മെക്സിക്കോ സിറ്റിയില്‍, സാന്‍ ഏഞ്ചല്‍ ഇന്നിലെ, വര്‍ണ്ണശബളമായ പൂക്കള്‍ നിറഞ്ഞ വസതിയില്‍ വച്ചാണ് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസുമായുള്ള അഭിമുഖം നടന്നത്. പ്രധാന ഭവനത്തില്‍ നിന്നും അല്പം നടക്കണം സ്റ്റുഡിയോയിലേക്ക്. ഉയരം കുറഞ്ഞ് അല്പം നീളക്കുടുതല്‍ തോന്നുന്ന ആ കെട്ടിടം ഒരു അതിഥിമന്ദിരമായി രൂപകല്പന ചെയ്തതാണെന്നു തോന്നും. അതിനകത്ത് ഒരറ്റത്ത് ഒരു ചരിവുമെത്തയും രണ്ടു കസേരകളും. മിനറല്‍വാട്ടറും മറ്റു പാനീയങ്ങളും അടുക്കിവെച്ച ഒരു ചെറിയ റെഫ്രിജറേറ്റര്‍. മുറിയിലെ ഏറ്റവും വലിയ ആകര്‍ഷണം സോഫ്ക്കു മുകളില്‍ തൂക്കിയിരിക്കുന്ന മാര്‍ക്കേസിന്റെ തന്നെ വലിപ്പം കൂടിയ ഫോട്ടോ ആണ്. ഏതോ സിനിമയില്‍ ആന്റണി ക്വീന്‍ നില്‍ക്കുന്നതിനെ ഓര്‍മ്മിപ്പിക്കുന്നതുപോലെ സ്‌റ്റൈലിഷായ ക്യാപ്പും ധരിച്ച് എതിരെ വീശുന്ന കാറ്റുമേറ്റ് ദൂരെ നോക്കിനില്‍ക്കുന്ന മാാര്‍ക്കേസ്. സ്റ്റുഡിയോയുടെ മറ്റേ അറ്റത്ത് തന്റെ ഡെസ്‌ക്കിനപ്പുറം ഇരിക്കുകയായിരുന്നു മാര്‍ക്കേസ്. ചുറുചുറുക്കോടെ എഴുന്നേറ്റുവന്ന് അദ്ദേഹം എന്നെ സ്വീകരിച്ചു. അഞ്ചടി എട്ട്-ഒന്‍പതിഞ്ച് പൊക്കമുള്ള ദൃഢശരീരമുള്ള ആളാണ് അദ്ദേഹം. ഒരു നല്ല മിഡില്‍വെയ്റ്റ് ബോക്‌സറെപ്പോലെ തോന്നും. നെഞ്ച് നല്ല വിരിവുള്ളയാള്‍. കാലുകള്‍ക്ക് പക്‌ഷേ, വണ്ണം കുറവാണ്. കോര്‍ഡ്രോയ് സ്ലാക്കും സ്വെറ്ററും ധരിച്ചിരുന്നു അദ്ദേഹം. കറുത്ത ലെതര്‍ ബൂട്ടുകളും. ഇരുണ്ട തവിട്ടുനിറമുള്ള ചുരുണ്ട മുടി, നിറഞ്ഞ മീശ. ഏതാണ്ട് രണ്ടുമണിക്കൂര്‍ വീതം സമയമെടുത്ത് മൂന്നു സായാഹ്നങ്ങളിലായിട്ടാണ് അഭിമുഖം നടന്നത്. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് വളരെ നല്ലതാണ്. എങ്കിലും സംസാരം ഏറെയും സ്പാനിഷിലായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും അതു പരിഭാഷപ്പെടുത്താന്‍ സഹായിച്ചു. സംസാരിക്കുമ്പോള്‍ മാര്‍ക്കേസിന്റെ ശരീരം മുന്നോട്ടും പിന്നോട്ടും ചലിക്കുന്നുണ്ടായിരുന്നു. പറയുന്ന കാര്യങ്ങള്‍ക്ക് വേണ്ടത്ര ഊന്നല്‍ നല്‍കാന്‍ പലപ്പോഴും കൈകള്‍ ചലിപ്പിക്കുകയും ആംഗ്യം കാട്ടുകയും ചെയ്തു. കേള്‍വിക്കാരനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി പലപ്പോഴും മുന്നോട്ടായുകയും ഓര്‍മ്മകളില്‍ നിന്നും സംസാരിക്കുമ്പോള്‍ കാലിന്‍ മേല്‍ കാല്‍ കയറ്റി പിന്നോട്ടു ചാരി ഇരിക്കുകയും ചെയ്തു.
ടേപ്പ് റെക്കോര്‍ഡര്‍ ഉപയോഗിക്കുന്നതിനെപ്പറ്റി എന്തു തോന്നുന്നു?
ടേപ്പു ചെയ്യുന്നുണ്ടെന്ന് അറിയുന്നതോടെ നമ്മുടെ മനോഭാവം തന്നെ മാറും. അതാണു പ്രശ്‌നം എന്റെ കാര്യത്തിലാണെങ്കില്‍ ഉടനെ ഞാന്‍ ചില മുന്‍കരുതലുകളും പ്രതിരോധങ്ങളും കൈക്കൊള്ളും. ഒരു പത്രലേഖകനെന്ന നിലയില്‍, എനിക്കു തോന്നുന്നത് ഒരു അഭിമുഖത്തില്‍ ടേപ്പ് റെക്കോര്‍ഡര്‍ എങ്ങനെ ഉപയോഗിക്കണമെന്ന് നാം ഇനിയും പഠിച്ചിട്ടില്ലെന്നാണ്. ഏറ്റവും നല്ല മാര്‍ഗ്ഗം എനിക്കു തോന്നുന്നത് പത്ര ലേഖകന്‍ യാതൊരു കുറിപ്പുകളും എടുക്കാതെ തന്നെ ദീര്‍ഘമായി സംഭാഷണം നടത്തുക എന്നതാണ്. പിന്നീട് ആ സംഭാഷണം ഓര്‍മ്മിക്കുകയും അയാള്‍ക്ക് തോന്നിയത് എന്താണോ അത് എഴുതുകയുമാവാം. പറഞ്ഞ യഥാര്‍ത്ഥവാക്കുകള്‍ ഉപയോഗിക്കണമെന്നു പോലുമില്ല. പ്രയോജനകരമായ മറ്റൊരു രീതി കുറിപ്പുകളെടുക്കുകയും അഭിമുഖത്തിനു വിധേയനായ ആളോടു വിശ്വസ്തത പുലര്‍ത്തികൊണ്ട് ആ കുറിപ്പുകളെ വ്യാഖ്യാനിക്കുകയും ചെയ്യുക എന്നതാണ്. എല്ലാ സംഭാഷണവും ടേപ്പ് റെക്കോര്‍ഡര്‍ ഉപയോഗിച്ച് രേഖപ്പെടുത്തുമ്പോള്‍ അതൊരിക്കലും അഭിമുഖത്തിനു വിധേയനായ ആളോടു വിശ്വസ്തത പുലര്‍ത്തുന്നില്ല എന്നതാണു ദൂഷ്യം. നിങ്ങളെ സ്വയം വിഡ്ഢിയാക്കുന്ന ഒരു പ്രസ്താവനയാണു നിങ്ങള്‍ നടത്തുന്നതെങ്കില്‍ പോലും ടേപ്പു റെക്കോര്‍ഡര്‍ അതു രേഖപ്പെടുത്തുകയും ഓര്‍ത്തുവെയ്ക്കുകയും ചെയ്യും. അതുകൊണ്ട് ഒരു ടേപ്പു റെക്കോര്‍ഡര്‍ ഉണ്ടാകുമ്പോള്‍, ഞാന്‍ അഭിമുഖത്തിനു വിധേയനാവുകയാണ് എന്ന ബോധം എനിക്കുണ്ടാവും അങ്ങനെയൊരു യന്ത്രമില്ലെങ്കില്‍ പ്രത്യേകമായ നിയന്ത്രണങ്ങളില്ലാതെ ബോധപൂര്‍വ്വം തികഞ്ഞ സ്വാഭാവികതയോടെയും എനിക്കു സംസാരിക്കാന്‍ കഴിയും.
താങ്കള്‍ അങ്ങനെ പറഞ്ഞപ്പോള്‍ ടേപ്പു റെക്കോര്‍ഡര്‍ ഉപയോഗിക്കുന്നതില്‍ എനിക്കു തെല്ലൊരു കുറ്റബോധം തന്നെ തോന്നുന്നു. എങ്കിലും ഇത്തരമൊരു അഭിമുഖത്തില്‍ നമുക്കത് ഏറെക്കുറെ ആവശ്യമുണ്ടെന്നു തന്നെയാണ് എനിക്ക് തോന്നുന്നത്.
ഏതായാലും ഞാനതു നിങ്ങളെ ഒന്നു പ്രതിരോധത്തിലാക്കാന്‍വേണ്ടി പറഞ്ഞതാണ്.
താങ്കള്‍ ഒരു അഭിമുഖത്തിലും ടേപ്പു റെക്കോര്‍ഡര്‍ ഉപയോഗിച്ചിട്ടില്ലേ?
ഒരു പത്രലേഖകനെന്നനിലയില്‍ ഞാന്‍ ഒരിക്കലും അതുപയോഗിച്ചിട്ടില്ല. എനിക്കൊരു നല്ല ടേപ്പ് റെക്കോര്‍ഡര്‍ ഉണ്ട്. ഞാന്‍ അതുപയോഗിക്കുന്നത് പാട്ടു കേള്‍ക്കാന്‍ വേണ്ടിയാണ്. പത്രലേഖകനെന്ന നിലയില്‍ ഞാന്‍ ആരുമായും അഭിമുഖം നടത്തിയിട്ടുമില്ല. ഞാന്‍ റിപ്പോര്‍ട്ടുകളെഴുതിയിട്ടുണ്ട്
കപ്പല്‍ ചേതത്തില്‍പ്പെട്ട ഒരു നാവികനുമായി നടത്തിയ പ്രസിദ്ധമായ ഒരു അഭിമുഖമുണ്ടെന്നു ഞാന്‍ കേട്ടിട്ടുണ്ട്. അത് ചോദ്യങ്ങളും ഉത്തരങ്ങളുമല്ല. നാവികന്‍ അയാളുടെ സാഹസിക യാത്രയെപ്പറ്റി എന്നോടു പറയുന്നു. ഞാനത്, കഴിയുന്നതും അയാളുടെതന്നെ വാക്കുകളുപയോഗിച്ച് പകര്‍ത്തിയെഴുതുന്നു. അയാള്‍ പറയുന്നതായിട്ടാണ് എഴുതുന്നത്. അയാള്‍തന്നെ എഴുതിയതാണെന്ന് വായനക്കാര്‍ക്കു തോന്നും. ഒരു വര്‍ത്തമാന പത്രത്തില്‍ രണ്ടാഴ്ചക്കാലം ഒരു പ്രതിദിന പരമ്പരപോലെ അത് പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ അതില്‍ ഒപ്പുവെച്ചിരുന്നത് ഞാനായിരുന്നില്ല. നാവികന്‍ തന്നെയായിരുന്നു. ഇരുപതുവര്‍ഷത്തിനു ശേഷം, അതു പുനഃപ്രസിദ്ധീകരിക്കുന്നതുവരെ ഞാനാണ് അതെഴുതിയതെന്ന് ആളുകള്‍ക്ക് അറിയില്ലായിരുന്നു. ഞാന്‍ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ എഴുതുന്നതുവരെ, അതൊരു നല്ല രചനയായിരുന്നുവെന്ന് ഒരു പത്രാധിപരും തിരിച്ചറിഞ്ഞില്ല.
നാം പത്രപ്രവര്ത്തനത്തെക്കുറിച്ചാ
എന്റെ യഥാര്‍ത്ഥ തൊഴില്‍ പത്രപ്രവര്‍ത്തകന്റേതാണെന്ന് എനിക്കെപ്പോഴും ബോധ്യമുണ്ടായിരുന്നു. പത്രപ്രവര്‍ത്തനത്തില്‍ മുമ്പ് എനിക്കിഷ്ടമില്ലാതിരുന്നത് അതിന്റെ തൊഴില്‍ സാഹചര്യങ്ങളായിരുന്നു. അതിനു പുറമെ, എന്റെ ചിന്തകളേയും ആശയങ്ങളേയുമൊക്കെ പത്രത്തിന്റെ താല്പര്യമനുസരിച്ച് ക്രമപ്പെടുത്തേണ്ടിയിരുന്നു. ഇന്ന്, ഒരു നോവലിസ്റ്റ് എന്ന നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിനുശേഷം, നോവലിസ്റ്റ് എന്ന നിലയില്‍ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ചതിനുശേഷം, എനിക്ക് കൗതുകമുള്ള പ്രമേയങ്ങള്‍ ശരിക്കും തിരഞ്ഞെടുക്കാനും എന്റെ ആശയങ്ങളുമായി സംവദിക്കാനും എനിക്കു സാധിക്കും. ഏതായാലും, പത്രപ്രവര്‍ത്തകനെന്ന നിലയില്‍ മികച്ച ഒരു രചന നടത്താന്‍ കഴിയുന്നത് തീര്‍ച്ചയായും ആഹ്ലാദകരമാണ്.
പത്രപ്രവര്‍ത്തനത്തിലെ ഒരു മികച്ച രചനയെന്നാല്‍ താങ്കള്‍ക്ക് അത് എന്താണ്? ജോണ്‍ ഹെഴ്‌സിയുടെ ‘ഹിറോഷിമ’ അസാധാരണമായ ഒരു രചനയാണ്. ഇന്ന് താങ്കള്‍ എഴുതാനുദ്ദേശിക്കുന്ന അത്രയ്ക്കു പ്രത്യേകതയുള്ള ഏതെങ്കിലും ‘സ്റ്റോറി’ ഉണ്ടോ?
ഒട്ടേറെയുണ്ട്. അവയില്‍ പലതും യഥാര്‍ത്ഥത്തില്‍ ഞാന്‍ എഴുതിക്കഴിഞ്ഞിരിക്കുന്നു. പോര്‍ത്തുഗലിനേയും ക്യൂബയേയും അംഗോളയേയും വിയറ്റ്‌നാമിനേയും കുറിച്ച് ഞാന്‍ എഴുതിയിരിക്കുന്നു. പോളണ്ടിനെക്കുറിച്ച് എഴുതാന്‍ എനിക്കിഷ്ടമാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വിശദീകരിക്കാന്‍ എനിക്കു സാധിച്ചാല്‍ അത് വളരെ പ്രധാനപ്പെട്ട ഒരു സ്റ്റോറിയായിരിക്കും. പക്ഷേ, ഇപ്പോള്‍ പോളണ്ടില്‍ നല്ല തണുപ്പായിരിക്കും. അത്യാവശ്യ സുഖസൗകര്യങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകനാണ് ഞാന്‍.
പത്രപ്രവര്‍ത്തനത്തിനു ചെയ്യാന്‍ സാധിക്കാത്ത ചില കാര്യങ്ങള്‍ നോവലിനു ചെയ്യാന്‍ സാധിക്കുമെന്നു താങ്കള്‍ കരുതുന്നുണ്ടോ?
ഇല്ല. അവ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. രണ്ടിന്റേയും ഉറവിടങ്ങള്‍ ഒന്നുതന്നെയാണ്. ഉപാധികളും ഒന്നു തന്നെ. വിഭവങ്ങളും ഭാഷയും ഒന്നുതന്നെ. ഡാനിയേല്‍ ഡെഫോ (Daniel Defoe) യുടെ ‘ദി ജേണല്‍ ഓഫ് ദ പ്ലേഗ് ഇയര്‍’ ഒരു മഹത്തായ നോവലാണ്; ‘ഹിറോഷിമ’ മഹത്തായ ഒരു പത്രലേഖനവും.
സത്യവും ഭാവനയും തുലനപ്പെടുത്തുന്നതില്‍ പത്രപ്രവര്‍ത്തകന്റേയും നോവലിസ്റ്റിന്റേയും ഉത്തരവാദിത്വങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടോ?
പത്രപ്രവര്‍ത്തനത്തില്‍ തെറ്റായ ഒരു വിവരം മതി, മൊത്തം കാര്യങ്ങളെ അവതാളത്തിലാക്കാന്‍. നേരെ മറിച്ച്, കഥയുടേയും ആഖ്യായികകളുടേയും കാര്യത്തില്‍ ഒരു ഒറ്റക്കാര്യം വസ്തുതാപരമായി ശരിയാണെങ്കില്‍ അത് മൊത്തം രചനയ്ക്കും സാധൂകരണം നല്‍കും. അതു മാത്രമാണ് ഒരു വ്യത്യാസം.; അതാകട്ടെ എഴുത്തുകാരന്റെ പ്രതിബദ്ധതയെ ആശ്രയിച്ചാണിരിക്കുന്നത്. ആളുകളെ വിശ്വസിപ്പിക്കാനാവുമെങ്കില്‍ ഒരു നോവലിസ്റ്റിനും എന്തും ചെയ്യാനാകും.
ഏതാനും വര്‍ഷം മുമ്പു നല്‍കിയ ഒരു അഭിമുഖത്തില്‍, ഒരു പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് താങ്കള്‍ എത്ര വേഗത്തിലാണ് കാര്യങ്ങള്‍ ചെയ്തിരുന്നതെന്ന് അതിശയത്തോടെ ഓര്‍ത്തുപോകുന്നതായി പറഞ്ഞിരുന്നുവെന്നു തോന്നുന്നു.?
