കെ. സരസ്വതിയമ്മയുടെ അമ്പതാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് എന്തു ചെയ്യണമെന്ന ആലോചനകളിൽ നിന്നാണ് കേരളത്തിലെ സ്ത്രീ എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും വിവിധ സ്ത്രീസംഘടനകളുടെയും പങ്കാളിത്തത്തിൽ ഒരു വാട്ട്സാപ്പ് കൂട്ടായ്മ രൂപപ്പെടുന്നത്. ഇതിനെത്തുടർന്ന് 2025 ഡിസംബർ 26 ന് – കെ സരസ്വതിയമ്മയുടെ അമ്പതാം ചരമവാർഷിക ദിനത്തിൽ- ‘കെ സരസ്വതിയമ്മ അനുസ്മരണം’ എന്ന പേരിൽ ഒരു ഫേസ് ബുക്ക് പേജ് ആരംഭിക്കുകയും ഒരു വർഷം നീണ്ടു നിൽക്കുന്ന അനുസ്മരണ പരിപാടികൾ സരസ്വതിയമ്മയ്ക്കായി നടത്താൻ തീരുമാനമെടുക്കുകയും ചെയ്തു. തുടർന്ന് 2026 ജനുവരി 18 ന് സരസ്വതിയമ്മയുടെ ജന്മനാടായ തിരുവനന്തപുരത്ത് ആദ്യ അനുസ്മരണ പരിപാടി സംഘടിപ്പിക്കപ്പെട്ടു.

കവിയും ചിത്രകാരിയുമായ സാവിത്രി രാജീവൻ അധ്യക്ഷത വഹിച്ച ആദ്യ അനുസ്മരണ പരിപാടി കഥാകൃത്തും നോവലിസ്റ്റുമായ ഡോ. ചന്ദ്രമതി ഉദ്ഘാടനം ചെയ്തു. ‘കെ സരസ്വതിയമ്മയുടെ ലിംഗവിചാരവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളി പിതൃ മേധാവിത്വവും’ എന്ന വിഷയത്തിൽ സാമൂഹ്യ ചരിത്രകാരിയും എഴുത്തുകാരിയുമായ ഡോ. ജെ ദേവിക മുഖ്യ പ്രഭാഷണം നടത്തി. പി ഗീത , ഡോ. ജി ഉഷാകുമാരി, ഡോ. പി കെ കനകലത, ഡോ.സീമ ജെറോം, ഡോ. ഉദയകല, ഡോ. സുജ സൂസൻ ജോർജ്, കെ പി ഗിരിജ, ഡോ.കെ എസ് മിനി, ഡോ. മൈഥിലി, ഡോ. നിനിത, ഡോ. സംഗീത തിരുവാൾ ], നിഷി ലീല ജോർജ്, സ്റ്റാലിന, ജ്യോതി ലക്ഷ്മി, എമ്മാനുവൽ മെറ്റിൽസ്, നിമിഷ ഹെലൻ തുടങ്ങി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുത്തുകാരികളും സാംസ്കാരിക പ്രവർത്തകരും പ്രബന്ധങ്ങളവതരിപ്പിച്ചും കഥകൾ വായിച്ചും ചർച്ചകൾ നടത്തിയും ആദ്യ പരിപാടിയെ മികവുറ്റതാക്കി.
ശോഭന പടിഞ്ഞാറ്റിൽ സംവിധാനം ചെയ്ത ‘അവരുടെ കഥയെഴുത്ത് ‘ , നിരീക്ഷ സ്ത്രീ നാടകവേദിയുടെ ‘മൗനം അക്ഷരം ‘ എന്നീ നാടകങ്ങളും തുടർന്ന് അവതരിപ്പിക്കപ്പെട്ടു. വനിതാ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ ബിന്ദു വി സി നാടകങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. നിരീക്ഷ സ്ത്രീ നാടകവേദി അങ്കണത്തിൽ നടത്തപ്പെട്ട ഈ ആദ്യ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നതിന് കവിയും വിവർത്തകയുമായ ആശാലതയും നിരീക്ഷ സ്ത്രീ നാടകവേദിയുടെ പ്രവർത്തകരായ രാജ രാജേശ്വരി, സുധി ദേവയാനി എന്നിവരും നേതൃത്വം കൊടുത്തു.
