
രക്ഷാകർതൃത്വം ഒരു കുഞ്ഞിന്റെ ജീവിതത്തിൽ നീണ്ട കാലങ്ങളോളം നീണ്ടുനിൽക്കുന്ന സ്വാധീനം ഉണ്ടാക്കുന്ന ഒന്നാണ്. വീട് കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ ഒരിടം ആണെന്നാണ് പൊതു ധാരണയെങ്കിലും ആഗോളതലത്തിൽ നോക്കിയാൽ വീടുകളുടെ നാല് ചുവരുകൾക്കുള്ളിൽ പലതരത്തിലുള്ള പീഡനം അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. തെളിവുകളെ അടിസ്ഥാനമാക്കിയ രക്ഷാകർതൃ പരിശീലന പരിപാടികൾ രക്ഷാകർതൃത്വത്തിനെ ഗുണകരമായ രീതിയിൽ സ്വാധീനിക്കുന്നതായി കണ്ടുവരുന്നുണ്ട്. രക്ഷാകർതൃത്വ പരിശീലന പരിപാടികൾ രക്ഷാകർതൃത്വത്തിനെ ഗുണകരമായ രീതിയിൽ സ്വാധീനിക്കുന്നതായി കണ്ടുവരുന്നുണ്ട്. രക്ഷാകർതൃത്വ പരിശീലന പരിപാടികൾ പൊതുജനാരോഗ്യ പരിപാടികളിൽ ഉൾപ്പെടുത്തുന്നത് കുട്ടികളുടെ നേർക്ക് അനുകമ്പാർദ്രമായ സമീപനം വളർത്തിക്കൊണ്ടു വരാനും കുട്ടികളോടുള്ള ക്രൂരതകൾ ഒരു പരിധിവരെ കുറച്ചു കൊണ്ടുവരാനും സഹായിച്ചേക്കാം.
ഒരു കുഞ്ഞിന് ലഭിക്കുന്ന രക്ഷാകർതൃത്വം ആ കുഞ്ഞിന്റെ ജീവിതത്തെ തന്നെ വളരെ ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്ന ഒന്നാണ് . അത് കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തെയും വൈകാരികതയെയും മറ്റു കഴിവുകളുടെ വളർച്ചയെയും അനുകമ്പയെയും തുടങ്ങി മാനസികവും ശാരീരികവുമായ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന ഒന്നാണ്.

ഒരു കുഞ്ഞിന്റെ ജനിതക ഘടകങ്ങളായ ഡിഎൻഎകൾ മാതാപിതാക്കളിൽ നിന്നും കൈമാറി കിട്ടുന്നവയാണെങ്കിൽ പോലും ആ കുഞ്ഞ് കടന്നുപോകുന്ന പരിതസ്ഥിതിയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾക്ക് അനുസൃതമായി ഡിഎൻഎ തന്മാത്രകളിൽ methylation എന്ന രാസമാറ്റ പ്രക്രിയ സംഭവിക്കുകയും അങ്ങിനെ ഉണ്ടാകുന്ന എപിജെനറ്റിക് മാറ്റങ്ങൾ ജീനുകളുടെ സ്വയം പ്രകാശനത്തിനെ ബാധിക്കുകയും ചെയ്യുന്നു . സമ്മർദ്ദം ഉണ്ടാകുന്ന പരിതസ്ഥിതികളിലൂടെ കടന്നുപോകുന്ന കുഞ്ഞുങ്ങളുടെ കോശങ്ങളിൽ അതനുസരിച്ചുള്ള എപിജെനറ്റിക് മാറ്റങ്ങൾ സംഭവിക്കുന്നു.അതിനാൽ തന്നെ സമൂഹം കുഞ്ഞുങ്ങളുടെ രക്ഷാകർതൃത്വം അതാത് രക്ഷിതാക്കളുടെ മാത്രം ഉത്തരവാദിത്വമായി കാണാതെ അതൊരു സാമൂഹിക ഉത്തരവാദിത്തമായി പരിഗണിച്ച് അനുകമ്പയ്ക്കും സാമൂഹികമായ പെരുമാറ്റത്തിനും കൂടി പ്രാധാന്യം നൽകുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്.
