മാധ്യമ പ്രവര്‍ത്തനം, നീതി, ഗള്‍ഫ് കുടിയേറ്റക്കാര്‍ എന്നീ വിഷയങ്ങളില്‍ റജിമോന്‍ കുട്ടപ്പനുമായി, ഡോക്ടര്‍ ശ്വേത കുമാരി നടത്തിയ അഭിമുഖം

ഡോക്ടര്‍ ശ്വേത കുമാരി: താങ്കളോട് സംസാരിക്കാനാകുന്നത് ഒരു ബഹുമതിയായി കരുതുന്നു മിസ്റ്റര്‍ റജിമോന്‍ കുട്ടപ്പന്. ഈ സംഭാഷണത്തിനു സമയമനുവദിച്ചതിനു നന്ദി. ഭയമേതുമില്ലാതെ, കുടിയേറ്റം, തൊഴില്‍ അവകാശങ്ങള്‍, ആത്മാഭിമാനം എന്നിവയില്‍ താങ്കള്‍ നടത്തുന്ന അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം നിരന്തരം നിര്‍ണ്ണായക സത്യങ്ങളെ വെളിച്ചെത്തിത്തിക്കുന്നു. താങ്കളുടെ ഈ യാത്രയെയും ചിന്തകളെയും കുറിച്ച് ആഴത്തില്‍ സംവദിക്കാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
റജിമോന്‍ കുട്ടപ്പന്: നന്ദി, ഡോക്ടര്‍ ശ്വേത. അര്‍ത്ഥവത്തായ ഈ സംഭാഷണത്തിന്റെ ഭാഗമാകാനാകുന്നതില് എനിക്ക് സന്തോഷമുണ്ട്. എന്റെ ചിന്തകളും അനുഭവങ്ങളും പങ്കുവയ്ക്കാനാകുന്ന ഈ അവസരത്തെ ഞാന്‍ വളരെ വിലമതിക്കുന്നു. പ്രത്യേകിച്ചും എന്റെ ഹൃദയത്തിനോട് ചേര്‍ന്ന് നില്ക്കുന്ന വിഷയങ്ങളില്‍. നമ്മുടെ ചര്‍ച്ചയിലേക്ക് ഉറ്റുനോക്കുന്നു.
ഡോക്ടര്‍ ശ്വേത കുമാരി: താങ്കള്‍ ഒരു മാധ്യമ പ്രവര്ത്തകന്, കുടിയേറ്റക്കാരുടെ അവകാശങ്ങളെ പ്രതിരോധിക്കുന്നവന്, ഗ്രന്ഥകര്‍ത്താവ്, താങ്കളുടെ സമുദായത്തിനെ വാചിക പാരമ്പര്യങ്ങളില്‍ വേരൂന്നിയവ്യക്തി എന്നീ നിലയിലെല്ലാം പ്രവര്‍ത്തിക്കുന്നു. ഒരു വ്യക്തി എന്ന നിലയില്‍ സ്വന്തം യാത്രയെ എങ്ങനെ വിവരിക്കും. താങ്കളുടെ ലക്ഷ്യത്തേയും വ്യക്തിത്വത്തേയും ഏതനുഭവങ്ങളാകും ഏറ്റവും കൂടുതല്‍ രൂപപ്പെടുത്തിയിട്ടുണ്ടാകുക.
റജിമോന്‍ കുട്ടപ്പന്: ഒരു മാധ്യമപ്രവവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്, കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്നവന്, അവയെ പ്രതിരോധിക്കുന്നവന് എന്നതിലെല്ലാം ഉപരിയായി ഞാനെന്നെ ഒരു കേള്വിക്കാരന് എന്ന നിലയിലാണു കാണുന്നത്. ലക്ഷ്യബോധത്തോടെ മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിച്ചു കേള്ക്കുന്നവന്. കേരളത്തില്‍ നിന്നുള്ള പാണന് എന്ന പട്ടിക ജാതി സമുദായത്തില്‍ നിന്നുള്ളവനാണു ഞാന്‍. പാരമ്പര്യമായി നാടോടി ഗായകരുടെ വര്‍ഗ്ഗം. ഞങ്ങള്‍ക്ക് കഥപറച്ചില്‍ ഒരു വിനോദോപാദി മാത്രമല്ല, അത് അതിജീവനത്തിനും, ചെറുത്തു നില്പ്പിനും, പലതും ഓര്‍ത്തു വയ്ക്കുന്നതിനുമുള്ള മാര്‍ഗ്ഗം കൂടിയാണ്. എന്റെ പൂര്‍വ്വികരില്‍ നിന്ന് കൈമാറി വന്നിട്ടുള്ള കഥകള്‍ കുട്ടിക്കാലത്തു തന്നെ എന്നെ മനുഷ്യരുടെ നിത്യജീവിതത്തില്‍ അധികാരം, അനീതി, ഇലാസ്തികത എന്നിവ എങ്ങനെ രൂപപ്പെടുന്നു എന്ന് പഠിപ്പിച്ചു.
എന്റെ യാത്രയെ രൂപപ്പെടുത്തിയത് ഞാന്‍ എവിടെയായിരുന്നു എന്നതിലുപരി ആ യാത്രക്കിടയില്‍ കണ്ടുമുട്ടിയവരാണ്. അത് ഗള്‍ഫില്‍ ഒറ്റപ്പെട്ടുപോയെ ഇന്ത്യന്‍ തൊഴിലാളികളെ സഹായിക്കുന്നതിലാകട്ടെ, ഇന്ത്യയിലെ ചെമ്മീന്‍, സ്റ്റീല്‍, മണല്‍ക്കല്ല് തുടങ്ങിയ വ്യവസായങ്ങളിലെ നിര്‍ബന്ധിത തൊഴിലുകളെ രേഖപ്പെടുത്തുന്നതിലാകട്ടെ. അതുമല്ലെങ്കില്‍ മദ്ധ്യപൂര്‍വ്വ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്തുവഴി എത്തിപ്പെട്ട ഗാര്‍ഹിക തൊഴിലാളികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവരെ സഹായിക്കുന്നതിലാകട്ടെ. ഇവയോരോന്നും, മാനവ കുലീനത്വം, നിശ്ശബ്ദത എന്നിവയെ മനസിലാക്കുന്നതിലേക്ക് ഓരോ പ്രതലങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അവരെ കേള്‍ക്കുക എന്നാല്‍ എന്താണെന്ന് മനസിലാക്കിച്ചു.
മനുഷ്യക്കടത്തിന്റെ മാര്‍ഗ്ഗങ്ങള്‍ തുറന്നു കാണിച്ചതിനാല്‍ അറബ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എന്നെ നാടുകടത്തിയത് ഒരു വഴിത്തിരിവായി. ഭരണകൂടം എന്നെപ്പോലെയുള്ളവരെ എങ്ങനെ വീക്ഷിക്കുന്നു എന്ന് തിരിച്ചറിയാന്‍ അതെന്നെ സഹായിച്ചു. ഞങ്ങളെപ്പോലെയുള്ളവരെ കേവലം റിപ്പോര്ട്ടര്മാരായല്ല അവര്‍ കാണുന്നത്. ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരുമായി കൈകോര്‍ക്കുമ്പോള്‍ അവര്‍ക്ക് ഭീഷണികളാണെന്ന നിലയില്‍ അവര്‍ കാണുന്നു. എന്നിരുന്നാലും ആ മാര്‍ഗ്ഗത്തില്‍ തുടരാനുള്ള എന്റെ നിശ്ചയദാര്ഢ്യത്തിനതു കരുത്തു പകര്‍ന്നു. അതൊരു ചെറുത്തു നില്പായിരുന്നില്ല, എന്റെ കര്‍ത്തവ്യമായിരുന്നു.
വേതന മോഷണം, Pay Up FIFA, അല്ലെങ്കില്‍ അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ചെമ്മീന്‍ കയറ്റുമതിയിലെ നിര്‍ബന്ധ തൊഴില്‍ എന്നിവയ്ക്കെതിരെയുള്ള ആഗോള പ്രചരണങ്ങളുടെ ഭാഗമാകുന്നത് നേട്ടങ്ങളായല്ല എനിക്ക് അനുഭവപ്പെട്ടത്, എന്റെ കടമകളായാണ്. ശബ്ദമില്ലാത്തവരുടെ നിര്‍മ്മാണം എങ്ങനെ നടക്കുന്നു എന്നൊരിക്കല്‍ കണ്ടാല്‍ പിന്നെ അതിനു നേരെ കണ്ണടയ്ക്കാന്‍ നിങ്ങള്‍ക്കാകില്ല. അതെന്റെ ലക്ഷ്യമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. അവരെ കേള്‍ക്കുക, കേട്ടത് റെക്കോഡ് ചെയ്യുക, ആ സ്വരങ്ങളെ മായ്ക്കാന്‍ ശ്രമിക്കുന്ന ലോകത്തിലേക്ക് അവയെത്തിക്കുക. അതിനാല്‍ ഞാനാണ് എന്നെ വിവരിക്കുന്നതെങ്കില്‍ ഞാനൊരു ജലവാഹിനിക്കുഴല്‍ മാത്രമാണെന്ന് പറയും. അരികുവത്കരിക്കപ്പെട്ടവരുടേയും അധികാരത്തിന്റേയും ഇടയില്‍ സഞ്ചരിക്കുന്നവന്. മറ്റുള്ളവര്‍ക്കു വേണ്ടി സംസാരിക്കാനല്ല. അവരുടെ വാക്കുകള്‍ അവയെത്താന്‍ പാടില്ലാത്തിടമെന്നു കരുതുന്നിടത്തേക്കെത്തിക്കുന്നവന്.

ഡോക്ടര്‍ ശ്വേത കുമാരി: ടൈംസ് ഓഫ് ഒമാനിലെ ചീഫ് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിരുന്നതില്‍ നിന്ന് ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകനും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന ഒരാളുമായിത്തീര്ന്ന താങ്കളുടെ യാത്ര ശ്രദ്ധേയമാണ്. ആധുനിക അടിമത്തത്തെക്കുറിച്ചുള്ള ചരിത്രപ്രാധാന്യമുള്ള ഒരു റിപ്പോര്‍ട്ടിന്റെ പിന്നാലെ 2017-ല്‍ താങ്കളെ ഒമാനില്‍ നിന്ന് നാടുകടത്തി. ആ സംഭവം താങ്കളുടെ ജീവിതത്തെ എങ്ങനെ പുനഃരൂപപ്പെടുത്തി, പത്രപ്രവര്‍ത്തനത്തോടുള്ള സമീപനത്തെ എങ്ങനെ മാറ്റി?
റജിമോന്‍ കുട്ടപ്പന്: 2017 ലെ ആ നിമിഷം, ഒമാനില്‍ നിന്ന് എന്നെ നാടുകടത്തിയ നിമിഷം, വേദനാജനകവും എന്റെ ജീവിതത്തില്‍ ചിലതെല്ലാം നിര്‍വചിക്കുന്നതുമായിരുന്നു. അന്ന് ഞാന്‍ ടൈംസ് ഓഫ് ഒമാനിലെ ചീഫ് റിപോര്‍ട്ടറാണ്. ദക്ഷിണേഷ്യയില്‍ നിന്ന് മനുഷ്യക്കടത്തായി ഗള്ഫിലെത്തുന്നവരെക്കുറിച്ചുള്ള അന്വേഷണമാണെന്റെ ലേഖനങ്ങളിലുണ്ടായിരുന്നത്. ഗള്‍ഫില്‍ അങ്ങനെയെത്തുന്നവരില്‍ നല്ലൊരു വിഭാഗം അടിമത്തത്തിനു തുല്യാവസ്ഥയിലെത്തുന്നു. ഈ കഥ വളരെ സൂക്ഷ്മതയോടെയാണു റിപ്പോര്‍ട്ട് ചെയ്തത്. സത്യങ്ങള്‍ പരിശോധിച്ചതിനു ശേഷം. നൈതികമായി. അത്തരം കൃത്യതകളൊക്കെയുണ്ടായിരുന്നു എങ്കിലും അധികാരികള്‍ അതിനെ ഒരു ഭീഷണിയായിക്കരുതി. അതു തെറ്റായിരുന്നതിനാലല്ല ഈ ഭീഷണി, മറിച്ച് സത്യമായിരുന്നതിനാലായിരുന്നു.
