Skip to main content

സൂഫിയായി മാറിയ രാജകുമാരന്‍ (ദാരാ ഷിക്കോയുടെ കാലത്തിലേക്ക് ഒരു എത്തിനോട്ടം)

ഹിന്ദുസ്ഥാനിയില്‍ ഒരു ചൊല്ലുണ്ട് : ”യൂം ഹോതാ തോ ക്യാ ഹോതാ’. ഇങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു? യുഗസന്ധികളില്‍ ചരിത്രം വഴിമാറി പോയില്ലായിരുന്നുവെങ്കില്‍ ഇന്നത്തെ ലോകം എങ്ങനെയാവും എന്ന ചോദ്യത്തിലേക്ക് നയിക്കുന്ന ലോകോക്തി.

ഇന്ത്യന്‍ മധ്യകാലഘട്ട ചരിത്രത്തില്‍ ഹാംലറ്റിനോട് കിടപിടിക്കുന്ന ദുരന്തനായകനാണ് ദാരാ. 1615ല്‍ അജ്‌മേറില്‍ ജനിച്ചു. പുരാതന പേര്‍ഷ്യന്‍ ചക്രവര്‍ത്തിയും ലോകൈകവീരനുമായിരുന്ന ദാരാ (Darius)യുടെ നാമം സീമന്തകുമാരന് ചാര്‍ത്തുമ്പോള്‍ പിതാമഹന്‍ ജഹാംഗീറിന്റെ മനസ്സില്‍ ഭാവിയില്‍ ലോകമാകെ വ്യാപിക്കാന്‍ പോകുന്ന മുഗള്‍സാമ്രാജ്യത്തിന്റെ യശസ്സിന്റേയും പ്രതാപത്തിന്റേയും സ്വപ്നങ്ങളായിരുന്നിരിക്കാം. കുതിരസവാരിയിലും ആയോധനകലകളിലും ആയിരുന്നില്ല രാജകുമാരനു താല്പര്യം. ബാല്യകാലം തൊട്ടേ അദ്ദേഹം ചിന്തകന്മാരുടേയും പണ്ഡിതരുടേയും സാമീപ്യം കൊതിച്ചു. സൂഫികളേയും യോഗികളേയും കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. അവര്‍ പറയുന്നത് കേള്‍ക്കാനായി കാതോര്‍ത്തു നിന്നു. എങ്കിലും ഷാജഹാന്‍ ചക്രവര്‍ത്തിക്ക് സന്താനങ്ങളില്‍ ഏറ്റവും പ്രിയങ്കരന്‍ ദാരാ തന്നെയായിരുന്നു. പ്രായപൂര്‍ത്തിയാവും മുമ്പേ മറ്റു പുത്രന്മാര്‍ക്ക് ഭരണചുമതലകള്‍ നല്‍കി വിദൂരങ്ങളിലേക്കയച്ചു. ഷൂജാ, ഔറംഗസേബ്, മുറാദ് എന്നിവരെ യഥാക്രമം ബംഗാള്‍, ദക്ഖന്‍, ഗുജറാത്ത് പ്രദേശങ്ങളിലെ ഗവര്‍ണര്‍മാരായി നിയമിച്ചു. ദാരാ തന്റെ കണ്‍മുമ്പില്‍നിന്ന് ഒരിക്കലും മാറരുത് എന്നാഗ്രഹിച്ചു.

ഈ പ്രത്യേക വാത്സല്യം ബാല്യകാലം തൊട്ടേ മറ്റു സഹോദരങ്ങളില്‍ ഈര്‍ഷ്യയും അസൂയയും കലര്‍ന്ന മത്സരബുദ്ധി സൃഷ്ടിച്ചുകാണും. (കൊഞ്ചിച്ചു വഷളാക്കുന്ന ഈ വാത്സല്യം അദ്ദേഹത്തിനു പില്‍ക്കാലത്ത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്തതെന്നു പറയുന്ന ജദുനാഥ് സര്‍ക്കാറിനെപോലുള്ള ചരിത്രകാരന്മാരുമുണ്ട്.) ഭ്രാതൃസ്പര്‍ദ്ധ സഹോദരിമാരേയും വെറുതേ വിട്ടില്ല ജഹാന്‍ആരാ എന്നും ദാരാക്കൊപ്പം നിന്നുവെങ്കില്‍ രോഷന്‍ആരാക്ക് ഔറംഗസേബിനോടായിരുന്നു കൂറ്. ഈ ചേരിതിരിവ് പിന്നീടുള്ള ചരിത്രത്തെയും സ്വാധീനിച്ചുവെന്നതും വാസ്തവം.