രക്ഷാകർതൃത്വം പരിശീലന പരിപാടികൾ പൊതുജന ആരോഗ്യ പരിപാടികളുടെ ഭാഗമാകുന്നത് കുഞ്ഞുങ്ങളുടെ നേർക്കുള്ള ക്രൂരതകളും പീഡനങ്ങളും കുറച്ചു കൊണ്ടുവരുന്നതിന് ഒരു പരിധിവരെ ആകാൻ സാധ്യതയുണ്ട്.
രക്ഷാകർതൃരീതികളും കുഞ്ഞുങ്ങൾ കുടുംബങ്ങളിൽ അനുഭവിക്കുന്ന പീഡനങ്ങളും
വിവിധ രക്ഷാകർതൃ രീതികളെക്കുറിച്ചും അവ കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്ന പലതരം പ്രത്യാഘാതങ്ങളെയും സ്വാധീനങ്ങളെയും കുറിച്ചും കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങളായി വളരെയേറെ പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. പ്രധാനമായും മൂന്നുതരം രക്ഷാകർതൃ ശൈലികൾ ആണ് ആദ്യകാലങ്ങളിൽ തിരിച്ചറിയപ്പെട്ടിരുന്നത്.
1. അതോറിറ്റെറ്റിവ് ശൈലി– കുഞ്ഞുങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും തിരിച്ചറിയുകയും അതേസമയം സ്വാതന്ത്ര്യത്തിന് അതിർവരമ്പുകൾ നിശ്ചയിക്കുകയും ചെയ്യുന്ന രീതി.
2. അതോറിറ്റേറിയൻ രീതി കുഞ്ഞിന്റെ അവകാശങ്ങളെ പരിഗണിക്കാതെ കർശന നിയമങ്ങൾ അച്ചടക്കം എന്ന പേരിൽ അടിച്ചേൽപ്പിക്കുന്ന രീതി.
3. പെർമിസ്സീവ് (വഴങ്ങൽ) രീതി. കുഞ്ഞിന്മേൽ ഒട്ടും നിയന്ത്രണം ഇല്ലാതെ കുട്ടിയുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും വാശികൾക്കും അനുസരിച്ച് കാര്യങ്ങൾ വിട്ടുകൊടുക്കുന്ന രീതി.ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് കുട്ടിയാണ്.
ഇതുകൂടാതെ ഇന്റൽജൻഡ്- indulgent ( ദയലുവായ അഥവാ ക്ഷമ ശീലമുള്ള ).. അതായത് നിർബന്ധങ്ങൾ അടിച്ചേൽപ്പിക്കാത്ത അതേസമയം കുഞ്ഞുങ്ങളുടെ ആവശ്യങ്ങളെ അനുകമ്പയുടെ കാണുകയും ചെയ്യുന്ന രീതി
കുഞ്ഞുങ്ങളെ തീരെ പരിഗണിക്കാതെ അവഗണിക്കുന്ന ഒരു അവഗണന രീതിയും രക്ഷകർത്താക്കളുടെ ഇടയിൽ മക്കോബി, മാർട്ടിൻ ( 1973) എന്നിവർ തങ്ങളുടെ ഗവേഷണങ്ങളിൽ തിരിച്ചറിയുന്നുണ്ട്.
