരും പല തരത്തില്‍ മലീനമാക്കിയ ഒരു ജിയോഗ്രഫിക്കല്‍ ഹിസ്റ്ററിയും കൂടെയുണ്ട്.

ആദ്യമായി മോഡേണിറ്റിയുടെ ഒരു സിംപല്‍ കൂടിയായ ഹെലികോപ്റ്റര്‍ ഞങ്ങള്‍ കാണുന്നത് ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലാണ്. അന്ന് മാടായിപ്പാറ വിമാനത്താവളം ആക്കാന്‍ പദ്ധതി ഇട്ടു കരുണാകരന്‍ അവിടെ വന്നു തറക്കല്ലിട്ടു. അന്ന് ആ നാട്ടിലെ ആബാലവൃദ്ധം മനുഷ്യര്‍ ഹെലികോപ്റ്റര്‍ കാണാനും കരുണാകരനെ കാണാനും മാടായിപ്പാറയില്‍ ഒത്തുകൂടി. മോഡേണിറ്റി, ഹെലികോപ്റ്റര്‍ തുടങ്ങിയ വണ്ടറുകളാണ് അന്ന് മനുഷ്യരെ ശരീരങ്ങള്‍ തൊടുന്നതിലൂടെ അടുപ്പിച്ച് മാടായിപ്പാറയില്‍ തിക്കിനിറച്ചത്. മോഡേണിറ്റി അങ്ങനെ പല തരത്തില്‍ മനുഷ്യരെ മാടായിപ്പാറയില്‍ അടുപ്പിച്ചിട്ടുണ്ട്. അത് ഹിന്ദുത്വത്തിന്റെ തൊട്ടുകൂടായ്മയില്‍ നിന്ന് വ്യത്യസ്തമായിരുന്നു. കരുണാകരന്‍ ഇട്ട തറക്കല്ല് പിന്നെ പ്ലാരര്‍ തങ്ങളുടെ പശുവിനെ കെട്ടാന്‍ തങ്ങളുടെ ആലയിലേക്ക് കൊണ്ടുപോയി സ്ഥാപിച്ചെന്ന ഒരു കോമഡി ഞങ്ങളുടെ നാട്ടില്‍ പ്രചാരത്തിലുമുണ്ടായിരുന്നു. പക്ഷേ വിമാനത്താവളം വന്നിരുന്നെങ്കില്‍ മാടായിപ്പാറ എന്ന ജിയോഗ്രഫിയുടെയും അതിനു ചുറ്റും ജീവിക്കുന്ന കോളനിയിലെ മനുഷ്യരുടെയും ആ ജിയോഗ്രഫിയുടെയും പരിസരദേശങ്ങളിലെയും മനുഷ്യരുടെ ജീവിതങ്ങള്‍ സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും മാറിയേനെ. ഇപ്പോഴും മാടായിപ്പാറ ദേവസ്വംഭൂമിയായി നിലനില്‍ക്കുന്നതുകൊണ്ടാണ് അവിടെ സാംസ്‌കാരികമായ സാമൂഹികമായ ഒരു ചലനവും ഉണ്ടാകാത്തത്. അത് മാത്രംഅല്ല പല മൂവ്‌മെന്റുകളേയും അത് തടഞ്ഞിട്ടുമുണ്ട്.