നോവലായാലും പത്രപ്രവര്‍ത്തനമായാലും മുന്‍കാലത്ത് എഴുതിയിരുന്നതിനേക്കാള്‍ പ്രയാസകരമാണ് ഇന്നത്തെ എഴുത്ത്. ഇന്നത്തേതുപോലെ എഴുതുന്ന ഓരോ വാക്കിനെപ്പറ്റിയും അത്രത്തോളം ബോധവാനായിരുന്നില്ല അന്നു ഞാന്‍. ബൊഗോട്ടയിലെ എല്‍ എസ്‌പെക്റ്റഡോറില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഓരോ ആഴ്ചയിലും ചുരുങ്ങിയത് മൂന്നു സ്‌റ്റോറികളെങ്കിലും ഞാന്‍ എഴുതുമായിരുന്നു. ഓരോ ദിവസവും രണ്ടോ മൂന്നോ എഡിറ്റോറിയല്‍ കുറിപ്പുകളും എഴുതേണ്ടിയിരുന്നു. ഇവയ്ക്കു പുറമെ ഞാന്‍ സിനിമാനിരൂപണവും ചെയ്യാറുണ്ട്. അതും കഴിഞ്ഞ് രാത്രിയില്‍, എല്ലാവരും വീടുകളില്‍ പോയതിനുശേഷമാണ് ഞാന്‍ നോവലുകള്‍ എഴുതാറുള്ളത്. ലിനോടൈപ്പ് മെഷീനുകളുടെ ശബ്ദം എനിക്കിഷ്ടമായിരുന്നു. മഴയുടെ ശബ്ദം പോലെയായിരുന്നു അത്. അവ നിലയ്ക്കുകയും ഞാന്‍ നിശ്ശബ്ദതയിലാവുകയും ചെയ്താല്‍ പിന്നെ എനിക്കു ജോലി ചെയ്യാനാവുമായിരുന്നില്ല. ഇപ്പോള്‍ എഴുത്ത് താരതമ്യേന കുറവാണ്. ഒരു നല്ല പ്രവൃത്തിദിവസം രാവിലെ ഒന്‍പതു മണിമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിയോ മൂന്നു മണിയോ വരെ ജോലി ചെയ്താല്‍ ഞാനെഴുതുന്നത് കൂടിപ്പോയാല്‍ നാലോ അഞ്ചോ വരികളുള്ള ഒരു ചെറു ഖണ്ഡികയാവും. സാധാരണഗതിയില്‍ പിറ്റേ ദിവസം ഞാന്‍ അത് കീറിക്കളയും.
ഇങ്ങനെയൊരു മാറ്റം സംഭവിച്ചത് താങ്കളുടെ കൃതികള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെടുന്നതുകൊണ്ടാണോ? അതോ ഏതെങ്കിലും രാഷ്ട്രീയ പ്രതിബന്ധതകൊണ്ടോ?
ഇതു രണ്ടും ശരിയാണ്. ഞാന്‍ എക്കാലത്തും സങ്കല്പിച്ചിട്ടുള്ളതിനേക്കാള്‍ എത്രയോ അധികം ആളുകള്‍ക്കു വേണ്ടിയാമ് ഞാന്‍ എഴുതുന്നത് എന്ന ചിന്ത ഒരുതരം പ്രത്യേക ഉത്തരവാദിത്വബോധം എന്നില്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അത് സാഹിത്യപരവും രാഷ്ട്രീയപരവുമായ ഉത്തരവാദിത്വബോധമാണ്. ഞാന്‍ മുമ്പെഴുതിയിരുന്നതിനേക്കാള്‍ നിലവാരം കുറഞ്ഞതാവരുത് ഇനിയെഴുതുന്നത് എന്ന ഒരുതരം അഭിമാനബോധം കൂടി അതില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു.
താങ്കള്‍ എഴുത്താരംഭിച്ചത് എങ്ങനെയാണ്?
വരച്ചുകൊണ്ട്. കാര്‍ട്ടൂണുകള്‍ വരച്ചുകൊണ്ട്. വായിക്കാനോ എഴുതാനോ പഠിക്കുന്നതിനുമുമ്പ് സ്‌കൂളിലും വീട്ടിലും ഞാന്‍ കോമിക്കുകള്‍ വരയ്ക്കാറുണ്ടായിരുന്നു. ഞാന്‍ ഹൈസ്‌കൂളില്‍ ആയിരുന്ന കാലത്തുതന്നെ ഒരെഴുത്തുകാരനെന്ന പ്രശസ്തി എനിക്കുണ്ടായിരുന്നു; വാസ്തവത്തില്‍ ഞാന്‍ യാതൊന്നും എഴുതിയിരുന്നില്ലെങ്കിലും അതു ഞാന്‍ ഇപ്പോഴാണു തിരിച്ചറിയുന്നത് എന്നതാണതിലെ തമാശ. ഒരു ലഘുലേഖയെ, ഒരു നിവേദനമോ എഴുതേണ്ടതുണ്ടായിരുന്നെങ്കില്‍ ഞാനാണ് അതു ചെയ്യേണ്ടിയിരുന്നത്; എന്തുകൊണ്ടെന്നാല്‍ എന്നെയാണ് ഒരു എഴുത്തുകാരനായി കണക്കാക്കിയിരുന്നത്. ഞാന്‍ കോളേജില്‍ ചേരുമ്പോള്‍ പൊതുവില്‍ മെച്ചപ്പെട്ട ഒരു സാഹിത്യ പശ്ചാത്തലം എനിക്കുണ്ടായിരുന്നു; എന്റെ സുഹൃത്തുക്കളുടെ ശരാശരി നിലവാരത്തേക്കാള്‍ സാമാന്യം ഉയര്‍ന്ന ഒന്ന്. ബൊഗോട്ടയിലെ യുണിവേഴ്‌സിറ്റിയില്‍ എനിക്ക് പുതിയ സുഹൃത്തുക്കളും പരിചയക്കാരുമുണ്ടായി. സമകാലീനരായ എഴുത്തുകാരുമായി എന്നെ പരിചയപ്പെടുത്തിയത് അവരാണ്. ഒരു രാത്രി ഒരു സുഹൃത്ത് ഫ്രാന്‍സ് കാഫ്കയുടെ ഒരു ചെറുകഥാ പുസ്തകം എനിക്കു തന്നു. താമസസ്ഥലത്തു തിരിച്ചുചെന്ന് ഞാന്‍ ദി മെറ്റമോര്‍ഫോസിസ് വായിക്കാന്‍ തുടങ്ങി. ആദ്യവരി തന്നെ കിടക്കയില്‍ നിന്നും എന്നെ ഏറെക്കുറെ തട്ടിത്തെറിപ്പിച്ചു. ഞാന്‍ ഏറെ അതിശയപ്പെട്ടു. ആദ്യവരി ഇങ്ങനെയായിരുന്നു, ”അന്നു പ്രഭാതത്തില്‍, അസ്വാസ്ഥ്യകരമായ സ്വപ്നത്തില്‍ നിന്നുണര്‍ന്നപ്പോള്‍, തന്റെ കിടക്കയില്‍ താന്‍ ഭീമാകാരനായ ഒരു കീടമായി രൂപാന്തരപ്പെട്ടിരുന്നതായി ഗ്രെഗര്‍ സാംസ കണ്ടു…”
ആ വരി വായിച്ചപ്പോള്‍ അങ്ങനെയെഴുതാന്‍ ആരും അനുവദിക്കപ്പെട്ടിട്ടുള്ളതായി അറിയില്ലല്ലോ എന്ന് ഞാന്‍ ചിന്തിക്കുകയും എന്നോടുതന്നെ അതു പറയുകയും ചെയ്തു. അങ്ങനെ അറിയാമായിരുന്നുവെങ്കില്‍ ദീര്‍ഘകാലം മുമ്പോ ഞാന്‍ എഴുതുമായിരുന്നുവല്ലോ എന്നും ഞാന്‍ വിചാരിച്ചു. അങ്ങനെ ഉടനെതന്നെ ഞാന്‍ ചെറുകഥകളെഴുതാന്‍ തുടങ്ങി. അവയെല്ലാം ബുദ്ധിക്കു പ്രാധാന്യമുള്ള ചെറുകഥകളായിരുന്നു. എന്തുകൊണ്ടെന്നാല്‍, അന്ന് ഞാന്‍ എഴുതിക്കൊണ്ടിരുന്നത് എന്റെ സാഹിത്യ സംബന്ധിയായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. സാഹിത്യത്തിനും ജീവിതത്തിനുമിടയ്ക്കുള്ള കണ്ണി എന്താണെന്ന് ഞാനന്ന് കണ്ടെത്തിയിരുന്നില്ല. ബൊഗോട്ടയിലെ എല്‍ എസ്‌പെക്റ്റഡോര്‍ പത്രത്തിന്റെ സാഹിത്യ പതിപ്പിലാണ് കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. അന്ന് അത് സാമാന്യേന വിജയകരമായിരുന്നു. ഒരു പക്ഷേ, അക്കാലത്ത് കൊളംബിയയിലെ ആരും ബൗദ്ധിക പ്രാധാന്യമുള്ള കഥകള്‍ എഴുതിയിരുന്നില്ല എന്നതുകൊണ്ടാവാം എന്റെ കഥകള്‍ വിജയിച്ചത്. അക്കാലത്ത് എഴുതപ്പെട്ടിരുന്നത് മുഖ്യമായും നാട്ടിന്‍പുറങ്ങളിലെ ജീവിതത്തേയും സാമൂഹികജീവിതത്തേയും കുറിച്ചായിരുന്നു. ഞാന്‍ എന്റെ ആദ്യകാല ചെറുകഥകളെഴുതുമ്പോള്‍ അവയ്ക്ക് ജോയ്‌സിന്റെ സ്വാധീനമുണ്ടെന്നു പലരും പറഞ്ഞിരുന്നു.
താങ്കള്‍ അക്കാലത്ത് ജോയ്‌സിന്റെ കൃതികള്‍ വായിച്ചിരുന്നോ?
അന്ന് ഞാന്‍ ജോയ്‌സിന്റെ കൃതികള്‍ വായിച്ചിരുന്നില്ല. അതുകൊണ്ട് ഞാന്‍ യുളീസസ്സ് വായിക്കാന്‍ തുടങ്ങി. സ്പാനിഷ് ഭാഷയിലെ പതിപ്പാണു ഞാന്‍ വായിച്ചത്. പിന്നീട് ഇംഗ്ലീഷിലും ഫ്രഞ്ചിലുമുള്ള പരിഭാഷകള്‍ വായിച്ചപ്പോള്‍ ആദ്യത്തെ സ്പാനിഷ് വിവര്‍ത്തനം വളരെ മോശമായിരുന്നുവെന്ന് എനിക്കു മനസ്സിലായി. എങ്കിലും ഭാവിയിലെ എന്റെ എഴുത്തിന് പ്രയോജനകരമായ ചില കാര്യങ്ങള്‍ ആന്തരികമായ ആത്മഭാഷണം ഞാന്‍ പഠിച്ചു. പിന്നീട് വിര്‍ജീനിയ വുള്‍ഫിന്റെ രചനകളില്‍ ഞാന്‍ അത് കണ്ടു. ജോയ്‌സിനേക്കാള്‍ നന്നായി അവരത് ഉപയോഗിച്ചിട്ടുള്ളത് എനിക്കിഷ്ടമായി. ആന്തരിക ആത്മഭാഷണത്തിന്റെ ഈ രീതി കണ്ടുപിടിച്ചത്. ”ലസാറില്ലോ ഡി ടോര്‍മെസി” ന്റെ കര്‍ത്താവായ അജ്ഞാതനാണെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കുകയുണ്ടായി. (1554-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു സ്പാനിഷ് ലഘു ആഖ്യായികയാണ് ‘ലസാറില്ലോ ഡി ടോര്‍മെസിന്റെ ജീവിതവും സൗഭാഗ്യങ്ങളും പ്രതിയോഗികളും.’ പൗരോഹിത്യത്തിനെതിരായ കൃതിയായതുകൊണ്ട് ഗ്രന്ഥകര്‍ത്താവിന്റെ പേരില്ലാതെയാണ് അതു പുറത്തു വന്നത്. ഇതേ കാരണത്താല്‍ പുസ്തകം നിരോധിക്കപ്പെടുകയും ചെയ്തു – വിവര്‍ത്തകന്‍)
താങ്കളുടെ ആദ്യകാല രചനകളെ സ്വാധീനിച്ചവര്‍ ആരൊക്കെയാണെന്നു പറയാമോ?ചെറുകഥകളോടുള്ള ബുദ്ധിപരമായ മനോഭാവത്തില്‍ നിന്നും വിമുക്തനാവാന്‍ എന്നെ സഹായിച്ചത് അമേരിക്കയിലെ നഷ്ടപ്പെട്ട തലമുറയിലെ എഴുത്തുകാരാണ്. (ഒന്നാം ലോകയുദ്ധകാലത്ത് വളര്‍ച്ചയെത്തിയ എഴുത്തുകാരെയാണ് നഷ്ടപ്പെട്ട തലമുറയിലെ എഴുത്താകാരായി വിശേഷിപ്പിക്കാറുള്ളത് യുദ്ധം സൃഷ്ടിച്ച ആശയക്കുഴപ്പത്തില്‍ ദിശാബോധം നഷ്ടപ്പെട്ട തലമുറയെന്നാണ് വിവക്ഷ. ഏണസ്റ്റ് ഹെമിംഗ്‌വേയാണ് ഈ പ്രയോഗത്തിന് പ്രചാരം നല്‍കിയത് – വിവര്‍ത്തകന്‍) അവരുടെ സാഹിത്യത്തിന് ജീവിതവുമായി ഒരു ബന്ധമുണ്ടെന്നും എന്റെ ചെറുകഥകള്‍ക്ക് അതില്ലെന്നും ഞാന്‍ മനസ്സിലാക്കി. ഈ മനോഭാവത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതെന്നു പറയാവുന്ന ഒരു സംഭവവും അക്കാലത്തുണ്ടായി. 1948 ഏപ്രില്‍ 9 ന് ബൊഗോട്ടയില്‍ വച്ച് ഗെയ്റ്റാന്‍ എന്നു പേരുള്ള ഒരു രാഷ്ട്രീയ നേതാവ് വെടിയേറ്റു മരിച്ചു. ബൊഗോട്ടയിലെ ജനങ്ങള്‍ അക്രമാസക്തരായി തെരുവിലിറങ്ങി.
എന്റെ താമസസ്ഥലത്ത് ഉച്ചഭക്ഷണത്തിനൊരുങ്ങുമ്പോഴാണ് ഞാന്‍ വാര്‍ത്ത കേട്ടത്. ഞാന്‍ സംഭവസ്ഥലത്ത് ഓടിയെത്തുമ്പോഴേക്കും ഗെയ്റ്റാനെ ഒരു ടാക്‌സിയില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നു. ഞാന്‍ താമസസ്ഥലത്തേക്ക് തിരികെ നടക്കുമ്പോഴേക്കും ആളുകള്‍ തെരുവുകള്‍ കൈയ്യടക്കിക്കഴിഞ്ഞിരുന്നു. അവര്‍ പ്രകടനങ്ങള്‍ നടത്തുകയും കടകള്‍ കൊള്ളയടിക്കുകയും കെട്ടിടങ്ങള്‍ക്ക് തീവെയ്ക്കുകയും ചെയ്തു. ഞാനും അവര്‍ക്കൊപ്പം ചേര്‍ന്നു. അന്നു സായാഹ്നത്തിലേയും വൈകുന്നേരത്തേയും അനുഭവങ്ങളില്‍ നിന്നും ഞാന്‍ ജീവിക്കുന്നത് എന്തുതരം രാജ്യത്താണെന്ന് എനിക്കു മനസ്സിലായി. എന്റെ ചെറുകഥകള്‍ക്ക് ആ യാഥാര്‍ത്ഥ്യങ്ങളുമായുള്ള ബന്ധം എത്രത്തോളം തുച്ഛമാണെന്നും എനിക്കു മനസ്സിലായി. പിന്നീട്, ഞാനെന്റെ കുട്ടിക്കാലം ചെലവിട്ട കരീബിയന്‍സിലെ ബരാന്‍ക്വില്ലയിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിതനായപ്പോള്‍ ഞാന്‍ ജീവിച്ചതും എനിക്കറിയാവുന്നതും ഞാന്‍ എഴുതാന്‍ ആഗ്രഹിച്ചതുമായ ജീവിതം ഏതുതരമാണെന്നും എനിക്കു മനസ്സിലായി.
1950 ലോ 1951 ലോ, എന്റെ സാഹിത്യ പ്രവണതകളെ സ്വാധീനിച്ച മറ്റൊരു സംഭവമുണ്ടായി. അരക്കാറ്റാക്കയില്‍ തന്നോടൊപ്പം ചെല്ലാനും എന്റെ ശൈശവകാലം ചെലവിട്ട അവിടത്തെ വീട് വില്ക്കാനും എന്റെ അമ്മ എന്നോടാവശ്യപ്പെട്ടു. ഞാന്‍ ജനിച്ചത് അവിടെയായിരുന്നു. അവിടെയെത്തിയപ്പോള്‍ എനിക്ക് അതൊരു ഞെട്ടിക്കുന്ന അനുഭവമായിരുന്നു. അപ്പോള്‍ എനിക്ക് 22 വയസ്സുണ്ട്. എട്ടു വയസിനു ശേഷം ആദ്യമായാണ് ഞാന്‍ അവിടെയെത്തുന്നത്. ഒന്നും യഥാര്‍ത്ഥത്തില്‍ മാറിയിട്ടുണ്ടായിരുന്നില്ല. എങ്കിലും ഞാന്‍ ആ ഗ്രാമത്തെ കാണുകയല്ല; മറിച്ച് വായിക്കുകയാണ് ചെയ്യുന്നതെന്ന ഒരു അനുഭവമാണെനിക്കുണ്ടായത്. ഞാന്‍ കണ്ടതെല്ലാം നേരത്തെ എഴുതിവെയ്ക്കപ്പെട്ടിരുന്നു എന്നും നേരത്തെ ഉണ്ടായിരുന്നതും ഞാന്‍ വായിക്കുന്നതുമായ കാര്യങ്ങളെ പകര്‍ത്തുക മാത്രമേ ഞാന്‍ ചെയ്യേണ്ടതുള്ളൂ എന്നും എനിക്കു തോന്നി. പ്രായോഗിക തലത്തില്‍ എല്ലാം സാഹിത്യത്തിലേക്കു പരിണമിച്ചു; വീടുകളും ആളുകളും ഓര്‍മ്മകളും എല്ലാം.
