വയനാട്ടിലെ ആദിവാസികളുടെ ചരിത്രവും ജീവിതവും അതിജീവന സമരങ്ങളും പ്രമേയമാക്കിയ ഒരു നാടകത്തെ, വയനാടിനു പുറത്തെ അരങ്ങുകളിലെത്തിച്ച ആദ്യത്തെ നാടകക്കാരനായിരിക്കും അന്തരിച്ച കെ ജെ ബേബി. ജനകീയ സാംസ്ക്കാരിക വേദിക്കു വേണ്ടി അവതരിപ്പിച്ച ‘നാടുഗദ്ദിക’യാണ് ആ നാടകം. കെപിഎസി യുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ക്കു ശേഷംകേരളത്തിൽ ഏറ്റവും അധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട നാടകമാണ് ‘നാടുഗദ്ദിക’. വയനാട്ടിലെ ആദിവാസികളുടെ കുട്ടികളെ, അവരുടെ സ്വന്തം സാമൂഹ്യ പരിസരത്തിലും സമീപ പ്രകൃതിയിലും ലഭ്യമായ ഭൗതികവും ഭൗതികേതരവുമായ ജ്ഞാനോപാധികളിലൂടെയും സ്വന്തം ഭാഷയിലൂടെയും വിദ്യാഭ്യാസം ചെയ്യിക്കുന്ന ‘കനവ്’ എന്ന വിദ്യാഭ്യാസ പരീക്ഷണമാണ് ഒരു പക്ഷേ, പിൽക്കാലത്ത് ബേബിയെ കൂടുതൽ പ്രശസ്തനാക്കിയത്. സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘മാവേലി മൻറം’, ‘ഗുഡ് ബൈമലബാർ’ തുടങ്ങിയ നോവലുകളുടെ എഴുത്തുകാരനെന്ന നിലയിലും സ്ഥിത വ്യവസ്ഥയെ സ്വന്തം രീതികളിലൂടെ ചോദ്യം ചെയ്യാൻ ശ്രമിച്ച സാംസ്കാരിക പ്രവർത്തകനെന്ന നിലയിലുമൊക്കെ ആദരണീയനാണ് ബേബി.
1973 ൽ കണ്ണൂർ ജില്ലയിലെ പേരാവൂരിൽ നിന്നും വയനാട്ടിലേക്കു കുടിയേറേണ്ടി വന്ന കർഷക കുടുംബത്തിലെ അംഗമായിരുന്നുബേബി. വള്ളിയൂർക്കാവിനടുത്ത് പയ്യംവെള്ളിയിലാണ് അദ്ദേഹത്തിന്റെ കുടുംബം ആദ്യമായി താമസിക്കുന്നത്. വയനാട്ടിലെത്തിയ ശേഷം, ആദിവാസികളുമായി നല്ല ബന്ധം പുലർത്തുകയും അവരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്ന ഫാദർ തേരകവുമായി അടുത്ത ബന്ധമുണ്ടാക്കാൻ ബേബിക്കു കഴിഞ്ഞു. മുഖ്യമായും ആദിവാസികളുടെ കുട്ടികൾക്കു വേണ്ടി തിരുനെല്ലിയിൽ ഫാദർ നടത്തിപ്പോന്നിരുന്ന ‘സ്നേഹാലയം’ എന്ന സ്ഥാപനത്തിന്റെ നഴ്സറി സ്ക്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്ന ചുമതല, സംഗീതത്തിലും നാടകത്തിലും തല്പരൻ കൂടിയായ ബേബിക്കായിരുന്നു. തിരുനെല്ലിക്കാട്ടിൽ സിആര്‍പിഎഫിന്റെ വെടിയേറ്റു രക്തസാക്ഷിയായ നക്സലൈറ്റ് നേതാവ് സ: വർഗ്ഗീസുമായി അടുത്തു പ്രവർത്തിച്ചിരുന്ന നിരവധി ആളുകളുമായി ബേബി പരിചയപ്പെടുന്നത് ഈ ”സ്നേഹാലയ”ക്കാലത്താണ്. സർക്കാർ ഏജൻസികളും രാഷ്ട്രീയ പാർട്ടികളും പത്രങ്ങളും പ്രചരിപ്പിച്ചിരുന്നതു പോലെയുള്ള ഒരു അക്രമിയോ കുറ്റവാളിയോ അല്ല സ: വർഗ്ഗീസെന്നും വയനാട്ടിലെ ആദിവാസികൾ ഏറ്റവുമധികം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മനുഷ്യസ്നേഹിയാണ് അദ്ദേഹമെന്നും ബേബി മനസ്സിലാക്കുന്നത് തിരുനെല്ലിയിലെ ആദിവാസികളുമായി സഹവസിക്കാൻ അവസരം ലഭിച്ചപ്പോഴാണ്. മനുഷ്യ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വിമോചനകാംക്ഷയുടെയും ഒരു വലിയ ബിംബമായി സ: വർഗ്ഗീസ് കെ.ജെ. ബേബിയുടെ ചിന്തകളെ സ്വാധീനിക്കുന്നതും ഇക്കാലത്താണ്.
