Skip to main content

നരിവേട്ടയില്‍ ഇല്ലാത്ത ജാനു

നരിവേട്ട എന്ന അനുരാജ് മനോഹര്‍ ചിത്രം തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു വരുന്നു. കേരളത്തിലെ ആദിവാസി ഭൂസമര ചരിത്രങ്ങളില്‍ രക്തം കൊണ്ട് രേഖപ്പെടുത്തപ്പെട്ട മുത്തങ്ങ സമര പശ്ചാത്തലത്തില്‍ നിര്‍മ്മിക്കപ്പെട്ട സിനിമയാണ് നരിവേട്ട. മുത്തങ്ങ സമരത്തെ രൂപപ്പെടുത്തിയവരില്‍ ഏറ്റവും പ്രധാനികളായ സി.കെ ജാനുവിനെയും എം. ഗീതാനന്ദനെയും മുഖ്യധാരയില്‍ നിന്നും കേരളീയ സവര്‍ണ്ണ പൊതുസമൂഹം എങ്ങനെയാണോ ഒഴിവാക്കി നിര്‍ത്തിയിരിക്കുന്നത് അതേ തരത്തില്‍ തന്നെ അവരെ സിനിമയിലും അപ്രധാന മൂലയിലേക്ക് ഒഴിവാക്കി നിര്‍ത്തിക്കൊണ്ട് വര്‍ഗ്ഗീസ് എന്ന സാങ്കല്‍പ്പിക സവര്‍ണ്ണ ക്രിസ്ത്യന്‍ പോലീസുകാരനെ നായകനാക്കി മുന്നോട്ട് പോകുന്ന നരിവേട്ടയുടെ കഥയില്‍ അദൃശ്യമായി മാത്രം വരച്ചുവെച്ചിരിക്കുന്ന ജാനുവിനെ അവരുടെ ആത്മകഥയായ ”അടിമമക്ക”യില്‍ നിന്നും കണ്ടെടുക്കാനുള്ള ശ്രമമാണ് ഈ ലേഖനം.

അഞ്ചുവയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയ, അഞ്ചുമക്കളില്‍ രണ്ടാമത്തവള്‍ ആയി ജീവിതത്തോടും സമൂഹത്തോടും പൊരുതി മുന്നേറിയ ആളാണ് ജാനു. വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കില്‍ തിരുനെല്ലി പഞ്ചായത്തില്‍ ത്രിശ്ശിലേരിയെന്ന ഗ്രാമത്തിലെ ചെക്കോട്ട് കോളനിയില്‍ 1970 ജൂലൈ 14ന് അടിയ സമുദായക്കാരായ കരിയന്റെയും വെളിച്ചിയുടേയും മകളായിട്ടാണ് ജാനു ജനിക്കുന്നത്. സ്വന്തമായി രണ്ടേക്കര്‍ ഭൂമി കുടുംബത്തിന് സ്വന്തമായി ഉണ്ടെങ്കിലും അതില്‍ അദ്വാനിച്ചു ജീവിക്കാന്‍ അന്നത്തെ സാമൂഹ്യ വ്യവസ്ഥ അടിയരെ സമ്മതിച്ചിരുന്നില്ല. ജന്മിയുടെ അടുക്കളയിലും പാടത്തും തൊഴുത്തിലും ജീവിതം ഒടുക്കാന്‍ ആയിരുന്നു അടിയരുടെ വിധി. തിരുവിതാംകൂറിലെ അടിമ ജാതികളുടെ ആദിവാസി രൂപമായിരുന്നു അടിയര്‍. പാരമ്പര്യം മാനിച്ച് ആറു വയസ്സുള്ളപ്പോള്‍ ജാനു തങ്ങളുടെ ജന്മിയുടെ വീട്ടില്‍ അടിമപ്പണിക്ക് പോയി. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് കൂലി നല്‍കാതെ തങ്ങളുടെ അധ്വാനം കവരുന്ന ജന്മിയുടെ ചൂഷണം ജാനു തിരിച്ചറിയുകയും ”വേടന്‍ പറഞ്ഞതുപോലെ കൂലി തരാത്ത നീ തമ്പുരാന്‍ ആണെങ്കില്‍ എനിക്ക് ഒരു ചുക്കുമില്ല” എന്നുറപ്പിച്ചു പറഞ്ഞുകൊണ്ട് ജന്മിയുടെ പറമ്പിന് പുറത്തേക്ക് കൊച്ചു ജാനു ഇറങ്ങിപ്പോന്നു.