അതിനുമുമ്പ് ഞാന്‍ ഫോക്‌നറെ വായിച്ചിരുന്നുവോ എന്നെനിക്ക് ഉറപ്പില്ല. എങ്കിലും ഒരു കാര്യം ഇന്നെനിക്കറിയാം: ഫോക്‌നര്‍ക്കുമാത്രം വശമുള്ള ഒരു രചനാസങ്കേതമാണ് അന്നു കണ്ടതെല്ലാം എഴുതാന്‍ എനിക്കു കഴിവു തന്നത്. അന്തരീക്ഷവും ജീര്‍ണ്ണതയും ഗ്രമത്തിലെ ഉഷ്ണവുമെല്ലാം ഏറെക്കുറെ ഫോക്‌നറുടെ രചനകളില്‍ എനിക്കനുഭവപ്പെട്ടതിനു സമാനമായിരുന്നു. പഴക്കമ്പനികളില്‍ ജോലി ചെയ്തിരുന്ന ഒട്ടനവധി അമേരിക്കക്കാര്‍ താമസിക്കുന്ന വാഴപ്പഴത്തോട്ടങ്ങളുടെ ഒരു പ്രദേശമായിരുന്നു അത്. തെക്കന്‍ പ്രദേശങ്ങളിലെ എഴുത്തുകാരുടെ രചനകളില്‍ കണ്ടിരുന്ന അതേ അന്തരീക്ഷം അവിടേയും നിലനില്ക്കുന്നുവെന്ന് എനിക്കു തോന്നി.
(എന്റെ രചനകളില്‍) ഫോക്‌നര്‍ സാഹിത്യത്തിന്റെ സ്വാധീനമുണ്ടെന്ന് വിമര്‍ശകര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഞാന്‍ അതിനെ ഒരു യാദൃശ്ചികതയായിട്ടേ കാണുന്നുള്ളൂ. ഞാന്‍ കണ്ടെത്തിയ അസംസ്‌കൃത വസ്തുക്കളെ കൈകാര്യം ചെയ്യാന്‍ സമാനമായ അസംസ്‌കൃത വസ്തുക്കളെ കൈകാര്യം ചെയ്യാന്‍ സമാനമായ അസംസ്‌കൃത വസ്തുക്കളെ കൈകാര്യം ചെയ്തപ്പോള്‍ ഫോക്‌നര്‍ കൈക്കൊണ്ട മാര്‍ഗ്ഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു ഞാന്‍ കരുതുന്നു. ഗ്രാമത്തിലേക്കു നടത്തിയ ആ യാത്രയില്‍ നിന്നും ഞാന്‍ തിരിച്ചെത്തിയത് എന്റെ ആദ്യ നോവലായ ലീഫ് സ്റ്റോം (Leaf Storm എഴുതാനായിരുന്നു. അരക്കാറ്റാക്കയിലേക്കുള്ള യാത്രയില്‍ സംഭവിച്ചത്, എന്റെ കുട്ടിക്കാലത്തു സംഭവിച്ച കാര്യങ്ങള്‍ക്കെല്ലാം ഒരു സാഹിത്യമൂല്യമുണ്ടായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു എന്നതാണ്. അത് ഞാന്‍ അറിയുന്നതും ആസ്വദിക്കുന്നതും അപ്പോഴാണെന്നു മാത്രം. ലീഫ് സ്റ്റോം എഴുതിത്തീര്‍ന്ന നിമിഷത്തില്‍, ഞാന്‍ ഒരു എഴുത്തുകാരനാവാന്‍ ആഗ്രഹിക്കുന്നു എന്നും ആര്‍ക്കും എന്നെ അതില്‍ നിന്നും തടയാനാവില്ല എന്നും എനിക്ക് ഇനി ചെയ്യാനുള്ളത് ലോകത്തെ ഏറ്റവും മികച്ച എഴുത്തുകാരനാവാന്‍ ശ്രമിക്കുക എന്നതു മാത്രമാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. അത് 1953 ലായിരുന്നു. എങ്കിലും 1967 ലാണ്, അതായത്, എന്റെ എട്ടു പുസ്തകങ്ങളില്‍ അഞ്ചെണ്ണം എഴുതിത്തീര്‍ന്നതിനുശേഷമാണ് എനിക്ക് ആദ്യത്തെ റോയല്‍ട്ടി ലഭിച്ചത്.
സ്വന്തം കുട്ടിക്കാലത്തിന്റേയും അനുഭവങ്ങളുടേയും മൂല്യം നിരാകരിക്കുകയും താങ്കള്‍ ആദ്യ ഘട്ടത്തില്‍ ചെയ്തതുപോലെ ബുദ്ധിജീവിവത്ക്കരണത്തില്‍ അഭിരമിക്കുകയും ചെയ്യുന്നത് ചെറുപ്പക്കാരായ എഴുത്തുകാര്‍ക്കിടയില്‍ സാധാരണമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ഇല്ല, നേരെ മറിച്ച് കാര്യങ്ങള്‍ നടക്കുന്നത് തിരിച്ചാണെന്നു തോന്നുന്നു. ചെറുപ്പക്കാരനായ ഒരെഴുത്തുകാരന് എന്തെങ്കിലും ഉപദേശം കൊടുക്കേണ്ടി വന്നാല്‍ ഞാന്‍ പറയുക അയാള്‍ സംഭവിച്ച എന്തിനേയെങ്കിലും കുറിച്ച് എഴുതുക എന്നായിരിക്കും. ഒരു എഴുത്തുകാരന്‍ എഴുതുന്നത് തനിക്കു നേരിട്ടു സംഭവിച്ചതിനെക്കുറിച്ചാണോ, അതോ അയാള്‍ വിയിച്ചറിയുകയോ പറഞ്ഞുകേള്‍ക്കുകയോ ചെയ്ത എന്തിനെയെങ്കിലും കുറിച്ചാണോ എന്ന് എളുപ്പം പറയാനാവും. പാബ്ലോ നെരുദയുടെ ഒരു കവിതയില്‍ ഇങ്ങനെയൊരു വരിയുണ്ട്, ”ഞാന്‍ പാടുമ്പോള്‍ കണ്ടുപിടിക്കുന്നതില്‍ നിന്നും ദൈവം എന്നെ സഹായിക്കുന്നു” എന്ന്. എന്റെ രചനകള്‍ക്കു കിട്ടുന്ന ഏറ്റവും വലിയ പ്രശംസ അതില്‍ പ്രകടമാവുന്ന ഭാവനയ്ക്കാണെന്നതില്‍ എനിക്ക് അതിശയമുണ്ട്. പക്ഷേ, യാഥാര്‍ത്ഥ്യത്തില്‍ അടിസ്ഥാനമില്ലാത്ത ഒരൊറ്റ വരി പോലും എന്റെ ഒരു കൃതിയിലും ഇല്ല എന്നതാണ് സത്യം. പ്രശ്‌നമെന്തെന്നാല്‍സ കരീബിയന്‍ യാഥാര്‍ത്ഥ്യമെന്നത് ഏറ്റവും വന്യമായ ഭാവനയ്ക്കു സമാനമാണ്.
ആരെപ്പറ്റിയാണ് താങ്കള്‍ ഈ ഘട്ടത്തില്‍ എഴുതിയത്? ആരായിരുന്നു താങ്കളുടെ വായനക്കാര്‍?
എന്നെ സഹായിക്കുകയും എനിക്കു പുസ്തകങ്ങള്‍ കടം തരികയും എന്റെ രചനകളെപ്പറ്റി അത്യുത്സാഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന എന്റെ സുഹൃത്തുക്കള്‍ക്കു വേണ്ടിയാണ് ലീഫ് സ്‌റ്റോം എഴുതിയത്. പൊതുവില്‍ പറഞ്ഞാല്‍ ഒരാള്‍ എഴുതുന്നത് മറ്റു ചിലര്‍ക്കു വേണ്ടിയാണെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ എഴുതുമ്പോഴെല്ലാം ഒരു സുഹൃത്ത് അതിഷ്ടപ്പെടുമെന്ന് എനിക്കറിയാം. അല്ലെങ്കില്‍ മറ്റൊരു സുഹൃത്ത് ഒരു പ്രത്യേക ഖണ്ഡികയോ, അദ്ധ്യായമോ ഇഷ്ടപ്പെടുമെന്നും എനിക്കറിയാം. എല്ലായ്‌പ്പോഴും ഇത്തരത്തില്‍ ആരെയെങ്കിലും പറ്റി നാം ചിന്തിക്കും. അവസാനം എല്ലാ പുസ്തകങ്ങളും എഴുതുന്നത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കു വേണ്ടിയായിരിക്കും. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എഴുതിയതിനുശേഷമുള്ള പ്രശ്‌നം എന്തെന്നാല്‍ ദശലക്ഷക്കണക്കിനുവരുന്ന വായനക്കാരില്‍ ആര്‍ക്കുവേണ്ടിയാണ് ഞാനെഴുതുന്നതെന്ന് എനിക്കറിയാനാവുന്നില്ല എന്നതാണ്. ഇത് എന്നെ അമ്പരപ്പിക്കുകയും ചകിതനാക്കുകയും ചെയ്യുന്നുണ്ട്. ഒരു ദശലക്ഷം കണ്ണുകള്‍ നിങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും അവര്‍ നിങ്ങളെപ്പറ്റി എന്താണ് കരുതുന്നതെന്ന് നിങ്ങള്‍ക്ക് അറിയാതിരിക്കുകയും ചെയ്യുന്നതുപോലെയാണിത്.
താങ്കളുടെ രചനകളില്‍ പത്രപ്രവര്‍ത്തനത്തിന്റെ സ്വാധീനം എത്രത്തോളമുണ്ട്?
എനിക്കു തോന്നുന്നത് അവ തമ്മില്‍ ഒരു പരസ്പര സ്വാധീനമുണ്ടെന്നാണ്. കഥകളും കല്പിത രചനകളും എന്റെ പത്രപ്രവര്‍ത്തനത്തിന് ഒരു സാഹിത്യമൂല്യം നല്‍കി സഹായിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനം എന്റെ കഥയെഴുത്തിനേയും സഹായിച്ചിട്ടുണ്ട്. എന്തെന്നാല്‍ അതെപ്പോഴും എന്നെ യാഥാര്‍ത്ഥ്യവുമായി അടുപ്പിച്ചുനിര്‍ത്തുന്നു.
ലീഫ് സ്റ്റോമിനുശേഷം ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എഴുതാന്‍ കഴിയുന്നതുവരെ ഒരു ശൈലിക്കുവേണ്ടി താങ്കള്‍ നടത്തിയ അന്വേഷണത്തെപ്പറ്റി താങ്കള്‍ എങ്ങനെയാണ് വിശദീകരിക്കുക?
ലീഫ് സ്റ്റോം എഴുതിക്കഴിഞ്ഞപ്പോള്‍, ഗ്രാമത്തേയും കുട്ടിക്കാലത്തേയും കുറിച്ചെഴുതുന്നത്, യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുകയും അതേക്കുറിച്ച് എഴുതുകയും ചെയ്യുന്നതില്‍ നിന്നുള്ള രക്ഷപ്പെടലാണല്ലോ എന്നു ഞാന്‍ നിശ്ചയിച്ചു. രാജ്യത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചലനങ്ങളെ അഭിമുഖീകരിക്കേണ്ടതിനു പകരം ഇത്തരം ഗൃഹാതുരത്വത്തിനുപിന്നില്‍ ഞാന്‍ ഒളിച്ചിരിക്കുകയായിരുന്നു എന്നൊരു മിഥ്യാധാരണ എന്നിലുണ്ടായി. സാഹിത്യവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്ന സമയമായിരുന്നു അത്. അത് രണ്ടും തമ്മിലുള്ള വിടവ് നികത്താനും അവയെ കൂടുതല്‍ അടുപ്പിക്കാനുമുള്ള ശ്രമം ഞാന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നെ സ്വാധീനിച്ചിരുന്നത് ഫോക്‌നറായിരുന്നു. ഇപ്പോള്‍ അത് ഹെമിംഗ്‌വേ ആയി. ഞാന്‍ നോ വണ്‍ റൈറ്റ്‌സ് ടു ദി കേണല്‍, ഇന്‍ ഈവിള്‍ അവര്‍, ബിഗ് മാമാസ് ഫ്യൂണറല്‍ എന്നീ കഥകളെഴുതി. ഏറെക്കുറെ ഒരേ സമയത്താണ് അവ എഴുതിയത്. അവയ്ക്ക് പല കാര്യങ്ങളും പൊതുവായി ഉണ്ടായിരുന്നു.
ലീഫ് സ്റ്റോമിലേയും ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലേയും കഥകള്‍ നടക്കുന്ന ഗ്രാമത്തില്‍ നിന്നും വ്യത്യസ്തമായ ഒരു ഗ്രാമത്തിലാണ് ഈ മൂന്നു കഥകളും നടക്കുന്നത്. ജാലവിദ്യയില്ലാത്ത ഒരു ഗ്രാമമാണത്. പത്രപ്രവര്‍ത്തന സ്വഭാവത്തിലുള്ള സാഹിത്യമാണത്. എന്നാല്‍ ഇന്‍ ഈവിള്‍ അവര്‍ (In Evil Hour) പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ എന്റെ വീക്ഷണങ്ങളെല്ലാം വീണ്ടും തെറ്റാണെന്ന് ഞാന്‍ മനസ്സിലാക്കി. യഥാര്‍ത്ഥത്തില്‍, എന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള എഴുത്തുകളാണ് കൂടുതല്‍ രാഷ്ട്രീയ സ്വഭാവമുള്ളതെന്നും ഞാന്‍ വിചാരിച്ചതിനേക്കാള്‍ എന്റെ രാജ്യത്തിന്റെ യാഥാര്‍ത്ഥ്യത്തെ കൈകാര്യം ചെയ്യുന്നത് അതാണെന്നും ഞാന്‍ അറിഞ്ഞു. ദി ഈവിള്‍ അവറിനു ശേഷം അടുത്ത അഞ്ചു വര്‍ഷക്കാലത്തേക്ക് ഞാന്‍ യാതൊന്നും എഴുതിയില്ല. എല്ലായ്‌പ്പോഴും ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതിനെപ്പറ്റി ഒരു ആശയം എനിക്കുണ്ടിയിരുന്നുവെങ്കിലും എന്തോ ചിലതിന്റെ പോരായ്മയുണ്ടായിരുന്നു.
ഒരു ദിവസം ശരിയായ ഒരു സ്വരശൈലി – പിന്നീട് ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍ ഞാന്‍ ഉപയോഗിച്ച സ്വരശൈലി – കണ്ടെത്തുന്നതുവരെ എന്താണു പോരായ്മയെന്ന് എനിക്കുറപ്പില്ലായിരുന്നു. എന്റെ അമ്മൂമ്മ കഥ പറയാന്‍ ഉപയോഗിച്ച രീതിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അത്. പ്രകൃത്യതീതമെന്നും ഭ്രമാത്മകമെന്നും തോന്നിപ്പിക്കുന്ന കാര്യങ്ങളാണ് അവര്‍ പറയാറുള്ളതെങ്കിലും തികഞ്ഞ സ്വാഭാവികതയോടെയാണ് അവരത് പറയാറുള്ളത്. അവസാനം ഞാനുപയോഗിക്കേണ്ട സ്വരശൈലി കണ്ടെത്തിയപ്പോള്‍ അടുത്ത പതിനെട്ടു മാസക്കാലം ഞാന്‍ ഇരുന്നെഴുതി. എല്ലാ ദിവസവും ഞാന്‍ ജോലി ചെയ്തു.
ഭ്രമാത്മകമായ കാര്യങ്ങളെ അത്രത്തോളം സ്വാഭാവികമായി അവര്‍ വിവരിച്ചത് എങ്ങനെയാണ്?
ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ മുഖത്തെ ഭാവങ്ങളായിരുന്നു. അവരുടെ കഥകള്‍ പറയുമ്പോഴും അവര്‍ മുഖത്തെ ഭാവം മാറ്റിയിരുന്നതേയില്ല. അത് എല്ലാവരേയും അത്ഭുതപ്പെടുത്തി. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എഴുതാനുള്ള മുന്‍ശ്രമങ്ങളിലെല്ലാം സ്വയം വിശ്വസിക്കാതെ തന്നെ കഥ പറയാനാണ് ഞാന്‍ ശ്രമിച്ചത്. ഞാന്‍ സ്വയം വിശ്വസിക്കുകയും അമ്മൂമ്മ എന്നോട് പറഞ്ഞത് ഏതൊരു ഭാവത്തോടെയാണോ അതേ ഭാവത്തോടെ – ഇഷ്ടിക പോലെ ദൃഢമായ മുഖത്തോടെ എഴുതുകയുമാണ് ഞാന്‍ ചെയ്യേണ്ടിയിരിക്കുന്നതെന്ന് പിന്നീട് ഞാന്‍ കണ്ടെത്തി.
ആ സങ്കേതത്തിന് അല്ലെങ്കില്‍ സ്വരശൈലിക്ക് പതപ്രവര്‍ത്തന സംബന്ധിയായ ഒരു ഗുണവിശേഷം കൂടി ഉണ്ടെന്നു തോന്നുന്നു. ഭ്രമാത്മകമെന്നു തോന്നിക്കുന്ന സംഭവങ്ങളെ അവയുടെതന്നെ യാഥാര്‍ത്ഥ്യബോധം ലഭിക്കാവുന്ന വിധം സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും താങ്കള്‍ വിവരിക്കുന്നുണ്ട്. ഇതു പത്രപ്രവര്‍ത്തനത്തില്‍ നിന്നും നേടിയെടുത്ത എന്തെങ്കിലുമാണോ?