പുറത്തു നിന്നും തിരുനെല്ലിയിലെത്തുന്ന പലയാളുകളെയും കാട്ടിൽ കൂട്ടിക്കൊണ്ടുപോയി, വർഗ്ഗീസിനെ വെടിവച്ചു കൊലപ്പെടുത്തിയ കുമ്പാരക്കുനിയിലെ വർഗ്ഗീസ് പാറ കാട്ടിക്കൊടുത്തിട്ടുണ്ട്, ബേബി. താനും മുതിർന്ന കമ്യൂണിസ്റ്റ് വിപ്ലവകാരിയായ സ: പി.എസ്. ഗോവിന്ദനും (കണിയാരം) ബേബിക്കൊപ്പം വർഗ്ഗീസ് പാറയിൽ പോയിട്ടുണ്ടെന്ന് എംഎല്‍പിഐയുടെMLPI (റെഡ് ഫ്ലാഗ്) ജനറൽ സെക്രട്ടറി സ : എം.എസ്. ജയകുമാർ എന്നോടു പറഞ്ഞിട്ടുണ്ട്. അക്കാലത്തിനു മുമ്പ് തന്നെ നാടൻ പാട്ടുകളിലും നാടകങ്ങൾ എഴുതി അവതരിപ്പിക്കുന്നതിലുമുള്ള ബേബിയുടെ കഴിവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖ്യമായും പള്ളിയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള സാംസ്കാരിക പ്രവർത്തനങ്ങളിലാണ് അദ്ദേഹം പങ്കാളിയായിരുന്നതെങ്കിലും വളരെ പെട്ടെന്നു തന്നെ മതത്തിനോ പൗരോഹിത്യത്തിനോ അംഗീകരിക്കാൻ കഴിയാത്ത മാനവികതയുടെ വിശാലമണ്ഡലത്തിലേക്ക് ബേബിയുടെ സാംസ്കാരിക പ്രവർത്തനങ്ങൾ വളരുകയായിരുന്നു.
പിന്നീട് ഫാദർ തേരകത്തിന്റെ പാഠശാലയും തിരുനെല്ലിയും വിട്ട് ബേബി നടവയലിലെ വീട്ടിലേക്കു താമസം മാറ്റി. ബേബിയുടെ കുടുംബം ഇതിനിടെ പയ്യംവെള്ളിയിൽ നിന്നും നടവയലിലേക്കു മാറിയിരുന്നു. ഇക്കാലത്ത്, 1979 ലാണ് വയനാട്ടിലെ വിപ്ലവ പാർട്ടി പ്രവർത്തകർ ബേബിയുമായി ബന്ധപ്പെടുന്നത്. അദ്ദേഹത്തെ ആദ്യം ബന്ധപ്പെടുന്ന സിപിഐ (എംഎല്‍) പ്രവർത്തകരിൽ, തന്നെ കൂടാതെ അന്തരിച്ച സുബ്രഹ്മണ്യദാസും മോഹനനും മുതിർന്ന കമ്യൂണിസ്റ്റ് വിപ്ലവകാരി കണിയാരം പി.എസ്. ഗോവിന്ദനുമൊക്കെ ഉണ്ടായിരുന്നു എന്ന് സ: എം എസ്. ജയകുമാർ ഓർക്കുന്നു. അന്ന് ബേബിയുടെ ‘അപൂർണ്ണ’ എന്ന നാടകം അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
തുടർന്നുള്ള കാലത്ത്, സിപിഐ (എംഎല്‍)ന്റെ സംഘടനാ സംവിധാനങ്ങളിലൊന്നും അംഗമായിരുന്നില്ല എങ്കിലും പാർട്ടിയുടെഭാഗമാണ് താൻ എന്ന നിലയിൽ തന്നെ സാധ്യമായ വിധത്തിലൊക്കെ പാർട്ടിയെ സഹായിച്ചിരുന്നു, അദ്ദേഹം. ബേബിയുടെ കൂടി പിന്തുണയോടെ പാർട്ടിയിലേക്കു വന്ന നിരവധി സഖാക്കളുണ്ടെന്ന് അക്കാലത്ത് വയനാട്ടിൽ സിപിഐ (എംഎല്‍) സംഘാടകനായി