Skip to main content

രാമചന്ദ്രന്‍ മൊകേരി : തീച്ചിറകുമായ് പറന്നുയര്‍ന്ന ഒരാള്‍

രാമചന്ദ്രന്‍ മൊകേരി എല്ലാ അര്‍ത്ഥത്തിലും എന്റെ ജ്യേഷ്ഠസഹോദരന്‍ ആയിരുന്നു. ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത് 1980-ല്‍ അന്തിക്കാട് വെച്ചാണ്. അന്ന് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള വലിയ കൂട്ടായ്മ അന്തിക്കാട് സ്‌കൂളില്‍ വെച്ച് നടക്കുകയായിരുന്നു. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയം. എല്ലാ ദിവസവും സമ്മേളന പരിപാടിക്കു ശേഷം കലാപരിപാടികള്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. അങ്ങേയറ്റം ശ്രദ്ധേയങ്ങളായ പരിപാടികളാണ് അവിടെ അവതരിപ്പിച്ചിരുന്നത്. വയനാട് സാംസ്‌കാരിക വേദിയുടെ നാടുഗദ്ദിക, കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിന്‍ അമ്മ, പടയണി, സ്പാര്‍ട്ടക്കസ് തുടങ്ങിയ നാടകങ്ങളെല്ലാം ആ സംഘാടനത്തില്‍ അവതരിപ്പിക്കുകയുണ്ടായി. സ്പാര്‍ട്ടക്കസ് എന്ന നാടകത്തിലെ സ്പാര്‍ട്ടക്കസിനെ അവതരിപ്പിച്ചത് രാമചന്ദ്രന്‍ മൊകേരി ആയിരുന്നു. ആ നാടകം എന്നെ ഏറെ സ്വാധീനിക്കുകയുണ്ടായി. സുരാസുവിന്റെ മൊഴിയാട്ടം എന്ന പരിപാടിയും അരങ്ങേറുകയുണ്ടായി. വാസ്തവത്തില്‍ വസന്തത്തിന്റെ ഇടി മുഴക്കം സംഭവിച്ചത് സാംസ്‌കാരിക രംഗത്താണ്. ആധുനികത രാഷ്ട്രീയ ആധുനികയായി (Political modernity) വികസിക്കുന്നത് ഇക്കാലത്താണ്. എന്നെ വിപ്ലവ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തകനാക്കി മാറ്റിയത് അന്നത്തെ നാടകങ്ങളുടെ അവതരണം ഉണര്‍ത്തിവിട്ട ആവേശമായിരുന്നു.

അന്ന് അന്തിക്കാട് വെച്ച് മൊകേരിയെ നേരിട്ട് പരിചയപ്പെടുകയുണ്ടായില്ല. എന്നാല്‍ നാടകത്തില്‍ അദ്ദേഹം അവതരിപ്പിച്ച വൈബ്രന്റായ വേഷം എന്നെ വല്ലാതെ ആകര്‍ഷിക്കുകയുണ്ടായി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ സിനിമയില്‍ സജീവമായ ജോയ് മാത്യു എഴുതിയ നാടകവുമായി ഞങ്ങള്‍ കോഴിക്കോട്ട് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ ഉണ്ടായിരുന്നത് രാമചന്ദ്രന്‍ മൊകേരിയും സേതുവും ഉള്‍പ്പെടെയുള്ള നാടക പ്രവര്‍ത്തകരുടെ സംഘമായിരുന്നു. വാടാനപ്പള്ളിയില്‍ ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കുകയായിരുന്നു ജോയ് മാത്യു. അദ്ദേഹത്തിന്റെ ‘ജോസഫ് എന്തുകൊണ്ട് ആത്മഹത്യ ചെയ്തു’ എന്ന നാടകവും ആയാണ് ഞങ്ങള്‍ കോഴിക്കോട്ട് എത്തിയത്. വളരെ ഊഷ്മളമായാണ് മൊകേരിയും കൂട്ടരും ഞങ്ങളെ സ്വീകരിച്ചത്. രാമചന്ദ്രന്‍ മൊകേരിയെ നേരിട്ട് പരിചയപ്പെടുന്നതും സൗഹ്യദം വരുന്നതും അങ്ങനെയാണ്.

