എഴുപതുകളിലെ ഇന്ത്യൻ ന്യൂ വേവ് സിനിമാ പ്രസ്ഥാനത്തിന്റെ തുടക്കക്കരിൽ ഒരാളായിരുന്ന ശ്യാം ബെനഗൽ (91)ഇനി ഓർമ്മ. സാമൂഹ്യാനുഭങ്ങളെ ദൃശ്യഭാഷയിലാവിഷ്കരിക്കാൻ ശ്രമിച്ച ഒരാൾ കൂടിയായിരുന്നു ബെനഗൽ. ഏതൊരു മികച്ച ചലചിത്രകാരനെപ്പോലെയും അദ്ദേഹത്തിന്റെ സിനിമകളും കാലം, ചരിത്രം, സ്ഥലം എന്നിവയിലൂടെ സഞ്ചരിക്കുന്ന, ജീവിതത്തിന്റെ സമ്പന്നമായ വൈവിധ്യത്തെ ഉൾക്കൊള്ളുന്നതാണ്. പാർശ്വവത്കരിക്കപ്പെട്ടവരോടുളള അനുകമ്പയും ധിഷണാപരമായ സത്യസന്ധതയും രാഷ്ട്രീയ ഉൾക്കാഴ്ച്ചയും അഗാധമായ മാനവികതയുമൊക്കെ അടയാളപ്പെടുത്തുന്നതായിരുന്നു ബെനഗലിന്റെ സിനിമകൾ. ആദ്യ സിനിമയായ അങ്കൂർ അടക്കം ഇരുപത്തി നാലു സിനിമകൾ അദ്ദേഹത്തിന്റെതായിട്ടുണ്ട്. അങ്കൂർ, നിശാന്ത്, മന്ഥൻ, ഭൂമിക, ജുനൂൻ, മണ്ഡി, കലിയുഗ് എന്നി സിനിമകളിലൂടെയാണ് ബെനഗൽ ഇന്ത്യൻ സിനിമയുടെ സാമ്പ്രദായിക രീതികളെ മാറ്റിയെഴുതുന്നതിൽ നിർണായക പങ്കുവഹിച്ചത്. പതിനെട്ടോളം ദേശീയ പുരസ്കാരങ്ങൾക്ക് അർഹനായ അദ്ദേഹം ഇന്ത്യൻ ചലചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡിനും അർഹനായി. പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
ആദ്യ സിനിമയായ അങ്കുറിന് മികച്ച രണ്ടാമത്തെ ദേശീയ ചലചിത്ര അവാർഡും ശബാന ആസ്മിക്ക് മികച്ച നടിക്കുള്ള അവാർഡും ഉൾപ്പെടെ മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ ലിഭിച്ചതിന് പുറമെ കാൻ ഫെസ്റ്റിവൽ പുരസ്കാരവും ലഭിച്ചു. തൊട്ടടുത്ത വർഷം ആവിഷ്കരിച്ച നിശാന്ത് എന്ന ചലചിത്രത്തിന് മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര ബഹുമതി കൂടാതെ കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. മന്ഥൻ എന്ന ചലചിത്രം 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി. ഇതിന്റെ തിരക്കഥാകൃത്തായ വിജയ് ടെണ്ടുൽക്കറിന് മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരവും ലിഭിച്ചിരുന്നു.
ബെനഗലിനെ സംബന്ധിച്ചിടത്തോളം ചലചിത്ര പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. അതാകട്ടെ നമ്മുടെ സാമൂഹ്യ യാഥാർത്ഥ്യവുമായി ആഴത്തിൽ പ്രതിപ്രവർത്തിക്കുന്ന ഒന്നായിരുന്നു. തന്നെയുമല്ല, അത് യാഥാസ്ഥിതികവും ജാതി-മത നിർണ്ണിതവുമായ മൂല്യങ്ങളെ, പൊളിച്ചെഴുതുകയും അതുവഴി പുതിയ മാനവിക മൂല്യ പരിസരം പ്രേക്ഷക സംവേദനതലത്തിൽ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ആ നിലയിൽ ശ്യാം ബെനഗലിന്റെ പ്രസക്തിയും സർഗ്ഗാത്മകതയും എക്കാലവും ഓർമ്മിക്കപ്പെടുന്നതാണ്.