പ്രവർത്തിച്ചിരുന്ന സ: ജയകുമാർ സാക്ഷ്യപ്പെടുത്തുന്നു. (കേണിച്ചിറ ഉന്മൂലന സമരത്തിൽ പങ്കാളിയായ, അന്തരിച്ച സ:നടവയൽ കൃഷ്ണൻ കുട്ടി അവരിൽ ഒരാളാണ്.) ഈ കാലത്താണ്, ആദിവാസികൾ അനുഷ്ഠിച്ചു പോരുന്ന ‘ഗദ്ദിക’യെന്ന ആചാരത്തെ പ്രമേയമാക്കിക്കൊണ്ടുള്ള ഒരു നാടകം ബേബി എഴുതുന്നത്. ആദിവാസികളുടെ കുടുംബങ്ങളെയോ ഊരിനെത്തന്നെയോ ബാധിക്കുന്ന ദുഷ്ടശക്തികളെ ഉച്ചാടനം ചെയ്യാനും നന്മയും ക്ഷേമവും തിരികെ കൊണ്ടു വരാനുമുള്ള ഒരു തരം ആഭിചാരക്രിയയാണ് ഗദ്ദിക. നാടിനെ ബാധിച്ചിരിക്കുന്ന ദുരധികാരത്തിന്റെ തിന്മകളെ ഉന്മൂലനം ചെയ്ത് ജനകീയ അധികാരം സ്ഥാപിക്കുന്നതായിരുന്നു ‘നാടുഗദ്ദിക’യുടെ ഇതിവൃത്തം. തനിക്കു ബന്ധമുള്ള പാർട്ടി സഖാക്കളുമായി കൂടി ചർച്ച ചെയ്തതിനു ശേഷമാണ് ‘നാടുഗദ്ദിക’യുടെ അവസാന രൂപം ബേബി തയ്യാറാക്കുന്നത്. ‘നാടുഗദ്ദിക’യുടെ റിഹേഴ്സലിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തുന്നതും അങ്ങനെ തന്നെയായിരുന്നു.
അന്ന് “വയനാട് സാംസ്കാരിക വേദി”ക്കു വേണ്ടി മുരളീധരൻ ഇലക്കാട് സംവിധാനം ചെയ്ത ‘പടയണി’ എന്ന നാടകം ഒട്ടേറെ അരങ്ങുകളിൽ അവതരിപ്പിക്കപ്പെടുന്നുണ്ടായിരുന്നു. ‘പടയണി’ക്കു ലഭിച്ച പ്രതിഫലത്തുകയിൽ നിന്നും ഒരു പങ്കു കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ‘നാടുഗദ്ദിക’ യുടെ റിഹേഴ്സൽ പൂർത്തിയാക്കിയത്. മുരളീധരൻ വാങ്ങിക്കൊടുത്ത ഒരു ചാക്ക് അരിയും ഒരു ചാക്ക് വാട്ടുകപ്പയും വച്ചുകൊണ്ടാണ് ‘നാടുഗദ്ദിക’ യുടെ റിഹേഴ്സൽ ക്യാമ്പ് ആരംഭിക്കുന്നതെന്ന് ഒരു അഭിമുഖത്തിൽ ബേബി തന്നെ പറയുന്നുണ്ട്. റിഹേഴ്സൽ പൂർത്തിയാക്കി ‘നാടുഗദ്ദിക’ ആദ്യമായി അവതരിപ്പിച്ചത് വയനാട്ടിലെ പൂതാടിയിലായിരുന്നു. കൊളോണിയൽ കാലഘട്ടം മുതലുള്ള വയനാടിന്റെ ചരിത്രത്തിലുടനീളം, വിവിധങ്ങളായ രൂപങ്ങളിലാണെങ്കിൽ പോലും തുടർന്നു കൊണ്ടേയിരിക്കുന്ന ചൂഷക, മർദ്ദക ഭരണത്തെയും അതിനെതിരായി നടക്കുന്ന ജനകീയ സമരങ്ങളെയുമാണ് നാടകം ചിത്രീകരിച്ചത്. ഒടുവിൽ മർദ്ദക ഭരണകൂടത്തിന്റെ പ്രതീകമോ പ്രതിനിധിയോ ആയ ‘തമ്പുരാനെ’ ജനകീയ വിപ്ലവ ശക്തികൾ പിടികൂടി വിചാരണ ചെയ്ത്ഉന്മൂലനം ചെയ്യുന്നിടത്താണ് നാടകം അവസാനിക്കുന്നത്.
