Skip to main content

ജൂലായ് 25 ഇന്ത്യയില്‍ നായികാ പദവി ലഭിച്ച ഏക കൊള്ളക്കാരി, ഫൂലന്‍ ദേവി ഓര്‍മദിനം

‘എനിക്ക് ജീവിതത്തില്‍ ഏറെ കഷ്ടപ്പാടും, ക്രൂരതകളും സഹിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരുപാടായപ്പോഴാണ് ഞാന്‍ ആലോചിച്ചത്, ഇങ്ങനെ കഷ്ടപ്പാടുകള്‍ അനുഭവിക്കുക മാത്രം ചെയ്തുകൊണ്ട് ചുമ്മാതങ്ങു മരിച്ചു പോകുന്നതെന്തിനാണ് ഞാന്‍? ഇങ്ങനെ മനുഷ്യരോട് അക്രമങ്ങള്‍ പ്രവര്‍ത്തിക്കുന്നവരെ, അങ്ങനെ ചെയ്യുന്നതിനുള്ള പ്രതിഫലം കിട്ടും എന്ന് ഒന്ന് ബോധ്യപ്പെടുത്തേണ്ടേ?”-

അടിച്ചര്‍ത്തപ്പെട്ടവരുടെ പാഴ്മണ്ണില്‍നിന്ന് ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് കാലത്തിനുമുകളില്‍ എക്കാലവും ജ്വലിച്ചു നില്‍ക്കുന്ന സാഹസിക ജീവിതമാണ് ഫുലന്‍ ദേവി (1963 – 2001). എണ്‍പതുകളില്‍ ചമ്പല്‍ പ്രവിശ്യയെ ഏറ്റവുമധികം വിറപ്പിച്ചിരുന്ന ഒരു കൊള്ളക്കാരിയും പിന്നീട് പാര്‍ലമെന്റ് അംഗവുമായിരുന്നു ഫൂലന്‍ ദേവി. ഉന്നം തെറ്റാതെ വെടിയുതിര്‍ക്കാനുള്ള അവരുടെ കഴിവും ഒപ്പം അവരുടെ ഹൃദയത്തിന്റെ കാഠിന്യവും പ്രസിദ്ധമായിരുന്നു.

പതിനൊന്നുവയസ്സുമാത്രം പ്രായമുള്ളപ്പോള്‍, തന്നെക്കാള്‍ മുപ്പത്തഞ്ചു വയസ്സു കൂടുതലുള്ള ഒരാള്‍ക്ക് മാതാപിതാക്കള്‍ ഫൂലനെ വിവാഹം കഴിച്ചു നല്‍കിയതാണ് അവരുടെ ജീവിതത്തിലെ ദുരിതം ആരംഭിച്ചത്. വിവാഹത്തിന്റെ അന്ന് രാത്രിതന്നെ ക്രൂരമായ ബലാത്സംഗത്തിന് വിധേയയായി. അന്നുതൊട്ടങ്ങോട്ട് ഏതാണ്ട് എല്ലാദിവസവും, ഭര്‍ത്താവിന്റെ നിത്യപീഡനങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് ഒരു കുഗ്രാമത്തില്‍ കഴിഞ്ഞുകൂടിയിരുന്ന അവരെ, നാടിനെ വിറപ്പിച്ച കൊള്ളക്കാരിയാക്കി മാറ്റിയത് സാഹചര്യങ്ങളാണ്. ചെറിയ പ്രായത്തിനിടെ ഭര്‍ത്താവില്‍ നിന്നും, പൊലീസുകാരില്‍ നിന്നും, ചമ്പലിലെ കൊള്ളക്കാരില്‍ നിന്നും ഠാക്കൂര്‍മാരില്‍നിന്നുമെല്ലാം അനുഭവിക്കേണ്ടിവന്ന കൊടിയപീഡനങ്ങളും കൂട്ടബലാത്സംഗങ്ങളുമാണ് ഫൂലന്‍ ദേവിയുട ഹൃദയത്തെ ഏറെ കാഠിന്യമുള്ളതാക്കി മാറ്റിയത്.