ഒരു വർഷം നീണ്ടു നിൽക്കുന്ന അനുസ്മരണ പരിപാടികളുടെ തുടക്കം എന്ന നിലയിൽ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടിയെത്തുടർന്ന് മറ്റ് പല ജില്ലകളിലും കെ സരസ്വതിയമ്മയുടെ അനുസ്മരണ പരിപാടികൾ നടക്കുകയുണ്ടായി. ചാലക്കുടി പി എം ജി കോളേജ്, കുഴിക്കാട്ടുശ്ശേരി സാഹിതി ഗ്രാമിക , ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ സെൻ്റർ , ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി സെൻ്റർ എന്നിവിടങ്ങളിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. കേന്ദ്രീകൃതമായ ഒരു നേതൃത്വത്തിൻ്റെ മേൽക്കൈയിൽ നടത്തിയ പരിപാടികളായിരുന്നില്ല ഇവയൊന്നും. മറിച്ച് അതത് പ്രദേശത്തുള്ളവർ / സ്ഥാപനങ്ങളിലുള്ളവർ മുൻകൈ എടുത്തു നടത്തിയവയായിരുന്നു ഈ പരിപാടികൾ. കെ സരസ്വതിയമ്മയുടെ എഴുത്തുകൾ കൂടുതൽ പേരിലേക്കെത്തിക്കുക എന്നതോടൊപ്പം സാഹിത്യ സാംസ്കാരിക മേഖലകളിലും സാമൂഹ്യ ജീവിതത്തിലും സ്ത്രീകളനുഭവിക്കുന്ന വിവേചനങ്ങളെയും അവഗണനകളെയും പ്രതിസന്ധികളെയും കുറിച്ച് ഉറക്കെ ചിന്തിക്കുന്നതിനുളള അവസരമായി കൂടി ഈ അനുസ്മരണ പരിപാടികൾ മാറി.
വീണ്ടെടുക്കപ്പെടേണ്ട ധാരാളം സ്ത്രീകൾ ചരിത്രത്തിലുണ്ടായിരിക്കെ എന്തുകൊണ്ട് കെ. സരസ്വതിയമ്മയിൽ തുടങ്ങി എന്ന ചോദ്യത്തിൻ്റെ ഒരുത്തരം ഇപ്പോഴും അവർ സമകാലികയായി അനുഭവപ്പെടുന്നു എന്നതാണ്. സ്ത്രീ ചരിത്രം ഏറെക്കുറെ അദൃശ്യവും അപൂർണവുമായതിനാൽ ഒരു താരതമ്യം എളുപ്പമല്ല. സ്ത്രീകളുടെ എഴുത്തിലും സ്ത്രീവാദ കാഴ്ച്ചപ്പാടുകളിലും കാലക്രമത്തിൽ വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസം, സാമാന്യമായ നീതി, സാമാന്യമായ സ്വാതന്ത്ര്യം എന്നീ വിഷയങ്ങളാണ് കഥയുടെയും നോവലിൻ്റെയും ആദ്യ ഘട്ടത്തിലെ സത്രീപക്ഷരചനകളിൽ ആവിഷ്ക്കരിക്കപ്പെട്ടത്. പിൽക്കാലങ്ങളിൽ ലിംഗാധികാര ബന്ധങ്ങളെയും സ്ത്രീ സ്വത്വത്തെയും സംബന്ധിച്ച വിപുലവും ബഹുസ്വരവുമായ സംവാദങ്ങൾ സാമൂഹ്യ, സാഹിത്യ മണ്ഡലങ്ങളിൽ വികസിച്ചുവന്നു. പിൻതിരിഞ്ഞു നോക്കുമ്പോൾ കാലത്തിന് മുന്നേ നടന്ന ഒരുവളായി സരസ്വതിയമ്മയെ തിരിച്ചറിയാൻ കഴിയുന്നു. ആ തിരിച്ചറിയൽ അവർക്കു മുൻപോ അവർക്കൊപ്പമോ ജീവിച്ച എഴുത്തുകാരികളുടെ പ്രാധാന്യം ഒട്ടും കുറയ്ക്കുന്നില്ല.