”നിന്റെ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞുപോകുന്നത് ഞങ്ങളുടെ ഇവിടെ പണി ഉള്ളതുകൊണ്ടാണ്” എന്ന് പറഞ്ഞ ജന്മിയുടെ ഭാര്യയോട് ‘‘ഇവിടെ ഒരു ജന്മിയുണ്ടെന്ന് കരുതിയല്ല ദൈവം എന്നെ ജനിപ്പിച്ചത്. പണിയറിയുന്ന എനിക്ക് എവിടെപ്പോയാലും പണികിട്ടും.” എന്നാണ് ജാനു പറയുന്നത്. ജാതിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തൊഴിലിടങ്ങളും അതിലേക്കാവശ്യമായ നൈപുണികളും ആദിവാസി ജനതയ്ക്ക് ഉറപ്പുവരുത്തുക എന്നതാണ് ആദിവാസി വികസനത്തിന്റെ കാതല്‍ എന്ന് എത്രയോ ചെറുപ്പത്തിലെ ജാനു തിരിച്ചറിഞ്ഞിരുന്നു.

അടിമമക്കയുടെ അവതാരികയില്‍ കമല്‍റാം സജീവ് 28 വര്‍ഷത്തെ ഇടവേളയില്‍ രണ്ടു പ്രാവശ്യം ജാനുവിനെ അഭിമുഖം ചെയ്ത കാര്യം സൂചിപ്പിക്കുന്ന വേളയില്‍ എടുത്ത് പറയുന്ന ഒരു കാര്യം ”തന്റെ നിലപാടുകളില്‍ ജാനുവിന് പതര്‍ച്ചകളില്ല” എന്നാണ്. തന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ ജാനുവില്‍ കുട്ടിക്കാലത്ത് തന്നെ ഉറച്ചിരുന്നു. ആ ഉറപ്പില്‍ ആണ് അവര്‍ ജന്മിയുടെ ഭാര്യയോട് ”എപ്പോഴും ദോശയുണ്ടാക്കി നിങ്ങള് തന്നെയല്ലേ തിന്നുന്നത്. ഞങ്ങള്‍ക്ക് പഴം കഞ്ഞിയല്ലേ തരുന്നത്, അതുകൊണ്ട് നിങ്ങളുടെ പണി നിങ്ങള്‍ തന്നെ ചെയ്‌തോ.

”ഞങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ പാടങ്ങളില്‍ ഞങ്ങള്‍ മുട്ടിപ്പുല്ല് കിളിര്‍പ്പിക്കും” എന്ന് അയ്യങ്കാളി പറഞ്ഞത് ജാനു മറ്റൊരു ചരിത്ര സന്ദര്‍ഭത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. സവര്‍ണ്ണ കൊച്ചമ്മമാരുടെ ജാതി ദുര്‍ഗന്ധം വമിക്കുന്ന അടുക്കളകളില്‍ ഇനിമേലില്‍ ഞങ്ങള്‍ ജോലിക്ക് വരില്ലെന്ന് കേരളത്തിലെ പട്ടികജാതി സ്ത്രീകള്‍ പറയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. സാമ്പത്തികമായി ഇത്തരമൊരു തീരുമാനം എടുക്കാന്‍ പ്രാപ്തിയില്ലാത്ത ആളുകളെ രാഷ്ട്രീയമായി സംരക്ഷിക്കേണ്ട ബാധ്യത പട്ടികജാതി സംഘടനകള്‍ക്ക് ഉണ്ട്.

ജന്മിയുടെ പറമ്പില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ജാനു മറ്റു തൊഴിലുകളിലേക്ക് മാറി. ജാനു എഴുതുന്നു ”ചെറുപ്പം തൊട്ടേ എനിക്കൊന്നിനെയും പേടിയില്ലായിരുന്നു. രാത്രിയായാലും പകലായാലും എന്ത് ചെയ്യേണ്ടി വന്നാലും ഞാന്‍ ഒറ്റയ്ക്ക് ചെയ്യും. നാളത്തേക്ക് ഒരു സമ്പാദ്യം വേണമെന്ന ചിന്ത ചെറുപ്പത്തിലെ എനിക്കുണ്ട്… കുടുംബത്തെ നന്നായി നോക്കണം എന്ന ബോധം എന്നും എന്നിലുണ്ടായിരുന്നു.” ആദിവാസികള്‍ ചാരായം കുടിച്ചു മരിക്കാന്‍ വേണ്ടി ജനിച്ചവര്‍ ആണെന്ന പൊതുബോധം ജാനുവിന്റെ വരികളില്‍ നിന്നും എത്രയോ അകലെയുള്ള കള്ളമാണ്. സാരി വാങ്ങാനും ചെരുപ്പ് വാങ്ങാനും വാച്ച് വാങ്ങാനും മോഹിക്കുകയും അതൊക്കെ സാധിക്കാന്‍ അദ്ധ്വാനിക്കുകയും ചെയ്യുന്ന ജാനുവിനെ ആണ് നമ്മള്‍ പുസ്തകത്തിന്റെ തുടക്കത്തില്‍ കാണുന്നത്. സാക്ഷരതാ ക്ലാസുകളെ പറ്റിയുള്ള ജാനുവിന്റെ നിരീക്ഷണം ”പഠിപ്പിക്കുന്നവര്‍ക്ക് ഒപ്പിട്ട് അലവന്‍സ് വാങ്ങുന്നതിനുള്ള ഒരുപകരണം മാത്രമായിരുന്നു ഞങ്ങള്‍” എന്നത് പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായുള്ള ഭരണകൂട സംവിധാനങ്ങള്‍ക്ക് മുഴുവന്‍ ബാധകമാണെന്ന് കരുതുന്നവര്‍ ഇന്നും കേരളത്തില്‍ കുറവല്ല. പതിനഞ്ചു വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബ്രാഞ്ച് മെമ്പറും പിന്നീട് കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മറ്റി മെമ്പറും ആയി പ്രവര്‍ത്തിച്ച ജാനു അവരുടെ ആത്മകഥയിലെ ഒരു അദ്ധ്യായത്തിനു കൊടുത്ത തലക്കെട്ട് ‘ആദിവാസികളുടെ പട്ടിണി സമരങ്ങളെ ജന്മിക്കൊപ്പം നിന്ന് വിറ്റ് കാശാക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടി’ എന്നാണെന്നത് മാര്‍ക്‌സിയന്‍ വൈരുധ്യാധിഷ്ഠിത രീതിശാസ്ത്രം ജാനു സ്വജീവിതത്തില്‍ ആര്‍ജ്ജിച്ചു എന്നാണ് സൂചിപ്പിക്കുന്നത്.