നാട്ടു രാജ്യമായിരുന്ന ഹൈദ്രാബാദിലെ ത്രിമുൽഗേരിയിലാണ് ശ്യാം ബെനഗലിന്റെ ജനനം( 1934). ശക്തമായ രാഷ്ട്രീയ ചായ്‌വുകളുള്ള ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ അഭിനിവേശം സിനിമയോടായിരുന്നു. 12-ാംവയസ്സിൽ പിതാവിന്റെ 16 എംഎം ക്യാമറ ഉപയോഗിച്ച് ബെനഗൽ തന്റെ ആദ്യ സിനിമ ആവിഷ്കരിക്കുകയുണ്ടായി. ഒരു കൊച്ചുകുട്ടി വഴിതെറ്റുകയും കുടുംബം മുഴുവൻ അവനെ അന്വേഷിക്കുകയും ചെയ്യുന്ന ഒരു സിനിമയായിരുന്നു അത്. ഇത് സൃഷ്ടിക്കാൻ അദ്ദേഹം തന്റെ കസിൻസിനെയും കൂട്ടുകുടുംബത്തിലെ അംഗങ്ങളെയുമൊക്കെ അണിനിരത്തി. ഈ പ്രക്രിയയ്ക്കിടയിൽ റിവേഴ്‌സ് ചലനം സൃഷ്ടിക്കാനും ആളുകൾ വെള്ളത്തിൽ നിന്ന് മുങ്ങി നിവരുന്നതിന് സഹായിക്കുന്ന സിനിമാട്ടോഗ്രാഫിക്ക് ട്രിക്ക് അന്ന് ബെനഗൽ കണ്ടെത്തുകയുണ്ടായി.
ശ്യാം ബനഗലിന്റെ ബന്ധുവും ജനപ്രിയ നടനും സംവിധായകനുമായ ഗുരുദത്താണ് സ്വന്തമായി സിനിമ ചെയ്യാൻ ബെനഗലിനെ പ്രേരിപ്പിച്ചത്. അതേ സമയം കലയോടും സിനിമയോടും വ്യത്യസ്‌തമായ വീക്ഷണങ്ങളും സമീപനങ്ങളുമാണ് ഇരുവർക്കുമുണ്ടായിരുന്നത്. ബെനഗലിന്റെ ബാല്യ കൗമാരകാലത്ത് അതായത്, നാൽപ്പതുകളിലും അമ്പതുകളിലുമൊക്കെ ഇന്ത്യൻ സിനിമ സാമൂഹ്യ യാഥാർത്യങ്ങളിലേക്കിറങ്ങാൻ തുടങ്ങിയിരുന്നു. പ്രധാനമായും ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷന്റെ (ഇപ്റ്റ) ചലച്ചിത്ര പ്രവർത്തകരായിരുന്നു ഇതിന് പിന്നിൽ. അവർ സിനിമയെ സാമൂഹ്യ പ്രശ്നങ്ങളിലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും ചലചിത്ര ശൈലി പരമ്പരാഗത രീതിയിൽ നിന്ന് മുക്തമായിരുന്നില്ല. പാട്ടും നൃത്തവുമൊക്കെ അതിലും അവിഭാജ്യ ഘടകമായിരുന്നു. എന്നാൽ ശ്യാം ബെനഗലിനെ വിസ്മയിപ്പിച്ചതും പ്രചോദിപ്പിച്ചതും സത്യജിത് റേയുടെ “പഥേർ പഞ്ചാലിയും “പിന്നീട് ഡിസിക്കയുടെ “ബൈസിക്കിൾ തീവ്സ് “പോലുള്ള നിയോറിയലിസ്റ്റിക് സിനിമകളുമായിരുന്നു. നിയോറിയലിസ്റ്റുകൾ കെട്ടുക്കാഴ്ച്ചകളുടെതായശൈലികൾ കൈവിട്ട് മനുഷ്യന്റെ, സമൂഹത്തിന്റെ ആത്മവത്തയോടടുത്ത് നിൽക്കുന്ന ഒരു നവീന സമീപനമാണ് സ്വീകരിച്ചത്.മാത്രമല്ല അത് ആഖ്യാനത്തിലും പ്രമേയത്തിലും പരിചരണ രീതിയിലുമെല്ലാം ഭാവുകത്വപരമായ മാറ്റവും കൊണ്ടുവന്നിരുന്നു. എന്നിരുന്നാലും ശ്യാംബെനഗൽ പ്രായോഗിക പരീക്ഷണം നടത്തിയത് നിയോറിയലിസ്റ്റ് സിനിമകളിലായിരുന്നില്ല.