മധ്യകാലഭാരതത്തില്‍ ആദ്യമായി സ്വതന്ത്രചിന്തയെ പ്രോത്സാഹിപ്പിച്ച ഭരണാധികാരി ഒരുപക്ഷേ അക്ബര്‍ ആയിരിക്കും. ഔപചാരികവിദ്യാഭ്യാസം നേടാന്‍കഴിയാത്ത ചക്രവര്‍ത്തി ആ ന്യൂനത പരിഹരിക്കാന്‍ തന്നോടൊപ്പം എപ്പോഴും പണ്ഡിതന്മാരുടെ ഒരു വ്യൂഹം ഉറപ്പാക്കിയിരുന്നു. ദൈനംദിന ഭരണകാര്യങ്ങളില്‍ മതാധിപന്മാരുടെ ഇടപെടല്‍ പൂര്‍ണ്ണമായും ഒഴിവാക്കി. (അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കുന്ന മുല്ലമാരെ മടങ്ങിവരാത്തവണ്ണം നിര്‍ബന്ധമായി ഹജ്ജിനു പറഞ്ഞയച്ചിരുന്ന കാര്യം പ്രസിദ്ധ ചരിത്രപണ്ഡിതന്‍ രാഹുല്‍ സാംകൃത്യായന്‍ പേരെടുത്ത് പറയുന്നുണ്ട്). രാജസദസ്സില്‍ വിഭിന്ന മതപണ്ഡിതന്മാര്‍ സ്ഥിരമായി സംവാദങ്ങളില്‍ ഏര്‍പ്പെടുന്നത് അക്കാലത്തെ ചരിത്രകാരന്‍ അബുല്‍ ഫാസല്‍ അക്ബര്‍നാമയില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാ മതങ്ങളുടേയും തത്വങ്ങള്‍ സമാവേശിക്കപ്പെട്ട ദീന്‍-ഏ-ഇലാഹി എന്ന നവീനാശയം ക്‌ളച്ച് പിടിച്ചില്ലയെങ്കിലും ഒരു സമന്വയ കാഴ്ച്ചപ്പാടിനു ബീജാവാപമായി.

