വിഭജനം കഴിഞ്ഞ നാളുകള്‍. ആഗ്ര നഗരത്തിലെ ഉഷ്ണക്കാറ്റ് വീശുന്ന കമ്പോളങ്ങളിലൂടെ കടന്നുപോകുന്ന ഒരു വൃദ്ധന്‍ ആത്മഗതം ചെയ്യുന്നു, ”മനുഷ്യന് എത്രനാള്‍ ഒറ്റക്ക് ജീവിക്കാനാവും!”
ഇത് ‘ഗരം ഹവ’ എന്ന ചിത്രത്തിലെ ഒരു ദൃശ്യമാണ്. ഇസ്മത് ചുഗ്തായ് എഴുതിയ ഉര്‍ദൂ കഥയെ ആസ്പദമാക്കി കൈഫീ ആസ്മിയും ശമാ സൈദിയും ചേര്‍ന്ന് തിരക്കഥയെഴുതി എം. എസ്. സത്യൂ സംവിധാനം ചെയ്ത അതിമനോഹര ചിത്രം. വിഭജനം ഭൂപടത്തിലെ ഒരു അടയാളപ്പെടുത്തല്‍ മാത്രമല്ല; വര്‍ഗ്ഗീയതയും സാമ്രാജ്യത്തവും ഒത്തുചേര്‍ന്ന് മനുഷ്യരേയും മണ്ണിനേയും, ഭാഷയേയും, ഒരു ബഹുസ്വര സംസ്‌ക്കാരത്തേയും കീറിമുറിച്ച സര്‍ജിക്കല്‍ ഓപ്പറേഷനും കൂടി ആയിരുന്നു. സലീം മിര്‍സയെ സംബന്ധിച്ചിടത്തോളം ആഗ്ര നഗരം അയാളുടെ ആത്മാവില്‍ നിന്ന് പറിച്ചുമാറ്റാനാവാത്ത ഒരു ഭാഗം. രാഷ്ട്രീയ അണിയറയില്‍ നടക്കുന്ന ഉപജാപങ്ങളെ കുറിച്ച് സൂചനകളുണ്ടെങ്കിലും സംഭവങ്ങള്‍ ഇത്ര പെട്ടെന്ന് ഇവ്വിധം ഉരുത്തിരിയുമെന്ന് അയാള്‍ സ്വപ്‌നേപി കരുതിയിരുന്നില്ല.
1947 ആഗസ്ത് 15ന്റെ ഹര്‍ഷഘോഷങ്ങള്‍ക്കിടയില്‍ മുള്‍മുനയില്‍ നിര്‍ത്തപ്പെട്ട ജനങ്ങള്‍. ഇതിനിടയില്‍ കൊലയാളിയുടെ ബുള്ളറ്റ് മഹാത്മാ ഗാന്ധിയുടെ ജീവനും അപഹരിച്ച് കഴിഞ്ഞിരുന്നു. ഗാന്ധിവധത്തോടെ കലാപകാരികളുടെ രക്തദാഹം തീര്‍ന്നുകാണുമെന്നും വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുമെന്നും മിര്‍സ വിശ്വസിക്കുന്നു. അയാളുടെ അയല്‍ക്കാര്‍ വാഗ്ദത്ത ദേശത്തേക്ക് ഓരോരുത്തരായി പിരിഞ്ഞുപോകുന്നു. കുടുംബത്തിലെ കാരണവരും മുസ്ലീംലീഗ് പ്രവര്‍ത്തകനുമായ ജ്യേഷ്ടനും നാടുവിടാനുള്ള തിടുക്കത്തിലാണ്. തൊണ്ണൂറ് കടന്ന മാതാവ് മാത്രം പൂര്‍വികരുറങ്ങുന്ന മണ്ണ് ഉപേക്ഷിച്ച് പോകാന്‍ തയ്യാറല്ല.