പിതൃമേധാവിത്വ വ്യവസ്ഥയിൽ ജീവിക്കുന്ന സ്ത്രീകൾ പല മട്ടിൽ അതിനെ നേരിടുന്നുണ്ട്. പൂർണ്ണമായി വ്യവസ്ഥയ്ക്ക് വഴങ്ങി ജീവിക്കുന്നവരും ഒട്ടും വഴങ്ങാത്തവരും ഉണ്ട്. ഇതിനിടയിൽ പല നിലകൾ സ്വീകരിക്കുന്നവരുമുണ്ട്. മാത്രമല്ല ചുറ്റുമുള്ള സാഹചര്യങ്ങളുടെ സമ്മർദ്ദം എല്ലാവരിലും ഒരുപോലെയല്ല പ്രവർത്തിക്കുന്നത്. താങ്ങാൻ കഴിയാത്ത സമ്മർദ്ദങ്ങളാൽ പിന്നിലേക്ക് തള്ളപ്പെടുന്നവരും സമ്മർദ്ദങ്ങളെ അതിജീവിക്കുന്നവരും സാമാന്യമോ സവിശേഷമോ ആയ പിന്തുണ കൊണ്ട് മുന്നിലേക്ക് വരുന്നവരുമുണ്ട്. മിതവാദ നിലപാടുകൾ സ്വീകരിച്ചവർക്ക് വ്യവസ്ഥയുടെ പിന്തുണ നേടിയെടുക്കാനും അതിലൂടെ തങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെ സ്വാധീനിക്കാനും കഴിഞ്ഞിട്ടുണ്ടാവാം. അതു കൊണ്ട് ജീവിച്ച കാലത്തേയും സവിശേഷ സാഹചര്യങ്ങളെയും ചുറ്റുപാടുകളിലുണ്ടാക്കാൻ കഴിഞ്ഞ സ്വാധീനങ്ങളെയും പരിഗണിക്കാതെ വ്യക്തികളെ വിലയിരുത്തുന്നത് അനീതിയാണ്. കെ സരസ്വതിയമ്മയിലേക്ക് വന്നാൽ അക്കാലത്തേക്കാൾ ഇക്കാലത്തിലാണ് അദ്ദേഹം ഇടപെടുന്നത്.
സ്വന്തമായി വീടുള്ള, ജോലിയുള്ള, സ്വയം പര്യാപ്തതയുള്ള സ്ത്രീയായിരുന്നു കെ സരസ്വതിയമ്മ. വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു നിന്ന് തന്നിഷ്ടത്തിന് ജീവിക്കാൻ അവർക്ക് ഏറെക്കുറെ സാധിച്ചു. എന്നാൽ ചുറ്റുമുള്ള ലോകം കെ സരസ്വതിയമ്മയെ നിരന്തരം സമ്മർദ്ദത്തിലാക്കി. വ്യക്തി എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും അവർ അംഗീകരിക്കപ്പെട്ടില്ല. പാൽക്കുളങ്ങര സരസ്വതിയമ്മ, പൊന്നും കുടം സരസ്വതിയമ്മ എന്നീ പേരുകളിൽ മാത്രമല്ല വട്ട് സരസ്വതി എന്ന പേരിലും അവർ അറിയപ്പെട്ടിരുന്നു. സമൂഹം അതിൻ്റെ സാധാരണമായ ചട്ടക്കൂടുകൾക്കുള്ളിൽ നിൽക്കാൻ തയ്യാറാകാത്ത സ്ത്രീകളോട് എങ്ങനെ പെരുമാറും എന്നതിൻ്റെ ഉദാഹരണമാണ് കെ സരസ്വതിയമ്മ.