അത് സാഹിത്യത്തിലും പ്രയോഗിക്കാന്‍ സാധിക്കുന്ന ഒരു പത്രപ്രവര്‍ത്തന കൗശലമാണ്. ഉദാഹരണത്തിന്, ആനകള്‍ അകാശത്തു പറക്കുന്നുണ്ടെന്നു പറഞ്ഞാല്‍ ആളുകള്‍ നിങ്ങള്‍ പറഞ്ഞതു വിശ്വസിക്കാന്‍ പോകുന്നില്ല. എന്നാല്‍, 425 ആനകള്‍ ആകാശത്തില്‍ പറക്കുന്നുണ്ടെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ ജനങ്ങള്‍ ഒരുപക്ഷേ, നിങ്ങളെ വിശ്വസിച്ചേക്കാം. ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍ നിറയെ അത്തരം കാര്യങ്ങളാണ്. എന്റെ അമ്മൂമ്മ ഉപയോഗിച്ചിരുന്നത് അത്തരമൊരു സങ്കേതമാണ്. ഞാന്‍ പ്രത്യേകം ഓര്‍മ്മിക്കുന്നത് മഞ്ഞനിറമുള്ള ചിത്രശലഭങ്ങളാല്‍ വയലം ചെയ്യപ്പെട്ട കഥാപാത്രത്തെപ്പറിയുള്ള കഥയാണ്. ഞാന്‍ വളരെ ചെറുതായിരിക്കുമ്പോള്‍ വീട്ടില്‍ വരാറുള്ള ഒരു ഇലക്ട്രീഷ്യനുണ്ടായിരുന്നു. ഇലക്ട്രിക്കല്‍ പോസ്റ്റുകളില്‍ നിന്നു സ്വയം തൂങ്ങിക്കിടക്കാന്‍ ഉപയോഗിക്കുന്ന ഒരു ബെല്‍റ്റുണ്ടായിരുന്നു അയാളുടെ കൈയില്‍. അതുകൊണ്ടുതന്നെ എനിക്ക് അയാളുടെ കാര്യത്തില്‍ വലിയ ജിജ്ഞാസയായിരുന്നു.
ഓരോ പ്രാവശ്യവും അയാള്‍ വരുമ്പോള്‍ വീട്ടില്‍ നിറയെ പൂമ്പാറ്റകളെത്തുമെന്നു അമ്മൂമ്മ പറയാറുണ്ട്. ഞാന്‍ അതെഴുതുമ്പോള്‍, പൂമ്പാറ്റകള്‍ക്ക് മഞ്ഞനിറമാണെന്നു പറഞ്ഞില്ലെങ്കില്‍ ആളുകള്‍ അതു വിശ്വസിക്കുകയില്ലെന്ന് ഞാന്‍ കണ്ടെത്തി. സുന്ദരിയായ റെമീഡിയോസ് സ്വര്‍ഗ്ഗത്തിലേക്കു പോകുന്ന സന്ദര്‍ഭം എഴുതുമ്പോള്‍ അതു വിശ്വസനീയമായ വിധത്തില്‍ എഴുതാന്‍ എനിക്ക് ഏറെ സമയമെടുക്കേണ്ടി വന്നു. ഒരു ദിവസം ഞാന്‍ പുറത്ത് തോട്ടത്തിലേക്കു ചെല്ലുമ്പോള്‍ വീട്ടില്‍ ഇടയ്ക്കു തുണികള്‍ കഴുകാനായി വരാറുള്ള ഒരു സ്ത്രീ കഴുകിയ വിരിപ്പുകള്‍ ഉണങ്ങാനിടുകയായിരുന്നു. നല്ല കാറ്റുണ്ടായിരുന്നു പുറത്ത്. വിരികള്‍ പറത്തിക്കൊണ്ടുപോകാവുന്നത്ര ശക്തിയില്‍ വീശരുതെന്ന് അവര്‍ കാറ്റിനോട് വാദിക്കുകയായിരുന്നു. ആ ഷീറ്റുകള്‍ സുന്ദരിയായ റെമീഡിയോസിനുവേണ്ടി ഉപയോഗിച്ചാല്‍ അവള്‍ ഉണര്‍ന്നുവരുമെന്ന് ഞാന്‍ കണ്ടെത്തി. അങ്ങനെയാണ് ഞാനത് ചെയ്തത്; കാര്യങ്ങളെ വിശ്വസനീയമാക്കുക. എല്ലാ എഴുത്തുകാരുടേയും പ്രശ്‌നം വിശ്വാസ്യതയാണ്. വിശ്വസിപ്പിക്കപ്പെടുന്നിടത്തോ
ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെ ഉറക്കം കെടുത്തുന്ന പ്ലേഗിന്റെ (Insomnia Plague) ഉറവിടം എന്താണ്?
ഈഡിപ്പസ് മുതല്‍ എന്നും പ്ലേഗ് എന്നില്‍ കൗതുകം ജനിപ്പിച്ചിരുന്നു. മദ്ധ്യകാലഘട്ടത്തിലെ പ്ലേഗുകളെക്കുറിച്ച് ഞാന്‍ ഏറെ പഠിച്ചിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളില്‍ ഒന്ന് ഡാനിയല്‍ ഡിഫോയുടെ ദി ജേണല്‍ ഓഫ് ദി പ്ലേഗ് ഇയര്‍ (The Journal of the plague Year) ആണ്. ഡിഫോ ഒരു പത്രപ്രവര്‍ത്തകന്‍ കാടിയായിരുന്നു. താന്‍ പറയുന്നതൊക്കെ ശുദ്ധ ഭ്രമാത്മകതയാണെന്ന തോന്നലുണ്ടാക്കാന്‍ കഴിഞ്ഞിരുന്ന എഴുത്തുകാരനാണ് അദ്ദേഹം. അതുകൊണ്ടൊക്കെയാണ് ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്. വളരെ വര്‍ഷങ്ങളോളം ഞാന്‍ വിശ്വസിച്ചിരുന്നത്, ലണ്ടനിലെ പ്ലേഗുബാധയെ സംബന്ധിച്ച് ഡിഫോ എഴുതിയിരിക്കുന്നത് തന്റെ നേരിട്ടുള്ള നിരീക്ഷണാനുഭവങ്ങള്വെച്ചുകൊണ്
ആ ഉപമ അല്പം കൂടി വിശദമാക്കാമോ?
രണ്ടും കഠിനമായ ജോലികള്‍ തന്നെ. എന്തെങ്കിലും എഴുതുക എന്നത് ഒരു മേശയുണ്ടാക്കുന്നതിന്നോട് ഏറെക്കുറെ സമാനമായ അദ്ധ്വാനം തന്നെയാണ്. രണ്ടു സന്ദര്‍ഭങ്ങളിലും യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത; മരത്തിനു തുല്യം കാഠിന്യമുള്ള അസംസ്‌കൃതവസ്തുക്കളുപയോഗിച്ച് രണ്ടിലും നിറയെ കൗശലങ്ങളും സാങ്കേതികത്വവുമുണ്ട്. അടിസ്ഥാനപരമായി വളരെക്കുറച്ചു മാത്രം ജാലവിദ്യയും ഒട്ടധികം കഠിനാദ്ധ്വാനവും അതില്‍ ഉള്ളടങ്ങിയിരിക്കുന്നു. പ്രൂസ്റ്റ് പറഞ്ഞതുപോലെ , പത്തു ശതമാനം പ്രചോദനവും 90 ശതമാനം വിയര്‍പ്പോഴുക്കലുമാണത്. ഞാനൊരിക്കലും മരപ്പണി ചെയ്തിട്ടില്ല. എങ്കിലും ഞാന്‍ ഏറെ ആരാധിക്കുന്ന ഒരു ജോലിയാണത്. ആരെയെങ്കിലുംവെച്ച് നിങ്ങള്‍ക്കത് ചെയിക്കാനാവില്ല എന്നു വരുമ്പോള്‍ പ്രത്യേകിച്ചും.
ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെ പഴപ്പനി (Banana Fever) യെപ്പറ്റി എന്താണു പറയാനുള്ളത്? യുണെറ്റഡ് ഫ്രൂട്ട് കമ്പനിയുടെ ചെയ്തികളെ അത് എത്രത്തോളം അടിസ്ഥാനമാക്കിയിട്ടുണ്ട്?
പഴപ്പനി യഥാര്‍ത്ഥ്യത്തെ മാതൃകയാക്കി രൂപപ്പെടുത്തിയതാണ്. ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളെ പ്രതിപാദിപ്പിക്കുന്ന രചനാപരമായ കൗശലങ്ങള്‍ തീര്‍ച്ചയായും ഞാന്‍ പ്രയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന് നഗരചത്വരത്തിലെ കൂട്ടക്കൊല പൂര്‍ണമായും സത്യമാണ്. എങ്കിലും സാക്ഷി മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ഞാന്‍ അതെഴുതിയപ്പോള്‍ എത്ര പേരാണ് യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടതെന്ന് കൃത്യമായി അറിയില്ലായിരുന്നു. മൂവായിരം എന്ന സംഖ്യയാണ് ഞാന്‍ ഉപയോഗിച്ചത്. അതൊരു അതിശയോക്തിയാണെന്ന് സപഷ്ടമായിരുന്നു.
നിറയെ വാഴപ്പഴങ്ങള്‍ കയറ്റി എന്ന് കരുതുന്ന വളരെ,വളരെ നീണ്ട ഒരു തീവണ്ടി വാഴത്തോട്ടങ്ങളില്‍ നിന്നും പോകുന്നതു കണ്ടതായ കുട്ടിക്കാലത്തെ ഒരു ഓര്‍മ്മ, പക്ഷേ, എനിക്കുണ്ട്. കടലില്‍ എറിയാനായി മൂവായിരം പേരുടെ ശവശരീരങ്ങള്‍ അതില്‍ കയറ്റിയിരുന്നിരിക്കാം. കോണ്‍ഗ്രസിലും പത്രങ്ങളിലുമൊക്കെ ഇപ്പോള്‍ ആളുകള്‍ വളരെ സ്വാഭാവികമായി സംസാരിക്കുന്നത് ‘മൂവായിരം പേര്‍ കൊല്ലപ്പെട്ടതിനെ ‘ക്കുറിച്ചാണ് എന്നറിയുമ്പോള്‍ അത് അത്ഭുതമുണ്ടാക്കുന്നു. നമ്മുടെ ചരിത്രത്തിന്റെ പകുതിയും ഈ രീതിയിലാണ് ഉണ്ടാക്കുന്നത് എന്ന് ഞാന്‍ സംശയിക്കുന്നു. ദി ഓട്ടം ഓഫ് പാട്രിയാര്‍ക്കില്‍ (Autumn of patriarch ) അത് ഇപ്പോള്‍ സത്യമല്ല എന്നത് ഒരു വിഷയമേ അല്ല; എന്തുകൊണ്ടെന്നാല്‍ ഭാവിയില്‍ ഏന്തെങ്കിലും സമയത്ത് അതു സത്യമാവും. ഉടനെയല്ലെങ്കില്‍ പിന്നിട്ട് ആളുകള്‍ സര്‍ക്കാരുകളേക്കാള്‍ എഴുത്തുകാരെ വിശ്വസിക്കും
അത് എഴുത്തുകാരെ കൂടുതല്‍ കരുത്തരാക്കും, അങ്ങനെയല്ലേ?
അതെ. എനിക്ക് അത് അനുഭവപ്പെടുന്നുണ്ട്. അത് എന്നില്‍ വലിയ ഉത്തരവാദിത്വബോധമുണ്ടാക്കുന്നു. യഥാര്‍ത്ഥത്തില്‍ ഞാന്‍ ഇപ്പോള്‍ ചെയ്യാനാഗ്രഹിക്കുന്നത് പൂര്‍ണ്ണമായും സത്യസന്ധവും യഥാര്‍ത്ഥവുമായ,അതേ സമയം ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ പോലെ ബ്രഹ്മത്മകത അനുഭവപ്പെടുത്തുന്ന ഒരു പത്രരചന തയ്യാറാക്കാനാണ്. ഞാന്‍ കൂടുതല്‍ ജീവിക്കുകയും പഴയ കാര്യങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്യുമ്പോള്‍ സാഹിത്യവും പത്രപ്രവര്‍ത്തനവും കുറെ കൂടി അടുത്ത് ബന്ധപ്പെട്ടവയാണെന്ന് എനിക്ക് തോന്നുന്നു.
‘ഓട്ടം ഓഫ് ദ പാട്രിയാര്‍ക്കി’ ലേതു പോലെ വിദേശ കടബാധ്യതയ്ക്കുവേണ്ടി സ്വന്തം സമുദ്രത്തെ ഉപേക്ഷിക്കുന്ന ഒരു രാജ്യത്തെ പറ്റി എന്താണ് പറയുക?
അതെ, അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്; ഇനിയും പല പ്രാവശ്യം സംഭവിക്കുകയും ചെയ്യും. കുലപതിയുടെ ശരത്ക്കാലം (The Autumn of the Patriarch) പൂര്‍ണ്ണമായും ഒരു മിത്ര പുസ്തകമാണ്. യഥാര്‍ഥ വസ്തുകളില്‍ നിന്നും സാധ്യതകള്‍ കണ്ടെത്തുന്നതു പത്രപ്രവര്‍ത്തകന്റെയും നോവലിസ്റ്റിന്റേയും ജോലിയാണ്. അതു തന്നെയാണ് ഒരു പ്രവാചകന്റെയും ജോലി. ഞാന്‍ വളരെ യാഥാര്‍ത്ഥ്യബോധമുള്ള വ്യക്തിയാണ്. യഥാര്‍തമായ സോഷ്യലിസ്റ്റ് റിയലിസമാണ് ഞാന്‍ എഴുതുന്നത് എന്നാണെന്റെ വിശാസം. എങ്കിലും ഒട്ടേറെ ആളുകള്‍ കരുതുന്നത് വിഭ്രമാത്മകമായ കല്പിത കഥകളെഴുതുന്ന ആളാണു ഞാന്‍ എന്നാണ്. അതാണ് കുഴപ്പം.
അത് ഉട്ടോപ്യനാണോ?
ഉട്ടോപ്യന്‍ എന്ന വാക്കിന് യഥാര്‍ത്ഥം എന്നാണോ മാതൃകാപരം എന്നാണോ അര്‍ത്ഥം എന്നെനിക്ക് ഉറപ്പില്ല. എന്നാലും ഞാന്‍ വിചാരിക്കുന്നത് അത് യഥാര്‍ത്ഥം എന്നാണെന്നാണ്’.
‘കുലപതിയുടെ ശരത്ക്കാല’ ത്തിലെ കഥാപാത്രങ്ങളെ, ഉദാഹരണത്തിന് ഏകാധിപതികളെ, യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നവരെ മാതൃകയാക്കി സൃഷ്ടിച്ചതാണോ? ഫ്രാങ്കോ, പെറോണ്‍, ട്രൂജിലോ തുടങ്ങിയവരുമായി ഈ കഥാപാത്രങ്ങള്‍ക്കു സമാനതകളുണ്ടെന്നു തോന്നുന്നു.
ഓരോ നോവലിലും കഥാപാത്രങ്ങള്‍ പല തുണ്ടുകള്‍ ഒട്ടിച്ചു ചേര്‍ത്തുണ്ടാക്കിയ ഒരു കൊളാഷ് ആണ്. നിങ്ങള്‍ക്കറിയാ വുന്നവരും അല്ലെങ്കില്‍ വായിച്ചറിഞ്ഞിട്ടുള്ളവരുമായ വ്യത്യസ്ത കഥാപാത്രങ്ങളുടെ ഒരു കൊളാഷ് . കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ലാറ്റിനമേരിക്കയിലുണ്ടായിട്ടുള്
അതുകൊണ്ട് ഏതാണ്ട് ഒരു വര്‍ഷക്കാലത്തേക്ക് പുസ്തകം ഏറെക്കുറെ തടഞ്ഞുവെച്ചു എന്നു തന്നെ പറയാം എന്തോ ചിലത് നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. അതെന്താണെന്ന് എനിക്ക് ഒരുറപ്പും ഉണ്ടായിരുന്നില്ല താനും. അങ്ങനെയിരിക്കേ, കരീബിയന്‍സിലേക്കു തിരികെ വരുന്നതാണ് നല്ലതെന്ന് ഒരു ദിവസം നേരം വെളുത്തപ്പോള്‍ ഞാന്‍ നിശ്ചയിച്ചു. അങ്ങനെ ഞങ്ങളെല്ലാം കൊളംബിയയിലെ ബരാന്‍ ക്വില്ലയിലേക്കു തിരിച്ചെത്തി. പത്രലേഖകര്‍ക്ക് ഞാന്‍ ഒരു പ്രസ്താവന നല്‍കിയെങ്കിലും അതൊരു തമാശയാണെന്നാണ് അവര്‍ കരുതിയത്. ‘ ഒരു പേരക്കയുടെ മണം പോലും ഞാന്‍ മറന്നുപോയിരിക്കുന്നതുകൊണ്ട് ‘ ഞാന്‍ തിരിച്ചു വരികയാണെന്ന് അവരോട് പറഞ്ഞു. സത്യത്തില്‍ എന്റെ പുസ്തകം പൂര്‍ത്തീകരിക്കാന്‍ അതാണു വേണ്ടിയിരുന്നത്. കരീബിയന്‍സിലൂടെ ഞാനൊരു യാത്ര നടത്തി. ദ്വീപുകളില്‍ നിന്നും ദീപുകളിലേക്ക് മാറി മാറി സഞ്ചരിക്കവേ, എന്റെ നോവലില്‍ പ്രത്യക്ഷപ്പെടാതെയിരിക്കുന്ന മൂലകങ്ങള്‍ അല്ലെങ്കില്‍ അടിസ്ഥാന ഘടകങ്ങള്‍ എനിക്കു കണ്ടെത്താന്‍ കഴിഞ്ഞു.
അധികാരത്തിന്റെ ഏകാന്തതയെന്ന പ്രമേയത്തെ താങ്കള്‍ പലപ്പോഴും ഉപയോഗിക്കുന്നുണ്ട്.
നിങ്ങള്‍ക്ക് കൂടുതല്‍ അധികാരമുണ്ടെങ്കില്‍ ആരാണു നിങ്ങളോടു നുണ പറയുന്നതെന്നും ആരാണു നുണ പറയാത്തതെന്നും അറിയുക കൂടുതല്‍ പ്രയാസകരമാവും. നിങ്ങള്‍ കേവലമായ അധികാരത്തിലെത്തിയാല്‍ പിന്നെ യാഥാര്‍ത്ഥ്യവുമായി നിങ്ങള്‍ക്ക് യാതൊരു സമ്പര്‍ക്കമുണ്ടാവുന്നില്ല. അതാണ് ഏറ്റവും മോശപ്പെട്ട ഏകാന്തത. ഏറ്റവും ശക്തനായ വ്യക്തിയെ, ഒരു ഏകാധിപതിയെ ചുഴന്നു നിലക്കുന്നത് യാഥാര്‍ത്ഥ്യത്തില്‍ നിന്നും അയാളെ ഒറ്റപ്പെടുത്തണമെന്ന ആത്യന്തികലക്ഷ്യമുള്ള താല്‍പര്യങ്ങളും ആളുകളുമാണ്. എല്ലാം അയാളെ ഒറ്റപ്പെടുത്തണമെന്ന ലക്ഷ്യത്തിനുസൃതമായയാണു നീങ്ങുക.
