ഒരു സിനിമയും ഒരു നാടകവും കണ്ടതാണ് കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ സംഭവിച്ച സാംസ്കാരിക പ്രവർത്തനം. സിനിമയുടെപേര് “ടാക്സി ” ജാഫർ പനാഹിയുടെ ചിത്രത്തിൽ ഒരു കഥാപാത്രം പറയുന്നുണ്ട് നാം ഭരണകൂടത്തിനെതിരെ സംസാരിച്ചാൽ ഭരണകൂടം നമ്മെ മൊസാദ്, സിഐഎ ചാരനെന്ന് ആക്ഷേപിച്ച് വിചാരണ ചെയ്ത് ജയിലിലടയ്ക്കും. ജയിൽവാസം കഴിഞ്ഞ് പുറത്ത് വന്നാൽ പൊതുസമൂഹം നമ്മെ അവജ്ഞയോടെ കാണും. അവർ നിരന്തരം നമ്മെ വിചാരണ ചെയ്യും. തുറന്ന ജയിലിലിടും.അപ്പോൾ വിചാരിക്കും ഇതിനേക്കാൾ നല്ലത് മറ്റേ ജയിലാണെന്ന്. സിനിമയിലെ മറ്റൊരു കഥാപാത്രം മോഷണ കുറ്റം ആരോപിച്ച് തൂക്കി കൊല്ലുന്ന ഇറാനിയൻ നിയമത്തെ രൂക്ഷമായി എതിർക്കുന്നുണ്ട്. വധശിക്ഷയെ അനുകൂലിക്കുന്ന ആളോട് തന്മയത്വത്തോടെ കലഹിക്കുന്നുമുണ്ട്. ഇറാന്റെ അഭ്യന്തര ജീവിതം എത്രമാത്രം ദുസ്സഹമാണെന്ന് സൂചന തരുന്ന സിനിമയാണ് പനാഹിയുടെ ടാക്സി. പക്ഷെ ജിയോ പൊളിറ്റിക്സ് വച്ച് നോക്കുമ്പോൾ നമുക്ക് ഇറാനെ പിന്തുണയ്ക്കാതിരിക്കാനാവുകയുമില്ല. ലോക സാമ്രാജ്യത്വത്തെയും അതിന്റെ സിൽബന്ധികളെയും തുറന്നെതിർക്കുന്ന ഇറാനോട് നമുക്ക് ഇഷ്ടം തോന്നുകയും ചെയ്യുന്നു. ഒരേ കാലത്ത് ഒരേയിടത്ത് രണ്ട് വിരുദ്ധാവസ്ഥകളെ പിന്തുണയ്ക്കേണ്ടി വരുന്നു എന്നത് ഗതികേടിന്റെ ഇരു ധ്രുവങ്ങളാണ്.
“ഉബുറോയ് ” നിർബന്ധമായും കാണണമെന്ന് ഞാൻ ശഠിക്കുന്ന നാടകമാണ്. ഭരണകൂടമാണ് “ഉബുറോയി” യുടെ ഇതിവൃത്തം. വസ്ത്രമിട്ട ഭരണവും ജുഗുപ്സ നിറഞ്ഞ മാംസ നിബിഡമായ ചീർത്ത ശരീരങ്ങളുടെ ഭരണവും ജനങ്ങളാൽ ചോദ്യം ചെയ്യപ്പെട്ട് അട്ടിമറിക്കപ്പെടുന്ന ഭരണകൂടത്തിന് പകരം തൽസ്ഥാനത്ത് അവരോധിതമാകുന്ന ഭരണകൂടവും ഒന്നിനും വസ്ത്രമില്ല എന്ന് നാം അറിയുന്നു. ഫലത്തിൽ സമൃദ്ധമായി വസ്ത്രം ധരിക്കുന്ന ഭരണവും അതിന് പകരം വരുന്ന ഫാസിസ്റ്റ് ഭരണവും അതിന് പകരം വരുന്ന മറ്റൊരു ഭരണവും ഒന്നിനും വസ്ത്രമില്ല എന്നതാണ് സാമ്യത. തെറിയും കൊലയുമാണ് ഭരിക്കുന്നവരുടെ ഭാഷ. പലയാവർത്തി വിസർജിക്കുകയും വളി വിടുകയും ചെയ്യുന്ന ഫാസിസം അതിന്റെ ഓരോ വാഗ്ദാനങ്ങൾക്കും മലത്തിന്റെ ദുർഗന്ധമുണ്ടെന്ന് നാം അറിയുന്നുണ്ട്. ഫാസിസം അതിന്റെ വിമർശകരെ അതിവേഗം വിചാരണകൾ പൂർത്തിയാക്കി തൂക്കിലേറ്റുന്നുണ്ട്. തങ്ങൾക്കനുകൂലമായി ചരിത്രമെഴുതുന്നവരെ നിരുപാധികം വിട്ടയക്കുന്നുമുണ്ട്. തന്റെ ശില്പം നിർമിക്കാൻ ഫാസിസം ആവശ്യപ്പെടുമ്പോൾ ഉദ്ധൃത ലിംഗത്തിന്റെ രൂപം നിർമിക്കുന്ന കലാകാരനെയും ഫാസിസം തൂക്കിലേറ്റുന്നു.
ദീപൻ ശിവരാമൻ സംവിധാനം ചെയ്ത “ഉബുറോയ് ” നാടകം ഏതു ഭരണകൂടത്തിനെ പറ്റിയുമുള്ള ഉത്തമമായ കാഴ്ചയും വായനയും വിചാരണയും പ്രഹരവുമാണ്. കാണേണ്ട നാടകം തന്നെയാണത്. പട്ടാളവും പോലീസും ശാസ്ത്രജ്ഞരും ആയുധങ്ങളും സ്വന്തമായുള്ള തുണിയുടുക്കാത്ത തനി ഗുണ്ടകളാണ് ഭരണകൂടം എന്ന് നാം നമ്മുടെ ജീവിതാനുഭവത്തിൽ നിന്നുതന്നെ നിരന്തരം രുചിയനുഭവിക്കുന്നതാണല്ലോ. ആയതിനാൽ “ഉബുറോയ് ” നമുക്ക് ഏറെ പരിചിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്.
******
No Comments yet!