Skip to main content

ആഭ്യന്തര കുറ്റവാളി അഥവാ ശരാശരി മലയാളി

സേതുനാഥ് പദ്മകുമാറിന്റെ കന്നി സംവിധാന സൃഷ്ടിയാണ് ആസിഫ് അലി നായകനായി അഭിനയിച്ച ”ആഭ്യന്തര കുറ്റവാളി”. കേരളം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഒന്നായ, കുടുംബ കോടതികളില്‍ എത്തുന്ന വിവാഹമോചന കേസുകളുടെ പിന്നാമ്പുറങ്ങളിലേക്ക് ഒരന്വേഷണം നടത്തുകയാണ് ഈ സിനിമയിലൂടെ സംവിധായകന്‍ ചെയ്യുന്നത്. വിവാഹവും വിവാഹ മോചനവും, ജനനം മരണം എന്ന് പറയുന്നതുപോലെ സമൂഹ്യജീവികളായ മനുഷ്യരുടെ ജീവിതത്തിലെ രണ്ടു പ്രധാന സംഭവങ്ങള്‍ ആണ്. ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാനും, ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നുമ്പോള്‍ പരസ്പരം ഉപചാരം ചൊല്ലി പിരിഞ്ഞുപോകാനും നിയമപരമായി വ്യക്തികള്‍ക്ക് അവകാശം നല്‍കിയിട്ടുള്ള ഒരു ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്തിലാണ് ഈ സിനിമ നടക്കുന്നത്. കുടുംബ കോടതികളില്‍ എത്തുന്ന വിവാഹ മോചന കേസുകളില്‍ സ്ത്രീ പീഡകനും, ഭാര്യയുടെ സ്വത്ത് ധൂര്‍ത്തടിക്കുന്നവനും, പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതങ്ങള്‍ ഉള്ളവനും, എന്തിന് സ്വന്തം മക്കളെ വരെ പീഡിപ്പിക്കുന്ന ആളായിപ്പോലും എതിര്‍ഭാഗം വക്കീല്‍ ചിത്രീകരിക്കുന്ന പ്രതിസ്ഥാനത്ത് വരുന്ന പുരുഷന്റെ പക്ഷത്ത് നിന്നും കുടുംബ കോടതികളിലെ വിനിമയങ്ങളെ വിശകലനം ചെയ്യാനാണ് സിനിമ ശ്രമിച്ചിട്ടുള്ളത്. ഒരു കാഴ്ചക്കാരന്‍ എന്ന നിലയില്‍ ഭാര്യയും ഭര്‍ത്താവും തോല്‍ക്കുന്ന ലൂഡോ ആണ് വിവാഹമോചന കേസുകള്‍ എന്ന ബോധ്യത്തില്‍ ആണ് ഞാന്‍ ഈ സിനിമയെ കണ്ടത്.

കുടുംബ കോടതികളിലേക്ക് എത്തുന്ന ഭാര്യാ ഭര്‍ത്താക്കന്മാരെ കളിയാക്കുന്ന ആളുകളുള്ള ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. വിവാഹം ചെയ്യാനുള്ള അവകാശം പോലെ തന്നെയാണ് വിവാഹ മോചിതര്‍ ആകാനുള്ള അവകാശവും എന്ന് ഇക്കൂട്ടര്‍ കരുതുന്നില്ല. പലപ്പോഴും വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന ആളുകളാകും വിവാഹത്തിലൂടെ ഒന്നാകുന്നത്. സ്വാഭാവികമായും അവര്‍ക്കിടയില്‍ പൊരുത്തങ്ങള്‍ ഉണ്ടാകുന്നതുപോലെ പൊരുത്തക്കേടുകളും ഉണ്ടാകാനുള്ള തുല്യ സാധ്യതകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ വിവാഹമോചനം എന്നത് വിവാഹത്തോടൊപ്പമുള്ള വിവാഹസമ്മാനമായി നല്‍കുന്ന ഒരു ചെക്കായി നമുക്ക് കരുതാവുന്നതാണ്. ഭാവിയില്‍ ആവശ്യം വന്നാല്‍ നമുക്കത് ക്യാഷ് ആക്കാവുന്നതാണ്. മനുഷ്യര്‍ എല്ലാത്തരത്തിലും സമ്പൂര്‍ണ്ണര്‍ ഒന്നുമല്ല. ഒരാളുടെ പങ്കാളിയായി വരുന്നയാള്‍ അയാള്‍ക്ക് വേണ്ടി കൃത്യമായി ഉണ്ടാക്കി, പരിശീലിപ്പിച്ച് വിടുന്ന ഒരു യന്ത്രമനുഷ്യനും അല്ല. സ്വന്തമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആഗ്രഹങ്ങളും മോഹങ്ങളും സ്വപ്നങ്ങളും ഒക്കെയുള്ള, നമ്മളില്‍ നിന്നും നൂറു ശതമാനം വ്യത്യസ്തരായ ആളുകളാകും നമ്മുടെ പങ്കാളികള്‍. അതുകൊണ്ട് തന്നെ വിവാഹത്തിനകത്ത് വിവാഹമോചനവും കൂടി ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന യഥാര്‍ത്ഥ്യം നമ്മള്‍ ഉള്‍ക്കൊള്ളണം. എല്ലാ വിവാഹങ്ങള്‍ക്കകത്തും വിവാഹമോചന സാധ്യതകള്‍ സാദ്ധ്യതകള്‍ ആയി മാത്രമല്ല ഒരു വാഗ്ദാനമായിത്തന്നെ ഉണ്ട് എന്നതാണ് വിവാഹങ്ങളുടെ മാധുര്യവും സന്നിഗ്ദ്ധതയും. ഓരോ വിവാഹത്തെയും സംഭവബഹുലമാക്കുന്നത് പങ്കാളികള്‍ക്കിടയിലുള്ള പരസ്പര ആകര്‍ഷണവും വികര്‍ഷണവും തമ്മിലുള്ള വൈരുദ്ധ്യത്തെ അവരെത്രമാത്രം പൊരുത്തപ്പെടുത്തി ജീവിക്കുന്നു എന്നതാണ്. ഓരോ ഭാര്യയും ഭര്‍ത്താവും തങ്ങളുടെ സ്വാതന്ത്ര്യങ്ങളെ കവരുന്ന ആളായിട്ടാണ് അപരനെ കാണുന്നത്. വൈരുദ്ധ്യങ്ങളെ പൊരുത്തപ്പെടുത്താന്‍ കഴിയുന്നത്ര അവര്‍ ഒരു കൂരയ്ക്ക് കീഴില്‍ ഒന്നിച്ചു ജീവിക്കുകയും, പൊരുത്തപ്പെടലുകള്‍ പൊരുത്തപ്പെടുത്തലുകള്‍ ആയി മാറുമ്പോള്‍ ബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടുകയും, രണ്ടു പേര്‍ക്കിടയില്‍ വൈകാരിക മരുപ്പറമ്പുകള്‍ ഉണ്ടാവുകയും, ഒരു വീട്ടില്‍ രണ്ടു ശത്രു രാജ്യങ്ങളെപോലെ അവര്‍ മാറുകയും ചെയ്യുമ്പോള്‍, ആത്മഹത്യയിലേക്കോ കൊലപാതകത്തിലേക്കോ ഒളിച്ചോട്ടത്തിലേക്കോ ഒക്കെ എത്തുന്നതിന് മുന്‍പ് മാന്യമായി പിരിയാനുള്ള നിയമപരമായ അവകാശമാണ് വിവാഹമോചനം എന്ന സെക്കുലര്‍ ആശയം എത്രമേല്‍ വൃത്തികെട്ട രീതിയിലാണ് ആളുകള്‍ പ്രായോഗിക ജീവിതത്തില്‍ ഉപയോഗിക്കുന്നത് എന്നതിന്റെ നേര്‍ചിത്രമാണ് ആഭ്യന്തര കുറ്റവാളി എന്ന സിനിമ.

വിവാഹമോചനത്തിലേക്ക് എത്തുന്ന പുരുഷന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍, സാമൂഹ്യമായ അപമാനങ്ങള്‍, സാമ്പത്തികമായ ചൂഷണങ്ങള്‍ ഒക്കെയാണ് സിനിമയുടെ പ്രതിപാദ്യ വിഷയങ്ങള്‍. വിവാഹ മോചനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ – പഴയത് ആണെങ്കിലും ഇപ്പോഴുള്ള ഭാരതിയ ന്യായ സംഹിത ആണെങ്കിലും – പുരുഷനാണ് വിവാഹബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്ന വില്ലന്‍ എന്ന മുന്‍വിധിയില്‍ ആണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത് എന്ന പരാതിയെ സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് സിനിമയിലൂടെ സംവിധായകന്‍ ചെയ്യുന്നത്. സിനിമയുടെ പേര് കൃത്യമായി സൂചിപ്പിക്കുന്നത് കുറ്റം തെളിയിക്കപ്പെടുന്നത് വരെ ആരെയും കുറ്റവാളികള്‍ ആയി കരുതാന്‍ പാടില്ല എന്ന തത്വത്തിന്റെ തന്നെ ലംഘനമാണ് കുടുംബകോടതിയില്‍ പ്രതിയായി എത്തുന്ന പുരുഷന്മാര്‍ക്ക് ഉണ്ടാകുന്നത് എന്നാണ്. കേസിന്റെ തുടക്കം മുതല്‍ അവസാനം വരെ പ്രതി ചേര്‍ക്കപ്പെടുന്ന പുരുഷന് കുറ്റവാളി ആയിത്തന്നെ തുടരേണ്ടി വരും. മിക്കവാറും വിവാഹമോചന ശേഷവും, വിധി അയാള്‍ക്ക് അനുകൂലം ആണെങ്കില്‍ പോലും സമൂഹത്തിന് മുന്‍പില്‍ കുറ്റവാളിയായി ജീവിച്ചു മരിക്കേണ്ട ദുര്‍വ്വിധി ആയിരിക്കും ആ പുരുഷന് ഉണ്ടാവുക. കുറ്റവാളികള്‍ ആയി ജീവിക്കാനും മരിക്കാനും വിധിക്കപ്പെട്ടവര്‍ ആണ് വിവാഹമോചന കേസുകളില്‍ എത്തുന്നവര്‍. തോല്‍ക്കുമ്പോഴും സ്വയം ജയിച്ചെന്ന് ആശ്വസിക്കുന്ന മനുഷ്യര്‍.