വയനാട്ടിനു പുറത്ത് ‘നാടുഗദ്ദിക’ ആദ്യമായി അവതരിപ്പിച്ചത് ഇരിങ്ങാലക്കുടയിൽ നടന്ന വിപ്ലവവിദ്യാർത്ഥി സംഘടനയുടെ സമ്മേളനത്തിലായിരുന്നു എന്നാണ് ഓർമ്മ. ഇതെഴുതുന്നയാൾ അന്ന് ആ നാടകം കാണാനുണ്ടായിരുന്നു. ഗദ്ദികക്കാരനായി കെ.ജെ. ബേബിയും മുഖ്യകഥാപാത്രമായ തമ്പുരാനായി മൊയ്തീനുമായിരുന്നു ആദ്യഘട്ടത്തിൽ അഭിനയിച്ചിരുന്നത്. പിന്നീട് തമ്പുരാനെ അവതരിപ്പിച്ചത് ഔസേപ്പച്ചനെന്ന അതുല്യ നടനായിരുന്നു. ഇവരൊഴികെ, മൂന്നു പെൺകുട്ടികളടക്കം ബാക്കി എല്ലാ അഭിനേതാക്കളും ആദിവാസികളായിരുന്നു. അവതരിപ്പിച്ച ഇടങ്ങളിലൊക്കെ അത്യാവേശകരമായ സ്വീകരണമാണ് പ്രേക്ഷകർ നാടകത്തിനു നൽകിയത്. മിക്കവാറും ഇടങ്ങളിൽ ജനകീയ സാംസ്ക്കാരിക വേദിയുടെയും സിപിഐ (എംഎല്‍)ന്റെയും പ്രവർത്തകരായിരുന്നു സംഘാടകർ. സഖാക്കളും അവരുടെ കുടുംബാംഗങ്ങളുമൊക്കെ ഉൾപ്പെട്ട തികച്ചും സൗഹൃദപൂർണ്ണമായ ചുറ്റുപാടുകളിൽ അവർ ഒരുക്കുന്ന ലളിതമായ താമസസൗകര്യങ്ങളും ഭക്ഷണവുമായിരുന്നു നാടക സംഘത്തിന് ലഭിച്ചിരുന്നത്. എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങളിൽ രണ്ടു മൂന്നു ദിവസക്കാലം നാടകത്തോടൊപ്പം എനിക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്, മിക്കവാറും സ്ഥലങ്ങളിൽ നാടകം അവതരിപ്പിക്കുന്നതിനു മുമ്പായി ജനകീയ സാംസ്കാരിക വേദിയുടെയും നാടകത്തിന്റെയും രാഷ്ട്രീയത്തെ വിശദീകരിച്ചുകൊണ്ട് ഒരു ആമുഖ പ്രസംഗം നടക്കാറുണ്ട്. അതിനു വേണ്ടിയാണ് ഞാൻ നാടക സംഘത്തോടൊപ്പം യാത്ര ചെയ്തിരുന്നത്.
ആദിവാസികളുടെ ജീവിതവും ഭാഷയും സമരങ്ങളും സംഗീതവുമൊക്കെ ഉള്ളടക്കമായിട്ടുള്ള മറ്റൊരു നാടകവും ‘നാടുഗദ്ദിക’ക്കു മുമ്പോ, പിമ്പോ കേരളത്തിൽ ഇത്രയും സ്വീകരിക്കപ്പെട്ടിട്ടില്ല. സായുധ സമരത്തെയും വിപ്ലവത്തെയും പ്രമേയമാക്കുന്ന അത്തരമൊരു നാടകത്തിന്, അടിയന്തരാവസ്ഥക്കു തൊട്ടു പിന്നാലെ വന്ന അക്കാലത്തെ ആസ്വാദകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്. ‘ജനകീയ സാംസ്കാരിക വേദിയുടെ’ നാടകം എന്ന നിലയിലാണ് ‘നാടുഗദ്ദിക’ അവതരിപ്പിച്ചതെങ്കിലും സാംസ്കാരിക വേദിയുടെ ഔപചാരിക സംഘടനാ സംവിധാനത്തിൽ കെ ജെ. ബേബിക്ക് കാര്യമായ സ്ഥാനമുണ്ടായിരുന്നു എന്നു പറഞ്ഞു കൂടാ. സാംസ്കാരിക വേദിയുടെ ഏതെങ്കിലും കമ്മിറ്റിയിൽ അദ്ദേഹം അംഗമായിരുന്നു എന്നും തോന്നുന്നില്ല. സാംസ്കാരിക വേദിയുടെ ആദ്യകാലങ്ങളിൽ, അതൊരു ബുദ്ധിജീവി സംഘടനയാണെന്നും തനിക്ക് അതു യോജിക്കില്ലെന്നും ബേബി അഭിപ്രായപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ട്. മറ്റൊരു ‘യുവ സംസ്കാരിക വേദി’ ക്കു രൂപം നൽകാൻ പോലും അദ്ദേഹം ആലോചിച്ചിരുന്നത്രേ! സിവിക് ചന്ദ്രൻ ആവശ്യപ്പെട്ടതു കൊണ്ടു മാത്രമാണ് ജനകീയ സാംസ്കാരിക വേദിയുടെ നാടകമായി ‘നാടുഗദ്ദിക’ അവതരിപ്പിച്ചതെന്ന് ബേബി പറയുന്നുണ്ട്.