മോഡേണിറ്റിയുടെ ഉല്‍പ്പാദനമായ സ്‌കൂട്ടര്‍ എന്ന വാഹനം മാടായിപ്പാറയില്‍ ഞങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. അന്ന് ഞങ്ങളുടെ വീട്ടില്‍ അച്ഛന്‍ ഒരു സ്‌കൂട്ടര്‍ വാങ്ങി – ഒരു പുതിയ ചേതക് സ്‌കൂട്ടര്‍. എന്റെ പതിനെട്ടാമത്തെ വയസ്സിലാണ് അത്. ”പുലയന്മാര്‍ സ്‌കൂട്ടര്‍ ഓടിക്കുകയോ?” എന്നൊരു ചോദ്യം ഒക്കെ നാട്ടില്‍ ഉണ്ടായി. ചേതക് മാറി പിന്നെ അത് യമഹ ബൈക്കായി. ഞാനും കൂട്ടുകാരും യമഹ ബൈക്കില്‍ ആ പ്രദേശത്തെ റോഡുകള്‍ ‘പിടിച്ചെടുത്തു’. മാടായിപ്പാറയിലൂടെ ഞങ്ങള്‍ ബൈക്കില്‍ പറന്നു; നമ്പ്യാന്മാരൊക്കെ നോക്കി നിന്നു; ചിലര്‍ പതുക്കെ ഓടിക്കണം എന്ന് ഉപദേശിച്ചു. ഏറ്റവും വലിയ രസം, പല കമ്മ്യൂണിറ്റിയിലുള്ള സുഹൃത്തുക്കള്‍ എന്റെ ബൈക്കില്‍ കയറി. ബൈക്ക് എന്ന ഒരു മോഡേണിറ്റിയുടെ യാത്രാവാഹനം എന്റെ കയ്യില്‍ ഉണ്ടായതുകൊണ്ടാണ് ആ സൗഹൃദങ്ങള്‍ എനിക്ക് ഉണ്ടായത് എന്ന് പിന്നീട് എനിക്ക് മനസ്സിലായി. ബൈക്കില്‍ ഞങ്ങള്‍ മാടായിപ്പാറയിലൂടെ പറന്നു കമ്പി പടം കണ്ടു. ബൈക്ക് നട്ട പാതിരാക്ക് മാടായിപ്പാറയില്‍ സൈഡ് ആക്കി കിടന്നു. ഞങ്ങളുടെ മുന്‍ തലമുറയില്‍പ്പെട്ട പൂര്‍വികരുടെ കഴുവേറ്റയാളുകളുടെ കരച്ചില്‍ ഞങ്ങള്‍ കേട്ടു. കല്ലേന്‍ പൊക്കുടന്‍ അടിമത്തത്തിന്റെ ചരിത്രം പറഞ്ഞതോടുകൂടി എനിക്കോക്കെ മാടായിപ്പാറ എന്റെ ഭൂമിശാസ്ത്രം അല്ലാതായി മാറി.
ജീവിതത്തില്‍ പലപ്പോഴും ഈ ഉത്തരമലബാറിലെ ‘സോഷ്യലിസത്തില്‍’ ജാതിവംശീയത നേരിടുമ്പോള്‍ ആ ജിയോഗ്രഫി തന്നെ വിട്ടുപോകണം എന്ന് തോന്നി. ഞങ്ങളുടെ കോളനിയെ ഈ ഇടതുപക്ഷ ഉത്തരമലബാര്‍ സഖാക്കള്‍ അടക്കം ”ദക്ഷിണാഫ്രിക്ക” എന്നായിരുന്നു കളിയാക്കി വിളിച്ചത്.

സിനിമ എന്ന ഒരു മാധ്യമം മാടായിപ്പാറയുടെ പ്യൂരിറ്റി വളരെ മനോഹരമായി നശിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷെ മണിരത്‌നം എന്ന സംവിധായകനായിരിക്കാം മാടായിപ്പാറ എന്ന ഒരു ലൊക്കേഷന്‍ ലോകത്തിനു മുമ്പില്‍ ആദ്യമായി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ അലൈ പായുതേ എന്ന സിനിമ അവിടെ ഷൂട്ട് ചെയ്തു. ജനങ്ങള്‍ വീണ്ടും മാടായിപ്പാറയിലേക്ക് ഒഴുകി. ഉത്സവങ്ങള്‍ക്കും പൂരംകുളികള്‍ക്കും പുറമെ സിനിമയും കരുണാകരന്റെ ഹെലികോപ്റ്ററും മാടായിപ്പാറയിലേക്ക് ജനങ്ങളെ കൊണ്ടുവന്നു. സിനിമ മാടായിപ്പാറയുടെ ജിയോഗ്രഫിയുടെ സാംസ്‌കാരികചരിത്രം തന്നെ മാറ്റിമറിച്ചു. അലൈ പായുതേ ഷൂട്ട് ചെയ്തതിനു ശേഷം നൂറുകണക്കിന് സിനിമകള്‍ അവിടെ ഷൂട്ട് ചെയ്തു. മാടായിപ്പാറ എന്ന ജിയോഗ്രഫി വളരെ ഫെയിമസ് ആയി. പിന്നെ പരസ്യചിത്രങ്ങള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്ററികള്‍ – അങ്ങനെ പല തരത്തിലുള്ള ഷൂട്ടുകള്‍. ലോകത്തിനു മുമ്പില്‍ മാടായിപ്പാറയുടെ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ അവിടേക്ക് പതുക്കെ ടൂറിസ്റ്റുകള്‍ ഒഴുകി തുടങ്ങി.

