ചരിത്രം എന്ന പഞ്ജരത്തിന് രൂപവും ഭാവപൂര്‍ണ്ണതയും നല്‍കുന്നതില്‍ സാഹിത്യത്തിന്റെ പങ്ക് വലുതാണ്. ബഹുമുഖവും സങ്കീര്‍ണ്ണവുമായ ഈ ഉഭയബന്ധം ചരിത്രത്തിനേയും സാഹിത്യത്തിനേയും പുഷ്ടിപ്പെടുത്തുന്ന അനേകം ഉദാഹരണങ്ങളുണ്ട്. അതാത് കാലഘട്ടങ്ങളില്‍ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥകളിലേക്ക് വെളിച്ചം വീശാനും ജീവിതത്തുടിപ്പുകളുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലാനും സാഹിത്യത്തിനു കഴിയുന്നുവെന്നത് തന്നെ അതിന്റെ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്നു.
‘It was the best of times, it was the worst of times, it was the age of wisdom, it was the age of foolishness,…’ എന്ന ഡിക്കന്‍സിന്റെ ഫ്രഞ്ച് വിപ്‌ളവത്തിന്റെ പശ്ചാത്തലത്തിലെഴുതിയ നോവലിന്റെ തുടക്കം കാലികവും വൈചാരികവും ഭാവാത്മകവുമായ വിഭിന്നതലങ്ങളിലേക്ക് അനുവാചകരെ നയിക്കുന്നു.
ചരിത്രത്തിന്റേയും സാഹിത്യത്തിന്റെയും ഈ ഉഭയബന്ധത്തിലേക്ക് കടന്നുനോക്കാന്‍ പ്രേരിപ്പിച്ചത് ഏണസ്റ്റ് ഹെമിങ്വേയുടെ For Whom the Bell Tolls ന്റെ പുനര്‍വായനയാണ്. 70കളിലെ ഹൈസ്‌കൂള്‍ കാലത്ത് ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്ത മലയാളം പരിഭാഷ ഇന്നും മനസ്സിലുണ്ട്. പരിഭാഷകന്റെ പേര് ഓര്‍മ്മയിലില്ലെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം മൂലകൃതി വായിച്ചതിലൂടെ പരിഭാഷയില്‍ ഒന്നും ചോര്‍ന്നുപോയിട്ടില്ല എന്ന് തിരിച്ചറിഞ്ഞു. വീണ്ടും ദശാബ്ദങ്ങള്‍ക്കുശേഷം കോവിഡ് കാലത്ത് ഒരുവായനകൂടി.
ആഭ്യന്തര യുദ്ധം
രാജവാഴ്ച്ചയിലായിരുന്ന സ്‌പെയിനില്‍ 1931ല്‍ തെരെഞ്ഞെടുപ്പ് നടന്നു. രാജവാഴ്ച്ച അവസാനിപ്പിക്കാനും റിപ്പബ്‌ളിക്കന്‍ ഭരണം സ്ഥാപിക്കാനുമായിരുന്നു ജനവിധി. ജനഹിതം മനസ്സിലാക്കാന്‍ കഴിയാതിരുന്ന അല്‍ഫോന്‍സോ രാജാവിന് നാടുവിടേണ്ടിവന്നു. ആദ്യം ലിബറല്‍ മധ്യവര്‍ഗ്ഗത്തിനും മിതവാദികളായ സോഷ്യലിസ്റ്റുകള്‍ക്കും മുന്‍തൂക്കമുണ്ടായിരുന്ന ഭരണത്തിന് സംഘടിത തൊഴിലാളികളുടേയും തീവ്ര ഇടതുപക്ഷത്തിന്റേയും സമ്മര്‍ദ്ദം കാരണം വ്യാപകമായ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടി വന്നു. ഭൂപരിഷ്‌കരണത്തിനുപുറമേ കാറ്റലോണിയ, ബാസ്‌ക് എന്നീ പ്രവിശ്യകള്‍ക്ക് സ്വയംഭരണാവകാശം നല്‍കി. ഭൂവുടമകളും, സൈന്യമേധാവികളും ചര്‍ച്ചുമടങ്ങുന്ന യാഥാസ്ഥിതികര്‍ ഈ മാറ്റങ്ങള്‍ക്കെതിരായിരുന്നു. രാജവാഴ്ച്ചക്കാലത്ത് പ്രത്യേക അധികാരങ്ങള്‍ അനുഭവിച്ചിരുന്ന സൈന്യത്തിന് രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടുന്ന ദുസ്സ്വഭാവമുണ്ടായിരുന്നു. 1898ല്‍ സ്‌പെയിനിന്റെ അമേരിക്കയിലെ പരാജയവും ഉത്തരാഫ്രിക്കന്‍ കോളണികള്‍ നിലനിര്‍ത്തുന്നതില്‍ കാട്ടിയ പങ്കപ്പാടും ജനങ്ങളുടെ കണ്ണില്‍ സൈന്യത്തെകുറിച്ചുള്ള പ്രതിച്ഛായ തകര്‍ത്തു. കത്തോലിക്കാ ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള അളവറ്റ സമ്പത്ത് രാഷ്ട്രീയ-സാമൂഹ്യകാര്യങ്ങളില്‍ അതിന്റെ കൂടുതല്‍ ഇടപെടലുകള്‍ക്ക് വഴിതെളിച്ചു. കാലാകാലങ്ങളായി ഭൂവുടമ-ചര്‍ച്ച്-സൈന്യ സഖ്യം ജനാധിപത്യമൂല്യങ്ങള്‍ക്ക് വഴങ്ങാതെ സ്‌പെയിന്‍സമൂഹത്തില്‍ തങ്ങളുടെ സ്വാധീനം നിലനിര്‍ത്തിപ്പോന്നു. ഭൂപരിഷ്‌കരണത്തിന്റെ അഭാവം ഗ്രാമീണഭാഗങ്ങളില്‍ ജനജീവിതം ദുസ്സഹമാക്കി. അരാജകവാദികള്‍, മിതവാദികളായ സോഷ്യലിസ്റ്റുകള്‍, കമ്യൂണിസ്റ്റുകള്‍ എന്നിങ്ങനെ ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ കാലിഡോസ്‌കോപ്പ് സ്പാനിഷ് സമൂഹത്തില്‍ ഉയര്‍ന്നുവന്നു.
