Skip to main content

എതിരെഴുത്തിന്റെ പെൺനിലകൾ 

 

“ശരിക്കും നമ്മുടെ ഗർഭപാത്രം ഊരി വെയ്ക്കാൻ പറ്റിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന ജല്പ ഉറക്കെ ആശിച്ചു.. ആവശ്യമുള്ളപ്പോൾ മാത്രം എടുത്ത ഫിറ്റ് ചെയ്യാം. അങ്ങനെയാവണം. അല്ലെങ്കിൽ മൂത്രമൊഴിച്ചു തീരുന്ന പോലെ ഒറ്റയടിക്കങ്ങു തീരണം” എന്ന വിവരണത്തിന്റെ ഉൾപ്രേരണ ഒരുപക്ഷേ പുരുഷാനുഭവങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല.”

 

വർത്തമാനകാല മലയാളസാഹിത്യത്തിൽ വൈവിധ്യങ്ങളോടെ എഴുതപ്പെടുന്ന ഗണമാണ് ചെറുകഥ. വിഷയ സ്വീകരണത്തോടൊപ്പം അവതരണ മികവും പുതുതലമുറ കഥകളെ വേറിട്ട് നിർത്തുന്നു. ആഖ്യാനശൈലിയുടെ നവീകരണമാണ് ഈ പുതുമയ്ക്ക് ആധാരമായി വർത്തിക്കുന്നത്. നവമാധ്യമങ്ങളും ടെക്നോളജിയും ജാതി മനോഭാവവും ലിംഗഭേദങ്ങളും നഗര സംസ്കൃതിയും ഒക്കെ ചേർന്ന് രൂപപ്പെടുത്തിയ സ്വത്വബോധങ്ങളാണ് കഥയുടെ വർത്തമാനകാല വിലാസത്തെ രൂപപ്പെടുത്തുന്നത്. അതിൽ തന്നെ അനുഭൂതികളും ഭാവനയും എഴുത്തുകാരികളിലൂടെ സവിശേഷമായി മലയാളത്തിൽ ആഖ്യാനം ചെയ്യപ്പെടുന്നുണ്ട്. മാധവിക്കുട്ടിയും അഷിതയും സാറാജോസഫും ഗ്രേസിയുമൊക്കെ ആവിഷ്കരിച്ച പെണ്ണെഴുത്തിന്റെ തുടർച്ചയായാണ് പുതിയ തലമുറയിലെഎഴുത്തുകാരികൾ മാർക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. കെ.ആർ.മീര, പ്രിയ എ.എസ്., ഇന്ദുമേനോൻ, കെ.രേഖ തുടങ്ങി ഒട്ടനവധി പേർ ഉത്തരാധുനികമായ കഥയെഴുത്തിന്റെ പെണ്ണിടങ്ങളെ സജീവമാക്കുന്നുണ്ട്.

പുരുഷകോയ്മയുള്ള ആഗോള സമൂഹത്തിൽ സ്ത്രീശരീരം, സ്ത്രീ അനുഭവങ്ങൾ, സ്ത്രീ ചിന്തകൾ എന്നിങ്ങനെ പെണ്ണുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ എല്ലാം പാർശ്വവത്കരണം ആഴത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്ത്രീ ശരീരത്തെ ഇര എന്ന നിലയിൽ നിന്നും അട്ടിമറിക്കുന്ന കഥകൾ സമകാലിക കഥാസന്ദർഭത്തിൽ സജീവമാണ്. ചെറുത്തുനിൽപ്പിന്റെ അടയാളമായി ശരീരത്തെ എഴുതി തുടങ്ങുന്ന സാഹചര്യം പെണ്ണെഴുത്തിന്റെ രാഷ്ട്രീയത്തിൽ നിർണായകമായി മാറിയിട്ടുണ്ട്. അതായത് മെയ്യെഴുത്ത് (body writing) എന്ന അർത്ഥത്തിൽ ശരീരത്തെഎഴുതിക്കൊണ്ട് ജെൻഡറിന്റെ നിലപാടുകൾ എഴുത്തുകാരികൾ പ്രഖ്യാപിക്കുന്നതോടെ രചന കൂടുതൽ പൊളിറ്റിക്കലായി മാറുന്നു. ഇത്തരത്തിൽ സ്ത്രീയുടെ ശാരീരിക അനുഭവങ്ങളുടെ അന്തസത്ത അടയാളപ്പെടുന്നതോടെ സാഹിത്യ രചനകൾ കൂടുതൽ തുറന്നെഴുത്തിലേക്ക് കടക്കുന്നു. മലയാളത്തിലെ എഴുത്തുകാരികളുടെ കഥകളിൽ വേറിട്ടു നിൽക്കുന്ന രചനാലോകമാണ് ഷാഹിനകെ റഫീക്കിന്റെത്. ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ അവസ്ഥാന്തരങ്ങളെ ഇഴ പിരിച്ച് പരിശോധിക്കുന്ന ശൈലിയാണ് ഈ എഴുത്തുകാരിയുടേത്. ഷാഹിനയുടെ രചനകളിലെ സാംസ്കാരിക പ്രതിഫലനങ്ങളാണ് ഈ ലേഖനത്തിൽ അന്വേഷിക്കുന്നത്.