ജ്ഞാനത്തിന്റെ പാതയില്‍

അക്ബറിന്റെ ധിഷണാവൈഭവം പിന്‍ഗാമികള്‍ക്കില്ലാതെ പോയി. അദ്ദേഹം ഉറപ്പുവരുത്തിയ മതസൗഹാര്‍ദ്ദത്തിനു ജഹാംഗീറിന്റേയും ഷാജഹാന്റേയും കാലത്ത് അധികം ക്ഷതം സംഭവിച്ചില്ല. പക്ഷേ, ആ സമന്വയത്തിന്റേയും സഹിഷ്ണുതയുടേയും സമവാക്യങ്ങള്‍ ഏറ്റുവാങ്ങാനായത് പ്രപൗത്രനായ ദാരാ ഷിക്കോവിനാണ്. സൂഫിയായി മാറിയ രാജകുമാരന്‍. സൂഫികളുടേയും ഹിന്ദു യോഗികളുടേയും വൈരാഗികളുടേയും സാന്നിധ്യമായിരുന്നു അദ്ദേഹം കാംക്ഷിച്ചത്. ഉപനിഷത്തുകളുടെ തന്റേതായ തര്‍ജ്ജുമയും വ്യാഖ്യാനവുമായ സിര്‍-ഏ-അക്ബര്‍ (ഏറ്റവും മഹത്തായ രഹസ്യം)ന്റെ മുഖവുരയില്‍ അദ്ദേഹം എഴുതുന്നു, ”ദാരാ ഷിക്കോഹ് എന്ന സ്ഥിതപ്രജ്ഞനായ ഈ ഫക്കീര്‍ 1640ല്‍ കാഷ്മീരിലെത്തി. അവിടെവെച്ച് വ്യത്യസ്ഥ വിഭാഗങ്ങളില്‍ നിര്‍ലീനമായ ജ്ഞാനവും അദ്വൈതചിന്തകളെകുറിച്ചുളള ശ്രേഷ്ഠമായ ഉദീരണവും അറിയാനുള്ള ആഗ്രഹം നാമ്പെടുത്തു. പരിശുദ്ധഖുര്‍ആന്‍ പൊതുവേ ദൃഷ്ടാന്തരൂപത്തിലായതിനാല്‍ അന്യ ധര്‍മ്മഗ്രന്ഥങ്ങളില്‍ അന്തര്‍ലീനമായ പരാമര്‍ശങ്ങളിലൂടെ ഈശ്വരന്റെ ഏകത്വത്തെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. ”ധര്‍മ്മഗുരുക്കളുമായി ദാരായുടെ സംവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പരീമഹല്‍ (മാലാഖമാരുടെ മാളിക) ചരിത്രത്തിന്റെ മൂകസാക്ഷിയായി ഇന്നും ശ്രീനഗറില്‍ ഡല്‍തടാകത്തിനെ നോക്കി നില്‍ക്കുന്നു.

(സിര്‍-ഏ-അക്ബര്‍ന്റെ പരിഭാഷ പൂര്‍ത്തിയാക്കിയത് 1657ല്‍. ഫ്രാങ്‌സേ ബെര്‍ണ്യേ (Francois Bernier) എന്ന സഞ്ചാരി പേര്‍ഷ്യന്‍ ഭാഷയിലുള്ള കൈയെഴുത്തുപ്രതി 14 വര്‍ഷങ്ങള്‍ക്കുശേഷം പാരീസിലെത്തിക്കുന്നു. ഫ്രെഞ്ചിലും പിന്നീട് ജര്‍മ്മനിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുന്നു. അങ്ങനെ ലോകത്തിലെ ഏറ്റവും ഉദാത്തമായ ദാര്‍ശനികചിന്തകളെന്ന് ഷോപ്പന്‍ഹ്യോര്‍ അടക്കം ചിന്തകര്‍ വാഴ്ത്തിയ ഉപനിഷത്തുകളെ പാശ്ചാത്യലോകം ആദ്യമായി അറിയുന്നത് ദാരാ ഷിക്കോയിലൂടെ).

സൂഫി കാദിരി ശ്രേണിയിലെ മുര്‍ഷീദ് (ഗുരു) ആയ ലാഹോറിലെ മിയാന്‍ മീറിന്റെ മുരീദ് (ശിഷ്യന്‍) ആയതിനുശേഷം ആത്മീയകാര്യങ്ങളില്‍ ദാരായുടെ താല്‍പര്യം വര്‍ധിച്ചുവന്നു. (ഇതേ മിയാന്‍ മീറിനെയാണ് അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തിനു തറക്കല്ലിടാന്‍ സിഖ് ഗുരുക്കള്‍ തിരഞ്ഞെടുത്തത്). ഇതിനിടയില്‍ കബീര്‍പന്ഥിയായ ബാബാ ലാല്‍ദാസുമായുള്ള സംവാദങ്ങള്‍ ദര്‍ സവാലോ ജവാബ് ദാരാ ഷിക്കോഹ് വ ബാബാ ലാല്‍ദാസ് എന്ന പേരില്‍ പുസ്തകമായി. ഹിന്ദു ഐതിഹ്യങ്ങളും, ദേവീ-ദേവതകളും, ആത്മാവ്, പരമാത്മാവ് എന്നിവയുടെ വിശദീകരണങ്ങളും ചോദ്യോത്തര രൂപത്തില്‍ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നു.