പലതരം രക്ഷാകർതൃ രീതികളെ താരതമ്യം ചെയ്തുള്ള പഠനങ്ങളും ലോകത്തു നടന്നിട്ടുണ്ട്.ഇതിൽ പലപ്പോഴും ഊഷ്മളമായ രക്ഷാകർതൃ രീതികൾ (അതോറിറ്റേറ്റീവ് )കൂടുതൽ ഗുണം സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
എങ്കിൽ പോലും ഇന്നും അതോറിറ്റേറിയൻ രീ തികൾക്കാണ് സമൂഹത്തിൽ വലിയ സ്വീകാര്യത നിലനിൽക്കുന്നത് എന്നത് അത്ഭുതകരമാണ്. 2016 -ൽ ന്യൂസിലൻഡിൽ നടന്ന ഒരു പഠനത്തിൽ പറയുന്നത് 1981 ൽ 89% കുട്ടികളും മർദ്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നുവെ ങ്കിൽ 2013 ൽ അത് 40% ആയി കുറഞ്ഞിട്ടുണ്ട് എന്നാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ 1999 നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത് 74% അമേരിക്കക്കാരും കുട്ടികളെ അടിക്കാറുണ്ട് എന്നാണ്.ഇതിൽ 47 ശതമാനം പേരും തീരെ ചെറിയ കുട്ടികളെയാണ് അടിക്കുന്നത് എന്നും പഠനം കണ്ടെത്തിയിരുന്നു.
ദരിദ്ര രാജ്യങ്ങളിലെ കുഞ്ഞുങ്ങൾ വലിയ തോതിൽ മർദ്ദനങ്ങൾക്ക് ഇരയാവുന്നുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കണക്കുകൾ പ്രകാരം ഇത്തരം ബാലപീഡനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ശിശു മരണങ്ങൾ സമ്പന്ന രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ (1.21/lakh)രണ്ടിരട്ടി കൂടുതലാണ് ദരിദ്ര രാജ്യങ്ങളിൽ(2.58/lakh).
ഉദാഹരണത്തിന് ബ്രസീലിൽ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത് വലിയ രീതിയിലുള്ള ശാരീരിക പീഡനങ്ങൾ,അതായത് ചവിട്ടുക,കഴുത്തിന് പിടിച്ചു ഞെക്കുക,തല്ലുക തുടങ്ങിയവ -രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളിൽ പോലും 10.1%കുട്ടികൾ അനുഭവിക്കുന്നു എന്നും ചെറിയ രീതിയിലുള്ള ശിക്ഷണങ്ങൾ അതായത് അടികൾ പോലെയുള്ളവ 75.3% കുട്ടികളും സഹിക്കുന്നുണ്ട് എന്നുള്ളതാണ്. ഈ രീതിയിലുള്ള ശിക്ഷണരീതികൾ ദീർഘകാലം തുടർന്നാൽ അച്ഛനമ്മമാരും കുട്ടികളും തമ്മിലുള്ള ബന്ധത്തിൽ അത് സാരമായ വിള്ളൽ വീഴ്ത്താൻ ഇടയുണ്ട്. സ്വീഡൻ,ഡെൻമാർക്ക്,ജർമ്മനി തുടങ്ങി 40 ൽ അധികം രാജ്യങ്ങൾ കുഞ്ഞുങ്ങളുടെ നേർക്കുള്ള ശാരീരിക മർദ്ദനങ്ങൾ നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
2014 ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 15 വയസ്സിൽ താഴെയുള്ള 41,000 ത്തിൽ അധികം കുട്ടികൾ ഇത്തരത്തിൽ ഓരോ വർഷവും കൊല്ലപ്പെടുന്നുണ്ട്.
രക്ഷിതാക്കൾ ഒരു കുഞ്ഞിനോട് മോശമായി പെരുമാറാനുള്ള പ്രധാനപ്പെട്ട അപകട ഘടകങ്ങൾ
1. നാലു വയസ്സിന് താഴെയുള്ള കുട്ടി / കൗമാരപ്രായത്തിലുള്ള കുട്ടി
2. രക്ഷാകർത്താക്കൾക്ക് ആവശ്യമില്ലാത്ത കുട്ടി. അഥവാ രക്ഷാകർത്താക്കളുടെ പ്രതീക്ഷകളെ സഫലീകരിപ്പിക്കാത്ത ആർക്കും വേണ്ടാത്ത കുട്ടി.