മലയാള കഥയിലെ വേറിട്ട എഴുത്തുകാരിയായ ഷാഹിന കെ. റഫീഖിന്റെ രചനകളിൽ പെൺവിനിമയങ്ങൾ പ്രബലമായി വർത്തിക്കുന്നുണ്ട്. സുഖവും ദുഃഖവും പ്രണയവും പ്രതികാരവും ഭീതിയും മരണവും എല്ലാം കലർന്ന ജീവിതാനുഭവങ്ങളുടെ പെൺകാഴ്ചകളാണ് ഷാഹിനയുടെ കഥകൾ.  ‘ രണ്ട് പല്ല് തേപ്പുകൾക്കിടയിൽ ഒരു വാതിൽ തുറക്കലിനും അടയ്ക്കലിനും ഇടയിൽ പ്രാതലിനും അത്താഴത്തിനും ഇടയിൽ ആവർത്തിക്കുന്ന രാപ്പകലുകൾക്കിടയിൽ ജീവിച്ചു തീരുമായിരുന്ന എന്നെ വീണ്ടെടുക്കാൻ ആയിരുന്നു എനിക്ക് എഴുത്ത് ‘ എന്ന പ്രസ്താവന തന്റെ കഥകൾക്ക് ആമുഖമായി ഷാഹിന കുറിക്കുന്നുണ്ട്. അവനവളെ വീണ്ടെടുക്കുന്ന ഉപാധിയായിട്ടാണ് എഴുത്തിനെ ഇവിടെ തിരിച്ചറിയുന്നത്. ഈ വീണ്ടെടുപ്പ് കേവലം ആത്മാനുഭൂതിയുടെ തലത്തിൽ മാത്രമല്ല കഥാകാരിയുടെ രചനകളിൽ പ്രതിഫലിക്കുന്നത്. മറിച്ച് ആവിഷ്കാരത്തിന്റെ അവബോധമായി വർത്തിച്ച രാഷ്ട്രീയത്തെ കൂടി ഇത് ഉൾക്കൊള്ളുന്നുണ്ട്. ഷാഹിനയുടെ കഥകളിൽ അന്തർലീനമായിരിക്കുന്ന ആത്മം /ഞാൻ (I) എന്ന സ്വത്വസ്ഥാനം പെണ്ണെഴുത്തിന്റെ വിശദീകരണമായി തന്നെ മാറുന്നു.


“എന്നിലെ പെണ്ണ് ഇനിയും വിപ്ലവം തുടങ്ങിയിട്ടില്ല. അതിന്റെ അസ്വസ്ഥതകൾ മാറിലും അടിവയറ്റിലും വേദനയായി വിങ്ങിക്കൊണ്ടിരിക്കുന്നു”

‘ഇയാളുടെ ഭാരം കൊണ്ട് എന്റെ കൈകാലുകൾ കഴക്കുന്നു’ (എന്റെ നോട്ടുബുക്ക്), ‘ഓരോ ഓർമ്മകളുടെ ആത്മാക്കളാണ് നക്ഷത്രങ്ങൾ. എന്റെ ആകാശം നിറയെ നക്ഷത്രങ്ങളാണ്’ (പച്ചയും വയലറ്റും നക്ഷത്രങ്ങൾ), ‘ആകാശത്തോടുകൂടിയിരുന്നു ഞാനും അവനും. താഴെ ആളുകളും വാഹനങ്ങളും ചെറുതായി ചെറുതായി തലങ്ങും വിലങ്ങും’ (ഐ.ഡി), ‘ഞാൻ മാളു. ആരാ എനിക്ക് ഈ പേരിട്ടത്’.(മാളുവിന്റെ ലോകം), ‘ഏഴുവർഷത്തെ പ്രണയം എന്റെ പള്ളിയും അവന്റെ പള്ളിയും വേറയെന്നു വീട്ടുകാർ’ (ചൂട്), ‘എന്നിലെ പെണ്ണ് ഇനിയും വിപ്ലവം തുടങ്ങിയിട്ടില്ല. അതിന്റെ അസ്വസ്ഥതകൾ മാറിലും അടിവയറ്റിലും വേദനയായി വിങ്ങിക്കൊണ്ടിരിക്കുന്നു’ (പാതിവേവ്),  ‘പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. അല്ലെങ്കിൽ പറയും ചുമ്മാ കെട്ടുകഥയാണെന്ന്. പറയാൻ എനിക്ക് അറിയുകയുമില്ല. ചില കാര്യങ്ങൾ അനുഭവിക്കാൻ പറ്റൂ. പോരാത്തതിന് എനിക്ക് വാക്കുകളുടെ പരിമിതിയും’.(ഗാന്ധർവ്വം), ‘ഞാൻ പഠിച്ച ക്യാമ്പസിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ ഞങ്ങൾ കൂട്ടുകാരികൾ പോയിരിക്കാറുണ്ടായിരുന്നു രാത്രിയിൽ’ (പാചകവിധി) എന്നിങ്ങനെ ആദ്യസമാഹാരത്തിലെ 15 കഥകളിൽ പകുതിയിലധികം കഥാവതരണത്തിലും ‘ഞാൻ’ എന്ന കേന്ദ്രസ്ഥാനം ആവർത്തിച്ച് ഉറപ്പിക്കുന്നുണ്ട്. അതായത് ഇതാണ് എന്റെ കഥ എന്ന വിളംബര വാക്യമാണ് ആഖ്യാനത്തിന്റെ രാഷ്ട്രീയമായി വർത്തിക്കുന്നത്. എന്റെ/ പെണ്ണിന്റെ ലോകാനുഭവങ്ങൾ ലോകത്തിനോട് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന ശൈലി കൂടിയാണ് ഇവിടെ കാണുന്നത്. ചില കാര്യങ്ങൾ അനുഭവിക്കാനെ പറ്റൂ. പോരാത്തതിന് വാക്കുകളുടെ പരിമിതിയും എന്നാണ് ഗാന്ധർവ്വം എന്ന കഥയുടെ തുടക്കം തന്നെ. അനുഭവത്തിനെ വാക്കിലേക്ക് എത്ര പകർത്തിയാലും പൂർണമാവില്ലെന്ന ഭാഷയുടെ അപൂർണ്ണതയെ പറ്റിയും പരിമിതിയെപ്പറ്റിയുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. നിർമിക്കപ്പെട്ട വാക്കുകളിലെ പുരുഷകോയ്മയും ആ വാക്കിലൂടെ ആശയം പ്രകാശിപ്പിക്കേണ്ടി വരുന്ന പെണ്ണിന്റെ ഭാഷാപരവും ചരിത്രപരവുമായ സംഘർഷങ്ങളുമെല്ലാം ഈ വരികൾക്കിടയിൽ ലീനമാകുന്നുണ്ട്.

