Skip to main content

നരിവേട്ടയും ഓര്‍മ്മകളിലെ ആദിവാസിയും

2003 ഫെബ്രുവരി 19 ന് മുത്തങ്ങ വെടിവപ്പിലേക്ക് നയിച്ച ആദിവാസി സമരത്തിന് കേരള ചരിത്രത്തില്‍ തന്നെ വലിയ സ്ഥാനം ഉണ്ട്. കേരളം അന്ന് വരെ കാണാത്ത ഭൂമിക്ക് വേണ്ടിയുള്ള ഒരു അവകാശ സമരമായിരുന്നു. മുത്തങ്ങ സമരത്തിന് ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട് ഒരു ചരിത്രവും പിന്നീട് ഒരു തുടര്‍ച്ചയുമുണ്ട്. അത് മുത്തങ്ങ വെടിവപ്പിലേക്ക് മാത്രം ചുരുക്കുമ്പോള്‍ ആദിവാസികളുടെ ചരിത്രപരമായ സമരങ്ങളുടെ മുന്നോട്ട് പൊക്ക് തേച്ചു മായിക്കുന്നതിന് തുല്യമാണ്.
ആദിവാസികളെ കുറിച്ചുള്ള ഓര്‍മ്മ മുത്തങ്ങ വെടിവപ്പിലേക്കു ചുരുക്കുന്നത്തിന്റെ രാഷ്ട്രീയവും പരിശോധിക്കണം. എന്നെ സംബന്ധിച്ചിടത്തോളം, ഞാന്‍ മുത്തങ്ങ സമരത്തെ കാണുന്നത് ആ സമരത്തിന്റെ തുടര്‍ച്ചയിലൂടെയും, ആ സമരത്തിന്റെയും ആദിവാസി സമൂഹത്തിന്റെ വളര്‍ച്ചയിലൂടെയും ആണ്. മുത്തങ്ങ സമരം, ഒരുപക്ഷേ ലോകത്തിലെ തന്നെ പലതരം ആള്‍ട്ടര്‍നേറ്റീവ് സമരങ്ങള്‍ക്ക് ഒരു ദിശാസൂചിക ആയിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഈയിടെ ഒരു അഭിമുഖത്തിനായി ഗീതാനന്ദന്‍ മാഷുമായി സംസാരിച്ചപ്പോള്‍ മനസ്സിലായ ഒരു കാര്യമാണ് – മുത്തങ്ങ സമരത്തിനു ശേഷമുള്ള തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിനു മുന്നിലെ രണ്ടായിരത്തി പതിനാലിലെ നില്പ് സമരം, ലോക സമര ചരിത്രങ്ങളില്‍ തന്നെ വ്യത്യസ്തമായതായിരുന്നു എന്നത്. കേരളത്തിലെ പൊതുസമൂഹത്തിന് ആ സമരത്തിന്റെ കൂടെ കൂടാതെ നടക്കില്ല എന്ന അവസ്ഥ വന്നിരുന്നു. കേരളത്തിലെ യുവാക്കള്‍, വിദ്യാര്‍ത്ഥി സമൂഹങ്ങള്‍ – എല്ലാവരും ആ സമരപന്തലിലേക്ക് ഒഴുകിയെത്തി. കാനഡ, യൂറോപ്പ് പോലെയുള്ള പ്രദേശങ്ങളിലും നില്‍പ്പു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പലയിടത്തും അതേ രൂപത്തിലുള്ള സമരങ്ങള്‍ വരെ നടത്തി. ആദിവാസി സമൂഹം അങ്ങനെ ഒരു സമരത്തിലൂടെ കേരളത്തെയും ലോകത്തെയും തന്നെ ഉടച്ചുവാര്‍ത്തിരുന്നു. എനിക്ക് ആദിവാസികളുടെ സമര ചരിത്രം അങ്ങനെ കാണുവാനാണ് താല്പര്യം. മുത്തങ്ങ സമരത്തില്‍ മരിച്ച ജോഗി അടക്കം, കേരളത്തിന്റെ വ്യവസ്ഥാപിതമായ ഇടതുപക്ഷ വിപ്ലവഭാവനകളില്‍ നിന്നുമൊക്കെ ഉയര്‍ന്ന് പറന്നു. ഇന്ന് ഫാസിസത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വനമന്ത്രിയായിരുന്ന കെ. സുധാകരന്‍ എത്രമാത്രം വംശീയവാദിയും ഫ്യൂഡല്‍ മനോഭാവമുള്ളവനും ആയിരുന്നുവെന്ന് തെളിഞ്ഞു. എ.കെ. ആന്റണിയുടെ നട്ടെല്ലില്ലായ്മ കേരളം തിരിച്ചറിഞ്ഞു. മുത്തങ്ങ സമരം എംപതിക്കലും സിംപതെറ്റിക്കലും ആയ ഒരു ഭാവനയെ തകര്‍ത്തു കേരളത്തെ തന്നെ ഉടച്ചുവാര്‍ത്ത ഒരു സമരം കൂടെ ആയിരുന്നു.

