രാധേ….രാധേ..രാധേ
മായരുതേ വനരാധെ പ്രേമധാര
1960കളുടെ തുടക്കത്തില്‍ കോഴിക്കോട് മിഠായി തെരുവിലെ പ്രദീപ് ആര്ട്സ്‍ എന്ന ഇടുങ്ങിയ മുറിയില്‍ ബ്രഷുകളുടെയും ചായം നിറച്ച പാത്രങ്ങളുടെയും പാതി വരച്ചു വെച്ച ബോര്‍ഡു കളുടെയും നടുവിലിരുന്ന് ചിത്രകാരനും നാടകകൃത്തുമായ വാസുപ്രദീപ് മായരുതേ വനരാധെ എഴുതിയത് ഉറ്റ ചങ്ങാതി കോഴിക്കോട് അബ്ദുള്‍ ഖാദറിന് വേണ്ടിയായിരുന്നു. ഗാനരചയിതാവും ഗായകനും കഥാവശേഷരായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ പാട്ട് മെഹഫിലുകളില്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു. ഒരു പക്ഷെ ആരാണ് എഴുതിയത് എന്നറിയാതെ ആസ്വാദകര്‍ മൂളി കൊണ്ടിരിക്കുകയും ഗായകര്‍ പാടി കൊണ്ടിരിക്കുകയും ചെയ്യുന്നു.
കോഴിക്കോട് അബ്ദുള്‍ ഖാദറും വാസു പ്രദീപും ആത്മമിത്രങ്ങളാണ്. 1954ല്‍ അബ്ദുള്‍ ഖാദര്‍ പ്രദീപ് ആര്ട്സ്‍ ഉദ്ഘാടനം ചെയ്തത് മുതല്‍ തുടങ്ങിയ സൗഹൃദം. പിന്നീട് അദ്ദേഹം പല ദിവസങ്ങളിലും പ്രദീപ് ആര്‍ട്സില്‍ വരികയും അവര്‍ മണിക്കൂറോളം സംസാരിക്കുകയും ചെയ്തിരുന്നു . അവിടെ വെച്ച് ഖാദറിന് വേണ്ടി വാസുപ്രദീപ് നിരവധി ഗാനങ്ങള്‍ എഴുതി. അതില്‍ ഭൂരിഭാഗവും ആകാശവാണിയില്‍ ലൈവ് പരിപാടിയായിരുന്നു. നീലാകാശത്തിലേക്ക് പറത്തി വിട്ട ആ പാട്ടുകള്‍ എറ്റുവാങ്ങി ശ്രോതാക്കള്‍ കരഘോഷം മുഴക്കി.
അബ്ദുള്‍ ഖാദര്‍റിനെ കുറിച്ചുള്ള ജീവചരിത്ര ഡോക്യുമെന്‍റ്റി ‘ദേശ് രാഗത്തിൽ ഒരു ജീവിതത്തി’ൽ പാട്ടിന്റെ ഉത്ഭവത്തെ കുറിച്ച് വാസുപ്രദീപ് ഇങ്ങനെ പറഞ്ഞു. “ചില ദിവസങ്ങളില്‍ ഞാന്‍ എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുമ്പോള്‍ ഖാദര്‍ക്ക വരും. “വാസൂ, ഞാന്‍ റേഡിയോ സ്റ്റേഷനില്‍ നിന്ന് വരാണ്. എനിക്കൊരു പാട്ട് വേണം. അപ്പോള്‍ തന്നെ അദ്ദേഹം ഈണം മൂളി തരും. അതിനുസരിച്ചു ഞാന്‍ വരികള്‍ എഴുതും. ഖാദര്‍ക്ക അത് വാങ്ങി വീട്ടില്‍ പോയി ഉച്ചയോടെ മടങ്ങി വരും. ഉച്ചക്ക് ശേഷമായിരിക്കും റെക്കോര്‍ഡിംഗ് പാട്ട് ഖാദര്‍ക്കയുടെ ഉപജീവനമായത് കൊണ്ട് അദ്ദേഹത്തെ സഹായിക്കേണ്ട ചുമതല എനിക്കുണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അങ്ങനെ ഒരിക്കല്‍ എഴുതിയതാണ് മായരുതേ വനരാധെ എന്ന പാട്ട്. അദ്ദേഹം ദേശ് രാഗത്തില്‍ മൂളി തന്നു. ഖാദര്‍ക്കയുടെ ഇഷ്ട രാഗമാണ് ദേശ്. അദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളും ചിട്ടപ്പെടുത്തിയത് ദേശിലാണ്. അതനുസരിച്ച് ഞാന്‍ എഴുതിയ ആ റേഡിയോ ഗാനം ശ്രദ്ധിക്കപ്പെട്ടു. ഇങ്ങനെ ഒരുപാട് ഗാനങ്ങള്‍ ഖാദര്‍ക്കക്ക് വേണ്ടി ഞാന്‍ എഴുതിയിട്ടുണ്ടായിരുന്നു. സൂക്ഷിച്ചു വെയ്ക്കാത്തത് കൊണ്ട് പലതും നഷ്ടപ്പെട്ടു പോയി.”