യഥാതഥമായി കഥയെഴുതി തകഴിയും ബഷീറും കേശവദേവും പൊൻകുന്നം വർക്കിയുമെല്ലാം നിറഞ്ഞു നിന്നിരുന്ന ഘട്ടത്തിലാണ് സരസ്വതിയമ്മ എന്ന എഴുത്തുകാരിയും എഴുത്തിൽ സജീവമാകുന്നത്. ആണെഴുത്തുകാരുടെ കൃതികളിലും യഥാതഥമായ സ്ത്രീ കഥാപാത്രങ്ങൾ കടന്നു വരുന്നുണ്ടെങ്കിലും പ്രണയം, വിവാഹം , കുടുംബം തുടങ്ങിയ സങ്കല്പങ്ങളെ അവർ ഏറെക്കുറെ കാല്പനികമായി നിലനിർത്തി. ഭീഷണിപ്പെടുത്തിയും അടിച്ചും ജമീലാ ബീബിയെക്കൊണ്ട് ഓറഞ്ചിനെ പൂവമ്പഴം പറയിപ്പിക്കുന്നതിലോ ( പൂവമ്പഴം – ബഷീർ) ‘പെണ്ണേ ഭ്രാന്തു പറയാതെ ‘ എന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താനാഗ്രഹിക്കുന്ന പെണ്ണിനോട് പറയുന്നതിലോ ( രണ്ടിടങ്ങഴി -തകഴി) എന്തെങ്കിലും വൈഷമ്യം ആണെഴുത്തുകാർക്ക് തോന്നിയില്ല. ആണുങ്ങൾ സൃഷ്ടിച്ച ഭാവനാലോകങ്ങളും സാഹിത്യനിർവ്വചനങ്ങളും എഴുത്തുകാരികളെയും സ്വാധീനിച്ചു. അത്തരമൊരു സാഹചര്യത്തിൽ പുരുഷന്മാരില്ലാത്ത ലോകത്തെക്കുറിച്ചും പുരുഷന്മാരുള്ള ലോകത്തെക്കുറിച്ചും സ്ത്രീയുടെ സ്വത്വ പ്രതിസന്ധികളെക്കുറിച്ചുമുള്ള കെ. സരസ്വതിയമ്മയുടെ ആലോചനകൾ പുരുഷ വിദ്വേഷമായി വായിക്കപ്പെട്ടു.
ഹർഷഭരിതമായ ഒരുഗ്ര സമരജീവിതമായി സരസ്വതിയമ്മ ജീവിതത്തെ നിർവ്വചിച്ചു. അങ്ങനെ ജീവിച്ചപ്പോഴുണ്ടായ പ്രതിസന്ധികളെ നേരിട്ടു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ സമരജീവിതത്തിൽ നിന്ന് സ്വയം പിൻവലിഞ്ഞ് മൗനിയായി. 1938 ലാണ് അദ്ദേഹത്തിൻ്റെ ആദ്യ കഥ പ്രസിദ്ധീകരിക്കപ്പെട്ടത്. 1940കളിലാണ് എഴുത്തിൽ അദ്ദേഹം സജീവമായത്. അമ്പതുകളിൽ എഴുത്തുകൾ കുറഞ്ഞു വരികയും ക്രമത്തിൽ തീരെ നിലയ്ക്കുകയും ചെയ്തു . അദ്ദേഹത്തിൻ്റെ സമകാലികരായ മറ്റ് ആണെഴുത്തുകാരെപ്പോലെ പ്രശസ്തിയോ അംഗീകാരമോ സരസ്വതിയമ്മയ്ക്കു കിട്ടിയില്ലെന്നു മാത്രമല്ല വിമർശനങ്ങളുമുണ്ടായി. കുടുംബത്തിൽ നിന്നും പലവിധ കലഹങ്ങളും എതിർപ്പുകളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. എഴുത്തുകാരിയായി തുടരാൻ സാധിക്കാത്തതിനാൽ തൻ്റെ 34 ആം വയസ്സിൽ ആത്മഹത്യ ചെയ്ത രാജലക്ഷ്മി എന്ന എഴുത്തുകാരിയെ നമുക്കറിയാം. സ്വാതന്ത്ര്യബോധമുള്ള ഒരെഴുത്തുകാരിയെയോ സ്ത്രീയെയോ അംഗീകരിക്കാൻ ആ കാലഘട്ടം ഒട്ടും തയ്യാറായിരുന്നില്ല എന്ന് ഊഹിക്കാവുന്നതാണ്. സമൂഹത്തിൻ്റെ സമീപനങ്ങൾ ഉണ്ടാക്കിയ ജീവിത ബോധ്യങ്ങളാവാം സരസ്വതിയമ്മയെ മൗനത്തിലേക്ക് നടത്തിയത്. എന്നാൽ ജീവിതത്തോട് പൊരുതിനിന്ന അനേക വർഷങ്ങളുടെ ശേഷിപ്പുകളായാണ് അദ്ദേഹത്തിൻ്റെ സാഹിത്യ കൃതികൾ നമുക്കു മുന്നിലുള്ളത്.