അനുഭവത്തിനെ ആഴത്തിൽ ആവിഷ്കരിക്കാൻ ഭാഷ പരിമിതമാകുന്നതു മാത്രമല്ല മറിച്ച് അനുഭവം തന്നെ വ്യതിരിക്തമാണ് എന്നതാണ് പ്രശ്നം. സാമൂഹിക അധികാരിയായി വർത്തിക്കുന്ന പുരുഷന്റെ എക്സ്പീരിയൻസ് അല്ല സ്ത്രീകൾ നേരിടേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ അനുഭവം ഒരു രാഷ്ട്രീയ പ്രയോഗമായി തന്നെ പരിഗണിക്കേണ്ടതാണ്. പകരാൻ ആവാത്ത അനുഭവങ്ങളെ അതിന്റെ ആഖ്യാനമായി പെൺജീവിതങ്ങൾ എഴുതപ്പെടുന്നതിന് കാരണം ഇതാണ്. അനുഭവവാദനശാസ്ത്രം സ്ത്രീപക്ഷപഠനത്തിൽശ്രദ്ധേയമായിട്ടില്ല. അനുഭവമെന്ന സംവർഗ്ഗത്തെ കൂടുതൽ നിഷ്പക്ഷതയോടെ സൂക്ഷ്മതയോടെ നിർവചിക്കപ്പെടേണ്ട ആവശ്യകതയെ കുറിച്ച് തെരേസ ദി ലൊരെറ്റിസിന്റെ വാദഗതികളെ ജെ. ദേവിക (2000:38) ഇങ്ങനെ ക്രോഡീകരിക്കുന്നു. “അനുഭവം എന്നു പറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് ഇന്ദ്രിയ ലഭ്യമായ വിവരണങ്ങളുടെ രേഖപ്പെടുത്തലോ സംഭവങ്ങളോടും വസ്തുതകളോടും ഉള്ള മനശാസ്ത്രപരമായ ബന്ധങ്ങളോ നിരന്തര പരിചയം കൊണ്ടോ സഞ്ചരിക്കൽ കൊണ്ടോ ലഭിക്കുന്ന കഴിവുകളോ അല്ല. മറ്റു പലരുടെതിനോട് സാമ്യപ്പെട്ടതെങ്കിലും ഒരുവളുടെ സ്വന്തമെന്ന വ്യക്ത്യാധിഷ്ഠിത അർത്ഥത്തിലുമല്ല ഞാനീ പദത്തെ ഉപയോഗിക്കുന്നത്.  മറിച്ച് സാമൂഹികജീവികളായ എല്ലാവരുടെയും കർതൃത്വങ്ങൾ നിർമ്മിക്കപ്പെടുന്ന പ്രക്രിയ എന്ന പൊതുവായ അർത്ഥത്തിലാണ് അത് ഉപയോഗിക്കുന്നത്. ലോകത്തിലെ സംഭവങ്ങൾക്ക് അർത്ഥവും മൂല്യവും വികാരവും പ്രദാനം ചെയ്യുന്ന പ്രയോഗങ്ങളോടും വ്യവഹാരങ്ങളോടും സ്ഥാപനങ്ങളോടുമുള്ള സ്വകാര്യവും ആത്മനിഷ്ഠവുമായ എതിരിടലിൽ നിന്നാണ് അത് ഉത്പാദിപ്പിക്കപ്പെടുന്നത്”. സാമ്പത്തിക ഭൗതികബന്ധങ്ങളെ തികച്ചും ആത്മനിഷ്ഠങ്ങളാക്കി കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ചരിത്രപരമായ ഒരു പ്രക്രിയ കൂടിയാണിത്. ഇതിലൂടെ വ്യക്തിയുടെ കർതൃത്വരൂപീകരണം സാധ്യമാകുന്നു. സൈദ്ധാന്തികമായ ഈ സ്വത്വസ്ഥാനം സ്ത്രീപക്ഷതയുടെ കാഴ്ചപ്പാടിൽ തീവ്രമായ രാഷ്ട്രീയ സ്വഭാവം കൈവരിക്കുന്നതാണ്. ഓരോ വ്യക്തിസത്തകളും അനുഭവാവിഷ്കാരത്തിന്റെ സാഹിത്യപാഠങ്ങളിലൂടെ പ്രകാശിതമാകുന്നു. ഈ ആഖ്യാനങ്ങൾ പിതൃകേന്ദ്രീകൃത വ്യവസ്ഥയെ സാംസ്കാരികമായി ചോദ്യം ചെയ്യുന്നു.