മാടായിപ്പാറയിലെ ദൃശ്യവാര്‍ത്തകളില്‍ പ്രധാനമായും അവിടെ പൂക്കുന്ന പൂക്കളെ ക്കുറിച്ചും, നീലക്കുറിഞ്ഞികളെ കുറിച്ചുമായിരുന്നു. നൂറുകണക്കിന് പരിസ്ഥിതി സമ്മേളനങ്ങള്‍ അവിടെ നടന്നു. ”മാടായിപ്പാറയുടെ പ്രകൃതി സംരക്ഷിക്കണം, മലീനമാക്കരുത്, ജൈവവൈവിധ്യങ്ങള്‍ നശിപ്പിക്കരുത്” എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പാട്ടുപാടുന്ന അതേ കാലത്താണ് പഴയങ്ങാടി പുഴയില്‍ കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിക്കപ്പെട്ടതും, കണ്ടല്‍ കാടുകള്‍ വെച്ച് പിടിപ്പിച്ച കല്ലേന്‍ പൊക്കുടനെതിരെ ”ഭ്രാന്തന്‍” എന്ന രീതിയിലുള്ള വര്‍ത്തമാനങ്ങള്‍ ഉണ്ടാകുന്നതും. ഒരു കാലത്ത് പുലയരെ അടിമകളാക്കി കഴുവേറ്റി കൊന്ന മാടായിപ്പാറ നശിച്ചു പണ്ടാരം മടങ്ങിയിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ ചിലപ്പോഴെങ്കിലും ആഗ്രഹിച്ചു അപ്പോഴാണ് അവിടത്തെ പൂക്കളും നീലക്കുറിഞ്ഞിയും ”സംരക്ഷിക്കണം” എന്ന പരിസ്ഥിതി മുദ്രാവാക്യത്തില്‍ ഞങ്ങള്‍ ഉള്ളില്‍ ചിരിച്ചത്. മനുഷ്യരെ മാറ്റി നിര്‍ത്തി മനുഷ്യരെ അടിമകളാക്കിയ ചരിത്രത്തെ മാറ്റിയ ഒരു പ്രത്യേക തരം പരിസ്ഥിതി ആക്റ്റിവിസം. ഇപ്പോഴും മാടായിപ്പാറയില്‍ വാഹനങ്ങള്‍ കയറി ജൈവികത നശിപ്പിക്കുന്നു എന്ന വാര്‍ത്ത ആഴ്ചയില്‍ രണ്ടു തവണ വരുമ്പോള്‍, ”ഒരു കാലത്ത് മനുഷ്യരെ അടിമത്ത വിപണിയിലൂടെ ഇല്ലാതാക്കിയ മാടായിപ്പറക്കൊക്കെ എന്ത് ജൈവികത?” എന്ന് ഞങ്ങള്‍ ആലോചിച്ചു. എനിക്ക് മാടായിപ്പാറ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇമേജായതിനാല്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷോര്‍ട്ട് ഫിലിം അവിടെ ഷൂട്ട് ചെയ്തു. മാടായിപാര്‍ക്കിനു ചുറ്റും ജീവിക്കുന്ന ദളിതനായ മനുഷ്യര്‍ ആ ഷോര്‍ട്ട് ഫിലിമില്‍ പ്രവര്‍ത്തിച്ചു. ഒരു ഡ്രോണ്‍ ഷോട്ട് ഷൂട്ട് ചെയ്യുമ്പോള്‍, ഒരു കാലത്ത് അടിമകളാക്കി വിട്ട പൂര്‍വികരുടെ ചെറുമക്കള്‍ ആ പാറയിലൂടെ ഡ്രോണ്‍ ഷോട്ട് പറത്തുന്നതായി ഞാന്‍ വെറുതെ ഫീല്‍ ചെയ്തു.