ദാരാ ബനാറസില്‍നിന്ന് സംസ്‌കൃതത്തില്‍ വ്യുല്‍പ്പത്തി നേടി യോഗവസിഷ്ഠ, ഭഗവദ്ഗീത എന്നിവയുടെ വ്യാഖ്യാനങ്ങളെഴുതിയതിന്റെ പിന്നില്‍ സൂഫിചിന്തകളുടെ ഉത്തുംഗ ശൃംഗമായ വഹ്ദത്തുല്‍ വജുദ് (ഉണ്മയുടെ ഏകാത്മത)നെകുറിച്ച് കൂടുതല്‍ അറിയാന്‍വേണ്ടി മാത്രമല്ല, ഉപനിഷത്തുകളില്‍ നിക്ഷിപ്തമായ സത്യങ്ങളുടെ രഹസ്യം വരേണ്യവിഭാഗത്തിലേതല്ലാത്ത ഹിന്ദുക്കളോടൊപ്പം മുസ്ലീങ്ങളും അറിയണം എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു. ഈ പഠനങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ നിഗമനങ്ങളാണ് മജ്മാ-ഉല്‍-ബഹ്‌റൈന്‍ (ഇരു സാഗരങ്ങളുടെ സംഗമം) എന്ന രചനയില്‍. ഇസ്ലാമീയ സൂഫിസവും ഹിന്ദു മിസ്റ്റിസിസവും തമ്മിലെ സാരൂപ്യം അദ്ദേഹം സ്പഷ്ടമായി കണ്ടു. ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള തൗഹീദും (ഏകദൈവവിശ്വാസം) ഉപനിഷത്തിലെ അദ്വൈതസിദ്ധാന്തവും ഒന്നുതന്നെയെന്ന് സമര്‍ത്ഥിച്ചു. ഇതിലെ താര്‍ക്കികമായ തെറ്റും ശരിയും എന്തുമാവട്ടെ, ആ മധ്യകാലഘട്ടം ഇവ്വിധം ദീപ്തമായ ബൗദ്ധികസംവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു എന്നതു തന്നെ അതിശയമായി തോന്നുന്നു. ഒരിടത്ത് ദാരാ പറയുന്നുണ്ട്, ”ഇന്ന് ഇന്ത്യക്ക് ഭരണാധികാരിയായി വേണ്ടത് ആജ്ഞാകാരിയായ, ഭോഗവിലാസത്തിന്റെ ജീര്‍ണ്ണത പേറുന്ന രാജാവിനെയല്ല, മറിച്ച് സൃഷ്ടിയുടെ ജീവവായുവുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന ചിന്തകനെയാണ്,.”

സൂഫിദര്‍ശനവുമായി തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ രചിച്ച സഫീനത്തുല്‍ ഔലിയ, സക്കീനത്തുല്‍ ഔലിയ, രിസാലാ-ഏ-ഹക്ക്‌നാമാ, തുടങ്ങിയ പുസ്തകങ്ങളില്‍ സൂഫി ശ്രേണിയിലെ ഗുരു-ശിഷ്യ പരമ്പര മുതല്‍ യോഗവിദ്യവരെ വിഷയമാക്കിയിരിക്കുന്നു. കവിയും ഇന്‍ഡോ-പേര്‍ഷ്യന്‍ ശൈലിയിലെ അറിയപ്പെടുന്ന ചിത്രകാരനും കൂടിയായിരുന്നു ദാരാ. ഇക്‌സീറുല്‍ ആസം അദ്ദേഹത്തിന്റെ ഗസലുകളുടെ സമാഹാരമാണ്.