അക്കാലത്ത് ജനകീയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പ്രൊ. ബി. രാജീവൻ തന്റെ ഒരു കുറിപ്പിൽ എടുത്തു പറയുന്നത്, മാനന്തവാടിക്കടുത്ത് വാളാട് എന്ന സ്ഥലത്തു വച്ചു നടന്ന സിപിഐ എംഎലിന്റെ രഹസ്യ സമ്മേളനത്തിൽ ബേബി പങ്കെടുത്തിരുന്നു എന്നാണ്. ആ സമ്മേളനത്തിൽ ജനകീയ സാംസ്കാരിക വേദി പ്രതിനിധിയായിട്ടാണ് രാജീവൻ മാഷ് പങ്കെടുത്തത്. അടിയന്തരാവസ്ഥക്കു ശേഷമുള്ള കാലത്തെ കേരളത്തിലെ എംഎല്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് വാളാട് സമ്മേളനത്തിനുള്ളത്. സമ്മേളനം നടക്കുന്നതിന്റെ തലേന്നാൾ വാളാട് ടൗണിൽ ‘നാടുഗദ്ദിക’ നാടകം അവതരിപ്പിക്കുകയുണ്ടായി. അതിനു ശേഷമാണ് ബേബി സമ്മേളന സ്ഥലത്തേക്കു വരുന്നത്. ജനകീയ സാംസ്കാരിക വേദി പ്രതിനിധിയെന്ന നിലയിലല്ല; സമ്മേളനത്തിന്റെ സംഘാടന പ്രവർത്തകരിൽ ഒരാളെന്ന നിലയിലാണ് അദ്ദേഹം അതിൽ പങ്കെടുക്കുന്നത്. ഏതായാലും സമ്മേളനത്തിൽ പങ്കെടുക്കാൻ മാത്രമുള്ള ഒരു രാഷ്ട്രീയ ബന്ധം അക്കാലത്ത് കെ.ജെ. ബേബിക്ക് സിപിഐ എംഎല്‍ പ്രസ്ഥാനവുമായി ഉണ്ടായിരുന്നു എന്നാണ് രാജീവൻ മാഷ് പറയുന്നതിന്റെ അർത്ഥം.
‘നക്സലൈറ്റ്’ നാടകമായ നാടുഗദ്ദികക്ക് ലഭിച്ച വമ്പിച്ച സ്വീകാര്യത ഏറ്റവും അലോസരമുണ്ടാക്കിയത് അസഹിഷ്ണുക്കളായ സി.പി.എം നേതാക്കൾക്കായിരുന്നു. പലയിടത്തും പാർട്ടിയുടെ പ്രാദേശിക പ്രവർത്തകരെയും അനുഭാവികളെയും നാടകത്തിനെതിരായി ഇളക്കിവിടാൻ അവർ ശ്രമിച്ചിരുന്നു. 1980 ൽ നായനാർ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പോലീസിനെ ഉപയോഗിച്ചു കൊണ്ട് നാടകാവതരണത്തിനു തടസ്സം സൃഷ്ടിക്കാനും ശ്രമങ്ങൾ നടന്നു. അത്തരം ശ്രമങ്ങളുടെ തുടർച്ചയായിട്ടാണ് 1981 ൽ ‘നാടുഗദ്ദിക’ നാടക സംഘത്തെ കോഴിക്കോട്ടു (കാരന്തൂരിനടുത്ത ഒരു സ്ഥലത്തു വച്ചാണെന്നു തോന്നുന്നു) വച്ച് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. 10 ദിവസം ജയിലിൽ കഴിയേണ്ടി വന്നുവെങ്കിലും ബേബിയും നാടക സംഘവും തികഞ്ഞ ഊർജ്ജസ്വലതയോടെയാണ് പുറത്തു വന്നതും നാടകാവതരണം തുടർന്നതും.