“ആ ചോരതുള്ളിയിലായിരുന്നു ശരീരത്തിന്റെ, മനസ്സിന്റെ ഒക്കെ സ്നിഗ്ധത. ആണിന് എന്നും ചെറുപ്പം തന്നെ. അപ്പൊ പിറുപ്പിറുക്കലായി ദേഷ്യമായി തിരിഞ്ഞു കിടക്കലായി. ഇപ്പോഴും ജോലിക്ക് പോണത് പൈസക്ക് വേണ്ടിയല്ല.”

ലേഡീസ് കമ്പാർട്ട്മെന്റിലെ ഒരു പകൽ യാത്രയുടെ ചർച്ചകളാണ് ‘ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി’ യെന്ന ഷാഹിന കെ.റഫീക്കിന്റെ കഥ. സ്ത്രീകൾ മാത്രം നിറഞ്ഞ തീവണ്ടിയിലെ കമ്പാർട്ട്മെന്റിൽ ഉയർന്നുവരുന്ന വർത്തമാനങ്ങളും പ്രതികരണങ്ങളും ചേർത്ത് സൃഷ്ടിച്ചെടുക്കുന്ന പെൺലോകമാണ് കഥയുടെ ഭാവകേന്ദ്രം. വിദ്യാർത്ഥികളും ഉദ്യോഗസ്ഥകളും മറ്റുമടങ്ങുന്ന വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ള തീവണ്ടി മുറിയിലെ പെൺ സാന്നിധ്യങ്ങളെ വർഗ്ഗീകരിച്ച നിലയിൽ അല്ല കഥയിൽ ആഖ്യാനം ചെയ്തിരിക്കുന്നത്. തൊഴിൽപരമോ പ്രായപരമോ ആയ വേർതിരിവുകൾ അപ്പാർട്ട്മെന്റിനുള്ളിലെ പിന്നിടങ്ങളിൽ ഇല്ലായിരുന്നുവെന്ന് എഴുത്തുകാരി പറയുന്നുണ്ട്. ഏതോ സ്റ്റേഷനിൽ തുടങ്ങി ഏതോ സ്റ്റേഷനിൽ അവസാനിക്കുന്ന ഒരു പകൽ യാത്ര. കയറുന്നതും ഇറങ്ങുന്നതുമായ സ്ഥലങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. യാത്രയാണ് പ്രധാനമെന്ന് ആദ്യം തന്നെ രേഖപ്പെടുത്തുകയാണ്. ഒരുമിച്ചിരിക്കുന്ന അഥവാ കഴിയുന്ന ഇടമെന്ന് തലത്തിൽ ഈ കമ്പാർട്ട്മെന്റ് യാത്ര ഒരു സൂചിതമായി കഥയിൽ നിലനിൽക്കുന്നു. കയറുന്ന ഇടം ഇറങ്ങുന്ന ഇടം എന്നിവ അപ്രസക്തമാക്കുകയാണ്. വീട്ടിൽ നിന്നും ജോലി സ്ഥലത്തെക്കോ സ്ഥാപനത്തിൽ നിന്നും വീട്ടിലേക്കോ ആണ് യാത്രികർക്ക് യഥാക്രമം കയറുകയും ഇറങ്ങുകയും ചെയ്യേണ്ടി വരുന്നത്. ഈ വ്യവഹാരത്തെ അപ്രസക്തമായി കാണുകയും പെണ്ണുങ്ങൾ ഒരുമിച്ചുള്ള യാത്രയ്ക്ക് പ്രാധാന്യം കൽപ്പിക്കുകയും ചെയ്യുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്.അതായത്, നാനാതരത്തിലുള്ള പെൺ ജീവിതങ്ങളുടെ ഒരുമിച്ചുള്ള യാത്രയ്ക്കാണ് കഥയിൽ ഊന്നൽ നൽകിയിരിക്കുന്നത്. ഈ യാത്രയിൽ പെണ്ണുങ്ങൾ പരസ്പരം നടക്കുന്ന വർത്തമാനങ്ങൾ അഭിപ്രായപ്രകടനങ്ങൾ കാഴ്ചപ്പാടുകളുടെ അവതരണങ്ങൾ എന്നിവയിലൂടെ ഒക്കെയാണ് ആഖ്യാനം പുരോഗമിക്കുന്നത്, ഒരു പെണ്ണിലേക്ക് കേന്ദ്രീകരിച്ചുള്ള ആഖ്യാനശൈലി അല്ല ഇവിടെ സ്വീകരിച്ചിരിക്കുന്നത്. മറിച്ച് പല പെണ്ണുങ്ങളുടെ മനോനിലുകളിലൂടെയുള്ള വിശകലനമാണ് കഥ. ബോഗിയിലെ ഓരോ പെണ്ണിനും പറയാനുള്ള കാര്യങ്ങൾ ഈ പകൽയാത്രയിലെ പെണ്ണാനുഭവങ്ങളുടെ തുറവിയാണ് കാട്ടിത്തരുന്നത്. സൗമ്യയും ഗോവിന്ദച്ചാമിയും ന്യൂസ് അവർ ചർച്ചകളും എല്ലാം സമാസമം ചേർത്തപ്പോൾ ഈ ഇടം തീവണ്ടിയുടെ മധ്യത്തിലായി എന്നാണ് ലേഡീസ് കമ്പാർട്ട്മെന്റിനെ കുറിച്ച് കഥയിൽ നൽകുന്ന സൂചന. പെണ്ണിടത്തെ വലിച്ചുകീറുന്ന വിമർശനം മാത്രമല്ല, തിരിച്ചറിവ് കൂടിയാണ് ഈ കഥ.