മിര്‍സയുടെ അഭ്യസ്തവിദ്യനായ മകന്‍ ജോലികിട്ടാത്തതിനാല്‍ അസ്വസ്ഥനാണ്. മകളുടെ പ്രതിശ്രുതനാവട്ടെ, മടങ്ങി വരാമെന്ന ഉറപ്പ് നല്‍കി പാക്കിസ്താനിലേക്ക് പോയ്ക്കഴിഞ്ഞു.കുടുംബവീട് നാട് ഉപേക്ഷിച്ച് പാക്കിസ്ഥാനിലേക്കുപോയ ജ്യേഷ്ടന്റെ പേരില്‍ ആയതിനാല്‍ ഇവാക്വീ പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം പിടിച്ചെടുക്കുമെന്ന ഭീഷണി സര്‍ക്കാര്‍ തലത്തില്‍ നിന്ന് വരുന്നു. തന്റെ വളരെ ലാഭകരമായി നടന്നിരുന്ന ഷൂസ് ഫാക്ടറി തൊഴിലാളികളുടെ അഭാവം മൂലം അടഞ്ഞുകിടക്കുകയാണ്. അത് ചുളുവിലയ്ക്ക് തട്ടിയെടുക്കാനാണ് ചിലരുടെ ശ്രമം. പ്രതിശ്രുതനുവേണ്ടിയുള്ള തീരാത്ത കാത്തിരിപ്പിനൊടുവില്‍ മകള്‍ ജീവനൊടുക്കുന്നു.
ഇങ്ങനെ അനേകം പ്രതികൂല സംഭവങ്ങളുടെ ചുഴിയിലകപ്പെട്ട സലീം മിര്‍സ പകച്ചുനില്‍ക്കുകയാണ്. സര്‍ക്കാര്‍ വീട് ജപ്തി ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ ഗരം ഹവ (ഉഷ്ണക്കാറ്റ്) അയാളുടെ മനസ്സിലാണ്. കമ്പോളത്തില്‍ മുന്നിലൂടെ കടന്നുപോകുന്ന ജാഥ കണ്ണില്‍ പെടുന്നു. ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരജാഥ. സലീം മിര്‍സ ഈ ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകുമ്പോള്‍ കഥ അവസാനിക്കുന്നു. സലീം മിര്‍സയുടെ കഥാപാത്രത്തിന് ജീവന്‍ നല്‍കിയത് അനശ്വര നടന്‍ ബല്‍രാജ് സാഹ്നിയാണ്. ചരിത്രസന്ധിയില്‍ പെട്ട് നട്ടം തിരിയുന്ന ഒരു നിസ്സഹായന്റെ വ്യഥയും ആധിയും മനുഷ്യരാശിയിലുള്ള തകരാത്ത വിശ്വാസവും അയത്‌നലളിതമായി ആ മുഖത്ത് മിന്നിമറയുമ്പോള്‍ അയാള്‍ ജീവിക്കുന്ന ചരിത്രത്തിന്റെ ഒരംശം യഥാതഥമായി പ്രേക്ഷകരിലേക്കും പകരുന്നു. ‘ഒരു നല്ല നടന്‍ നല്ല മനുഷ്യനും കൂടിയാണ്’ എന്ന് പറയുന്നത് അക്ഷരംപ്രതി ശരിയെന്ന് തെളിയിക്കുന്ന അഭിനയപാടവം. 1913ല്‍ (ഇന്ന് പാക്കിസ്താനില്‍) റാവല്‍പിണ്ടിക്കടുത്ത് ഒരു ധനിക ബിസിനസ്സ് കുടുംബത്തിലായിരുന്നു യുധിഷ്ഠിര്‍ സാഹ്നിയുടെ ജനനം. (സിനിമാരംഗത്തേക്ക് വന്നതിന് ശേഷമാണ് ബല്‍രാജ് എന്ന് പേര് സ്വീകരിച്ചത്.) സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം പൈതൃകമായ ബിസിനസ്സ് ഏറ്റെടുക്കാതെ അദ്ദേഹം തന്റേതായ വഴിയേ പോയി: കലയുടേയും പ്രതിബദ്ധതയുടേയും ലോകത്തേക്ക്.