പിന്നീട് 1981 മെയ് മാസത്തിൽ വയനാട്ടിലെ കേണിച്ചിറ (പൂതാടി പഞ്ചായത്ത്) യിൽ മഠത്തിൽ മത്തായിയെന്ന ജന്മിയെ സിപിഐ എംഎലിന്റെ പ്രവർത്തകർ ഉൻമൂലനം ചെയ്തതിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ അരങ്ങേറിയ പോലീസ് ഭീകരത ‘നാടുഗദ്ദിക’യെയും ബാധിച്ചു. തുടക്കം മുതൽ എല്ലാ അവതരണ സ്ഥലങ്ങളിലും രഹസ്യപ്പോലീസുകാർ നാടകത്തെ പിന്തുടർന്നിരുന്നെങ്കിലും കേണിച്ചിറക്കു ശേഷം നാടകാവതരണത്തിനു പോലീസ് നിയമപരമായി തന്നെ തടസ്സം സൃഷിക്കാൻ തുടങ്ങി. ക്രമസമാധാന പ്രശ്നത്തിന്റെയും വിധ്വംസക രാഷ്ട്രീയ പ്രചാരണത്തിന്റെയും പേരിൽ ജില്ലാ കളക്റ്റർ ‘നാടുഗദ്ദിക’ നിരോധിച്ചു കൊണ്ടുള്ള ഉത്തരവിറക്കി. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നാടകം തുടങ്ങാൻ മേക്കപ്പിട്ടു കൊണ്ടിരിക്കെ ബേബിയെയും നാടക സംഘത്തെയും സംഘാടകരായ ജനകീയ സാംസ്കാരിക വേദി / സിപിഐ എംഎല്‍ പ്രവർത്തകരെയും പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. പാർട്ടിയുടെ മുതിർന്ന പ്രവർത്തകനായിരുന്ന സ: എ.വാസു (വാസുവേട്ടൻ) വരെ അക്കൂട്ടത്തിൽ അറസ്റ്റു ചെയ്യപ്പെട്ടു. ആദിവാസികൾ ഉൾപ്പെടെ നാടകത്തിലെ മുഴുവൻ കലാകാരന്മാരും ജയിലിലടക്കപ്പെട്ടു. 1980 ൽ അധികാരത്തിൽ വന്ന ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സർക്കാരാണ് നാടകത്തെ നിരോധിച്ചത്. ഏതാണ്ട് മുപ്പതു ദിവസത്തിനു ശേഷമാണ് നാടക സംഘത്തിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള സഖാക്കൾ ജാമ്യം കിട്ടി പുറത്തു വന്നത്. സ്വാതന്ത്ര്യാനന്തര കേരളത്തിൽ നാടകത്തെ നിരോധിക്കുകയോ പ്രദർശനാനുമതി തടഞ്ഞ് കലാകാരന്മാരെ അറസ്റ്റു ചെയ്ത് ജയിലിലടക്കുകയോചെയ്ത അനുഭവങ്ങൾ അന്നു വരെ വേറെ ഉണ്ടായിട്ടില്ല. കോടതിയിൽ ആ കേസ് ഏതാണ്ട് നാലു വർഷത്തിനു ശേഷമാണ് തീർന്നത്.
‘നാടുഗദ്ദിക’ നിരോധിക്കപ്പെടുകയും അതിന്റെ അവതരണം അസാധ്യമായിത്തീരുകയും ചെയ്തതിനു ശേഷവും ജനകീയ സാംസ്കാരിക വേദിയും സിപിഐ എംഎല്‍ പാർട്ടിയുമായുള്ള കെ.ജെ ബേബിയുടെ ബന്ധം സജീവമായി തന്നെ തുടർന്നിരുന്നു. വാളാട് സമ്മേളനത്തിനു ശേഷം അധികം കഴിയും മുമ്പു തന്നെ പാർട്ടിക്കും സാംസ്കാരിക വേദിക്കും അകത്തു വളർന്നു വന്ന രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാവുകയും നേതൃതലത്തിലുണ്ടായിരുന്നവരടക്കം പല സഖാക്കളും പ്രസ്ഥാനത്തിൽ നിന്നും വിട്ടു പോവുകയും ചെയ്തു. അത്തരമൊരു പശ്ചാത്തലത്തിലാണ് കെ.ജെ. ബേബിയും പ്രസ്ഥാനവുമായി അകലുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അധികം കഴിയും മുമ്പ് ജനകീയ സാംസ്കാരിക വേദി തന്നെ പിരിച്ചുവിടപ്പെട്ടു. കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വളരെ വലിയ സ്വാധീനം സൃഷ്ടിക്കാൻ കഴിഞ്ഞുവെങ്കിലും ഒരു സംഘടനയെന്ന നിലയിൽ വളരെ ചെറിയൊരു കാലം മാത്രമേ ജനകീയ സാംസ്കാരിക വേദി നിലനിന്നുള്ളു. 1980 മുതൽ 1983 വരെയുള്ള ഒരു ചെറിയ കാലം. എങ്കിലും കവിത, സാഹിത്യം, നാടകം, പത്രപ്രവർത്തനം, സിനിമ തുടങ്ങി സാംസ്കാരിക ആവിഷ്കാരങ്ങളുടെ എല്ലാ മേഖലകളിലും രൂപപരവും ഭാവുകത്വപരവും രചനാപരവുമൊക്കെയായ എല്ലാത്തരം സാമ്പ്രദായികതകളോടും അതു കലഹിച്ചു. അതിൽ നിന്നൊക്കെ വലിയ വിച്ഛേദനങ്ങൾ സൃഷ്ടിച്ചു. ലോകത്തെ നോക്കിക്കാണുന്നതിലും അതിനെ മാറ്റിത്തീർക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതിലും മുദ്രാവാക്യങ്ങൾ തെരഞ്ഞെടുക്കുന്നതിൽ പോലും അത് തികച്ചും സർഗ്ഗാത്മകമായ പുതിയ ചലനങ്ങളുണ്ടാക്കി.
