‘ജലം കൊണ്ട് മുറിവേറ്റവള്‍’ എന്നാണ് വിനീത കുട്ടഞ്ചേരി സ്വയം അവരെ ഫേസ്ബുക്കില്‍ അടയാളപ്പെടുത്തിയത്. 2019ല്‍ മലയാള സാഹിത്യത്തിന് ദലിത് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായിരുന്നു വിനീത. സ്‌നേഹത്തെ കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരുന്ന വിനീതയുടെ വരികള്‍ക്കുള്ളില്‍ എപ്പോഴും വേര്‍പിരിയലുകള്‍ ഒരു നിശബ്ദ സാന്നിധ്യമായി വായിച്ചെടുക്കാമായിരുന്നു.
2025 ജൂണ്‍ 13ന് തൃശ്ശൂര്‍ പ്രസ് ക്ലബ്ബില്‍ വച്ചായിരുന്നു വെച്ചായിരുന്നു അവരുടെ ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനം. അന്‍സര്‍ കായല്‍വാരവും വിനീതയും ചേര്‍ന്നെഴുതിയ ”വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’‘ എന്ന നോവലായിരുന്നു അന്ന് പ്രകാശനം ചെയ്യപ്പെട്ടത്. അന്നേക്ക് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് വിനീത അവരുടെ തന്നെ വരികളില്‍ പറഞ്ഞതുപോലെ ”ഒരാള്‍ വരാനുണ്ട് എന്നോര്‍ത്ത് കാത്തിരിക്കുക, ആ കാത്തിരിപ്പില്‍ കരിഞ്ഞുണങ്ങി പോവുക” എന്ന നിലയില്‍ സ്വന്തം ജീവിതവും ജീവനുമായി കാണാമറയത്തേക്ക് പോയിരുന്നു.
സ്‌നേഹത്തെ പറ്റി വാചാലയായ വിനീത രണ്ടു തരത്തിലുള്ള സ്‌നേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒന്ന് മറക്കുവോളം നമുക്കുള്ളില്‍ ഉള്ള സ്‌നേഹം. മറ്റൊന്ന് മരിക്കുവോളം നമ്മുടെ ഉള്ളിലുള്ള സ്‌നേഹം. അവരുടെ മുഖപുസ്തക എഴുത്തുകളില്‍ മുഴുവന്‍ മരണം നിറഞ്ഞിരുന്നു. ”അഞ്ചില്‍ താഴെ മാത്രം മനുഷ്യര്‍ നിരന്തരം മിണ്ടിയിരുന്ന ഒരുവള്‍ ഓര്‍ക്കാപ്പുറത്ത് ആത്മഹത്യ ചെയ്യും” എന്നെഴുതിയ ആള്‍ തന്നെയാണ്. ”ജീവിതത്തിന് മാറ്റം വരുത്തുവാന്‍ self- motivation അല്ലാത്ത മറ്റൊരു remote ഇല്ല” എന്നെഴുതിയതും.
തിരസ്‌കൃതരുടെ ലോകം, ആഴത്തിലുള്ള കടല്‍, എടുക്കാന്‍ മറന്നുപോയ പെട്ടിയുമായി പോകുന്ന നീണ്ട യാത്രകള്‍ തുടങ്ങി മരണവും ജീവിക്കാനുള്ള ആഗ്രഹവും കലഹിക്കുന്ന നിരവധി ബിംബങ്ങള്‍ അവരുടെ എഴുത്തിലുണ്ട്. ആത്മഹത്യകള്‍ക്ക് എത്രയോ മുന്‍പ് നമ്മളത് പ്രഖ്യാപിക്കും എന്ന തത്വം വിനീതയുടെ കാര്യത്തിലും നൂറു ശതമാനം സത്യമാണ്. പക്ഷെ വരികളിലെ ഗുപ്ത സന്ദേശങ്ങള്‍ ആര്‍ക്ക് വായിക്കാനാകും. അവരുടെ തന്നെ വരികള്‍കൊണ്ട് ഞാനീ കുറിപ്പ് അവസാനിപ്പിക്കാം.
”പൊതിഞ്ഞു കെട്ടാന്‍ പറ്റാത്ത
മരുന്ന് വയ്ക്കാന്‍ പറ്റാത്ത
എത്രയോ മുറിവുകളും പേറിയാണ്
ചില മനുഷ്യര്‍ ജീവിക്കുന്നത്…”
ഉണങ്ങാത്ത മുറിവുകളും, ഉറങ്ങാത്ത രാത്രികളും, വേദനിപ്പിക്കാത്ത, മറഞ്ഞാലും മങ്ങാത്ത സ്വപ്നങ്ങളുടെ ലോകത്തില്‍ വിനീത കവിതകള്‍ എഴുതട്ടെ..!
മഴയായിരിക്കും…
കുടയൊന്ന് കടം വാങ്ങിയെങ്കിലും
മരിച്ചെന്നു കേട്ടാല്‍ വരണം…
എള്ളും പൂവും ചന്ദനമണവും നിറനാളികേരവും നിലവിളക്കും കാണില്ല.
ആര്‍ത്തലച്ചു കരയാനാളുകളുമുണ്ടാവില്ല.
ചോര നീരാക്കിയുടഞ്ഞു പോയവളില്‍ നിന്നിനി ലാഭമെടുക്കാനൊന്നുമില്ലെന്ന മ്ലാനതയാവും ചുറ്റിനും.
കടല്‍ കടന്നൊരുവന്‍ വരും വരെ കാത്തിരിക്കണമെന്ന നിരാശയില്‍
ഒരു രാവുറക്കം വൈകിയവരുടെ
ഒരുനേരം ഉണ്ണാനാവാത്തവരുടെ
നേര്‍ത്ത നിശ്വാസങ്ങള്‍ക്കൊടുവിലെ
അവസാന യാത്രയില്‍ ഒരു വിരല്‍ താങ്ങായെങ്കിലും ഒപ്പമുണ്ടാകണം.
എല്ലാം കഴിഞ്ഞാല്‍ ആണ്ടിനു കൂടാമെന്ന് ടാര്‍പ്പായ മടക്കണം.
പെങ്ങള് മരിച്ചാല്‍
ആണ്ടിനെങ്കിലും ആങ്ങളയാ വീട് കാണണം.
ഉടമയില്ലാതായ വണ്ടി തൂക്കത്തിനു കൊടുത്ത് കാശെണ്ണി വിലപേശുമ്പോള്‍
തുരുമ്പെടുത്ത സ്വപ്നങ്ങള്‍ക്കൊപ്പമോടിയ
ചക്രങ്ങള്‍ കരയുന്ന ഒച്ച കേള്‍ക്കാന്‍ നില്‍ക്കാതെ തിരിച്ചു പൊയ്‌ക്കോണം.
അഛനോട്
അമ്മയോട്
ആങ്ങളയോട്
കൂട്ടുകാരോട്
മക്കളോട്
കടം ബാക്കിവച്ച മരണമായിരിക്കും.
നഷ്ടം വന്നവര്‍ക്ക് ഒസ്യത്തിലെഴുതിയ മാപ്പ് മാത്രം!
(വിനീത കുട്ടഞ്ചേരി)
No Comments yet!