സിനിമ എന്ന മാധ്യമത്തിലൂടെ മാടായി പാറ ഫേമസ് ആയതോടു കൂടെ അവിടേക്ക് ടൂറിസ്റ്റുകള്‍ പതുക്കെ വരാന്‍ തുടങ്ങി. കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിനുള്ളില്‍ അത് പല ദേശങ്ങളില്‍ നിന്നുള്ള പല തരം മനുഷ്യര്‍ ആയി. പല തരം സമൂഹങ്ങളിലെ മനുഷ്യര്‍ അവരുടെ ഒഴിവുകാല ദിവസങ്ങളിലെ വൈകുന്നേരങ്ങള്‍ പുതിയ സാംസ്‌കാരികതയിലെ ഈവനിംഗ് ഔട്ടിങ് എന്ന രീതിയില്‍ മാടായിപ്പാറയില്‍ ചിലവഴിച്ച് മുസ്ലിം സമുദായങ്ങളിലെ കുടുംബങ്ങള്‍ അവരുടെ എക്‌സ്‌കര്‍ഷന്‍ സ്‌പോട്ട് ആക്കി. പലതരം ഐഡന്റിറ്റികള്‍ ഉള്ള മനുഷ്യര്‍ അവിടെ ഒത്തുകൂടി.
അവിടെയാണ് അത്തരമൊരു ഒത്തുകൂടലിനെക്കുറിച്ച് ”മാടായിപ്പാറയില്‍ ഓണം ആഘോഷിക്കാന്‍ ഒത്തുകൂടിയ മനുഷ്യരിലേക്കുള്ള പ്രകടനവുമായി മുസ്ലിം സ്ത്രീകള്‍ വന്നു” എന്ന തരത്തിലുള്ള ഒരു നറേറ്റീവ് കേരളം എന്ന ചപ്പടാച്ചി സൃഷ്ടിക്കുന്നത്. സത്യത്തില്‍, മാടായിപ്പാറയിലെ ഒത്തുകൂടലിനെ ഒരു ”ഓണാഘോഷം” എന്ന പരിപാടിയിലേക്ക് ചുരുക്കേണ്ടതല്ല. അത് എല്ലാവരും ഒന്നാണ് എന്ന ഒരു ഓണസങ്കല്പത്തില്‍ നിലനില്‍ക്കുന്ന ഒത്തുകൂടല്‍ അല്ല. മറിച്ച്, പലതരം മനുഷ്യര്‍ പലതരം ഐഡന്റിറ്റികളായി, പല ഗ്രൂപ്പുകളായി, അവരവരുടേതായ ആഘോഷങ്ങളുമായി നില്‍ക്കുന്ന ഒരു കൂട്ടമായിരുന്നു എന്നതാണ് വാസ്തവം. അവിടെയാണ് ”ഓണം” എന്ന നറേറ്റീവ് ഉണ്ടാക്കി, ‘‘പലസ്തീനിനു വേണ്ടി മുദ്രാവാക്യം വിളിച്ച മുസ്ലിം വനിതാ സംഘടന വര്‍ഗീയ വിഭജനം സൃഷ്ടിച്ചു” എന്നൊരു കഥ നിര്‍മ്മിക്കുന്നത്. അത് ഹിന്ദുത്വവും ദേവസ്വവും ചെയ്യുന്ന വംശീയതയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു കേരള നറേറ്റീവ് തന്നെയാണ്. ഒരു നഗരംപോലെ, ഒരു ചന്തപോലെ, ഒരു പൊതു ഇടംപോലെ, ഓണത്തിന്റെ ദിവസം പലതരം മനുഷ്യര്‍ അവിടെ ഇടപഴകി. പക്ഷെ അത് പിന്നീട് നൈസ് ആയി ”ഓണം” എന്ന ഒരു പക്ഷവും ”മുസ്ലിം സ്ത്രീകള്‍” എന്ന അപര പക്ഷവും ആക്കി മാറ്റുകയായിരുന്നു.

