Skip to main content

ബക്യുറൗ; വയലൻസുകളുടെ രാഷ്ട്രീയ സൗന്ദര്യം

കേരളത്തിലെ ഏകദേശം ഇരുപത്തി ആറായിരം ദളിത് കോളനികൾ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. അവ കേരളത്തിന്റെ സാംസ്കാരിക ദൃശ്യതയിലും പൊതു ചരിത്രത്തിലും അതിന്റെ അധികാര ഇടങ്ങളിലും എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഈയിടെ ആണ് അത്തരം ചരിത്രങ്ങളുടെ ദൃശ്യതകൾ കേരളത്തിൽ ഉയിർക്കുന്നത്. കേരളത്തിലെ സാംസ്കാരിക ഫ്യൂഡലിസം ഇത്തരം ദേശങ്ങളെ അപാരവൽക്കരിക്കുകയും അപരിഷ്കൃതരായി ചിത്രീകരിക്കുകയും നിരൂപിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ ഉയിർപ്പോടെയാണ് ഇത്തരം കോളനികളുടെ ഇമേജുകൾ മാറ്റം കാണുന്നത്. പോസ്റ്റ്-ഡിജിറ്റൽ കാലത്തെ അനേകം ദൃശ്യതകൾ കേരളത്തിലെ ഇത്തരം അപാര സ്ഥലങ്ങളുടെ ദൃശ്യതകളെ അട്ടിമറിച്ചിട്ടുണ്ട്. ഇത്തരം ചരിത്ര രേഖകൾ നിർമ്മിക്കപ്പെട്ടുവെങ്കിലും പൊതു ഇടത്തിൽ അവയെ തൊടാൻ പേടിക്കുന്ന ഒരു സമൂഹം കൂടെ ആണ് ഇവിടത്തേത്.

ലേഖകന്റെ ദേശമായ പെരിങ്ങീലിനെ (കണ്ണൂര്‍ ജില്ല) കുറിച്ചുള്ള, ലേഖകന്‍ ചെയ്ത ഡോക്യുമെന്ററി

കോവിഡ് കാലത്താണ് മനുഷ്യൻ ഒരുതരത്തിൽ ഓർമ്മകളെ റീ-പ്രോസസ് ചെയ്യുന്നത്. അത് പല രീതികളിൽ നടന്നിട്ടുണ്ടാകാം. കോവിഡ് കാലത്താണ് ബക്യുറൗ എന്ന ബ്രസീലിയൻ സിനിമ ആദ്യമായി കാണുന്നത്. ഓര്മ്മകളെ പല വിധത്തിൽ പ്രോസസ് ചെയ്ത ഈ കാലത്ത് ബക്കാറു എന്ന സിനിമ ഓർമ്മകളെ അട്ടിമറിച്ചു എന്നു തന്നെ പറയാം. ആ സിനിമ കണ്ടതോടെ ഞങ്ങൾ ജീവിച്ചും പരിചയിച്ചും വന്ന ദളിത് കോളനികളുമായി ബന്ധപ്പെടുത്തി ഓർമ്മകളെ റീ പ്രോസസ് ചെയ്യുന്ന ഒരു പ്രക്രിയയിലേക്ക് ഞാൻ കടന്നു. കേരളത്തിലെ പൊതു നോട്ടങ്ങളുടെ ദാരിദ്ര്യം, കോളനികൾക്കായുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കപ്പുറം ബക്കാറു കോളനികളിലെ ഓർമ്മകൾ, ചിന്തകൾ, ജീവിതങ്ങൾ, യുദ്ധങ്ങൾ, ആഘോഷങ്ങൾ എന്നിവയെ വേറിട്ട രീതിയിൽ ഓർമ്മകളിലേക്ക് കൊണ്ടുവന്നു.
ബക്യുറൗയിലെ വടക്കൻ ബ്രസീലിലെ ഗ്രാമത്തെപ്പോലെ തന്നെയായിരുന്നു എന്റെ അച്ഛന്റെ നാട്. ഒരുകാലത്ത് ചതുപ്പിൽ കൃഷിയടിമവേല ചെയ്തിരുന്ന ഈ ഭൂപ്രദേശം കേരളത്തിലെ പ്രധാന ഗ്രാമങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. വർഷത്തിൽ വല്ലപ്പോഴും വരുന്ന പോസ്റ്റ്മാൻ, ഓണത്തിന് ഉണ്ണിയപ്പം ചോദിച്ച് വരുന്ന മുസ്ലിം പെൺകുട്ടികൾ, ഇടയ്ക്ക് എത്തുന്ന ഇടതുപക്ഷ രാഷ്ട്രീയക്കാർ, ഭൂമിയിലെ ജന്മികൾ—ഇവരാണ് ആ പുഴയോര ചതുപ്പ് കോളനിയിലെ സന്ദർശകർ. പിന്നീട് വന്ന ഒരു കിലോമീറ്റർ നീളമുള്ള റോഡാണ് ആ ദേശത്തെ പൊതുഇടത്തോട് ബന്ധിപ്പിച്ചത്. ജാതിവംശീയതയുടെ കാര്യം പറയേണ്ടതില്ല. ഏകദേശം ബക്യുറൗ പോലുള്ള ഒരു ലോകം.

