നീതിയുടെ പക്ഷത്തുള്ള മൂന്നു പേർ. ഫാസിസ്റ്റ് ഭരണകൂടം തൂക്കിക്കൊന്ന മൂന്നു പേരിൽ ഒരറ്റത്ത് ന്യായാധിപനാണ്. ഭരണാധികാരിയുടെ ഇംഗിതം നടപ്പാക്കാത്തതിനുള്ള ശിക്ഷയാണയാൾക്ക് കിട്ടിയത്. ഒരറ്റത്ത് കലാകാരനാണ്. കൊലപാതകത്തിന് തൊട്ടുമുമ്പ് മനോഹരമായ ഒരു ശിൽപം ചെയ്ത് കീഴടങ്ങാനുള്ള അവസരം അദ്ദേഹത്തിന് കിട്ടുന്നുണ്ട്. പക്ഷെ…!
മരണത്തിനഭിമുഖമായി നിൽക്കുമ്പോൾ ആ കലാകാരൻ ചെയ്ത ശിൽപം എന്താവാം?
അതെത്ര മാത്രം പ്രകോപിപ്പിച്ചിട്ടുണ്ടാവാം. ശേഷം ഫാസിസ്റ്റുകൾ ഒരു മേശയ്ക്കു മുകളിൽ വെച്ച് കൈ പച്ചയ്ക്ക് തച്ചുടച്ച് ചോരയിൽ മുക്കി അയാളെ തൂക്കുമരത്തിലേക്ക് ആനയിക്കുകയാണ്.
കൊലചെയ്യപ്പെട്ട മൂന്നാമത്തെ വ്യക്തി ഒരു സ്ത്രീയാണ്. അതാരാണ്.? അവർ ചെയ്ത തെറ്റ് എന്താവാം.?
കഴിഞ്ഞദിവസം തൃശൂരിലെ കൊടകരയിൽ വെച്ച് നടന്ന ദീപൻ ശിവരാമൻ സംവിധാനം ചെയ്ത നാടകത്തിലെ ദൃശ്യങ്ങളാണിത്. ഒന്നേകാൽ നൂറ്റാണ്ടു മുമ്പ് ഫ്രഞ്ച് എഴുത്തുകാരനായ ആൽഫ്രഡ് ജാരി തന്റെ ഇരുപത്തിമൂന്നാമത്തെ വയസിൽ എഴുതിയ ഉബുറോയ് എന്ന നാടക ടെക്സ്റ്റിനെ ഏതു ഭാഷയിലെ മനുഷ്യർക്കും വിനിമയം ചെയ്യാൻ പാകമായ നിലയിലാണ് ദീപൻ ശിവരാമൻ ഒരുക്കിയിരിക്കുന്നത്. വിഡ്ഢിയും അഹങ്കാരിയും അത്യാഗ്രഹിയും കൊലപാതകിയുമായ ഒരാൾ രാജ്യത്തെ നയിക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ ഉബു എന്ന കഥാപാത്രത്തെ മുൻനിർത്തി ആവിഷ്കരിച്ചിരിക്കുന്നത്.
നാടകം തുടങ്ങുന്നതിനു മുമ്പ് തിയറ്ററിനു മുന്നിൽ വന്ന് സംവിധായകൻ ദീപൻ ഇങ്ങനെ പറഞ്ഞു തുടങ്ങി. “ഫാസിസം ജുഗുപ്സാവഹവും അശ്ലീലവുമാണ്. അതുകൊണ്ടുതന്നെ അതിനെതിരായി കലയിലൂടെ നടത്തുന്ന പ്രതിരോധത്തിനും ആ സ്വഭാവമുണ്ടാകും.”ശേഷം നാടകം തുടങ്ങി. ഒരു സർക്കസ് കമ്പനിയിൽ നിന്ന് പുറത്തേക്കുവരുന്ന കലാകാരൻമാരെപ്പോലെ ഗംഭീരമായ ദൃശ്യപ്പൊലിമയോടെയുള്ള ആരംഭം. അരങ്ങിലെ ആദ്യ ദൃശ്യങ്ങളിലൊന്ന് ഉബുവിന്റെ മലവിസർജനമാണ്. ഭരണകൂടത്തിന്റെ പ്രതിനിധിയാണയാൾ. കൂടുതൽ അധികാരം കയ്യാളുമ്പോൾ രാഷ്ട്രം കൂടുതൽക്കൂടുതൽ അശ്ലീലമാവുകയാണ്. സാംസ്കാരിക മന്ത്രിയിൽ നിന്നും പിന്നീട് കൊലപാതകത്തിലൂടെ അധികാരക്കസേരയിലെത്തുന്ന ഉബുവിൽ നിന്ന് നാം കേൾക്കുന്ന വാക്യം തന്നെ ഇതിന് സാക്ഷ്യം വഹിക്കുന്നുണ്ട്.