”The struggle of man against power is the struggle of memory against forgetting’ എന്ന മിലന്‍ കുന്ദേരയുടെ വാചകത്തോടെ ആണ് നരിവേട്ട എന്ന സിനിമ തുടങ്ങുന്നത്. മുത്തങ്ങ സമരം എന്ന കരച്ചിലുണ്ടാക്കുന്ന ഓര്‍മ്മ എന്ന രീതിയില്‍ ഈ സിനിമയുടെ വായനകള്‍ ഉണ്ടായി. അത് എന്നെ എന്തായാലും ഫാന്‍സി ചെയ്യയിക്കില്ല. മുത്തങ്ങ സമരം എനിക്ക് അതിലും അപ്പുറം എന്തൊക്കെയോ ആണ്. കേരളം പോലുള്ള ആദിവാസികള്‍ക്കെതിര വംശീയത നിലനില്‍ക്കുന്ന ഒരു സമൂഹത്തെ ഇതൊക്കെ ഓര്‍മ്മിപ്പിക്കുക എന്നതൊക്കെ പറയുന്നത്, എന്നെ സംബന്ധിച്ചിടത്തോളം, മുറ്റു കോമഡിയാണ്. ഇവരെ ഒക്കെ ഓര്‍മ്മപ്പെടുത്തുന്നതിന് പകരം ആ സമയം നാലു പടം കാണാന്‍ കഴിഞ്ഞാല്‍ അതിന്റെ ഗുണമെങ്കിലും ഉണ്ടാകും.

ഞാന്‍ പകരം ഓര്‍ക്കുന്നത്, 2003-ല്‍ ഉണ്ടായ മുത്തങ്ങ സമരത്തിന്റെ സങ്കടങ്ങള്‍ക്കപ്പുറം ആ സമൂഹത്തിന്റെ ഹീറോയിക് ആയ വളര്‍ച്ചയാണ്. ആ കാലത്ത് തന്നെ ആദിവാസി സമൂഹങ്ങളില്‍ നിന്നുള്ളവര്‍ ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കടന്നതും, പിന്നീട് വിദേശ സര്‍വകലാശാലകളില്‍ പി.എച്ച്.ഡി ചെയ്യാനും ബിസിനസ്മെന്‍ ആയി മാരിയതുമായ ചെറുപ്പക്കാരുമുണ്ട്. അവരെ ഒക്കെ ആണ് ഞാന്‍ ഫോളോ ചെയ്യാന്‍ ശ്രമിക്കുന്നത്. ആ കാലത്ത് ആഘോഷപൂര്‍വം സിനിമയ്ക്ക് പോവുകയും പ്രണയിക്കുകയും ചെയ്ത ആദിവാസി പെണ്‍കുട്ടികള്‍ അവരുടെ ആത്മകഥകള്‍ ഇന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമയിലേക്കും കോളേജ് അധ്യാപനത്തിലേക്കും കടന്നവരും ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ പൊളിച്ചു അടുക്കുന്നവറുണ്ട്. അങ്ങനെ, മറ്റ് പലതരം ഓര്‍മ്മകളും എനിക്ക് ഉണ്ട്. അത്തരം പല തരം പല രീതിയില്‍ വളരുകയും ഇടറുകയും ആഘോഷിക്കുകയും ആഹ്ലാദിക്കുകയും ജീവിക്കുന്നവരുമൊക്കെ ഉണ്ട്. അതൊക്കെ ഓര്‍ക്കുകയും അതിന്റെ തുടര്‍ച്ചകളിലേക്ക് പോയി പഠിക്കുകയും എന്നെ സംബന്ധിച്ചിടത്തോളം രസകരമായ കാര്യമാണ്.

