അതിക്ലീഷേയായ ഒരു പ്രസ്താവനയായി മാറിക്കഴിഞ്ഞിരിക്കുന്ന മിലന്‍ കുന്ദേരയുടെ ഓര്‍മ്മ സമരത്തെക്കുറിച്ചുള്ള ജീവത്തായൊരു നിരീക്ഷണത്തില്‍ നിന്നാണ് ‘നരിവേട്ട’ സിനിമ ആരംഭിക്കുന്നത്. സിനിമ ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്നതിനേക്കാള്‍ സിനിമയുടെ കാലികത്വമാണ് സിനിമയുടെ പ്രത്യേകതയാകുന്നത്.
കൃത്യമായ ‘ടൈമി’ലാണ് ‘നരിവേട്ട’ പ്രദര്‍ശനത്തിനു വന്നിരിക്കുന്നത്. ഭരണകൂടത്തിന്റെ ഏറ്റുമുട്ടല്‍ കൊലപാതങ്ങളും നരാധമന്മാരുടെ നരവേട്ടയും വാര്‍ത്തയാകുന്ന വേള. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുക എന്ന പേരില്‍ നടക്കുന്ന ആദിവാസി വേട്ടയാണ് ‘നരവേട്ട’ സിനിമയിലെ ഇതിവൃത്തത്തിന്റെ പ്രധാന ഭാഗം.
ടോവിനോ തന്മയത്തോടെ അവതരിപ്പിച്ചിട്ടുണ്ട് വര്‍ഗീസ് എന്ന കഥാപാത്രത്തെ. വര്‍ഗീസ് ഇവിടെ പോലീസ് കോണ്‍സ്റ്റബിള്‍ ആണെങ്കിലും ആ പേര് കഥാപാത്രത്തിന് അന്വര്‍ത്ഥമാകുന്നത് അയാള്‍ ഒടുവില്‍ നീതിക്കുവേണ്ടിയും സത്യത്തിനു വേണ്ടിയും നിലകൊള്ളുന്നു എന്നുള്ളതിനാലാണ്. അബിന്‍ ജോസഫ് എഴുതി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ‘നരിവേട്ട’ – മുത്തങ്ങയിലെ ആദിവാസി സമരത്തിനു നേരെ നടന്ന പോലീസ് അതിക്രമത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രം എന്ന നിലയില്‍ ഇന്നും തുടരുന്ന ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചുള്ള ബോധ്യപ്പെടുത്തലുമാകുന്നു.

സി.കെ. ജാനുവിന്റെ ‘അടിമമക്ക’ എന്ന ആത്മകഥയിലെ ‘മുത്തങ്ങയില്‍ നടന്ന പോലീസ് നരനായാട്ട്’ എന്ന അധ്യായത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ”അതിക്രൂരമായാണ് കേരള പോലീസ് സി. കെ. ജാനുവിനെയും എം.ഗീതാനന്ദനെയും, അവരെ പരിചയമുണ്ടെന്ന് പേരില്‍ ഡയറ്റ് അധ്യാപകന്‍ കെ.കെ. സുരേന്ദ്രനെയും മര്‍ദ്ദിച്ചത്. ഈ മര്‍ദ്ദനത്തെ കുറിച്ചുള്ള വിവരണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ മരവിപ്പിക്കും. അരുന്ധതി റോയിയെ പരിചയമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഒരു പോലീസ് നരാധമന്‍ ജാനുവിനോട് പറഞ്ഞത് ‘ആ ലോക വേശ്യയുമായിട്ടാണോ നിങ്ങളുടെ കൂട്ട്’ എന്നാണ്.”
കേരളത്തിലെ സ്വതന്ത്ര സാമൂഹിക സമരങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് ആദിവാസി സമരങ്ങള്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടന്നതാണ് ആദിവാസി ഗോത്ര മഹാസഭയുടെ സമരങ്ങള്‍. എന്നാല്‍, ഗോത്ര മഹാസഭയുടെ സമരത്തെ അടിച്ചമര്‍ത്തിയ രീതികള്‍ എല്ലാം തന്നെ പഴയ കൊളോണിയല്‍ പോലീസിനെ അനുസ്മരിപ്പിക്കുന്നു. പിന്നീട്, ഭൂമിക്കായി കീഴാളര്‍ നടത്തിയ ചെങ്ങറ സമരത്തെയും അടിച്ചമര്‍ത്താനും തീവ്രവാദികളായി സമരം ചെയ്തവരെ ചാപ്പ കുത്താനും ഉപയോഗിച്ചത് മാവോയിസ്റ്റ് പിന്തുണയുള്ള സമരം എന്ന നുണയാണ്.
സമരത്തിന്റെ ഒത്തുതീര്‍പ്പ് വേളയില്‍ അതിന്റെ സമരനായകനോട് അന്നത്തെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയത് ”ഇനി സമരം ചെയ്താല്‍ കൊമ്പുള്ള പോലീസ് വരുമെ”ന്നാണ്. നിരാലംബരായ ആശാവര്‍ക്കര്‍മാര്‍ നടന്ന സമരത്തോടുള്ള സര്‍ക്കാര്‍ നിസ്സംഗതയും സമരത്തെ അധിക്ഷേപിക്കാനുള്ള സംഘടിത തൊഴിലാളി യൂണിയനുകളുടെയും ശ്രമം ഇവിടെ ഓര്‍ക്കാതിരിക്കാന്‍ പറ്റില്ല. എസ്.യു.സി.ഐ. ആ സമരത്തെ പിന്തുണയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അല്ലെങ്കില്‍ പഴയപടി തീര്‍ച്ചയായും മാവോയിസ്റ്റുകള്‍ എന്ന മുദ്ര ചാര്‍ത്തപ്പെടുമായിരുന്നു. സര്‍ക്കാര്‍ ഏതുമായിക്കോട്ടെ, ഭരണകൂടത്തിന്റെ നിസ്സംഗതതയും നിഷ്ഠൂരതയും വലിയ മാറ്റമില്ലാത്ത തന്നെ ഇന്നും തുടരുന്നു.
No Comments yet!