“ഇനി തീട്ടം കൊണ്ടുള്ള പരിപാടികളാണ് ഈ രാജ്യത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നത്.” അധികാരത്തിന്റെ ദുർഗന്ധത്തിൽത്തുടങ്ങി മെല്ലെ മെല്ലെ, അശ്ലീലമെന്ന് കരുതുന്ന തെറികളിലൂടെയും പ്രവർത്തികളിലൂടെയും അസംബന്ധങ്ങളിലൂടെയും ഉയരുന്ന ഈ കല ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചുലയ്ക്കുന്നുണ്ട്. പ്രക്ഷോഭ ദാഹിയായ സംവിധായകന് മാത്രം ഒരുക്കാൻ കഴിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും മാത്രമേ ഈ നാടകത്തിൽ നിന്ന് കാണാനും കേൾക്കാനും കഴിയുന്നുള്ളൂ. ആ പ്രതീക്ഷയിലേക്കുള്ള ആമുഖ വാക്യമാണ് സംവിധായകൻ തന്നതെന്ന് തുടർക്കാഴ്ചകൾക്കിടയിൽ നാമറിയും.
ദീപന് ശിവരാമന്
ചോരയും തെറിയും ആയുധങ്ങളും ആഭാസങ്ങളുമൊക്കെ നിറയുന്ന അരങ്ങിൽ നിന്ന് ഉബു വിളിച്ചു പറയുന്ന വാക്യങ്ങൾ നമ്മുടെ കലാശീലങ്ങളിലേക്കു കൂടി ഉന്നംവെയ്ക്കുന്നുണ്ട്. അതിങ്ങനെയാണ്. “തീട്ടം, കഫം, രക്തം, ശവം ഒക്കെക്കൊണ്ട് ചീഞ്ഞളിഞ്ഞ ഒരു ലബോറട്ടറിയായി എന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ. l don’t like this type of entertainment. l don’t like this. l like entertainment.
അതുകൊണ്ട് നിങ്ങളെ കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികൾ, ഞാൻ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. നിങ്ങൾക്ക് താൽപ്പര്യമില്ലേ?”
അതെ…അതെ…അതെ!
എന്ന് പിന്നണിയിലെ കോറസിൽ നിന്ന് നാം കേൾക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു വിനോദം പ്രദാനം ചെയ്യാൻ ഈ നാടകം ഒരിക്കൽപ്പോലും തയ്യാറാവുന്നില്ല. ഇതിഹാസപുരാണങ്ങളിൽ നിന്നും മിത്തുകളിൽ നിന്നുമെല്ലാം കടമെടുത്ത കഥകളും പാട്ടുകളും നൃത്തങ്ങളുമൊക്കെ നിറഞ്ഞുനിൽക്കുന്ന അരങ്ങുകളുടെ എതിരിടമാണിത്. എന്റർടെയിൻമെന്റ് എപ്പോഴും മനുഷ്യരെ അസ്വസ്ഥമാക്കണമെന്നില്ല. അതുകൊണ്ടു തന്നെ ഇത് വിനോദത്തിന്റെ തടവറയല്ല. ബ്രെഹ്തിയൻ വിവേകമാണ് ഈ നാടകത്തിന്റെ കാതൽ. ചരിത്രത്തിലെ സവിശേഷ സന്ദർഭങ്ങളിലേക്ക് വെളിച്ചം പായിക്കാൻ, ഫാസിസ്റ്റുകളെ നിർമ്മാർജ്ജനം ചെയ്യാൻ താരാട്ടുപാട്ടുകളും തലോടലുകളും മതിയാവില്ലെന്ന് ഈ നാടകം ഉറക്കെ വിളിച്ചു പറയുകയാണ്. അങ്ങനെയാണ് രണ്ടര മണിക്കൂർ പ്രക്ഷോഭ മൂല്യമുള്ള ഒരു വിനോദത്തിന് സാക്ഷികളായി നാം മാറുന്നത്. മലയാള രാഷ്ട്രീയനാടകവേദി അതിന്റെ ഏറ്റവും ഉയരം തൊട്ട സന്ദർഭങ്ങളാണ് ഉബുറോയ് കാഴ്ചകളിലൂടെ നാം അനുഭവിക്കുന്നത്. മനുഷ്യന്റെ ദുരാഗ്രഹങ്ങളുടെയും അധികാരവാഞ്ജയുടെയും സർഗാത്മകാവിഷ്കാരമായ ഷേക്സ്പിയർ നാടകം മാക്ബത്ത് നമ്മുടെ ഓർമ്മയിലുള്ളതു കൊണ്ടുതന്നെ ഈ നാടകവുമായുള്ള വിനിമയം കുറച്ചു കൂടി എളുപ്പമാണ്. മാക്ബത്ത് പരമ്പരാഗതമായ ശീലങ്ങൾക്കകത്താണെങ്കിൽ ഉബുറോയ് അസംബന്ധങ്ങൾകൊണ്ട് നിറയ്ക്കപ്പെട്ട പ്രതീകാത്മകമായ ലോകമാണ്. ഒരർത്ഥത്തിൽ ആക്ഷേപഹാസ്യത്തിലധിഷ്ഠിതമായ പാരഡി. അതെ; ഉബുറോയ്. ചരിത്രം കൊണ്ടും വർത്തമാനം കൊണ്ടും നിർമ്മിച്ച ആയുധം.