സാക്ഷരതാ ക്ലാസ്സില്‍ നിന്നും ആര്‍ജ്ജിച്ച ഊര്‍ജ്ജം ‘ആദിവാസി വികസന പ്രവര്‍ത്തക സമിതി’ എന്നൊരു സംഘടനയുടെ രൂപികരണത്തിലേക്ക് ജാനുവിനെയും കൂട്ടുകാരെയും നയിച്ചു. ആദിവാസി കോളനികള്‍ സന്ദര്‍ശിക്കുക അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുക എന്നതായിരുന്നു ആദിവാസി വികസന പ്രവര്‍ത്തക സമിതിയുടെ മുഖ്യ പ്രവര്‍ത്തനം. ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ട്, വഴക്കുണ്ടാക്കുന്നത് എന്തിനുവേണ്ടി, പരസ്പരം മിണ്ടാത്തത് എന്തുകൊണ്ട്, അവിവാഹിതരായ അമ്മമാര്‍ ഉണ്ടാകുന്നത് എന്തുകൊണ്ട് എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ഓരോ കോളനിയിലും പോയി ആളുകളോട് ചോദിച്ച് മനസ്സിലാക്കുക എന്ന തന്ത്രമാണ് ജാനുവും കൂട്ടുകാരും പ്രായോഗിച്ചത്. ജാനുവിലെ നേതാവിനെ വളര്‍ത്തിയെടുത്തതില്‍ ആളുകളുമായുള്ള ഇത്തരം സംവാദങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ ഇത്തരം മീറ്റിങ്ങുകള്‍ ബോധപൂര്‍വ്വം തടയാന്‍ ജന്മിമാര്‍ പല മാര്‍ഗ്ഗങ്ങളും പയറ്റിയിരുന്നു. ഇത്തരം മീറ്റിങ്ങുകള്‍ ആദിവാസികളെ അവകാശബോധമുള്ളവര്‍ ആക്കി മാറ്റുകയും അവര്‍ കൂലി ചോദിച്ചു വാങ്ങാന്‍ തുടങ്ങുകയും ചെയ്തത് കൊണ്ടാണ് ജന്മിമാര്‍ ഈ മീറ്റിങ്ങുകളെ എതിര്‍ത്തത്. സംഘടിതരായി ശക്തരാകുക എന്ന അംബേദ്കര്‍ മുദ്രാവാക്യം അറിഞ്ഞോ അറിയാതെയൊ ജാനുവും കൂട്ടരും പ്രയോഗത്തില്‍ കൊണ്ടു വരികയായിരുന്നു.

ജാനു എഴുതുന്നു ”ഒരിക്കല്‍ വെള്ളമുണ്ട പഞ്ചായത്തില്‍ കോളിക്കംപാളി കോളനിയില്‍ ചെന്നപ്പോള്‍ മൂന്നു വീട്ടില്‍ പതിനാറു കുടുംബങ്ങള്‍ താമസിക്കുന്നത് കണ്ടു. അന്ന് രാത്രി ഞങ്ങളവിടെ തങ്ങി. നീണ്ടു നിവര്‍ന്നു കിടന്നുറങ്ങാന്‍ സ്ഥലമില്ലാത്തത് കൊണ്ട് കുത്തിയിരുന്നു നേരംവെളുപ്പിച്ചു.” കേരളത്തിലെ മിക്ക പട്ടികജാതി കോളനികളിലും ഇന്നും സമാനമായ അവസ്ഥയാണ് ഉള്ളത്. ജാനു ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന കാര്യം ആദിവാസി ഭൂമികള്‍ മിച്ചഭൂമിയായി മാറ്റപ്പെട്ടതും ജന്മിമാരുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ നിയമപരമായി അവര്‍ക്ക് സ്വന്തമായതും ആണ്. ആദിവാസികളുടെ കോളനിവല്‍ക്കരണമാണ് ഭൂപരിഷ്‌കരണം ഉണ്ടാക്കിയത് എന്നാണ് ജാനു വാദിക്കുന്നത്. ജാനുവിന്റെ ലോകം വളരുകയായിരുന്നു.