ഒരു എഴുത്തുകാരന്റെ ഏകാന്തതയെപ്പറ്റി എന്താണു പറയാനുള്ളത്?
അധികാരത്തിന്റെ ഏകാന്തതയുമായി അതിനു വളരെ ബന്ധമുണ്ട്. യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കാനുള്ള എഴുത്തുകാരന്റെ ശ്രമം തന്നെ പലപ്പോഴും അയാളെ നയിക്കുന്നത് യാഥാര്‍ത്ഥ്യത്തിന്റെ വക്രീകരിക്കപ്പെട്ട വീക്ഷണങ്ങളിലേതാകാം. യാഥാര്‍ത്ഥ്യത്തിന് സ്ഥാനവ്യതിയാനം വരുത്താനുള്ള ശ്രമത്തിനിടയില്‍ അതുമായുള്ള ബന്ധം തന്നെ അദ്ദേഹത്തിനു നഷ്ടപ്പെടാം; ആളുകള്‍ പറയുന്നതു പോല, ഒരു ദന്തഗോപുരത്തില്‍ അയാള്‍ എത്തിപ്പെടാം പത്രപ്രവര്‍ത്തനം ഇക്കാര്യത്തില്‍ അയാള്‍ക്ക് നല്ലൊരു സുരക്ഷാ സംവിധാനമാണ്. അതുകൊണ്ടാണ് എല്ലായ്‌പ്പോഴും പത്രപ്രവര്‍ത്തനം തുടരാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്തെന്നാല്‍ അതെന്നെ എപ്പോഴും യഥാര്‍ത്ഥ ലോകവുമായി സമ്പര്‍ക്കത്തില്‍ നിര്‍ത്തുന്നു. പ്രത്യേകിച്ച് രാഷ്ട്രീയ പത്ര പ്രര്‍ ര്‍ത്തനവും രാഷ്ട്രീയവും. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ ഭീഷണിപ്പെടുത്തിയ ഏകാന്തത എഴുത്തുകാരന്റെ ഏകാന്തതയായിരുന്നില്ല; അത് പ്രശസ്തിയുടെ ഏകാന്തതയായിരുന്നു; അതിന് അധികാരത്തിന്റെ ഏകാന്തതയുമായുള്ള സാമ്യം കൂടുതലാണ്. അതില്‍ നിന്നും എന്നെ പ്രതിരോധിച്ചത് എന്റ സുഹൃത്തുക്കളാണ്; എല്ലായ്‌പ്പോഴും എന്നോടൊപ്പം നില്‍ക്കുന്ന സുഹൃത്തുക്കള്‍.
എങ്ങനെ ?
എന്തന്നാല്‍, ജീവിതത്തിലുടനീളം ഒരേ സുഹൃത്തുക്കളെ നിലനിര്‍ത്താന്‍ എനിക്കു സാധിച്ചിട്ടുണ്ട്. എന്റെ പഴയ സൗഹൃദങ്ങളെ മുറിക്കാനോ അവരില്‍ നിന്ന് അകലാനോ ഞാനൊരിക്കലും തയ്യാറായിട്ടില്ല അവരാണ് എന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നത്. അവരുടെ കാലുകള്‍ എപ്പോഴും മണ്ണില്‍ തന്നെയാണ് ഒട്ടും പ്രശസ്തരല്ലേ അവര്‍.
കാര്യങ്ങള്‍ എങ്ങനെയാണ് ആരംഭിക്കുന്നത് ? ദി ഓട്ടം ഓഫ് ദ പാട്രിയാര്‍ക്കില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു ബിംബം കൊട്ടാരത്തിലെ പശുക്കളാണ്. ഇത് മൗലികമായ ബിംബങ്ങളില്‍ ഒന്നാണോ?
എന്റെ കൈവശം ഒരു ഫോട്ടോഗ്രാഫി പുസ്തകമുണ്ട് ഞാനത് നിങ്ങളെ കാണിച്ചു തരാം. എന്റെ എല്ലാ പുസ്തകങ്ങളുടേയും പിറവിയില്‍ എന്നും ഒരു ബിംബം ഉണ്ടായിരുന്നുവെന്ന് ഞാന്‍ പല സന്ദര്‍ഭങ്ങളിലും പറഞ്ഞിട്ടുണ്ട്. ദി ഓട്ടം ഓഫ് ദി പാട്രിയാര്‍ക്കിനെപ്പറ്റി എന്റെ മനസ്സിലുണ്ടായ ആദ്യബിംബം വളരെ ആഡംബര പൂര്‍ണ്ണമായ ഒരു കൊട്ടാംത്തില്‍ വളരെ വയസ്സനായ ഒരാള്‍ കഴിയുന്നതിന്റെയും ആ കൊട്ടാരത്തിലേക്കു കടന്നുവരുന്ന പശുക്കള്‍ അവിടത്തെ കര്‍ട്ടനുകള്‍ തിന്നുന്നതിന്റേതുമാണ്. എങ്കിലും ഫോട്ടോഗ്രാഫി പുസ്തകത്തിലെ ഒരു ഫോട്ടോഗ്രാഫ് കാണുന്നതുവരെ ആ ബിംബത്തിന് ഒരു വസ്തുനിഷ്ഠതയുണ്ടെന്നു ഞാന്‍ കരുതിയില്ല. റോമില്‍ ഒരു പുസ്തകശാലയില്‍ വെച്ച് ഒരു ഫോട്ടോഗ്രാഫി പുസ്തകം ഞാന്‍ കണ്ടു. അത് എന്റെ പുസ്തകശേഖരത്തില്‍ ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിനാലാണ് ഞാന്‍ ഈ പറഞ്ഞ ചിത്രം കണ്ടത്. തികച്ചും ഉചിതമായത്. കാര്യങ്ങള്‍ എങ്ങനെയാണു നീങ്ങുന്നതെന്ന് ഞാന്‍ കണ്ടു. ഞാന്‍ വലിയ ബുദ്ധിജീവിയൊന്നുമല്ലാത്തതിനാല്‍
താങ്കളുടെ നോവലുകള്‍ എന്നെങ്കിലും അപ്രതീക്ഷിക്കമായ വളവു തിരിവുകളിലൂടെ കടന്നുപോയിട്ടുണ്ടോ?
തുടക്കത്തില്‍ അങ്ങനെ സംഭവിക്കാറുണ്ട്. ഞാനെഴുതിയ ആദ്യത്തെ ക്ഥകളില്‍ അതിന്റെ ഭാവം എന്തായിരിക്കണമെന്നതിനെപ്പറ്റി ഒരു പൊതു ആശയം എനിക്കുണ്ടാവാറുണ്ടെങ്കിലും സാഹചര്യങ്ങള്‍ക്കും സാധ്യതകള്‍ക്കനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു പോവാന്‍ അനുവദിച്ചു കൊടുക്കാറാണ് ഞന്‍ പതിവ്. ആദ്യകാലം മുതല്‍ എനിക്കു ലഭിക്കാറുള്ള ഏറ്റവും നല്ല ഉപദേശം, ഞാന്‍ ചെറുപ്പമായിരിക്കയും എനിക്ക് ശക്തമായ പ്രചോദനം ഉണ്ടായിരിക്കുകയും ചെയ്യുന്നതുകൊണ്ട് അത്തരത്തില്‍ ചെയ്യുന്നതു തന്നെയാണ് നല്ലത് എന്നായിരുന്നു. എന്നാല്‍ രചനയുടെ സാങ്കേതികതന്ത്രങ്ങള്‍ പഠിച്ചില്ലെങ്കില്‍, എന്റെ പ്രചോദനം പൊയ് പോവുകയും അതിന്റെ പോരായു നികത്താന്‍ സാങ്കേതികതന്ത്രങ്ങള്‍ ആവശ്യമായി വരികയും ചെയ്യുമ്പോള്‍ പിന്നീട് ന്നതു കുഴപ്പമാവുമെന്നും എനിക്ക് ഉപദേശം ലഭിച്ചിരുന്നു അത് യഥാസമയം പഠിച്ചിരുന്നില്ലെങ്കില്‍ ഒരു ഘടനയെ മുന്‍കൂട്ടിക്കണ്ട് അതിന്റെ ഒരു രൂപരേഖ തയ്യാറാക്കാനുള്ള കഴിവ് ഇപ്പോള്‍ എനിക്കുണ്ടാവുമായിരുന്നില്ല. ഘടന എന്നത് തികച്ചും സാങ്കേതികം മാത്രമായ ഒരു പ്രശ്‌നമാണ്. അത് നേരത്തെ പഠിച്ചില്ലെങ്കില്‍ ഒരിക്കലും നിങ്ങള്‍ അത് നേരത്തെ പഠിച്ചില്ലെങ്കില്‍ ഒരിക്കലും നിങ്ങള്‍ അത് പഠിക്കാന്‍ പോവുന്നില്ല.
അപ്പോള്‍ താങ്കള്‍ക്ക് അച്ചടക്കം വളരെ പ്രധാനമാണ്?
അസാധാരണമായ അച്ചടക്കം പാലിക്കാതെ എന്തിനെങ്കിലും കൊള്ളൊവുന്ന ഒരു പുസ്തകമെഴുതാന്‍ നിങ്ങള്‍ക്കാവില്ലെന്നാണു ഞാന്‍ കരുതുന്നത്.
കൃതിമ പ്രചോദകങ്ങളെപ്പറ്റി എന്തു തോന്നുന്നു?
ഹെമിംഗ്വേ എഴുതിയ ഒരു കാര്യം ശക്തമായി എന്റെ മനസ്സില്‍ പതിഞ്ഞിടുള്ളതാണ്. തനിക്ക് എഴുത്തെന്നത് ബോക്‌സിംഗ് പോലെയാണെന്നാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. തന്റെ ആരോഗ്യത്തേയും ക്ഷേമത്തേയും അദ്ദേഹം ശ്രദ്ധ പൂര്‍വം കാത്തുസൂക്ഷിച്ചു. ഫോക്‌നര്‍ ഒരു കുടിയനെന്ന നിലയില്‍ പ്രശസ്തനായിരുന്നു. എങ്കിലും ഓരോ അഭിമുഖത്തിലും അദ്ദേഹം എടുത്തു പറഞ്ഞിരുന്ന ഒരു കാര്യം മദ്യപിച്ചുകൊണ്ട് ഒരു വരി പോലും എഴുതാന്‍ തനിക്കാവില്ലെന്നായിരുന്നു. ഹെമിംഗ് വേയും ഇതു പറഞ്ഞിരുന്നു. എന്റെ ചില കൃതികള്‍ ഞാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നപ്പോള്‍ എഴുതിയതാണോ എന്ന് ചില മോശപ്പെട്ട വായനക്കാര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷേ, അതില്‍ നിന്നും മനസ്സിലാവുന്നത് അവര്‍ക്ക് സാഹിത്യത്തെപ്പറ്റിയോ മയക്കുമരുന്നിനെപ്പറ്റിയോ യാതൊന്നും അറിഞ്ഞുകൂടെന്നാണ്. ഒരു നല്ല എഴുത്തുകാരനാകണമെങ്കില്‍ എഴുതുന്ന ഓരോ നിമിഷത്തിലും നിങ്ങള്‍ തികഞ്ഞ സുബോധമുള്ളയാളും നല്ല ആരോഗ്യവാനും ആയിരിക്കണം എഴുത്ത് എന്നത് ഒരു ത്യാഗകൃത്യമാണെന്നും സാമ്പത്തികനിലയും വൈകാരികാവസ്ഥയും എത്ര മോശമാണോ എഴുത്ത് അത്രകണ്ട് നന്നായിരിക്കുമെന്നുമൊക്ക കരുതുന്ന കാല്പനിക സകല്പത്തിന് ഞാനെതിരാണ്. ഞാന്‍ കരുതുന്നത് എഴുത്തുകാരന്‍ വൈകാരികമായും ശാരീരികമായും നല്ല അവസ്ഥയിലായിരിക്കണം എന്നാണ്. സാഹിത്യ സൃഷ്ടി നടത്താന്‍ എന്നെ സംബന്ധിച്ചിടത്തോളം നല്ല ആരോഗ്യം വേണം. ‘നഷ്ടപ്പെട്ട തലമുറ’ക്കാരും ഇതു മനസ്സിലാക്കിയിരുന്നു. ജീവിതത്തെ സ്‌നേഹിച്ച ആളുകളായിരുന്നു അവര്‍.
ബ്ലെയ്‌സ് സെര്‍ഡ്രാര്‍സ് (Blaise Cendrars സ്വിറ്റ്‌സര്‍ലന്റില്‍ ജനിച്ച ഫ്രെഡറിക് – ലൂയിസ് സോസര്‍ യൂറോപ്യന്‍ ആധുനികതാ പ്രസ്ഥാനത്തെ ഗണ്യമായി സ്വാധീനിച്ച കവിയും നോവലിസ്റ്റുമായിരുന്നു. ബ്ലെയ്‌സ് സെന്‍ഡ്രാര്‍ഡ് എന്ന് അറിയ പ്പെട്ടിരുന്ന അദ്ദേഹം 1961-ല്‍ അന്തരിച്ചു). പറയുന്നത് മറ്റു ഭൂരിപക്ഷം ജോലികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എഴുത്ത് ഒരു സവിശേഷ പദവി നല്‍കുന്ന ജോലിയാണെന്നാണ് ‘ എഴുത്തുകാര്‍ തങ്ങളുടെ യാതനകളെ പെരുപ്പിച്ചു കാണിക്കുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. താങ്കള്‍ എന്തു കരുതുന്നു?
എഴുത്ത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഞാന്‍ കരുതുന്നത്. ശ്രദ്ധാപൂര്‍വം നടത്തുന്ന ഏതൊരു ജോലിയും അങ്ങനെ തന്നെയാണ്. സവിശേഷപദവിയെന്നോ അവകാശമെ നോ പറയുന്നത് എന്താണ്? ഏതായാലും നിങ്ങള്‍ക്ക് തൃപ്തികരമായ വിധം ചെയ്യുക എന്നതാണു പ്രധാനം. ഞാന്‍ കരുതുന്നത് എന്നില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ ആവശ്യപ്പെടുന്ന ആളാണ് ഞാന്‍ എന്നാണ്. എന്തെനാല്‍ എനിക്ക് തെറ്റുകളെ സഹിക്കാനാവില്ല. ഏതു കാര്യമായാലും അത് അതിന്റെ പരിപൂര്‍ണ്ണതയില്‍ നിര്‍വഹിക്കുക എന്നതാണ് സവിശേഷം പദവിക്ക് അല്ലെങ്കില്‍ സവിശേഷ അവകാശത്തിന് അര്‍ഹത നല്‍കുന്നത്. പലപ്പോഴും എഴുത്തുകാര്‍ ഒരു തരം ഉന്‍മാദ രോഗികളാണ്. അഹങ്കാരപ്രമത്തത അവരെ ബാധിക്കാറുണ്ട്. പ്രപഞ്ചത്തിന്റെ കേന്ദ്രം തങ്ങളാണെന്നും സമൂഹത്തിന്റെ ബോധം തങ്ങളാണെന്നും സമൂഹത്തിന്റെ ബോധം തങ്ങളാണെന്നും അവര്‍ കരുതും പക്ഷേ, ഞാന്‍ ഏറ്റവുമധികം ആദരിക്കുന്നത് ഏതു കാര്യമായാലും അത് നന്നായി ചെയ്യുന്നവരെയാണ്. യാത്രക്കിടയില്‍ ഞാന്‍ ഒരെഴുത്തുകാരന്‍ എന്നതിനേക്കാള്‍, പൈലറ്റുമാര്‍ കൂടുതല്‍ മികച്ച പൈലറ്റുമാരാണെന് അറിയുമ്പോള്‍ ഞാനെപ്പോഴും ഏറെ സന്തോഷിക്കുന്നു.
ഇപ്പോള്‍ ഏതു സമയത്താണ് നിങ്ങള്‍ കൂടുതല്‍ നന്നായി ജോലി ചെയ്യുന്നത് ? ജോലിക്ക് സമയകൃത്യത നല്‍കുന്ന എന്തെങ്കിലും ഷെഡ്യൂള്‍ ഉണ്ടോ?