പിരിമുറുക്കങ്ങളുടെ ജീവിതമായല്ല കളിമട്ടു (playfulness) കളുടെ ജീവിതമായാണ് സരസ്വതിയമ്മയുടെ എഴുത്തുകളിൽ അദ്ദേഹം പതിഞ്ഞു കിടക്കുന്നത്. ചിരിക്കുടുക്കയായിരുന്നു സരസ്വതിയമ്മ എന്ന് സഹപാഠിയായിരുന്ന എസ് ഗുപ്തൻ നായർ അദ്ദേഹത്തെക്കുറിച്ച് പറയുന്നുണ്ട്. ആ ചിരി സരസ്വതിയമ്മയുടെ എഴുത്തുകളിലും അവിടവിടെയായി ചിതറിക്കിടക്കുന്നത് കാണാം (ഉദാ : പ്രേമ പരീക്ഷണം, അവരുടെ കഥയെഴുത്ത്, വൈവിധ്യം വേണ്ടേ ?). പൊതുവേ മധ്യവർഗ്ഗ സ്ത്രീ ജീവിതമാണ് സരസ്വതിയമ്മയുടെ എഴുത്തുകളിൽ കാണുന്നത്. അതിനെ അതിൻ്റെ വൈവിധ്യങ്ങളോടെയും സംഘർഷങ്ങളോടെയും സരസ്വതിയമ്മ അവതരിപ്പിക്കുന്നുണ്ട്. സാമ്പത്തികമായി വളരെ പിന്നിലായ സ്ത്രീകളുടെ ജീവിതവും വിലക്കപ്പെട്ട വഴി, കുലമഹിമ, കീഴ്ജീവനക്കാരി തുടങ്ങിയ ചില കഥകളിൽ കടന്നു വരുന്നുണ്ട്. ബന്ധങ്ങളെക്കുറിച്ച് അവർ തൻ്റെ കഥകളിൽ ഏറെപ്പറഞ്ഞു. സ്ത്രീകൾക്കിടയിലെ സൗഹൃദബന്ധങ്ങളെ പല കഥകളിൽ അവതരിപ്പിച്ചിട്ടുള്ള സരസ്വതിയമ്മ ആൺ പെൺ ബന്ധങ്ങളെ അധികാര ബന്ധങ്ങളായും തിരിച്ചറിഞ്ഞു. അധികാരത്തോട് അദ്ദേഹം ആദരവ് കാണിച്ചില്ല. വിവാഹത്തിലും പ്രണയബന്ധങ്ങളിലും സ്ത്രീകളനുഭവിക്കുന്ന പ്രതിസന്ധികൾ പല എഴുത്തിലും കടന്നു വന്നു (ഉദാ: പെൺ ബുദ്ധി, ഇളകുന്ന മുതൽ, വിലക്കപ്പെട്ട വഴി,
വൈവിധ്യം വേണ്ടേ ?, കീഴ്ജീവനക്കാരി, ഈശ്വരന്റെ കൈ, ഡബിൾ ആക്ട്).