കുടുംബം എന്നത് പരസ്പര വൈരുധ്യങ്ങളും ആശയ സംഘട്ടനങ്ങളും ഒക്കെ നടക്കുന്ന ഒരിടമാണ്. എന്നാല്‍ ഇത്തരം കലഹങ്ങള്‍ ഒക്കെ ഉണ്ടാകുമ്പോള്‍ തന്നെ ഓരോ കുടുംബത്തിനും അതിന്റേതായ ”സന്തുലിത അവസ്ഥയിലേക്ക്” തിരിച്ചുപോകാനുള്ള ശേഷിയും ഉണ്ട്. ആ തിരിച്ചുപോക്ക് ചില കുടുംബങ്ങളില്‍ ഏതാനും മിനിട്ടുകള്‍ കൊണ്ടോ മണിക്കൂറുകള്‍ കൊണ്ടോ അല്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടോ സംഭവിച്ചേക്കാം. എന്നാല്‍ ഭാര്യക്കും ഭര്‍ത്താവിനും ഇടയിലുള്ള പ്രശ്‌നങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടാനും അഭിപ്രായം പറയാനും തുടങ്ങുമ്പോള്‍ വിവാഹമോചനം എന്നത് ഭാര്യയുടേയും ഭര്‍ത്താവിന്റെയും ആവശ്യം എന്നതിനപ്പുറത്ത് അവരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഒക്കെ ആവശ്യമായി മാറുന്നു. കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ആളുകള്‍ തമ്മിലുള്ള വഴക്കും വാഗ്വാദവും ആയി കാര്യങ്ങള്‍ മാറുന്നു. തങ്ങളുടേതായ കുടുംബ പ്രശ്‌നത്തില്‍ മറ്റുള്ളവര്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ ഭാര്യയും ഭര്‍ത്താവും തങ്ങളുടെ തന്നെ കുടുംബ പ്രശ്‌നത്തിന്റെ പരിഹാരത്തില്‍ നിന്നും പുറത്ത് പോകുകയും മറ്റുള്ളവരുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നിസ്സഹായതയിലേക്ക് പതിക്കുകയും ചെയ്യുന്നു. വക്കീലും കോടതിയും ഒക്കെ പ്രശ്‌നത്തിലേക്ക് കടന്നുവരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുക ”ഇനിയൊരിക്കലും ഒത്തു പോകുവാന്‍ കഴിയാത്ത വിധം അവര്‍ വൈകാരികായി മാത്രമല്ല ഭൌതികമായും രണ്ടു ധ്രുവങ്ങളിലേക്ക് മാറ്റപ്പെടുന്നു. ഒരു തിരിച്ചുപോക്കില്ലാത്ത വിധം അവര്‍ അകന്നുപോകുന്നു. വിവാഹ മോചനം എന്നത് ആത്യന്തികമായി രണ്ടു വഴിക്ക് പിരിയല്‍ ആണല്ലോ. കേരളത്തിലെ കുടുംബ കോടതികളില്‍ പരസ്പരം പോരടിക്കുന്നവരെ നോക്കിയാല്‍ നമുക്കറിയാം വിധിവരുന്നതിനും എത്രയോ മുന്‍പ് ദമ്പതികള്‍ ശത്രു രാജ്യങ്ങള്‍ ആയിട്ടുണ്ടെന്ന്. ആഭ്യന്തര കുറ്റവാളി വിവാഹ മോചനകേസുകളില്‍ പെട്ടുപോകുന്ന പുരുഷന്മാരുടെ ദൈന്യതയെ കൃത്യമായി പ്രേക്ഷകരുമായി സംവദിക്കുന്നു.