1993ല്‍ ഇന്‍ഡിജനസ് പീപ്പിള്‍ പാക്ടിന്റെ കമ്മറ്റിയില്‍ പങ്കെടുക്കുന്നതിന് ജാനു തായ്‌ലാന്‍ഡില്‍ പോയി. പിറ്റേ വര്‍ഷം ജനീവയില്‍ ഐക്യരാഷ്ട്ര സംഘടന നടത്തിയ ആഗോള ആദിവാസി സമ്മേളനത്തില്‍ പങ്കെടുത്തു. പതിയെ ഇന്ത്യയില്‍ പലയിടത്തും ഭൂസമരവുമായി പ്രവര്‍ത്തിക്കുന്ന ആദിവാസി സംഘടനകളുടെ പ്രവര്‍ത്തനവുമായി ചേര്‍ന്ന് നില്‍ക്കാന്‍ തുടങ്ങി. 1999ല്‍ ആഗോളവല്‍ക്കരണത്തിനെതിരായുള്ള പ്രതിഷേധത്തിന്റെ ഭാഗമായി യൂറോപ്യന്‍ പര്യടനത്തില്‍ പങ്കെടുത്തു.

ആദിവാസി ഭൂസമരത്തിന്റെ മര്‍മ്മത്തെപറ്റി ജാനു അടിമമക്കയില്‍ എഴുതുന്നു ”പരമ്പരാഗതമായി ജീവിച്ചുപോന്ന ഭൂമിയുടെ ഉടമസ്ഥതയെ കുറിച്ച് രേഖകളൊന്നും കൈവശം ഇല്ലാത്തവരായിരുന്നു ഭൂരിപക്ഷം ആദിവാസികളും. അതുകൊണ്ട് തന്നെ പലപ്പോഴും ഭൂമി അന്യാധീനപ്പെട്ടതിനെക്കുറിച്ചുള്ള രേഖകളും അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. പ്രതിഫലം നല്‍കാതെ കുടിയേറ്റക്കാര്‍ ആദിവാസി ഭൂമി തട്ടിയെടുക്കുകയാണ് ചെയ്തത്. ചിലര്‍ക്ക് തുച്ഛമായ തുക കൊടുത്തു. ചിലരില്‍ നിന്നും ഭൂമി തട്ടിയെടുത്തത് ഒഴിഞ്ഞ കടലാസില്‍ ഒപ്പ് വാങ്ങിയാണ്. പ്രകൃതി വിഭവങ്ങള്‍ മാത്രം കഴിച്ചു ജീവിച്ചിരുന്ന യാതൊരു ദുശ്ശീലങ്ങളും ഇല്ലാതിരുന്ന ആദിവാസികള്‍ക്ക് ചാരായം പുകയില അടയ്ക്ക വെറ്റില കൊടുത്ത് വശീകരിച്ചും ഭീഷണിപ്പെടുത്തിയും കുടിയേറ്റക്കാര്‍ ആദിവാസി ഭൂമി കൈവശപ്പെടുത്തി.”

അമ്പുകുത്തി ഭൂസമരം, പനവല്ലിയില്‍ ഷെഡ് കെട്ടിയുള്ള സമരം (അതില്‍ വെച്ചാണ് ജാനു ആദ്യമായി ഗീതാനന്ദനെ പരിചയപ്പെടുന്നത്) ചീങ്ങേരി സമരം, തിരുവനന്തപുരത്തെ നിരാഹാര സമരം, തമിഴ്‌നാട്ടില്‍ കൊടൈക്കനാലില്‍ നടന്ന ഭൂസമരങ്ങള്‍, തമിഴ്‌നാട്ടിലെ തൂവൈപ്പതിയില്‍ നടത്തിയ ഭൂസമരങ്ങള്‍, ആദിവാസി ഗോത്രമഹാസഭയുടെ രൂപികരണം, 2001ലെ കേരള സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ കുടില്‍കെട്ടി സമരം, ആറളം ഫാം സമരം തുടങ്ങി നിരവധി ഭൂസമരങ്ങളിലൂടെയാണ് ജാനു ഒടുവില്‍ മുത്തങ്ങ സമരത്തില്‍ എത്തുന്നത്.