ഒരു പ്രൊഫഷണല്‍ എഴുത്തുകാരനായപ്പോള്‍ എന്റെ ഏറ്റവും വലിയ പ്രശ്നം ഷെഡ്യൂളിന്റേതായിരുന്നു. ഒരു പത്രപ്രവര്‍ത്തകനായിരിക്കുക എന്നു പറഞ്ഞാല്‍ രാത്രിയിലും ജോലി ചെയ്യുക എന്നാണര്‍ത്ഥം. ഞാന്‍ മുഴുവന്‍ സമയ എഴുത്തുകാരനാവുമ്പോള്‍ എനിക്കു നാല്‍പതു വയസ് പ്രായമുണ്ടായിരുന്നു – എന്റെ സാധാരണ ഷെഡ്യൂള്‍ രാവിലെ 9 മണി മുതല്‍ ഉച്ച കഴിഞ്ഞ് 2 മണി വരെയായിരുന്നു. എന്റെ മക്കള്‍ സ്‌കൂളില്‍ നിന്നും തിരിച്ചെത്തുന്നതുവരെയുള്ള സമയം കഠിനമായി ജോലി ചെയ്യുന്നത് എന്റെ സ്വഭാവമായിരുന്നതിനാല്‍, ഞാന്‍ രാവിലെ മാത്രമല്ല പണിയെടുക്കുന്നുള്ളൂ എന്നൊരു കുറ്റബോധം എനിക്കുണ്ടായി. അതുകൊണ്ട് വൈകുന്നേരങ്ങളിലും ഞാന്‍ ജോലി ചെയ്യാന്‍ ശ്രമിച്ചു തുടങ്ങി. പിന്നീട് ഞാന്‍ കണ്ടെത്തിയ ഒരു കാര്യം വൈകുന്നേരങ്ങളില്‍ ഞാന്‍ എഴുതിയ വയൊക്കെ അടുത്ത ദിവസം രാവിലെ പകര്‍ത്തിയെഴുതേണ്ടി വന്നു എന്നതാണ്. അതുകൊണ്ട് രാവിലെ 9 മണി മുതല്‍ ഉച്ച കഴിഞ്ഞ് രണ്ടരവരെ ജോലി ചെയ്താല്‍ മതിയെന്നും അതിനുശേഷം മറ്റൊന്നും ചെയ്യേണ്ടതില്ലെന്നും ഞാന്‍ തീരുമാനിച്ചു. വൈകുന്നേരങ്ങളില്‍ സന്ദര്‍ശകരെ സ്വീകരിക്കാനോ അഭിമുഖങ്ങള്‍ നല്‍കാനോ മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അവ നിര്‍വഹിക്കാനോ ഞാന്‍ നിശ്ചയിച്ചു. വേറെയും പ്രശ്നങ്ങളുണ്ടായിരുന്നു. എനിക്ക് നല്ല പരിചയമുള്ളതും എന്റെ തന്നെ ജോലിയാല്‍ ഊഷ്മളവുമായ ചുറ്റുപാടുകളില്‍ മാത്രമേ എനിക്ക് ജോലി ചെയ്യാനാവുമായിരുന്നുള്ളു. ഹോട്ടലുകളിലോ വാടക മുറികളിലോ ഇരു ന്നു കൊണ്ട് വായ്പ വാങ്ങിയ ടൈപ്പു റൈറ്റുകള്‍ ഉപയോഗിച്ച് എഴുതാന്‍ എനിക്കാവില്ല. ഇതും പ്രശ്നങ്ങളുണ്ടാക്കുന്നു. യാത്ര ചെയ്യുമ്പോള്‍ എനിക്കു ജോലി ചെയ്യാനാവില്ല. ജോലി ചെയ്യുന്നത് കുറയ്ക്കാനുള്ള ഓരോ കാരണങ്ങള്‍ തേടുകയാവും നിങ്ങള്‍.
അതുകൊണ്ട് നിങ്ങള്‍ക്കു മേല്‍ നിങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന വ്യവസ്ഥകള്‍ എപ്പോഴും കൂടുതല്‍ പ്രയാസകരമായിരിക്കും. സാഹചര്യങ്ങള്‍ എന്തായിരുന്നാലും പ്രചോദനമുണ്ടാവുമെന്നു നിങള്‍ പ്രതീക്ഷിക്കുന്നു. കാലപനികര്‍ ഏറെ ചൂഷണം ചെയ്ത ഒരു വാക്കാണത്. ആ വാക്ക് സ്വീകരിക്കുന്നതിന് എന്റെ മാര്‍ക്സിസ്റ്റ് സുഹൃത്തുക്കള്‍ക്ക് വളരെ പ്രയാസമുണ്ട്. പക്ഷേ, നിങ്ങള്‍ അതിനെ എന്തു വിളിച്ചാലും സുഗമമായി എഴുതാന്‍ സാധിക്കുന്നതും കാര്യങ്ങള്‍ ഒഴുകിയെത്തുന്നതുമായ പ്രത്യേക മാനസികാവസ്ഥകളുണ്ടെന്ന് എനിക്കു പൂര്‍ണ്ണ ബോദ്ധ്യമുണ്ട്. വീട്ടിലിരുന്നാല്‍ മാത്രമേ എഴുതാനാവൂ എന്നതു പോലുള്ള എല്ലാ നിബന്ധനകളും മാഞ്ഞുപോകും. അത്തരമൊരു നിമിഷവും ആ മാനസികാവസ്ഥയും വരുന്നത് ശരിയായ പ്രമേയവും അതിന്റെ ശരിയായ പരിചരണ രീതിയും കണ്ടെത്തുമ്പോഴാണെന്നു തോന്നുന്നു. അത് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്ന ചിലതു കൂടിയായിരിക്കണം; എന്തുകൊണ്ടെന്നാല്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യുക എന്നതിനേക്കാള്‍ മോശപ്പെട്ട ജോലിയില്ല.
ഏറ്റവും പ്രയാസകരമായ കാര്യങ്ങളിലൊന്ന് ആദ്യ ഖണ്ഡികയാണ്. ഒരു ആദ്യ ഖണ്ഡികയും വച്ച് ഞാന്‍ പല മാസങ്ങള്‍ ചെലവിട്ടിട്ടുണ്ട്. ഒരിക്കല്‍ അതു കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ബാക്കി കാര്യങ്ങള്‍ എളുപ്പമാണ്. നിങ്ങളുടെ പുസ്തകത്തെ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ അധികവും ആദ്യ ഖണ്ഡികയില്‍ നിങ്ങള്‍ പരിഹരിച്ചിട്ടുണ്ടാവും. പ്രമേയം നിര്‍വചിച്ചു കഴിഞ്ഞിരിക്കും; ശൈലിയും സ്വരവും അതില്‍ ഉറപ്പിച്ചിട്ടുണ്ടാവും. ഏറ്റവും ചുരുങ്ങിയത് എന്റെ കാര്യത്തിലെങ്കിലും പുസ്തകത്തിന്റെ ബാക്കി ഭാഗങ്ങള്‍ എങ്ങനെയിരിക്കുമെന്ന് വെളിപ്പെടുത്തുന്ന മാതൃകയാണ് ആദ്യ ഖണ്ഡിക. അതുകൊണ്ടാണ് ഒരു ചെറു കഥാപുസ്തകം രചിക്കുന്നത് ഒരു നോവല്‍ എഴുതുന്നതിനേക്കാള്‍ വളരെ പ്രയാസകരമാണെന്നു പറയുന്നത്. ഓരോ പ്രാവശ്യം ചെറുകഥ എഴുതുമ്പോഴും എല്ലാം ആദ്യം മുതലേ വീണ്ടും തുടങ്ങണം.
പ്രചോദന കേന്ദ്രം എന്ന നിലയില്‍ സ്വപ്നങ്ങള്‍ക്ക് എന്തു പ്രാധാന്യമാണുള്ളത്?
വളരെ തുടക്കത്തില്‍ തന്നെ അവയ്ക്ക് ഞാന്‍ നല്ല ശ്രദ്ധ നല്‍കിയിരുന്നു. പക്ഷേ, പിന്നീട്, ജീവിതം തന്നെയാണ് ഏറ്റവും വലിയ പ്രചോദക കേന്ദ്രമെന്നും സ്വപ്നങ്ങളെന്നത് ജീവിത പ്രവാഹത്തിന്റെ തീരെ ചെറിയ അംശം മാത്രമാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ എഴുത്തിനെ സംബന്ധിച്ച ഏറ്റവും സത്യമായ ഒരുകാര്യം സ്വപ്നങ്ങളെ സംബന്ധിച്ച വ്യത്യസ്ത സങ്കല്പങ്ങളിലും അവയെപ്പറ്റിയുള്ള വ്യാഖ്യാനങ്ങളിലും ഞാന്‍ തല്പരനാണെന്നതാണ്. സ്വപ്നങ്ങളെ പൊതുവായ ജീവിതത്തിന്റെ ഒരു ഭാഗമായാണു ഞാന്‍ കാണുന്നത്. എന്നാല്‍, യാഥാര്‍ത്ഥ്യം കൂടുതല്‍ സമ്പന്നമാണ്. എങ്കിലും എനിക്കു ലഭിച്ചത് ഒരു പക്ഷേ, വളരെ പാവപ്പെട്ട സ്വപ്നങ്ങളെയായിരിക്കാം.
പ്രചോദനത്തേയും സഹജാവബോധത്തേയും ഒന്നു വേര്‍തിരിച്ചു വിശദമാക്കാമോ?
നിങ്ങള്‍ ശരിക്കും ഇഷ്ടപ്പെടുന്ന, ശരിയായ പ്രമേയം കണ്ടെത്തുമ്പോഴാണ് പ്രചോദനം. അത് ജോലി വളരെ എളുപ്പമാക്കും. അന്തര്‍ജ്ഞാനം, അഥവാ ഇന്റ്യൂഷന്‍ അല്ലെങ്കില്‍ സഹജാവബോധമെന്നതും കല്പിത കഥകളുടെ രചനയില്‍ മൗലിക പ്രാധാന്യമുള്ള ഒന്നാണ്. ശാസ്ത്രീയ ജ്ഞാനമോ, മറ്റേതെങ്കിലും സവിശേഷ പഠനമോ കൂടാതെ തന്നെ എന്താണ് യഥാര്‍ത്ഥമെന്നു നിര്‍വചിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു പ്രത്യേക ഗുണവിശേഷമാണത്. ഗുരുത്വാകര്‍ഷണ നിയമങ്ങളെ, എളുപ്പത്തില്‍ ചിത്രീകരിക്കാന്‍ മറ്റെന്തിനേക്കാളും നന്നാവുക സഹജാവബോധമായിരിക്കും. അനുഭവങ്ങളുടെ ദുരിതമാര്‍ഗ്ഗങ്ങളിലൂടെ കടന്നുപോവാതെ തന്നെ അനുഭവങ്ങള്‍ ആര്‍ജ്ജിക്കുന്നതിലുള്ള മാര്‍ഗ്ഗമാണത്. ഒരു നോവലിന് ഇത്തരം അന്തര്‍ജ്ഞാനം അത്യാവശ്യമാണ്. അടിസ്ഥാനപരമായി, ബുദ്ധിജീവിപരതയ്ക്ക് എതിരാണത്. യഥാര്‍ത്ഥ ലോകത്തെ ഒരു തരം നിശ്ചല സിദ്ധാന്തമാക്കി ചുരുക്കുന്ന അത്തരം ബുദ്ധി ജീവിതം ഒരു പക്ഷേ, ലോകത്തില്‍ ഞാന്‍ ഏറ്റവും വെറുക്കുന്ന കാര്യമാണ്. സഹജാവബോധത്തിന് ഒരു സൗകര്യമുണ്ട്; ഒന്നുകില്‍ അത് ഉണ്ടാവും അല്ലെങ്കില്‍ ഉണ്ടാവില്ല. അതു തന്നെയാണ് ഈ സൗകര്യം. ചതുരാകൃതിയിലുള്ള ദ്വാരത്തില്‍ വൃത്താകൃതിയിലുള്ള ഒരു മരക്കട്ട കയറ്റി വെയ്ക്കാന്‍ നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യേണ്ട കാര്യമേയില്ല.
ഇത്തരം സിദ്ധാന്തക്കാരേയാണോ താങ്കള്‍ ഇഷ്ടപ്പെടാത്തത്?
തീര്‍ച്ചയായും മുഖ്യമായും ആ സിദ്ധാന്തങ്ങള്‍ ശരിക്കു മനസ്സിലാക്കാന്‍ എനിക്കാവുന്നില്ല എന്നതുകൊണ്ടാണ്. മിക്കവാറും കാര്യങ്ങളെ ഉപാഖ്യാനങ്ങളളിലൂടെ എനിക്കു വിശദീകരിക്കേണ്ടി വരുന്നത്, മുഖ്യമായും ഇക്കാരണത്താലാണ്. എന്തെന്നാല്‍ കാര്യങ്ങളെ അമൂര്‍ത്തമായി സംഗ്രഹിക്കാനുള്ള ശേഷിയൊന്നും എനിക്കില്ല. അതുകൊണ്ടാണ് ഞാന്‍ വലിയ സംസ്‌കാര സമ്പന്നനൊന്നുമല്ലെന്ന് ചില വിമര്‍ശകര്‍ പറയുന്നത്. ഞാന്‍ അവരുടെ വാക്കുകളൊന്നും ഉദ്ധരിക്കുന്നില്ല.
വിമര്‍ശകര്‍ താങ്കളെ അധികമായ ഒരു വൃത്തിബോധത്തോടെയാണ് ടൈപ്പാക്കുകയോ തരം തിരിക്കുകയോ ചെയ്യുന്നതെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ബുദ്ധി ജീവിപരത എന്താണെന്നു പറയാനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങളാണ്, എന്നെ സംബന്ധിച്ചിടത്തോളം വിമര്‍ശകര്‍. ഒരു എഴുത്തുകാരന്‍ എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി, എല്ലാറ്റിനും മുമ്പുതന്നെ, അവര്‍ക്കൊരു സിദ്ധാന്തമുണ്ട്. എഴുത്തുകാരനെ അവരുടെ ഈ മാതൃകയിലേക്ക് ഒതുക്കിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ആ മാതൃകയിലേക്ക് അയാള്‍ ഒതുങ്ങുന്നില്ലെങ്കില്‍ അവര്‍ ബലം പ്രയോഗിക്കും. നിങ്ങള്‍ ചോദിച്ചതുകൊണ്ടു മാത്രമാണ് ഞാന്‍ ഇങ്ങനെയൊരു ഉത്തരം പറയുന്നത്. വിമര്‍ശകര്‍ എന്നെപ്പറ്റി എന്തു കരുതുന്നു എന്നതില്‍ എനിക്കൊരു താല്പര്യവുമില്ല. വളരെക്കാലമായി വിമര്‍ശകര്‍ പറയുന്നത് ഞാന്‍ വായിക്കാറില്ല എഴുത്തുകാരനും വായനക്കാരനുമിടയിലെ ഇടനിലക്കാരാണ് തങ്ങളെന്ന് അവര്‍ അവകാശപ്പെടുകയാണ്. വിമര്‍ശകരിലൂടെ കടന്നുപോകാതെ തന്നെ, വായനക്കാരിലേക്ക് നേരിട്ട് എത്താന്‍ ശ്രമിക്കുന്ന, വ്യക്തതയും ചുരുക്കിപ്പറയുന്ന ശീലവുമുള്ള ഒരെഴുത്തുകാരനാവാനാണ് ഞാന്‍ എപ്പോഴും ശ്രമിക്കാറുള്ളത്.
വിവര്‍ത്തകരെ താങ്കള്‍ എങ്ങനെയാണു കണക്കാക്കുന്നത്?
കുടിക്കുറിപ്പുകള്‍ ഉപയോഗിക്കുന്നവരൊഴികെയുള്ള എല്ലാ വിവര്‍ത്തകരോടും എനിക്ക് വലിയ ആദരവാണുള്ളത്. എഴുത്തുകാരന്‍ ഒരു പക്ഷേ ഉദ്ദേശിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ പോലും വായനക്കാരോട് വിശദീകരിക്കാനാണ് അവര്‍ എപ്പോഴും ശ്രമിക്കുന്നത്. അതവിടെയുള്ളതുകൊണ്ട് വായനക്കാരന്‍ അതു സഹിച്ചേ പറ്റു. വിവര്‍ത്തനമെന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. അതിനു വേണ്ടത്ര പ്രതിഫലം കിട്ടാറില്ല. പലപ്പോഴും വളരെക്കുറച്ചേ അവര്‍ക്ക് പ്രതിഫലമായി ലഭിക്കാറുള്ളു. ഒരു നല്ല വിവര്‍ത്തനം മറ്റൊരു ഭാഷയിലുള്ള പുന:സൃഷ്ടിയാണ് എപ്പോഴും അതുകൊണ്ടാണ് ഗ്രെഗറി റബാസ്സയോട് എനിക്ക് അത്രമാത്രം ആദരവുള്ളത്. (സ്പാനിഷ് ഭാഷയില്‍ നിന്നും പോര്‍ത്തുഗീസിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷ നടത്തുന്ന പ്രസിദ്ധനായ വിവര്‍ത്തകനാണ് റബാസ്സ. മാര്‍ക്കേസിന്റെ ‘ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ ഉള്‍പ്പെടെ ഒട്ടേറെ സ്പാനിഷ് ഗ്രന്ഥങ്ങള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ക്ക് റബാസ്സ തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷ സ്പാനിഷിലെ മൂല കൃതിയേക്കാള്‍ മികച്ചതാണെനായിരുന്നു മാര്‍ക്കേസിന്റെ അഭിപ്രായം – വിവര്‍ത്തകന്‍)
എന്റെ പുസ്തകങ്ങള്‍ ഇരുപത്തിയൊന്നു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു അടിക്കുറിപ്പെഴുതാന്‍ വേണ്ടി എന്തെങ്കിലും ചിലത് വ്യക്ത മാക്കണ മെന്ന് എന്നോട് ആവശ്യപ്പെട്ടിട്ടില്ലാത്ത ഒരേയൊരു വിവര്‍ത്തകനും അദ്ദേഹം തന്നെ. എന്റെ കൃതി പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ പുന:സൃഷ്ടിക്കുയായിരുന്നുവെന്നാ
താങ്കള്‍ വിവര്‍ത്തനം ചെയ്യാന്‍ താല്പര്യപ്പെട്ട കൃതികള്‍ ഏതാണ് ?