ചരിത്രം വഴിമാറുമ്പോള്‍

1658ല്‍ ഷാജഹാന്‍ രോഗംമൂലം ശയ്യാവലംബിയായി. ഭരണം കിരീടാവകാശിയായ ദാരായെ ഏല്‍പ്പിച്ചു. കൊട്ടാരകാര്യങ്ങള്‍ സീമന്തപുത്രി ജഹാന്‍ആരയുടെ നിയന്ത്രണത്തിലായി. ഈര്‍ഷ്യാലുവായ രോഷന്‍ആരാ കാര്യങ്ങള്‍ ഔറംഗസേബിനെ അപ്പപ്പോള്‍ അറിയിച്ചുകൊണ്ടിരുന്നു. മയൂരസിംഹാസനത്തില്‍ നേരത്തേ കണ്ണുണ്ടായിരുന്ന ഔറംഗസേബ് പൊങ്ങച്ചക്കാരനായ മുറാദിനെ പരമാധികാരം വാഗ്ദാനം ചെയ്ത് വശത്താക്കാന്‍ ശ്രമിച്ചു.

ഇതിനിടയില്‍ ചക്രവര്‍ത്തി കഥാവശേഷനായി എന്ന കിംവദന്തി വ്യാപിക്കുന്നു. ഷൂജായും മുറാദും സ്വയം ചക്രവര്‍ത്തിമാരായി പ്രഖ്യാപിക്കുന്നു. ഷാജഹാന്‍ ഇവര്‍ക്കെതിരേ സൈന്യത്തെ നയിക്കാന്‍ ഔറംഗസേബിനെ ചുമതലപ്പെടുത്തുന്നു. സൈന്യം അടുത്തെത്തുമ്പോളറിയുന്നു രാജാധികാരത്തെ വെല്ലുവിളിക്കാന്‍ വരുന്ന മുറാദ്-ഔറംഗസേബ് സഖ്യത്തിന്റെ സംയുക്ത സേനയാണെന്ന്. ഔറംഗസേബ് ഇതിനിടയയില്‍ സേനാനായകന്മാരേയും പാട്ടിലാക്കിയിരുന്നു. 1658 മേയ് 29ന് ആഗ്രയില്‍നിന്ന് 10 മൈല്‍ തെക്കുകിഴക്കായ സമൂഗഢില്‍ നടന്ന നിര്‍ണ്ണായകയുദ്ധത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. യുദ്ധത്തില്‍ പരാഭൂതനായ ദാരാ പടിഞ്ഞാട്ടേക്ക് പലായനം ചെയ്തു. നേരത്തേ കൂറുണ്ടെന്ന് കരുതിയവര്‍ കൂറുമാറിയതുകാരണം രാജ്യം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ പാഴായി. ഒടുവില്‍ കുടുംബാംഗങ്ങളോടൊപ്പം സിന്ധില്‍ അഭയം തേടി. അവിടെ നാടുവാഴിയായിരുന്ന മാലിക് ജീവന്‍ഖാനെ പണ്ടെങ്ങോ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ക്രോധത്തില്‍ നിന്ന് ദാരാ രക്ഷിച്ചതിനു ഖാന്‍ പ്രത്യുപകാരം ചെയ്തത് ദാരായെ ഔറംഗസേബിന്റെ ഭടന്മാര്‍ക്ക് കൈമാറിക്കൊണ്ടാണ്.

ആനപ്പുറത്ത് ബന്ധനസ്ഥനാക്കി ഡെല്‍ഹി തെരുവുകളിലൂടെ പരേഡ് ചെയ്യപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ട യുവരാജാവിനെ കണ്ട ഡെല്‍ഹി വാസികള്‍ ഒന്നടങ്കം നെഞ്ചത്തിടിച്ചു നിലവിളിച്ചു. അന്ന് ഡെല്‍ഹിയിലുണ്ടായിരുന്ന പാശ്ചാത്യസഞ്ചാരികളായ നിക്കോളേ മനുച്ചി, ഷാങ് ബാപ്ടിസ്റ്റ് ടവര്‍ണ്യേ, ബെര്‍ണ്യേ എന്നിവര്‍ ഈ രംഗം ഹൃദയസ്പര്‍ശിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ പരസ്യമായ ഈ ദുഃഖപ്രകടനം ജനങ്ങള്‍ ഇളകിയാലോ എന്ന ഭയം കാരണം ബന്ദിയുടെ അന്ത്യം ത്വരിതമാക്കി. 1659 ആഗസ്റ്റ് 30ന് ശരീഅത് കോടതിയില്‍ വിചാരണ നടന്നു. പണ്ടെങ്ങോ നടന്ന ഒരു നിസ്സാരസംഭവം കുത്തിപ്പൊക്കി കൂടെ മതനിന്ദയും ചുമത്തി വധശിക്ഷക്ക് വിധിച്ചു. അതേദിവസം തന്നെ ശിരച്ഛേദം ചെയ്ത് ശിക്ഷ നടപ്പാക്കി. അറുത്തെടുത്ത ശിരസ്സ് രോഗഗ്രസ്തനായ ചക്രവര്‍ത്തിക്ക് സമ്മാനമായി കൊടുത്തയച്ചു. ശിരസ്സറ്റ ശരീരത്തെ ഹുമായൂണിന്റെ കല്ലറയുടെ അടുത്തെവിടെയോ മറവ് ചെയ്തു.