അതുപോലെ, നരി വേട്ട എന്ന സിനിമയുടെ വിഷ്വല്‍ സ്ട്രക്ചര്‍ നോക്കുക – എന്തൊരു ദാരിദ്ര്യമാണ്! അവിടെയാണ് ഓര്‍മ്മപ്പെടുത്തലുകളുടെ മിലാന്‍ കുന്ദേരയുടെ വാചകം ഏറ്റവും കോമഡിയായി ഉയരുന്നത്. എണ്‍പതുകളിലെ പോലെ ഉള്ള ഒരു ദരിദ്ര്യ ക്രിസ്ത്യന്‍ പ്രണയം. ശരിക്കും, എണ്‍പതുകളിലെ സിനിമകളെ തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത്. (ആദിവാസി എന്നതു ഈ സിനിമയില്‍ കുന്തവും കുടച്ചക്രവും സമരവും. ക്രിസ്ത്യാനിയുടേത് പ്രണയം തൊഴില്‍, കുടുംബം. മുറ്റു കോമഡി ആണ്.) തൊഴിലില്ലാത്ത കാമുകന്‍, കടം ചോദിക്കുന്ന കാമുകന്‍, കാമുകിയെ കാണുമ്പോള്‍ സിഗരറ്റ് ഒളിപ്പിക്കുന്ന കാമുകന്‍, മെഴുകുതിരി കത്തിച്ച പള്ളിയില്‍ നിന്ന് ബ്രേക്ക്അപ്പ് ചോദിക്കുന്ന കാമുകി – അയ്യോ ഓര്‍മ്മപ്പെടുത്തല്ലേ പൊന്നേ! ഇതിന് വേണ്ടിയാണോ ഞാന്‍ നൂറ്റമ്പത് രൂപക്ക് ടിക്കറ്റ് എടുത്തത് എന്ന് തോന്നിപ്പോകും! ശരിക്കും എണ്പതുകളിലെ ഓഞ്ഞ പ്രണയത്തെ ആണ് ഓര്‍മിപ്പിക്കുന്നത്. മിലന്‍ കുന്ദേരയുടെ വാചകമൊക്കെ ശരിക്കും യോജിക്കുന്നത് ഈ ബോറന്‍ പ്രണയ സീനിലൊക്കെ ആണ്

പഴയ ഹിസ് ഹൈനസ് അബ്ദുല്ല സിനിമയില്‍ തമ്പുരാനെ കൊല്ലാനെത്തുന്ന ഗുണ്ട പിന്നീട് തമ്പുരാനെ രക്ഷിക്കുന്ന പരിപാടി. അതേ മാതിരി, ഇവിടെ ആദിവാസിയെ പിടിക്കാനെത്തുന്ന പോലീസുകാരന്‍ അവസാനം ആദിവാസിയെ രക്ഷിക്കുന്നു. കോടതിയും ഒക്കെ കൂടെ നയിക്കുന്നു. ഏജ്ജാതി, പഴകി പൊഴിഞ്ഞ സിനിമ ഭാഷ ആണിത്?

ആദിവാസികള്‍ക്ക് പ്രണയവും കുടുംബവും ആഹ്ലാദവും ഒന്നും നാലയലത്ത് കൂടെ പോയിട്ടില്ല. അവര്‍ക്കു കുന്തം കൂടാചക്രം അവരുടെ ഗോത്രവര്‍ഗ മിത്ത്, ആദിവാസി പാട്ട്, ഒരു സിമ്മീസ് ധരിച്ച കൊച്ചു പെണ്‍കുട്ടി – ഇവയൊക്കെ ഉള്ള ക്ലീഷേകള്‍. എജ്ജാതി വെറുപ്പിക്കലാണു! വേടന്റെ വാടാ വേടാ എന്ന മ്യൂസിക് വീഡിയോവില്‍ പുതിയ ഒരു വിഷ്വല് ലാങ്‌ഗ്വേജും ഭരണകൂട അതിക്രമങ്ങളെ ഒക്കെ അതില്‍ നടുവിരല്‍ കാണിക്കുന്നുമുണ്ട്. അതിനൊരു മോഡേണിറ്റി ഉണ്ടായിരുന്നു. പക്ഷേ സിനിമായിലെത്തുമ്പോ ചങ്കരന്‍ വീണ്ടും തെങ്ങുമ്മല്‍ തന്നെ. എന്നാണ് ഏത് നൂറ്റാണ്ടിലാണ് ആദിവാസികളെ ദാരിദ്ര്യ ഇമേജില്‍ നിന്നു മലയാളം സിനിമ മാറ്റിപ്പിടിക്കുക?