എന്റെ ജോലി ചെയ്തതിനെന്നെ നാടുകടത്തി എന്നതെന്നെ വല്ലാതെ ഉലച്ചു. ഒരു രാജ്യത്തുനിന്ന് പുറത്താക്കി എന്നതായിരുന്നില്ല അപ്പോള്‍ മനസില ചിന്ത. കുടിയേറ്റക്കാരെ സഹായിക്കും വിധം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന ഒരു പ്രദേശത്തുനിന്നു തന്നെ പുറത്താക്കുകയായിരുന്നു. അതിനൊപ്പം ആ നിമിഷം അടിസ്ഥാനപരമായ ചില വ്യക്തതകള്‍ വരുത്തുകയും ചെയ്തു. ഞാന്‍ ഒരു മാധ്യമ പ്രവര്ത്തകന് മാത്രമല്ല. അവരുടെ കണ്ണുകളില്‍ ഞാന്‍ കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന ഒരു ആക്ടിവിസ്റ്റ് കൂടിയായിരിക്കുന്നു. ഒരു പക്ഷേ ഞാന്‍ അങ്ങനെ ആയിട്ടുണ്ടാകാം.
അതിനു ശേഷം ഇവ രണ്ടിനുമിടയില്‍ വരകളിടുന്ന സ്വഭാവം ഞാന്‍ അവസാനിപ്പിച്ചു. എന്റെ സമീപനം ജനങ്ങളെ കേന്ദ്രീകരിച്ചായി. നീതിയില്‍ ആഴത്തില്‍ വേരൂന്നിയതായി. അടിസ്ഥാനവര്ഗ്ഗത്തിനൊപ്പം നിന്നു. ആഗോള പ്രചരണങ്ങളില്‍ പങ്കെടുത്തു. കോവിഡ്-19 ന്റെ കാലഘട്ടത്തില്‍ കുടിയേറ്റ തൊഴിലാളികളെ സഹായിച്ചു. അവര്‍ നേരിടുന്ന വേതന മോഷണം, PayUpFIFA എന്നിവെക്കുറിറിച്ചും ഇന്ത്യയിലെ സമുദ്രോത്പന്ന വ്യവസായങ്ങളിലെ നിര്‍ബന്ധിത തൊഴിലുകളെക്കുറിച്ചും പറഞ്ഞു. ആ നാടുകടത്തല്‍ അതിനാല്‍ തന്നെ എന്നെ നിശ്ശബ്ദനാക്കിയില്ല. അതെന്റെ ലക്ഷ്യത്തിന്റെ മൂര്‍ച്ച വര്‍ദ്ധിപ്പിച്ചു. ഞാന്‍ ഇന്ത്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു തൊഴിലാളി ഗള്ഫിലെത്തുന്നതിനും വളരെ മുമ്പു തന്നെ ചൂഷണമെങ്ങനെ ആരംഭിക്കുന്നു എന്നതിനെക്കുറിച്ചന്വേഷിക്കാന് തുടങ്ങി. കൂടുതല്‍ തീവ്രതയോടെയും ഗൗരവത്തിലും എഴുതാനാരംഭിച്ചു. അത് അംഗീകാരത്തിനു വേണ്ടിയായിരുന്നില്ല. ധാര്‍മ്മിക ഉത്തരവാദിത്വമായിരുന്നു. എന്നെ നാടുകടത്തിയ നോട്ടീസ് ഞാന്‍ ഫ്രെയിം ചെയ്ത് ചുമരില്‍ ഞാത്തി. അഭിമാനത്തോടെയല്ല, ഞാന്‍ ആരെ സേവിക്കുന്നു എന്നും എന്തുകൊണ്ടെനിക്ക് അതില്‍ നിന്ന് പിന്മാറാനോ അത് നിര്‍ത്തിവയ്ക്കാനോ ആകില്ല എന്നും ഓര്‍മ്മിപ്പിക്കാന്‍.
ഡോക്ടര്‍ ശ്വേത കുമാരി: സമൂഹത്തിലെ അദൃശ്യരും രേഖപ്പെടുത്താത്തവരുമായ ജനങ്ങള്‍ക്ക് സ്വരം കൊടുക്കുന്നതില്‍, താങ്കളുടെ വീക്ഷണത്തില്‍, മാധ്യമ പ്രവര്‍ത്തനത്തിനുള്ള പ്രാധാന്യമെന്താണ്?
റജിമോന്‍ കുട്ടപ്പന്: എന്നെ സംബന്ധിച്ചിടത്തോളം മാധ്യമ പ്രവര്‍ത്തനം എന്നാല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല. നിശ്ശബ്ദതയിലുള്ളവരെ വീണ്ടെടുക്കുക കൂടിയാണ്. അദൃശ്യരും രേഖപ്പെടുത്തപ്പെടാത്തവരുമായ ജനത, അവര്‍ കുടിയേറ്റ തൊഴിലാളികളോ, മനുഷ്യക്കടത്തിലുള്പ്പെട്ട സ്ത്രീകളോ, പ്ലാന്റേഷന് തൊഴിലാളികളോ, തീരപ്രദേശങ്ങളില്‍ അധിവസിക്കുന്ന ജനങ്ങളോ ആകട്ടെ, പൊതുവില്‍ നയങ്ങളില്‍ നിന്നു മാത്രമല്ല പുറത്തു നിര്‍ത്തപ്പെടുന്നത്, പൊതുജനങ്ങളുടെ ഭാവനയില്‍ നിന്നും അവര്‍ പുറത്താണ്. അവരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളുടേയും അവരെ നിരന്തരം അവഗണിക്കുകയോ തേച്ചുമായ്ച്ചു കളയുകയോ ചെയ്യാന്‍ ശ്രമിക്കുന്ന ലോകത്തിനും ഇടയില്‍ ഒരു പാലമാകണം മാധ്യമ പ്രവര്‍ത്തനം. ഞാന്‍ എന്റെ ജോലിക്കിടയില്‍, അത് ഗള്‍ഫിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ രേഖപ്പെടുത്തലാകട്ടെ, ഇന്ത്യയിലെ ചെമ്മീന്‍ വ്യവസായത്തിലുള്ള നിര്‍ബന്ധ തൊഴിലുകളിലാകട്ടെ, അല്ലെങ്കില്‍ അഭയാര്‍ത്ഥികളെ തടഞ്ഞു വച്ചിരിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള റിപ്പോര്ട്ടിങ്ങുകളിലാകട്ടെ, അധികാരം എങ്ങനെ അദൃശ്യതയെ ഉത്പാദിപ്പിക്കുന്നു എന്ന് കണ്ടിട്ടുണ്ട്. ഈ സമുദായങ്ങള്‍ക്ക് കഥകളുടെ കുറവില്ല. അധികാരസ്ഥാനത്തിരിക്കുന്നവരില്‍ നിന്ന് കേള്‍വിക്കാരില്ല എന്നേയുള്ളു.
സമീപത്തു നിന്ന്, സത്യനിഷ്ഠയോടെ ചെയ്താല്‍ മാധ്യമപ്രവര്ത്തനത്തിനതില് മാറ്റം വരുത്താനാകും. നിശ്ശബ്ദരാക്കപ്പെട്ടവരുടെ നിശ്ശബ്ദതയില്‍ നിന്ന് ലാഭമെടുത്ത്, കുറ്റവാളികള്‍ക്കും, അവഗണിക്കേണ്ടവര്ക്കും അല്ലെങ്കില്‍ അദൃശ്യരായി നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വരം നല്കാന് ശ്രമിക്കുന്നവരുടെ വ്യവസ്ഥയെ വെല്ലുവിളിക്കാന്‍ അതിനാകും. അതുകൊണ്ടു കൂടിയാണു ഞാന്‍ എന്തിനെ പിന്താങ്ങുന്നുവോ അതില്‍ നിന്നെന്റെ മാധ്യമപ്രവര്‍ത്തനത്തെ വേര്‍പ്പെടുത്താത്തത്. കാരണം, രേഖപ്പെടുത്താത്തവരുടെ സ്വരത്തെ വിപുലീകരിക്കുന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്, ഒരു ധാര്‍മ്മിക പ്രവര്‍ത്തനമാണ്. തുറന്ന് പറഞ്ഞാല്‍ അത് മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യവുമാണ്. ആരെയാണോ നയം ബാധിക്കുന്നത് അവരില്‍ ഭൂരിപക്ഷം സന്നിഹിതരല്ലാതെ നയം രൂപപ്പെടുത്തുന്ന ഈ ലോകത്തില്‍ മാധ്യമപ്രവര്‍ത്തനം ആ സ്വരങ്ങളെ ഉച്ചത്തില്‍, നിരന്തരം, ക്ഷമാപണങ്ങളില്ലാതെ മുന്നിലേക്കെത്തിക്കുന്നു.

ഡോക്ടര്‍ ശ്വേത കുമാരി: ആധുനിക അടിമത്തം, മനുഷ്യക്കടത്ത് തുടങ്ങിയ അതിവൈകാരിക വിഷയങ്ങളില്‍ നിരന്തരം താങ്കളുടെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഈ കഥകള്‍ പറയുമ്പോള്‍ താങ്കള്‍ ഏതൊക്കെ തരത്തിലുള്ള ധാര്‍മ്മിക പ്രതിസന്ധികളും വിഷമസ്ഥിതികളും അനുഭവിക്കാറുണ്ട്? മാധ്യമ സത്യനിഷ്ഠ പരിപാലിച്ചുകൊണ്ട് അവയെ എങ്ങനെയാണ് നേരിടാറുള്ളത്?
റജിമോന്‍ കുട്ടപ്പന്: മനുഷ്യക്കടത്ത്, ആധുനിക അടിമത്തം എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുക എന്നാല്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന കുറ്റകൃത്യങ്ങളെ വെളിച്ചത്തെത്തിക്കുക എന്നതു മാത്രമല്ല, വളരെ ലോലവും, പലപ്പോഴും അപകടകരവുമായ ഇടങ്ങളിലൂടെ കടന്നുപോകുക കൂടിയാണ്. ഇവിടെ ദുരനുഭവങ്ങളും മാനസികാഘാതങ്ങളും, നിശ്ശബ്ദതയും അധികാരവുമെല്ലാം ഇടയ്ക്കു കയറി ഇടപെടും. എത്ര പറയണം, എങ്ങനെ പറയണം എന്നതാണ് ഞാന്‍ അഭിമുഖീകരിക്കാറുള്ള ഏറ്റവും വലിയ ധാര്‍മ്മിക വിഷമസ്ഥിതി.