വിഭിന്നങ്ങളായ അനുഭൂതികളുടെയും അനുഭവലോകങ്ങളുടെയും മൗലികമായ പ്രകാശനമായി മാറി കംമ്പാർട്ട്മെന്റിലെ പെൺസ്വരങ്ങൾ. ‘ഇവൻ എന്നെ പീഡിപ്പിക്കുന്നു’ എന്ന തീർത്ഥയുടെ കൊഞ്ചൽ ഉപയോഗിച്ച് തേഞ്ഞ അർത്ഥം ചിന്നിയ ആ വാക്കു പോലെ പൊള്ളയായ ഒരു ചിരി കൂട്ടത്തിലമർന്നു എന്നെഴുതുമ്പോൾ പെൺപെരുമ പീഡനം എന്ന മഹാപാതകത്തെ അപനിർമിക്കുന്നതിന്റെ ആഖ്യാനമാണ് വെളിവാകുന്നത്. ‘ ഈ ബഹളത്തിന്റെ ഭാഗമാകുമ്പോൾ ലേഡീസ് കൂപ്പെ വായിക്കണമെന്ന് ചിപ്പിയോർക്കും കൺമുമ്പിൽ ജീവിതം ഉള്ളപ്പോൾ പിന്നെന്തിനു വായിക്കണമെന്ന് അവർ അടുത്ത നിമിഷത്തിൽ കരുതുകയും ചെയ്യും ‘ എന്ന വരികൾ ഭാഷയ്ക്കും അതിന്റെ ആവിഷ്കാര രൂപമായ സാഹിത്യത്തിനും പെണ്ണവസ്ഥകളെ പൂർണമായി ഉൾക്കൊള്ളാൻ സാധിക്കില്ല എന്ന പ്രഖ്യാപനം തന്നെയായി ഇത് മാറുന്നു. കാരണം സ്ത്രീ ജീവിതത്തെ പകർത്താൻ പുരുഷാധികാരപരമായ ഭാഷ അപര്യാപ്തമാണ്. സാമൂഹികമായ അധികാര ഉടമ്പടികളിലൂടെ ഉത്പന്നമാകുന്ന പുരുഷഭാഷയ്ക്ക് പെണ്ണ് അനുഭവത്തെ താങ്ങാൻ ആവില്ലെന്ന കഥയുടെ ഉപപാഠം ശ്രദ്ധേയമാണ്.