സി.കെ. ജാനുവിനെയും ഗീതാനന്ദനെയും മുത്തങ്ങ സമരകാലത്ത് പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍

നിയമപരമായി ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ് മുത്തങ്ങയില്‍ എന്ന നിലപാടിലാണ് ആദിവാസികള്‍ അവിടെ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചത്. നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും ആരും ചര്‍ച്ചയ്ക്ക് വന്നില്ല. ജാനു എഴുതുന്നു ”2003 ഫെബ്രുവരി 17ന് രാവിലെ ഒന്‍പത് മണിക്ക് ഫോറസ്റ്റ് വാച്ചര്‍മാരും ഗുണ്ടകളും ചേര്‍ന്ന് തകരപ്പാടിക്ക് സമീപം കാടിന് തീയിട്ടു. ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും ആനപ്പിണ്ടം മണ്ണെണ്ണയില്‍ മുക്കി തീകൊളുത്തിയെറിഞ്ഞാണ് ഓരോ ഭാഗത്തും തീ പടര്‍ത്തിയത്. 80 കുടിലുകളും 1000 ഏക്കര്‍ വനവും കത്തിയമര്‍ന്നു.” തീയിട്ടവരെ ആദിവാസികള്‍ തടയുകയും കളക്ടറുടെ നേതൃത്വത്തില്‍ പോലീസിന് കൈമാറുകയും ചെയ്തു. മുത്തങ്ങ സമരത്തെ പറ്റി ജാനു തുടരുന്നു ”സമാധാനപരമായി ആളുകളെ അറസ്റ്റ് ചെയ്യുന്നതിന് പകരം കണ്ണീര്‍വാതകം പ്രയോഗിക്കുകയും അതിക്രൂരമായി ലാത്തികൊണ്ട് അടിച്ചു വീഴ്ത്തുകയും വെടിവയ്ക്കുകയുമാണ് പോലീസ് ചെയ്തത്. കുടിലുകള്‍ തീയിട്ട് നശിപ്പിക്കുകയും ആളുകളെ തല്ലുകയും ചെയ്തു. എന്നെയും ഗീതാനന്ദനേയും ഒളിപ്പിച്ചത് എവിടെയാണ് എന്ന് ചോദിച്ച് കോളനികളില്‍ കയറിയിറങ്ങി പോലീസ് നരനായാട്ട് നടത്തി. കാട്ടില്‍ അകപ്പെട്ട ആളുകളെ മുഴുവന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ട് തിണൂര്‍ കോളനിയുടെ തൊട്ടടുത്ത് അമ്മായിപ്പാലത്തിനടുത്ത് വെച്ച് ഞങ്ങള്‍ അറസ്റ്റ് കൊടുത്തു.”

അറസ്റ്റ് സമയത്ത് അനുഭവിച്ച മര്‍ദ്ദനനങ്ങളെ പറ്റി ജാനു എഴുതുന്നു ”കൈയ്യില്‍ കിട്ടിയപ്പോള്‍ ഗീതാനന്ദനേയും എന്നെയും തേനീച്ച പൊതിയുന്നത് പോലെയാണ് പോലീസുകാര്‍ മര്‍ദ്ദിച്ചത്. എവിടെനിന്നെല്ലാമാണ് അടിവരുന്നതെന്ന് കാണാന്‍ പോലും കഴിഞ്ഞില്ല. ആണ്‍ പോലീസാണ് അടിച്ചത്. സ്റ്റാര്‍ട്ട് ആക്കി നിര്‍ത്തിയ വണ്ടിയിലേക്ക് റോഡില്‍ നിന്ന് ഒറ്റച്ചവിട്ടിനാണ് ഞങ്ങളെ കയറ്റിയത്… ബസ്സിലെ കമ്പിയില്‍ തൂങ്ങി നിന്നാണ് പോലീസുകാര്‍ ഞങ്ങളെ ചവിട്ടിയത്. തലമുടിയോടു കൂടി ചുരുട്ടിപ്പിടിച്ച് സീറ്റിന്റെ കമ്പിയില്‍ തുടരെത്തുടരെ ഇടിച്ചു. എന്റെ തുടയില്‍ ബൂട്ടിട്ട് ചവിട്ടി ഞെരിച്ചു. കണ്ണിന്റെ സൈഡിലുള്ള എല്ലിന് അടികൊണ്ട് കണ്ണ് മിഴിഞ്ഞുപോയി… ബൂട്ടിട്ട് അടിവയറ്റില്‍ തൊഴിച്ചു. ആ തോഴിയില്‍ ഞാനറിയാതെ മൂത്രമൊഴിച്ചുപോയി. അടിവയറ്റില്‍ തൊഴി കൊണ്ട് ശരീരത്തില്‍നിന്നും കറുത്ത രക്തം വരാന്‍ തുടങ്ങി. എന്നെ കൊല്ലാന്‍ പോകുകയാണെന്ന് തന്നെ കരുതി. ആദിവാസികള്‍ക്ക് ഭൂമി കിട്ടാന്‍ മരിക്കാന്‍ തയ്യാറുള്ള ഞാന്‍ ഈ മര്‍ദ്ദനത്തെയൊന്നും കാര്യമാക്കിയില്ല. ഇവരുടെ മുന്‍പില്‍ മുട്ട് മടക്കാനും തയ്യാറായിരുന്നില്ല.”