ഞാന്‍ അഭിമുഖം നടത്താറുള്ള മിക്കവാറുമാളുകള്‍ക്ക്, അവര്‍ മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വീട്ടുജോലിക്കാരോ, ചൂഷണത്തിനു വിധേയമാകുന്ന കുടിയേറ്റക്കാരോ, അടിമത്തൊഴിലാളികളോ ആകട്ടെ, അവരുടെ കുലീനത്തം, വിശ്വാസം, പ്രവര്‍ത്തനശക്തി എന്നിവയെല്ലാം നഷ്ടപ്പെട്ടിരിക്കും. ഒരു കഥയ്ക്ക് വേണ്ടി അവരുടെ ദുരനുഭവങ്ങള്‍ പറയുക എന്നത് അവരില്‍ നിന്ന് ഊറ്റിയെടുക്കലാകരുത്. അതിനാല്‍ ഞാന്‍ ”കുലീനത്തമുള്ള ഇടപെടല്‍” എന്ന തത്ത്വത്തെ പിന്തുടരുന്നു. ഞാനവരുടെ വേദന മാത്രമല്ല രേഖപ്പെടുത്തുന്നത്. അവരുടെ കരുത്ത്, ചെറുത്തു നില്പ്, പ്രവര്‍ത്തന ക്ഷമത എന്നിങ്ങനെ എല്ലാതിനെക്കുറിച്ചും സംസാരിക്കുന്നു. അവരുടെ പേരും മുഖവും കഥകളും കേവല വിവരങ്ങളല്ല. അവരുടെ ജീവിതം മറനീക്കിക്കൊണ്ടേയിരിക്കപ്പെടുന്നു. മറ്റൊരു ധാര്‍മ്മിക ക്ലേശം സുരക്ഷയാണ്. അവരുടേയും എന്റേയും സുരക്ഷ. മനുഷ്യക്കടത്തിന്റെ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ എന്ന് റിപ്പോര്‍ട്ട് ചെയ്തതിന്, 2017 ല്‍ ഒമാനില്‍ നിന്ന് നാടുകടത്തപ്പെട്ട ശേഷം, സത്യത്തിനെത്ര വേഗത്തില്‍ അധികാര താത്പര്യങ്ങളെ ഭീഷണിപ്പെടുത്താനാകും എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇവിടെ ഇന്ത്യയിലും സമുദ്രോത്പന്ന വിഭാഗത്തിലെ നിര്‍ബന്ധ തൊഴിലിലുകളെക്കുറിച്ച് അന്വേഷിച്ചു തുടങ്ങിയപ്പോള്‍ എന്നെ ഭീഷണിപ്പെടുത്തിയ, പുറകിലേക്ക് തള്ളിമാറ്റിയ നിമിഷങ്ങളുണ്ടായിട്ടുണ്ട്. അതിജീവിച്ചവരെ സംരക്ഷിക്കുന്നതിനായി എനിക്ക് അപ്പോള്‍ അച്ചടിയില്‍ നിശ്ശബ്ദത പാലിക്കേണ്ടി വന്നിട്ടുണ്ട്. പ്രസിദ്ധീകരിക്കാന്‍ വേണ്ട തെളിവുകളും ഊര്‍ജ്ജവും എന്നിലുണ്ടായിട്ടും അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍, കഥകള്‍, ചിട്ടപ്പെടുത്തുന്ന സമയത്ത് ഞാന്‍ നിയമോപദേശക സംഘങ്ങളുമൊത്തും, അവകാശ സംരക്ഷണ സംഘങ്ങളുമൊത്തും അതിജീവിച്ചവരുമൊത്തുമൊക്കെ അടുത്തിടപഴകാറുണ്ട്. യഥാര്‍ത്ഥ ധാര്‍മ്മികോത്തരവാദിത്വം ഉറപ്പാക്കുന്നതിനായി എന്റെ പ്രമാണങ്ങള്‍ അടിസ്ഥാനമാക്കി CAL എന്ന സംഘടനയുമൊത്ത് ഞങ്ങള്‍ സാക്ഷിപത്രങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. അതിനാല്‍ എനിക്ക് സത്യനിഷ്ഠ എന്നാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ പറയുക എന്നതു മാത്രമാകുന്നില്ല, നമ്മളാരുടെ ജീവിതത്തെക്കുറിച്ചാണോ എഴുതുന്നത് അവരോട് സത്യസന്ധത പുലര്‍ത്തുക എന്നു കൂടിയാണ്.
അങ്ങനെ നോക്കിയാല്‍ മാധ്യമ പ്രവര്‍ത്തനം എന്നത് തെറ്റുകള്‍ തുറന്നു കാണിക്കുക മാത്രമല്ല. അത് വിശ്വാസം കെട്ടിപ്പടുക്കുക, കഥകള്‍ ശ്രദ്ധയോടെ പറയുക, ഓരോ തലക്കെട്ടിനു പുറകിലും ദയയല്ല, നീതി അര്‍ഹിക്കുന്ന ഒരു മനുഷ്യനുണ്ട് എന്നതു മറക്കാതിരിക്കുക എന്നതെല്ലാമാണ്.
ഡോക്ടര്‍ ശ്വേത കുമാരി: ഇന്നത്തെ സാഹചര്യത്തില്‍, സ്വതന്ത്രവും മനുഷ്യാവകാശങ്ങളെ അടിസ്ഥാനപ്പെടുത്തിയതുമായ റിപ്പോര്‍ട്ടിങ്ങ് നടത്താന്‍ ആഗ്രഹിക്കുന്ന യുവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്തുപദേശമാണു താങ്കള്‍ക്ക് നല്‍കാനുള്ളത്?
റജിമോന്‍ കുട്ടപ്പന്: കേട്ടുകൊണ്ട് തുടങ്ങുക. മറ്റുള്ളവര്‍ കേള്‍ക്കാത്തവരെ ശരിക്കും കേള്‍ക്കുക. കോലാഹലങ്ങളെ പിന്തുടരാതെ സത്യത്തിനു പുറകെ പോകുക. പ്രത്യേകിച്ചും നിശ്ശബ്ദതയ്ക്ക് പുറകിലൊളിപ്പിച്ചിരിക്കുന്ന സത്യങ്ങള്‍ക്ക് പുറകെ. ഒരു സ്വതന്ത്ര മാധ്യമപ്രവര്ത്തകന്, തൊഴില്‍ ചൂഷണങ്ങള്‍ അന്വേഷിക്കുന്നവര്‍, അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവന്, എന്ന നിലയില്‍ ശക്തമായ കഥകള്‍ മിക്കപ്പോഴും വരുന്നത് അരക്ഷിതരില് നിന്നാണെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍, സ്വന്തം നാട്ടില്‍ നിന്ന് പുറത്തുപോകേണ്ടിവരുന്ന സമുദായങ്ങള്‍, മനുഷ്യക്കടത്തിന്റെ ഇരകള്‍ എന്നിങ്ങനെയുള്ളവരില്‍ നിന്ന്. അവരുടെ വേദന പങ്കുവയ്ക്കുമ്പോള്‍ അവര്‍ നിങ്ങളെ വിശ്വസിക്കുന്നു. ആ വിശ്വാസത്തെ ശ്രദ്ധയോടെ പരിപാലിക്കുക.
ഒറ്റപ്പെടലിനു തയ്യാറെടുക്കുക. വലിയ ന്യൂസ് റൂമുകളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിച്ചെന്നു വരില്ല. പക്ഷേ നിങ്ങളുടെ സത്യനിഷ്ഠയും സ്ഥിരോത്സാഹവും നിങ്ങള്‍ക്കേറ്റവും കരുത്തുള്ള ഉപകരണങ്ങളാകും. അടിസ്ഥാന വര്‍ഗ്ഗങ്ങളുമായി ഒത്തുനില്ക്കുക. അതുപോലെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനകള്‍ക്കൊപ്പം നിങ്ങളുടെ പ്രവര്‍ത്തനത്തെ ചേര്‍ത്ത് നിര്‍ത്തുക. നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുക. ധാര്‍മ്മികതയോടെ എല്ലാം രേഖപ്പെടുത്തുക. നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്, നല്ല നിലയിലോ ചീത്ത നിലയിലോ, യഥാര്‍ത്ഥ ജീവിതങ്ങളെ ബാധിക്കും എന്നതു മറക്കാതിരിക്കുക.
അതിനൊപ്പം നിങ്ങള്‍ ഏതു വ്യവസ്ഥകളെക്കുറിച്ചാണു റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് മനസിലാക്കുക. അത് തൊഴില്‍ കുടിയേറ്റമാണോ, മനുഷ്യക്കടത്താണോ അതോ ഭരണകൂടത്തിന്റെ അവഗണനയാണോ എന്ന്. മനുഷ്യാവകാശ മാധ്യമ പ്രവര്‍ത്തനം എന്നത് വൈകാരികമാകരുത്. അത് തെളിവുകള്‍, സാഹചര്യം, ധാര്‍മ്മിക ഉത്തരവാദിത്തം എന്നിവയൊക്കെയാണ്.
അവസാനമായി, സ്വയം സംരക്ഷിക്കുക. ഡിജിറ്റല്‍, നിയമ വശങ്ങളിലൂടെയുള്ള ഭീഷണികള്‍ യാഥാര്‍ത്ഥ്യങ്ങളാണ്. അതുപോലെ തന്നെ സ്വയം എരിഞ്ഞടങ്ങലും. പിന്തുണയ്ക്കായുള്ള ചങ്ങലക്കണ്ണികളെ പടുത്തുയര്‍ത്തുക. നിങ്ങളുടെ പ്രവര്‍ത്തനം അവാഡുകളോ ശ്രദ്ധയോ കൊണ്ടുവരുന്നില്ലെങ്കിലും അവ മൂല്യവത്താണ്. നീതി ആവശ്യപ്പെടുന്ന സഞ്ചിത സ്വരത്തിലേക്ക് അവ മുതല്‍ക്കൂട്ടാണ്.

ഡോക്ടര്‍ ശ്വേത കുമാരി: ”റോയിങ്ങ് ബിറ്റ്വീന് റൂഫ്ടോപ്സ്”എന്ന താങ്കളുടെ പുസ്തകം 2018 ല്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കകാലങ്ങളിലെ അനതിസാധാരണമായ ധീരതയെക്കുറിച്ചും മാനവികതയെക്കുറിച്ചും പറയുന്നു. ഈ കഥകള്‍ എഴുതാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്താണ്? പുസ്തകം പ്രസിദ്ധീകരിച്ചതിനു ശേഷം അതിനു വ്യക്തിപരമായും പൊതുജനങ്ങളിലും എന്തു തരം പ്രഭാവമാണുണ്ടാക്കാനയത്?
റജിമോന്‍ കുട്ടപ്പന്: 2018 ല്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കം പലതും തിരിച്ചറിയാനായ സമയമായിരുന്നു. വ്യവസ്ഥകളുടെ പരാജയത്തെ ഈ അത്യാപത്ത് തുറന്ന് കാണിച്ചപ്പോള്‍ എന്നെ ഏറ്റവും സ്പര്‍ശിച്ചത് സാധാരണക്കാര്‍ ജീവരക്ഷകരായി എന്നതാണ്. മുങ്ങിപ്പോയ പട്ടണങ്ങളിലൂടെ മുക്കുവര്‍ തുഴഞ്ഞ് നടന്നു. യുവാക്കള്‍ മനുഷ്യച്ചങ്ങലകള്‍ തീര്‍ത്തു. സ്ത്രീകള്‍ ആശ്വാസകേന്ദ്രങ്ങളെ സുരക്ഷിതയിടങ്ങളാക്കി. ഈ കഥകള്‍ രേഖപ്പെടുത്തേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് എനിക്കു തോന്നി. ഒരു മാധ്യമ പ്രവര്ത്തകന് എന്ന നിലയിലല്ല, ഒരു അത്യാപത്തിന്റെ മുഖത്ത് അനുകമ്പയുടേയും ഭൂതദയയുടേയും ഉണര്‍വിനു സാക്ഷ്യം വഹിച്ചവന് എന്ന നിലയില്‍.
ആ ചിന്തകളില്‍ നിന്നാണ് ”റോയിങ്ങ് ബിറ്റ്വീന് റൂഫ്ടോപ്സി”ന്റെ ജനനം. പ്രധാന മാധ്യമങ്ങള്‍ പലപ്പോഴും അവഗണിക്കുന്ന ധീരപ്രവര്ത്തനങ്ങളെ രേഖപ്പെടുത്താന്‍. മാത്രമല്ല അതില്‍ വ്യക്തിപരമായും ചിലതുണ്ട്. ഞാന്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ രക്ഷാപ്രവര്‍ത്തകരില്‍ വളരെയധികമാളുകള്‍ ഒരു കാലത്ത് ഞാന്‍ പ്രവര്‍ത്തിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്ന അതേ തീരദേശ സമുദായങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് രക്ഷപ്പെടുത്തുക എന്നത് ഒരു വീരനായകപരിവേഷം ലഭിക്കാനുള്ള പ്രവര്‍ത്തനമായിരുന്നില്ല. അവര്‍ക്കത് അവരുടെ കര്‍ത്തവ്യവും സമൂഹത്തിനോടുള്ള ഐക്യദാര്‍ഢ്യവുമായിരുന്നു.