മറിച്ച്, ട്രൂഫോ, ഗോഡാർഡ്, റെനെ, ഷാബ്രോൾ എന്നിവർ പ്രോത്ഘാടനം ചെയ്ത ഫ്രഞ്ച് ന്യൂ വേവ് സിനിമയിലായിരുന്നു. ഉദാഹരണത്തിന്, ഗോദാർഡിന്റെ “ബ്രത്ത്‌ലെസിലെ” ഞെട്ടിപ്പിക്കുന്ന സ്വിഫ്റ്റ് എഡിറ്റ് പാറ്റേണുകളും കൂടാതെ മുഖ്യധാരാ താരങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള നായികാനായകന്മാരുടെ തെരഞ്ഞെടുപ്പ് ,പാരമ്പര്യേതര സ്രോതസ്സുകളിൽ നിന്ന് പണം സ്വരൂപിക്കൽ (മന്ഥൻ) . സ്വാഭാവിക ശബ്‌ദം ഉൾപ്പെടെയുള്ള സൗണ്ട് ഡിസൈൻ, എഡിറ്റിംഗ്, ഷോട്ട്-ടേക്കിംഗ് പാറ്റേണുകളുടെ ഉപയോഗം, സ്റ്റുഡിയോ സെറ്റുകളില്ലാതെ യഥാർത്ഥ ലൊക്കേഷനിലും പ്രകൃതിയിലുള്ള വെളിച്ചം ഉപയോഗിച്ചുകൊണ്ടും ക്യാമറ കൈകളിലേന്തിക്കൊണ്ടുള്ള ചിത്രീകരണം-ഇങ്ങനെ മേൽപ്പറഞ്ഞ സംവിധായകരെപ്പോലെ സാമ്പ്രദായികവും കമ്പോളാധിഷ്ഠിതവുമായരീതിയിൽ നിന്ന് ശ്യാം ബെനഗലും വഴിമാറി സഞ്ചരിക്കുകയായിരുന്നു. ആദ്യ ചിത്രമായ അങ്കുറിൽ, ജാതിവിവേചനത്തിന്റെയും വർഗാധിഷ്ഠിതവും പുരുഷാധിപത്യപരവുമായ പ്രശ്നങ്ങളിലേക്കാണ് ബെനഗൽ തന്റെ ക്യാമറ തിരിച്ചത്.
ആന്ധ്രപ്രദേശിന്റെ ഗ്രാമീണ പശ്ചാത്തലത്തിൻ ദലിത് സ്ത്രീയായ ലക്ഷ്മിയും (ഷബാന ആസ്മി) നഗരത്തിൽ വിദ്യാഭ്യാസം നേടിയ സവർണ ജന്മിയുടെ മകനായ സൂരജും (അനന്ത് നാഗ് ) തമ്മിലുള്ള ബന്ധത്തിലൂടെ ഫ്യൂഡൽ അടിമത്വത്തെയും സ്ത്രീ സ്വാതന്ത്ര്യത്തേയും ജാതിയമായ വിവേചനത്തെയുമൊക്കെ ഈ ചിത്രം പ്രശ്നവത്ക്കരിക്കുന്നു. ഒരു സമാന്തര സിനിമാ ക്ലാസിക്കായാണ് ഈ സിനിമ അന്നുമിന്നും വിലയിരുത്തപ്പെടുന്നത്. ഇതിന്റെ പ്രമേയം 1950-ൽ ഹൈദരാബാദിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെആസ്പദമാക്കിയുള്ളതായിരുന്നു.