1933ല്‍ വീണ്ടും തെരെഞ്ഞെടുപ്പ് നടന്നു. യാഥാസ്ഥിതികര്‍ ഭരണം തിരിച്ചുപിടിച്ചു. അസ്തൂറിയയിലെ ഖനിമേഖലയിലും കാറ്റലോണിയയിലും ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ തുടങ്ങി. ഒക്‌റ്റോബര്‍ വിപ്‌ളവം എന്നറിയപ്പെടുന്ന ഈ ജനമുന്നേറ്റത്തിനെ ജന. ഫ്രാങ്കോ അടിച്ചമര്‍ത്തിയത് 1935ല്‍ അദ്ദേഹത്തെ കരസേനാ മേധാവിയായി നിയമിക്കപ്പെടുന്നതിലേക്ക് കൊണ്ടെത്തിച്ചുവെങ്കിലും 1936 ഫെബ്രുവരിയില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ യാഥാസ്ഥിതികര്‍ പുറത്തായി. പകരം ഇടതുപക്ഷത്തിന്റെ കൂട്ടുമന്ത്രിസഭ നിലവില്‍വന്നു. ഫ്രാങ്കോയെ മൊറോക്കോയില്‍ നിന്ന് 100 മൈലകലെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന കാനറി ദ്വീപില്‍ അപ്രധാന ചുമതല നല്‍കി പറഞ്ഞയച്ചു.
1936 ജൂലൈ 18. കരസേനാ ഓഫീസര്‍മാര്‍ക്ക് ജന. ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ റേഡിയോയിലൂടെ ആഹ്വാനമെത്തുന്നു, സ്‌പെയിനിലെ ഇടതുപക്ഷചായ്വുള്ള റിപ്പബ്‌ളിക്കന്‍ സര്‍ക്കാറിനെ കലാപത്തിലൂടെ അട്ടിമറിക്കാനും ഭരണം പിടിച്ചെടുക്കാനും. മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ വിമതന്മാര്‍ സ്പാനിഷ് കോളണിയായ മൊറോക്കോയും ഉത്തരസ്‌പെയിനും കൈപ്പിടിയിലൊതുക്കുന്നു. തലസ്ഥാനമായ മാഡ്രിഡും സമീപപ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്തുന്നതില്‍ നിലവിലുള്ള റിപ്പബ്‌ളിക്കന്‍ സര്‍ക്കാര്‍ വിജയിക്കുന്നു. ദേശീയവാദികള്‍ എന്ന് സ്വയം പ്രഖ്യാപിച്ച വിമതന്മാര്‍ക്ക് മൊറോക്കോയില്‍ നിന്നുകൊണ്ട് ഫ്രാങ്കോ നേതൃത്വം നല്‍കുന്നു.
നാസി ജര്‍മ്മനിയുടെ സഹായത്തോടെ 24000 സുസജ്ജരായ സൈന്യത്തെ മൊറോക്കോയില്‍ നിന്ന് സ്‌പെയിനിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനും ഉത്തരാഫ്രിക്കയിലെ മൂര്‍വംശജരുടെ ( 16ആം നൂറ്റാണ്ട് വരെ സ്‌പെയിന്‍ ഭരിച്ച് പിന്നീട് നിഷ്‌കാസിതരായ സാരസന്‍ മുസ്ലീങ്ങള്‍) പിന്‍ഗാമികളായ ചാവേറുകളെ തന്റെ പക്ഷത്തേക്ക് കൊണ്ടുവരാനും ഫ്രാങ്കോക്ക് കഴിഞ്ഞു. ഫാസിസ്റ്റ് രാജ്യങ്ങളായ ജര്‍മ്മനിയും ഇറ്റലിയും യുദ്ധവിമാന-ആയുധ സഹായങ്ങളുമായി പ്രത്യക്ഷത്തില്‍ മുന്നോട്ട് വന്നപ്പോള്‍ യൂറോപ്പിലെ ജനാധിപത്യ ഭരണകൂടങ്ങള്‍ നിഷ്പക്ഷത പാലിച്ചു.
ഈ അട്ടിമറിയിലൂടെ ‘ചുവപ്പന്‍മാരെ’ അടിച്ചമര്‍ത്താനാവുമെന്നായിരുന്നു ഫ്രാങ്കോയുടേയും അയാള്‍ക്ക് പിന്നില്‍ അണിനിരന്ന ഭൂവുടമ-ചര്‍ച്ച്-സൈന്യ ട്രോയ്ക്കയുടെയും കണക്കുകൂട്ടല്‍. പക്ഷേ നടന്നതോ, വര്‍ഗ്ഗപരമായ ചേരിതിരിവിന്റെ ഉരുത്തിരിയല്‍. ഉത്തര-മധ്യ സ്‌പെയിനിലെ മധ്യ-ഉപരി വര്‍ഗ്ഗങ്ങള്‍ ദേശീയവാദികളെ പിന്തുണച്ചു. തൊഴിലാളികളും, ചെറുകിട കര്‍ഷകരും, ഫ്രാന്‍സിനോടുചേര്‍ന്ന പ്രദേശത്തെ ബാസ്‌ക്കുകളും ദക്ഷിണ-പൂര്‍വ ഭാഗത്തെ കാറ്റലാന്‍മാരും റിപ്പബ്‌ളിക്കിന്റെ പിന്നില്‍ ഉറച്ചുനിന്നു. തുടക്കത്തില്‍ ദേശീയവാദികള്‍ക്ക് നേട്ടങ്ങളുണ്ടായെങ്കിലും പ്രധാനനഗരങ്ങളും വ്യവസായമേഖലയും റിപ്പബ്‌ളിക്കന്‍ ഭരണത്തിന്റെ നിയന്ത്രണത്തില്‍ തന്നെ തുടര്‍ന്നു.
