Skip to main content

ആഗസ്റ്റ് 1: ടി. രാമലിംഗം പിള്ള (1880 – 1968) യുടെ ഓര്‍മ്മദിനം – ഇംഗ്ലീഷ് വാക്കുകളുടെ അര്‍ത്ഥം മലയാളികളെ ലളിതമായി പഠിപ്പിച്ച ടി. രാമലിംഗം പിള്ള

അസാമാന്യ വ്യക്തിത്വമായിരുന്നു ടി. രാമലിംഗം പിള്ള. പക്ഷേ ഇന്നോളം യാതൊരു അംഗീകാരവും നമ്മള്‍ ടി.രാമലിംഗം പിള്ളയ്ക്ക് നല്‍കുകയുണ്ടായില്ല. ഒരു ജീവിതകാലം മുഴുവന്‍ കൈരളിയ്ക്കായ് ചെലവഴിച്ചു അദ്ദേഹം. സ്മാരകമോ സ്ഥാപനമോ ഒന്നുമില്ല. ഒരു പക്ഷേ, 1500 രൂപ മാത്രമായിരിക്കും അദ്ദേഹം കൈപ്പറ്റിയ പ്രതിഫലം.

പതിറ്റാണ്ടുകളായി ഒരു സര്‍ക്കാര്‍ വകുപ്പ് സര്‍വ്വവിജ്ഞാനകോശമുണ്ടാക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോഴും എവിടെയുമെത്തിയിട്ടില്ല. ഉണ്ടാക്കിയതോ പലതും അബദ്ധപ്പഞ്ചാംഗങ്ങള്‍ .. ഈ സുഖസമൃദ്ധിയിലിരുന്ന്, എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി അങ്ങനെ പോകുന്നു.

അതെ, ചിലരുടെ ഏകാന്ത ധ്യാനങ്ങളാണ് മഹത്തായ സൃഷ്ടികളാവുന്നത്… അവയ്ക്കാണ് കാലാതീതമഹത്വമുണ്ടാകുന്നത്. ശബ്ദഘോഷങ്ങളാല്‍ മുഖരിതമായ ഈ അന്തരീക്ഷത്തില്‍ നാലുവരിയെഴുതുന്നവര്‍ പോലും പ്രതിഭ എന്ന വലിയ പദത്താല്‍ ആദരിക്കപ്പെടുമ്പോള്‍ അര്‍ഹിക്കുന്നവര്‍ അവഗണിക്കപ്പെടുന്നു.

ബൃഹത്തായ ഒരു ഇംഗ്ലീഷ് – മലയാളം ശബ്ദകോശത്തിന്റെ അഭാവം പരിഹരിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് രാമലിംഗം പിള്ള നിഘണ്ടു നിര്‍മ്മാണത്തിലേക്കു തിരിഞ്ഞത്. ചേമ്പേഴ്സ് ട്വന്റിയത്ത് സെഞ്ച്വറി ഡിക്ഷ്ണറി, അന്നാ ഡെയില്‍സ് ഡിക്ഷ്ണറി, കണ്‍സൈസ് ഓക്‌സ്ഫഡ് ഡിക്ഷ്ണറി തുടങ്ങി അന്ന് പ്രചാരമുള്ള നിഘണ്ടുക്കളില്‍ നിന്ന് ആവശ്യമായ ഇംഗ്ലീഷ് പദങ്ങള്‍ അദ്ദേഹം സമാഹരിച്ചു.

160 പേജുകളുള്ള സഞ്ചികകളായാണ് നിഘണ്ടു പ്രസിദ്ധീകരിച്ചത്. ആദ്യഭാഗം 1938 സെപ്തംബറില്‍ പുറത്തുവന്നു.1956 ഒക്ടോബറില്‍ പൂര്‍ത്തിയായി. അതേവര്‍ഷം നിഘണ്ടുവിന്റെ ഒരു പ്രതി അന്നത്തെ ഗവര്‍ണര്‍ ബി.രാമകൃഷ്ണറാവുവിന് സമ്മാനിക്കുകയും തിരിച്ചു സമ്മാനമായി 1500 രൂപ ലഭിക്കുകയും ചെയ്തു.

1916 – ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ മലയാളം റീഡര്‍ തസ്തികയില്‍ വന്ന ഒഴിവിലേക്ക് രാമലിംഗം പിള്ള അപേക്ഷ നല്‍കിയെങ്കിലും യോഗ്യതയുണ്ടായിട്ടും, അന്ന് സെനറ്റ് മെമ്പര്‍ ആയിരുന്ന ജസ്റ്റിസ് ശങ്കരന്‍നായര്‍ ‘തിരുനെല്‍വേലിക്കാരനായ ഒരു തമിഴന്‍’ റീഡറാകുന്നത് എതിര്‍ത്തതിനെ തുടര്‍ന്ന് 35 വര്‍ഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമാണ് ഈ ശബ്ദകോശം.

ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ദ്വിഭാഷാ നിഘണ്ടുവാണ്, ‘ഇംഗ്ലീഷ് – ഇംഗ്ലീഷ് – മലയാളം നിഘണ്ടു’. ടി.രാമലിംഗം പിള്ളയുടെ മറ്റൊരു പ്രശസ്ത കൃതിയാണ് ‘മലയാളം ശൈലീ നിഘണ്ടു’. ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച ആദ്യ പുസ്തകവും (1975) അതായിരുന്നു. ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ ഭാഷകളിലായി ഏതാനും കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

1901-ല്‍ പ്രസിദ്ധീകരിച്ച വിവര്‍ത്തന കൃതിയായ ‘പത്മിനി’, സ്വതന്ത്ര കൃതികളായ ലേഖന മഞ്ജരി (1928), ആധുനിക മലയാള ഗദ്യ രീതി, ദേശബന്ധു സി.ആര്‍.ദാസിന്റെ ജീവചരിത്രസംക്ഷേപം (1922), ഷെക്‌സ്പിയറുടെ പന്ത്രണ്ടു നായികമാര്‍ തുടങ്ങിയ കൃതികള്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ നിദര്‍ശനങ്ങളാണ്.

‘English idioms and Phrases with Meanings in English and Equivalents in Malayalam’ എന്നൊരു നിഘണ്ടുവിന്റെ പണി അദ്ദേഹം ആരംഭിച്ചെങ്കിലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.

No Comments yet!

Your Email address will not be published.