തന്റെ ജീവിതത്തില്‍ അനുഭവിച്ച കൊടും ക്രൂരതകള്‍ക്കുള്ള പ്രതികാരമാണ് ഫൂലന്‍ ദേവിയെ തോക്കേന്താന്‍ പ്രേരിപ്പിച്ചിരുന്നത്. താനുള്‍പ്പടെയുള്ളവരെ പീഡിപ്പിച്ചവര്‍ക്ക് തക്കതായ തിരിച്ചടി കിട്ടും എന്ന് മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു ആ തോക്കില്‍ നിന്നും പ്രവഹിച്ച തീ നാളങ്ങള്‍.

ഉത്തര്‍പ്രദേശിലെ ഘുറ കാ പൂര്‍വ ഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തില്‍ ജനനം. പതിനൊന്നാം വയസ്സില്‍ വിവാഹിതയായി. മിക്കവാറും എല്ലാദിവസവും ഭര്‍ത്താവിന്റെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന അവള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസുകാരുടെ ഭാഗത്ത് നിന്നും അതിക്രമങ്ങള്‍ ഉണ്ടായി. തുടര്‍ന്ന്, ഗ്രാമത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. കുറച്ചുകാലം ബന്ധുക്കളുടെ വീടുകളില്‍ അഭയം തേടാന്‍ ശ്രമിച്ചെങ്കിലും അവിടെ നിന്നെല്ലാം ആട്ടിയോടിക്കപ്പെട്ടു. ഒടുവില്‍ മറ്റൊരിടമില്ലാതെ വീണ്ടും സ്വന്തം ഗ്രാമത്തിലേക്കുതന്നെ തിരികെയെത്തി.

ഗ്രാമത്തിലെ ഒരു ഠാക്കൂറിന്റെ വീട്ടില്‍ കൊള്ളക്കാര്‍ ആക്രമണം നടത്തിയപ്പോള്‍ ഠാക്കൂര്‍മാരുടെ നിര്‍ദേശപ്രകാരം പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത് ഫൂലനെയാണ്. ഫൂലന്റെ സഹോദരന് കൊള്ളക്കാരുമായുള്ള അടുപ്പം ആരോപിച്ച് കസ്റ്റഡിയിലായ ഫൂലന്‍ സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദനത്തിനും ലോക്കപ്പില്‍ പോലീസുകാരാലും കൂട്ടബലാത്സംഗത്തിനിരയായി.

അടുത്ത ദിവസം പോലീസുകാര്‍ തിരികെ വിട്ടെങ്കിലും, അന്നുരാത്രി തന്നെ ബാബു ഗുജ്ജാറിന്റെ നേതൃത്വത്തിലുള്ള കൊള്ളസംഘമെത്തി അവളെ കൈകള്‍ കൂട്ടിക്കെട്ടി തട്ടിക്കൊണ്ടുപോയി. അവിടെയും അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായി. സംഘത്തിലെ മറ്റുള്ള കൊള്ളക്കാര്‍ നോക്കിനില്‍ക്കെ അവരുടെ മുന്നില്‍ വെച്ചുതന്നെയായിരുന്നു ക്രൂരമായ പീഡനങ്ങള്‍ അരങ്ങേറിയിരുന്നത്.

അവിടെ ഫുലനോട് സഹതാപം തോന്നിയ വിക്രം മല്ല മസ്താന എന്ന കൊള്ളക്കാരന്‍ അവസരം ലഭിച്ചപ്പോള്‍ ബാബു ഗുജ്ജാറിനെ വെടിവെച്ച് കൊല്ലുകയും ഫൂലനെ ജീവിത സഖിയാക്കുകയും ചെയ്തു. തുടര്‍ന്ന് വിക്രം മല്ലയാണ് ഫൂലന്‍ ദേവിക്ക് പ്രതികാരം ചെയ്യാനുള്ള വഴി ഒരുക്കി നല്‍കിയത്.

പതിനൊന്നാം വയസ്സില്‍ തന്നെ ആക്രമിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്ത ഭര്‍ത്താവിനെ അയാളുടെ വീട്ടില്‍ നിന്ന് പുറത്തേക്കിറക്കി കുത്തിമലര്‍ത്തുകയും, ഇനിയൊരു സ്ത്രീയെയും ലൈംഗികമായി ആക്രമിക്കാന്‍ ശേഷിയുണ്ടാകാത്ത വിധം ജീവച്ഛവമാക്കിയാണ് ഫൂലന്‍ അവിടം വിട്ടത്.