ഒന്നാം ലോകമഹായുദ്ധം സൃഷ്ടിച്ച കെടുതികളും ആഗോളവ്യാപകമായ മഹാസാമ്പത്തികമാന്ദ്യവും യൂറോപ്പിന്റെ രാഷ്ട്രീയാകാശത്തില്‍ കാര്‍മേഘങ്ങള്‍ പടര്‍ത്തുന്ന കാലം. ഫാസിസം യൂറോപ്പിന്റെ ഹൃദയത്തിലൂടെ ജൈത്രയാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. സ്‌പെയിനിലെ സംഭവവികാസങ്ങള്‍ വലതുപക്ഷ സ്വേച്ഛാധിപത്യത്തിന് ഒരു ഡ്രെസ്സ് റിഹേര്‍സല്‍ പോലെയായി. സ്‌പെയിന്‍ ഒരു കുരുതിക്കളമായി മാറി. യുദ്ധവിരോധത്തിന്റെ ഏറ്റവും പ്രശസ്ത പിക്കാസോ കലാസൃഷ്ടി വിഷയമാക്കിയ ഗേര്‍നിക്കാ നിലംപരിശാക്കിയത് ഹ്റ്റ്‌ലറും മുസ്സോലിനിയും നല്‍കിയ പോര്‍വിമാനങ്ങളാണ്. ദേശീയവാദികളുടെ രാഷ്ട്രീയരൂപമായ ഫലാന്ജിസ്റ്റ് പാര്‍ട്ടി എതിരാളികളേയും തങ്ങള്‍ക്ക് വശംവദരല്ലാത്തവരേയും കൊന്നൊടുക്കുന്നതില്‍ ആരുടേയും പിന്നിലല്ലായിരുന്നു. രാജ്യത്തിന്റെ നെഞ്ചുപിളര്‍ത്തിയ ഈ കലാപം കൂടപ്പിറപ്പിനെ കൂടപ്പിറപ്പിന്റെ ഘാതകനാക്കി, അധ്യാപകരേയും, പുരോഹിതന്മാരേയും കവികളേയും കലാകാരന്മാരേയും തെരുവുകളിലും ഒളിത്താവളങ്ങളിലും തച്ചുകൊന്നു.
ഇന്റര്‍നാഷണല്‍ ബ്രിഗേഡ് : ഈ ജനാധിപത്യധ്വംസനം ചെറുക്കാന്‍ ലോകമെമ്പാടുമുള്ള ജനാധിപത്യവാദികള്‍ സ്‌പെയിനിന്റെ തീരങ്ങളിലിറങ്ങി. 3000 അമേരിക്കക്കാരുടെ എബ്രഹാം ലിങ്കന്‍ ബറ്റാലിയനും ഇതില്‍പ്പെടും. ഇതിന്റെ ഭാഗമാവാന്‍ തീരുമാനിച്ച ബില്‍ ബേയ്‌ലി തന്റെ മാതാവിനെഴുതി, ‘അമ്മേ, ജീവിക്കുക എന്നതിലുപരി ഒരു ജന്മത്തില്‍ ചെയ്തുതീര്‍ക്കേണ്ട മറ്റു കാര്യങ്ങളുമുണ്ട്. നിങ്ങളെപ്പോലെ അനേകം അമ്മമാര്‍ സ്‌പെയിനിലുണ്ട്. പക്ഷേ അവര്‍ ജീവിതത്തില്‍ സുഖസന്തോഷങ്ങള്‍ നിഷേധിക്കപ്പെട്ടവരാണ്. ഒരു നല്ല നാളെയെ സ്വപ്നം കണ്ടുകൊണ്ട് അവര്‍ പുതിയ സര്‍ക്കാര്‍ തെരെഞ്ഞെടുത്തു. ഒരുകൂട്ടം തെമ്മാടികള്‍ക്ക് ഇത് സഹിക്കുന്നില്ല. ഹ്റ്റ്‌ലറിനേയും മുസ്സോലിനിയേയും കൂട്ടുപിടിച്ച് അവര്‍ പാവപ്പെട്ട സ്‌പെയിന്‍കാരെ കൊന്നൊടുക്കുന്നു. കമ്യൂണിസത്തിന്റെ പേര് പറഞ്ഞ് അമ്മയെ തെറ്റിദ്ധരിപ്പിക്കാനിടയുണ്ട്. ഇവിടെ കമ്യൂണിസ്റ്റുകാര്‍ ചെയ്യുന്ന ഒരേയൊരുകാര്യം ശത്രുക്കളെ എങ്ങനെ പ്രതിരോധിക്കാം എന്ന് ജനങ്ങളെ പഠിപ്പിക്കുക മാത്രമാണ്.” വിഖ്യാത നോവലിസ്റ്റ് ജോര്‍ജ്ജ് ഓര്‍വെല്‍ ഇന്റര്‍നാഷണല്‍ ബ്രിഗേഡിന്റെ ഭാഗമായി സ്‌പെയിനില്‍ പൊരുതി.