പ്രസാധനത്തിനു ശേഷം ആ പുസ്തകം ക്ലാസ് മുറികളിലും, ആശ്വാസനയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലും, എന്തിന് അത്യാപത്തുകളോടെങ്ങനെ പ്രതികരിക്കണം എന്നതിനായുള്ള പരിശീലന പരിപാടികളിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അതിലെല്ലാം ഉപരിയായി, പലപ്പോഴും ”ഇരകള്‍” എന്ന നാമത്തില്‍ എഴുതി തള്ളപ്പെടുന്ന അതേ സമുദായത്തിന്റെ കുലീനത്തം, പ്രവര്‍ത്തനശക്തി എന്നിവയെ ഉറപ്പിക്കാനും അതു സഹായിച്ചു. വ്യക്തിപരമായി അതെന്നെ ഞാന്‍ എന്തുകൊണ്ട് ഈ ജോലി ചെയ്യുന്നു എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു. ശ്രദ്ധിക്കപ്പെടേണ്ട സ്വരങ്ങള്‍ കൂടുതല്‍ ഉച്ചത്തിലാക്കാന്‍, പ്രത്യേകിച്ചും ആപല്‍സന്ധികളില്‍.
ഡോക്ടര്‍ ശ്വേത കുമാരി: ”അണ്ഡോക്യുമെന്റട്: സ്റ്റോറീസ് ഓഫ് ഇന്ത്യന്‍ മൈഗ്രന്റ്സ് ഇന്‍ അറബ് ഗള്‍ഫ്” എന്ന കൃതി എങ്ങനെയാണ് ഗള്‍ഫിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കിടയില്‍ നിന്നും രേഖകളില്ലാത്തത്തിന്റെ , രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്തത്തിന്റെ വൈഷമ്യങ്ങള്‍, സാംസ്കാരിക ഒറ്റപ്പെടല്‍, ഭാഷാ തടസ്സങ്ങള്‍, വ്യക്തിത്വ സ്വത പ്രതിസന്ധി എന്നിവ കൂടിക്കലര്‍ന്നുള്ള അവസ്ഥയെ വെളിപ്പെടുത്തുന്നത്? തീര്‍ത്തും വ്യക്തിപരമായ ഈ അനുഭവങ്ങളെ പ്രതിനിധീകരിക്കുമ്പോള്‍ താങ്കള്‍ക്ക് ഏറ്റവും വെല്ലുവിളിയായി അനുഭവപ്പെട്ടതെന്തായിരുന്നു?
റജിമോന്‍ കുട്ടപ്പന്: ”അണ്ഡോക്യുമെന്റട്: സ്റ്റോറീസ് ഓഫ് ഇന്ത്യന്‍ മൈഗ്രന്റ്സ് ഇന്‍ അറബ് ഗള്‍ഫ്” എന്ന കൃതി നിയമാനുസാരമുള്ള രേഖകളില്ലാതെ ജീവിക്കുകയും തൊഴില്‍ ചെയ്യുകയും ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ തുറന്ന് കാണിക്കുന്നതാണ്. അവരുടെ കഥകളിലൂടെ ഈ പുസ്തകം സ്വത പ്രതിസന്ധി എന്ന പ്രശ്നം ഒരു വൈകാരികത മാത്രമാകാതെ അതിജീവനത്തിനു വെല്ലുവിളികൂടിയാകുന്നു എന്നതിനെക്കുറിച്ച് പര്യവേഷണം നടത്തുന്നു.
ഇവ കേവലം ദാരിദ്ര്യം തൊഴില്‍ ക്ലേശങ്ങള്‍ എന്നിവയുടെ കഥയല്ല. തുടച്ചു മായ്ക്കപ്പെട്ടവരുടെ കഥകളാണ്. ത്രിശങ്കുവില്‍, അനിശ്ചിതത്വത്തില്‍ ജീവിക്കുന്നവരുടെ കഥ. പല കുടിയേറ്റക്കാരും ചൂഷണം നടത്തുന്ന കഫാല (സ്പോണ്‍സര്‍ഷിപ്) വ്യവസ്ഥയില്‍ അകപ്പെട്ടിരിക്കുന്നു. അത് തൊഴിലുടമകള്‍ക്ക് അവരുടെ നിയമപരമായ സ്ഥാനം, അവരുടെ ചലനങ്ങള്‍, ജീവനോപാധി എന്നിവയ്ക്ക് മീതെ ആനുപാതികമല്ലാത്ത നിയന്ത്രണം നല്കുന്നു. പാസ്പോര്‍ട്ട് പിടിച്ചു വയ്ക്കല്‍, വേതന മോഷണം, നിര്‍ബന്ധ തൊഴില്‍ എന്നിവയെല്ലാം അതുവഴി അനുവദിക്കപ്പെടുന്നു. അവര്‍ക്ക് നീതിയിലേക്ക് അധികം പ്രവേശനമില്ല, അല്ലെങ്കില്‍ തീരെയില്ല. അടിസ്ഥാനാവകാശങ്ങള്‍ നിരന്തരം നിരസിക്കപ്പെടുന്നു. ഈ ദുരുപയോഗത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ അവരെ തടവിലിടുക അല്ലെങ്കില്‍ നാടുകടത്തുക എന്നതിലേക്ക് നയിക്കുന്നു.
ഈ അനുഭവങ്ങളെ സത്യസന്ധമായും ബഹുമാന്യതയോടെയും പ്രതിനിധീകരിക്കുക എന്നതായിരുന്നു ഏറ്റവും വിഷമകരമായ ഭാഗം. പലരും പ്രതികാരം അല്ലെങ്കില്‍ അപകീര്‍ത്തിയുണ്ടാകും എന്ന് ഭയന്നു. അതിനാല്‍ അവരുടെ വിശ്വാസം നേടിയെടുക്കാന്‍ സമയമെടുത്തു. അവര്‍ അജ്ഞാതരായിരിക്കുന്നു എന്നെനിക്ക് ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു. അവരുടെ സുരക്ഷ സമവായപ്പെടുത്താതെ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടായിരുന്നു. അതിനൊപ്പം അവരുടെ സ്വരത്തിലെ പരുക്കന്‍ രീതികള്‍ നിലനിര്‍ത്തേണ്ടതുമുണ്ടായിരുന്നു. ഞാനപ്പോള്‍ വെറുതെ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നില്ല. വേദന, കുലീനത്തം, ചെറുത്തു നില്പ് എന്നിവയ്ക്കായി ഒരു ഇടം നല്‍കുകയായിരുന്നു. അതിലെ ഉത്തരവാദിത്വം അന്നും ഇന്നും സമൂലവും അഗാധവുമാണ്. അവരുടെ കഥകള്‍ അതിജീവനത്തിന്റെ പ്രമാണങ്ങള്‍ മാത്രമല്ല. പരിഷ്കരണം, ധാര്‍മ്മിക ഉത്തരവാദിത്വം, അംഗീകാരം എന്നിവയ്ക്കുള്ള അടിയന്തിര ആവശ്യങ്ങള്‍ കൂടിയായിരുന്നു.

ഡോക്ടര്‍ ശ്വേത കുമാരി: സ്ത്രീ കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന അക്രമങ്ങളെക്കുറിച്ച് നിങ്ങള്‍ എടുത്തെഴുതിയിരിക്കുന്നു. അതില്‍ ‘പുരുഷനിയന്ത്രണമുള്ള വ്യവസ്ഥയുടേയും വ്യക്തിത്വമില്ലാത്തതിന്റേയും ഇരട്ട ആക്രമണങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.’ ഇത്തരം മര്‍മ്മപ്രധാനമായ വിഷയങ്ങളില്‍ സ്ത്രീ അനുഭങ്ങളെക്കുറിച്ചെഴുതുമ്പോഴുള്ള താങ്കളുടെ സമീപനം എന്താണ്.
റജിമോന്‍ കുട്ടപ്പന്: സ്ത്രീ കുടിയേറ്റ തൊഴിലാളികളെക്കുറിച്ച്, പ്രത്യേകിച്ചും അക്രമം, ചൂഷണം, അദൃശ്യവത്കരണം എന്നിവയെ നേരിടുന്നവരെക്കുറിച്ച്, എഴുതുക എന്നതിനു ആഴത്തിലുള്ള ഉത്തരവാദിത്വവും സൂക്ഷ്മതയും വേണ്ടതാണ്. ഞാന്‍ ”ഇരട്ട ആക്രമണം” എന്ന് വിളിച്ചത് അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണവരില് പലരും. അതായത് പുരുഷ മേധാവിത്വം അവരുടെ ശരീരത്തേയും തിരഞ്ഞെടുപ്പുകളേയും നിയന്ത്രിക്കുക, അവരുടെ ക്ലേശങ്ങളെ മറച്ചുപിടിക്കാനായി അവരെ അജ്ഞാതരാക്കുക എന്നിങ്ങനെയുള്ള ഇരട്ട ആക്രമണം. അവരില്‍ പലരും ഗാര്‍ഹിക ജോലികളിലേക്ക് അല്ലെങ്കില്‍ നിര്‍ബന്ധിതമായി ആതുര സേവനങ്ങളിലേക്ക്, മനുഷ്യക്കടത്തുവഴി എത്തിപ്പെടുകയോ അല്ലെങ്കില്‍ പ്രലോഭനങ്ങളില്‍ അകപ്പെട്ടെത്തുകയോ ചെയ്യുന്നവരാണ്. അവര്‍ അടച്ചിട്ട വാതിലുകള്‍ക്ക് പുറകില്‍ ജീവിക്കുന്നു. പൊതുജനങ്ങളുടേയും നിയമ സംരക്ഷണങ്ങളുടേയും കാഴ്ചകളില്‍ നിന്നും മറച്ചു പിടിച്ച്.
അവരുടെ കഥകള്‍ രേഖപ്പെടുത്തുമ്പോള്‍ ഞാന്‍ ആദ്യം വിശ്വാസത്തിന്റെ ഇടം സൃഷ്ടിച്ചെടുക്കുന്നു. അതിനായി പലപ്പോഴും ചോദ്യങ്ങളെന്തെങ്കിലും ഉന്നയിക്കുന്നതിനു മുമ്പ് നിശ്ശബ്ദം കേട്ടുകൊണ്ടിരിക്കുന്നു. അതില്‍ പലര്‍ക്കും സംസാരിക്കുക എന്നതു തന്നെ അതിധീരമായ ഒരു പ്രവര്‍ത്തനമാകുന്നു എന്ന് എനിക്കറിയാം. കഥകള്‍ പൂര്‍ത്തീകരിക്കാന്‍ ഞാന്‍ തിരക്കു കൂട്ടാറില്ല. അതിനൊപ്പം മുന്‍ നിരയിലുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍, അഭയകേന്ദ്രങ്ങളിലെ ജീവനക്കാര്‍, നിയമ വക്കീലന്മാര് എന്നിവരുമൊത്തും ഞാന്‍ പ്രവര്‍ത്തിക്കുന്നു. അതായത് ഇത്തരം സ്ത്രീകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ തയ്യാറുള്ളവര്‍. അതുവഴി അവര്‍ അഭിമുഖീകരിക്കുന്ന ഘടനാപരമായ തടസ്സങ്ങള്‍ എന്തൊക്കെ എന്ന് ഞാന്‍ കൂടുതല്‍ അടുത്തറിയുന്നു.
സമ്മതം, സ്വകാര്യതയും രഹസ്യാത്മകതയും, സുരക്ഷ എന്നിവയാണു മുഖ്യം. പലപ്പോഴും അവരെ സംരക്ഷിക്കുന്നതിനായി വ്യക്തിവിവരങ്ങള്‍ ഞാന്‍ അജ്ഞാതമക്കാറുണ്ട്, വിശദാംശങ്ങളില്‍ മാറ്റം വരുത്താറുണ്ട്. എന്നാല്‍ അതിനൊപ്പം അവരുടെ അനുഭവങ്ങളുടെ വൈകാരിക സത്യം നിലനിര്‍ത്തപ്പെടുന്നു എന്നുറപ്പാക്കുകയും ചെയ്യും. എന്റെ ലക്ഷ്യം അവരുടെ വേദനയെ ഉപയോഗിച്ച് ഒച്ചപ്പാടുകളോ അതിവൈകാരികതയോ സൃഷ്ടിച്ചെടുക്കുകയല്ല, അവരുടെ മാര്‍ഗ്ഗത്തെ ബഹുമാന്യമാക്കുകയാണ്. ഏറ്റവും കഠിനമായ അവസ്ഥകളില്‍ പോലുമവര്‍ പ്രതിരോധിക്കുകയും, സഹിക്കുകയും അവരുടെ അവകാശങ്ങള്‍ കാണുകയും കേള്‍ക്കുകയും വേണമെന്നവര്‍ എങ്ങനെ നിര്‍ബന്ധം പിടിക്കുന്നു എന്ന് കാണിക്കുക. അവരെക്കുറിച്ചെഴുതുന്നത് വെറും കഥ പറച്ചിലല്ല. അത് ഐക്യദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനം കൂടിയാണ്.