അധിനിവേശ കടന്നുകയറ്റത്തിനു കാരണം 1757ലെ പ്ലാസി യുദ്ധമല്ല, മറിച്ച് 1658ലെ സമൂഗഢ് യുദ്ധമാണ് എന്ന് കരുതുന്ന ചരിത്രകാരന്മാരുണ്ട്. ഇവിടെയാണ് നേരത്തേ പറഞ്ഞ ”യൂം ഹോതാ തോ ക്യാ ഹോതാ’ എന്ന ലോകോക്തിയുടെ പ്രസക്തി. ദാരായുടെ ഉദാരമനസ്‌കതയും, നിലനില്‍ക്കുന്ന ബഹുസ്വരതയെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തനാക്കിയ സമഗ്രമായ പാണ്ഡിത്യവും, എല്ലാറ്റിനുമുപരി അക്ബറില്‍നിന്ന് പൈതൃകമായി കിട്ടിയ സഹിഷ്ണുതയും അഭികാമ്യനായ ഒരു ഭരണാധികാരിയെ ജനങ്ങള്‍ക്ക് നല്‍കിയേനേ. രാജ്യത്ത് അന്തച്ഛിദ്രങ്ങള്‍ തലപൊക്കുമായിരുന്നില്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഐക്യം വിദേശശക്തികള്‍ക്ക് വേരുറപ്പിക്കുവാന്‍ ഇടം നല്‍കില്ലായിരുന്നു.

അക്ബര്‍ മുന്നോട്ടുവെച്ച സമന്വയത്തിന്റെ വീക്ഷണം ഹൃദയത്തില്‍ ഏറ്റുവാങ്ങിയത് ദാരായാണ്. 1857ന് ശേഷം ബ്രിട്ടീഷ് ഭരണം ഈ സമന്വയസംസ്‌കാരത്തിന്റെ കടയ്ക്കലാണ് കത്തിവെച്ചത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ഒരു നയമായി സ്വീകരിച്ച് ജാതിമേല്‍ക്കോയ്മ, ഫ്യൂഡല്‍വ്യവസ്ഥ എന്നീ സാമൂഹ്യ വൈരുദ്ധ്യങ്ങളെ വളമായി ഉപയോഗിച്ച് വര്‍ഗ്ഗീയതയെ പോഷിപ്പിച്ചു. ഈ സന്ദര്‍ഭത്തിലാണ് സ്വാമിവിവേകാനന്ദനെപോലെയുള്ള ക്രാന്തദര്‍ശികള്‍ വേദാന്തമനസ്സിനോടുചേര്‍ന്ന ഇസ്ലാമികശരീരത്തിന്റെ സാംഗത്യം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സാമൂഹ്യഐക്യം ഉദ്‌ബോധിപ്പിക്കുന്നത്.

ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത് ഊഹാപോഹങ്ങളല്ല എന്നു പറയുന്നവരുണ്ടാവാം. ഔറംഗസേബിനു പകരം ദാരാ ആയിരുന്നുവെങ്കില്‍ എന്ന വിഷയം കാല്പനികതയിലൂടെ സഞ്ചരിക്കുന്ന സാഹിത്യകാരന്മാര്‍ക്ക് മാത്രം ചേര്‍ന്നതാണ് എന്ന് അവര്‍ പറഞ്ഞേക്കാം. എങ്കിലും ഭൂതകാലസംഭവങ്ങള്‍ക്ക് ഭാവിയിലേക്കുള്ള ചൂണ്ടുപലകയാവാന്‍ കഴിയുമെന്ന സത്യം നിഷേധിക്കാനുമാവില്ല.