നൂറ്റാണ്ടുകളായി ആദിവാസികള്‍ തലമുറകളായി താമസിച്ച മണ്ണില്‍ അവര്‍ അന്യരായപ്പോള്‍, ജാനു തന്റെ ആത്മകഥയില്‍ എഴുതുന്നതുപോലെ ”സ്വന്തമായി കക്കൂസ് കുഴിക്കാനും കിണര്‍ കുഴിക്കാനും കൃഷി ചെയ്യാനും അവര്‍ക്കിടമില്ല.” മരിച്ചാല്‍ കക്കൂസും അടുപ്പ് തറയും വീടിന്റെ കോലായും പൊളിച്ച് അടക്കം ചെയ്യേണ്ട ഗതികേടിലേക്ക് അവര്‍ മാറിയപ്പോള്‍ ആണ് അവര്‍ സമരത്തിനിറങ്ങിയത്. ജന്മിമാരുടെ ഭൂമികള്‍ അവര്‍ക്ക് നഷ്ടപ്പെട്ടില്ല. രാജാക്കന്മാരുടെ ഭൂമികള്‍ അവര്‍ക്ക് നഷ്ടപ്പെട്ടില്ല. തോട്ടം ഉടമകള്‍ക്ക് ഭൂമി നഷ്ടപ്പെട്ടില്ല. ഭൂരഹിതര്‍ ആയത് ആദിവാസികളും പട്ടികജാതിക്കാരും മാത്രം. ആദിവാസികള്‍ വനവാസികള്‍ അല്ല. അവര്‍ ഈ മണ്ണിലെ ആദിമ നിവാസികള്‍ ആണ്. അവരുടെ പൂര്‍വ്വികര്‍ ജീവിച്ച മണ്ണില്‍ തുടര്‍ന്ന് ജീവിക്കാനുള്ള അവരുടെ അവകാശത്തെ കവരുന്നത് വികസനം ആണെങ്കിലും കുടിയേറ്റം ആണെങ്കിലും അതിനെ തടയാന്‍ കഴിയാത്ത ജനാധിപത്യത്തിനെന്ത് അഭംഗി.

ജാനുവിന്റെ ആത്മകഥയിലെ ഒരു ഖണ്ഡിക ഉദ്ധരിച്ചുകൊണ്ട് ഞാനീ ലേഖനം അവസാനിപ്പിക്കട്ടെ. ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ ലഭ്യമായ ഭൂമിയുടെ സാധ്യതാകണക്ക് ജാനു എഴുതുകയാണ് ”ആദിവാസി പ്രോജക്റ്റ് ഭൂമിയായ വയനാട് ജില്ലയിലെ സുഗന്ധഗിരി ഏലം പദ്ധതി – 4150 ഏക്കര്‍ ഭൂമി, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ് -2804 ഏക്കര്‍, പൂക്കോട് ഡയറി ഫാം -1540 ഏക്കര്‍ തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങളുടെ കയ്യിലുള്ള എട്ടര ലക്ഷത്തിന് മുകളില്‍ വരുന്ന തോട്ടം ഭൂമികള്‍, സ്വകാര്യ തോട്ടം ഉടമകള്‍ കൈവശം വെച്ചിരിക്കുന്ന അനധികൃത ഭൂമികള്‍ തുടങ്ങി 1971ലെ നിയമമനുസരിച്ച് കൊടുക്കാവുന്ന ഭൂമി തുടങ്ങിയ കണക്കും ഞങ്ങള്‍ (സര്‍ക്കാരിന്) മുന്‍പോട്ട് വെച്ചു.” ലക്ഷകണക്കിന് ഏക്കര്‍ ഭൂമി വിതരണം ചെയ്യാന്‍ ഉള്ളപ്പോഴാണ് ആദിവാസികളും പട്ടികജാതിക്കാരും ഭൂരഹിതരായി കഴിയുന്നത്. നിയമങ്ങള്‍ എത്ര ഉണ്ടായാലും അത് നടപ്പിലാക്കുന്ന ആളുകളുടെ ജനാധിപത്യബോധമാണ് നീതി ഉറപ്പുവരുത്തുക.ഭൂരഹിതരായ ആദിവാസി പട്ടികജാതി ആളുകളുടെ കാര്യത്തില്‍ നീതി ഇന്നും കാതങ്ങള്‍ അകലെയാണ്.

ലൈഫ് പദ്ധതിയെ പറ്റി ജാനുവിന് പറയാനുള്ളത് ”വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കേണ്ടതിന് പകരം ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയ പദ്ധതിയിലൂടെ അഭയാര്‍ഥി ക്യാമ്പുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഫ്‌ലാറ്റുകളുടെ ഉടമസ്ഥത ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്കായിരിക്കില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും. താമസാവകാശം മാത്രമാണ് ഗുണഭോക്താവിനുള്ളത്.കുടുംബമായി താമസിക്കുന്ന ഇടത്തിന് അവകാശമില്ല. അവരുടെ കൂട്ടായ്മകള്‍ക്ക് അവകാശമില്ല.അവരുടെ ആചാര അനുഷ്ഠാനങ്ങള്‍ നടത്താന്‍ അവകാശമില്ല… ഒരു ചെടി നടാന്‍ പോലും സ്വന്തമായി മണ്ണില്ല. സ്വന്തം ആവശ്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ പോലും ഭരണസമിതിയുടെ സമ്മതത്തിന് കാത്ത് നില്‍ക്കണം.”