തീർച്ചയായും വിപ്ലവോന്മുഖമായ ആ സർഗ്ഗാത്മകതയെ വലിയ തോതിൽ ഉൾക്കൊള്ളാൻ കഴിഞ്ഞ ഒന്നായിരുന്നു ബേബിയുടെ ‘നാടുഗദ്ദിക’. മുരളീധരൻ ഇലക്കാട് സംവിധാനം ചെയ്ത ‘പടയണി’യും മധുമാസ്റ്റർ സംവിധാനം ചെയ്ത, രണചേതന അവതരിപ്പിച്ച ‘അമ്മ’യും ‘സ്പാർട്ടാക്കസും’ (പിന്നീട് കേരളത്തിലെമ്പാടും ‘സൂര്യകാന്തി തിയറ്റേഴ്സ് അവതരിപ്പിച്ച ‘സ്പാർട്ടാക്കസ്’ സ. പി. എം. ആന്റണി സംവിധാനം ചെയ്തതായിരുന്നു) കോട്ടയം സഖാക്കൾ അവതരിപ്പിച്ച ‘ശക്തൻ തമ്പുരാനു’മൊക്കെ (രചന: കെ. സച്ചിദാനന്ദൻ) മലയാള നാടകത്തിന്റെ വ്യാകരണം മാറ്റാൻ കരുത്തുള്ളവയായിരുന്നു.
സാംസ്കാരിക വേദിയിൽ നിന്നും അകന്നതിനു ശേഷം 1993 ഡിസംബറിലാണ് കെ.ജെ. ബേബി വീണ്ടും ‘നാടുഗദ്ദിക’ അരങ്ങിൽ അവതരിപ്പിക്കുന്നത്. ”മഞ്ഞുമലൈമക്കളു”ടെ ബാനറിലായിരുന്നു നാടകം അരങ്ങിലെത്തിയത്. ജനകീയ സാംസ്കാരിക വേദിയുടെ ബാനറിൽ മുമ്പ് അവതരിപ്പിച്ചിരുന്നതിൽ നിന്നും ഉള്ളടക്കത്തിൽ, പ്രത്യേകിച്ചും നാടകത്തിന്റെ അവസാന രംഗങ്ങളിൽചില വ്യത്യാസങ്ങൾ വരുത്തിക്കൊണ്ടായിരുന്നു പുതിയ അവതരണം. അധികാരത്തിന്റെ പ്രതീകമായി രംഗത്തെത്തുന്ന തമ്പുരാനെ ആദിവാസികൾ ഉൾപ്പെടുന്ന ജനങ്ങൾ വിചാരണ ചെയ്തു വധിക്കുന്നതിനു പകരം ആദിവാസികളുടെ പൂർവ്വ മാതാപിതാക്കൾ വന്ന് അധികാരത്തിന്റെ ഹിംസയിൽ നിന്നും അവരെ രക്ഷിക്കുന്ന തരത്തിലായിരുന്നു പുതിയ നാടകത്തിന്റെ ക്ലൈമാക്സ്. ‘നാടുഗദ്ദിക’യുടെ പുതിയ അവതരണത്തിനു തൊട്ടുമുമ്പായി, അതെപ്പറ്റി അന്നത്തെ ‘മാതൃഭൂമി വാരാന്തപ്പതിപ്പി’ൽ വന്ന ഒരു ലേഖനത്തിൽ പുതിയ നാടകത്തെപ്പറ്റി എഴുതിയത് “കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ കറ” കഴുകിക്കളഞ്ഞ നാടുഗദ്ദികയാണ് അരങ്ങിലെത്താൻ പോകുന്നത് എന്നായിരുന്നു. ഏതായാലും ‘മഞ്ഞുമലൈമക്കളു’ടെ ബാനറിൽ അവതരിപ്പിക്കപ്പെട്ട ‘നാടുഗദ്ദിക’യും കുറേ വേദികളിൽ അരങ്ങേറി.