200വര്‍ഷത്തെ അധിനിവേശനുകത്തിന്‍ കീഴില്‍ അമര്‍ന്നതിനുശേഷം നാം ഇന്ന് ഒരു മതേതര ജനാധിപത്യ റിപ്പബ്‌ളിക്കാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡനുള്ളില്‍ തന്നെ ചരിത്രത്തിനോടും ചരിത്രപുരുഷന്മാരോടുമുള്ള സമീപനം വ്യത്യസ്ഥമാണ്. പാക്കിസ്ഥാനിലെ ഔദ്യോഗികതലങ്ങളില്‍ ഔറംഗസേബ് മാതൃകാ ഭരണാധികാരിയാണ്. ഇന്ത്യയില്‍ നേരേ മറിച്ചും. ഇന്ന് ഇരുരാജ്യങ്ങളിലേയും ഔദ്യോഗികതലങ്ങളില്‍ അക്ബര്‍ അഭിമതനല്ല. അതുപോലെ തന്നെ അക്ബര്‍ മുന്നോട്ടുവെച്ച മൂല്യങ്ങളും. ചില തലങ്ങളില്‍ ദാരായെ കുറിച്ച് ഔത്സുക്യം വര്‍ധിച്ചുവരുന്നു. പാക്കിസ്ഥാനിലെ അജോകാ തിയേറ്ററിന്റെ നാടകം ”ദാരാ” നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ബംഗാളി, അസമിയാ ഭാഷകളില്‍ ദാരായുടെ ജീവിതം ആസ്പദമാക്കിയ സാഹിത്യകൃതികളുണ്ട്. ഇതേ വിഷയത്തില്‍ ഗോപാല്‍കൃഷ്ണ ഗാന്ധി രചിച്ച നാടകവുമുണ്ട്.

അനുബന്ധം : കേന്ദ്രസര്‍ക്കാര്‍ ഹുമായൂണ്‍ കുടീര സമുച്ചയത്തില്‍ ദാരായുടെ പേരില്ലാത്ത കല്ലറ കണ്ടുപിടിക്കാന്‍ കെ.കെ.മുഹമ്മദ് ഉള്‍പ്പടെ ഏഴംഗസംഘത്തെ നിയോഗിച്ചിരിക്കുന്നു. ഇവരെ കുഴയ്കുന്ന പ്രശ്‌നം ഇതാണ് : സമുച്ചയത്തിനുള്ളില്‍ നൂറോളം കല്ലറകളുണ്ട്. അതില്‍ ശിരസ്സറ്റ ശരീരങ്ങളെ അടക്കിയ മറ്റു കല്ലറകളുമുണ്ട്. ഉദാ: 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഡെല്‍ഹി തിരിച്ചുപിടിച്ചപ്പോള്‍ കീഴടങ്ങിയതിനുശേഷം വില്ല്യം ഹോഡ്‌സണ്‍ വധിച്ച മിര്‍സാ മുഗള്‍, ഖിസ്ര് സുല്‍ത്താന്‍ (ഒടുവിലെ മുഗള്‍ ചക്രവര്‍ത്തി ബഹാദുര്‍ ഷാ സഫറിന്റെ പുത്രന്മാര്‍) എന്നിവരുടെ ശിരസ്സറ്റ ശരീരങ്ങളും അടക്കിയിരിക്കുന്നു.

ഏതായാലും ദാരായോടുള്ള ഈ പുതിയ പ്രതിപത്തി ദാരാ-ഔറംഗസേബ് എന്ന ദ്വന്ദത്തില്‍ ഒതുക്കുന്നതിലുപരി ദാരാ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളോടാവട്ടെയെന്ന് നമുക്ക് ആശിക്കാം.

No Comments yet!

Your Email address will not be published.