അതുപോലെ, സിനിമ തുടങ്ങുമ്പോള്‍ തന്നെ ഇതെങ്ങോട്ടാണ് പോകുന്നതെന്നത് മനസ്സിലാവും. ”നന്മ നിറഞ്ഞ കൂട്ടുകാരന്‍ എപ്പോഴാണ് വടിയാവുന്നത്?” എന്ന സീന്‍ – മലയാളസിനിമ ഇതൊക്കെ എപ്പോഴേ എടുത്തു തോട്ടില്‍ എറിഞ്ഞതാണ്? സത്യം പറയട്ടെ, നൂറ്റമ്പത് രൂപയും രണ്ടര മണിക്കൂറും പിഴയാണ് എനിക്ക് കിട്ടിയ ശിക്ഷ.

ഒരു സിനിമയെ ഒരു ക്രിയേറ്റര്‍ക്ക് ഒരു സിനിമ എങ്ങനെ വേണമെങ്കിലും എടുക്കാം – ഏത് പോയിന്റ് ഓഫ് വ്യുവിലും എടുക്കാം. പക്ഷേ അത് പോലെ ആ സിനിമ കണ്ടു ഞാനൊക്കെ വെറുത്തു പോയി എന്നെ ഉള്ളൂ. അടുത്ത കാലത്തൊന്നും എനിക്ക് ഒരു സിനിമ കണ്ടു ഇങ്ങനെ തലവേദന വന്നിട്ടില്ല. സത്യം പറയല്ലോ ”വയനാട്ടിലും തീവണ്ടിയോ?” എന്ന സുരാജിന്റെ ഒറ്റ ഡയലോഗ് ആണ് എനിക്ക് ഈ സിനിമയില്‍ ആകെ വര്‍ക്ക് ആയത്. അയ്യോ പാവങ്ങളായ ആദിവാസികളെ ”കൊന്നേ” എന്ന കരച്ചിലോക്കെ കട്ട ബോറാണു!

അത് പോലെ ഈ സിനിമയില്‍ ഒരു അടക്ക മോഷണ സീന്‍ ഉണ്ട്. ഒരു ആദിവാസി ആയ ചെറുപ്പക്കാരന്‍ ഒരു പറമ്പില്‍ നിന്നും രണ്ടു അടക്ക മോഷ്ടിക്കുന്നു. അടക്കയുടെ വില ആറ് രൂപ. ഒന്നു കൂടെ ശ്രദ്ധിക്കണം. ആറു രൂപ വില ഉള്ള രണ്ടു അടക്ക. (ആദിവാസിയുടെ മോഷണത്തിനെങ്കിലും സിനിമ ഒരു വില കൊടുക്കേണ്ട?) രണ്ടു പേര്‍ വന്നു അയാളെ പിടിക്കുന്നു. അയാള്‍ പോലീസ് സ്റ്റേഷനില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു. ആദിവാസി ആറ് രൂപ വിലയുള്ള രണ്ട് അടക്ക കട്ട് കൊണ്ട് പോവുക. യാതൊരു പ്രതികരണവും ഇല്ലാതെ നില്‍ക്കുക. ആദിവാസി സ്വരൂപങ്ങളെ ഒരു പ്രതികരണ ശേഷിയും ഇല്ലാതെ ഇങ്ങനെ സ്റ്റഫ് ചെയ്ത ഒരു മറ്റീരിയല്‍ ആക്കി മാറ്റാന്‍ ചില്ലറ തൊലിക്കട്ടി ഒന്നും പോരാ. അതിന് പുറമെ കക്കുന്നത് ആറ് രൂപയുടെ രണ്ടു അടക്ക. ഏജ്ജാതി വെറുപ്പിക്കലാണ് ഇത് പോലുള്ള സീനുകളിലൂടെ സിനിമക്കാര്‍ നിര്‍മ്മിക്കുന്നത്. ഏറ്റവും വലിയ കോമഡി ആണ് ആറ് രൂപയുടെ അടക്കയുടെ കേസിന് പോയാല്‍ അറുനൂറു രൂപ ചിലവാകും എന്ന് പറയുന്ന പോലീസ് കാരന്റെ ഒരു ഫ്യൂഡല്‍ ലോഡിനോടുള്ള സ്റ്റഡി ക്ലാസ്. ഇത്രയും മണ്ടന്മാരായ ലോഡുകളാല്‍ നിയന്ത്രിക്കപ്പെടുന്ന വര്‍ ആണോ ആദിവാസികള്‍? ഒരു സിനിമ പ്രേക്ഷകന്‍ എന്ന രീതിയില്‍ എന്തൊക്കെ സഹിക്കണം. പിന്നെ വേറെ ഒരു സീനില്‍ വര്‍ഗീസ് എന്ന പോലീസുകാരന്‍ പറയുകയാണ്. ആദിവാസികള്‍ ആക്രമിച്ചാല്‍ അതു ബ്രൂട്ടല്‍ ആയിരിക്കും. അത് ശരീരത്തില്‍ മുറിവുകളുണ്ടാക്കും എന്നൊക്കെ. എത്ര വംശീയമായാണ് ആദിവാസികളുടെ ആക്രമങ്ങളെ ഒരു കഥാപാത്രം ആയാലും വിലയിരുത്തുന്നത്. ഇവിടെ ആണ് ചരിത്രത്തില്‍ ആദിവാസികള്‍ മനുഷ്യരെ ആക്രമിച്ചത്?