Bacurau - The Criterion Channel

ബക്യുറൗ അത് കൊണ്ട് തന്നെ എന്റെ ദേശത്തെക്കുറിച്ചുള്ള ഓർമ്മകളെ അട്ടിമറിക്കുന്നു. ബക്യുറൗവിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കുളിക്കുന്ന ഒരു ആഹ്ലാദകരമായ രംഗമുണ്ട്. പത്ത് വർഷമായി നിലനിൽക്കുന്ന വരൾച്ചയുടെ പശ്ചാത്തലത്തിൽ വെള്ളം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് ആ കൂട്ടക്കുളി. അതുപോലെ ഞങ്ങളുടെ ദേശത്തും മഴക്കാലത്ത് പുഴവെള്ളം ശുദ്ധമാകുമ്പോൾ വെള്ളം സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് കുളിക്കുന്ന പതിവുണ്ടായിരുന്നു. ഒരു സിനിമ കാണുമ്പോഴാണ് വടക്കൻ ബ്രസീലിലെ ഒത്തുകൂടലുകൾ ഞങ്ങളുടേതിനോട് സാമ്യമുണ്ടെന്ന് തിരിച്ചറിയുന്നത്. ബക്യുറൗവിലെ യുദ്ധങ്ങൾ, വരൾച്ച, കൂട്ടായ്മകൾ, മൈക്രോ-കൾച്ചറുകളിലെ ആചാരങ്ങൾ, വയലൻസ് എന്നിവ ഉത്തര മലബാറിലെ ഉപ്പുവെള്ളം ചേർന്ന ചതുപ്പിൽ ജീവിച്ച ദളിത് മനുഷ്യരുടെ ജീവിതത്തോട് സാമ്യമുള്ളവയാണ്. ബക്കാറുവിൽ നിയോ-കാപ്പിറ്റലിസത്തോടാണ് തദ്ദേശീയർ യുദ്ധം ചെയ്തതെങ്കിൽ, ഞങ്ങൾക്ക് “പൊതു കേരളം” എന്ന ഘടനയോടാണ് ഏറ്റുമുട്ടേണ്ടി വന്നത്.

ബക്യുറൗ എന്ന ദേശത്തിന്റെ ജിയോഗ്രഫി കേരളത്തിലെ അപരരായ ദളിത് സമൂഹങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാവുന്നതാണ്. തമിഴ്നാട്ടിൽ നിന്നുള്ള കൂഴങ്കൾ എന്ന സിനിമയിലും ഇത്തരമൊരു ഗ്ലോബൽ ജിയോഗ്രഫി കണ്ടിട്ടുണ്ട്. വരൾച്ച ബാധിച്ച വിശാലമായ ഭൂപ്രദേശങ്ങൾ രണ്ടുസിനിമകളിലും ദൃശ്യമാണ്. പത്ത് വർഷത്തോളം മഴ പെയ്യാത്ത ബക്കാറു, കുറ്റിക്കാടുകൾ, വെള്ളം കൊണ്ടുവരുന്ന ടാങ്കർ ലോറികൾ, അവയ്ക്ക് നേരെ പതിക്കുന്ന വെടിയുണ്ടകൾ, കൊലപാതകങ്ങൾ, — ഇവ ഇന്ത്യൻ സമൂഹത്തിലെ പല അപര ഗ്രാമങ്ങളിലുമുള്ള കാഴ്ചകളോട് സാമ്യമുള്ളവയും വ്യത്യാസപ്പെട്ട്‌ കിടക്കുന്നവയുമാണ്.

നിയോ-കാപ്പിറ്റലിസവും ഇൻഡിജിനസ് സമൂഹവും തമ്മിലുള്ള യുദ്ധമായാണ് ദ്വന്ദത്മകമായി ഈ സിനിമ ചിത്രീകരിക്കുന്നത്. ഖനനവും ഭരണകൂടവും നിരന്തരം അതിക്രമിച്ച് കയറുന്ന ദേശം. അതിനെ പ്രതിരോധിക്കാൻ അവിടുത്തെ മനുഷ്യർ ഒരു തരത്തിലുള്ള അകലം സ്വയം സൃഷ്ടിച്ചിരിക്കുന്നു. അതേ സമയം ഭൂപടത്തിൽ നിന്ന് തന്നെ ബക്യുറൗ അപ്രത്യക്ഷമാകുന്നു. പുരോഗമന കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ കോളനികളുടെ അപര ജീവിതങ്ങൾ ഇല്ലാതാകുന്നതിന്റെ വേറെ ഒരു രൂപം ആണിത്. ബക്യുറൗലെ ഗിത്താർ വായിക്കുന്ന വൃദ്ധൻ ആ സമൂഹം സൃഷ്ടിക്കുന്ന ഇൻഡിജിനസ് ആഹ്ലാദത്തിന്റെ പ്രതീകമാണ്. അത് പോലെ അവിടെ അവർ ആഘോഷിക്കുന്ന വേശ്യാലയാവുമുണ്ട്. നിയോ-കാപ്പിറ്റലിസത്തിന്റെ ഉപകരണമാകുന്ന ഡ്രോൺ ഗ്രാമത്തിലെ കൊലപാതകങ്ങൾ രേഖപ്പെടുത്തുന്നു. എന്നാൽ ഗ്ലോബലൈസേഷനും പോസ്റ്റ്-ഡിജിറ്റൽ യുഗവും കഴിഞ്ഞ് കേരളത്തിലെ കോളനികൾ പുതിയ ദൃശ്യതയിലേക്ക് കടന്നിട്ടുണ്ട്. ഇതാണ് ബക്കാറുവും കേരളവും തമ്മിലുള്ള പ്രധാന വൈരുധ്യം. ബക്കാറു ദ്വന്ദാത്മകമായ ഒരു യുദ്ധം മുന്നോട്ടുവെക്കുന്നു; കേരളത്തിലെ സബാൽട്ടേണുകൾ പലപ്പോഴും വേറിട്ട വഴികളിലൂടെ വികസനത്തിലേക്ക് നീങ്ങി.