കമ്പാർട്ട്മെന്റില്‍ നിന്നുയരുന്ന പലതരം സംഭാഷണങ്ങൾ ലോകവ്യവഹാരത്തോടുള്ള പെൺ പ്രതികരണങ്ങൾ തന്നെയാണ്. രാഷ്ട്രീയ അഴിമതി, വുമൺ എംപവർമെന്റ് സംരംഭങ്ങൾ, ധാർമികത, നവമാധ്യമങ്ങൾ, വസ്ത്രധാരണം, വായ്നോട്ടം, കുട്ടികളുടെ പഠനം തുടങ്ങിയ വിഷയങ്ങളെ പരിഹാസത്തോടെ  വിശകലനം ചെയ്തു കൊണ്ടുമുള്ള പരാമർശങ്ങൾ കഥയിൽ സമ്പന്നമാണ്. സ്വാതന്ത്ര്യവും ആനന്ദപ്രദമായ കമന്റുകളുമാണ് മേൽപ്പറഞ്ഞ വിഷയങ്ങളുടെ ചർച്ചയിൽ നിന്നും ഉരിത്തിരിയുന്ന പ്രതികരണങ്ങൾ. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള അർമാദമായി മാത്രം വരുന്ന മാധ്യമവാർത്തകൾ,  വെറും സ്ഥലപേരായി പെൺകുട്ടികളെ മെറ്റമോർഫോസിസ് ചെയ്തിരുന്നത് പണ്ടാണെന്നുമുളള പരാമർശം തുടങ്ങിയ പല നിരീക്ഷണങ്ങളും കഥയിൽ കാണാം.  പ്രൈംടൈം ചാനൽ പരിപാടിയും സിനിമയുമൊക്കെ ഓഫറുകളാക്കി കൊണ്ട് ആണിനെ വലയിലാക്കുന്ന പെൺ തന്ത്രത്തെപ്പറ്റി ജല്പ വാചാലയാകുന്നത് പെൺലോകത്തിന്റെ പങ്കുവെക്കലിലെ രംഗങ്ങൾ മാത്രമാണ്. അതോടൊപ്പം തന്നെ മഞ്ജുവാര്യരുടെ തിരിച്ചുവരവും ട്രെയിൻ കൂപ്പയിലെ ചർച്ചയിൽ ഇടം പിടിക്കുന്നുണ്ട്.  മകളെ കൂടെ കൂട്ടാത്ത മഞ്ജു വാര്യർ ഇറങ്ങി പോയതിനെ ഒരുവൾ വിമർശിക്കുമ്പോൾ (പെൺകുട്ടിയല്ലേ അമ്മയില്ലാതെ എങ്ങനെയാ) മഞ്ജു വാര്യർ കല്യാണം കഴിച്ചു വരുമ്പോൾകൂടെ ഗിഫ്റ്റായിട്ട് കൊണ്ടുവന്ന കുട്ടി ഒന്നുമല്ലല്ലോ രണ്ടുപേരുടെയും ഉത്തരവാദിത്വം അല്ലേ എന്ന് മറുപടി ചോദ്യമാണ് പ്രിയത എന്ന് യാത്രക്കാരി ഉന്നയിക്കുന്നത്. ചോദ്യോത്തരങ്ങളിലൂടെ ചുറ്റുപാടുമുള്ള വിഷയങ്ങളിലെ  പുരുഷാവബോധത്തെ കീഴിൽ മറിച്ചിടുകയാണ് കഥാകാരി ചെയ്യുന്നത്. പെണ്ണിന്റെ ശാരീരിക പ്രത്യേകതകളെ കുറിച്ചുള്ള അനുഭവ കഥനങ്ങളാണ് രണ്ടാം പകുതി. ഒരു പക്ഷേ ആഖ്യാനത്തിന്റെ രാഷ്ട്രീയ സ്വരൂപം ഇവിടെയാണ് വിശദമാകുന്നത്.

“ശരിക്കും നമ്മുടെ ഗർഭപാത്രം ഊരി വെയ്ക്കാൻ പറ്റിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന ജല്പ ഉറക്കെ ആശിച്ചു. ആവശ്യമുള്ളപ്പോൾ മാത്രം എടുത്ത ഫിറ്റ് ചെയ്യാം. അങ്ങനെയാവണം. അല്ലെങ്കിൽ മൂത്രമൊഴിച്ചു തീരുന്ന പോലെ ഒറ്റയടിക്കങ്ങു തീരണം” എന്ന വിവരണത്തിന്റെ ഉൾപ്രേരണ ഒരുപക്ഷേ പുരുഷാനുഭവങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല. മെൻസസിനെപ്പറ്റിയുള്ള ഡിസ്കഷനിലാണ് ശരീരാഖ്യാനം മൂർത്തരൂപം പ്രാപിക്കുന്നത്. ലേഡീസ് കൂപ്പയിലെ പെണ്ണുങ്ങൾ ഓരോരുത്തരായി വയസറിയിച്ച അനുഭവം വിവരിക്കുകയാണ്. ഇവിടെ. വയസ്സറിയിക്കുന്നതിനു മുൻപും ശേഷവും എന്ന മട്ടിൽ പെണ്ണിനെ സമൂഹം വിഭജിക്കുന്നത് ഈ ഭാഗത്ത് പരിശോധിക്കുന്നുണ്ട്. വയസറിയിച്ചത് അറിഞ്ഞാൽ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന് പറഞ്ഞ് മെൻസസായ വിവരം മാസങ്ങളോളം വീട്ടിൽ പറയാതിരുന്ന ജല്പയുടെ അനുഭവവും പ്രായപൂർത്തിയായപ്പോൾ അച്ഛൻ ചേർത്ത് നിർത്തി നെറുകയിൽചുംബിക്കുമ്പോൾ കരച്ചിൽ വന്ന തീർത്ഥയുടെ വിവരണവും മാറത്ത് വലിച്ചു കെട്ടി പെൺ മുഴുപ്പുകളെ ഒളിപ്പിച്ച്, പഠിച്ച് ജോലി വാങ്ങാൻ മനസ്സുകൊണ്ട് ഉറപ്പിച്ച സുഹറയുടെ ഭൂതകാലവും പലനിലകളിൽ ചെറിയ അവരോഹണങ്ങളുടെ ചരിത്രമാണ് കാണിച്ചുതരുന്നത്. മെൻസസിന്റെ നാടൻ പ്രയോഗമായ തീണ്ടാരി എന്ന വാക്ക് കേട്ട അനുഭവം പ്രമീള എല്ലാ പെണ്ണുങ്ങളുടെയും മുമ്പിൽഓർത്തെടുത്ത് വിവരിക്കുന്നുണ്ട്.