ഡോക്ടര്‍ ശ്വേത കുമാരി: താങ്കള്‍ എടുത്തു കാണിക്കുന്ന മറ്റൊരു നിര്‍ണ്ണായക പ്രശ്നം രേഖകളില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ നിയമപരമായ തിരിച്ചറിയലോ ഔദ്യോഗിക അംഗീകാരമോ ഇല്ലാതെ വളരേണ്ടിവരുന്ന ദുരവസ്ഥയാണ്. ഇത് അവരുടെ മാതൃ രാജ്യത്തും ആതിഥേയ രാജ്യത്തും അവരുടെ ഭാവി തലമുറകളെ എങ്ങനെ ബാധിക്കും എന്നാണു താങ്കള്‍ വിലയിരുത്തുന്നത്?
റജിമോന്‍ കുട്ടപ്പന്: രേഖകളില്ലാത്തവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് മിക്കപ്പോഴും അവരുടെ മാതാപിതാക്കളുടെ അതേ അദൃശ്യത പൈതൃകമായി ലഭിക്കുന്നു. ജനന സര്‍ട്ടിഫിക്കറ്റോ, നിയമസാധുതയുള്ള തിരിച്ചറിയലോ, വിദ്യഭ്യാസം, ആരോഗ്യം, പൗരത്വം തുടങ്ങിയ അടിസ്ഥാന അവകാശങ്ങളിലേക്ക് പ്രവേശനമോ ഇല്ലാതെ. പല ഗള്‍ഫ് രാജ്യങ്ങളിലും, ദേശീയത എന്നത് പൈതൃകവുമായി ബന്ധപ്പെട്ടതാണ്. അതിനൊപ്പം നിയമസാധുതയോടുകൂടിയ താമസത്തിന്റേയും. അതിനാല്‍ ഈ കുട്ടികള്‍, അവര്‍ പ്രത്യേകിച്ചും വിവാഹേതര ബന്ധത്തില്‍ നിന്നോ, ഭര്‍ത്താവില്ലാത്ത സ്ത്രീയ്ക്കോ ജനിച്ചവരാണെങ്കില്‍ നിയമപരമായി ത്രിശങ്കുവിലാകുന്നു.
അങ്ങനെയൊരു തിരിച്ചറിയല്‍ ഇല്ലാത്തത് അവരുടെ വര്‍ത്തമാനകാലത്തെ മാത്രമല്ല ബാധിക്കുന്നത്, അവരുടെ മൊത്തം ഭാവിയും അതനുസരിച്ച് രൂപപ്പെടുത്തും. രേഖകളില്ലാത്തതിനാല്‍ ഔപചാരിക സ്കൂള്‍ പ്രവേശനങ്ങള്‍ സാധ്യമാകില്ല. പൊതു സേവനങ്ങളിലേക്ക് പ്രവേശനമില്ല. കുലീനത്തം, സഞ്ചാരം എന്നിവയെയൊക്കെ അത് ബാധിക്കുകയും അവരതില്‍ നിന്ന് പുറത്താകുകയും ചെയ്യും. പുറത്താക്കപ്പെടലിനെ ആന്തരീവത്കരിച്ചുകൊണ്ടായിരിക്കും അവര്‍ വളരുന്നത്. ഇതുമൂലം ഇതില്‍ ചിലര്‍ വളരെ ചെറുപ്പത്തില്‍ തന്നെ അനൗപചാരികമോ ചൂഷണമുള്ളതോ ആയ ജോലികളില്‍ ചെന്നു പെടും. അതുവഴി അവര്‍ അവരുടെ സന്ദിഗ്ദതയുടേയും അരികുവത്കരണത്തിന്റേയും ചാക്രികവലയത്തില് കൂടുതല്‍ അകപ്പെടുകയും ചെയ്യും.
അവരുടെ മൂല രാജ്യത്തില്‍, പ്രത്യേകിച്ചും ദക്ഷിണേഷ്യയില്‍, ഇങ്ങനെയുള്ള കുട്ടികള്‍ തിരിച്ചെത്തുമ്പോള്‍ അവരെ സമൂഹത്തിലേക്കുള്ച്ചേര്ക്കാനും അധികം പിന്തുണയൊന്നുമുണ്ടാകാറില്ല. അങ്ങനെ അവര്‍ എവിടെയുമില്ലാത്തവരാകുന്നു. അവര്‍ മനുഷ്യക്കടത്ത്, ദാരിദ്ര്യം, ദുരുപയോഗം എന്നിവയ്ക്ക് എളുപ്പത്തില്‍ ഇരകളാകുന്നു.
ഇതൊരു നിയമപരമായ പരാജയം മാത്രമല്ല. തലമുറകളിലൂടെ നിശ്ശബ്ദം തുറന്ന് വയ്ക്കപ്പെടുന്ന ഒരു മനുഷ്യാവകാശ ആപല്സന്ധികൂടിയാണ്. രാജ്യമില്ലാത്ത ഇത്തരം കുട്ടികളെ അവഗണിക്കുന്നത് തുടര്‍ന്നാല്‍, ഒഴിവാക്കലില്‍ വേരൂന്നിയ ഒരു ഭാവിയെ നിര്മ്മിച്ചെടുക്കുകയാകും നമ്മള്. അവരുടെ കഥകള്‍ കേള്‍ക്കേണ്ടതുണ്ട്. സര്‍ക്കാരുകള്‍, അതവരുടെ സ്വന്തം രാജ്യത്തിന്റേതായാലും ആതിഥേയ രാജ്യത്തിന്റേതായാലും, അവരെ തിരിച്ചറിയുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉത്തരവാദിത്വമുള്ളവരായിരിക്കേണ്ടതുണ്ട്.
ഡോക്ടര്‍ ശ്വേത കുമാരി: താങ്കളുടെ അഭിപ്രായത്തില്‍, ഇന്ത്യയിലായാലും ഗള്‍ഫ് രാജ്യങ്ങളിലായാലും കുടിയേറ്റ തൊഴിലാളികളുടെ ചൂഷണത്തിനേറ്റവും അധികം സംഭാവന നല്‍കുന്നത് ഏതൊക്കെ വ്യവസ്ഥാപരമായ അല്ലെങ്കില്‍ നയപരമായ പരാജയങ്ങളാണ്?
റജിമോന്‍ കുട്ടപ്പന്: ഒരു മാധ്യമപ്രവര്ത്തകന് എന്ന നിലയിലും നിര്‍ബന്ധിത തൊഴിലുകളെക്കുറിച്ചുള്ള അന്വേഷകന് എന്ന നിലയിലുമുള്ള എന്റെ അനുഭവങ്ങള്‍ പറയുന്നത് കുടിയേറ്റ തൊഴിലാളികളുടെ ചൂഷണം ഇന്ത്യയിലേയും ഗള്‍ഫിലേയും ആഴമറിയ നയപരമായ പരാജയങ്ങള്‍ മൂലം സംഭവിക്കുന്നവയാണെന്നാണ്.
ഇന്ത്യയുടെ ഭാഗത്തുനിന്നിപ്പോഴും ഇത്തരം കുടിയേറ്റങ്ങളെ നിയന്ത്രിക്കാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ ദരിദ്രമാണ്, ഉള്ളതാകട്ടെ അസമത്വമുള്ളവയുമാണ്. അനേകം തൊഴിലാളികളെ അനൗപചാരിക അല്ലെങ്കില്‍ റജിസ്ട്രേഷന് ഇല്ലാത്ത ഏജന്റുമാര്‍ മുഖേനയാണു നിയമിക്കുന്നത്. അവര്‍ ശിക്ഷാഭയമില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ്. മേല്‍നോട്ടത്തിന്റെ അഭാവമുണ്ട്. തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവിടേക്ക് പോകുന്നതിനു മുമ്പുള്ള പരിശീലനം ബലഹീനമാണ്. വിദേശങ്ങളില്‍ ദുരിതങ്ങളിലാകുന്നവര്ക്ക് എത്തിച്ചേരാവുന്ന നിയമസഹായങ്ങളുടെ അഭാവമുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്ക് ക്ഷേമ ബോഡുകളുണ്ട്. എന്നാല്‍ അവയുടെ പ്രാപ്യതയ്ക്ക് പരിമിതിയുണ്ട്. പ്രത്യേകിച്ചും അത് രേഖകളില്ലാത്ത അഥവാ ”ക്രമപ്പെടുത്താത്ത” തൊഴിലാളികളുടെ കാര്യത്തിലാകുമ്പോള്‍. എമിഗ്രേഷന്‍ ആക്ട് തന്നെ കാലഹരണപ്പെട്ടിരിക്കുന്നു. ആധുനിക തൊഴില്‍ കുടിയേറ്റത്തിന്റെ സങ്കീര്‍ണ്ണമായ യാഥാര്‍ത്ഥ്യങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നില്ല.
ഗള്‍ഫിലെ കഫാല വ്യവസ്ഥ (സ്പോസര്ഷിപ്) ചൂഷണത്തെ സഹായിക്കുന്ന ഏറ്റവും വലിയ ഘടകമാണ്. അത് തൊഴിലാളികളുടെ നിയപരമായ അവസ്ഥകളെ അവരുടെ തൊഴിലുടമയുമായി ബന്ധിപ്പിക്കുന്നു. പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കല്‍, വേതന മോഷണം, നിര്‍ബന്ധിത തൊഴില്‍, ചലനങ്ങളില്‍ നിയന്ത്രണം എന്നിവ സാധ്യമാക്കുന്നു. തൊഴിലാളികള്‍ക്ക് നിയമപരമായ പ്രതിവിധികളിലേക്ക് പലപ്പോഴും എത്തിച്ചേരാന്‍ തന്നെയാകാറില്ല. പ്രത്യേകിച്ചും അവര്‍ രേഖകളില്ലാത്തവരോ തിരിച്ചടികളെ ഭയക്കുന്നവരോ ആണെങ്കില്‍. വീട്ടുജോലിക്കാര്‍ പ്രത്യേകിച്ചും, പല രാജ്യങ്ങളിലും, തൊഴില്‍ സംരക്ഷണങ്ങള്‍ക്ക് പുറത്താണ്. അതവരെ ദുര്‍വിനിയോഗം ചെയ്യുന്നതെളുപ്പമാക്കുന്നു.
ചൂഷണത്തെ മോശമാക്കുന്നതിനു മറ്റൊരു കാരണം രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമാണ്. ധാര്‍മ്മിക ഉത്തരവാദിത്വം നിര്‍ബന്ധമാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി. കുടിയേറ്റങ്ങളില്‍ നിന്നും അവരയക്കുന്ന പണത്തില്‍ നിന്നും ഇരു രാജ്യങ്ങള്‍ക്കും ഗുണമുണ്ടാകുന്നുണ്ട്. എന്നാല്‍ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെ സുരക്ഷിതമാക്കുന്നതിനുള്ള ഉത്തരവാദിത്വം പൂര്‍ണ്ണമായി ഇരു രാജ്യങ്ങളും ഏറ്റെടുക്കുന്നില്ല. ഈ കപടസന്ധിയും അതിനൊപ്പം വംശീയത, വര്‍ഗ്ഗ പക്ഷപാദം, നിയമപരമായ പഴുതുകള്‍ എന്നിവയും ചേര്‍ന്ന് നിശ്ശബ്ദതയില്‍ തഴച്ചു വളരുന്ന ഒരു വ്യവസ്ഥയെ സൃഷ്ടിക്കുന്നു.