സലീം മിര്‍സയുടെ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാന്‍ അദ്ദേഹത്തിന് ക്ലേശിക്കേണ്ടി വന്നിരിക്കില്ല. വിഭജനത്തിന്റെ ദുരിതവും ദു:ഖവും സ്വന്തം കുടുംബാനുഭവം കൂടിയായിരുന്നു. കുടുംബത്തിനും ബന്ധുക്കള്‍ക്കും പിന്നീട് പാക്കിസ്താന്റെ ഭാഗമായി മാറിയ സ്വദേശം വിട്ട് ഇന്‍ത്യയിലേക്ക് വരേണ്ടി വന്നു. (അനിയന്‍ ഭീഷ്മ സാഹ്നിയുടെ തമസ് എന്ന പുസ്തകം ഇതിവൃത്തമാക്കിയത് വിഭജനകെടുതികളുടെ അനുഭവങ്ങളാണ്). ‘ബല്‍രാജ്, എന്റെ സഹോദരന്‍’ എന്ന തന്റെ ഓര്‍മ്മക്കുറിപ്പില്‍ ഭീഷ്മ സാഹ്നി എഴുതുന്നു, ”കുട്ടിക്കാലം തൊട്ടേ ഭാവനാശക്തിയുള്ള ജ്യേഷ്ടന്‍ ഏത് കാര്യത്തിലും ധീരമായ നിലപാടെടുക്കുമായിരുന്നു. ബാല്യകാലത്തെ കളികളില്‍ പോലും വ്യതിരിക്തമായ കണ്ടുപിടിത്തം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.” (ബല്‍രാജ് പിന്നീട് വിഭജനം കാരണം ചിതറിപ്പോയ കുടുംബത്തിന്റെ കേന്ദ്രബിന്ദുവായി.)
1930കളില്‍ ഉത്തരേന്ത്യയില്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തോടൊപ്പം ഉത്ഭവിച്ച നവോത്ഥാനത്തിന്റെ പിന്‍ഗാമിയാണ് ബല്‍രാജ് സാഹ്നിയെന്ന് പറയാന്‍ കഴിയും. ഇതേ കാലഘട്ടത്തില്‍ ഉര്‍ദൂ-ഹിന്ദി സാഹിത്യരംഗത്തെ പരിപുഷ്ടമാക്കിയ പുരോഗമനസ്വഭാവവും യുവജനങ്ങള്‍ക്കിടയില്‍ രൂഢമൂലമായ രാഷ്ട്രീയബോധവും അദ്ദേഹത്തെ സ്പര്‍ശിക്കാതിരിക്കാന്‍ വഴിയില്ല.
ആദ്യം ടാഗോറിന്റെ ശാന്തിനികേതനില്‍ അധ്യാപകനായി ചേര്‍ന്നു. പിന്നെ നവവധുവായ ദമയന്തിയോടൊപ്പം ഒരു വര്‍ഷം വര്‍ധയിലെ ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തില്‍ അന്തേവാസിയായി. അതിന് ശേഷമാണ് ഗാന്ധിജിയുടെ ഉപദേശപ്രകാരം ലോകമഹായുദ്ധകാലത്ത് ലണ്ടനിലെത്തി ബീബീസീയുടെ ഹിന്ദിവിഭാഗത്തില്‍ ചേരുന്നത്. അവിടെ ഇടത്പക്ഷ ചിന്തകന്‍ ഹരോള്‍ഡ് ലാസ്‌ക്കി, വിഖ്യാത നടന്‍ ജോണ്‍ ഗീല്‍ഗുഡ്, ആംഗല കവി ടീ.എസ്. എല്ല്യറ്റ് എന്നിവരുമായി പരിചയപ്പെടുന്നു.
1943ല്‍ സ്വദേശത്ത് തിരിച്ചെത്തുമ്പോള്‍ കറകളഞ്ഞ മാര്‍ക്‌സിസ്റ്റായി മാറിക്കഴിഞ്ഞിരുന്നു. ആയിടെ കേ. ഏ. അബ്ബാസ്, ഡോ. ഹോമീ ഭാഭാ, അലി സര്‍ദാര്‍ ജാഫ്രി, ദാദാ സര്‍മള്‍ക്കര്‍ എന്നിവര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച ഇപ്ടയില്‍ ബല്‍രാജിനോടൊപ്പം ഭാര്യ ദമയന്തിയും സജീവമായി. ഇരുവരും ഇപ്ടയുടെ അനേകം നാടകങ്ങളില്‍ അഭിനയിച്ചു. ശ്രദ്ധേയമായ ആദ്യ ചലചിത്രം കേ.ഏ.അബ്ബാസ് സംവിധാനം ചെയ്ത ബംഗാള്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തിലെ ‘ധര്‍ത്തീ കേ ലാല്‍’ ആയിരുന്നു.