“തീണ്ടാരി തുണിയുടെ  മണം പിടിച്ചെത്തുന്ന പാമ്പിന്റെ കഥയും ആണുങ്ങളുള്ള ഓഫീസിൽ പാഡ് കവറിലാക്കി വീട്ടിൽ കൊണ്ടുവരേണ്ട അവസ്ഥയും ഒക്കെ വിശദമായി കഥയിൽ വിവരിക്കുന്നുണ്ട്. മെൻസസ് ഒളിച്ചു വയ്ക്കേണ്ട /പുറത്തു പറയാൻ പാടില്ലാത്ത ശാരീരിക അവസ്ഥയാണെന്ന് ധാരണയ്ക്ക് അപ്പുറത്തേക്കുള്ള ചില കഥകളും ഈ കമ്പാർട്ട്മെന്റിൽ ഉന്നയിക്കപ്പെടുന്നുണ്ട്.”

” അന്ന് വാസന്തിയുടെ അടുത്ത് ആരും ഇരുന്നില്ല. അവൾ പുറത്താണ്. അവളെ തൊട്ടാൽ അശുദ്ധമാകും എന്ന് പറഞ്ഞ് അവളെ തൊട്ട ആരെങ്കിലും നമ്മളെ തൊട്ടാലും അശുദ്ധമായത്രേ. കുറച്ചുകഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഇതൊരു കളി പോലെയായി. ആരെങ്കിലും ചെന്ന് വാസന്തിയെ തൊട്ട് ബാക്കിയുള്ളവരെ തൊടാൻ വരും. ഞങ്ങൾ ഓടും. തൊട്ടു കഴിഞ്ഞാൽ കൈകാൽ കഴുകി ശുദ്ധിയായി നടക്കും. പിന്നേം വാസന്തിയെ തൊടും. അങ്ങനെ ഒരു തീണ്ടാരിക്കളി. ” പെണ്ണിന്റെ  ശാരീരിക അവസ്ഥകളെ സമുദായവും സാമൂഹിക അവസ്ഥകളും പരിചരിച്ചതിന്റെ ചരിത്രപരമായ വിവരണമായി കൂടി ഈ വിശദീകരണങ്ങളെ കണക്കാക്കേണ്ടതാണ്. മാറിയിരുന്നും പുറത്തായും തീണ്ടാരിയായും അശുദ്ധി കൽപ്പിച്ചും പുരുഷ വിലക്കുകളെ പരസ്യപ്പെടുത്തി പെണ്ണുങ്ങൾ നടത്തുന്ന തീണ്ടാരി അനുഭവങ്ങൾ കഥയിലെ മർമ്മപ്രധാന ഭാഗമായി നിലനിൽക്കുന്നു. തീണ്ടാരി തുണിയുടെ  മണം പിടിച്ചെത്തുന്ന പാമ്പിന്റെ കഥയും ആണുങ്ങളുള്ള ഓഫീസിൽ പാഡ് കവറിലാക്കി വീട്ടിൽ കൊണ്ടുവരേണ്ട അവസ്ഥയും ഒക്കെ വിശദമായി കഥയിൽ വിവരിക്കുന്നുണ്ട്. മെൻസസ് ഒളിച്ചു വയ്ക്കേണ്ട /പുറത്തു പറയാൻ പാടില്ലാത്ത ശാരീരിക അവസ്ഥയാണെന്ന് ധാരണയ്ക്ക് അപ്പുറത്തേക്കുള്ള ചില കഥകളും ഈ കമ്പാർട്ട്മെന്റിൽ ഉന്നയിക്കപ്പെടുന്നുണ്ട്. വയറുവേദനയെപ്പറ്റി പറഞ്ഞപ്പോൾ മകൻ ശാരീരികാവസ്ഥ മനസ്സിലാക്കി ഗുളിക വാങ്ങിവെച്ച അനുഭവം ശ്രദ്ധേയമാണ്. ആൾക്കാർ കണ്ടുകണ്ട് ആ ടാബു അങ്ങ് മാറട്ടെയെന്ന് രക്തം പുരണ്ട നാപ്കിൻ പോസ്റ്റ് ചെയ്യുന്നതിന്റെ പ്രസക്തിയെപ്പറ്റി പ്രിയത പറഞ്ഞതിൽ ശരീര രാഷ്ട്രീയമാണ് ചുവന്നു കിടക്കുന്നത്.

പെണ്ണുങ്ങളേ നിങ്ങളീ കുറ്റം പറയുന്ന രക്തം വറ്റുമ്പോഴേ അതിന്റെ നഷ്ടം അറിയൂ. നമ്മളെ ഉർവ്വരമാക്കി നിർത്തുന്ന പെണ്ണാക്കുന്ന ചുവപ്പാണത്. ഞങ്ങളുടെയൊക്കെ കാലത്ത് ഇത്രയും സൗകര്യങ്ങൾ ഇല്ലാഞ്ഞിട്ടും ഇതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. അഞ്ചാം ദിവസം ഇഞ്ചിയും താളിയും തേച്ച് മുങ്ങി നിവരുമ്പോൾ വല്ലാത്തൊരു ഊർജ്ജം തോന്നും. ഓരോ അണുവിലും പെണ്ണെന്ന അനുഭൂതി. കുനിഞ്ഞും നിവർന്നും പണിയെടുത്തിട്ടോ അഞ്ചാറു പെറ്റിട്ടോ എന്നറിയില്ല ഈ വേദനയും കഷ്ടപ്പാടും ഒന്നും അറിഞ്ഞിട്ടില്ല. ഇതൊക്കെയങ്ങട് നിന്നപ്പോൾ ഉള്ളം കയ്യും കാലും ചുട്ടു നീറ്റലായി. ദേഹത്തിനു മൊത്തം ഉഷ്ണം, ആ ചോരതുള്ളിയിലായിരുന്നുശരീരത്തിന്റെ, മനസ്സിന്റെ ഒക്കെ സ്നിഗ്ധത. ആണിന് എന്നും ചെറുപ്പം തന്നെ. അപ്പൊ പിറുപ്പിറുക്കലായി ദേഷ്യമായി തിരിഞ്ഞു കിടക്കലായി. ഇപ്പോഴും ജോലിക്ക് പോണത് പൈസക്ക് വേണ്ടിയല്ല. ഒരു പെൺ ശരീരത്തിനപ്പുറം ഞാനൊരു ജീവൻ ഉണ്ടെന്ന്എന്നെത്തന്നെ ബോധ്യപ്പെടുത്താനാ” എന്ന രാധാമണിയുടെ വാക്കുകൾ കൂപ്പയിൽ മുഴങ്ങി നിന്നു.