രണ്ടുപേര്‍ വിവാഹിതര്‍ ആകുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന കഥാപാത്രങ്ങള്‍ ആണ് കുഞ്ഞുങ്ങള്‍. വിവാഹമോചനം സംഭവിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അനാഥര്‍ ആകുന്നത് കുഞ്ഞുങ്ങള്‍ ആകും. കുടുംബകോടതിയിലെ കേസ്സുകള്‍ നോക്കിയാല്‍ പലപ്പോഴും കുഞ്ഞുങ്ങളുടെ കസ്റ്റഡി ആര്‍ക്കാണോ ഉള്ളത് അവര്‍ മറുപക്ഷത്തിനെതിരെ യുദ്ധം ചെയ്യാനുള്ള ഒരു ഗറില്ലായുദ്ധ ആയുധമായിട്ടാണ് കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത്. പലപ്പോഴും കുഞ്ഞുങ്ങളെ അമ്മമാര്‍ക്ക് കൊടുക്കുക എന്ന നയമാണ് കോടതികള്‍ പുലര്‍ത്തുന്നത്. അമ്മമാരെക്കാളും വൃത്തിയായി കുഞ്ഞുങ്ങളെ നോക്കാന്‍ കഴിയുന്ന അച്ചന്മാര്‍ ഉണ്ടാകും എന്ന് മിക്കപ്പോഴും ഒരു കോടതിയും കരുതാറില്ല. പൊതുബോധവും മുന്‍വിധികളും കൊണ്ട് മാത്രം അനീതി നടക്കുന്ന ഇടങ്ങളാണ് പലപ്പോഴും വിവാഹമോചന കേസുകള്‍. കുഞ്ഞുങ്ങളുടെ കസ്റ്റഡി ഉള്ളവര്‍ അപരപക്ഷത്തെ കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ പറഞ്ഞുകൊടുത്ത് അപ്പുറത്തുള്ളവരെ ഒന്ന് നോക്കുക പോലും ചെയ്യാത്ത വിധം കുഞ്ഞുങ്ങളെയും അവരുടെ അച്ചന്മാരെയും അമ്മമാരെയും തമ്മില്‍ അകറ്റുക എന്നത് വിവാഹമോചന യുദ്ധങ്ങളിലെ ഒരു തന്ത്രം തന്നെയാണ്. ഒരു തരത്തില്‍ വൈകാരിക വിഷം കുഞ്ഞുങ്ങളില്‍ കുത്തിവയ്ക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഒരു ജന്മം മുഴുവന്‍ കുഞ്ഞുങ്ങളെ അവരുടെ രക്തബന്ധുക്കളില്‍ നിന്നും അകറ്റുന്ന അങ്ങേയറ്റം വൃത്തികെട്ട ഒരു കാര്യമാണ് വിവാഹമോചന കേസുകളില്‍ ആയുധങ്ങള്‍ ആക്കപ്പെടുന്ന കുഞ്ഞുങ്ങള്‍. കുഞ്ഞുങ്ങളുടെ ഈ അവസ്ഥ ആഭ്യന്തരകുറ്റവാളി എന്ന സിനിമ അങ്ങേയറ്റം ഹൃദയസ്പര്‍ശിയായി കാണികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു.