സോവിയറ്റ് യൂണിയനൊഴികെ ആരും സ്‌പെയിനിനെ സഹായിക്കാന്‍ വന്നില്ല. 1939ഓടെ ഒടുവിലത്തെ റിപ്പബ്‌ളിക്കന്‍ ഉരുക്കുകോട്ടയും ഫ്രാങ്കോ ദേശീയവാദികളുടെ കൈയിലമര്‍ന്നു. ഇതിനിടയില്‍ 5 ലക്ഷം മനുഷ്യര്‍ കൊല്ലപ്പെട്ടിരുന്നു. കാണാതായവര്‍ ഒരുലക്ഷം എന്ന് കണക്കുകള്‍ പറയുന്നു. ആഭ്യന്തര യുദ്ധം 1939 എപ്രില്‍ ഒന്നിന് തീര്‍ന്നു. കൃത്യം 5 മാസങ്ങള്‍ക്കുശേഷം ജര്‍മ്മനിയുടെ പോളണ്ട് ആക്രമണം ലോകമഹായുദ്ധത്തിന് നാന്ദികുറിച്ചു. ഇന്റര്‍നാഷണല്‍ ബ്രിഗേഡിന് ഇത് സ്‌പെയിനിലെ പോരാട്ടത്തിന്റെ തുടര്‍ച്ച മാത്രമായി. ഈ പരിശീലനവും പഴക്കവും അവര്‍ക്ക് ലോകമഹായുദ്ധത്തില്‍ ഫാസിസത്തിനെതിരേ പോരാടുന്നതിന് തുണയായി. ബ്രിഗേഡിന്റെ ഭാഗമായിരുന്ന യേല്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ബെര്‍ണാഡ് നോക്‌സ് ഇറ്റലിയില്‍ പാര്‍ട്ടിസാന്‍കാരെ സംഘടിപ്പിക്കുന്നതിന് നിയുക്തനായി. മുസ്സോളിനിയും കാമുകി ക്‌ളാരാ പെറ്റാച്ചിയും പാര്‍ട്ടിസാന്റെ കരങ്ങളാല്‍ വധിക്കപ്പെടുന്നതിന് നോക്‌സ് ദൃക്‌സാക്ഷിയായിരുന്നു. അങ്ങനെ കാവ്യനീതിയുടെ കളിപോലെ ആഗോളവ്യാപകമായി ഫാസിസത്തെ പരാജയപ്പെടുത്തുന്നതില്‍ അവര്‍ പങ്കാളികളായി.
സ്‌പെയിനിന്റെ ഭരണം പിടിച്ചെടുത്ത് സ്വേച്ഛാധിപതിയായി സ്വയം അവരോധിച്ച ഫ്രാങ്കോ ലോകമഹായുദ്ധത്തില്‍ നിഷ്പക്ഷത പാലിച്ചു. 40വര്‍ഷത്തോളം അദ്ദേഹം ഉരുക്കുമുഷ്ടിയോടെ രാജ്യം ഭരിച്ചു. രാഷ്ട്രീയവൈരികളെ ഉന്മൂലനം ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചു. യുദ്ധാനന്തര ലോകത്തിലെ ചേരിതിരിവും ശീതയുദ്ധവും ഫ്രാങ്കോയുടെ നിലനില്‍പ്പിന് അനുകൂലമായി. അദ്ദേഹത്തിന്റെ ക്രൂരതക്കും അതിക്രമങ്ങള്‍ക്കുമെതിരെ ലോകം കണ്ണടച്ചു. അനുരഞ്ജനം എന്ന വ്യാജേന രാഷ്ട്രീയതടവുകാരെകൊണ്ട് പണികഴിപ്പിച്ച് ‘നിലംപരിശായവരുടെ താഴ്വര’ എന്ന് പേരിട്ട അലംകൃതമായ മാര്‍ബിള്‍ പേടകത്തില്‍ ഫ്രാങ്കോയും അദ്ദേഹത്തിന്റെ എറ്റവും അടുത്ത ഫലാന്ജിസ്റ്റ് നേതൃത്വവും ശയിക്കുന്നു.തൊട്ടടുത്ത തുറസ്സായ സ്ഥലത്ത് അദ്ദേഹം കൊന്നൊടുക്കിയ പതിനായിരക്കണക്കിന് രാഷ്ട്രീയ പ്രതിയോഗികള്‍.

മണിമുഴങ്ങുന്നതാര്‍ക്കുവേണ്ടി അമേരിക്കന്‍ സാഹിത്യത്തിലെ അതുല്യപ്രതിഭയായിരുന്നു ഏണസ്റ്റ് ഹെമിംങ്വേ. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കാനുള്ള മോഹം കാഴ്ച്ചക്കുറവ് കാരണം സഫലമായില്ല. പകരം 18ആം വയസ്സില്‍ റെഡ്‌ക്രോസ്സിന്റെ ആംബുലന്‍സ് ഡ്രൈവറായി. യുദ്ധാനന്തരം പാരീസിലും മാഡ്രിഡിലും പത്രപ്രവര്‍ത്തകനായി. ജെയിംസ് ജോയ്‌സ്, എസ്രാ പൗണ്ട് എന്നിവരുമായി അടുപ്പം എഴുത്തിലേക്ക് കൊണ്ടെത്തിച്ചു. Farewell to Arms ആംബുലന്‍സ് ഡ്രൈവറായിരുന്ന കാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തിലെഴുതിയ യുദ്ധവിരോധ നോവലാണ്. Death in the Afternoon കാളപ്പോരുമായി ഇഴചേര്‍ന്ന സ്പാനിഷ് ജീവിതത്തിലേക്കും സംസ്‌കാരത്തിലേക്കും വാതില്‍ തുറക്കുന്നു. For Whom the Bell Tolls ആഭ്യന്തരയുദ്ധം കഴിഞ്ഞ് ഒരുവര്‍ഷത്തിനുശേഷം 1940 ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു.