വണ്ടി നിന്നപ്പോൾ പെണ്ണുങ്ങൾ അവരവരുടെ ജോലി സ്ഥലത്തേക്ക് പോകുന്നതിനു പകരം ആർപ്പുവിളികളോടെ സിനിമയ്ക്കും ബീച്ചിലേക്കും ഒക്കെ യാത്രയാകുന്നിടത്താണ് കഥ അവസാനിക്കുന്നത്. ശരീരത്തെ മുൻനിർത്തി പെണ്ണ് എഴുതുന്ന സാഹിത്യചിന്തകളുടെ രാഷ്ട്രീയത്തെ മെയ്യനുഭവങ്ങളുടെ മൗലികമായ അവതരണത്തിലൂടെ ലേഡീസ് വണ്ടി അഥവാ തീണ്ടാരിവണ്ടിയെന്ന കഥ പുനരവതരിപ്പിക്കുന്നു. സ്ത്രീ രചനയിലെ അനുഭവം എന്ന ഘടകം സ്ത്രൈണ ഭാഷണത്തിന്റെ കണ്ടെത്തലിന് അനിവാര്യമായിത്തീരുന്നു. ഒരുപറ്റം പെൺ ജീവിതങ്ങളുടെ അനുഭവങ്ങൾ ഒരു കഥാ സരൂപത്തിലേക്ക് ഉരുവം കൊള്ളുകയാണിവിടെ. ഭാഷയും ശരീരവും വ്യവസ്ഥകളും അവസ്ഥാന്തരങ്ങളും ചേർന്ന് സാമൂഹിക സ്ഥിതിയെ പെണ്ണുങ്ങൾ കൂട്ടമായി ചെന്ന് നേരിടുന്ന ചിന്തയാണ് കഥയുടേത്. ഒരു സ്ത്രീയുടെ പ്രതികരണം എന്ന നിലയിലല്ല; മറിച്ച് വിതാനങ്ങളിലൂടെ കടന്നുവരുന്ന പെണ്ണുങ്ങളുടെ ഒരുമ്പെടലുകളാണ് കഥ. അതുകൊണ്ട് തന്നെ ആഖ്യാനത്തിന്റെ സമസ്തഭാവങ്ങളെയും പെൺപക്ഷത്തേക്ക് ചേർത്തുകൊണ്ട് മൂർച്ച കൂട്ടിനിർത്താൻ കഥാഗാത്രത്തിന് കഴിയുന്നു.

കുറിപ്പുകൾ
1. പ്രതിരോധത്തിന്റെ ആവശ്യകത പെണ്ണെഴുത്തിൽ കൂടുതൽ പ്രബലമാകുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഈ പ്രതിരോധപ്രക്രിയയിൽ പെണ്ണിന്റെ ആയുധം ഉടലായി മാറുകയും ചെയ്യുന്ന സ്ഥിതിയാണ് എഴുത്തിൽ പ്രയോഗിക്കപ്പെടാറുള്ളത്. അതായത് ആവിഷ്കാരത്തെക്കാൾ പ്രധാനമായി പ്രതിരോധം എന്ന ഘടകം മുന്നിട്ടുനിൽക്കുന്നു.(സ്വയം എഴുതുന്ന ഉടൽ പെൺകഥകളിലെ ശരീരരാഷ്ട്രീയം എന്ന ലേഖനത്തിൽ ജി. ഉഷാകുമാരി ഈ പ്രശ്നം ചർച്ച ചെയ്യുന്നുണ്ട്.)
2. ഇന്നു ഭാഷയിതപൂർണ്ണമെങ്കിലോ.. കുമാരനാശാന്റെ കവിതയിൽ ഭാഷയുടെ പരിമിതിയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്.

ഗ്രന്ഥസൂചി
1. റഫീക്ക് കെ. ഷാഹിന, 2016, ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
2. ഉഷാകുമാരി ജി., 2013, ഉടൽ ഒരു നെയ്​ത്ത്​: സംസ്​കാരത്തിന്റെ സ്​ത്രീവായന, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം.
3. ദേവിക ജെ., 2000, സ്ത്രീവാദം, ഡിസി ബുക്സ് കോട്ടയം.

No Comments yet!

Your Email address will not be published.