പ്രതിഭാധനരായ അഭിനേതാക്കള്‍ ഒരിക്കലും കച്ചവടസാധ്യതകളെ കുറിച്ച് വേവലാതിപ്പെടാറില്ല. സ്വന്തം ജീവിതത്തെ മാത്രമല്ല, അഭിനയിച്ച കഥാപാത്രത്തെയും അനശ്വരരാക്കുന്നവര്‍. അഭിനയത്തിന്റെ ഒരു പാഠശാലയിലും അദ്ദേഹം പരിശീലനം നേടിയിരുന്നില്ല. ജന്മസിദ്ധമായ കഴിവും അശ്രാന്ത പരിശ്രമവും മാത്രമായിരുന്നു കൈമുതല്‍. കലയോടൊപ്പം മുഴുസമയ പാര്‍ട്ടിപ്രവര്‍ത്തകനായി തിരക്ക് പിടിച്ച ദിനങ്ങള്‍. ഡെല്‍ഹിയില്‍ നടന്ന അഖിലേന്ത്യാ യൂത്ത് ഫെഡറേഷന്റെ ആദ്യ സമ്മേളനത്തില്‍ ബല്‍രാജ് സാഹ്നി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
മകന്‍ പരീക്ഷിത്ത് സാഹ്നി ഒരു അഭിമുഖത്തില്‍ ഓര്‍മ്മകള്‍ പങ്കിടുന്നത് ഇങ്ങനെയാണ് : ഒരു ജാഥ നയിക്കുന്നതിനിടയില്‍ അച്ഛന്‍ അറസ്റ്റ് ചെയ്യപ്പെട്ട് ലോക്കപ്പിലായി. അന്ന് വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. കേ. ആസിഫിന്റെ ‘ഹല്‍ചല്‍’ എന്ന സിനിമയില്‍ അച്ഛനോടൊപ്പം ശൈശവം പിന്നിടാത്ത തനിക്കും ഒരു റോള്‍ കിട്ടിയിരുന്നു. ദിലീപ് കുമാറും നര്‍ഗ്ഗീസുമാണ് നായികാനായകന്മാര്‍. തടവ് പുള്ളിയുടെ ഡ്രെസ്സ് മാറ്റാതെ തന്നെ പോലീസ് അകമ്പടിയോടെയാണ് പരിക്ഷീണനായ ബല്‍രാജ് ജയിലറുടെ ഭാഗം അഭിനയിക്കാന്‍ ചിത്രത്തിന്റെ സെറ്റില്‍ എത്തുന്നത്. അവിടെ സന്നിഹിതരായിരുന്ന ചിലര്‍ പിതാവിനെ പരിഹസിക്കുകയും കുത്തുവാക്കുകള്‍ പറയുകയും ചെയ്യുന്നത് കണ്ട് മകന് സഹിച്ചില്ല. അച്ഛനോട് ഇക്കാര്യം തേങ്ങിക്കരഞ്ഞുകൊണ്ട് പറയുകയും ചെയ്തു. അദ്ദേഹം പരീക്ഷിത്തിനെ സമാധാനിപ്പിച്ചു, ”ഇതൊന്നും കാര്യമാക്കരുത്. അധികം വൈകാതെ എല്ലാം കലങ്ങിത്തെളിയും.”
അഭിനയരംഗത്ത് മാറ്റുരയ്ക്കാന്‍ അടുത്ത അവസരം ബിമല്‍ റോയിയുടെ ‘ദോ ബീഘാ സമീന്‍’ ആയിരുന്നു. ജന്‍മിയുടെ കടക്കെണിയില്‍ നിന്ന് തന്റെ നാഴിയിടങ്ങഴി മണ്ണ് സംരക്ഷിക്കുവാന്‍ തൊഴിലന്വേഷിച്ച് നഗരത്തിലേക്ക് ചേക്കേറുന്ന ശംഭുവിന്റെ കഥ. പകലും രാത്രിയും റിക്ഷ വലിച്ച് ജന്മിക്ക് തിരിച്ചടക്കാനുള്ള 65 രൂപ സ്വരൂപിച്ച് ഗ്രാമത്തിലെത്തുമ്പോഴേക്കും ഭൂമി അന്യാധീനപ്പെട്ട് കഴിഞ്ഞിരുന്നു. മണ്ണില്‍ നിന്ന് മാറി തനിക്ക് ഒരു അസ്തിത്വമില്ല എന്ന ബോധം ശംഭുവിനെ തകര്‍ക്കുന്നു. താന്‍ ജീവന് തുല്യം സ്‌നേഹിച്ച അതേ മണ്ണില്‍ നിന്ന് ഒരു പിടി വാരിയെടുത്ത് തിരിഞ്ഞ് അവസാനമായി ഒന്നുകൂടി നോക്കി കുടുംബത്തോടെ തന്നെ കാത്തിരിക്കുന്ന അസ്ഥിരജീവിതത്തിലേക്ക് നടന്നകലുന്നു. റിക്ഷാവലിക്കുന്നവന്റെ ജീവിതം സ്വാംശീകരിക്കുവാനായി ബല്‍രാജ് സാഹ്നി ഷൂട്ടിംഗിന് മുമ്പ് ആഴ്ചകളോളം കല്‍ക്കട്ടയിലെ തെരുവുകളില്‍ റിക്ഷാക്കാരനായി അലഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ നവതരംഗത്തിന് നാന്ദി കുറിച്ച ‘ദോ ബീഘാ സമീന്‍’ കാനേ ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടി. ബല്‍രാജ് സാഹ്നി ബോളീവുഡിലെ അതുല്യനായ നടനായി മാറി.
