കുടില്‍ മുതല്‍ കൊട്ടാരം വരെ, കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ, പാമരന്‍ മുതല്‍ പണ്ഡിതര്‍ വരെ ഏതവസ്ഥയിലും ഏതു പ്രായത്തിലും ഏതു സ്ഥിതിയിലുമുള്ളവര്‍ക്ക് വായിച്ചാസ്വദിക്കുകയും ചിന്തിക്കുകയും ചെയ്യത്തക്കവണ്ണം ഹൃദ്യസ്ഥമായ ‘ഐതിഹ്യമാല’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയില്‍ പ്രസിദ്ധനാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി (1855 – 1937)
വൈകുന്നേരത്തെ വിശ്രമവേളകളില്‍ വറുഗീസ് മാപ്പിളയോട് സന്ദര്‍ഭവശാല്‍ പറയേണ്ടിവന്ന ഐതിഹ്യകഥകളാണ് പിന്നീട് അദ്ദേഹത്തിന്റെ താത്പര്യപ്രകാരം ‘ഭാഷാപോഷിണി’യിലും മനോരമയിലുമായി പ്രസിദ്ധീകരിക്കപ്പെട്ട് ഐതിഹ്യമാലയായി മാറിയത്. 1909 ല്‍ ഈ ലേഖനങ്ങള്‍ ”ലക്ഷ്മീഭായി” മാസികയുടെ പ്രസാധകര്‍ വെള്ളായ്ക്കല്‍ നാരായണ മേനോന്റെ ശ്രമഫലമായി സമാഹരിച്ച് 1934 വരെ 25 വര്‍ഷത്തിനിടയ്ക്ക് എട്ടു വാല്യങ്ങളായി ‘ ഐതീഹ്യമാല’ പ്രസിദ്ധീകരിക്കപ്പെട്ടു. 1978 മുതല്‍ ഇന്നത്തെ രൂപത്തില്‍ ഒറ്റ പുസ്തകമായി.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ആദ്യ ഗ്രന്ഥമാണ് സുഭദ്രാഹരണം. പതിമൂന്ന് മണിപ്രവാള കൃതികള്‍, മൂന്ന് സംസ്‌കൃത നാടകങ്ങളുടെ തര്‍ജ്ജമ, നാലു പുരാണകഥകള്‍, രണ്ട് കല്പിത കഥകള്‍, അഞ്ച് ആട്ടക്കഥകള്‍, എട്ട് കൈകൊട്ടിക്കളിപ്പാട്ടുകള്‍, വിനായക മാഹാത്മ്യം കിളിപ്പാട്ട്, ആറ് ശീതങ്കന്‍ തുള്ളല്‍പ്പാട്ടുകള്‍, രണ്ട് വഞ്ചിപ്പാട്ടുകള്‍ എന്നിങ്ങനെ എല്ലാ പ്രസ്ഥാനത്തില്‍പ്പെടുന്ന കൃതികളും അദ്ദേഹം രചിച്ചു. ഭാഷാപോഷിണി, വിദ്യാവിനോദിനി, ലക്ഷ്മീഭായി, കവനകൗമുദി തുടങ്ങി അന്ന് പ്രസിദ്ധീകരിച്ചിരുന്ന പ്രധാന മാസികകളിലെല്ലാം അദ്ദേഹം എഴുതിയിട്ടുണ്ട്.
തിരുവതാംകൂറിലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് റീജന്റ് മഹാറാണി സേതുലക്ഷ്മിബായി, കോഴിക്കോട് മാനവിക്രമന്‍ ഏട്ടന്‍ തമ്പുരാന്‍, കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, കടത്തനാട്ട് ഉദയവര്‍മ തമ്പുരാന്‍ തുടങ്ങിയവര്‍ പല ബഹുമതികളും നല്‍കി ശങ്കുണ്ണിയെ ആദരിച്ചു. 1919ല്‍ കൊച്ചി രാജാവ് ‘കവിതിലകന്‍’ ബഹുമതി നല്‍കി. ഇത്രയധികം രാജകീയസമ്മാനങ്ങളും ബഹുമതികളും നേടിയ ഒരു കവി അക്കാലത്തുണ്ടായിരുന്നില്ല.
No Comments yet!