ഈ മാടായിപ്പാറയിലെ ടൂറിസം മനുഷ്യരെ എങ്ങനെ മാറ്റി എന്ന് കൂടി നോക്കാം. അവിടെ ടൂറിസവുമായി ബന്ധപ്പെട്ട് ആളുകള്‍ വന്ന് തുടങ്ങിയതോടുകൂടി പല മനുഷ്യരും പല തരത്തിലുള്ള കച്ചവടങ്ങളുമായി അവിടെ എത്തി. ബോചെയുടെ ചായപ്പൊടി മുതല്‍ തട്ടുകട വരെ, ഞങ്ങളുടെ കോളനിയിലെ അമ്മമാരുടെ പായസക്കച്ചവടം അടക്കം പൊടി പൊടിച്ച് പലരുടെയും ജീവിതം ചെറുതായി പച്ചപിടിച്ചു. പുതിയ ഓണ്‍ലൈന്‍ കാലത്ത് പലതരം പുതിയ ബിസിനസ് സ്ട്രാറ്റജികളും പരീക്ഷിക്കാനുള്ള ഒരു ടൂറിസം സ്പോട്ട് ആയി അത് മാറി. പക്ഷേ ഭരണകൂടം നൈസ് ആയി ഈ കച്ചവടങ്ങള്‍ ഒക്കെ പൂട്ടിച്ചു – ഞങ്ങളുടെ കോളനിയിലെ ചേച്ചിമാരുടെ പായസക്കച്ചവടം അടക്കം ഒഴിവാക്കി ഒരു ദേവസ്വം ഭൂമിയെ ഭരണകൂടത്തിന്റെ ഒത്താശയോടെ പ്യൂരിഫൈ ചെയ്യുന്നത് അങ്ങനെ തന്നെയാണ്.
ദേവസ്വം ഭൂമി എന്ന് അവകാശപ്പെടുന്ന ഒരു ഭൂമി വളരെ പ്യൂര്‍ ആണെന്നും, അവിടെ തങ്ങള്‍ അനുവദിക്കുന്ന മനുഷ്യര്‍ വരാമെന്നും, തങ്ങളുടെ മെഡിയോകര്‍ പരിസ്ഥിതി വിപ്ലവങ്ങള്‍ നടത്താമെന്നും, അവിടെ ടൂറിസത്തിന്റെ ഭാഗമായി ഓണത്തിന്റെ ദിവസം വരുന്നവര്‍ മുഴുവന്‍ ഓണം ആഘോഷിക്കാന്‍ വരുന്ന ഒരു ഒറ്റ ജനതയാണ് വരുന്നുവെന്നും എന്നൊരു നറേറ്റീവ് ആണ് ആദ്യം കേരളം മാടായി പാറയില്‍ ഉണ്ടാക്കിയത്. അവിടേക്ക് പ്രകടനവുമായി മുസ്ലിം സ്ത്രീകള്‍ വന്നാല്‍ അത് വര്‍ഗീയ വിഭജനവുമായി. ആണെന്ന് പറയുന്നത് ഒരു മണ്ടത്തരമാണ്. ഈ ഒഓണം ആഘോഷിക്കാന്‍ വരുന്ന മനുഷ്യരുടെ ഇടയില്‍ തന്നെ ജാതി, മത, വര്‍ഗീയ, വംശീയത വേണ്ടുവോളം ഉണ്ട് എന്നൊരു ബേസിക് ആയ കോമണ്‍ സെന്‍സ് ഇല്ലാത്തവരാണ് പറയുന്നത്. പക്ഷേ പാലസ്തീനിന് വേണ്ടി പ്രകടനം നടത്തിയ സ്ത്രീകള്‍ ഉണ്ടാക്കിയത് വേറെ ഒരു നറേറ്റീവ് ആണ് – ഏതൊരു ജ്യോഗ്രഫിയും ശുദ്ധമല്ലെന്നും, തെരുവിലും ചന്തയിലും, ബസ് സ്റ്റാന്‍ഡിലും മാത്രമല്ല മുദ്രാവാക്യങ്ങള്‍ വിളിക്കാനുള്ള ഇടമെന്നും, ആളുകള്‍ കൂടുന്ന ഏതൊരു ഇടവും മുദ്രാവാക്യം വിളിക്കാമെന്നും, ഒരു ഇടവും പ്യൂര്‍ അല്ലെന്നും, ആ മുദ്രാവാക്യം വിളിയിലൂടെ അവര്‍ നടത്തുന്നുമുണ്ട്. അതിനെ ശുദ്ധി/അശുദ്ധി സങ്കല്‍പ്പത്തിലൂടെ മുദ്രാവാക്യം വിളി എന്നത് ഒരു അശുദ്ധി പ്രവര്‍ത്തിയാണെന്നും, പാലസ്തീനിനു വേണ്ടി സംസാരിക്കേണ്ട ഇടം അല്ല മാടായി പാറ എന്നൊരു നറേഷന്‍ ഉണ്ടാക്കുകയാണ്. ഇതാണ് പുരോഗമന കേരളത്തിന്റെ അടിത്തട്ടിലെ ശുദ്ധീകലാശ നറേറ്റീവ്. പക്ഷെ ഏറ്റവും കൂടുതല്‍ വംശീയത രൂപപ്പെട്ട ഒരു ഇടം കൂടിയാണ് മാടായി പാറ. അവിടെ മാനുഷരെല്ലാം ഒന്ന് പോലെ ഓണം ആഘോഷിക്കുകയാണ് എന്നൊക്കെ പറഞ്ഞാല്‍ ചിരിക്കാനേ പറ്റൂ.