സിനിമയുടെ കഥയിലേക്ക് നമ്മള്‍ പ്രവേശിക്കുന്നില്ല. ഭാര്യയും ഭര്‍ത്താവും അടക്കം കുടുംബ കോടതികളിലേക്ക് വാദിയും പ്രതിയും ആയി വരുന്ന ആളുകള്‍ ആത്യന്തികമായി മനുഷ്യര്‍ ആണെന്നും അതുകൊണ്ട് തന്നെ അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കേവലം വരട്ടുവാദ നിയമങ്ങള്‍ കൊണ്ട് മാത്രം പരിഹരിക്കപ്പെടാന്‍ അല്ല നമ്മള്‍ ശ്രമിക്കേണ്ടത് എന്നാണ് സിനിമ പറയുന്നത്. ഒരാള്‍ വിവാഹമോചന ആവശ്യവുമായി ഒരു വക്കീലിനെ കണ്ടാല്‍ കേസ്സിനൊരു ബലം കിട്ടാന്‍ ഇരിക്കട്ടെ എതിരാളിയുടെ മേല്‍ ഒരു പ്രകൃതിവിരുദ്ധ ആരോപണം അല്ലെങ്കില്‍ പരസ്ത്രീ ഗമനം അല്ലെങ്കില്‍ പരപുരുഷ ബന്ധം എന്ന് പറയുന്ന ആളുകള്‍ ഉള്ള ലോകത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നാണ് സിനിമ പറയുന്നത്. വിവാഹമോചന കേസ്സിന്റെ വിധി എന്ത് തന്നെ ആണെങ്കിലും അതില്‍ ഉള്‍പ്പെടുന്ന മിക്കവരും വൈകാരികമായി തകര്‍ന്നുപോകും എന്നതാണ് സത്യം. ഞാനവളെ അല്ലെങ്കില്‍ അവനെ മലര്‍ത്തിയടിച്ചു എന്നൊക്കെ വീരവാദം പറഞ്ഞാലും അവര്‍ക്കറിയാം ആരും ജയിക്കാത്ത യുദ്ധമാണ് അവര്‍ നയിക്കുന്നതെന്ന്. പിരിയാന്‍ തീരുമാനിച്ചുവെങ്കില്‍ മാന്യമായി പിരിയുക. പൊതുമധ്യത്തില്‍ പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍ വലിച്ചിട്ട് സ്വയം നാറിപ്പുഴുക്കാതെ മാന്യമായി വിവാഹ ബന്ധത്തില്‍ നിന്നും പുറത്ത് കടക്കാന്‍ പറ്റുന്ന സാഹചര്യം നാട്ടില്‍ ഉണ്ടാകണമെന്നാണ് സിനിമ ആവശ്യപ്പെടുന്നത്. ഒരു കുടുംബത്തിനകത്ത് ഒരു പ്രശ്‌നം ഉണ്ടായാല്‍ നിയമവും പോലീസും കോടതിയും വക്കീലും ഒക്കെ വരുന്നതിന് മുന്‍പ് ആ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ തക്കവണ്ണം ജനാധിപത്യവല്‍ക്കരിക്കപ്പെട്ട കുടുംബങ്ങള്‍ ഒരു സമൂഹത്തില്‍ ഉണ്ടാകുന്നില്ലെങ്കില്‍ സാമ്പത്തികമായി എത്രമേല്‍ വളര്‍ന്നാലും ആ സമൂഹം വൈകാരിശ്മശാനം മാത്രമായിരിക്കും. അവിടുത്തെ ആളുകള്‍ ”ജീവനുള്ള മൃതശരീരങ്ങള്‍” ആയിരിക്കും. ഭാര്യക്കും ഭര്‍ത്താവിനും ഇടയിലുള്ള കുടുംബ പ്രശ്‌നങ്ങള്‍ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പരിഹരിക്കാന്‍ നോക്കുന്നത് ഫലത്തില്‍ ജീവനുള്ള ഒരു ശരീരത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് തുല്യമാണ് എന്നാണ് ആഭ്യന്തര കുറ്റവാളി പറയുന്നത്.