കുടുംബമില്ലാത്തതിനാൽ മറ്റ് മേഖലകളിൽ ശ്രദ്ധ പതിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്ന സ്ത്രീകളാണ് ചോലമരങ്ങൾ എന്ന കഥയിലെ ലില്ലിക്കുട്ടിയും വിലക്കപ്പെട്ട വഴിയിലെ ഡോ വിശാലാക്ഷിയമ്മയും. എന്നാൽ നഷ്ടപ്പെട്ട പ്രേമത്തേയും ബന്ധങ്ങളേയും ഓർത്ത് സങ്കടപ്പെടുന്ന സ്ത്രീകളും ഉണ്ട് ചില എഴുത്തുകളിൽ. പുരോഗമന സ്വഭാവമുള്ളവരെയെന്ന പോലെ യാഥാസ്ഥിതികരെയും ആ സാഹിത്യ ലോകത്ത് നമ്മൾ കണ്ടുമുട്ടുന്നു. കുലീനരെന്ന പോലെ കുലടകളും അവിടെയുണ്ട്. പാരമ്പര്യത്തിൻ്റെ സ്ത്രീസങ്കല്പങ്ങളോടും കുടുംബസങ്കല്പളോടുമെന്ന പോലെ ആധുനികതയിലെ സമാന സങ്കല്പങ്ങളോടും സരസ്വതിയമ്മ വിമർശനം പുലർത്തി (ഉദാ: ഇടിവെട്ടുതൈലം, പുതിയ മാതൃകകൾ). അദ്ദേഹത്തിൻ്റെ എഴുത്തുകളിൽ കാണുന്ന ഈ അന്തഃസംഘർഷങ്ങളും സങ്കീർണ്ണതകളും ജീവിച്ച കാലത്തിൻ്റെ ബഹിർമുഖതയെ വെളിപ്പെടുത്തുന്നുണ്ട്.

കെ. സരസ്വതിയമ്മയെ എന്തിന് അനുസ്മരിക്കണം എന്ന ചോദ്യത്തിൻ്റെ തെളിച്ചമുള്ള ഉത്തരങ്ങൾ കൂടിയായിരുന്നു വിവിധ ഇടങ്ങളിലായി സംഘടിപ്പിക്കപ്പെട്ട അനുസ്മരണ പരിപാടികൾ. അവഗണിക്കപ്പെട്ട ഒരെഴുത്തുകാരിയോട് നീതി കാണിക്കാനുള്ള ശ്രമമെന്നതു പോലെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തിലും പ്രവർത്തനമേഖലകളിലും സ്വാതന്ത്ര്യബോധമുള്ള സ്ത്രീകൾ അനുഭവിക്കുന്ന പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമങ്ങൾ കൂടി ഈ അനുസ്മരണങ്ങളിൽ സ്വാഭാവികമായി ഉരുത്തിരിഞ്ഞു വന്നു. സ്ത്രീകൂട്ടായ്മകൾ ചേർന്ന് തീരുമാനിച്ച് നടത്തിയ കെ സരസ്വതിയമ്മ അനുസ്മരണ പരിപാടികൾ കെ സരസ്വതിയമ്മയിൽ നിന്ന് തുടങ്ങിയെങ്കിലും അദ്ദേഹത്തിൽ ഇത് അവസാനിക്കുന്നില്ല. അവഗണിക്കപ്പെട്ടവരോ വീണ്ടെടുക്കപ്പെടേണ്ടവരോ ആയ പല സ്ത്രീകൾ ചരിത്രത്തിലുണ്ട് എന്നതിനാൽ തന്നെ അവരെ ഓരോരുത്തരെയായി ഭൂതകാലത്തിൻ്റെ മറവുകളിൽ നിന്ന് തെളിച്ചത്തിലേക്ക് വീണ്ടെടുത്തു കൊണ്ട് – വർത്തമാനകാലത്തിനുതകും വിധം വീണ്ടെടുത്തു കൊണ്ട് – ഈ കൂട്ടായ്മയ്ക്ക് മുന്നോട്ടു പോകാൻ കഴിയും.







No Comments yet!