ഇങ്ങനെ ആണ് കേരളം ഒരു ‘അശുദ്ധമായ’ പല തരത്തിലുള്ള വൈവിധ്യങ്ങള്‍, പല തരത്തിലുള്ള മോഡേണിറ്റികളിലൂടെയും വിവേചനങ്ങളിലൂടെയും ചരിത്രപരമായ നീക്കങ്ങളിലൂടെയും രൂപപ്പെട്ട, വളരെ വിഘടനാത്മകമായ മാടായിപ്പാറ ജ്യോഗ്രഫിയെ ഓണം എന്ന ഒരു നറേറ്റീവ് വഴി ‘ഒന്നിപ്പിക്കാന്‍’ ശ്രമിക്കുന്നത്. ഓണം ആഘോഷിക്കാന്‍ വന്നവര്‍ ഒരു കൂട്ടരും, പ്രകടനം വിളിക്കാന്‍ വന്നവര്‍ വില്ലത്തികളും വര്‍ഗീയവാദികളും ആയി. അങ്ങനെ നല്ല രസകരമായ കോണ്‍സോളിഡേഷന്‍ ഉണ്ടാക്കി. അത് കേരളം നടത്തുന്ന ഒരു ഹിന്ദുത്വ കോണ്‍സോളിഡേഷന്‍ ആണ്. അവിടേക്ക് പ്രകടനമായി വന്ന മുസ്ലിം സ്ത്രീകളെ അപരവല്‍ക്കരിച്ച് പ്രശ്‌നക്കാരാക്കി. അവര്‍ പ്രകടനം നടത്തിയത് കൊണ്ടാണ് വര്‍ഗീയ വിഭജനം നടന്നത് എന്നൊരു നറേറ്റീവ് ഉണ്ടാക്കുവാന്‍ ശ്രമിച്ചു. പക്ഷേ പല തരത്തിലുള്ള വംശീയ വിഭജനങ്ങള്‍ മുമ്പുതന്നെ ഉള്ള ഒരു സ്ഥലമാണ് മാടായിപ്പാറ എന്ന ചരിത്രം ‘നൈസ്’ ആയി മൂടി വെച്ചു. ഹിന്ദുത്വത്തിനുവേണ്ടി കേരളം നല്ല നൈസ് ആയി അഴിഞ്ഞാടി. മുസ്ലിം സ്ത്രീകള്‍ പ്രതികളായി. നല്ല നൈസ് ഐഡിയയാണ്. ഭരണകൂട ലോജിക്ക് ഒക്കെ കോമഡി ആണ്. അതിലൂടെ അതിനു മുമ്പ് നടന്ന ഹിന്ദുത്വത്തിന്റെ സകല വംശീയ വിവേചനത്തിന്റെയും അടിമത്തത്തിന്റെയും വേര്‍തിരിവുകളും കുഴിച്ച് മൂടി.
മനുഷ്യരെ കൊന്നൊടുക്കുന്ന പലസ്തീനിലെ ഏറ്റവും വലിയ വംശീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിച്ച മുസ്ലിം സ്ത്രീകളെ അപരവൽക്കരിച്ച്, കേരളം മാടായിപ്പാറ എന്ന ജ്യോഗ്രഫിയിലൂടെ നടത്തിയ ഹിന്ദുത്വ ജാതി-വംശീയതയുടെ ചരിത്രത്തെ കുഴിച്ച് മൂടുക കൂടി ആണ് ഓണം എന്ന ഏകതാനമായ ഒരു നിര്‍മ്മിതിയിലൂടെ ചെയ്യുന്നത്. എന്തിനും ഒരു മുസ്ലിം ‘അപരത്വം’ ഉണ്ടാക്കി പല വംശീയതകളും മറച്ചുവെക്കാനുള്ള ഒരു സൂത്രത്തിന്റെ പേരാണ് കേരളം. അല്ലെങ്കില്‍ പുരോഗമന നവോത്ഥാന കേരളം.







No Comments yet!