അതുകൊണ്ട്, എന്നെ സംബന്ധിച്ചിടത്തോളം, ഒട്ടും കണക്ട് ആകാത്തൊരു സിനിമയാണ് നരിവേട്ട. ആരെങ്കിലും എന്നോടു ജാതിവാദവും വംശീയവാദവും കൊണ്ട് വരുകയാണെങ്കില്‍, ഞാന്‍ അവരെ നോക്കി, നടുവിരല്‍ കാണിച്ചു അവരെ കോമഡി ആക്കി ചിരിക്കാനെ എനിക്കു കഴിയുകയുള്ളൂ. അല്ലെങ്കില്‍ അവരെ ഒഴിവാക്കും. അല്ലാതെ പഴയ കഷ്ടപ്പാടും വിവേചനവും പറഞ്ഞു കരയാന്‍ ഒന്നും എന്നെക്കൊണ്ടു പറ്റില്ല. അത് പോലെ ഇത്രയും ആദിവാസി വംശീയത ഉല്പാദിപ്പിക്കുന്ന നോക്കി ‘ദാരിദ്ര്യം!’ എന്ന് പറഞ്ഞ് ചിരിക്കാനാണ് എനിക്ക് കഴിയുക. ”പണ്ടു ഞങ്ങള്‍ വെടിയേറ്റ് മരിച്ചു, അത് നിങ്ങള്‍ ഓര്‍ക്കണം” എന്ന രീതിയില്‍ കരയാന്‍ എനിക്ക് കഴിയില്ല. പക്ഷേ, അത്തരം വെടിവെപ്പുകള്‍ക്കുശേഷം അതില്‍ നിന്നുള്ള ജനത എങ്ങനെ ഉയര്‍ന്നു, എങ്ങനെ തല ഉയര്‍ത്തി നിന്നു – അതാണ് ഞാന്‍ ശ്രദ്ധിക്കുക. മറ്റൊരു കോമഡി ഈ സമരങ്ങളെ ഒക്കെ റിപ്പോര്‍ട്ടു ചെയ്ത മാധ്യമങ്ങളെ ഒക്കെ ഈ സിനിമയില്‍ കാണിക്കുന്നതാണ്. ഈ മാധ്യമങ്ങള്‍ ഒക്കെ മുത്തങ്ങ സമരത്തോട് എങ്ങനെ വംശീയമായി പെരുമാറി എന്നതും ചരിത്രമാണ്.

ഇതൊക്കെ കൊണ്ടാണ്, നരിവേട്ട എനിക്ക് ”കട്ട ബോറന്‍ പടം” ആയി തോന്നിയത്. അതുകൊണ്ട് തന്നെ, മിലന്‍ കുന്ദേരയുടെ ”ഓര്‍മ്മപ്പെടുത്തല്‍” പരിപാടിക്കൊന്നും എനിക്ക് താല്‍പര്യമില്ല. താല്പര്യമില്ലാത്തതുകൊണ്ടാണ്. ക്ഷമി!

No Comments yet!

Your Email address will not be published.