നാടകകൃത്ത് എന്ന പേരിലാണ് വാസുപ്രദീപ് അറിയപ്പെട്ടതെങ്കിലും അദ്ദേഹം ഒട്ടേറെ ലളിത ഗാനങ്ങള്‍ എഴുതിയിരുന്നു. അവയില്‍ ഭൂരിഭാഗവും വിസ്മൃതിയിലായി. ആര്‍ക്കവിംഗ് സംവിധാനം തീരെ ഇല്ലാത്ത ഒരു കാലത്തായിരുന്നു അദ്ദേഹം ജീവിച്ചത്. നഷ്‌ടമായത് മലയാള ലളിത ഗാനരംഗത്തെ അമൂല്യമായ പാട്ടുകളായിരുന്നു. അതിജീവിച്ചത് മായരുതേ വനരാധ പോലെ അപൂര്‍വ്വം പാട്ടുകള്‍ മാത്രം. അതിന് കാരണം ഖാദര്‍ക്കയുടെ മക്കളായ നജ്‌മൽ ബാബുവും സത്യജിത്തും അത് പല സംഗീത സദസ്സുകളിലും പാടിയത് കൊണ്ടാണ്. അവരുടെ ശബ്ദത്തിലൂടെയാണ് ഈ പാട്ടിനെ ഒരു വേറിട്ട ആലാപന ശൈലിയിലൂടെ ആസ്വാദക സമൂഹം ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
മലയാളത്തില്‍ ഗസല്‍ വരുന്നതിന്റെ എത്രയോ മുമ്പ് തന്നെ സത്യജിത് അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. അതിന് അദ്ദേഹം തുടക്കം കുറിച്ച ഗാനങ്ങളിലൊന്നാണ് മായരുതേ വനരാധെ. ഒരു പക്ഷെ വിസ്മരിക്കപെട്ടു പോവുമായിരുന്ന ഈ ഗാനം ശ്രദ്ധിക്കപ്പെടാന്‍ കാരണം സത്യജിത് അതിനെ ഇമ്പ്രോവൈസ് ചെയ്തു ഗസല്‍ രൂപത്തില്‍ അവതരിപ്പിച്ചത് കൊണ്ടാണ്. ഒരു പാട്ട് പലരീതിയില്‍ പാടി അതിനെ തന്‍റെതായ രീതിയില്‍ മാറ്റിയെടുക്കുന്ന രാസവിദ്യ നന്നായി അറിയാവുന്ന ആളായിരുന്നു സത്യജിത്. ഒരു വരി തന്നെ പല രീതിയില്‍, പല തവണ പാടും. മനോധര്‍മ്മം ഉപയോഗിക്കുന്നതില്‍ അപാരമായ കഴിവ് പ്രകടിപ്പിച്ചു. ബാബു രാജിൻ്റെ സംഗീതത്തിലൂടെ അബ്ദുള്‍ ഖാദര്‍ പാടിയ നീയെന്തറിയുന്നു നീലതാരമേ (മിന്നാമിനുങ്ങ്-1957) ഇങ്ങനെ സത്യജിത് പാടിയപ്പോഴാണ് പല ഗായകരും അതില്‍ ഗസലിന്റെ സാധ്യത തിരിച്ചറിഞ്ഞത്. പിന്നീട് ഒരുപാട് പേര്‍ അത് മെഹഫിലുകളില്‍ അവതരിപ്പിച്ചു.
മലയാള ഗസല്‍ ജനപ്രീതി നേടിയതിന് ശേഷമാണ് സത്യജിത് പാടിയ മായരുതേ വനരാധെ ആസ്വാദകര്‍ ശ്രദ്ധിക്കുന്നത്. പിന്നീട് നജ്‌മൽ ബാബുവും പാടി. പുതുതലമുറയിലെ മികച്ച പാട്ടുകാരിയായ മഴയും മായരുതേ വനരാധെ വ്യത്യസ്തമായി രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. മരണശേഷവും നാടകകൃത്ത് എന്ന രീതിയില്‍ വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ വാസുപ്രദീപ് ഇപ്പോഴും ആസ്വാദകരുടെ മനസ്സില്‍ ജീവിക്കുന്നത് ഈ പാട്ടിലൂടെയാണ്. ഒപ്പം മലയാളത്തില്‍ ഹിന്ദുസ്ഥാനി ശൈലിയില്‍ പാടാന്‍ ശ്രമിച്ച ആദ്യകാല പിന്നണി ഗായകനായ കോഴിക്കോട് അബ്ദുള്‍ ഖാദറിനെ മലയാള ഗാനചരിത്രം അടയാളപ്പെടുത്തുന്നതും.
No Comments yet!