പിന്നീട് നാട്ടിക എസ്.എന്‍.കോളേജില്‍ രാമചന്ദ്രന്‍ മൊകേരിയുടെ മാക്ബത്ത് സോളോ പെര്‍ഫോമന്‍സ് നടന്നു. ഇംഗ്ലീഷില്‍ ആയിരുന്നു അവതരണം. നാടക രംഗത്ത് ശ്രദ്ധേയമായ ഒരു ഇടപെടല്‍ ആയിരുന്നു ആ അവതരണം. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി രാമചന്ദ്രന്‍ മൊകേരി എത്തിയത് അദ്ദേഹവുമായി കൂടുതല്‍ അടുക്കാന്‍ ഇടയാക്കി. അധ്യാപകന്‍ എന്ന നിലയില്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ശ്രദ്ധേയങ്ങളായ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദാരിയോ ഫായുടെ ‘ഡെത്ത് ഓഫ് ആന്‍ അനാര്‍ക്കിസ്റ്റ്’ എന്ന നാടകം ഇരട്ട ക്ലൈമാക്‌സോടെ അവതരിപ്പിച്ചു. മെരി കോഫറ്റിയുടെ ചെഗുവേര എന്ന രാഷ്ട്രീയ നാടകവും അരങ്ങിലെത്തി. സ്‌കൂള്‍ ഓഫ് ഡ്രാമക്ക് തൊട്ടടുത്തുള്ള ലാലൂര്‍ കോളനിയിലെ ആളുകളെ കൂടി ഉള്‍ക്കൊള്ളിച്ചായിരുന്ന ചെഗുവേര അരങ്ങേറിയത്. തികച്ചും ഗ്രാമീണമായുള്ള അവതരണം ഏറെ ശ്രദ്ധേയമായി. അക്കാലത്തു തന്നെ ഒഞ്ചിയം രക്തസാക്ഷികളെ കുറിച്ചുള്ള ‘രക്തസാക്ഷികള്‍’ എന്ന നാടകം സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനായിരുന്ന കൃഷ്ണന്‍ നമ്പൂതിരി സാറുമായി ചേര്‍ന്ന് അവതരിപ്പിക്കുകയുണ്ടായി. അധ്യാപകന്‍ എന്ന നിലയില്‍ രാമചന്ദ്രന്‍ മൊകേരിയുടെ ഡ്രാമാറ്റിക് ലിറ്ററേച്ചര്‍ ക്ലാസ് വലിയ അനുഭവമായിരുന്നു.

തോപ്പില്‍ ഭാസിയുടെ അശ്വമേധം പഠിപ്പിച്ചപ്പോള്‍ അതിന്റെ രാഷ്ട്രീയമാനം അനാവരണം ചെയ്യുന്ന വിധത്തിലായിരുന്നു ക്ലാസ് മുന്നോട്ടു പോയത്. പുതിയ മാര്‍ക്‌സിയന്‍ സമീപനങ്ങള്‍ പരിചയപ്പെടുത്താനും അദ്ദേഹം ഉത്സാഹിച്ചു. ടെറി ഈഗിള്‍ ട്ര, അല്‍ത്യൂ സര്‍, ഗ്രാംഷി തുടങ്ങിയ ചിന്തകരെ നാടക വിദ്യാര്‍ത്ഥികള്‍ക്ക് പരിചയ പെടുത്തിയത് മൊകേരിയായിരുന്നു. യൂണിവേഴ്‌സിറ്റിയു.ജി.സി. അധ്യാപകന്‍ എന്ന ഒരു ഭാവവും പ്രകടിപ്പിക്കാത്ത ഒരു ജനകീയ നാടക പ്രവര്‍ത്തനായിരുന്ന അദ്ദേഹം എന്നും സമാന്തരമായ ആവിഷ്‌കാരങ്ങള്‍ നിര്‍വഹിച്ചു കൊണ്ടിരുന്നു. ‘തെണ്ടിക്കൂത്ത്’ എന്ന തെരുവ് അവതരണം ഏറെ വേദികളില്‍ അവതരിപ്പിച്ചു.’ l am a third world Beggar’ എന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് രാമചന്ദന്‍ മൊകേരി തെരുവതരണം നടത്തിയത്. സാമ്രാജ്യത്വത്തിന്റെ കടന്നുവരവ് നമ്മെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നദ്ദേഹം ഈ നാടകത്തിലൂടെ വ്യക്തമാക്കുകയായിരുന്നു. ഒരു ഗിറ്റാറിന്റെ മാത്രം അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട ഈ നാടകങ്ങളില്‍ തന്റെ രാഷ്ട്രീയനിലപാടുകള്‍ തന്നെയാണ് അവതരിപ്പിച്ചത്.

 

*******

 

2 Replies to “രാമചന്ദ്രന്‍ മൊകേരി : തീച്ചിറകുമായ് പറന്നുയര്‍ന്ന ഒരാള്‍”

  1. വിദ്യാർഥികളുടെ ക്രിയാത്മക ചിന്തകൾക്ക് ഊർജ്ജം പകരുന്ന ഗംഭീര ക്ലാസുകൾ ആയിരുന്നു മൊകേരി മാഷിൻ്റേത് .നാടക അധ്യാപകൻ എന്ന നിലയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് അദ്ദേഹത്തിന് തനതായ ഒരു രീതി ഉണ്ടായിരുന്നു. സാംസ്കാരിക ലോകത്തിന് തീരാ നഷ്ടം തന്നെയാണ് മാഷിൻ്റെ വിയോഗം.

  2. രാമചന്ദ്രൻ മൊകേരിയെ അറിയാത്തവർക്കും അറിയാൻ ഉതകുന്ന വിവരണം.. അഭിനന്ദനങ്ങൾ.

Your Email address will not be published.