യഥാര്‍ത്ഥ പരിഷ്കരണത്തിനു നയങ്ങളില്‍ സൗന്ദര്യവര്‍ദ്ധകമായ മാറ്റങ്ങള്‍ മാത്രം വരുത്തിയതുകൊണ്ടാകില്ല. അവകാശങ്ങള്‍ നിര്‍ബന്ധമാക്കുക, ഇരുകക്ഷികള്‍ക്കും ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടായിരിക്കുക, തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയില്‍ കുടിയേറ്റ സ്വരങ്ങള്‍ കേന്ദ്രത്തിലുണ്ടാകുക എന്നിവ കൂടി ആവശ്യമാണ്.

ഡോക്ടര്‍ ശ്വേത കുമാരി: ഗള്‍ഫിലെ കുടിയേറ്റ തൊഴിലാളികളുടെ ചൂഷണങ്ങളെ കുറിച്ചുള്ള താങ്കളുടെ റിപ്പോര്‍ട്ടുകള്‍ പ്രമുഖ മാധ്യമ വേദികളില്‍ ഇടം നേടിയിട്ടുണ്ട്. അതിര്‍ത്തികള്‍ മറികടക്കുന്ന ഇത്തരം അത്യന്തം സൂക്ഷ്മമായ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, വിവരങ്ങളിലേക്കുള്ള പ്രവേശനം, സ്വന്തം സുരക്ഷ, വിശ്വാസ്യത നിലനിര്‍ത്തല്‍ എന്നിവയുടെ തലങ്ങളില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
റജിമോന്‍ കുട്ടപ്പന്: ഗള്‍ഫിലെ കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് റിപ്പോര്‍ട്ട് ചെയ്യുക എന്നത് നിറയെ വെല്ലുവികളുള്ള ഒന്നാണ്. അത് വ്യക്തിപരമായും ജോലി സംബന്ധമായുമുണ്ട്. അവര്ക്കരികിലേക്കുള്ള പ്രവേശനമാണ് ആദ്യ തടസ്സം. പല കുടിയേറ്റ തൊഴിലാളികളും ഒറ്റപ്പെട്ടാണ് ജീവിക്കുന്നതും ജോലി ചെയ്യുന്നതും. അത് നിര്‍മ്മാണ മേഘലകളിലോ, തൊഴിലാളി ക്യാമ്പുകളിലോ, സ്വകാര്യ വീടുകളിലോ ആകാം. അവിടേക്ക് പ്രവേശനത്തിനു പരിമിതികളുണ്ട്. പ്രത്യേകിച്ചും മാധ്യമ പ്രവര്‍ത്തകര്‍ക്ക്. സൂക്ഷ്മപരിശോധനകളോട് തൊഴിലുടമകളും അധികാരികളും പലപ്പോഴും അക്രമാസക്തരാകും. അതിനൊപ്പം കുടിയേറ്റ തൊഴിലാളികളില്‍, അവര്‍ക്ക് ജയിലില്‍ പോകേണ്ടി വരുമോ, അവരെ നാടുകടത്തുമോ, അവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമോ തുടങ്ങിയ ഭയങ്ങളുമുണ്ട്. അതുകൊണ്ടവര്‍ മിക്കപ്പോഴും സംസാരിക്കാന്‍ വിമുഖത കാണിക്കും. സാധാരണങ്ങളായ അനൗപചാരിക സംഭാഷണങ്ങള്‍ക്ക് പോലും വിമുഖത കാണിക്കും.
സുരക്ഷ തന്നെയാണ് സ്ഥായിയായ ആശങ്ക. ഗള്‍ഫില്‍ തൊഴില്‍ നിയമങ്ങളേയോ മനുഷ്യക്കടത്തിനേയോ കുറിച്ചെഴുതുന്ന, അന്വേഷിക്കുന്ന, മാധ്യമ പ്രവര്‍ത്തകര്‍, നിരീക്ഷണം, ചോദ്യം ചെയ്യല്‍, നാടുകടത്തല്‍, എന്നിങ്ങനെയുള്ള അപായങ്ങളെ നേരിടേണ്ടി വരും. ഞാനത് നേരിട്ടനുഭവിച്ചിട്ടുള്ളാതാണ്. ഭരണകൂടം ഒരിക്കല്‍ നിങ്ങളെ ഒരു റിപ്പോര്‍ട്ടര്‍ എന്നതിലുപരി അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവന് എന്ന നിലയില്‍ കണ്ടു തുടങ്ങിയാല്‍ പിന്നെ നിങ്ങളുടെ സാന്നിദ്ധ്യം സ്വാഗതമില്ലാത്തതാകും. സ്ഥാപനങ്ങളുടെ സംരക്ഷണമില്ലാതെ, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് ഈ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിക്കും. ഒമാന്‍, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ എനിക്ക് നിരോധനമുണ്ട്.
വിശ്വാസ്യത എന്നത് മറ്റൊരു സങ്കീര്‍ണ്ണതയാണ്. സര്‍ക്കാരുകളും കോര്‍പ്പറേറ്റുകളും മിക്കപ്പോഴും താത്പര്യപ്പെടുക ഈ കഥകളെ ”ഒറ്റപ്പെട്ടവ”എന്ന് പറഞ്ഞ് വിശ്വാസ്യതയില്ലാത്തതാക്കാനാണ്. ഒറ്റപ്പെട്ടവ അല്ലെങ്കില്‍ രാഷ്ട്രീയ താത്പര്യങ്ങളുള്ളവ. അതിനാല്‍ എല്ലാ സത്യങ്ങളും ഒരിക്കല്‍ കൂടി പുനപരിശോധിക്കേണ്ടി വരും. ഓരോ പ്രമാണങ്ങളും രണ്ടിലേറെ തവണ പരിശോധിക്കേണ്ടി വരും. ഇവയെല്ലാം മനുഷ്യാവകാശ ലംഘന കഥകളാണെന്നതിനാല്, ഒരു തെറ്റുപറ്റിയാല്‍ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ വലിയ പ്രത്യാഘാതകള്‍ ഉണ്ടായേക്കും.
ഇത്തരത്തില്‍ അപായങ്ങളെല്ലാമുണ്ടെങ്കിലും കഥകള്‍ പറയേണ്ടതുണ്ട്. കാരണം നിശ്ശബ്ദത കൂടുതല്‍ ദുരുപയോഗങ്ങള്‍ക്ക് കാരണമാക്കും. ഞാന്‍ പലപ്പോഴും പ്രാദേശിക മനുഷ്യാവകാശ സംഘങ്ങളുമൊത്തു പ്രവര്‍ത്തിക്കാറുണ്ട്. രഹസ്യ ചാനലുകള്‍ ഉപയോഗിക്കാറുണ്ട്. സ്രോതസ്സുകളെ സംരക്ഷിക്കാനായി വ്യക്തിവിവരങ്ങള്‍ അജ്ഞാതമാക്കാറുണ്ട്. ഈ കഥകള്‍ ചൂഷണത്തെക്കുറിച്ച് മാത്രമല്ലല്ലോ. അവ അധികാരം, ചെറുത്തു നില്പ്, കുലീനത്വം എന്നിവയെക്കുറിച്ചു കൂടിയാണ്. അതുകൊണ്ടുകൂടിയാണവ അപായങ്ങളുണ്ടെങ്കിലും ഏറ്റെടുക്കാന്‍ യോഗ്യമാകുന്നത്.
ഡോക്ടര്‍ ശ്വേത കുമാരി: ഈ അനീതികള്‍ നേരിടാന്‍ ഐ.എല്‍.ഒ പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ മതിയായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് തോന്നുന്നുണ്ടോ? ഭരണകൂടങ്ങളെയും തൊഴില്‍ദാതാക്കളെയും അവരുടെ ഉത്തരവാദിത്വങ്ങളോട് ധാര്മ്മികതയുള്ളവരായി നിര്‍ത്താന്‍ ഇനിയും എന്തെല്ലാം ചെയ്യപ്പെടണം?
റജിമോന്‍ കുട്ടപ്പന്: ഐ എല്‍ യും മറ്റ് അന്താരാഷ്ട്ര സംഘടനകളും ആഗോള തലത്തില്‍ തൊഴില്‍ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്നതിലും തൊഴിലിടങ്ങളിലെ ചൂഷണങ്ങളെ രേഖപ്പെടുത്തുന്നതിലും നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ടെങ്കിലും, തൊഴിലിടങ്ങളില്‍, പ്രത്യേകിച്ചും ഗള്‍ഫിലും ഇന്ത്യയെപ്പോലെ കുടിയേറ്റ തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളിലും അവയുടെ സ്വാധീനം പരിമിതമാണ്. അതിനു പ്രധാന കാരണം അവരുടെ സ്വാധീനം ഉപദേശാത്മകമാണ് അല്ലാതെ നിര്‍ബന്ധിക്കാന്‍ അവര്‍ക്കാകില്ല എന്നതാണ്. സര്‍ക്കാരുകളും തൊഴിലുടമകളും പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കുകയും പൊതു പ്രതിജ്ഞാബദ്ധതകള്‍ പ്രകടമാക്കുകയും ചെയ്യും. എന്നാല്‍ അവ നടപ്പിലാക്കുന്നതില്‍ ബലഹീനത കാണാം. അല്ലെങ്കില്‍ അവ നടപ്പിലാക്കാതിരിക്കുന്നതു കാണാം. സി 189 (ഗാര്‍ഹിക തൊഴിലാളികള്ക്കായുള്ളത്) അല്ലെങ്കില്‍ സി 29 (നിര്‍ബന്ധിത തൊഴില്‍) പോലെയുള്ള ഐ എല്‍ ഒ കണ്‍വെന്‍ഷനുകള്‍ സൈദ്ധാന്തികമായി ശക്തിയുള്ളവയാണ്. എന്നാല്‍ പല പ്രധാന രാജ്യങ്ങളും അവയെ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അവര്‍ അംഗീകരിച്ചാലും അവ നടപ്പില്‍ വരുത്തുന്നു എന്ന് ഉറപ്പാക്കാനുള്ള സംവിധാനങ്ങളൊന്നുമില്ല. കഫാല, വേതന മോഷണം, നിയമപരമായ സഹായം എന്നിവപോലെയുള്ള വ്യവസ്ഥകള്‍ക്ക് കീഴില്‍ കുടിയേറ്റ തൊഴിലാളികള്‍ ക്ലേശങ്ങള്‍ സഹിച്ചുകൊണ്ടേയിരിക്കുന്നു. അതേ സമയം അന്താരാഷ്ട്ര സംഘടനകള്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തും, യോഗങ്ങള്‍ നടത്തിയും മറ്റും മുന്നോട്ടു പോകുന്നു.
ഇവിടെ ഇല്ലാത്തത്ത് രാഷ്ട്രീയ സമ്മര്‍ദ്ധവും ധാര്‍മ്മിക ഉത്തരവാദിത്വവുമാണ്. ഐ എല്‍ ഒയും മറ്റു സംഘടനകളും മൃദുത്വമേറിയ നയതന്ത്രത്തിനപ്പുറത്തേക്കു നീങ്ങണം. തൊഴില്‍ നിയമങ്ങളെ അപമാനിക്കുന്ന സര്‍ക്കാരുകളെ അവര്‍ പരസ്യപ്പെടുത്തി നാണം കെടുത്തണം. വ്യാപാര, നയതന്ത്ര അനന്തിര ഫലങ്ങള്‍ക്കായി സമ്മര്‍ദ്ധം ചെലുത്തണം. അടിസ്ഥാന തലത്തില്‍ തൊഴിലാളികളെ സഹായിക്കുന്ന സംഘടനകളെ പിന്തുണയ്ക്കണം. രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തും പരാതികള്‍ തീര്‍പ്പാക്കാനുള്ള യന്ത്രസംഹിതകള്ക്കായി അവര്‍ കൂടുതല്‍ കരുത്തോടെ സമ്മര്‍ദ്ധം ചെലുത്തണം. അങ്ങനെയാകുമ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയാലും തൊഴിലാളികള്‍ക്ക് നീതി തേടാനാകും.