പ്രശസ്ത മറാത്തി നാടകകൃത്ത് വിജയ് ടെണ്ടുൽക്കറുടെ തിരക്കഥയെ അടിസ്ഥാനമാക്കി തെലങ്കാനയിലെ ഫ്യൂഡൽമേധാവിത്വത്തെക്കുറിച്ചും സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗിക ചൂഷണത്തിന്റെയും ഗ്രാമീണ വരേണ്യവർഗത്തിന്റെ അധികാര പ്രമത്തതയുമൊക്കെ പ്രതിഫലിപ്പിക്കുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് നിശാന്ത്. മൂന്നാമത്തെ ചിത്രമായ മന്ഥൻ രണ്ടു രൂപവീതം പാൽ കർഷകരിൽ നിന്ന് ശേഖരിച്ച് നിർമ്മിച്ച ചിത്രമാണ്. ഗുജറാത്തിൽ നിന്നുള്ള ഒരു കൂട്ടം പാവപ്പെട്ട കർഷകരേയും അവരുടെ മണ്ണിനോടും അദ്ധ്വാനത്തോടും ജീവിതത്തോടുമുള്ള ഉൽക്കടമായ വാന്‍ഞ്ച ഈ ചിത്രം അടയാളപ്പെടുത്തുന്നു. ഭൂമിക എന്ന ചലചിത്രമാകട്ടെ പരമ്പരാഗത സ്ത്രീ സങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന സിനിമയാണ്. ഇതിലെ നായികയായി അഭിനയിച്ച സ്മിത പട്ടീലിനാണ് നല്ല നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.
1857ലെ ഇന്ത്യയിൽ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിൽ പ്രക്ഷോഭത്തിന്റെ പ്രക്ഷുബ്ദ്ധതയിൽ അകപ്പെട്ടുപോയ ഇന്ത്യോ -ആഗ്ലിയൻ കുടുംബത്തിന്റെ ജീവിത്തെ ചിത്രീകരിക്കുന്നതാണ് ജുനൂൻ. ഒരു നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന വേശ്യാലയ ജീവിതം ചിത്രീകരിക്കുന്ന സിനിമയാണ് മണ്ഡി. ഗുലാം അബ്ബാസിന്റെ ആനന്ദി എന്ന കഥയെ ആസ്പദമാക്കി രൂപപ്പെടുത്തിയ ഈ സിനിമ ആധുനിക ഫെമിനിസ്റ്റ് വീക്ഷണങ്ങളെ കൂടി മുന്നോട്ടു വെയ്ക്കുന്നുണ്ട്. മഹാഭാരതത്തിന്റെ കാലികമായ പുനരാഖ്യാനമാണ് കലിയുഗ്. ഗാന്ധിജിയുടെ ആദ്യകാല ജീവിതത്തെക്കുറിച്ചുള്ള ചിത്രമാണ് ദി മേക്കിംങ് ഓഫ് ഗാന്ധി. ഇന്ത്യൻ സാമൂഹ്യ ജീവിതത്തെസൂക്ഷ്മമായി അടയാളപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബെനഗലിന്റെ സിനിമകൾ. ജാതിയവും ലിംഗപരവുമായ വിവേചനങ്ങളും വർഗപരമായ ചൂഷണവും അങ്ങനെ ആധുനിക ഇന്ത്യനവസ്ഥയിലെ സംഘർഷങ്ങളും വൈരുദ്ധ്യങ്ങളുമൊക്കെ ബെനഗലിന്റെസിനിമകളിൽ പ്രധാനപ്പെട്ട വിഷയങ്ങളാകുന്നു. അതുവരെ ശബ്ദമില്ലാത്തവർക്ക് ശബ്ദം കൊടുക്കുകയായിരുന്നു ബെനഗൽ തന്റെ സിനിമയിലൂടെ.
********
No Comments yet!