‘മാവേലിമൻറം’, ‘ഗുഡ്ബൈ മലബാർ’ തുടങ്ങിയ നോവലുകളിലും ‘കുഞ്ഞുമായിൻ പറഞ്ഞത് എന്തായിരിക്കു’മെന്ന ഏകാംഗ നാടകത്തിലും ബേബി ഉയർത്താൻ ശ്രമിച്ചത് ദുരധികാരത്തെ ചോദ്യം ചെയ്യാൻ മുതിരുന്ന മനുഷ്യന്റെ ചോദ്യങ്ങൾ തന്നെയാണ്. വയനാട്ടിലെ ആദിവാസികളെ അടിമകളാക്കി വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. വേണ്ടത്ര സൂക്ഷ്മമായി ഇനിയും പഠിക്കപ്പെട്ടിട്ടില്ലാത്ത വയനാടിന്റെ ചരിത്രത്തിന്റെ ഭാഗമാണത്. അടിമത്തത്തിന്റെ പ്രാകൃതവും ആധുനികവുമായ പ്രയോഗരൂപങ്ങൾക്കെതിരെ പല കാലങ്ങളിൽ നടന്ന സമരങ്ങളിൽ താരതമ്യേന സമീപകാലത്തു നടന്ന സമരത്തിന്റെ നേതൃസ്ഥാനത്തായിരുന്നു ‘അടിയോരുടെ പെരുമൻ’ എന്നു വിശേഷിപ്പിക്കപ്പെട്ട സ: വർഗ്ഗീസ് ഉണ്ടായിരുന്നത്. അടിമത്തത്തിൽ നിന്നും വിമുക്തിയന്വേഷിക്കുന്ന വയനാടൻ ആദിവാസികളുടെ ആദിമാതാപിതാക്കളെ നയിച്ചത് മലയാളിയുടെ അതേ സമത്വ (മാവേലി) സങ്കല്പം തന്നെയാണെന്ന് ബേബിയുടെ ‘മാവേലിമൻറം’ നമ്മോടു പറയുന്നു.
വയനാട്ടിലെ ആദിവാസികളെപ്പറ്റി വയനാട്ടിനു പുറത്തുള്ള മലയാളികൾ ഉൾപ്പെടുന്ന ലോകത്തോടു ആദ്യമായി പറഞ്ഞത്, ഒരുപക്ഷേ, കെ. പാനൂരായിരുന്നു. ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം എഴുതിയ ‘കേരളത്തിലെ ആഫ്രിക്ക’യും ‘കേരളത്തിലെ അമേരിക്ക’യുമാണ് പരിഷ്കൃത മലയാളിക്ക് പരിചയമില്ലാത്ത, സവിശേഷ ഭാഷകളും ആചാരങ്ങളും സംസ്കാരവും വച്ചു പുലർത്തുന്ന ഇത്തരം ചില മനുഷ്യർ കേരളത്തിന്റെ ഭാഗമായ വയനാട്ടിലുണ്ടെന്ന് വെളിപ്പെടുത്തിയത്. പിന്നീട് പി.വത്സലയെപ്പോലുള്ള എഴുത്തുകാർ ഈ ആദിവാസികളുടെ ജീവിതത്തെയും പരിഷ്കൃതരായ പുറംനാട്ടുകാരുമായുള്ള അവരുടെ ബന്ധങ്ങളെയും പറ്റി എഴുതി. ആ ആദിവാസികളുടെ മിത്തുകളിലും ആവിഷ്ക്കാരങ്ങളിലും അവരുടെതായ വിമോചന സ്വപ്നങ്ങൾ ഉള്ളടങ്ങിയിട്ടുണ്ടെന്നും ആധുനികമായ സമത്വസങ്കല്പനങ്ങൾക്ക് അവരുടെ സമരങ്ങളെ പ്രചോദിപ്പിക്കാൻ സാധിക്കുമെന്നും പുറം ലോകത്തോടു പറഞ്ഞത് കെ.ജെ. ബേബിയായിരുന്നു. ബേബിയുടെ രാഷ്ട്രീയത്തെയും സാംസ്കാരിക നിലപാടുകളെയും ലോകവീക്ഷണത്തെയുമൊക്കെ പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളോ, കാഴ്ചപ്പാടുകളോ ഒക്കെ നിലവിലുണ്ടായിരിക്കാമെങ്കിലും ആദിവാസികൾ ഉൾപ്പെടെയുള്ള മനുഷ്യരുടെ ജീവിതവും അധികാരവും തമ്മിലുള്ള നിരന്തര സംഘർഷങ്ങളിൽ എന്നും മനുഷ്യപക്ഷത്തു നിലകൊണ്ടയാളായിരുന്നു കെ.ജെ. ബേബി എന്നു നിസ്സംശയം പറയാം. അതു തന്നെയായിരുന്നു ‘നാടുഗദ്ദിക’യുടെയും ബേബിയുടെയും രാഷ്ട്രീയവും.
No Comments yet!