മണ്‍റോയുടെ എല്ലാ കൃതികളും ഫ്രഞ്ച് നോവലിസ്റ്റും സൈദ്ധാന്തികനും സാംസ് കാരിക വകുപ്പുമന്ത്രിയുമായിരുന്നു ആന്ദ്രേ മല്‍റോ) കോണ്‍റാഡിന്റേയും പോളീഷ് എഴുത്തുകാരനായിരുന്നു ജോസഫ് കോണ്‍റാഡ് സെയിന്റ് എക്സ്യൂ പെറിയുടേയും ഫ്രഞ്ച് കവിയും എഴുത്തുകാരനു മായിരുന്നു അന്റോയിന്‍ ഡി സെയിന്റ് എക്സ്യൂ പെറി) കൃതികളും വിവര്‍ത്തനം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ ഈ പുസ്തകം വിവര്‍ത്തനം ചെയ്യുന്നത് നന്നായിരിക്കുമെന്ന തോന്നലുണ്ടാവും. മഹത്തായ ക്ലാസിക് കൃതികളെ മാറ്റി നിര്‍ത്തിയാല്‍ പുസ്തകങ്ങളെ അവയുടെ മൂല ഭാഷയില്‍ തന്നെ വായിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം അതിന്റെ ഒരു ശരാശരി വിവര്‍ത്തനം വായിക്കാനാണ്. മറ്റു ഭാഷകളില്‍ വായിക്കുന്നത് ഒരു സുഖകരമായ കാര്യമായി എനിക്കൊരിക്കലും തോന്നിയിട്ടില്ല. എന്തെന്നാല്‍ എന്റെ ഉള്ളില്‍ എന്റെ ഭാഷയായി എനിക്കു തോന്നിയിട്ടുള്ളത് സ്പാനിഷ് മാത്രമാണ്. എങ്കിലും ഞാന്‍ ഇറ്റാലി യനും ഫ്രഞ്ചും സംസാരിക്കാറുണ്ട്. ഇംഗ്ലീഷും എനിക്കറിയാം. കഴിഞ്ഞ 20 വര്‍ഷമായി എല്ലാ ആഴ്ചകളിലും എന്നെത്തന്നെ വിഷബാധയേല്പിക്കാന്‍ സാധിച്ച ‘ടൈം’ മാസികആവശ്യത്തിനു ഇംഗ്ലീഷും എന്നെ പഠിപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ മെക്സിക്കോ താങ്കളുടെ സ്വന്തം വീടു പോലെയാണെന്നു തോന്നുന്നുണ്ടോ? ഏതെങ്കിലും എഴുത്തുകാരുടെ കൂടുതല്‍ വലിയൊരു കൂട്ടായ്മയുടെ ഭാഗമാണ് എന്ന തോന്നലുണ്ടോ?
പൊതുവില്‍ പറഞ്ഞാല്‍ എഴുത്തുകാരും കലാകാരന്മാരും ആണെന്നതുകൊണ്ട് മാത്രമായി ആരും എന്റെ സുഹൃത്തുക്കളാകുന്നില്ല. വ്യത്യസ്ത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എത്രയോ സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരില്‍ എഴുത്തുകാരും കലാകാരന്മാരും ഉള്‍പ്പെടും. പൊതുവില്‍ പറഞ്ഞാല്‍ ലാറ്റിന മേരിക്കയിലെ ഏതു രാജ്യത്തേയും പൗരനാണു ഞാന്‍ എന്നാണെനിക്കു തോന്നുന്നത്. മറ്റൊന്നുമില്ല. ലാറ്റിനമേരിക്കക്കാര്‍ കരുതുന്നത് അവരോടു നന്നായി പെരുമാറുന്ന ഒരേയൊരു രാജ്യം സ്‌പെയിന്‍ ആണെന്നാണ്. എന്നാല്‍ അവിടെ നിന്നുമുള്ള ഒരാളാണ് ഞാനെന്ന് വ്യക്തിപരമായി എനിക്കു തോന്നുന്നില്ല. ലാറ്റിനമേരിക്കയല്‍ അതിരുകളോ വിഭജനരേഖകളോ ഉള്ളതായ ഒരു തോന്നല്‍ എനിക്കില്ല. ഓരോ രാജ്യവും തമ്മില്‍ തമ്മിലുള്ള വ്യത്യാസങ്ങളെപ്പറ്റി എനിക്കു ബോദ്ധ്യമുണ്ട്. എങ്കിലും എന്റെ മനസ്സിലും ഹൃദയത്തിലും അവയെല്ലാം ഒന്നുതന്നെയാണ് എന്റെ വീടാണ് എന്നു യഥാര്‍ത്ഥത്തില്‍ എനിക്ക തോന്നുന്നത് കരീബിയന്‍സിലാണ്; അത് ഫ്രഞ്ച് കരീബിയന്‍സോ, ഇംഗ്ലീഷ് കരീബിയന്‍ സോ ഏതായാലും. ബരാന്‍ ക്വിലയില്‍ ഞാന്‍ ഒരു വിമാനത്തില്‍ കയറുമ്പോള്‍ നീല ഉടുപ്പിട്ട ഒരു കറുത്ത സ്ത്രീയാണ് എന്റെ പാസ്‌പോര്‍ട്ടില്‍ സീലു പതിക്കുന്നത്. ജമൈക്കയില്‍ ഞാന്‍ വിമാനമിറങ്ങുമ്പോള്‍ എന്റെ പാസ്‌പോര്‍ട്ടില്‍ സീലു പതിക്കുന്നതും നീല ഉടുപ്പിട്ട ഒരു കറുത്ത സ്ത്രീയാണ്. പതിക്കുന്ന സീല്‍ ഇംഗ്ലീഷിലാണെന്നു മാത്രം. എന്നെ എപ്പോഴും ആകര്‍ഷിച്ചിട്ടുള്ള ഒരു കാര്യമാണിത്. ഭാഷകള്‍ വ്യത്യസ്തമായിരിക്കുന്നത് വലിയൊരു കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, ലോകത്തിന്റെ മറ്റേതു ഭാഗത്തായാലും ഞാനൊരു വിദേശിയാണ് എന്ന തോന്നലുണ്ടാകും എന്നില്‍ . അത് സുരക്ഷിതത്വബോധം കെടുത്തിക്കളയുന്ന ഒരു തോന്നലാണ് – അതൊരു സ്വകാര്യമായ തോന്നലാണ്. എങ്കിലും യാത്ര ചെയ്യുമ്പോഴൊക്കെ അതുണ്ടാവും. ഒരു ന്യൂനപക്ഷ ബോധം എനിക്കുണ്ട്.
ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ കുറച്ചുകാലം യൂറോപ്പില്‍ താമസിക്കുന്നത് ഒരു പ്രധാനപ്പെട്ട കാര്യ മാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
പുറത്തു നിന്നുള്ള ഒരു യഥാര്‍ത്ഥ വീക്ഷണമുണ്ടാവാന്‍ അതൊരു പക്ഷേ സഹായിച്ചേക്കാം. ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുകഥ പുസ്തകം യൂറോപ്പിലേക്കു പോകുന്ന ലാറ്റിനമേരിക്കക്കാരെക്കുറിച്ചാ
ക്യൂബന്‍ വിപ്ലവം ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ എന്തു സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്
അടുത്ത സമയം വരേക്കും അതൊരു നിഷേധാത്മക സ്വാധീനമായിരുന്നു. രാഷ്ട്രീയ പ്രതിജ്ഞാബദ്ധതയുള്ളവരാണെന്ന് സ്വയം കരുതുന്ന എഴുത്തുകാര്‍ പോലും അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെപ്പറ്റി കഥകളെഴുതുന്നതിനുവേണ്ടിയല്ല, തങ്ങള്‍ എന്താഗ്രഹിക്കണമെന്നാണോ അവര്‍ കരുതുന്നത് അതേപ്പറ്റിയെഴുതാന്‍ കടമപ്പെട്ടിരിക്കുന്നു എന്നാണു കരുതുന്നത്. അനുഭവങ്ങളോ അന്തര്‍ജ്ഞാനമോ ഒന്നുമായി യാതൊരതരത്തിലും ബന്ധമില്ലാത്ത ഒരു പ്രത്യേക തരം കണക്കുകൂട്ടല്‍ സാഹിത്യമാണ് അതില്‍ നിന്നുണ്ടായത്. ലാറ്റിനമേരിക്കയില്‍ ക്യൂബയുടെ സാംസ്‌കാരിക സ്വാധീനമുണ്ടാവുന്നതു തടഞ്ഞു നിര്‍ത്താന്‍ കടുത്ത പോരാട്ടം തന്നെ നടന്നിരുന്നു എന്നതാണതിന്റെ പ്രധാന കാരണം. ക്യൂബയില്‍ പോലും, ഒരു പുതിയ തരം സാഹിത്യവും കലയും സൃഷ്ടിക്കപ്പെടുന്ന തലത്തിലേക്ക് ആ പ്രക്രിയ വികസിക്കുകയുണ്ടായില്ല. കാലം ആവശ്യമുള്ള ഒരു കാര്യമാണത്.
പല വര്‍ഷങ്ങളായി ലാറ്റിനമേരിക്കയില്‍ നിലനിന്നിരുന്ന ഒരു തരം സാഹിത്യത്തെ പ്രക്ഷേപിക്കാനുള്ള ഒരു പാലമായി പ്രവത്തിക്കുക എന്നതായിരുന്നു ലാറ്റിനമേരിക്കയില്‍ ക്യൂബയുടെ മഹത്തായ സാംസ്‌കാരിക പ്രാധാന്യം. ഒരര്‍ത്ഥത്തില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന് ഒരു പൂക്കാലമുണ്ടാവുന്നത് ക്യൂബന്‍ വിപ്ലവം കാരണമായിട്ടാണ്. ഇരുപതു വര്‍ഷമായി എഴുതിക്കൊണ്ടിരുന്ന ആ തലമുറയിലെ ഒരു ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്റേയും കാര്യത്തില്‍ യൂറോപ്പിലേയും അമേരിക്കയിലേയും പ്രസാധകര്‍ ഒരു താല്‍പര്യവും കാണിച്ചിരുന്നില്ല. ക്യൂബന്‍ വിപ്ലവം ആരംഭിച്ചപ്പോള്‍ ക്യൂബയേയും ലാറ്റിനമേരിക്കയേയും കുറിച്ച് വളരെ പെട്ടെന്ന് വലിയ താല്‍പര്യമുണ്ടായി വിപ്ലവം ഒരു ഉപഭോഗവസ്തുവായി. ലാറ്റിനമേരിക്ക ഫാഷനായി. ലാറ്റിനമേരിക്കയിലും നോവലുണ്ടെന്നും മറ്റെല്ലാ ലോകസാഹിത്യവും പോലെ വിവര്‍ത്തനം ചെയ്യപ്പെടാനും പരിഗണിക്കപ്പെടാനും പോന്ന വിധം നല്ലതാണവയെന്നും കണ്ടുപിടിക്കപ്പെട്ടു. തങ്ങളുടെ സ്വന്തം നോവലുകള്‍ നല്ല രചനകളാണെന്ന് പുറത്തുള്ളവര്‍ പറയുന്നതുവരേക്കും ലാറ്റിനമേരിക്കക്കാരെ ബോദ്ധ്യപ്പെടുത്തുക അസാധ്യമായിരുന്നു. ലാറ്റിനമേരിക്കയിലെ സാംസ്‌കാരിക കൊളോണിയലിസം അത്രയ്ക്ക് മോശമായ സ്ഥിതിയിലായിരുന്നു എന്നതാണ് യഥാര്‍ത്ഥത്തില്‍ സങ്കടകരം.
അത്രയ്‌ക്കൊന്നും അറിയപ്പെടുന്നില്ലെങ്കിലും താങ്കള്‍ പ്രത്യേകമായി ആദരിക്കുന്ന ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്മാര്‍ ആരെങ്കിലുമുണ്ടോ?
അങ്ങനെ ആരെങ്കിലും ഇപ്പോഴുണ്ടോ എന്നു സംശയമാണ്. ലാറ്റിനമേരിക്കന്‍ എഴുത്തില്‍ ഉണ്ടായ അഭിവൃദ്ധിയുടെ ഒരു പാര്‍ശ്വഫലം , സാഹിത്യ രംഗത്തു പ്രത്യക്ഷപ്പെടുന്ന പുതിയ കോര്‍ട്ടസാര്‍ (അര്‍ജന്റീനക്കാരനായ നോവലിസ്റ്റ് ജൂലിയോ കോര്‍ട്ട സാര്‍ – സാഹിത്യത്തിലെ Latin American Boom ന്റെ സ്ഥാപകരിലൊരാള്‍) കണ്ണില്‍പെടാതെ പോകാതിരിക്കാന്‍ പ്രസാധകര്‍ എപ്പോഴും ശ്രദ്ധിച്ചു പോന്നു എന്നതാണ്. നിര്‍ഭാഗ്യവശാല്‍ ചെറുപ്പക്കാരായ ഒട്ടേറെ എഴുത്തുകാര്‍ തങ്ങളുടെ രചനകളുടെ മികവിനേക്കാള്‍ ഉത്ക്കണ്ഠപ്പെടുന്നത് പ്രശസ്തിയെപ്പറ്റിയാണ്. ലാറ്റിനമേരിക്കന്‍ സാഹിത്യത്തെപ്പറ്റി എഴുതുന്ന ഒരു ഫ്രഞ്ചു പ്രൊഫസര്‍ ടൗലോസ് സര്‍വകലാശാലയിലുണ്ട്. എന്നെക്കുറിച്ച് അത്രയേറെയൊന്നും എഴുതേണ്ടതില്ലെന്നും ആവശ്യമില്ലെന്നും അതാവശ്യമുള്ള മറ്റുള്ള ആളുകളെപ്പറ്റിയാണ് ഇനിയെഴുതേണ്ടതെനും ആവശ്യപ്പെട്ടു കൊണ്ട് ചെറുപ്പക്കാരായ കുറേ എഴുത്തുകാര്‍ അദ്ദേഹ ത്തിനു കത്തെഴുതുകയുണ്ടായി. പക്ഷേ, അവര്‍ മറന്നുപോയ ഒരു കാര്യമുണ്ട്. എനിക്ക് അവരുടെ പ്രായമായിരുന്ന കാലത്ത് നിരൂപകര്‍ എഴുതിക്കൊണ്ടിരുന്നത് എന്നെക്കുറിച്ചായിരുന്നില്ല; മിഗ്വേല്‍ ഏയ്ഞ്ചല്‍ അസ്തൂരിയാസിനെക്കുറിച്ചായിരുന്
ഒരെഴുത്തുകാരന്റെ രചനാ ജീവിതത്തില്‍ വിജയവും പ്രശസ്തിയുമൊക്കെ നേരത്തെയെത്തുന്നത് ഒരു ചീത്ത കാര്യമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ഏതു പ്രായത്തിലായാലും അതു ചീത്തയാണ്. എന്റെ പുസ്തകങ്ങള്‍ മരണാനന്തരം അംഗീകരിക്കപ്പെടാനാണ് എനിക്കിഷ്ടം ; ചുരുങ്ങിയത് നിങ്ങള്‍ കൊടുക്കല്‍ വാങ്ങലുകള്‍ക്കുള്ള ഒരു ചരക്കായി മാറാനിടയുള്ള ഒരു ചരക്കായി മാറാനിടയുള്ള മുതലാളിത്ത രാജ്യങ്ങളിലെങ്കിലും.
നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട രചനകള്‍ക്കു പുറത്ത്, നിങ്ങള്‍ ഇന്നു വായിക്കുന്നത് എന്താണ്?
അതിവിചിത്രമായ ചിലതാണ് ഞാന്‍ വായിക്കുന്നത്. കഴിഞ്ഞ ദിവസം മുഹമ്മദാലിയുടെ ഓര്‍മ്മക്കുറിപ്പുകളാണ് ഞാന്‍ വായിച്ചിരുന്നത്. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള ഒരു മഹത്തായ രചനയാണ്. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് വായിക്കേണ്ടിയിരുന്നതാണെങ്കിലും അതൊരു സമയം പാഴാക്കലായിരിക്കുമെന്ന ധാരണയില്‍ ഞാനതു വായിച്ചിരുന്നില്ല. എങ്കിലും എനിക്കു വിശ്വാസമുള്ള ആരും ടെയെങ്കിലും ശുപാര്‍ശയില്ലാതെ ഒരു പുസ്തകവുമായിട്ടും യഥാര്‍ത്ഥത്തില്‍ ഞാന്‍ ഇടപെടാറില്ല. കല്പിത കഥകള്‍ ഞാനിപ്പോള്‍ വായിക്കാറില്ല. ഞാന്‍ ഒട്ടേറെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കുന്നു. രേഖകള്‍ വായിക്കുന്നു; അവ വ്യാജ രേഖകളാണെങ്കില്‍ പോലും എനിക്കേറ്റവും ഇഷ്ടപ്പെട്ട കൃതികള്‍ ഞാന്‍ വീണ്ടും വീണ്ടും വായിക്കുന്നു വീണ്ടും വായിക്കുമ്പോഴുള്ള സൗകര്യം നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു പേജു തുറന്ന് നിങ്ങള്‍ക്ക് ശരിക്കും ഇഷ്ടപ്പെട്ട ഭാഗം വായിക്കാമെന്നതാണ്. ‘സാഹിത്യം’ മാത്രമേ വായിക്കാവൂ എന്ന വിശുദ്ധ സങ്കല്പം എന്നെ സംബന്ധിച്ച് പൊയ്‌പ്പോയിരിക്കുന്നു. ഞാന്‍ എന്തും വായിക്കും. ഏറ്റവും പുതിയ കാര്യങ്ങള്‍ വായിച്ച് കാലത്തിനൊപ്പമെത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. ലോക മെങ്ങുമുള്ള ശരിക്കും പ്രധാനപ്പെട്ട ഏതാണ്ടെല്ലാ മാസികകളും എല്ലാ ആഴ്ചയിലും ഞാന്‍ വായിക്കുന്നു. ടെലി ടൈപ്പ് മെഷീനില്‍ നിന്നുള്ള കാര്യങ്ങള്‍ വായിക്കുന്ന ശീലം തുടങ്ങിയ കാലം മുതല്‍ക്ക് വാര്‍ത്തകള്‍ അറിയാനും വായിക്കാനും എന്നും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ഗൗരവവും പ്രാധാന്യവുമുള്ള എല്ലാ വര്‍ത്തമാനപ്പത്രങ്ങളും വായിച്ചു കഴിഞ്ഞാല്‍ എന്റെ ഭാര്യ വന്ന് ഞാന്‍ കേട്ടിട്ടില്ലാത്ത വാര്‍ത്തകള്‍ പറഞ്ഞു തരും. അതെ വിടുന്നാണ് വായിച്ചതെന്നു ഞാന്‍ ചോദിച്ചാല്‍ ബ്യൂട്ടി പാര്‍ലറില്‍വെച്ചു കണ്ട ഒരു മാസികയില്‍ നിന്നാണ് താന്നതു വായിച്ചതെന്ന് അവര്‍ പറയും. അതുകൊണ്ട് ഫാഷന്‍ മാസികകളും സ്ത്രീകര്‍ക്കു വേണ്ടിയുള്ള എല്ലാത്തരം മാസികകളും പരദൂഷണത്തിനും കേട്ടു കേള്‍വികള്‍ക്കും വേണ്ടിയുള്ള മാസികകളും ഞാന്‍ വായിക്കുന്നു. അവ വായിച്ചാല്‍ മാത്രം പഠിക്കാന്‍ പറ്റുന്ന പല കാര്യങ്ങളും ഞാന്‍ പഠിക്കുന്നുമുണ്ട്. അതുകൊണ്ട് ഞാന്‍ വലിയ തിരക്കിലാണ്.