കഥാപാത്രത്തിന്റെ ആത്മാവിലേക്ക് കൂടുവിട്ട് കൂടുമാറുന്ന പ്രക്രിയ ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയാണ്. ബിമല്‍ റോയി തന്നെ നിര്‍മ്മിച്ച ‘കാബൂളീവാല’യിലെ പഠാനെ അവതരിപ്പിക്കാനായി സ്വയം സജ്ജമാകാന്‍ മാസങ്ങളോളം മുംബൈയിലെ പഠാണികള്‍ താമസിക്കുന്ന തെരുവില്‍ ബല്‍രാജ് സാഹ്നി അലഞ്ഞു നടന്നത് പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ മുഖ്യധാരാ സിനിമകളിലെ കഥാപാത്രങ്ങള്‍ പോലും ഓര്‍മ്മകളില്‍ ഇന്നും മായാതെ നില്‍ക്കുന്നത് ആ അഭിനയമികവ് കൊണ്ട് മാത്രമല്ല, കലയോടുള്ള സമീപനത്തിലെ നേരിന്റെ തിളക്കം കൊണ്ട് കൂടിയാണ്. ‘സീമ’യിലെ സ്ത്രീകളുടെ റെസ്‌ക്യൂ ഹോമിലെ വാര്‍ഡന്‍, ‘അനുരാധ‘യിലെ ആദര്‍ശവാദിയായ ഡോക്ടര്‍, ‘വക്ത്’ ലെ ‘ഏ മേരീ സൊഹ്‌റജബീന്‍’ എന്ന് ഭാര്യയെ നോക്കി പാടി ചുവട് വെക്കുന്ന കുടുംബനാഥന്‍, എല്ലാം അവിസ്മരണീയ കഥാപാത്രങ്ങള്‍. അദ്ദേഹത്തെ ഹിന്ദി സിനിമാരംഗത്തെ എക്കാലത്തേയും വലിയ അഭിനേതാവായി കാണുന്നവരുണ്ട്.
ഇപ്ടയിലെ പഴയ സഹപ്രവര്‍ത്തകരുള്‍പ്പെട്ട സിനിമയേയും മനുഷ്യനേയും സ്‌നേഹിക്കുന്നവരുടെ കൂട്ടായ സംരംഭമായിരുന്നു ‘ഗരം ഹവ’. നിര്‍മ്മാണത്തിന് കുറച്ച് മുമ്പാണ് തനിക്ക് കൂടുതല്‍ അടുപ്പവും വാത്സല്യവുമുള്ള മകള്‍ ശബ്‌നത്തിന്റെ അകാല മരണം നടന്നത്. ഈ ദുരന്തം അദ്ദേഹത്തിന് സഹിക്കാന്‍ കഴിഞ്ഞില്ല. ഏറെ നാളുകള്‍ വിഷാദത്തില്‍ തള്ളി നീക്കി. മകളുടെ ദാരുണ മരണത്തില്‍ ദു:ഖിക്കുന്ന സലീം മിര്‍സയും താനും ഏകരൂപമായി മാറുന്നത് അദ്ദേഹത്തിന് അനുഭവപ്പെട്ടിരിക്കണം. ഗരം ഹവയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതിന്റെ അടുത്ത ദിവസമാണ് ഹൃദയാഘാതം മൂലം 59 വര്‍ഷത്തെ ആ ജീവിതത്തിന് യവനിക വീഴുന്നത്.