3. ഭിന്നതകൾ ഉള്ള കുട്ടി /തുടർച്ചയായി കരയുന്ന കുട്ടി. കാഴ്ചയിൽ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന കുട്ടി.
4. ചെറുപ്പകാലങ്ങളിൽ സ്വയം പീഡനങ്ങൾ ഏറ്റുവാങ്ങാൻ ഇടയായവരായ മാതാപിതാക്കൾ,മദ്യത്തിനും മയക്കുമരുന്നതിനും അടിമകളായ രക്ഷാകർത്താക്കൾ,കുഞ്ഞുങ്ങളുടെ വളർച്ചയുടെ നാഴികക്കല്ലുകളെ കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തവർ, മറ്റുള്ളവരുമായി അടുപ്പം സ്ഥാപിക്കാൻ പ്രയാസമുള്ളവർ,ക്രിമിനൽ മൈൻഡ് ഉള്ളവർ, സാമ്പത്തികപരാധീനതകൾ ഉള്ളവർ എന്നിവരും കുഞ്ഞുങ്ങളോട് മോശമായി പെരുമാറാനുള്ള സാധ്യത കൂടുതലാണ്.
ACE പഠനം( Adverse Childhood Experience Study) ഇത്തരം അനുഭവങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിക്കുന്നു
1 പീഡനം (വൈകാരികം ശാരീരികം,ലൈംഗികം)
2. കുടുംബത്തിന് അകത്തെ വെല്ലുവിളികൾ ( ശാരീരിക പീഡനം അനുഭവിക്കുന്ന രക്ഷിതാക്കൾ,ലഹരിയുടെ ഉപയോഗം,മാനസിക വൈകല്യങ്ങൾ ഉള്ളവർ,വിവാഹബന്ധം വേർപിരിഞ്ഞവർ, ഏതെങ്കിലും രീതിയിലുള്ള ബന്ധനങ്ങളിൽ പെട്ട് കിടക്കുന്ന കുടുംബാംഗങ്ങൾ )
3. അവഗണന ( വൈകാരികമോ ശാരീരികമോ ആയത്) 9508 പേര് പങ്കെടുത്ത പഠനത്തിൽ 64% ആളുകൾക്കും ഇതിൽ ഏതെങ്കിലും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. നാലോ അതിൽ കൂടുതലോ ACE അനുഭവിക്കാൻ ഇടവന്നാൽ അത് വിഷാദരോഗത്തിന് കാരണമാകാം. പലപ്പോഴും കുട്ടികൾ ഇത്തരം വിഷകരമായ (toxic)അന്തരീക്ഷങ്ങളിലാണ് വളർത്തിക്കൊണ്ടുവരപ്പെടുന്നത്.
കുടുംബാന്തരീക്ഷത്തിൽ ആർദ്രതയെക്കാൾ കൂടുതലായി ഭീഷണി അല്ലെങ്കിൽ ഭയം മുന്നിട്ടുനിൽക്കുന്നു.ഇത്തരം രക്ഷിതാക്കൾക്ക് ഒരു നല്ല രക്ഷാകർതൃ പരിശീലന പരിപാടിയിൽ പ്രവേശനം ലഭിക്കാനുള്ള സാധ്യതയും പലപ്പോഴും കുറവാണ്. തെളിവുകളെ അടിസ്ഥാനമാക്കിയുള്ള രക്ഷാകർതൃ പരിശീലന പരിപാടികൾ ഏറ്റെടുത്തു നടപ്പിലാക്കാനുള്ള തീരുമാനങ്ങളും പൊതു പരിപാടികളും മിക്ക ഗവൺമെന്റുകളും മുന്നോട്ടുവയ്ക്കുന്നുമില്ല.
Reference : Oxford Handbook of Compassion

No Comments yet!