അന്താരാഷ്ട്ര സംഘടനകള്‍ അധികാരത്തെ വെല്ലുവിളിക്കാന്‍ തയ്യാറാകാത്തിടത്തോളം അവരുടെ പ്രഭാവം സൂചനകളില്‍ ഒതുങ്ങും. അത് കോര്‍പറേറ്റ് താത്പര്യങ്ങളുടെ കാര്യത്തിലാകട്ടെ, രാജ്യത്തിന്റെ നയങ്ങളുടെ കാര്യത്തിലാകട്ടെ, നയതന്ത്ര ആശങ്കകളുടെ കാര്യത്തിലാകട്ടെ. വിനീതമായ ഇടപെടലുകളുടെ കാലം അവസാനിച്ചിരിക്കുന്നു. നമുക്കിപ്പോള്‍ ആവശ്യം ധീരതയുള്ളതും തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ളതുമായ പ്രവര്‍ത്തനമാണ്.
ഡോക്ടര്‍ ശ്വേത കുമാരി: തൊഴില്‍ കുടിയേറ്റത്തെക്കുറിച്ചുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്ങില്‍ താങ്കള്‍ ഇപ്പോള്‍ കാണുന്ന ന്യൂനതകള്‍ എന്തൊക്കെയാണ്? സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കും സവിധാനങ്ങള്ക്കും ആ വിടവുകള്‍ എങ്ങനെ നികത്താനാകും?
റജിമോന്‍ കുട്ടപ്പന്: മുഖ്യധാരാ മാധ്യമങ്ങള്‍ മിക്കപ്പോഴും തൊഴിലാളി കുടിയേറ്റങ്ങളെ അക്കങ്ങളുടെ കണക്കുകള്‍ നിരത്താനുള്ള കഥകളായാണു പരിഗണിക്കാറുള്ളത്. അവരില്‍ നിന്ന് വരുന്ന പണം, നിയമനത്തിന്റെ പ്രവണതകള്‍ അല്ലെങ്കില്‍ ദുഃഖകരമായ പര്യവസാനങ്ങള്‍ എന്നിങ്ങനെ. ഇവിടെ ഇല്ലാതായിരിക്കുന്നത് സ്ഥായിത്വമുള്ള, എവിടെയാണോ സംഭവിക്കുന്നത് അവിടെ നിന്നുള്ള, കുടിയേറ്റ തൊഴിലാളികളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ കേന്ദ്രീകരിച്ചുള്ള റിപ്പോര്‍ട്ടിങ്ങാണ്. അവരുടെ അരക്ഷിതാവസ്ഥകള്‍, വിഷമങ്ങള്‍, ചെറുത്തു നില്പുകള്, ഇലാസ്തികത എന്നിങ്ങനെ. ഒരു ആപല്സന്ധിയില് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരുന്നു. കോവിഡ്-19 അല്ലെങ്കില്‍ വലിയ രീതിയിലുള്ള രാജ്യഭ്രഷ്ട് അതിനുദാഹരണങ്ങളാണ്. പിന്നെ പെട്ടെന്ന് അസ്തമിക്കുന്നു. കഫാല, വേതന മോഷണം, മനുഷ്യക്കടത്ത്, പൗരത്വമില്ലായ്മ തുടങ്ങിയ ഘടനാപരമായ പ്രശ്നങ്ങള്‍ അധികം റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നു.
മാധ്യമ ഭാഷയില്‍ ഇന്റര്‍സെക്ഷനല്‍ കവറേജ് എന്ന് വിളിക്കുന്ന അന്തര്‍ബന്ധിത സമീപനത്തിന്റെ കുറവ് പ്രകടമായി കാണാവുന്നതാണ്. അതായത് ജാതി, ലിംഗം, പ്രദേശം, വര്‍ഗ്ഗം എന്നിവ കുടിയേറ്റ തൊഴിലാളികളുടെ അനുഭവത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നത്. ദളിത്, ആദിവാസി കുടിയേറ്റ തൊഴിലാളികളും, ഗാര്‍ഹിക ജോലികള്‍ക്ക് നിയമിക്കപ്പെടുന്ന സ്ത്രീ തൊഴിലാളികളും, രേഖകളിലില്ലാത്ത തൊഴിലാളികളും കുടിയേറ്റ തൊഴിലാളികളുടെ കഥകള്‍ പറയുമ്പോള്‍ മിക്കപ്പോഴും അദൃശ്യരായി തുടരുന്നു. ഈ മായ്ച്ചു കളയല്‍ വ്യവസ്ഥാപിതമായ അപമാനങ്ങളെ പരിശോധനിയില്ലാത്തവയായി തുടരുന്നതിനനുവദിക്കുന്നു.
സ്വതന്ത്ര മാധ്യപ്രവര്‍ത്തകര്‍ക്കും മണ്ഡലങ്ങള്‍ക്കും ഇവിടെ നിര്‍ണ്ണായകമായ ഒരു ഭാഗധേയം വഹിക്കാനുണ്ട്. നമുക്ക് സംഭവസഥലത്ത് സമയം ചിലവിടാനാകും. ആഴത്തില്‍ കേള്‍ക്കാനാകും. മുഖ്യധാരാ മാധ്യമങ്ങളെ പരിമിതപ്പെടുത്തുന്ന വാണിജ്യ, രാഷ്ട്രീയ സമ്മര്‍ദ്ധങ്ങളില്ലാതെ റിപ്പോര്‍ട്ട് ചെയ്യാനുമാകും. പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാനാകും. ഏറ്റവും അടിത്തട്ടിലുള്ളവരുമായി കൈകോര്‍ക്കാനാകും. സര്‍ഗ്ഗാത്മക രൂപങ്ങള്‍, അതായത് പ്രമാണങ്ങള്‍, ഫോട്ടോ ലേഖനങ്ങള്‍, പോഡ്കാസ്റ്റുകള്‍ എന്നിങ്ങനെയുള്ളവ, ഉപയോഗിക്കാനാകും. അതുവഴി കൂടുതല്‍ വിശാലമായ സദസ്സിലേക്കെത്താനുമാകും.
പക്ഷേ പിന്തുണ ഇനിയും ആവശ്യമുണ്ട്. എഡിറ്റോറിയല്‍ ഇടങ്ങള്‍, ധനം, നിയമ സംരക്ഷണം എന്നിങ്ങനെയുള്ള പിന്തുണകള്‍. തൊഴിലാളി കുടിയേറ്റത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഒരു മാധ്യമ അന്തരീക്ഷം നമുക്ക് വേണമെങ്കില്‍, അടിത്തട്ടിനോട് ഏറ്റവും അടുത്തുള്ള സ്വരങ്ങളില്‍, മിക്കപ്പോഴും ഏറ്റവും നിശ്ശബ്ദരാക്കപ്പെടുന്നവരില് നിക്ഷേപമിറക്കണം.
ഡോക്ടര്‍ ശ്വേത കുമാരി: താങ്കളുടെ അടുത്ത മുഖ്യ പദ്ധതി അല്ലെങ്കില്‍ പുസ്തകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണ്? മാത്രമല്ല, താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ മാധ്യമപ്രവര്‍ത്തകരെ, പ്രത്യേകിച്ചും അരികുവത്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ളവരെ എങ്ങനെ സ്വാധീനിക്കും എന്നാണു പ്രതീക്ഷിക്കുന്നത്?
റജിമോന്‍ കുട്ടപ്പന്: ആദ്യത്തെത് ഒരു നോണ്‍-ഫിക്ഷനാണ്. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ഡോക്ടര്‍ ബി.ആര് അംബേദ്കര്‍ക്കുണ്ടായിരുന്ന വീക്ഷമെന്തെന്നും, തൊഴിലാളി നീതിക്കായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ഇന്നത്തെ നയ ചര്‍ച്ചകളില്‍ വ്യവസ്ഥാപിതമായി അരികുവത്കരിക്കപ്പെട്ടതെങ്ങനെ എന്നും പറയുകയാണീ പുസ്തകം. തൊഴില്‍ കുലീനത്വം, തൊഴിലിടങ്ങളിലെ ജാതി, ത്വരിതമായി തന്നെ സമൂല പരിവര്‍ത്തനത്തിന്റെ ആവശ്യം, അതും പ്രത്യേകിച്ചും ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ കാര്യത്തില്‍, എന്നിവ പറയാന്‍ ലക്ഷ്യമിടുന്നതാണീ പുസ്ത്കം.
രണ്ടാമത്തേത് ഒരു ഫിക്ഷനാണ്. കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് വര്‍ഷങ്ങളായി ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടിങ്ങില്‍ നിന്നാണിതിനു പ്രചോദനം. മയന്മാറിലെ സൈബര്‍ സ്കാം കേന്ദ്രങ്ങളുമായാണിതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്. ഈ കഥപറച്ചിലിലൂടെ മാധ്യമപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പലപ്പോഴും രക്ഷപ്പെടുന്ന വൈകാരിക സത്യങ്ങളെ പിടിച്ചെടുക്കാനാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ദുഃഖം, സ്നേഹം, വഞ്ചന, പ്രതീക്ഷ എന്നിങ്ങനെയുള്ള വൈകാരിക സത്യങ്ങളെ.
ഈ പുസ്തകങ്ങള്‍ പണ്ഡിതര്‍ക്കും നയനിര്‍മ്മാതാക്കള്‍ക്കും ഇടയില്‍ മാത്രം പ്രതിധ്വനിക്കാതെ യുവ പത്രപ്രവര്‍ത്തകര്‍ക്കിടയിലും, പ്രത്യേകിച്ചും അരികുവത്കരിക്കപ്പെട്ട പശ്ഛാത്തലത്തില്‍ നിന്ന് വരുന്നവര്‍ക്കിടയില്‍, പ്രതിധ്വനിക്കണം എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. അവരില്‍ പലപ്പോഴും തങ്ങളുടെ സ്വരത്തിനത്ര പ്രാധാന്യമൊന്നുമില്ല എന്ന ചിന്തയുണ്ടാകാറുണ്ട്. എന്റെ യാത്ര ആരംഭിക്കുന്നത് കഥപറച്ചില്‍ ഒരു ജീവനോപാധിയായിരുന്ന സമുദായത്തിലാണ്. ഞാന്‍ ചെയ്യുന്ന പ്രവൃത്തി മാധ്യമപ്രവര്‍ത്തനത്തിനോട് താത്പര്യമുള്ള ഒരാളിലെങ്കിലും അവരുടെ സ്വരത്തിന്റെ ശക്തിയിലും അധികാരത്തിലും വിശ്വസിച്ച് ഉത്തേജിപ്പിക്കാനാകുന്നു എങ്കില്‍ പിന്നെ ഇതിലെ ഓരോ വാക്കും അമൂല്യങ്ങളാകും.

ഡോക്ടര്‍ ശ്വേത കുമാരി: ദീര്‍ഘകാലത്തില്‍, രേഖകളില്ലാത്തവരും, അതിദുര്ബലരുമായ കുടിയേറ്റ തൊഴിലാളി സമൂഹങ്ങളെക്കുറിച്ചുള്ള പൊതുജന ധാരണയെ, നയ ചര്‍ച്ചകളെ, മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്വ ബോധത്തെയെല്ലാം രൂപപ്പെടുത്തുന്നതില്‍ താങ്കളുടെ കഥപറച്ചില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്നാണു വിഭാവനം ചെയ്യുന്നത്?
റജിമോന്‍ കുട്ടപ്പന്: എന്റെ കഥപറച്ചിലും, നിര്‍ബന്ധ തൊഴിലുകളെക്കുറിച്ചുള്ള അന്വേഷണവും, ദീര്‍ഘകാലത്തില്‍ നമ്മള് ഒരു സമൂഹമെന്ന നിലയില്‍, രേഖകളില്ലാത്ത, എളുപ്പത്തില്‍ മുറിവേല്പിക്കാവുന്ന കുടിയേറ്റ സമുദായങ്ങളെ എങ്ങനെ കാണുന്നു എന്നതിനൊരു പുതുരൂപം നല്‍കാനാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതൊന്നും കഠിന ക്ലേശങ്ങളുടെ മാത്രം കഥയല്ല. ഘടനാപരമായ അക്രമങ്ങള്‍, വ്യവസ്ഥാപിതമായ അവഗണന, നിത്യേന സംഭവിക്കുന്ന ഇലാസ്തികത എന്നിവയുടെ കഥകളാണ്. ഞാനൊരു ഗള്‍ഫ് ഡിറ്റന്‍ഷന്‍ കേന്ദ്രത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണോ അതോ ഇന്ത്യയിലെ ഒരു ചെമ്മീന്‍ തൊണ്ടു കളയുന്ന കേന്ദ്രത്തില്‍ നിന്നാണോ റിപ്പോര്‍ട്ട് ചെയ്യുന്നത്, അതുമല്ലെങ്കില്‍ ദക്ഷിണേഷ്യയിലെ സൈബര്‍ തട്ടിപ്പു കേന്ദ്രങ്ങളിലേക്കുള്ള വഴികള്‍ കണ്ടെത്തുകയാണോ എന്നതില്‍ വ്യത്യസമില്ലാതെ, എന്റെ ലക്ഷ്യം ഒളിപ്പിച്ചിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പൊതുജന മദ്ധ്യത്തിലേക്ക് എത്തിക്കുക എന്നതാണ്.