ആഭ്യന്തര കുറ്റവാളിയായി ആസിഫ് അലി ജീവിക്കുകയായിരുന്നു. ഒറ്റ നിമിഷം കൊണ്ട് താനതുവരെ അനുഭവിച്ച കൊച്ചുകൊച്ചു സന്തോഷങ്ങള്‍ ഒരാള്‍ക്ക് ഇല്ലാതാകുകയും തനിക്ക് ചുറ്റുമുള്ളവരുടെ മനസ്സില്‍ അയാള്‍ തികച്ചു വ്യത്യസ്തനായ മറ്റൊരാളായി മാറുകയും ചെയ്യുന്ന അവസ്ഥയില്‍ ഒരാള്‍ക്കുണ്ടാകുന്ന അസ്തിത്വ വ്യഥകളെ കൃത്യമായി കാണികളെ അനുഭവിപ്പിക്കാന്‍ ആസിഫിന് കഴിഞ്ഞു എന്നതാണ് സിനിമയുടെ വിജയകാരണങ്ങളില്‍ ഒന്ന്. വൈകാരിക വേലിയേറ്റങ്ങളുടെ വലിയ തിരകളെ കണ്ണുകളില്‍ ഒളിപ്പിക്കുന്ന ആസിഫ് അലിയെ മലയാള സിനിമ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ല എന്ന് ഒരിക്കല്‍കൂടി അഭ്യന്തര കുറ്റവാളി തെളിയിക്കുന്നു. ആസിഫ് അലിയിലെ നടനെ ഊതിക്കാച്ചി പൊന്നാക്കി മാറ്റിയ സംവധായകന് ഇരിക്കട്ടെ നൂറ് കുതിരപ്പവന്‍. നിയമവും മനുഷ്യത്വവും ഏറ്റുമുട്ടുമ്പോള്‍ എങ്ങനെയാണ് നിയമം നിസ്സഹായമായി പോകുന്നതെന്നും ഗത്യന്തരമില്ലാതെ നിയമം എങ്ങനെയാണ് മനുഷ്യത്വത്തെ കൊല്ലുന്നത് എന്നും ഹരിശ്രി അശോകനും, സിദ്ധാര്‍ഥ് ഭരതനും അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ സംവിധായകന്‍ വ്യക്തമാക്കുന്നു. ശൂന്യതയിലേക്കുള്ള ഹരിശ്രീ അശോകന്റെ നോട്ടം മനുഷ്യനായുള്ള ഏതൊരാളുടെയും നെഞ്ചകം തുളച്ചു കയറും. സിദ്ധാര്‍ഥ് ഭരതന്റെ കഥാപാത്രം ഏതാനും സീനുകളില്‍ മാത്രം കടന്നുപോകുന്ന ഒന്നാണെങ്കിലും കുടുംബകോടതികളുടെ തിണ്ണ കയറിയിറങ്ങി കാലം കഴിക്കുന്ന ലക്ഷകണക്കിന് മനുഷ്യരുടെ പ്രതിനിധിയായി മാറാന്‍ അദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമ സംവിധായകര്‍ക്ക് ഏത് തരത്തിലുമുള്ള കഥാപാത്രങ്ങളാക്കാന്‍ പ്രാപ്തിയുള്ള ആളാണ് സിദ്ധാര്‍ഥ്. അദേഹത്തെ പോലുള്ള ആളുകളെ വേണ്ടവണ്ണം ഉപയോഗിക്കാത്തത് സിനിമയോട് തന്നെയുള്ള ദ്രോഹമാണ്. നായികാവേഷം ചെയ്ത തുളസി സിനിമ ആവശ്യപ്പെടുന്ന വൈകാരിക തീവ്രതയോടെ തന്റെ വേഷം മനോഹരമാക്കി. വിജയകുമാര്‍, ജഗദീഷ് തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി. സിനിമയില്‍ ഉടനീളം ആസിഫിന് തുണയായി നിന്ന കഥാപാത്രങ്ങളായി വേഷമിട്ട അസീസും ആനന്ദ് മന്മഥനും ഗംഭീര പ്രകടനമാണ് നടത്തിയത്. ബാലചന്ദ്രന്‍ ചുള്ളിക്കാടും പ്രേംകുമാറും സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്തവരാണ്. പ്രതിയായി മുന്നില്‍ വരുന്ന ആളോട് ഒരല്‍പം മനുഷ്യത്വത്തോടെ പെരുമാറണം എന്ന തത്വമാണ് ജോജി മുണ്ടക്കയം ചെയ്ത പോലീസ് ഓഫീസറിലൂടെ സിനിമ പറയുന്നത്.

രണ്ടു മണിക്കൂര്‍ കൊണ്ട് ശരാശരി മലയാളി കുടുംബങ്ങളില്‍ അരങ്ങേറുന്ന വിവാഹമോചന ബാലെയെ അതിന്റെ എല്ലാ ചൂടും ചൂരുമോടെ കാണികളിലേക്ക് എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സിനിമയിലൂടെ വിവാഹമോചന കേസുകളില്‍ ഇടപെടുന്ന ദമ്പതികള്‍ അവരുടെ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ വഴിപോക്കര്‍ കോടതികള്‍ പോലീസ് വക്കീലന്മാര്‍ അമ്പലങ്ങള്‍ പൂജാരിമാര്‍ വഴിപാടുകള്‍ തുടങ്ങി ഏതാണ്ടെല്ലാ സംഗതികളെയും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു സിനിമയുടെ സാങ്കേതികത്വങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കാണികളോട് പറയാന്‍ സംവിധായകന് കഴിഞ്ഞു എന്നത് തീര്‍ച്ചയായും അദ്ധേഹത്തിന്റെ വിജയം തന്നെയാണ്. മലയാളത്തില്‍ അടുത്തിറങ്ങിയ സമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്ത മികച്ച സിനിമകളില്‍ ഒന്നാണ് ആഭ്യന്തര കുറ്റവാളി. ചെറിയ സംഭാഷണങ്ങളിലൂടെ ശരാശരി മലയാളി കുടുംബങ്ങള്‍ ചെയ്ത് കൂട്ടുന്ന വലിയ കാര്യങ്ങളെ സിനിമ പ്രശ്‌നവല്‍ക്കരിക്കുന്നു. അമ്പലത്തിലേക്ക് തിരക്കിട്ട് ഓടിപോകുന്ന ഭാര്യയോട് ബാലചന്ദ്രന്‍ ചുള്ളിക്കാട് അഭിനയിച്ച അച്ഛന്‍ കഥാപാത്രം ചോദിക്കുന്ന ചോദ്യം ”വേഗം ചെന്നില്ലെങ്കില്‍ ദൈവം അടുത്ത ഷിഫ്റ്റിനായി വേറെ വല്ല അമ്പലത്തിലേക്കും പോകുമോ എന്നാണ്”. പത്തില്‍ ഒമ്പത് പൊരുത്തവും ഉണ്ടായിരുന്ന കല്യാണമായിരുന്നു മോനെ നിന്റെ കല്യാണം എന്ന് അമ്മ പറയുമ്പോള്‍ ആസിഫ് അലിയുടെ കഥാപാത്രം ചോദിക്കും ഏതാണ് ആ ഒക്കാതെ പോയ പൊരുത്തം എന്ന് ചോദിക്കുമ്പോള്‍ അച്ഛന്‍ കഥാപാത്രം പറയുന്നു മനപ്പൊരുത്തം ആണതെന്ന്. മറ്റൊരിടത്ത് ഒരു പെണ്ണുകാണല്‍ ചടങ്ങില്‍ ചെറുക്കന്‍ പെണ്ണിനോട് പറയുന്നത് ”നിങ്ങള്‍ എന്റെ അച്ചനെയും അമ്മയെയും നോക്കണ്ട; നോക്കാന്‍ എന്നെ അനുവദിച്ചാല്‍ മാത്രം മതി” എന്നാണ്. ഇത്തരം ചെറു സീനുകളിലൂടെ മലയാളി കുടുംബങ്ങള്‍ക്കകത്തെ വലിയ വിനിമയങ്ങളെ ആണ് സിനിമ വിശകലനം ചെയ്യുന്നത്.

ഈ സിനിമയെ മുന്‍നിര്‍ത്തി ചില കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ഞാനീ ലേഖനം ഉപസംഹരിക്കാം. ഈ ഭൂമിയില്‍ ആരും മറ്റുള്ളവരെ പൂര്‍ണ്ണമായി തൃപ്തിപ്പെടുത്തുക എന്ന ഉദ്ധേശത്തോടെ പിറവി കൊള്ളുന്നവര്‍ അല്ല. ആത്യന്തികമായി നമ്മുടെ സന്തോഷം തന്നെയാണ് നമുക്ക് മുഖ്യം. എന്നാല്‍ പരമപ്രധാനമായ കാര്യം നമ്മുടെ സന്തോഷം എന്നത് നമുക്ക് മാത്രമായി നേടാന്‍ കഴിയുന്ന ഒന്നല്ല എന്നതാണ്. മറ്റുള്ളവര്‍ക്ക് കൂടി ഇടമുള്ള ബന്ധങ്ങളില്‍ നിന്ന് മാത്രമേ നമുക്ക് സന്തോഷം കണ്ടെത്താന്‍ കഴിയൂ. മറ്റുള്ളവര്‍ക്ക് കൂടി ഇടമൊരുക്കുക എന്നതിനകത്ത് ”ഞാന്‍… ഞാന്‍… എന്റെ… എന്റെ…” എന്ന ഭാവത്തെ ”നമ്മുടെ” എന്ന തലത്തിലേക്ക് പരിവര്‍ത്തിക്കേണ്ടത് ഉണ്ട്. ഒരു ബന്ധത്തിനകത്ത് എത്രത്തോളം നമുക്ക് നമ്മളെത്തന്നെ പുതുക്കിപ്പണിയാന്‍ കഴിയുന്നു എന്നതാണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം. ഒരു പ്രശ്‌നത്തെ ഇരുപതോ മുപ്പതോ വയസ്സില്‍ കാണുന്ന പോലാവില്ല അമ്പതിലോ അറുപതിലോ നമ്മള്‍ കാണുന്നത്. എന്തിന് പലപ്പോഴും മണിക്കൂറുകളുടെ ഇടവേളകളില്‍ പോലും നമ്മള്‍ ഒരേ വിഷയത്തെ വേറിട്ട രീതിയില്‍ കാണാറുണ്ട് എന്നത് നമ്മുടെതന്നെ അനുഭവമാകും.