ഈ സിനിമയിൽ ഞെട്ടിച്ചതും ആഹ്ലാദിപ്പിച്ചതും തദ്ദേശീയരുടെ വയലൻസാണ്. വയലൻസിനെതിരായ മോറൽ സ്റ്റിഗ്മകളെ സിദ്ധാന്തങ്ങളെ മറികടന്ന് അധിനിവേശകരുടെ തല തെറിപ്പിക്കുന്ന വെടിയുണ്ടകൾ അവർ ഉതിർക്കുന്നു. നഗ്നരായ വയോധിക ദമ്പതികൾ നടത്തുന്ന ആക്രമണം സിനിമാ ചരിത്രത്തിലെ ഞെട്ടിക്കുന്ന ദൃശ്യമാണ്. അമേരിക്കയ്ക്ക് വിയറ്റ്നാം നൽകിയ മറുപടിപോലെ, അധിനിവേശക്കാർക്ക് അന്യായ പണി നൽകുന്ന രീതിയിലാണ് അവർ പ്രതികരിക്കുന്നത്—വെടിയിലും കൊലപാതകങ്ങളിലും കുഴിച്ചുമൂടലുകളിലും. കേരളത്തിലും കോളനികളിൽ തോക്കുകൾ ഇല്ലാതിരുന്നെങ്കിലും ഫ്യൂഡലിസത്തിനെതിരായ മൈക്രോ-യുദ്ധങ്ങൾ നിലനിന്നിരുന്നു. ഇടതുപക്ഷ-നക്സലൈറ്റ് ‘വിപ്ലവ ചരിത്രങ്ങളുടെ’ തളളുകളിൽ ആ സബാൽട്ടേൺ യുദ്ധങ്ങൾ ഇനിയും പൂർണ്ണമായി പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. നരച്ച ജിയോഗ്രഫിയിൽ തദ്ദേശീയരുടെ വയലൻസിന്റെ സൗന്ദര്യം ആഘോഷിക്കുന്നതിൽ ബക്കാറു വേറിട്ട ദൃശ്യഭാഷ സൃഷ്ടിക്കുന്നു. തോക്കുപിടിച്ച് അധിനിവേശക്കാരെ കൊന്ന് കുഴിച്ചുമൂടുന്നതും മേയറിനെ കഴുതപ്പുറത്ത് കയറ്റി അയക്കുന്നതും ഒരു രാഷ്ട്രീയ സൗന്ദര്യമായി മാറുന്നു.

തികച്ചും ദ്വന്ദാത്മകമായ നിയോ-കാപ്പിറ്റലിസത്തിനെതിരായ യുദ്ധമാണ് ബക്യുറൗ സൃഷ്ടിക്കുന്നത്. അതേ സമയം ലോകത്തിലെ അപാര ദേശങ്ങളുടെ ദൃശ്യതകൾ സിനിമയിൽ പകർത്താനുള്ള ഊർജം പുതിയ ഫിലിം മേക്കേഴ്സിന് ഈ സിനിമ നല്കുന്നുണ്ട്. അപരരായ ഇൻഡിജിനസ് മനുഷ്യർ തോക്കെടുത്ത് ഹീറോകളാകുന്ന പതിവ് ഹീറോയിസങ്ങളെ ഇത് ചോദ്യം ചെയ്യുന്നു. പ്ലോട്ടിന്റെ രാഷ്ട്രീയത്തിൽ മാത്രമല്ല, സിനിമയുടെ ജിയോഗ്രഫി, മനുഷ്യരുടെ ശരീരങ്ങൾ, അവർ ഉപയോഗിക്കുന്ന തോക്കുകൾ, അവർ നിൽക്കുന്ന മണ്ണ്, വയലൻസ് —ഇവയെല്ലാം കഥാപാത്രങ്ങളാകുന്നു. പുതിയ തുറവിലേക്കു നയിക്കുന്ന രാഷ്ട്രീയവും സൗന്ദര്യവും ഈ സിനിമ സൃഷ്ടിക്കുന്നു.

No Comments yet!

Your Email address will not be published.