നിര്‍ബന്ധ തൊഴിലുകളെക്കുറിച്ചുള്ള എന്റെ അന്വേഷണത്തിലൂടെ ഞാന്‍ ചൂഷണത്തെ സഹായിക്കുന്ന യന്ത്രസംഹിതയെ തുറന്ന് കാണിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. തൊഴിലിലേക്ക് ആളെയെടുക്കുന്നവരിലെ ചതിയന്മാരെ, തൊഴിലാളികളെ അപമാനിക്കുന്ന തൊഴിലുടമകളെ, ഇതിലേക്കൊന്നും എത്തിനോക്കുക പോലും ചെയ്യാത്ത സര്‍ക്കാരുകളെ. ഈ കണ്ടെത്തലുകളെല്ലാം വെറുതെ തലക്കെട്ടുകള്‍ക്ക് വേണ്ടിയല്ല. അവ പ്രചരണങ്ങള്‍, നിയമ നടപടികള്‍, ധാര്‍മ്മിക ഉത്തരവാദിത്വത്തിനായി സമ്മര്‍ദ്ധം ചെലുത്തുന്ന നയ ഉപദേശങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടുള്ളവ കൂടിയാണ്. എന്റെ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാന നിലയിലെ പോരാട്ടങ്ങള്‍ക്ക് ഒരു സ്രോതസ്സായി സേവനമനുഷ്ടിക്കണം എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. യൂണിയനുകള്‍ക്ക്, അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘങ്ങള്‍ക്ക്, വക്കീലന്മാര്, തൊഴിലാളികള്‍ക്ക് തന്നെയും.
പൊതുജന ധാരണയിലേക്കെത്തുമ്പോള് എന്റെ കഥകള്‍, കുടിയേറ്റ തൊഴിലാളികളെ എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ഒരു വസ്തു എന്ന നിലയില്‍ നിനന്മ അവകാശങ്ങളും, സ്വരങ്ങളും, പ്രവര്‍ത്തന ശക്തിയുമുള്ള ഒരു കൂട്ടമായി തിരിച്ചറിയുന്ന വിധത്തിലേക്ക് ചര്‍ച്ചകളെ പരിവര്‍ത്തിപ്പിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. നയങ്ങളുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മെച്ചപ്പെട്ട തൊഴില്‍ സംരക്ഷണങ്ങള്‍, ശക്തമായ ദ്വികക്ഷി കരാറുകള്‍, തൊഴിലാളികളുടെ പരാതികള്‍ തീര്‍പ്പാക്കാനുള്ള യന്ത്രസംഹിതകള്, അതിലെല്ലാം ഉപരിയായി നിര്‍ബന്ധ തൊഴിലുകള്‍ എന്നതിനെ അതിരുകക്കപ്പുറത്തും , കുറ്റകൃത്യമായി കാണുക എന്നത്.
മാധ്യമ പ്രവര്ത്തനത്തിനകത്ത് തന്നെ, എന്റെ പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍, കൂടുതല്‍ ധാര്‍മ്മികതയുള്ള റിപ്പോര്‍ട്ടിങ്ങിനു വേണ്ട ഒരു കീഴ്വഴക്കം സൃഷ്ടിക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. സംഭവങ്ങള്ക്കപ്പുറത്തേക്ക് നീങ്ങി അതിനു കീഴെയുള്ള വ്യവസ്ഥകളെ മറനീക്കി കാണിക്കുന്നതരം റിപ്പോര്‍ട്ടിങ്ങ്. യുവ മാധ്യമപ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ചും അരികുവത്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക്, എന്റെ യാത്ര ഒരു ഓര്മ്മക്കുറിപ്പായിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ വീക്ഷണം സാധുതയുള്ളതാണെന്ന് മാത്രമല്ല, നിര്‍ണ്ണായകവുമാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തനം നീതിയില്‍ അടിസ്ഥാനപ്പെടുത്തിയതാണ്. അതിനു സംഭാഷണങ്ങളെ മാത്രമല്ല, ജീവിതങ്ങളെ തന്നെ പരിവര്‍ത്തിപ്പിക്കാനാകും.
ഡോക്ടര്‍ ശ്വേത കുമാരി: താങ്കള്‍ നല്കിയ സമയത്തിനും ആലോചനാപൂര്‍വ്വമായ മറുപടികള്‍ക്കും നന്ദി, മിസ്റ്റര്‍ കുട്ടപ്പന്. വളരെ സമ്പുഷ്ടമായ ഒരു ചര്‍ച്ചയായിരുന്നു ഇത്.
റജിമോന്‍ കുട്ടപ്പന്: നന്ദി ഡോക്ടര്‍ ശ്വേത. എന്റെ ചിന്തകള്‍ പങ്കുവയ്ക്കാന്‍ അവസരം തന്നതിനേയും അര്‍ത്ഥവത്തായ ചോദ്യങ്ങളേയും ഞാന്‍ വിലമതിക്കുന്നു.
റജിമോന്‍ കുട്ടപ്പന്
ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകനും നിര്‍ബന്ധിത തൊഴില്‍ അന്വേഷണകനും തൊഴില്‍ കുടിയേറ്റ ഗവേഷകനുമാണ്. Undocumented (പെന്ഗ്വിന്, 2021) എന്ന കൃതിയുടെ രചയിതാവുമാണ് അദ്ദേഹം. 2007 മുതല്‍ 2017 വരെ അറബ് ഗള്‍ഫ് രാജ്യങ്ങളില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. പ്രധാനമായും തൊഴില്‍ കുടിയേറ്റ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയിലേക്കു മടങ്ങിയ ശേഷം, രാജ്യത്തിന് പുറത്തേക്കുള്ള തൊഴില്‍ കുടിയേറ്റത്തോടൊപ്പം ഇന്ത്യയ്ക്കുള്ളിലെ ആഭ്യന്തര തൊഴില്‍ കുടിയേറ്റത്തെയും കുറിച്ചും റിപ്പോര്‍ട്ടിംഗ് തുടരുന്നു.
അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ അല്‍ ജസീറ, റോയിറ്റേഴ്സ്, ദി ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ്, ഏഷ്യന്‍ ഡെമോക്രസി ക്രോണിക്കിള്‍സ് എന്നിവയുള്‍പ്പെടെ നിരവധി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൊഴില്‍ കുടിയേറ്റ വിഷയത്തില്‍ ഐ.എല്‍.ഒയുമായും മനുഷ്യക്കടത്ത് വിഷയത്തില്‍ റോയിറ്റേഴ്സുമായും ഫെല്ലോഷിപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പത്രപ്രവര്‍ത്തനത്തോടൊപ്പം, യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലേബര്‍, കോര്‍പ്പറേറ്റ് അക്കൗണ്ടബിലിറ്റി ലാബ്, ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, കെല്ലി ഡ്രൈ & വാറന്‍ എല്‍.എല്‍.പി. എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കായി നിര്‍ബന്ധിത തൊഴില്‍ അന്വേഷണങ്ങളില്‍ സ്വതന്ത്ര ഉപദേഷ്ടാവായും പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ ചെമ്മീന്‍, സ്റ്റീല്‍, മണല്‍ക്കല്ല് (സാന്‍ഡ്സ്റ്റോണ്‍) മേഖലകളും അറബ് ഗള്‍ഫിലെ നിര്‍മാണ മേഖലയുമടക്കമുള്ള വ്യവസായങ്ങള്‍ അദ്ദേഹത്തിന്റെ അന്വേഷണങ്ങളുടെ പരിധിയില്‍ വന്നിരിക്കുന്നു.
തൊഴില്‍ കുടിയേറ്റ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സൊസൈറ്റി സംഘടനകളുടെ പ്രാദേശിക ശൃംഖലയായ മൈഗ്രന്റ് ഫോറം ഇന്‍ ഏഷ്യ (MFA)യുമായി അദ്ദേഹം അടുത്ത് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. വര്‍ഷങ്ങളായി നിരവധി ആഗോള ഫോറങ്ങളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം, 2026-ല്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ റിവ്യൂ ഫോറത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ട 70 ഉയര്‍ന്നുവരുന്ന ആഗോള നേതാക്കളില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
രചയിതാവെന്ന നിലയില്‍, സ്പീക്കിംഗ് ടൈഗര്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യ പുസ്തകം 2018-ലെ പ്രളയകാലത്ത് ആയിരങ്ങളെ രക്ഷിച്ച കേരളത്തിലെ മത്സ്യതൊഴിലാളികളുടെ വീരകഥയാണ് അവതരിപ്പിച്ചത്. രണ്ടാമത്തെ പുസ്തകമായ Undocumented അറബ് ഗള്‍ഫില്‍ രേഖകളില്ലാതെ കഴിയുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരുടെ ജീവിതങ്ങളെയാണ് ആഴത്തില്‍ പരിശോധിച്ചത്. നിലവില്‍, തൊഴിലാളി അവകാശങ്ങളെ കേന്ദ്രമാക്കി ഡോ. ബി.ആര്. അംബേദ്കറിനെ വിഷയമാക്കിയ മൂന്നാമത്തെ പുസ്തകത്തിന്റെ രചനയിലാണ്. ഈ കൃതി പെന്ഗ്വിന് അംഗീകരിച്ചിരിക്കുകയാണ്; ആവശ്യമായ ഔപചാരിക നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

ഡോ. ശ്വേത കുമാരി
എം.എ. (ഗോള്‍ഡ് മെഡലിസ്റ്റ്), പി.എച്ച്.ഡി., ഇംഗ്ലീഷില്‍ നെറ്റ് യോഗ്യത നേടി. ഒരു സ്വതന്ത്ര ഗവേഷകയും ദ്വിഭാഷാ കവയിത്രിയും എഴുത്തുകാരിയും എഡിറ്ററും സാംസ്കാരിക പ്രവര്‍ത്തകയുമാണ്. ഫെമിനിസ്റ്റ് ഫിലിം സ്റ്റഡീസ്, ഡയാസ്പോറ പഠനങ്ങള്‍, പോസ്റ്റ്കോളോണിയല്‍ പഠനങ്ങള്‍, സമകാലിക വിഷയങ്ങള്‍ എന്നിവയാണ് പ്രധാന ഗവേഷണ മേഖലകള്‍. ഈ മേഖലകളിലെ അവരുടെ പഠനങ്ങള്‍ ദേശീയവും അന്താരാഷ്ട്രവുമായ ജേര്‍ണലുകളിലും എഡിറ്റുചെയ്ത ഗ്രന്ഥങ്ങളിലും സമ്മേളനങ്ങളിലുപയോഗിക്കുന്ന പ്രബന്ധങ്ങളിലുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Global Literati Insight, Innsaei, Matru Akshar Journal എന്നിവയുടെ എഡിറ്റോറിയല്‍ ബോര്‍ഡുകളിലെ അംഗമായും അവര്‍ പ്രവര്‍ത്തിക്കുന്നു. സൂര്യോദയ ലിറ്റററി ഫൗണ്ടേഷന്റെ ബിഹാര്‍ റീജിയണല്‍ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. പ്രസിദ്ധീകരിച്ച പതിനഞ്ച് പുസ്തകങ്ങള്‍ അവരുടെ അക്കാദമികവും സൃഷ്ടിപരവുമായ സംഭാവനകളുടെ സാക്ഷ്യമായി നിലകൊള്ളുന്നു.
![]()
വിവ: സുരേഷ് എം. ജി.







No Comments yet!