ആമുഖമായി ചേര്‍ത്തിരിക്കുന്ന എലിസബത്തന്‍ കവി ജോണ്‍ ഡോണിന്റെ വരികള്‍ നോവലിസ്റ്റിന്റെ മനുഷ്യരാശിയിലുള്ള വിശ്വാസവും സമൂഹത്തിനോടുള്ള പ്രതിബദ്ധതയും എടുത്തുകാട്ടുന്നു: ”ഒരു മനുഷ്യനും ഒറ്റപ്പെട്ട ദ്വീപല്ല. ഓരോരുത്തരും വന്‍കരയുടെ ഭാഗം തന്നെയാണ്…… ഒരു മരണം പോലും എന്നെ സന്തപ്തനാക്കുന്നു, കാരണം ഞാന്‍ മനുഷ്യരാശിയുടെ അഭേദ്യ ഭാഗമാണ്. അതിനാല്‍ മണിമുഴങ്ങുന്നതാര്‍ക്കുവേണ്ടിയെന്ന് സംശയിക്കേണ്ട കാര്യമില്ല; അത് നിനക്കുവേണ്ടി തന്നെയാണ്.”

റിപ്പബ്‌ളിക്കന്‍ ഗവര്‍മെണ്ടിനെ സഹായിക്കുന്നതിനുവേണ്ടി രൂപംകൊണ്ട ഇന്റര്‍നാഷണല്‍ ബ്രിഗേഡിന്റെ ഭാഗമായി അമേരിക്കയിലെ മൊണ്ടാനാ സര്‍വകലാശാലയിലെ സ്പാനിഷ് ഭാഷാധ്യാപകനും യുവാവുമായ റോബര്‍ട്ട് ജോര്‍ഡാന്‍ സ്‌പെയിനിലെത്തുന്നു. ശത്രുപ്രദേശത്തെ തന്ത്രപ്രധാനമായ ഒരു പാലം തകര്‍ക്കാനുള്ള ജന. ഗോള്‍സിന്റെ ദൗത്യം എറ്റെടുത്ത് അയാള്‍ മധ്യസ്‌പെയിനിലെ മലനിരകളിലെത്തുന്നു. ഭാണ്ഡത്തില്‍ സ്‌ഫോടനവസ്തുക്കളും കൂടെ വഴികാട്ടിയായി കിഴവന്‍ ആന്‍സെല്‍മോയുമുണ്ട്. ദൗത്യം പൂര്‍ത്തിയാക്കാന്‍ കുന്നുകളില്‍ അവിടവിടെ ഒളിച്ചുകഴിയുന്ന ഒളിപ്പോരാളികളുടെ സഹായം തേടണം. ആന്‍സെല്‍മോ അയാളെ ഗെറില്ല തലവന്‍ പാബ്‌ളോയുടെ സങ്കേതത്തില്‍ എത്തിക്കുന്നു.
പാബ്‌ളോയെ കൂടാതെ ‘പാബ്‌ളോയുടെ സ്ത്രീ’ (Mujer of Pablo) എന്ന് എല്ലാവരും വിളിക്കുന്ന പിലാര്‍, ഫെര്‍ണാണ്ടോ, പ്രിമിറ്റിവോ, അഗസ്റ്റിന്‍, ജിപ്‌സി റാഫേല്‍, സഹോദരന്മാരായ എലാദിയോയും ആന്‌ഡ്രേസും, ഏറ്റവും ഒടുവിലത്തെ ഒളിപ്പോരാട്ടത്തില്‍ രക്ഷിച്ച് കൂടെകൂട്ടിയ മറിയ എന്ന പതിനേഴുകാരിയുമുണ്ട്. പാബ്‌ളോ ഒഴികെ എല്ലാവരും ജോര്‍ഡാനെ സ്വാഗതം ചെയ്യുന്നു. സംഘത്തിന്റെ ഏറ്റവും ഒടുവിലത്തെ സാഹസകൃത്യം ഒരു ഫാസിസ്റ്റ് ട്രെയിന്‍ ആക്രമണമായിരുന്നു. അന്ന് കൂടെയുണ്ടായിരുന്നത് കാഷ്‌കിന്‍ എന്ന റഷ്യക്കാരന്‍. റോബര്‍ട്ട് ജോര്‍ഡാന്റെ സഹപ്രവര്‍ത്തകന്‍. അടുത്തിടെ നടന്ന മറ്റൊരു ദൗത്യത്തില്‍ കാഷ്‌കിന് മാരകമായി മുറിവേറ്റതും അയാളുടെ ആവശ്യപ്രകാരം താന്‍തന്നെ അയാളെ വെടിവെച്ച് കൊന്നതും ജോര്‍ഡാന്‍ അറിയിക്കുന്നു.
വാര്‍ധക്യത്തിലെത്തിനില്‍ക്കുന്ന പാബ്‌ളോ അലസജീവിതവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഒളിപ്പോരാളിയുടെ സാഹസിക ജീവിതം അയാള്‍ക്ക് മടുത്തു. കോപ്പനിറച്ച വീഞ്ഞ് മൊത്തിക്കൊണ്ട് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു. പുതിയ അട്ടിമറി പദ്ധതിയുമായി ഒരു വിദേശിയുടെ കടന്നുവരവ് അപകടത്തിലേക്കാണ് എന്ന് അയാള്‍ ഭയക്കുന്നു. മറിച്ച് പിലാര്‍ ഇന്നും കര്‍മ്മോത്സുകയാണ്. റിപ്പബ്‌ളിക്കിലുള്ള അചഞ്ചല വിശ്വാസം ദൃഢമാണ്. പിലാര്‍ ജോര്‍ഡാന് പൂര്‍ണ്ണപിന്തുണ വാഗ്ദാനം ചെയ്യുക മാത്രമല്ല, തള്ളക്കോഴിയെപോലെ സംരക്ഷിച്ചിരുന്ന മറിയയെ അവര്‍ നിരുപാധികം അയാളെ ഏല്‍പ്പിക്കുന്നു.