”ആദിവാസി ഭൂസമരങ്ങളുടെ തീച്ചൂളയില്‍ പുരുഷന്മാരേക്കാളും തലയെടുപ്പോടെ നില്‍ക്കുമ്പോഴും ഒരു സ്ത്രീ എന്ന നിലയില്‍ ഒരാണ്‍തുണ ആഗ്രഹിക്കുന്ന സ്ത്രീയുടെ സ്വത്വവും തനിക്കുണ്ടായിരുന്നു” എന്ന് ജാനു അടിമമക്കയില്‍ എഴുതുന്നു. പ്രേമിക്കാന്‍ അറിയില്ലെന്ന് പറയുമ്പോഴും ആണ്‍ പെണ്‍ സൗഹൃദത്തെപ്പറ്റി ഉന്നതമായ ധാരണ ജാനുവിന് ഉണ്ടായിരുന്നു. അവര്‍ എഴുതുന്നു ”ഒറ്റപ്പെട്ട് പോവാതെ… മനസ്സ് തുറന്ന് സംസാരിക്കാനും, ആത്മാര്‍ഥമായി സ്‌നേഹിക്കാനും, പരസ്പരം വിശ്വസിക്കാനും കഴിയുന്ന ബന്ധങ്ങള്‍ ആണ് വേണ്ടത്” എന്നവര്‍ ഉറപ്പിച്ചു പറയുന്നു. എനിക്ക് വേണ്ടി ജീവിക്കാന്‍ ഞാന്‍ സമയം കണ്ടെത്തിയില്ല എന്ന് ആത്മകഥയില്‍ ഒരിടത്ത് പറയുന്നുവെങ്കിലും സ്വന്തം ജീവിതത്തെക്കാള്‍ മറ്റുള്ളവരുടെ ജീവിതത്തിന് പ്രാധാന്യം കൊടുത്തു എന്നതിനാല്‍ മറ്റാരെക്കാളും സാര്‍ത്ഥകമായ ഒരു ജീവിതം അവര്‍ നയിക്കുന്നുണ്ട്.

എന്തുകൊണ്ട് താന്‍ ബി.ജെ.പി മുന്നണിയില്‍ ചേര്‍ന്നു തുടങ്ങി നിരവധി രാഷ്ട്രീയ വികാസങ്ങള്‍ ഈ ആത്മകഥയില്‍ ഉണ്ട്. ആത്മകഥയിലെ മറ്റൊരു പ്രധാന കാര്യം ജാനു ആദിവാസി മതത്തെക്കുറിച്ച് പറയുന്നു എന്നതാണ്. ഹിന്ദുമതത്തിനകത്ത് അന്യവല്‍ക്കരിക്കപ്പെടുന്ന ആദിവാസിയുടെ ആത്മീയ വിമോചനത്തിന് സ്വന്തമായി ഒരു ആദിവാസി മതം വേണമെന്ന നിലപാടാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. ഹിന്ദുത്വത്തിന്റെ പിടിയില്‍ നിന്നും മോചിതരായി തങ്ങള്‍ക്ക് സ്വന്തമായി സര്‍ന എന്നൊരു മതം വേണമെന്ന് പറയുന്ന വടക്കേയിന്ത്യന്‍ ആദിവാസി കൂട്ടായ്മകളുടെ ആവശ്യം തന്നെയാണ് മറ്റൊരു അര്‍ത്ഥത്തില്‍ ജാനുവും ആവര്‍ത്തിക്കുന്നത്. ഒരു കുഞ്ഞിനെ ദത്തെടുക്കുകയും തന്റെ ജീവിതത്തിന്റെ നല്ലൊരു സമയവും ഇപ്പോള്‍ ആ കുട്ടിക്ക് വേണ്ടി ചിലവഴിക്കുകയും ചെയ്യുന്ന ജാനു വാക്കുകള്‍ കൊണ്ട് മാത്രം മനുഷ്യ സ്‌നേഹികള്‍ ആകുന്നവരുടെ ഇടയില്‍ വേറിട്ട വ്യക്തിത്വം തന്നെയാണ്. നരിവേട്ട കണ്ട് ‘കരഞ്ഞവര്‍’ തീര്‍ച്ചയായും വായിക്കേണ്ട പുസ്തകമാണ് ജാനുവിന്റെ ആത്മകഥയായ അടിമമക്ക.