പറഞ്ഞുവരുന്നത് കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ആളുകളെ രണ്ടു പക്ഷത്ത് നിര്‍ത്തി ഇനി ഞങ്ങള്‍ നോക്കിക്കൊള്ളാം അല്ലെങ്കില്‍ നിയമം നോക്കിക്കൊള്ളും എന്ന് അല്ല നമ്മള്‍ പറയേണ്ടത്. പരസ്പരം പോരടിക്കുന്ന രണ്ടു പേര്‍ക്കിടയില്‍ അവശേഷിക്കുന്ന വൈകാരികതയുടെ തുരുത്തുകളെ മണ്ണിട്ട് ഉയര്‍ത്തുകയാണ് വേണ്ടത്. വിവാഹ മോചന കേസുകളുമായി ബന്ധപ്പെടുന്ന എല്ലാ മനുഷ്യര്‍ക്കും അത്മപരിശോധനയ്ക്കുള്ള ഒരവസരമാണ് ആഭ്യന്തര കുറ്റവാളി എന്ന സിനിമ നമുക്ക് നല്‍കുന്നത്. എല്ലാ മലയാളികളും നിര്‍ബന്ധമായും കാണേണ്ട ഒരു സിനിമയാണിത്. മറ്റുള്ളവരുമായി ഒത്തുചേര്‍ന്ന് ജീവിക്കാനുള്ള പ്രാപ്തിയാണ് നമ്മള്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാക്കികൊടുക്കേണ്ടത്. അല്ലാതെ സ്വത്തും പദവിയും പത്രാസ്സുമൊന്നുമല്ല എന്നാണ് സിനിമ പറഞ്ഞു നിര്‍ത്തുന്നത്. മറ്റുള്ളവര്‍ക്ക് കൂടി സ്വഭിമാനത്തോടെ ജീവിക്കാനുള്ള ഇടമൊരുക്കാന്‍ കഴിയാതിരിക്കുക എന്നത് സൂക്ഷ്മ തലത്തില്‍ വ്യക്തികളുടെ പരാജയവും സ്ഥൂല തലത്തില്‍ സമൂഹത്തിന്റെ പരാജയവും ആണെന്നാണ് ആഭ്യന്തര കുറ്റവാളി നമ്മോട് പറയുന്നത്. കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യര്‍ ആകാന്‍ അഭ്യന്തര കുറ്റവാളി എന്ന സിനിമ നമ്മളെ സഹായിക്കും. കേരളം പ്രമേഹത്തിന്റെ മാത്രം തലസ്ഥാനമല്ല വിവാഹമോചനങ്ങളുടെ തലസ്ഥാനം കൂടിയാണ്. വിദ്യാഭ്യാസവും വിവേകവും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് നമ്മുടെ കുടുംബകോടതികളില്‍ കുന്നുകൂടുന്ന കേസ്സുകള്‍ സൂചിപ്പിക്കുന്നു. വിവാഹമോചന കേസുമായി കോടതി കയറിയിറങ്ങുന്നവര്‍ മാത്രമല്ല ഇതിലുള്ളത്. കൂടുതല്‍ ആഴത്തില്‍ നോക്കിയാല്‍ മദ്യം മയക്കുമരുന്ന് അവിഹിതം കൊലപാതകം അഴിമതി തുടങ്ങി എല്ലാ തിന്മകളേയും ഉണ്ടാക്കുന്ന ഫാക്ടറികള്‍ ആണ് കുടുംബങ്ങള്‍ എന്ന് കാണാം. എല്ലാവരും ഒത്തുചേര്‍ന്നാല്‍ മാത്രമേ കുടുംബങ്ങളെ നമുക്ക് രക്ഷിച്ചെടുക്കാന്‍ കഴിയൂ. കുടുംബത്തെ പ്രശ്‌നവല്‍ക്കരിക്കുമ്പോഴും പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോഴും ആസിഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് തിരിച്ചുവരാന്‍ ഉള്ളയിടം അയാളുടെ കുടുംബം തന്നെയാണ്. വിവാഹത്തിനു മുന്‍പ് ജാതകപ്പൊരുത്തം അല്ല നോക്കേണ്ടത് മനപ്പൊരുത്തം ഉണ്ടോ എന്നുള്ളതാണ്. നഗരവല്‍ക്കരണവും എയ്ഡ്‌സും കൂടുന്ന സാഹചര്യത്തില്‍ വിവാഹിതര്‍ ആകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ നിര്‍ബന്ധമായും കടന്നുപോകേണ്ട മനോരോഗ നിര്‍ണ്ണയ പരിശോധനകളും ലൈംഗിക രോഗ നിര്‍ണ്ണയ പരിശോധനകളും പോലീസ് വെരിഫിക്കേഷനുകളും കാലം ആവശ്യപ്പെടുന്ന വിവാഹ പരിഷ്‌കാരങ്ങള്‍ ആണ്. പത്ത് കെട്ടിയവളുടെ കുരുക്കില്‍ വീഴുന്നതില്‍ നിന്നും ആദ്യഭാര്യയെ കൊന്നവനെ കെട്ടി അവന്റെ കൈകൊണ്ട് ചാകുന്നതില്‍ നിന്നും ഇതൊക്കെ നമ്മളെ രക്ഷിച്ചേക്കാം.

No Comments yet!

Your Email address will not be published.