അടുത്ത ദിവസം. തകര്‍ക്കേണ്ട പാലത്തിലൂടെ പോകുന്ന വാഹനങ്ങളുടെ കണക്കെടുക്കാന്‍ ജോര്‍ഡാന്‍ ആന്‍സെല്‍മോയെ നിയോഗിക്കുന്നു. ദൗത്യത്തില്‍ പാബ്‌ളോയുടെ സഹകരണം ഉറപ്പല്ലാത്തതിനാല്‍ മറ്റു സംഘങ്ങളുടെ സഹായം തേടണം. പിലാര്‍ എല്‍ സോര്‍ദോയുടെ താവളത്തിലേക്ക് ജോര്‍ഡാനെ കൊണ്ടുപോകുന്നു. മറിയയും കൂടെയുണ്ട്. വഴിയില്‍ പിലാറിന്റെ കഥനത്തിലൂടെ ആഭ്യന്തരയുദ്ധത്തിന്റെ പ്രാരംഭദശയിലെ സംഭവങ്ങള്‍ ചുരുളഴിയുന്നു. പാബ്‌ളോയുടെ നേതൃത്വത്തില്‍ ഗെറില്ലകള്‍ ഒരു ചെറുടൗണ്‍ പിടിച്ചടക്കുന്നതും അവിടത്തെ പ്രമുഖ ഫാസിസ്റ്റുകളെ മെതിക്കോല്‍കൊണ്ട് തച്ചുകൊല്ലുന്നതും മറ്റും. നിരക്ഷരയായ ഈ സ്ത്രീക്ക് എഴുതാനുള്ള കഴിവുണ്ടായിരുന്നുവെങ്കില്‍ എന്ന് റോബര്‍ട്ട് ജോര്‍ഡാന്‍ അത്ഭുതം കൂറുന്നു.
സോര്‍ദോയുടെ സംഘത്തിലെ കൗമാരപ്രായക്കാരന്‍ ജോക്കിന്‍ അക്കാലത്തെ കമ്യൂണിസ്റ്റ് നേതാവ് ലാ പാസ്സനാരിയയുടെ (ശരിയായ പേര് ഡൊളോറസ് ഇബരൂരി) കടുത്ത ആരാധകന്‍. കലാപം തുടങ്ങിയ നാളുകളില്‍ ഫലാന്ജിസ്റ്റുകള്‍ അയാളുടെ ഗ്രാമത്തില്‍ വന്നതും പിതാവും പിതൃസഹോദരനുമടക്കം അനേകം ഗ്രാമീണരെ ഒരിക്കലും മടങ്ങിവരാത്തവണ്ണം കൊണ്ടുപോയതും കണ്ണീരോടെ പറഞ്ഞതുകേട്ട ജോര്‍ഡാന്റെ പ്രതികരണം ‘എത്ര കാടന്മാര്‍ !’ (What barbarians!) എന്നാണ്. ഇതേരീതിയില്‍ അയാള്‍ക്ക് സ്‌പെയിനില്‍ പലരോടും പലതവണ പ്രതികരിക്കേണ്ടി വരുന്നു. മിതഭാഷിയും ഒരുകാതില്‍ ബധിരനുമായ സോര്‍ദോ ദൗത്യത്തിന് എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്യുന്നു.
മടക്കയാത്രയില്‍ പിലാര്‍ യുവമിഥുനങ്ങളെ തനിച്ചാക്കി മുന്നോട്ടുപോകുന്നു. പ്രണയസാഫല്യത്തിന്റെ സമയത്ത് ഇരുവര്‍ക്കും ഭൂമികുലുങ്ങുന്നത് അനുഭവപ്പെടുന്നു. മറിയ തന്റെ തിക്താനുഭവങ്ങള്‍ പങ്ക് വെക്കുന്നു. ടൗണിലെ മേയറായിരുന്ന പിതാവ് ഫലാന്ജിസ്റ്റുകളാല്‍ വധിക്കപ്പെടുന്നതിനു മുമ്പ് വീവ് ലാ റിപ്പബ്‌ളിക്ക് എന്ന് വിളിച്ചതും, ദൈവവിശ്വാസിയായ അമ്മ ഇടറിയശബ്ദത്തില്‍ മേയറായ എന്റെ ഭര്‍ത്താവ് നീണാള്‍ വാഴട്ടെ എന്ന അവസാനവാക്കുകളോടെ മരണം പുല്‍കുന്നതും, ഫലാന്ജിസ്റ്റുകള്‍ കൂട്ടത്തോടെ ബോധംകെടുംവരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചതുമെല്ലാം. ജോര്‍ഡാന്‍ സാന്ത്വനം നല്‍കുന്നു, നമ്മുടെ ഇഷ്ടത്തിന് വിപരീതമായി ചെയ്യുന്ന കാര്യങ്ങളാല്‍ നാം കളങ്കപ്പെടുന്നില്ല.