സി.കെ. ജാനുവിന്റെ ആത്മകഥ അടിമമക്ക കേവലമൊരു ആദിവാസി ആത്മകഥ മാത്രമല്ലെ എന്ന് കരുതി അവഗണിക്കാന്‍ കഴിയുന്ന ഒന്നല്ല. വയനാടന്‍ വനനിരകളില്‍ ഒരു കാലത്ത് ആത്മാഭിമാനത്തോടെ ജീവിച്ചിരുന്ന ആദിവാസി ജനതകളെ എങ്ങനെയാണ്, കൊളോണിയല്‍ ആധിപത്യവും പില്‍ക്കാലത്ത് കുടിയേറ്റം എന്ന ഓമനപ്പേരില്‍ കയ്യേറ്റം നടത്തിയവരും അവരുടെ ഭരണകൂടങ്ങളും ചേര്‍ന്ന് ഭൂരഹിതരും മദ്യപാനികളും ആക്കി മാറ്റിയ ചരിത്രം കൃത്യമായി രേഖപ്പെടുത്തുന്ന പുസ്തകമാണിത്. കേരളാ മോഡല്‍ വികസനത്തില്‍ ഇടം പിടിക്കാതെ ജീവിക്കുന്ന ആദിവാസി മനുഷ്യരുടെ ദൈന്യതയെ, സാമ്പത്തിക അരക്ഷിതാവസ്ഥകളെ പ്രശ്‌നവല്‍ക്കരിക്കുകയും അവര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളെ ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യുകയെന്ന ദൗത്യമാണ് ജാനുവിന്റെ ആത്മകഥയ്ക്ക് ഉള്ളത്.

നരിവേട്ട എന്ന സിനിമയില്‍ മുത്തങ്ങ സമരത്തെ ഭാവനകൊണ്ട് സംവിധായകന്‍ അടയാളപ്പെടുത്തുമ്പോള്‍ അടിമമക്കയില്‍ ജാനു സ്വന്തം ജീവിതം കൊണ്ടാണ് ആ സമരത്തെ അടയാളപ്പെടുത്തുന്നത്. ആദിവാസികളുടെ ഒടുങ്ങാത്ത പോരാട്ട വീര്യത്തെയാണ് പുസ്തകം വെളിപ്പെടുത്തുന്നത്. ഭൂരഹിതരായി കഴിയുന്ന ആദിവാസികള്‍ക്കും കോളനികളിലെ രണ്ടു സെന്റില്‍ മഴ നനഞ്ഞു കിടക്കുന്ന പട്ടികജാതിക്കാര്‍ക്കും അടുത്തേക്ക് എത്താതെ വികസനം അയ്യോ എനിക്ക് അയിത്തമാകുമേ എന്ന മട്ടില്‍ അകന്നു നില്‍ക്കുന്നതിന്റെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാംസ്‌കാരിക കാരണങ്ങള്‍ അക്കമിട്ട് എണ്ണിപ്പറയുന്ന അടിമമക്ക ജാനുവിന്റെ ആത്മകഥ എന്നതിനപ്പുറം വികസന ഭൂപടത്തില്‍ ഇടം കിട്ടാത്ത കേരളത്തിലെ മുഴുവന്‍ ആദിവാസി പട്ടികജാതി മനുഷ്യരുടെയും ആത്മകഥയാണ്. മുതലാളിത്തവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ നമുക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമിയുണ്ടാകുക എന്നത് നമ്മളും മനുഷ്യര്‍ ആണെന്നതിന്റെ അടയാളമാണ്. മണ്ണിനോടും പ്രകൃതിയോടും ഇണങ്ങി ജീവിച്ച ആദിവാസി മനുഷ്യരെ നമ്മള്‍ നിയമം കൊണ്ടും ആയുധം കൊണ്ടും സാംസ്‌കാരികമായും അവര്‍ ജീവിച്ച ഇടങ്ങളില്‍ നിന്നും പുറത്താക്കി. അവരുടെ പഴയ ലോകം നമ്മള്‍ കവരുകയും നമ്മുടെ ലോകത്തില്‍ അതിജീവിക്കാന്‍ കഴിയാത്ത വിധം അവരെ വിഭവരഹിതര്‍ ആക്കുകയും ചെയ്തതിന്റെ സാക്ഷ്യമാണ് അടിമമക്ക. വായിക്കുന്നവരെ അലോസരപ്പെടുത്തുന്ന പുസ്തകം. മണ്ണില്‍ മറ്റുള്ളവര്‍ക്കും അവകാശം കൊടുക്കാത്ത ഏതൊരു രാഷ്ട്രീയ സംവിധാനവും ജനാധിപത്യവിരുദ്ധമാണ്. അത്തരം വ്യവസ്ഥകളില്‍ നിന്നും വിടരുക അസ്വാതന്ത്ര്യവും അവകാശ രാഹിത്യവും വിഭവ പങ്കാളിത്തമില്ലായ്മയും മാത്രമാണ്. ഇനിയും അവസാനിക്കാത്ത ആദിവാസികളുടെ സ്വാഭിമാന പ്രതിരോധത്തിലെ ഒരേട് മാത്രമാണ് അടിമമക്ക. അതിന്റെ തുടര്‍ച്ചകള്‍ ഉണ്ടാവുകതന്നെ ചെയ്യും.

No Comments yet!

Your Email address will not be published.