വിക്രം മല്ല വെടിയേറ്റ് മരിച്ചതോടെ മറ്റൊരു കൊള്ളക്കാരനായ മാന്‍ സിങ് ഫൂലനെ ജീവിതപങ്കാളിയാക്കി. ഇരുവരും ചേര്‍ന്ന് മല്ലാ സമുദായക്കാരുടേതു മാത്രമായ ഒരു കൊള്ളസംഘവും ഉണ്ടാക്കി.

1981 ഫെബ്രുവരി 14-ന് , കാണ്‍പൂരിനടുത്തുള്ള ബെഹ് മെയി എന്ന ഗ്രാമം ഫൂലന്‍ ദേവിയുടെ നേതൃത്വത്തിലുള്ള ചമ്പല്‍ കൊള്ളക്കാര്‍ വളഞ്ഞു. അവര്‍ ഒറ്റ രാത്രി കൊണ്ട് 21 രാജ് പൂത് ഠാക്കൂര്‍മാരെ ചുട്ടു തള്ളി. തന്നെ പീഡിപ്പിച്ച് നൂല്‍ബന്ധമില്ലാതെ നടത്തിച്ച് അപമാനിച്ച ആ ഗ്രാമത്തില്‍ പ്രതികാരദാഹിയായി. ഫൂലന്‍ ദേവിയോട് അതിക്രമം കാട്ടിയവര്‍ അന്ന് സ്ഥലത്തില്ലാതിരുന്നത് കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. അന്നു മുതലാണ് ഠാക്കൂര്‍ വിഭാഗം മാത്രമല്ല പോലീസും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും ഫുലന്‍ ഒരു പേടി സ്വപ്നമായി മാറിയത്.

ഉന്നത ജാതിക്കാരെ ആക്രമിച്ചു കിട്ടുന്ന സമ്പത്ത് താണ ജാതിക്കാര്‍ക്കിടയില്‍ അവര്‍ വിതരണം ചെയ്തുപോന്നു. ഇതോടെ അവര്‍ കൊള്ളക്കാരിയുടെ റാണിയെന്ന പേര് സമ്പാദിച്ചു. തട്ടിക്കൊണ്ട് പോകല്‍, കൂട്ടക്കൊലപാതകം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ അവര്‍ 1983 ഫെബ്രുവരിയില്‍ കീഴടങ്ങി.

1994-ല്‍ ഉത്തര്‍പ്രദേശിലെ മുലായം സിങ്ങ് യാദവ് സര്‍ക്കാര്‍ ഫൂലന്‍ ദേവിയ്‌ക്കെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിച്ച് കുറ്റവിമുക്തയാക്കി. 1999-ല്‍ മിര്‍സാപ്പൂരില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടി അംഗമായി ലോകസഭയിലെത്തി. എംപി ആയിരിക്കെ ദില്ലിയിലെ സ്വന്തം വീടിന് മുന്നില്‍ അക്രമികളുടെ വെടിയേറ്റ് മരിക്കുകയായിരുന്നു.

ഫൂലന്‍ദേവിയുടെ ജീവിതകഥയെ ആസ്പദമാക്കി ശേഖര്‍കപൂര്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ബാന്‍ഡിറ്റ് ക്വീന്‍.
പ്രദേശവാസികള്‍ ഫുലന്‍ ദേവിയുടെ ജന്മഗ്രാമത്തെ ‘ഫൂലന്‍ ദേവി ഗാവ്’ അല്ലെങ്കില്‍ ഫൂലന്‍ ദേവി ഗ്രാമം എന്ന് വിളിക്കുന്നു. ‘ഞാന്‍ ഫുലന്‍ ദേവി’ ആത്മകഥയാണ്.

 


 

ഞാന്‍ ഫൂലന്‍ ദേവി
വിവര്‍ത്തനം : കെ.വി. വിശ്വംഭരദാസ്
പ്രസാധകര്‍ : ഒലിവ് പബ്ലിക്കേഷന്‍സ്
വില : 375 രൂപ

 

 

No Comments yet!

Your Email address will not be published.