താവളത്തില്‍ മടങ്ങിയെത്തുമ്പാള്‍ ദുശ്ശകുനംപോലെ ഹിമപാതം തുടങ്ങുന്നു. മദ്യലഹരിയില്‍ പാബ്‌ളോ ജോര്‍ഡാനെ പ്രകോപിപ്പിക്കുന്നു. മറ്റംഗങ്ങള്‍ ആംഗ്യത്തിലൂടെ അയാളെ വെടിവെച്ചുകൊല്ലാന്‍ സൂചന നല്‍കുന്നുവെങ്കിലും ജോര്‍ഡാന്‍ സംയമനം പാലിക്കുന്നു. പാലത്തിനു സമീപം നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആന്‍സെല്‍മോയുടെ കാര്യം മറന്നുപോയിരുന്നു. കൊടുംതണുപ്പിലും എറ്റെടുത്തകാര്യത്തില്‍ നിന്ന് പിന്മാറാത്ത കിഴവന്‍ ജോര്‍ഡാനെ ആഹ്‌ളാദഭരിതനാക്കുന്നു. പിലാര്‍ പൂര്‍വകാമുകന്‍ കാളപ്പോരുകാരന്‍ ഫിനിറ്റോയുമായി ചിലവഴിച്ച മണിക്കൂറുകള്‍ അയവിറക്കുന്നതും ജിപ്‌സി ഗിറ്റാറിന്റെ സംഗീതത്തിനൊപ്പം എനിക്കൊരു പൈതൃകമുണ്ടായിരുന്നു,ചന്ദ്രനായിരുന്നു അത്… എന്ന് പാടുന്നതും അന്തരീക്ഷം ലാഘവമാക്കുന്നു. മറിയയുടെ സാമീപ്യത്തില്‍ മറ്റൊരു രാത്രികൂടി. ദൗത്യത്തിനുശേഷം അവളെ മാഡ്രിഡിലേക്ക് കൊണ്ടുപോകാമെന്നാണ് അയാളുടെ തീരുമാനം. അവിടെ പ്രവ്ദയുടെ ലേഖകന്‍ കാര്‍ക്കോവ് അടക്കം സുഹൃത്തുക്കളുണ്ട്.
പുലര്‍ച്ചെ ഒച്ച കേട്ട് ജോര്‍ഡാന്‍ ഉണരുന്നു. ഒരു ഫാസിസ്റ്റ് കുതിരപ്പടയാളി വഴിതെറ്റി താവളത്തിന്റെ ദിശയിലേക്ക് വന്നതാണ്. അയാളെ വെടിവെച്ച് കൊന്നതിനുശേഷം കുതിരയെ പുറത്തേക്ക് നയിക്കാന്‍ പാബ്‌ളോക്ക് നിര്‍ദ്ദേശം കൊടുക്കുന്നു. മഞ്ഞില്‍ കാല്‍പ്പാടുകള്‍ കണ്ട് ശത്രുക്കളുടെ കുതിരപ്പട്ടാളം താവളത്തിലേക്ക് വരാന്‍ പാടില്ല. സമയോചിതമായ ഈ തീരുമാനത്തില്‍ സന്തുഷ്ടനായി പാബ്‌ളോ ദൗത്യത്തിന് തന്റെ സഹകരണം ഉറപ്പുനല്‍കുന്നു. കാണാതായ ഭടനെതേടി അശ്വാരൂഢസൈന്യം മലകയറുന്നത് കാണാനായി. മണിക്കൂറുകള്‍ക്കുശേഷം സോര്‍ദോയുടെ താവളത്തിന്റെ ദിശയില്‍ വെടിയൊച്ചയും പൊരിഞ്ഞ പോരാട്ടം നടക്കുന്നതിന്റെ ലക്ഷണങ്ങളും. സോര്‍ദോയെ സഹായിക്കാന്‍ പോകണമെന്ന മറ്റു സംഘാങ്ങളുടെ ആവശ്യം ആത്മഹത്യാപരമാണ് എന്ന കാരണത്താല്‍ പിലാറും ജോര്‍ഡാനും തള്ളിക്കളയുന്നു. ഈ തീരുമാനം ശരിവെക്കാനെന്നോണം പോര്‍വിമാനങ്ങളും ബോംബിടാന്‍ അതേ ദിശയിലേക്ക് പറക്കുന്നത് കാണായി.
അടുത്ത പുലര്‍ച്ചെയാണ് ദൗത്യം പൂര്‍ത്തിയാക്കേണ്ടത്. പാതിരാത്രിക്കുശേഷം പിലാര്‍ അയാളെ തട്ടിയുണര്‍ത്തുന്നു. അവളുടെ മേല്‍നോട്ടത്തിലായിരുന്ന അയാളുടെ ഭാണ്ഡത്തിലെ ഡൈനാമിറ്റിന്റെ പകുതിയും ഡിറ്റൊണേറ്ററുമായി പാബ്‌ളോ സ്ഥലം വിട്ടിരിക്കുന്നു. ഈ കൊടുംവഞ്ചനയില്‍ പിലാറിനെ ദു:ഖവും കുറ്റബോധവും കാര്‍ന്നുതിന്നുന്നു. ജോര്‍ഡാന്‍ സമാധാനിപ്പിക്കുന്നു. ദൗത്യം പൂര്‍ത്തിയാക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളുണ്ട്. തന്റെ മേലധികാരി ജന. ഗോള്‍സിനുള്ള സന്ദേശവുമായി ആന്‌ഡ്രേസിനെ റിപ്പബ്‌ളിക്കന്‍ പാളയത്തിലേക്കയച്ചതിനുശേഷം കൂടെയുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍ മറ്റേതോ സംഘത്തിലെ അംഗങ്ങളും കുതിരകളുമായി പാബ്‌ളോ മടങ്ങിയെത്തുന്നു. ജോര്‍ഡാന്റെ വസ്തുക്കള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞതില്‍ അയാള്‍ക്ക് ഒരു കുറ്റബോധവുമില്ല. പാലത്തിനു താഴെയുള്ള ഫാസിസ്റ്റ് പോസ്റ്റ് തകര്‍ക്കാനും ദൗത്യത്തിനുശേഷം സ്ഥലംവിടാനും പുതിയ താവളം കണ്ടെത്താനുമുള്ള ചുമതല അയാള്‍ ഏറ്റെടുക്കുന്നു. പിലാറും കൂട്ടരും പാലത്തിലെ സെന്‍ട്രികളെ കൈകാര്യം ചെയ്യും. കുതിരകളെ മറിയ നോക്കും.