പ്രശസ്തി, ഒരെഴുത്തുകാരന്നെ സംബന്ധിച്ചിടത്തോളം വിനാശകരമായ ഒന്നാണെന്നു താങ്കള്‍ കരുതുന്നത് എന്തുകൊണ്ടാണ്?
ഒന്നാമതായി, അതു നിങ്ങളുടെ സ്വകാര്യ ജീവിതത്തെ കടന്നാക്രമിക്കുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കാനും ജോലി ചെയ്യാനുമുള്ള നിങ്ങളുടെ സമയത്തില്‍ നിന്നും ഒരു പങ്ക് അത് അപഹരിക്കുന്നു. യഥാര്‍ത്ഥ ലോകത്തില്‍ നിന്നും നിങ്ങളെ ഒറ്റപ്പെടുത്താനാണ് അത് സഹായിക്കുക എഴുത്തു തുടരാനാഗ്രഹിക്കുന്ന പ്രശസ്തനായ രൈഴുത്തുകാരന് പ്രശസ്തിക്കെതിരെ എപ്പോഴും സ്വയം പ്രതിരോധിക്കേണ്ടിവരും. വാസ്തവത്തില്‍, അതൊരിക്കലും ആത്മാര്‍ത്ഥതയോടെ പറയുന്നതാണെന്നു തോന്നിയേക്കില്ല. എന്നാലും എന്റെ പുസ്തകങ്ങള്‍ എന്റെ മരണത്തിനു ശേഷം പ്രസിദ്ധീകരിക്കുന്നതാകുമായിരു
‘ഏകാന്തതയുടെ നുറുവര്‍ഷങ്ങളു’ടെ അസാധാരണ വിജയം തങ്ങള്‍ക്കു മുന്‍കൂട്ടി കാണാന്‍ സാധിച്ചിരുന്നുവോ?
മറ്റുള്ളവരെക്കാള്‍ എന്റെ സുഹൃത്തുക്കളെ സന്തോഷിപ്പിക്കുന്ന ഒരു പുസ്തകമായിരിക്കും അതെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ, എന്റെ സ്പാനിഷ് പ്രസാധകര്‍, പുസ്തകത്തിന്റെ എണ്ണായിരം കോപ്പികള്‍ അച്ചടിക്കാന്‍ പോവുകയാണെന്ന് എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍സ്തമ്ധനായിപോയി; കാരണം എന്റെ മുന്‍പത്തെ പുസ്തകങ്ങളൊന്നും 700 കോപ്പികളേക്കാള്‍ കൂടക്കല്‍ വിറ്റുപോയിരുന്നില്ല. എന്തുകൊണ്ട് കുറച്ചു കൂടി സാവകാശത്തിലായിക്കൂടാ എന്ന് ഞാനയാളോടു ചോദിച്ചു.എന്നാല്‍ അയാള്‍ പറഞ്ഞത് അതൊരു നല്ല പുസ്തകമാണെന്ന് തനിക്കു ബോധമുണ്ടെന്നായിരുന്നു. അച്ചടിക്കുന്ന 8000 കോപ്പികളും മെയ്യ് മാസത്തിനും ഡിസംബറിനുമിടയ്ക്ക് വിറ്റുപോകുമെന്നും അയാള്‍ പറഞ്ഞു. വസ്തവത്തില്‍ ബ്യൂണസ് അയേഴ്‌സില്‍ ഒരാഴ്ച കൊണ്ടുതന്നെ അതൊക്കെയും വിറ്റഴിഞ്ഞു.
‘എകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ ഇങ്ങനെ ക്ലിക്കായത് എന്തുകൊണ്ടാണെന്നാണ് താങ്കള്‍ കരുതുന്നത്?
അതു സംബന്ധിച്ച് ഒരു നേരിയ ധാരണപോലും എനിക്കില്ല; എന്തെന്നാല്‍ എന്റെ സ്വന്തം കൃതികളുടെ വളരെ മോശപ്പെട്ട വിമര്‍ശകനാണു ഞാന്‍. ഇതുസംബന്ധിച്ച് ഞാന്‍ ഏറ്റവുമധികം കേട്ടിട്ടുള്ള വിശദീകരണം, അത് ലാറ്റിനമേരിക്കയിലെ ജനങ്ങളുടെ സ്വകാര്യജീവിതങ്ങളെപ്പറ്റിയുള്ള ഒരു പുസ്തമാണെന്നാണ്, ഉള്ളില്‍ നിന്നും എഴുതപ്പെട്ട പുസ്തകമാണെന്ന്. ആ വിശദീകരണം എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ടെന്നാല്‍ ഈ പുസ്തകമെഴുതാനുള്ള ആദ്യമത്തില്‍ ഞാന്‍ അതിനു കൊടുക്കാന്‍ ഉദേശിച്ച പേര് വീട് (The House) എന്നായിരുന്നു. നോവലിലെ പ്രമേയത്തിന്റെ എല്ലാ വികാസവും വീടിനകത്തുതന്നെ സംഭവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. പുറത്തു നടക്കുന്ന കാര്യങ്ങള്‍ വീടിനകത്ത് ഉണ്ടാക്കുന്ന പ്രതികരണങ്ങളിലൂടെ ചിത്രീകരിക്കപ്പെടണം എന്നായിരുന്നു ഉദ്ദേശ്യം.പിന്നീട് ‘വീട്’ എന്ന ശീര്‍ഷകം ഞാന്‍ ഉപേക്ഷിച്ചു. എന്നാല്‍ പുസ്തകം ഒരിക്കല്‍ മാക്കോണ്ടോ എന്ന നഗരത്തിലേക്കു പോകുമ്പോള്‍ അതൊരിക്കലും അതിനപ്പുറത്തേക്ക് പോകുന്നില്ല. ഓരോ വായനക്കാരനും പുസ്തകത്തിലെ കഥാപാത്രങ്ങളെ അയാള്‍ ഇഷ്ടപ്പെടുന്ന വിധത്തില്‍ പുനര്‍നിര്‍മ്മിക്കാനും സ്വന്തമാക്കാനും സാധിക്കുമെന്ന് മറ്റൊരു വിശദീകരണവും ഞാന്‍ കേട്ടിട്ടുണ്ട്. അതൊരു സിനിമയായിരിക്കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ല; എന്തെന്നാല്‍ സിനിമ പ്രേക്ഷകര്‍ അയാള്‍ ഒരിക്കലും ഭാവനയില്‍ കണ്ടു കാണാനിടയില്ലാത്ത മുഖങ്ങളെയായിരിക്കും കാണേണ്ടിവരിക..
അതൊരു സിനിമയാക്കുന്നതില്‍ എന്തെങ്കിലും താല്പര്യമുണ്ടായിരുന്നുവോ?
അതെ എന്റെ ഏജന്റ് 10 ലക്ഷം ഡോളറാണ് അതിനാവശ്യപ്പെട്ടത്. ആവശ്യക്കാരെ നിരുത്സാഹപ്പെടുത്താന്‍ ആണ് അത്രയും വലിയ തുക വെച്ചത്.അവര്‍ ഏറെക്കുറെ ആ തുകയ്ക്കടുത്തെത്തിയപ്പോള്‍ ഏജന്റ് തുക മൂന്നു ദശലക്ഷമായി ഉയര്‍ത്തി. പക്ഷേ,എനിക്ക് സിനിമയില്‍ താല്പര്യമുണ്ടായിരുന്നില്ല. എനിക്ക് തടയാന്‍ കഴിയുമായിരുന്നിടത്തോളം അത് സംഭവിക്കുമായിരുന്നില്ല. വായനക്കാരനും പുസ്തകവും തമ്മിലുള്ള ഒരു സ്വകാര്യ ബന്ധമായി അത് നിലനില്‍ക്കുന്നതാണ് എനിക്കിഷ്ടം.
ഏതെങ്കിലും പുസ്തകങ്ങളെ സിനിമയിലേക്ക് വിജയകരമായി വിവര്‍ത്തനം ചെയ്യാനാവുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
ഒരു നല്ല നോവലിനെ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുള്ള ഒരു സിനിമയെപ്പറ്റിയും എനിക്ക് ഓര്‍ക്കാന്‍ ആവുന്നില്ല പക്ഷേ, വളരെ മോശം നോവലുകളില്‍ നിന്നും നല്ല സിനിമകള്‍ ഉണ്ടാക്കിയിട്ടുള്ള ഒട്ടേറെ അനുഭവങ്ങള്‍ എനിക്ക് ഓര്‍ക്കാന്‍ ഉണ്ട്.
സ്വന്തമായി സിനിമയുണ്ടാക്കുന്നതിനെ പറ്റി താങ്കള്‍ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ഒരു സിനിമ സംവിധായകനാവണം എന്ന് ആഗ്രഹിച്ചിട്ടുള്ള കാലം ഉണ്ടായിരുന്നു. റോമില്‍ വെച്ച് ഞാന്‍ സംവിധാനം പഠിച്ചു. പരിമിതികള്‍ ഇല്ലാത്ത എന്തും സാധ്യമായ ഒരു മാധ്യമമാണ് സിനിമ എന്ന് എനിക്ക് തോന്നി.ഞാന്‍ മെക്‌സിക്കോയിലേക്ക് വന്നത് സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവുമായിട്ടാണ് ;സംവിധായകനായിട്ടല്ല, തിരക്കഥാകൃത്തായിട്ട്. പക്ഷേ, സിനിമയില്‍ ഒരു വലിയ പരിമിതിയുണ്ട്; അതൊരു വ്യവസായിക കലയാണ്, ഒരു മുഴു വ്യവസായം. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നത് സിനിമയില്‍ പ്രകടിപ്പിക്കുവാന്‍ വലിയ പ്രയാസമാണ്. ഞാന്‍ ഇപ്പോഴും അങ്ങനെ കരുതുന്നു. പക്ഷേ, ഇന്ന് അതൊരു ആഡബരമാണെന്നാണു തോന്നുന്നത്. എന്റെ സുഹൃത്തുക്കളോടൊപ്പം അങ്ങനെ ചെയ്യുന്നത് എനിക്കിഷ്ടമാണ്, പക്ഷേ, എന്നെ തന്നെ അതില്‍ സ്വയം പ്രകാശിപ്പിക്കാനാവുമെന്ന ഒരു പ്രതീക്ഷയും എനിക്കില്ല, അതുകൊണ്ട് ഞാന്‍ സിനിമയില്‍ നിന്നും പിന്നെയും പിന്നെയും അകന്നുപോയി. അകന്നു ജീവിക്കാനും അതേ സമയം ഒരുമിച്ച് ജീവിക്കാനും കഴിയാത്ത ദമ്പതികളുടേതുപോലെയാണ് എനിക്ക് അതുമായുള്ള ബന്ധം. ഒരുസിനിമാ കമ്പനിയോ ഒരു പ്രസിദ്ധീകരണമോ, ഏതാണ് തിരഞ്ഞെടുക്കുന്നത് എന്ന് വന്നാല്‍ ഞാന്‍ തിരഞ്ഞെടുക്കുക പ്രസിദ്ധീകരണമായിരിക്കും.
താങ്കള്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ക്യൂബയെ പറ്റിയുള്ള പുസ്തകത്തെപ്പറ്റി എങ്ങനെയാണ് വിശദീകരിക്കുക?
വാസ്തവത്തില്‍, വര്‍ത്തമാന പത്രത്തിലെ ഒരു സുദീര്‍ഘ ലേഖനം പോലെയാണ് ആ പുസ്തകം. കുടുംബങ്ങളിലെ ജീവിതം എങ്ങനെയാണ്? ക്ഷാമത്തേയും പരിമിതികളെയും അവര്‍ എങ്ങനെയാണ് നേരിട്ടത് തുടങ്ങിയ കാര്യങ്ങളാണ് അതില്‍ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്ത് ക്യൂബയിലേക്കു ഞാന്‍ നടത്തിയ പല യാത്രകളില്‍ എന്റെ ഹൃദയത്തെ സ്പര്‍ശിച്ച ചില കാര്യങ്ങളുണ്ട്. ക്യൂബയ്ക്ക് എതിരെയുള്ള ഉപരോധം അവിടെ ഒരു ‘അത്യാവശ്യങ്ങളുടെ സംസ്‌കാരം’ സൃഷ്ടിച്ചിട്ടുണ്ട്. ചില സാധനങ്ങള്‍ ഇല്ലാതെ തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആളുകള്‍ തയ്യാറാവേണ്ടിവരുന്ന ഒരു സാമൂഹിക സാഹചര്യം. എന്നില്‍ ശരിക്കും താല്പര്യമുണ്ടാക്കിയത് ജനങ്ങളുടെ മനോഭാവം മാറ്റുന്നതിന് ഉപരോധം എങ്ങനെ സഹായിച്ചു എന്നതാണ്.
ഒരു ഉപഭോഗവിരുദ്ധ സമൂഹവും ലോകത്തെ ഏറ്റവും വലിയ ഉപഭോഗാധിഷ്ഠിത സമൂഹവും തമ്മില്‍ ഒരു സംഘര്‍ഷം ഉണ്ടാവുകയാണ്. എളുപ്പം എഴുതിത്തീര്‍ക്കാവുന്ന ഒരു ചെറിയ ജേര്‍ണലിസ്റ്റ് സൃഷ്ടിയായിരിക്കുമെന്നു നിശ്ചയിച്ച് എഴുതിത്തുടങ്ങിയ പുസ്തകം സുദീര്‍ഘവും സങ്കീര്‍ണ്ണവുമായ ഒരു പുസ്തകമായി മാറുകയാണിപ്പോള്‍. പുസ്തകം എത്തിനില്‍ക്കുന്നത് ആ ഘട്ടത്തിലാണ്. പക്ഷേ, അതൊരു പ്രശ്നമല്ല; കാരണം എന്റെ എല്ലാ പുസ്തകങ്ങളും അങ്ങനെയായിരുന്നു. അതിനും പുറമെ, കരീബിയന്‍സിലെ യഥാര്‍ത്ഥ ലോകം ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെ കഥകളിലേതുപോലെ വിഭ്രാത്മകമാണെന്ന് ചരിത്രപരമായ വസ്തുതകളുടെ പിന്‍ബലത്തോടെ ഈ പുസ്തകം തെളിയിക്കും
ഒരു എഴുത്തുകാരനെന്ന നിലയില്‍ എന്തെങ്കിലും ദീര്‍ഘകാല അഭിലാഷങ്ങളോ ഖേദങ്ങളോ താങ്കള്‍ക്കുണ്ടോ?
പ്രശസ്തിയെപ്പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ നല്‍കിയ അതേ ഉത്തരം തന്നെയാണ് ഈ ചോദ്യത്തിനും തരാനുള്ളതെന്ന് എനിക്കു തോന്നുന്നു. കഴിഞ്ഞ ദിവസം ഒരാള്‍ എന്നോടു ചോദിച്ചു. എനിക്ക് നോബേല്‍ പുരസ്‌കാരത്തില്‍ താല്‍പര്യമുണ്ടോ എന്ന്.
എന്നെ സംബന്ധിച്ചിടത്തോളം അതൊരു തികഞ്ഞ ദുരന്തമാവുമെന്നാണ് എനിക്കു തോന്നുന്നത്. അതിനുള്ള അര്‍ഹത നേടുന്ന കാര്യത്തില്‍ തീര്‍ച്ചയായും എനിക്കു താല്‍പര്യമുണ്ട്. എന്നാല്‍ അതു സ്വീകരിക്കുന്നത് ഭീകരമായിരിക്കും. അത് പ്രശസ്തിയെ സംബന്ധിച്ച പ്രശ്ന ങ്ങളെ ഇപ്പോഴത്തേക്കാള്‍ സങ്കീര്‍ണ്ണമാക്കും. ജീവിതത്തില്‍ ഞാന്‍ ശരിക്കും ഖേദിക്കുന്നത് എനിക്കൊരു മകളില്ലല്ലോ എന്നതോര്‍ത്താണ്.
നമുക്കു ചര്‍ച്ച ചെയ്യാവുന്ന വിധത്തിലുള്ള ഏതെങ്കിലും പദ്ധതികള്‍ താങ്കളിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നുണ്ടോ?
എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ പുസ്തകം എഴുതാന്‍ പോവുകയാണു ഞാനെന്ന് എനിക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ട്. എങ്കിലും അത് ഏതായിരിക്കുമെന്നോ എന്നായിരിക്കുമെന്നോ എനിക്കറിയില്ല ഇതു പോലുള്ള എന്തെങ്കിലും അനുഭവിക്കുമ്പോള്‍ കുറേ നേരമായി എനിക്ക് അത് അനുഭവപ്പെടുന്നുണ്ട്. ഞാന്‍ വളരെ ശാന്തനായി ഇരിക്കുന്നു; അതു കടന്നുവരികയാണെങ്കില്‍ എനിക്കതിനെ പിടി കൂടാനാവുമെന്ന വിശ്വാസത്തില്‍..
ന്യൂയോര്‍ക്കില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന Paris Review വില്‍ 1981 മഞ്ഞുകാലത്ത് പുറത്തിറങ്ങിയ 82-ാം ലക്കത്തിലാണ് പീറ്റര്‍ എച്ച്. സ്‌റ്റോണ്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചത്. 1982-ല്‍ മാര്‍ക്കേസിന് സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ലഭിക്കുന്നതിനു മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ആ അഭിമുഖത്തിന്റെ തര്‍ജ്ജമയാണ് ഇതോടൊപ്പം.
(വിവർത്തനം : പി.കെ. വേണുഗോപാലൻ, Published in Chenda, Issue 8, 2014)