സംവിധായകന്‍ എം. എസ്. സത്യൂ പറയുന്നു, ”നിര്‍മ്മാണം തുടങ്ങി 45 വര്‍ഷം കഴിഞ്ഞിട്ടും ഗരം ഹവയെ കുറിച്ച് ഇന്നും ഞാന്‍ അന്നത്തെ പോലെ വികാരാധീനനാവുന്നു. ഇന്ന് അതിന്റെ പ്രസക്തി എന്തെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ അതേപടി നിലനില്‍ക്കുന്നു എന്നത് തന്നെയാണ് അതിന്റെ പ്രസക്തി എന്നാണ് എനിക്ക് പറയാനുള്ളത്.”
കലയും ജീവിതവും രണ്ടല്ല എന്ന നിലപാടില്‍ ഉറച്ച് നിന്ന, ഒരു നല്ല നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി ജീവിച്ച, മനുഷ്യരാശിയിലുള്ള തളരാത്ത വിശ്വാസം നിലനിര്‍ത്തിയ ഒരു തലമുറയുടെ പ്രതിനിധിയായായിരുന്നു ബല്‍രാജ് സാഹ്നി. ചലച്ചിത്രലോകം അതിന്റേതായ മൂല്യങ്ങളും ജീവിതവീക്ഷണങ്ങളും സ്വയം സൃഷ്ടിച്ച് മുന്നേറിയപ്പോഴും ആ സ്വാധീനം തന്റെ വിശ്വാസപ്രമാണങ്ങള്‍ക്ക് വിലങ്ങുതടിയാവാന്‍ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. ബോളിവുഡിന്റെ താരപ്പൊലിമയിലും ഗ്ലാമറിലും ഒരിക്കലും ആ കണ്ണഞ്ചിയില്ല. തൊട്ടടുത്ത അയല്‍വാസിയാവട്ടെ, കവലയിലെ ഇളനീര്‍ കച്ചവടക്കാരനാവട്ടെ, അടുത്തറിയുന്ന എല്ലാവരുമായി അദ്ദേഹം ഊഷ്മളമായ സൗഹൃദം പുലര്‍ത്തിയിരുന്നു. ബന്ധനങ്ങളൊന്നുമില്ലാത്ത തുറന്ന ജീവിതവീക്ഷണം ജീവിതത്തെ മുന്‍വിധികളൊന്നുമില്ലാതെ സ്വീകരിക്കുന്നതിന് അദ്ദേഹത്തിന് സഹായമായി.
ബല്‍രാജ് സാഹ്നി ഒരു നല്ല എഴുത്ത്കാരന്‍ കൂടിയായിരുന്നു എന്ന വസ്തുത വളരെ കുറച്ച് പേര്‍ക്കേ അറിയൂ. യൗവനാരംഭത്തില്‍ എഴുതിയ ‘രാജകുമാരന്റെ ഡ്രിങ്ക്’ എന്ന നോവലിന് ശേഷം തിയേറ്ററും സിനിമയും രാഷ്ട്രീയപ്രവര്‍ത്തനവും അദ്ദേഹത്തിന്റെ മുഴുവന്‍ സമയവും അപഹരിച്ചതിനാല്‍ വീണ്ടും എഴുത്തിലേക്ക് തിരിഞ്ഞത് 60കളിലാണ്. യാത്രാവിവരണങ്ങള്‍ കൂടാതെ ‘പ്രീത് ലഡി’ തുടങ്ങിയ പഞ്ചാബി മാസികകളില്‍ സ്ഥിരം പംക്തി കൈകാര്യം ചെയ്തിരുന്നു. കൃഷന്‍ ചോപ്രയുടെ കൂടെ അദ്ദേഹം സംവിധാനം ചെയ്ത ‘ലാല്‍ ബത്തി’ എന്ന ചലചിത്രം ഒരു സ്വാതന്ത്ര്യപ്രാപ്തിദിനത്തില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ തലചായ്‌ക്കേണ്ടി വരുന്നവരുടെ കഥ പറയുന്നു.
Balraj Sahini
1May 1913 ( Rawalpindi, Pakistan)- 13 April 1973, Mumbai)
No Comments yet!