D-Day: ഡിറ്റൊണേറ്ററിന്റെ അഭാവം ദൗത്യത്തിന്റെ ഗതിയെ ബാധിക്കുന്നു. പാലം തകരുന്നതോടൊപ്പം ആന്‍സെല്‍മോയും മരിക്കുന്നു. ഏറ്റുമുട്ടലുകള്‍ക്കിടയില്‍ സംഘം സ്ഥലംവിടാനുള്ള ബദ്ധപ്പാടിലാണ്. ശത്രുവിന്റെ ഷെല്‍വര്‍ഷത്തില്‍ വിറളിപിടിച്ച കുതിരയെ നിയന്ത്രിക്കുന്നതിനിടയില്‍ താഴെവീണ് ജോര്‍ഡാന്റെ തുടയെല്ല് പൊട്ടുന്നു. നാഡിയും തകര്‍ന്ന് നിശ്ചേഷ്ടനായ അയാള്‍ക്ക് ഇനി യാത്ര ചെയ്യാനാവില്ല. മറിയയെ എങ്ങനെയോ പറഞ്ഞ് സമ്മതിപ്പിച്ച് മറ്റുള്ളവരോടൊപ്പം അയച്ചിട്ട് പൈന്‍മരത്തില്‍ ചാരി റോബര്‍ട്ട് ജോര്‍ഡാന്‍ തന്റെ കാത്തിരിപ്പ് തുടങ്ങുന്നു. ”ലോകം മനോഹരമാണ്, അതിനുവേണ്ടിയുള്ള ഓരോ പോരാട്ടവും മൂല്യവത്താണ്. എനിക്ക് ഈ ലോകം വിട്ട് പോകാനാവില്ല”, ഇതൊക്കെയാണ് അയാളുടെ മനസ്സിലെ വിചാരങ്ങള്‍.
ഒരു വെസ്റ്റേണ്‍ ത്രില്ലറിന്റെ ലാഘവത്തോടെ തുടങ്ങുന്ന വായന ഇടയ്ക്ക് ചരിത്രപരവും സാംസ്‌കാരികവും ജൈവീകവുമായ തലങ്ങളിലേക്ക് നീങ്ങുന്നു. ചരിത്രപുരുഷന്മാര്‍ ജോര്‍ഡാന്റെ ചിന്തകളില്‍ കടന്നുവരുന്നത് (ഉദാ കാല്‍വോ സോതേലോ, ബുഖാറിന്‍, സെനോവിയേവ്, കാമനോവ്, റൈക്കോവ്, അനാര്‍ക്കിസ്റ്റ് നേതാവ് ഹോസേ ബുവേനാവെന്‍ചുറ, ഗുസ്താവോ ദുറാന്‍ തുടങ്ങിയവര്‍) ആ കാലഘട്ടത്തിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. മിലിഷ്യ ആക്രമണത്തില്‍ മുറിവേറ്റുവീണ ജോക്കിനെ കളിയാക്കാന്‍വേണ്ടി കൂട്ടുകാര്‍ പറയുന്നു, ലാ പാസനാരിയ നിന്നെ രക്ഷിക്കാന്‍ വരില്ല, സ്വന്തം മകനെ റഷ്യയില്‍ ഒളിപ്പിച്ച് വെച്ചിരിക്കുകയാണ് എന്ന്. (ഇബരൂരിയുടെ 22കാരന്‍ മകന്‍ റൂബേന്‍ 1942ല്‍ വോള്‍ഗോഗ്രാഡ് യുദ്ധത്തില്‍ കൊല്ലപ്പെട്ടു). പത്താം അധ്യായത്തില്‍ പിലാര്‍ വിസ്തരിച്ചുപറയുന്ന മെതിക്കോല്‍ കൊണ്ടു തച്ചുകൊല്ലുന്നത് റോന്ദ എന്ന പട്ടണത്തില്‍ സംഭവമാണ്.
എമില്‍ ബേണ്‍സിന്റെ സംക്ഷിപ്ത മാര്‍ക്‌സിസം മാത്രം വായിച്ചിട്ടുള്ള ജോര്‍ഡാനെ കൂടുതല്‍ വായനകളിലേക്ക് കാര്‍ക്കോവ് ക്ഷണിക്കുന്നു. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നേതൃത്വം വഹിച്ചിരുന്ന ആന്ദ്രേ മാര്‍ട്ടി നോവലില്‍ ഇടം പിടിക്കുന്നുണ്ട്, ജന.ഗോള്‍സിനുള്ള ജോര്‍ഡാന്റെ സന്ദേശവുമായി പോകുന്ന ആന്‍ഡ്രേസിനെ തടഞ്ഞുവെക്കുന്ന രംഗത്ത്.
സ്പാനിഷ് ആഭ്യന്തരയുദ്ധം വിഷയമാക്കിയ മറ്റു സാഹിത്യകൃതികള്‍ :
Man’s Hope (1938) by André Malraux, Adventures of a Young Man (1939) by John Dos Passos, George Orwell’s Memoir Homage to Catalonia.
സിനിമ : For Whom the Bell Tolls (1943) : Gary Cooper, Ingrid Bergman
Behold a Pale Horse (1964) : Gregory Peck, Omar Sharif, Anthony Quinn
No Comments yet!