നാടകത്തിലൊരിടത്ത് കൂട്ടിലടയ്ക്കപ്പെട്ട ജനാധിപത്യവാദികളെയും ചരിത്രകാരൻമാരെയുമൊക്കെ മരണദണ്ഡു കൊണ്ട് പീഡിപ്പിക്കുന്ന സന്ദർഭമുണ്ട്. തന്റെ മുൻഗാമികൾ തൂക്കു മരത്തിൽ തൂങ്ങിയാടുന്നത് കണ്ട് ഒടുവിൽ ചരിത്രകാരൻ ഭയത്തോടെ കീഴടങ്ങുകയാണ്. അപ്പോൾ ഭീരുവും ക്രൂരനും ഉൻമാദിയുമായ ഉബു അയാൾക്ക് നിർദേശം കൊടുക്കുകയാണ്.
“അപ്പോൾ നമുക്കെന്തു കൊണ്ട് പുതിയ ചരിത്രം ഉണ്ടാക്കിക്കൂടാ.
നാളെ രാവിലെ തന്നെ പുതിയ ചരിത്രം എഴുതണം” എന്ന്. എഴുതപ്പെട്ട കാലത്തിന്റെ അതിരുകൾ ലംഘിച്ച് ഒരു കൃതി പെരുമാറുന്ന സന്ദർഭം. 1896 ൽ എഴുതപ്പെട്ട ഒരു കൃതിയിൽ ഏത് കാലത്തുനിന്നും പുതിയ വാക്യങ്ങളും പ്രയോഗങ്ങളുമായി ചരിത്രബോധവും ഭാവനയുള്ള നാടക സംവിധായകന് പ്രവേശിക്കാൻ കഴിയുന്ന തരത്തിലാണ് ഉബുറോയിയുടെ ഘടന. ചരിത്രത്തിലെ കെടുതികളും നൃശംസതകളും ചരിത്രത്തിന്റേതുമാത്രമല്ലെന്നും അത് വർത്തമാനത്തിന്റേതും ഭാവിയുടേതു കൂടിയാണെന്നും ഈ നാടകം അടയാളപ്പെടുത്തുന്നുണ്ട്. ഒരു നാടകം കാണുമ്പോൾ നാം ജീവിക്കുന്ന കാലത്തിന്റെ അന്തർനാടകവും കൂടി നാം കാണുകയാണ്. ചരിത്രവും മിത്തും കലയുമൊക്കെ ഉപയോഗിച്ച് നമ്മുടെ രാജ്യം പുതിയ വിശ്വാസപ്രമാണങ്ങളൊരുക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിന്നുള്ള ഈ നാടക നോട്ടം ഈ കാലത്തിന്റെ സമരോത്സുകമായ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. അതുകൊണ്ടാണ് ഇന്ത്യൻ നാടകവേദിയിലെ ഏറ്റവും രാഷ്ട്രീയ ജാഗ്രതയുള്ള ഒരാൾ ദീപൻ ശിവരാമനാവുന്നത്.
ആദ്യാവസാനം അരങ്ങിലുള്ള ജയിംസ് ഏലിയയും കല്ലു കല്യാണിയും ഗംഭീര പകർന്നാട്ടമാണ്. ഒപ്പം ഗോപാലനും ജോസ് പി റാഫേലും തുടങ്ങി ഇരുപതിനടുത്ത് അഭിനേതാക്കൾ. എല്ലാവരും മികച്ച പ്രകടനം. ലൈറ്റിംഗും മ്യൂസിക്കുമൊക്കെ ഇതുപോലൊരു രാഷ്ട്രീയനാടകത്തിന്റെ സൗന്ദര്യാംശത്തെ എത്രയൊക്കെ ഉയർത്തിയെടുക്കുമെന്നതിന് ഉബുറോയ് തന്നെയാണ് മികച്ച മാതൃക. തൃശൂരിലെ ഓക്സിജൻ തീയറ്റർ കമ്പനിയുമായി സഹകരിച്ച് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജാണ് ഈ നാടകത്തിന്റെ നിർമ്മാണം.
*****
ജനകീയ നടക രംഗം വരണ്ടു തുടങ്ങിയ ഇന്നത്തെ ചുറ്റുപാടിൽ ഈ നാടകം ഒരു നല്ല തുടക്കമാകട്ടെ.